ചിപ്പികുത്തി

മീനത്തിന്റെ അവസാന പകലിനേയും വിയര്‍പ്പില്‍ മുക്കിയ ആനന്ദത്തോടെ, കണ്ണീച്ചോരയില്ലാത്ത സൂര്യന്‍ മേടത്തെ മുങ്ങിയെടുക്കാന്‍ കടലിലേക്കിറങ്ങുമ്പോഴും പതിവുപോലെ തീരത്തെ ഇടക്കല്ലില്‍ അവന്‍ ഒറ്റയ്ക്കായിരുന്നു. നാളെ മേടം ഒന്ന്. അകംചോന്ന *ചിപ്പികള്‍ വെട്ടം കാണാപാറകളില്‍ പൂക്കുന്ന കാലമാണ് മേടമാസം. കടലുനീന്തിവന്ന *മരച്ചീനിയും, കടലിലെ ചിപ്പീം തമ്മിലുണ്ടായ പ്രണയം മൂലം ആത്മഹത്യ ചെയ്തത് തീരദേശഗ്രാമങ്ങളില്‍ കാലങ്ങളായി കുടിയേറിപ്പാര്‍ത്തിരുന്ന വിശപ്പായിരുന്നു. ചിപ്പിയും, മരച്ചീനിയും ഒരുമിച്ച് മണ്‍കലത്തില്‍ വേവിച്ച് വാഴയിലയിലേക്ക് തട്ടി അതിനുചുറ്റും ഗ്രാമം വളഞ്ഞിരിക്കും. തോടുപിളര്‍ത്തിയെടുത്ത ആവിപാറുന്ന *ചിപ്പിച്ചതയും, മരിച്ചിനിത്തുണ്ടും കൈകോര്‍ത്തുപിടിച്ച് വിശപ്പിനെ ആട്ടിയോടിക്കും. മേടം പിറന്നാല്‍ ഗ്രാമത്തിനാകെ ചിപ്പിയുടെ മണമാണ്.

മേടച്ചിപ്പികുത്താന്‍ അപ്പന്‍ *ചിപ്പിക്കത്തിയുമായി ചരിവെറങ്ങി, ഉണ്ടപ്പാറകേറി, ആനപ്പാറയ്ക്ക് മോളിലേക്ക് ചാടിയിട്ട് നാളെ ആണ്ട് പത്ത് തികയും. *ഒടയന്‍വാഴിക്കുള്ളില്‍ കേറിയാപ്പിന്നെ ആര്‍ക്കും തിരിച്ചെറങ്ങാന്‍ തോന്നൂല്ലപോലും. അപ്പനും തോന്നീറ്റൊണ്ടാവൂല്ല. കണ്ണില്‍ *കുപ്പകിടന്നാലും, കടലില്‍ കുപ്പ കിടക്കൂല്ലെന്നും, ഒടയന്‍വാഴിക്കുള്ളില്‍ കേറീല്ലെങ്കില്‍ മൂന്നാമ്പക്കം അപ്പന്‍ പൊങ്ങുമെന്നും തൊറേലച്ചന്‍ പറഞ്ഞു. അപ്പനേം കാത്തുള്ള ഇരിപ്പിനും നാളെ പത്തുവയസ്സാകും.

ചെമ്പമ്മുടീം, പൂച്ചക്കണ്ണും, വെള്ളദേഹോം ഒള്ളോണ്ടാവണം സായിപ്പേന്നും, വെള്ളപ്പാറ്റേന്നുമൊക്കെ എല്ലാരും വിളിച്ചോണ്ടിരുന്നത്. അപ്പമ്മാത്രം മക്കളേന്നും. ‘ചിപ്പിക്കൂട്ടത്തിലെ *ഊത്തഞ്ചങ്കാണ് അപ്പന്റെ മക്കള്..’അപ്പനെപ്പഴും പറയും. പള്ളിക്കുടത്തീ ചേര്‍ക്കാന്‍ കൊണ്ടോയപ്പഴാണ് പേരിടാത്തകാര്യം അപ്പനും അറിയണത്. ‘മോനീ’ന്നെഴുതിക്കോളാന്‍ അപ്പമ്പറഞ്ഞ്. അവരത് എഴുതിക്കാണും. പക്ഷേങ്കില് ആരും ഇന്നേവരെ മോനീന്ന് വിളിച്ചിട്ടില്ല. സായിപ്പെന്നും സായിപ്പുകുട്ടീന്നും വെള്ളപ്പാറ്റേന്നും ഒക്കെത്തന്നെയാണ് സാറമ്മാരും, പിള്ളേരും, കടപ്പൊറോമൊക്കെ വിളിച്ചിരുന്നത്. അല്ലെങ്കിത്തന്നെ പേരും, രൂപോം, സ്വഭാവോം തമ്മില്‍ ആര്‍ക്കാണ് ബന്ധമുള്ളത്. ആരോ ദാനമായി നല്‍കുന്നു നാമതും ചുമന്ന് ജീവിക്കുന്നു.

