പൊങ്കാല

അക്കാദമിയിലേക്കാണ് ആദ്യം വിളിച്ചത്.ജൂണ്‍ ഏഴിന് ഒരു പുസ്തകപ്രകാശനത്തിനായി ഹാള്‍ ബുക്ക് ചെയ്യണം. സാര്‍ എവിടുന്നാ?
മുംബൈ…

ആത്മകഥയാണോ?
അല്ല…….പത്തിരുപത് ചെറുകഥകള്‍ എഴുതിയിട്ടുണ്ടെന്നും പന്ത്രണ്ട് തെരഞ്ഞെടുത്ത കഥകള്‍ പ്രിന്‍ഡിംഗിലാണെന്നും പറഞ്ഞു.
ജൂണ്‍ ഏഴിന് വൈലോപ്പിള്ളി ഹാള്‍ കിട്ടിയാല്‍ നന്നായി. ഇനിയും അഞ്ചു മാസമുണ്ടല്ലൊ!
ഈ വര്‍ഷം മിക്ക ദിവസങ്ങളും ബുക്ക് ചെയ്തു കഴിഞ്ഞല്ലൊ സാര്‍..
ഇത് സാഹിത്യ അക്കാദമിയല്ലേ?
അതേ…….
അല്ല, അവിടെ മറ്റുവല്ല പ്രോഗ്രാമുകളും നടക്കാറുണ്ടോ?കല്യാണം, എന്‍ഗേജ്‌മെന്റ് തുടങ്ങിയ……..
അയ്യോ, ഇല്ലസാര്‍……പുസ്തകപ്രകാശനത്തിനായാണ് മുന്നൂറോളം ദിവസങ്ങള്‍ ബുക്ക്
ചെയ്തിട്ടുള്ളത്…ഇരുന്നൂറ് കവിതാസമാഹാരങ്ങളുണ്ട്…..ബാക്കിയുള്ളത് കഥകളും നോവലുകളും
ആത്മകഥകളുമാണ്.
എല്ലാവര്‍ഷവും ഇങ്ങനെയാണോ സാര്‍?
ഈയിടെയായി ഇങ്ങനെയൊക്കെയാണ്….പ്രസാധകര്‍തന്നെ ബാര്‍ബര്‍ഷാപ്പ്‌ പോലെ മുക്കിലും മൂലയിലുമുണ്ടല്ലൊ സാര്‍…..പിന്നെ പണ്ടത്തെ കാലവുമല്ല. പണ്ടൊക്കെ തോട്ടിയുടേയും നെയ്തുകാരന്റെയും ജീവിതത്തെക്കുറിച്ച് പ്രഗത്ഭരായ എഴുത്തുകാരാണ് എഴുതിയിരുന്നത്. ഇപ്പോള്‍ തോട്ടിതന്നെ ആത്മകഥകളെഴുതുന്നു. അക്ഷരത്തെറ്റില്ലാതെ എഴുതാനറിയില്ലെങ്കിലും എല്ലാവരും അക്ഷരജ്ഞാനമുള്ളവരാണല്ലൊ സാര്‍…. ആട്ടെ, സാറ് സ്ഥിരമായി മുംബൈയിലാണോ?
അതെ…. ഗവണ്മെന്റ് സര്‍വീസിലായിരുന്നു…ഇക്കൊല്ലം മെയ് മാസത്തില്‍ പിരിയും… അതുകൊണ്ടാണ് ജൂണ്‍ ഏഴിന് ബുക്ക് ചെയ്യാമെന്ന് വിചാരിച്ചത്. ജന്മനക്ഷത്രം കൂടിയാണന്ന്. വയസ്സ് അറുപതായില്ലേ?
