കഥകൾ

തർക്കശാസ്ത്രം

ഉൽക്കയിൽ നിന്ന് ഉലക്കയുണ്ടായതാണോ ഉലക്കയിൽ നിന്ന് ഉൽക്കയുണ്ടായതാണോ എന്നായിരുന്നു അവരുടെ തർക്കം. തർക്കം മൂത്ത് കൈയാങ്കളിയിലെത്തി. ചിലർ വീണു. വീഴ്ചയുടെ കാരണം ഉലക്കയാണോ ഉൽക്കയാണോ എന്നായി അടുത്ത തർക്കം
കറുപ്പും വെളുപ്പും
സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയും ഉണ്ടാക്കിയിട്ടില്ല എന്നാണ് അയാൾ പറഞ്ഞിരുന്നത്. പക്ഷേ,ഒരു കറുത്ത പെണ്ണിന്റെ വിവാഹാലോചന വന്നപ്പോൾ അയാൾ പറഞ്ഞു.
‘സൗന്ദര്യം കറുപ്പുമായും ഒരുടമ്പടിയും ഉണ്ടാക്കിയിട്ടില്ല.’
ആനയും തയ്യൽക്കാരനും
ഇത് പഴയൊരു കഥയല്ലേ എന്ന് നിങ്ങൾ ചോദിക്കും.കഥകളും സ്വയം പുതുക്കിക്കൊണ്ടിരിക്കുകയാണെന്ന കാര്യം മറക്കരുത്. അതുകൊണ്ട് നാട്ടാന കാട്ടാനയാവുന്നു. തയ്യൽക്കാരൻ മയക്കുവെടിക്കാരനാവുന്നു. തയ്യൽസൂചി സിറിഞ്ചാവുന്നു. തുടർന്ന് ആന ചിന്നം വിളിച്ച് വട്ടം തിരിയുന്നു.വെള്ളത്തിന് പകരം ചോരയിൽ മയക്കുവെടിക്കാരൻ നനഞ്ഞുകുതിരുന്നു!