സ്ലേറ്റിനും കടല്‍പെന്‍സിലിനു മൊപ്പം ചിപ്പിക്കത്തിയും സ്‌കൂളീക്കൊണ്ട് പൂവ്വാന്‍ തൊടങ്ങിയതീപ്പിന്നെ പേരിനൊരു മാറ്റവ്വന്ന്. സായിപ്പിനും സായിപ്പുകുട്ടിക്കും വെള്ളപ്പാറ്റക്കും പകരം ‘ചിപ്പികുത്തീ’ന്ന് വിളിതൊടങ്ങി.

സ്ലേറ്റിനും കടല്‍പെന്‍സിലിനുമൊപ്പം ചിപ്പിക്കത്തിയും സ്‌കൂളീക്കൊണ്ട് പൂവ്വാന്‍ തൊടങ്ങിയതീപ്പിന്നെ പേരിനൊരു മാറ്റവ്വന്ന്. സായിപ്പിനും സായിപ്പുകുട്ടിക്കും വെള്ളപ്പാറ്റക്കും പകരം ‘ചിപ്പികുത്തീ’ന്ന് വിളിതൊടങ്ങി. കണ്ണുവെട്ടത്ത് കാണുമ്പഴേ പിള്ളേര് കൂക്ക്‌വിളിക്കും ‘ചിപ്പികുത്തി വരണേ.. ചിപ്പികുത്തി വരണേ..’ എന്ന്. *പങ്കം കാരണം പള്ളിക്കുടത്തീപ്പുവ്വാന്‍ വയ്യെന്ന് അപ്പന്റൂടിപ്പറഞ്ഞ്. ‘മക്കള് പോണ്ടെന്ന്’ അപ്പനും പറഞ്ഞു. പഠിത്തം മത്യാക്ക്യെങ്കിലും ചിപ്പികുത്തിയെന്ന പേര് മാഞ്ഞുപോയില്ല. എന്തരക്കെയാണെങ്കിലും സായിപ്പിനെക്കാളും, വെള്ളപ്പാറ്റേക്കാളും ചന്തോണ്ട് ചിപ്പികുത്തിയെന്ന പേരിന്.

എടക്കല്ലീക്കെടന്ന് കിട്ട്യതാണെന്ന് എല്ലാരും പറഞ്ഞപ്പഴും അപ്പമ്മാത്രം പറഞ്ഞ് അല്ല മക്കളേ.. മക്കള് അപ്പന്റെ മക്കളാണെന്ന്. പേറോടെ അമ്മ ചത്തോയെന്നും. ഏതോ വെള്ളക്കാരന്‍ പെഴപ്പിച്ച് ഒണ്ടാക്കിയതാണെന്ന് തൊറ അടക്കംപറേണത് *തോനെവട്ടം കേട്ടിരിക്കണ്. ഹലോ ഹവ്വാറ്യൂ.. എന്ന് അറിഞ്ഞും അറിയാതേം ആളോള് ചോദിക്കും. മറുപടി പറയൂല്ലെങ്കിലും ചുമ്മാ ഒന്നു ചിരിക്കും.

