ഇടവേളകളില്‍ സംഭവിക്കുന്നത്

ഇത് സാവത്രി അശോകന്‍. കവിതയില്‍ കലശലായ കമ്പം. കണ്ണട. കണ്ണടയ്ക്ക് പിന്നില്‍ വിഷാദം നിഴലിക്കുന്ന കണ്ണുകള്‍. ഇങ്ങനെയൊക്കെയാകണമല്ലോ ഒരു പെണ്ണഴുത്തുകാരിയുടെ പ്രകൃതവും.കവിതയില്‍ സുഗത ടീച്ചറുടെയും കമലാദാസിന്റെയും വിജയലക്ഷ്മിയുടെയും സാവിത്രി രാജീവന്റെയുമൊക്കെ റാങ്കില്‍ നിൽക്കും അവരും..നിലവാരമുണ്ടെന്നു് പറയാവുന്ന മാസികകളിലും വാരികകളിലുമൊക്കെയാണ് അവരുടെ കവിതകളുംഅച്ചടിച്ച് വന്നിട്ടുള്ളത്. പക്ഷേ, ഈയിടെയായി അവരൊന്നും എഴുതി ക്കാണുന്നില്ല. ആശയ ദാരിദ്ര്യമാകുമോ ഇത്തരമൊരു ഇടവേളയ്ക്ക് കാരണം. അങ്ങനെയെങ്കിലും അവര്‍ ആദരണീയയാണ്. ജഡ തുല്യമായ സൃഷ്ടികളെക്കാളും ഭേദമല്ലേ സര്‍ഗ്ഗപരമായ ഇത്തരം ഇടവേളകള്‍. അന്വേഷണമാകാമെന്ന് കരുതി.

ഒരനുവാചകന്റെ സ്വാഭാവികമായ ജിജ്ഞാസ എന്നൊക്കെവേണമെങ്കില്‍ഈഅന്വേഷണത്തെക്കുറിച്ച് പറയാം. സാവിത്രി അശോകനാണെങ്കില്‍ എനിക്കത്ര അന്യയുമല്ല.പണ്ടെങ്ങോ ഒരു പത്രത്തിലെ ആര്‍ട്ട് പേജിനു് വേണ്ടി ഞാനവരെ ഇന്റര്‍വ്യു ചെയ്തിട്ടുണ്ട്. പിന്നെയും എവിടെയൊക്കെയോ ഞാനവരെക്കുറിച്ച് എഴുതിയിട്ടുണ്ടൊന്നാണ്ഓര്‍മ. അങ്ങനെയൊരുപരിചയത്തിന്മേലാണ് ഞാനവരുടെ വീട്ടിലെത്തുന്നത്. നഗര ബഹളങ്ങളില്‍ നിന്നൊക്കെ ഒഴിഞ്ഞ് നിശബ്ദമായ ഒരിടത്തായിരുന്നു അവരുടെ വീട്. ‘കോളിങ്‌ബെല്‍ അതിന്റെ നിയോഗം നിറവേറ്റി.വാതില്‍ക്കല്‍ പഴയ പരിചയത്തിന്റെ ഇത്തിരിവെട്ടം നിറഞ്ഞചിരിയുമായ്‌ സാവിത്രിഅശോകന്‍. ഇക്കുറിയും അഭിമുഖത്തിനായാണോ വന്നിരിക്കുന്നതെന്നൊരു ചോദ്യവും അവരുടെ മുഖത്തുണ്ട്. ഞാനത് മനസ്സിലാക്കിക്കൊണ്ടു തന്നെ അല്ലെന്ന് തിരുത്തുന്നു.കുശലാന്വേഷണങ്ങളുടെ പതിവ് കഴിച്ച് ഞാന്‍ നേരെ വിഷയത്തിലേക്ക് അൽപ്പം തിടുക്കത്തോടെതന്നെ കടന്ന് കൂടുന്നു. ‘ എന്തുകൊണ്ടാണെന്നു് അറിയില്ല. ഈയിടെയായി ഒന്നും എഴുതിക്കാണു ന്നില്ല. ബോധപൂര്‍വമാണോ ഇത്തരമൊരു ഇടവേള ” അപ്പോള്‍ അവരുടെ മുഖത്ത് കാണാനായ ചിരി. ആ ചിരിയില്‍ ഒരു പാട് വ്യസനങ്ങള്‍ മുഖം കാട്ടുന്നതായി എനിക്ക് തോന്നി. ‘എന്തെങ്കിലും എഴുതിത്തുടങ്ങുമ്പോഴാകും മകന്റെ വലിയ വായാലേയുള്ള നിലവിളി.അവനെഎങ്ങനെയെങ്കിലുമൊക്കെ ശാന്തനാക്കുമ്പോഴേക്കും മകള്‍ കരച്ചില്‍ തുടങ്ങിയിരിക്കും. ആ ടെന്‍ഷനില്‍ എഴുതാനുള്ളതത്രയും മറന്നിരിക്കും .ഇങ്ങനെ ഒഴിഞ്ഞ കടലാസിനെ നോക്കി ഞാനെത്രയോ കുറി കരഞ്ഞിരിക്കുന്നു.”അപ്പോള്‍ കുടുംബമെന്നൊക്കെ പറയുന്നത് ഒരെഴുത്തുകാരിയുടെ സ്വാതന്ത്ര്യത്തിനു് പാരതന്ത്ര്യം ഒരുക്കുമെന്നാണോ സാവിത്രി പറഞ്ഞു വരുന്നത്. ‘അവരുടെ പറച്ചിലില്‍ അനുഭവത്തിന്റെതായ ഒരു സത്യസന്ധതയുണ്ടല്ലോ. അതു കൊണ്ട് തുടര്‍ന്നും നമുക്കവരെ കേള്‍ക്കാം. അറിയാം.