ഇഷ്ടംപോലെ പ്രവാസികള്‍ ഇവിടെവന്ന് തങ്ങാറുണ്ട് സാര്‍….. എഴുതിയാല്‍ മാത്രം പോര, അവാര്‍ഡും വേണം അവര്‍ക്കൊക്കെ…….. അവാര്‍ഡ് തുകയേക്കാള്‍ ഭീമമായ തുക താമസത്തിനും മറ്റുമായി അവരൊക്കെ ചിലവാക്കുന്നത് കാണുമ്പോള്‍ വെറുപ്പ് തോന്നും.എന്തിനാണ് ഇവരൊക്കെ അക്ഷരങ്ങളെ വില്‍ക്കാന്‍ ശ്രമിക്കുന്നത്?

ശരിയാണ്…. എനിക്ക് അറുപത് വയസ്സായപ്പോള്‍ തോന്നിയ ഒരു പൂതി, അത്രതന്നെ…..
മുപ്പത് കൊല്ലമെടുത്തെഴുതിയ ഇരുപത് കഥകളില്‍ ചിലതെങ്കിലും പ്രസിദ്ധീകരിക്കുകയെന്ന ആഗ്രഹം…പ്രസിദ്ധീകരിച്ചതുകൊണ്ടോ അക്കാദമി ഹാളില്‍ പ്രകാശനം ചെയ്തത്കൊണ്ടോ മരണത്തിയ്യതി കൂട്ടികിട്ടുമെന്നൊന്നുമില്ല………എങ്കിലും….. അടുത്തവര്‍ഷം ജനുവരിയിലായാലോ?
അയ്യോ വേണ്ട………ഈ വര്‍ഷം രണ്ട് ഹാളും കിട്ടില്ല, അല്ലേ?
ഇല്ല സാര്‍, സമയമുണ്ടെങ്കില്‍ ശാസ്തമംഗലത്ത് ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമിയിലോ തിരൂര്‍ തുഞ്ചന്‍സ്മാരക സമിതിയിലോ അന്വേഷിച്ചു നോക്കൂ……
കേരളത്തില്‍ പുസ്തകപ്രകാശനത്തിനായി അക്കാദമിയുടെ ഹാളുകളൊന്നും കിട്ടില്ലെന്നായപ്പോള്‍, രണ്ട് പൂശിക്കഴിഞ്ഞ് , അക്ഷരവിരോധിയും കറന്‍സിക്ക് മുകളില്‍ പായ വിരിച്ച് ഉറങ്ങുന്നവനുമായ സുഹൃത്ത് ചോദിച്ചു: എടേ, സാഹി ത്യ അക്കാദമിയുടെ ഹാള്‍ തന്നെ വേണമെന്ന് എന്തിനാ കടുംപിടുത്തം?
ഹേയ്, അങ്ങനെയൊന്നുമില്ലെടോ…….. മലയാളിയല്ലേ, മലയാളം പുസ്തകമല്ലേ, എന്നുള്ള തോന്നല്‍….. അതുകൊണ്ടാണ്…
താനൊരു കാര്യം ചെയ്യ്, മുംബൈയിലെ ഗിര്‍ഗാവില്‍ മറാത്തി സാഹിത്യ സംഘ് ഉണ്ട്. അവിടെ നോക്കിയാലെന്താ? നമുക്ക് എം.പി. യായ ഷെട്ടിയെ വിളിക്കാം. പിന്നെ മറാത്തി പത്രങ്ങളിലൊക്കെ ന്യൂസും കൊടുക്കാം. അതല്ലെങ്കില്‍ വേറെയും വഴിയുണ്ടെടോ…… താന്‍ ടെന്‍ഷനടിക്കാതിരി…..
ഒരേ നാട്ടുകാരാണെങ്കിലും അവന്‍ പഠിച്ചതൊക്കെ ഈ നഗരത്തിലാണ്. ഒരു മറാത്തി പെണ്‍കുട്ടിയെ സ്‌നേഹിച്ച് കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു. എല്ലാ തുറകളിലും നല്ല പിടിപാടുമുണ്ട്…..