ചാളക്കോള് പെരുവിയകാലം. ചെകിളേം, കൊടലും കളഞ്ഞ മിനിമിനുപ്പൊള്ള മക്രോണിച്ചാളകളെ പാറപ്പെറത്ത് ഒണക്കാനായി നെരത്തി വെച്ച്‌ കൊണ്ടിരിക്കുമ്പഴാണ് അക്കാളമ്മ പറഞ്ഞത്, നിക്കറൂരിയിട്ട് പാറപ്പെറത്ത് കമന്ന് കെടന്നാ കറുത്ത് *കരുവാട് പോലാവോന്ന്. നിക്കറ് കെടക്കണെടം കറുത്താലെന്ത് വെളുത്താലെന്ത്.. ആര് കാണാനാണ്. നിക്കറിട്ടോണ്ട് തെളയ്ക്കണ പാറേക്കേറി കമന്നങ്ങ് കെടന്ന്. *തോയക്കല്ലില്‍ മാവ് വീത്തുമ്പോലെയായിരുന്ന്. ഒച്ചയില്ലെന്നേയൊള്ളൂ. വയറുന്നെഞ്ചും പൊള്ളിപ്പോയി. മുന്തിക്കെട്ട് നെറയെ ചിപ്പിയും, കയ്യില്‍ ചിപ്പിക്കത്തിയുമായി, വയറുന്താങ്ങിപ്പിടിച്ച് നടക്കണ *വയറ്റുച്ചൂലിയെപ്പോലെ തെരയടിനോക്കി അപ്പന്‍ പാറപ്പൊറത്ത് വലിഞ്ഞുകേറിവരണ നേരമായിരുന്നു. മുന്തിക്കെട്ടില്‍ നിന്നും ചിപ്പിവാരി കല്ലില്‍ ഇട്ടിട്ട് അപ്പനൊരു ബീഡിയെടുത്ത് തീ കൊളുത്തി. അപ്പന്റെ കറുത്ത വയറില്‍ ഒരു കുഞ്ഞുഞണ്ട് കടിച്ചുതൂങ്ങി കിടക്കുന്നു. അപ്പനത് അറിഞ്ഞിട്ടുങ്കൂടിയില്ല. അപ്പന്റടുത്തുചെന്ന് ഞണ്ടിനെ വലിച്ചൂരി കടലിലേക്കെറിഞ്ഞു. അപ്പന്റെ വയറ് മുറിഞ്ഞ് ഒരുതുള്ളി ചോര പുറത്തേക്ക് വന്നു. ബീഡിത്തുമ്പില്‍ നിന്നും *ചാമ്പല് നുള്ളിയെടുത്ത് അപ്പന്‍ വയറിലമര്‍ത്തി. ഒപ്പം കുനിഞ്ഞ് ഒരു ഉപ്പുമ്മ തന്നു. അപ്പഴാണ് വയറ്റിലെ കരിവാളിപ്പ് അപ്പങ്കണ്ടത്. വയറ്റിലെന്തര് മക്കളേന്ന് അപ്പഞ്ചോദിച്ച്. തെളക്കണപാറേക്കെടന്നാ കറുക്ക്വോന്ന് അക്കാളമ്മ പറഞ്ഞകേട്ട് കെടന്നതാണപ്പാന്ന് മറുപടിയും പറഞ്ഞ്. ‘ചോരകുടിയന്റെ മോളേ… എന്തരിന്റെ നീക്കമ്പാണെടീ നെനക്ക്. എന്റെ പിള്ള കറുത്തിരുന്നാലും, വെളുത്തിരുന്നാലും നെനക്ക് ചേതോന്നും ഇല്ലല്ലാ.. അറിവൊറക്കാത്ത പിള്ളേരൂടി അനാവിശ്യം പറഞ്ഞാലൊണ്ടല്ലാ.. ചവിട്ടിക്കടലീത്തള്ളും പറഞ്ഞില്ലെന്നുവേണ്ട മൂളിയലങ്കാരീ..’ എന്ന് അപ്പന്‍ അക്കാളമ്മയെനോക്കി *ചെനത്തപ്പോളാണ് തന്നെ പറ്റിക്കാനായി അക്കാളമ്മ പറഞ്ഞതാണെന്ന് മനസ്സിലായത്.

അപ്പന്‍ മാത്രമേ ആനപ്പാറേല് ചിപ്പികുത്താന്‍ പോകുമായിരുന്നുള്ളൂ. അതെന്താ അപ്പാന്ന് ചോയ്ച്ചിട്ടുണ്ട്. ‘അപ്പനൊഴികെ മറ്റാര്‍ക്കും അവന്‍ മെരുങ്ങൂല്ല മക്കാ..’ എന്നാണ് അപ്പമ്പറയാറ്. ആനപ്പാറ എങ്ങനിരിക്കും അപ്പാ.. അവിടെപ്പെയ്യിമ്മിച്ച് അപ്പനെന്നാ ചെയ്യുമപ്പാ.. ആനപ്പാറയ്ക്ക് തുമ്പിയൊണ്ടാപ്പാ.. വാലൊണ്ടാപ്പാ.. കൊമ്പൊണ്ടാപ്പാ.. നൂറു നൂറു സംശയങ്ങളായിരുന്നു എന്നും ആനപ്പാറയെപ്പറ്റി ചോദിക്കാനുണ്ടായിരുന്നത്. വെള്ളം വലിയുമ്പോള്‍ മറ്റെല്ലാ പാറകളും കടലിനുമീതെ തലകാണിക്കും. ആനപ്പാറമാത്രം ഒരിക്കലും പൊന്തിവന്നിരുന്നില്ല.