എന്താ…… ‘എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത് എന്റെ ആ പഴയ കാലമാ. എല്ലാവരും ഉറങ്ങുമ്പോള്‍ ഞാന്‍ തറവാട്ടിലെ തട്ടിന്‍ പുറത്തെ മുറിയിലെത്തുന്നു.പിന്നെ എഴുത്തു തന്നെ. രാത്രിയിലും അവസ്ഥ ഇതു തന്നെ. എഴുത്തിന്റെ ലഹരിയില്‍ ഞാന്‍ ചിലപ്പോഴൊക്കെ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തേണ്ടത് പോലും മറന്നിരിക്കും. ഇല്ല. ഇനി അങ്ങനെ കവിതകളുടെതായപൂക്കാലമൊന്നും എന്റെ ജീവിതത്തിലുണ്ടാവില്ല. ആ കാലത്താജീവിതത്തിലെ പരമമായ ആനന്ദമെന്നൊക്കെ പറയുന്നത് ഞാനനുഭവിച്ചിട്ടുള്ളത്.’ഏകാന്തതയുണ്ടെങ്കിലേ എന്തെങ്കിലും എഴുതാനാകുവെന്ന് സാവിത്രി. ഇതൊക്കെ ഒരു വെല്ലുവിളിയായി സ്വീകരിച്ചു കൊണ്ട് കവിതയിലേക്ക് തന്നെ മടങ്ങികൂടേയെന്നു് ഞാനും. വെല്ലുവിളി. അതൊക്കെ നമുക്ക് പറയാമെന്നു് മാത്രം. ‘ അശോകേട്ടനാണെങ്കില്‍ രാത്രി മിക്കവറും ലക്കുകെട്ടാകും വരിക. പിന്നെ അയാളെ കിടക്ക വരെ ചുമക്കണം.പലപ്പോഴും അതിനൊക്കെയുള്ള പ്രതിഫലം തെറിയും കൈയേറ്റവുമാകും.ചിലപ്പോഴൊക്കെ തോന്നും ഈജീവിതമങ്ങ് അവസാനിപ്പിച്ചാല്‍ മതിയെന്നു്. ജീവിതം ഇങ്ങനെയൊരു ശിക്ഷയാകുവാന്‍ മാത്രംപാപമൊന്നുംഞാന്‍ചെയ്തിട്ടില്ല.’

ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ലാത്ത നിശബ്ദതയാണ് ഇപ്പോള്‍ ഞങ്ങള്‍ക്കിടയില്‍…….’ഇന്നുമീ മനസ്സില്‍ കവിതയുണ്ടെട്ടോ. അവിടെ കവിതയ്ക്ക് മരണമില്ല .പക്ഷേ ——- ‘അവരുടെ നിറയുന്ന കണ്ണുകള്‍ ‘ ആ കണ്ണുകളെ കണ്ടില്ലെന്നു് നടിച്ചോ ആ കണ്ണുകള്‍ക്ക് നേരെ മുഖം തിരിച്ചോ എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. ഇനി എന്നാ സാവിത്രി അശോകന്‍ ഞങ്ങള്‍ക്കായി ഒരു കവിത എഴുതുക? അങ്ങനെ അവരൊരു കവിത എഴുതുമെങ്കില്‍ ആ കവിതയൊരു അംഗീകാരത്തോളം ഉയര്‍ന്നതാകുമെന്നും എനിക്കുറപ്പുണ്ട്.ഉറപ്പ് മാത്രമല്ലട്ടോ വിശ്വാസവുമുണ്ട്. അങ്ങനെ കഴിഞ്ഞൊരു ദിവസം അവരൊരു കവിത എഴുതി ‘ രചനാപരമായ മൗനത്തിനൊരു ഇടവേള എന്നൊക്കെ പറയില്ലേ (ഒരുഫീച്ചറിന്‌സാധ്യതയുണ്ടല്ലേ?) ങാ അതു തന്നെ. സ്വന്തം ജീവിതധൂര്‍ത്തില്‍ അവര്‍ പൂര്‍ത്തീകരിച്ച ആ കവിതയുടെ പേര് മരണം എന്നായിരുന്നു.