സുഹൃത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ശരിയാണെന്ന് തോന്നി…
കഴിഞ്ഞവര്‍ഷം ശംഖുമുഖത്ത് കാനായിശില്പം കണ്ടുകൊണ്ട് ചുറ്റിക്കറങ്ങുമ്പോള്‍ തിരുവനന്തപുരത്തുള്ള മാമന്റെ മകള്‍ പറഞ്ഞതോര്‍മ്മ വന്നു.
എടോ, സാഹിത്യഅക്കാദമിയൊക്കെ അവാര്‍ഡ് നല്‍കുന്ന പ്രക്രിയ നിര്‍ത്താന്‍ പോകുന്നു, അറിഞ്ഞോ?
എന്താ, കാശില്ലേ?
കാശിനല്ല പ്രശ്‌നം. പുസ്തകങ്ങള്‍ ലക്കുംലഗാനുമില്ലാതെയാണ് പ്രസിദ്ധീകരിച്ചു വരുന്നത് . പ്രസിദ്ധീകരിച്ച് മിണ്ടാതിരുന്നാല്‍ പോരല്ലൊ! മൂന്ന് കോപ്പികള്‍ വീതം അവാര്‍ഡിനും അയക്കും….അക്കാദമിയുടെ വരാന്തയിലും കക്കൂസിലുമൊക്കെ അവാര്‍ഡ് പരിഗണനക്കയച്ച കവിതകളും കഥകളും ആത്മകഥകളുമാണത്രേ…………ചിലപ്പോള്‍ ഈ വര്‍ഷത്തെ അവാര്‍ഡ് അഞ്ചു വര്‍ഷം കഴിഞ്ഞേ നിശ്ചയിക്കാന്‍ കഴിയുകയുള്ളു…….
നീ വട്ട് പറയാതെ…ഞാന്‍ പറഞ്ഞു. അവള്‍ സാഹിത്യജ്വരം പിടിപെട്ട് മാനസിക വിഭ്രാന്തിയിലുള്ളവളാണ്…… ഈയിടെ എഫ്.ബി യില്‍ ‘ പുരുഷന്റെ കോണകരഹസ്യം”എന്ന കുറിപ്പെഴുതിയിട്ട് സ്ത്രീകള്‍ തന്നെ തെറി വിളിച്ചതാണവളെ.

എടോ, പിന്നെ ആരാ ഇതൊക്കെ വായിച്ചുനോക്കുക? അവാര്‍ഡിന്റെ പരിഗണനയ്ക്കായി കിട്ടുന്ന ആയിരത്തോളം പുസ്തകങ്ങള്‍ സെക്രട്ടറിക്കോ പ്രസിഡന്റിനോ അവാര്‍ഡ് കമ്മിറ്റിക്കോ ഒരു കൊല്ലംകൊണ്ട് വായിച്ചു നോക്കാന്‍ പറ്റില്ലല്ലോ……. പിന്നീട് ഒന്നും പറഞ്ഞില്ല. പരമാര്‍ത്ഥമാണ് അവള്‍ പറഞ്ഞത്, ജല്‍പ്പനങ്ങളല്ല. അക്കാദമിക്ക് തൊട്ടടുത്തുള്ള സ്ഥാപനത്തിലെ ഒരു വലിയ മുറി അവാര്‍ഡിനായി അയച്ചുകിട്ടുന്ന പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ വാടകയിനത്തില്‍ പാസ്സായിട്ടുണ്ടെന്ന് ആരോ പറഞ്ഞതോര്‍ക്കുന്നു.
നീ കോടതി കണ്ടിട്ടില്ലേ? അതുപോലെയാണ് ഇവിടുത്തെ സാഹിത്യ അക്കാദമിയുടെ ചുറ്റുപാടുകള്‍…അവാര്‍ഡ് കാലമായാല്‍ പറയാനില്ല. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും വിദേശത്തുനിന്നും ജനസമുദ്രമാണ് ഇങ്ങോട്ട് എഴുന്നെള്ളുന്നത്. സത്യത്തില്‍ അവാര്‍ഡെന്ന വാക്ക് തന്നെ എടുത്തുകളയണം.
