വീട്പൊളിച്ച്കളഞ്ഞ പന്തൽ

നല്ല പരിചയമുള്ള വീടായിരുന്നു അത്.അല്ല, ഇത്രയും പരിചയമുള്ള മറ്റൊരു വീടില്ലായിരുന്നു.
എന്നാൽ ആ വീട്ടിനുള്ളിലേക്ക് കയറിയിട്ടേയില്ല .. വീട്ടുകാരെയും പരിചയമില്ല.
എന്നാലും ഏറ്റവും സ്വന്തമായി തോന്നിയ വീടാണത്.
സ്കൂളിൽ പോകുന്ന കാലത്ത് ആ വീടിന്റെ മുറ്റത്തു രണ്ടു കുട്ടികൾ കളിക്കുന്നത് കണ്ടിട്ടുണ്ട്.
ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും.
ആ പെൺകുട്ടിയാണ് കൂടുതൽ മിടുക്കിയും കുസൃതിക്കാരിയും എന്ന് തോന്നിയിട്ടുണ്ട്.
കാരണം അവളുടെ ചിരിയും ശബ്ദവും അവിടെ ഉയർന്നുകേൾക്കാറുണ്ട്.
അവൾ ഓടിനടക്കുന്ന കാഴ്ച പക്ഷി പറക്കുന്നതുപോലെയാണെന്ന് തോന്നിപ്പിച്ചു.
വീടിനുള്ളിൽ, ജനാലക്കരികിൽ അവൾ തുള്ളിച്ചാടുന്നതും, പിന്നെ വീടിനു മുന്നിലെ മതിലിനുമുകളിൽ കയറിയിരിക്കുന്നതും ഒക്കെ കണ്ടിട്ടുണ്ടായ തോന്നലായിരിക്കാമത്.
മുന്നിലൂടെ പോകുമ്പോൾ ആ വീട് എപ്പോഴും ചിരിക്കാറുണ്ടായിരുന്നു. അങ്ങനാണ് ആ വീട് ഇത്ര പരിചയത്തിലായത്.
എന്നാൽ ആ പെൺകുട്ടി എന്നെ കണ്ടിട്ടേയില്ല.. തിരക്കേറിയ റോഡിലെ ഒരു വഴിയാത്രക്കാരിക്കുട്ടിയെ മറ്റൊരു കുട്ടി ശ്രദ്ധിച്ചില്ലെങ്കിൽ കുറ്റം പറയാനാവില്ലല്ലോ .
അവളുടെ ഭംഗിയുള്ള നിറമുള്ള ഉടുപ്പൊക്കെ കണ്ടാൽ കൊതിയാകും . അപ്പോഴൊക്കെ നിറം മങ്ങി നരച്ച സ്വന്തം ഉടുപ്പിലേക്കു നോക്കിയിട്ടുണ്ട് .
ആൺകുട്ടിയാകട്ടെ, കയ്യിലൊരു ബാറ്റുമായി എപ്പോഴും മുറ്റത്തുണ്ട്.. കുറച്ചുനാൾ കണ്ടപ്പോൾ
ആ ദൃശ്യം വല്ലാതെ മടുപ്പിച്ചു. അതുകൊണ്ടാണ് ആ പെൺകുട്ടിവഴിയെ മാത്രം വീടിനെ നോക്കിക്കാണാൻ ശ്രമിച്ചത്, അല്ല, വീട് പെൺകുട്ടിയെ മാത്രമാണ് കാട്ടിത്തന്നത്.
കോളേജിൽ പഠിക്കുന്ന സമയത്താണ് പുതുതായി പെയിന്റ് അടിച്ച ആ വീടിന്റെ മുന്നിൽ ഒരു പന്തലുയരുന്നത് കണ്ടത്.
അവളുടെ കല്യാണമായിരുന്നിരിക്കണം . പിന്നെ അവൾ ആ വീടിന്റെ മുന്നിൽ ഓടി നടക്കുന്നത് കണ്ടിട്ടില്ല.
എന്നാലും എന്നും ആ വഴിയേ പോകുമ്പോൾ ആ വീട് ചിരിക്കാറുണ്ട്. അപ്പോൾ അവിടെയുണ്ടായിരുന്ന ആ ആൺകുട്ടിയും ഒപ്പം ചിരിക്കും..
പെൺകുട്ടിയെ കാണാത്തതൊരു സങ്കടമായിരുന്നു.അതുകൊണ്ട് വീടിനെ നോക്കി മാത്രമേ ചിരിച്ചുള്ളൂ.ആൺകുട്ടിയെ പാടെ അവഗണിച്ചു
പിന്നെയും ഒരു പന്തലുയർന്നു . അടുത്ത ദിവസം മുതൽ മറ്റൊരു പെൺകുട്ടി അവിടെ പ്രത്യക്ഷപ്പെട്ടു.
അവളും വീടിനുള്ളിലും മുറ്റത്തും ഓടി നടക്കുന്നുണ്ടായിരുന്നു. കളിക്കാനും ചിരിക്കാനുമല്ല
തുണി വിരിക്കാനും മുറ്റമടിക്കാനുമൊക്കെയായി .
വീടിനോട് പഴയ കുസൃതിപെൺകുട്ടിയെ അന്വേഷിച്ചുനോക്കി . ഉത്തരമൊന്നും വീട് തന്നില്ല.പക്ഷേ കാത്തിരിക്കൂ.. എന്നൊരു ആംഗ്യം കാണിച്ചു