എന്നിട്ട് പത്രത്താളുകളിലെ അത്രയൊന്നും പ്രാധാന്യമില്ലാത്ത ചരമക്കോളങ്ങളുടെ മൂലയ്ക്കിരുന്നു് അവര്‍ ചിരിക്കുന്നു. ആ ചിരിയില്‍ പ്രകടമായിരുന്നത് വ്യസനമല്ല കൂട്ടുകാരാ ആഹ്‌ളാദമാണ്. ആരെയൊക്കെയോ തോല്പിച്ചആഹ്‌ളാദം. ‘ കഷണ്ടിക്കാരും കണ്ണടക്കാരുമായ നിരൂപകര്‍ പറഞ്ഞത് അവരീ മരണത്തിലൂടെയുക്കിയോ മിഷിമായേയും രാജലക്ഷ്മിയേയുമൊക്കെ അനുകരിക്കുവാനാണ് ശ്രമിച്ചിരിക്കുന്നതെന്നാണ്. നമ്മുടെ നിരൂപണത്തിന്റെ ഒരു സത്യസന്ധതയേ….. അവരുടെ ഭര്‍ത്താവായ അശോകന്‍ എത്രയോ അവാര്‍ഡ് കമ്മറ്റികളെയായി രഹസ്യമായും പരസ്യമായുമൊക്കെ കാണുന്നു. കിട്ടുന്നതില്‍ പാതി മുക്കാലെന്നൊക്കെ പറഞ്ഞിട്ടും ആര് കേള്‍ക്കാന്‍. അക്കാദമിയെ വരെ ഈ അംഗീകാര ആവശ്യത്തില്‍ നിന്നൊഴിവാക്കിയിട്ടില്ല അയാള്‍.അവാര്‍ഡ് ധനത്തില്‍ കണ്ണുവച്ചുള്ളതാണ് അയാളുടെ വിശ്രമമില്ലാത്ത ഈ ഓട്ടങ്ങള്‍’ വല്ല അവാര്‍ഡും തരപ്പെട്ടാല്‍ പിന്നെ മിനുങ്ങലുകളുടെ തുടര്‍ച്ച തന്നെയാകാമല്ലോ അയാള്‍ക്ക്. അവാര്‍ഡ്, അവാര്‍ഡ് തറ തന്നെ. സമ്മതിക്കുന്നു.( കേട്ടില്ലേ സാഹിത്യ രംഗത്തെ പുതിയ വര്‍ത്തമാനങ്ങള്‍) എന്നാലും ജീവനോടിരിക്കുമ്പോള്‍ അനാദരിക്കുകയും മരണാനന്തരം ആദരിക്കുകയുമാണല്ലോ നമ്മുടെ രീതി. പിന്നെ അര്‍ഹിക്കാത്തവരിലേക്കുള്ള അംഗീകാരങ്ങളുടെ ഒഴുക്ക് കാണേയുള്ള ദെണ്ണവും സങ്കടവും കൊണ്ട് കൂടിയാ ഇത്രയും പറഞ്ഞത്. പറയുന്നത് സത്യമാണെങ്കില്‍ എവിടെയും പറയാമെന്നല്ലേ?

ഇനിയുള്ള കാലം ഏതെങ്കിലുമൊരു അവാര്‍ഡിന്റെ സ്‌നേഹവായ്പ്, വാത്സല്യം സാവിത്രി അശോകനും അവരത് അര്‍ഹിക്കുന്നുമുണ്ടല്ലോ? അല്ലെങ്കില്‍ വേണ്ട കൂട്ടരെ അവാര്‍ഡുകളുടെ അഴുക്ക് ‘ കിട്ടാത്ത മുന്തിരിങ്ങപുളിക്കും. അത് കുറുക്കന് മാത്രമല്ല ചിലപ്പോഴൊക്കെ മനുഷ്യരായ നമുക്കും. മരണത്തിലെങ്കിലും സാവിത്രി അശോകനെന്ന കവിയത്രി സ്വസ്ഥയാകട്ടെ. ശാന്തയാകട്ടെ. വരും തലമുറ അവരെ ഓര്‍ക്കുന്നത് അവരുടെ സൃഷ്ടികളിലൂടെ മാത്രം മതി. അതല്ലാതെ ഏതെങ്കിലുമൊരു അവാര്‍ഡിന്റെ പേരിലാകരുതെന്ന് അവരെ സ്‌നേഹിക്കുന്ന ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. ഏതെങ്കിലുമൊരു അവാര്‍ഡ് കിട്ടിയാല്‍ തന്നെ നാളെ കവിതാരംഗത്തെ കള്ളനാണയമാകുകയെന്ന ശാപം. ഒരവാര്‍ഡും കിട്ടാതെ തന്നെ സാവിത്രി അശോകനെന്ന കവിയത്രി കാലത്തോടൊപ്പം നിൽക്കട്ടെ. അതല്ലേ നല്ലതും…

Author

Scroll to top
Close
Browse Categories