തല ചൊറിഞ്ഞാലോചിച്ചു നോക്കുമ്പോള്‍ മാന്യ സുഹൃത്തായ അവളുടെ അഭിപ്രായത്തോട് യോജിക്കുകയേ രക്ഷയുള്ളു.
അങ്ങനെ ജൂണ്‍ ഏഴിന് അതിഗംഭീരമായി പുസ്തകപ്രകാശനം നടന്നു. ആദ്യമായി മലയാള ഭാഷയിലുള്ള പന്ത്രണ്ട് കഥകളുടെ ഒരു സമാഹാരം മറാത്തി സാഹിത്യസംഘിന്റെ ഹാളില്‍ പ്രകാശനം ചെയ്തു. ഈ സംരംഭത്തെ അഭിനന്ദിച്ചു കൊണ്ട്, ഏത് ഭാഷയിലെഴുതിയാലും സാഹിത്യം സാഹിത്യം തന്നെയാണെന്ന് പ്രശസ്തര്‍ ”മാട്ട”യിലും (മറാത്തി ടൈംസ്) ”ലോക്‌സത്ത”യിലുമെഴുതി….
പേരും പ്രശസ്തിയുമാണ് വീണ്ടുമെഴുതാന്‍ പ്രേരണയായത്. പരിചയമുള്ള ചില കൂട്ടുകാരും ഫോട്ടോഗ്രാഫറും എഴുത്തുകാരും ‘സാറേ ഒന്നും എഴുതാറില്ലേയെന്ന്’ കാണുമ്പോഴൊക്കെ ചോദിക്കും. അങ്ങനെയുള്ള ആവേശത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിവെച്ച ”ബാച്ചിലേഴ്സ് പാരഡയിസ്” മുഴുവനാക്കിയത്. നാഗരിക ജീവിതത്തില്‍ നിറഞ്ഞാടിയ പത്ത് കൊല്ലത്തെ ബാച്ചിലേഴ്സ് ജീവിതമായിരുന്നു ഇരുന്നൂറ് പേജില്‍ എഴുതിത്തീര്‍ത്തത്. രണ്ട് മൂന്ന് കൊല്ലമെടുത്തു മുഴുവനാക്കാന്‍….. ചിലപ്പോള്‍ കമ്പ്യൂട്ടറില്‍ അക്ഷരങ്ങള്‍ വഴങ്ങില്ല. ഈയിടെ ഒരു എഫ്. ബി.പോസ്റ്റില്‍ ”ശാന്തേടത്തി”ക്ക് പകരം ശാന്ധേടത്തിയെന്ന് തെറ്റായി പോസ്റ്റിയതിന് തന്റെ തന്തക്ക് ഇങ്ങനെയുള്ള അസുഖങ്ങളൊന്നും ഇല്ലായിരുന്നല്ലോയെന്ന് ഒരു കൂട്ടുകാരന്‍ പോസ്റ്റിട്ടു……ചില നാറികള്‍ അങ്ങനെയാണ്………തെറ്റ് കണ്ടാല്‍ വിളിച്ചുപറഞ്ഞാല്‍ മതി,അത് ചെയ്യില്ല…കമന്റ് ബോക്‌സില്‍ ഞാന്‍ കുറ്റം കണ്ടെത്തിയെന്ന് പറഞ്ഞാലേ അവര്‍ക്ക് സമാധാനം കിട്ടുള്ളു…..
വീണ്ടും ഗിര്‍ഗാവിലുള്ള മറാത്തി സാഹിത്യ അക്കാദമിയില്‍ ചെന്നു, ബാച്ചിലേഴ്സ് പാരഡയിസ് പ്രകാശനം ചെയ്യാന്‍ ഒരു തിയ്യതി കിട്ടാന്‍ വേണ്ടി…….