ആനപ്പാറയെക്കുറിച്ച് പറയാന്‍ അപ്പന് നൂറുനാക്കാണ്. അവനല്ലേ പാറ.. കരിമ്പാറ.. ബാക്കിയെല്ലാം മണ്ണാങ്കട്ടകളും, ചിപ്പിക്കല്ലുകളുമല്ലേ.. പൊറമേന്നൊരു നാലഞ്ചാളാഴം കഴിയുമ്പോ, ഒടയന്‍വാഴീരെ മുമ്പേ അവനങ്ങനെ തലയുമ്പൊക്കി ഒരുനിപ്പാണ്.

ആനപ്പാറയെക്കുറിച്ച് പറയാന്‍ അപ്പന് നൂറുനാക്കാണ്. അവനല്ലേ പാറ.. കരിമ്പാറ.. ബാക്കിയെല്ലാം മണ്ണാങ്കട്ടകളും, ചിപ്പിക്കല്ലുകളുമല്ലേ.. പൊറമേന്നൊരു നാലഞ്ചാളാഴം കഴിയുമ്പോ, ഒടയന്‍വാഴീരെ മുമ്പേ അവനങ്ങനെ തലയുമ്പൊക്കി ഒരുനിപ്പാണ്. അവനുചുറ്റും കടല് അടിയോടടിയായിരിക്കും. അപ്പന്‍ ചാടിത്താഴ്ന്ന് ചിപ്പിക്കത്തീം പിടിച്ച് അവന്റെ കഴുത്തിലൊരു ഇരിപ്പുണ്ട് പാപ്പാനെപ്പോലെ. അപ്പന്റെ ചിപ്പിക്കത്തിയെ അവന് പേടിയാണ്. അവന്റെ നെറ്റിയില്‍ നെറ്റിപ്പട്ടം പോലെ ചിപ്പികളങ്ങനെ പുറ്റുപിടിച്ചിരിക്കും. കാലുകളില്‍ ചങ്ങലപോലെയും. നാലുകാലും കുത്തിത്തീരുമ്പോള്‍ ആദ്യകാലില്‍ പിന്നേം ചിപ്പിപ്പുറ്റ് വളന്നിരിക്കും. അത്രയ്ക്കും ചിപ്പിയുണ്ട് അവന്റെ പൊറത്ത്. അതും മുഴുത്ത *മുതുവ. വിത്ത്ചിപ്പി വിട്ടിട്ട് മുതുവയെല്ലാം അവനെ നോവിക്കാതെ അപ്പന്‍ കുത്തിയെടുക്കും.. എന്നാലും അപ്പനെത്രേന്നുവ്വച്ചാ കുത്തുക. *തോനെപ്പേര് തുനിഞ്ഞിട്ടുണ്ട് അവന്റെ പുറത്തേറാന്‍. അവനുണ്ടോ സമ്മതിക്കുന്നു. കുടഞ്ഞെറിഞ്ഞുകളയും ഒടയന്‍വാഴീലോട്ട്. മക്കള് സ്വപ്പങ്കൂടി വളന്നിട്ട് അപ്പന്‍ അവന്റടുക്കെ കൊണ്ടോവാം. ആനപ്പാറേപ്പൂവ്വാന്‍ നീന്തലുമാത്രം അറിഞ്ഞാപ്പോരാ, നെലവെള്ളം ചവിട്ടാന്‍ പഠിക്കണം. തോനെ നേരം ശ്വസമ്പിടിക്കാന്‍ പഠിക്കണം. ആഴക്കടലിനകം മക്കള് കാണണം. എന്തൊരു ചന്തമാണവിടം. പൂന്തോട്ടമല്ലേ.. പൂന്തോട്ടം. പൊറമ്പാറകളീന്ന് ചിപ്പികുത്തിത്തെളിഞ്ഞിട്ട് ഒരീസം അപ്പന്‍ മക്കളേംകൊണ്ട് അവന്റടുക്കെപ്പോകും. അവന്റെ പൊറത്ത് മക്കക്കൊപ്പം ഇരുന്നിട്ട് അപ്പന്റെ ചിപ്പിക്കത്തി മക്കളെകയ്യീത്തരും. എന്നിട്ട് അവന്റൂടി പറയും ഇനിമേ മക്കളാണ് അവന്റെ പാപ്പാനെന്ന്.