കാലം കടന്നുപോകുന്നത് സംഭവങ്ങൾ തോളിലേറ്റിയാണല്ലോ.അതാ ആ പെൺകുട്ടി വീടിനു മുന്നിൽ.. ഓട്ടമില്ല ചാട്ടമില്ല ചിരിയില്ല കളിയില്ല!
എനിക്കാദ്യമായി ആ വീടിനോടൊരു അപരിചിതത്വം തോന്നി.പെട്ടെന്നത് മാറി… മൂന്നാമതും ഉയർന്ന പന്തൽ ആ വീട് കാലത്തിനുമുന്നേ
തട്ടി മാറ്റുകയായിരുന്നു .
അടുത്ത ദിവസം വീടിനു മുന്നിൽ ഒരു ശവമായി അവൾ കിടക്കേണ്ടതായിരുന്നുവെന്നു വീട് പറഞ്ഞാണ് അറിഞ്ഞത് ..
എല്ലാവരും ഉറങ്ങിയപ്പോൾ അമ്മ സൂക്ഷിച്ചുവെച്ചിരുന്ന എലിവിഷം അവൾ കയ്യിലെടുത്തത്രെ..
അത് കുടിക്കാൻ തുടങ്ങിയപ്പോൾ,അവളെ പെറ്റു വളർത്തിയ, അവളുടെ കളിചിരി വർത്തമാനങ്ങൾ, ചിന്തകൾ, ഒക്കെ ഹൃദയഭരിതമായിക്കണ്ട് കൂടെ പൂത്തുലഞ്ഞിരുന്ന വീടിനു സഹിക്കാനായില്ലത്രെ.. വീട് അവളുടെ കൈയിൽ കയറി പിടിച്ചെന്ന്. എന്നിട്ട് ആ വിഷക്കുപ്പിക്കിട്ട് ഒറ്റ തട്ടുവെച്ചു കൊടുത്തുപോലും!
എന്നിട്ട് വീട് പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിച്ചു.
.’ എന്നെപ്പോലെ കല്ലും മണ്ണും തടിയും സിമന്റും കൊണ്ടല്ല നിന്റെ ശരീരം ഉണ്ടാക്കിയിരിക്കുന്നത്.. എന്നെപോലെ അനങ്ങാൻ പറ്റാത്ത ആളല്ല നീ.. . ഞാൻ തകർന്നു വീണാലും നീ തകർന്നു വീഴില്ല… നിന്റെ കാലു കൊണ്ട് നീ നടക്ക്.. കൈ കൊണ്ട് വേല ചെയ്യ്.. നാവു കൊണ്ട് സംസാരിക്ക്.. നിന്നിടത്തു നിക്കാതെ നീ ഇറങ്ങിപ്പോ.. നിന്നെ നീ ഉപയോഗിക്ക്.. എന്നിലെ മുറികൾ ഉപയോഗശൂന്യമായിക്കോട്ടെ.. നിന്നിലെ ജനാലകൾ മലർക്കേ തുറക്കുക. നിന്നെ മുറ്റത്തിട്ടാണ് ഞാൻ വളർത്തിയത്. തിരികെ എന്റെ അകത്തു നീ അടക്കപ്പെടണ്ട. “
അടുത്ത ദിവസം വീടിന്റെ മുന്നിലൂടെ പോയപ്പോൾ കണ്ടത് ശക്തമായ കാറ്റത്തുംമഴയത്തും മരം വീണ് പൊളിഞ്ഞ മതിലും, കേട്ടത്, മരത്തിന്റെ തലപ്പിൽ കൂടി നൂർന്നു പുറത്തിറങ്ങി വിശാലമായ മുറ്റം തേടി പോയ അവളെക്കുറിച്ചുമാണ്.
ആരോ പറയുന്നു
‘ അവൾ മരിച്ചിരുന്നെങ്കിൽ ഇത്ര സങ്കടമില്ലായിരുന്നു..’
വീട് പറയുന്നു ” എപ്പോൾ വേണമെങ്കിലും മരിക്കാമല്ലോ.. ഇപ്പോൾ അവൾ ജീവിക്കട്ടെ. ‘
എന്റെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് ആ വീട് എന്നോടും ചോദിച്ചു ‘ നീ ഒരു പെണ്ണാണോ? മനുഷ്യനാണോ?അതോ എന്നെപ്പോലെ അനങ്ങാൻ പറ്റാത്ത, മിണ്ടാൻ പറ്റാത്ത, ആർക്കും എപ്പോൾ വേണമെങ്കിലും നശിപ്പിക്കാവുന്ന, ഒരു വീടോ? “
അന്ന് തിരികെ വീട്ടിലെത്തി ഞാൻ എന്റെ വീടിനെ പുതിയൊരു കാമുകനെയെന്ന പോലെ നോക്കിനിന്നു.
എന്റെ വീടിന്റെ ഏതു കോണിലാണ് ഞാൻ എന്നെ ഉപേക്ഷിച്ചതെന്നു ആലോചിച്ചു.
പിന്നീടുള്ള അന്വേഷണ ത്തിലാണ് എനിക്കെന്നെ വീണ്ടു കിട്ടിയത്.
ഞാൻ എന്റെ യഥാർത്ഥ നടത്തം തുടങ്ങിയത്..!

Author

Scroll to top
Close
Browse Categories