പ്യൂണ്‍ പരിചയക്കാരനായിരുന്നു. ഒരു സാള്‍വി……… സെക്രട്ടറി പുതിയ ആളായിരുന്നു..
ഫ്രഞ്ച് താടിയില്‍ മെലിഞ്ഞ ഒരു സ്വരൂപം…
വിഷയാവതരണത്തിന് മുമ്പ് സെക്രട്ടറി പറഞ്ഞു: ഈ വര്‍ഷം തിയ്യതി കിട്ടാന്‍ വിഷമമാണ്.
കേരളത്തിലേതുപോലെ മഹാരാഷ്ട്രയിലും എഴുത്ത് കൂടിവരുന്നുണ്ടോയെന്ന് ശങ്കിച്ചിരിക്കുമ്പോള്‍, ഈ വര്‍ഷം ജൂണ്‍ ഏഴിനേ ആവശ്യമുള്ളു,ഇനിയും നാല് മാസമുണ്ടെന്ന് സൂചിപ്പിച്ചു. മാത്രമല്ല അഞ്ച് വര്‍ഷം മുമ്പ് ഒരു ചെറുകഥാസമാഹാരം ഇവിടെവെച്ചുതന്നെ എം. പി. ആയിരുന്ന ഷെട്ടി പ്രകാശനം ചെയ്തിരുന്നതായും അറിയിച്ചു….
കൈവെള്ളയിലിട്ട് പുകയില ഞെരടിക്കൊണ്ടിരുന്ന സാള്‍വിയെ വിളിച്ച് വലിയ രജിസ്റ്റര്‍ കൊണ്ടുവരാന്‍ സെക്രട്ടറി ആജ്ഞാപിച്ചു.രജിസ്റ്ററിന്റെ പുറത്ത് 2024എന്ന് മറാത്തി അക്കങ്ങളില്‍ എഴുതിയിട്ടുണ്ടായിരുന്നു.തുറക്കുന്നതിനിടയില്‍ സെക്രട്ടറി വിനീതനായി. നോക്കൂ, ഈ റെജിസ്റ്റര്‍ കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും, മിക്കഎഴുത്തുകാരും മലയാളികളാണെന്ന്! കവിതകളാണ് ഏറെയും..ആത്മകഥകളും കൂടിക്കൂടി വരുന്നുണ്ട്. നിങ്ങളുടെ നാട്ടിലിപ്പോള്‍ കൂലിക്കാളെവെച്ച് ആത്മകഥകള്‍ എഴുതിപ്പിക്കുന്ന ട്രെന്‍ഡുണ്ടെന്ന് ആരോ പറഞ്ഞതോര്‍ക്കുന്നു. ഞാന്‍ അന്തംവിട്ടിരിക്കുമ്പോള്‍ ചായ വന്നു. സാല്‍വി കുപ്പിവെള്ളവുമായി വന്നു…………
ഇവിടെ…..സെക്രട്ടറി ചായക്കപ്പെടുത്ത് ചുണ്ടോടടുപ്പിച്ചു കൊണ്ട് പറഞ്ഞു:
ഇവിടെ അക്കാദമിക്ക് ചുറ്റുമുള്ള ഹോട്ടലുകളൊക്ക ഫുള്ളാണ്. ചില എഴുത്തുകാരുടെ കുടുംബാംഗങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റും രണ്ട് ദിവസത്തേക്ക് മുംബൈയിലേക്ക് വരുന്നു……….പുസ്തകപ്രകാശനം കഴിഞ്ഞ് മടങ്ങിപ്പോകുന്നു.
അതൊരു പുതിയ അറിവായിരുന്നു.സെക്രട്ടറിയെത്തന്നെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ അയാള്‍ ചിരിച്ചു.കഴിഞ്ഞമാസം ഒരു യുവാവും യുവതിയും വന്നിരുന്നു.യുവാവിന്റെ അച്ഛന്‍ വടക്കന്‍ കേരളത്തിലെ അറിയപ്പെടുന്ന കവിയാണ്.