കൊണ്ടോവ്വാന്ന് പറഞ്ഞിട്ട് കൊണ്ടോവാതെ അപ്പമ്പോയി. അപ്പനെത്തെരക്കിച്ചെല്ലാന്‍ എല്ലാര്‍ക്കും പേട്യാര്ന്ന്. പേര്‌കേട്ട ചിപ്പികുത്തുകാരും, ചൂണ്ടക്കാരുമൊക്കെ ഒണ്ടായിട്ടും, ആനപ്പാറേരെ അരുവേപോകാന്‍ ആര്‍ക്കും *ആങ്കൊണ്ടായിരുന്നില്ല. മൂന്നൂസം നോക്കീറ്റും കാണാത്തോണ്ട് നാലാന്നാള്‍ അപ്പനെത്തേടിയെറങ്ങാന്‍ തീരുമാനിച്ചു. എല്ലാരും വെലക്കിയെങ്കിലും അപ്പമ്പോണ വഴിയേ, ചരിവെറങ്ങി ഉണ്ടപ്പാറക്ക് മോളീക്കേറി. അപ്പന്‍ ചാടണ ദിക്ക്‌നോക്കി കടലിലേക്ക് ചാടി. നാലഞ്ചാളാഴം കീഴോട്ട്‌പോയി നേരെ ചെന്നിരുന്നത് അവന്റെ കഴുത്തീത്തന്നെ. അപ്പനിരിക്കണ ആനക്കഴുത്ത്. പിടിപറ്റാത്തവണ്ണം വഴുക്കണ പായല്‍. തുമ്പിയും, കാലുകളും നെറയെ മുതുവചിപ്പി പുറ്റുകള്‍. അപ്പനെക്കണ്ടില്ല. ആനക്കഴുത്തീന്ന് താഴേക്ക് *മുക്കിളിയിട്ടുപോകുംവഴി കണ്ടു.. അവന്റെ കാലില്‍ ചാരിവെച്ചപോലെ ചിപ്പിപ്പുറ്റിനുള്ളില്‍ അപ്പന്റെ ചിപ്പിക്കത്തി. കത്തി വലിച്ചൂരിയെടുത്ത് ആയംചവുട്ടി മേലേക്കുയര്‍ന്ന്, തോട്ടിപിടിച്ച പാപ്പാനെപ്പോലെ ചിപ്പിക്കത്തിയും പിടിച്ച് ഒരുവട്ടം കൂടി അവന്റെ കഴുത്തിലിരുന്ന ശേഷം അവന്റെ പുറത്തുചവുട്ടി മേലേക്ക്‌പൊന്തി. പിന്നെ എല്ലാ ദിവസവും അപ്പന്റെ ചിപ്പിക്കത്തിയുമായി അവന്റെ കഴുത്തുനോക്കി ചാട്ടമായി. ഓരോ മുങ്ങലിനും ചിപ്പിക്കൊപ്പം അവന്റെ ചുറ്റുവട്ടങ്ങളും നോക്കിക്കാണും. അപ്പന്‍ പോയ വഴിമാത്രം കാണാനായില്ല.

