മിനിക്കഥകൾ
രാഷ്‌ട്രീയം
സ്വർഗ്ഗത്തിലിരുന്ന് മാർക്സ്
വിഷാദിച്ചു.
‘എന്റെ മൂലധനം
പാഴായിപ്പോയല്ലോ!’
ജന്നി ചിരിച്ചു.
‘താഴേയ്ക്ക് നോക്കൂ!ഒരു
മുതൽമുടക്കുമില്ലാതെ ചിലർ
കോടീശ്വരന്മാരാവുന്നത് കണ്ടോ?’
ഒരു ആനച്ചോദ്യം
‘നിങ്ങൾ ഞങ്ങളുടെ
കാട്ടിലേയ്ക്ക് കയറി
തോന്നിയതൊക്കെ ചെയ്യും.
അപ്പോൾ നിങ്ങളുടെ
നാട്ടിലേയ്ക്കിറങ്ങി ഞങ്ങളും
തോന്നിയതൊക്കെ
ചെയ്യും.അതിന് കുറ്റം മുഴുവൻ
ഞങ്ങക്കും!ഇതെവിടത്തെ ന്യായം?’
മേലും
കീഴും
വിവാഹാലോചന തുടങ്ങിയപ്പോൾ അവൾ കട്ടായം പറഞ്ഞു.
‘എനിക്ക് ഓട്ടോമൊബൈൽ എഞ്ചിനീയറിങ് പഠിച്ച ഒരു വർക് ഷോപ്പുകാരനെ കെട്ടിയാൽ മതി.’
അമ്മ കലമ്പി.
‘നീലക്കുപ്പായോമിട്ട് ഏതെങ്കിലും വണ്ടീടെ അടീക്കെടന്ന് കരീം പൊകേം തിന്നണ ഒരുത്തന് കെട്ടിച്ച്കൊടുക്കാനാണോ നിന്നെ ഞങ്ങള് ഇത്രേം പഠിപ്പിച്ചത്?
മകൾ ഗൗരവപ്പെട്ടു.
‘മുകളിൽനിന്ന് താഴേയ്ക്ക് നോക്കുമ്പോ കാണണ ലോകമല്ല താഴെനിന്ന് മുകളിലേയ്ക്ക് നോക്കുമ്പോ കാണണത്.അവനാവുമ്പോ അത് കൃത്യായിട്ട് അറിയാമ്പറ്റും!’
ഇരവൃത്തം
ഗബ്രിയേൽ മാലാഖ സംശയിച്ചു.
‘ദൈവമേ! ഭൂമിയിലെ മറ്റെല്ലാ ജീവികളും ഇരവൃത്തം പൂർത്തിയാക്കുന്നുണ്ട്. മനുഷ്യൻമാത്രം മറ്റൊരു ജീവിയുടേയും ഇരയല്ലല്ലോ!’
ദൈവം ചിരിച്ചു.
‘അവർ പരസ്പരം ഇരയാവുന്നു!’