അദ്ദേഹത്തിന്റെ കവിതാസമാഹാരത്തിന്റെപ്രകാശനമായിരുന്നു പിറ്റേന്ന്… അച്ഛനേയും അമ്മയേയും കണ്ണൂരിലേക്ക് കയറ്റിവിട്ട് അവര്‍ സിങ്കപ്പൂരിലേക്ക് മടങ്ങി. നാട്ടില്‍ ഇരട്ടിച്ചിലാവാണെന്ന് അവള്‍ പറഞ്ഞതോര്‍ക്കുന്നു. ശരിയാണ്.. ഞാന്‍ പറഞ്ഞു.
എങ്ങനെ?
അതിപ്പൊ, അച്ഛനേയും അമ്മയേയും കൂട്ടി അവര്‍ നാട്ടിലേക്ക് പോയെന്ന് വിചാരിക്കൂ…ഒരാഴ്ച അവര്‍ നാട്ടിലുണ്ട്. ഇതിനിടയില്‍ ബന്ധുവിന്റെയോ സുഹൃത്തുക്കളുടേയോ ഒരു കല്യാണം അല്ലെങ്കില്‍ പാല് കാച്ചില്‍(ഹൗസ് വാര്‍മിങ്)നാട്ടില്‍ നടക്കുന്നു. ഫങ്ഷന്‍ കഴിഞ്ഞാല്‍ അയല്‍ക്കാരുടെ ചിന്ത സിങ്കപ്പൂ രില്‍ നിന്നും വന്ന കക്ഷി എന്ത് കൊടുത്തിട്ടുണ്ടാകും എന്നായിരിക്കും….ചിലപ്പോള്‍ അവര്‍ മാന്യമായി അയ്യായിരം ഉറുപ്പിക കവറിലിട്ട് കൊടുത്തിട്ടുണ്ടാകും… ഛെ…അയ്യായിരം ഉറുപ്പിയോ? സിങ്കപ്പൂരില്‍ നിന്നും വന്നിട്ട് അയ്യായിരം ലൊട്ടയാ തന്നിന്? പറയുന്നതാരാ സാറേ, തൊഴിലുറപ്പ് പണിക്ക് പോകുമ്പോഴും ഏഴോ എട്ടോ പവന്റെ
ചെയിനിട്ട് നടക്കുന്ന നാല്പതുകാരി. ആരാന്റെ കാശിന് നാട്ടിലൊരു വിലയുമില്ല സാറേ……രാഷ്ട്രീയക്കാരും അങ്ങനെത്തന്നെ….

അയാള്‍ അമ്പരപ്പോടെ എന്റെ കണ്ണുകളില്‍ നോക്കിയിരുന്നു. പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു: ജൂലൈ പതിനെട്ടിന് ഹാഫ് ഡേ മതിയോ?
പോര സാറേ….ആത്മകഥ പ്രകാശിപ്പിച്ചതിന് ശേഷം പ്രശസ്തരുടെ ആത്മകഥകളെക്കുറിച്ച് ഒരു ചര്‍ച്ചയുമുണ്ട്………
ശരി, മുഷിയരുത്…ഒരു കാര്യം കൂടി ചോദിച്ചോട്ടെ? ഞാന്‍ തല കുലുക്കി….
അവിടെ കേരളീയര്‍ വേറെ പണിക്കൊന്നും പോകാറില്ലേ? എഴുത്ത് മാത്രമാണോ ജോലി?
അങ്ങനെയൊന്നുമില്ല സാര്‍….അവിടെ എല്ലാം ആഘോഷമാണ്….. ഒരു ബന്ദ് വന്നെന്നിരിക്കട്ടെ…
ബന്ദോ? അതെന്തിന്?
രാഷ്ട്രീയക്കാര്‍ അവരവരുടെ താത്പര്യങ്ങള്‍ക്കായി ജനങ്ങളെക്കൊ ണ്ട് അവധിയെടുപ്പിക്കുന്നു, കടകള്‍ പൂട്ടുന്നു, ബസ്സുകള്‍ തടയുന്നു……..
അപ്പൊ, അവിടുത്തെ ഗവണ്മെന്റെ്?
ഏത് ഗവണ്മെന്റെ് വന്നാലും ബന്ദിന് എതിര്‍പ്പില്ല…….. കാരണം ബന്ദിന്റെ തലേന്ന് ബീവറേജ് തുറന്നാല്‍ ഒരു മാസത്തെ വില്പന ഒറ്റ ദിവസംകൊണ്ട് നടക്കും…അപ്പോള്‍ ഖജനാവ് നിറയും.. ഭരണാധികാരികള്‍ സന്തോഷിക്കും…ജനങ്ങളും ആ ഘോഷത്തിമിര്‍പ്പില്‍…. പിന്നെന്ത് വേണം? കാലത്തെഴുന്നേറ്റ് കുളിച്ച് ലോണിനെടുത്ത നാല്‍ച്ചക്രവണ്ടിയില്‍ അമ്പലത്തില്‍ പോകും…….. ബന്ദേശ്വരനെ പ്രാര്‍ത്ഥിച്ച് മടങ്ങിയെത്തിയശേഷം മദ്യം വിളമ്പുന്നു…പല കവികളും അങ്ങനെയുണ്ടായതാണ്. ചില കഥാകൃത്തുക്കളും…. സെക്രട്ടറി എഴുന്നേറ്റുനിന്നു. അദ്ദേഹത്തിന്റെ താടി രോമങ്ങളിലും രക്തയോട്ടം നടക്കുന്നത്‌പോലെ തോന്നി.
”സത്യത്തില്‍ ദൈവത്തിന്റെ സ്വന്തം നാട് തന്നെ…..നമിക്കുന്നു….” അയാള്‍ തൊഴുതുകൊണ്ട് നിന്നു. കുറച്ചുകൂടി എന്തെങ്കിലും പറഞ്ഞാല്‍ അയാള്‍ കാല്‍ക്കല്‍ വീഴുമെന്ന് തോന്നി…. അക്കാദമിയില്‍ നിന്നുമിറങ്ങി തെരുവില്‍ വന്നുനിന്ന് കൂട്ടുകാരന് ഫോണ്‍ ചെയ്തു. എടോ, അക്കാദമിഹാള്‍ ഫുള്ളാണ്…ബാച്ച്‌ലേഴ്സ് പാരഡായിസ് ഇക്കൊല്ലം ഇവിടെ പ്രകാശിപ്പിക്കാന്‍ പറ്റില്ല.
വയസ്സ്‌കാലത്ത് ടെന്‍ഷനടിക്കേണ്ട…താനിപ്പോള്‍ എവിടെയാണ്? ഗിര്‍ഗാവില്‍…..അക്കാദമി ഹാളിന് പുറത്ത് നില്‍ക്കുന്നു…. പേടിക്കേണ്ട…ഗാന്ധിനഗറില്‍ ഗുജറാത്ത് അക്കാദമിഹാള്‍ കിട്ടാതിരിക്കില്ല…..
അവിടെയും ഇതുപോലെ…..
താന്‍ ഭയപ്പെടാതിരി……ഞാനിതാ എത്തിക്കഴിഞ്ഞു….അവിടെയും കിട്ടി യില്ലെങ്കില്‍ ഡല്‍ഹിയിലോ മണിപ്പൂരിലോ പ്രകാശിപ്പിക്കാമെടോ…ആദ്യം രണ്ട് പൂശി നമുക്ക് ഊണ് കഴിക്കാം……..നീ ബേജാറാകാതിരി…
9167598718

Author

Scroll to top
Close
Browse Categories