ആഴക്കടലിലെ മുഴുത്ത ചിപ്പികളുമായി കയറിവരുമ്പോള്‍ ചിലരെങ്കിലും പറയാറുണ്ട്..’അപ്പന്റെ മോന്തന്നെ..’ എന്ന്. അതുകേള്‍ക്കുമ്പോള്‍ അവന്‍ ഉള്ളുതുറന്ന് ചിരിക്കും. നിറം കൊണ്ട് മുറിവേറ്റവനായതിനാല്‍ തുറയിലെ ഒറ്റപ്പെടുത്തലില്‍ നിന്നും അവന്‍ ഒടിയൊളിക്കുന്നത് കടലാഴങ്ങളിലാണ്. പേരും, തൊഴിലും, ജാതിയുമൊക്കെ ചിപ്പികുത്തിയെന്ന ഒറ്റവാക്കിലൊതുക്കുന്ന അവന് ബന്ധുക്കളാരുംതന്നെ ഇല്ലായെങ്കിലും, തുറയും, തീരദേശഗ്രാമവും ചിപ്പികുത്തിയെന്ന പേര് പറയാത്ത ദിവസങ്ങള്‍ ഇല്ലതന്നെ. അമ്പിളിച്ചന്തം കണ്ടിട്ടും വായതുറക്കാത്ത കുഞ്ഞുങ്ങളുടെ വായ തുറപ്പിക്കാന്‍ അമ്മമാര്‍ പറയാറുണ്ട്. ‘മര്യാദയ്ക്ക് തിന്നോ.. അല്ലെങ്കില്‍ ഞാനിപ്പോള്‍ ചിപ്പികുത്തിയെ വിളിക്കും..’ കേള്‍ക്കേണ്ട താമസം കുഞ്ഞുങ്ങള്‍ വായ മലര്‍ക്കെത്തുറക്കും. കല്യാണത്തിന് എതിരഭിപ്രായം പറയുന്ന പെണ്‍കുട്ടികളെ വഴിക്ക് നടത്താന്‍ അമ്മമാര്‍ ഇങ്ങനെ പറയും.’അവനെന്തരാണെടീ കൊറവ്.. സ്വപ്പം കറുപ്പെന്നല്ലേയൊള്ളൂ..നല്ല വേലക്കാരന്‍.. മര്യാദക്ക് സമ്മതിക്കണതാണ് നെനക്ക് നല്ലത്.. അല്ലെങ്കി ഞാമ്പിടിച്ച് ആ ചിപ്പികുത്തിയെക്കൊണ്ട് കെട്ടിക്കും..’ വേശ്യാവൃത്തികൊണ്ട് ജീവിതം പുലര്‍ത്തുന്ന ശാന്തയും ചിലരോടൊക്കെ ഇങ്ങനെ പറയാറുണ്ട്. ‘നെനക്ക് തരണേലും ഭേദം ആ ചിപ്പികുത്തിക്ക് കൊടുക്കണതാണ്..’ ചതയും രുചിയുമുള്ള ചിപ്പി നല്‍കുന്ന, കുഞ്ഞുങ്ങളുടെ വായതുറപ്പിക്കുന്ന, പെണ്‍കുട്ടികളെ വിവാഹത്തിന് സമ്മതിപ്പിക്കുന്ന, കിണറ്റില്‍ വീഴുന്ന കോഴിയേയും, താറാവിനേയും, ബക്കറ്റിനേയും പുറത്തെടുക്കുന്ന, കുളത്തിലോ, കിണറിലോ ചാടി ആത്മഹത്യചെയ്യുന്ന ശരീരങ്ങളെ കരയ്‌ക്കെത്തിക്കുന്ന ഒരു ഉപകരണം മാത്രമായിരുന്നു ഗ്രാമവാസികള്‍ക്ക് ചിപ്പികുത്തി.

നിറംകാരണം നിറമറ്റലോകത്തിനോട് അവനൊട്ടും മമതയില്ല. വെളുത്തവരാല്‍ അകറ്റപ്പെട്ട ജനത വെളുപ്പുകൂടിയെന്ന കാരണത്താല്‍ അവനെ കൊത്തിയോടിക്കുന്നു. തങ്ങളില്‍പ്പെട്ടവനല്ലെന്ന് കറുപ്പും വെളുപ്പും കണ്ണടയ്ക്കുന്നു. വെളുക്കാന്‍ പാടുപെടുപെടുന്നവരുടെ ലോകത്തില്‍ കറുക്കാനുള്ള കുറുക്കുവഴികള്‍ അവന്‍ തേടിയില്ല. അതിരുകളില്ലാത്ത, രാപ്പകലുകളില്ലാത്ത വര്‍ണ്ണാഭമായ കടലെന്ന ലോകത്തിലാണ് അവന്‍ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത്. അവിടെ അവനെ അകറ്റി നിറുത്തുന്ന ഒന്നുംതന്നെയില്ല. ചിപ്പിയും, കടല്‍പെന്‍സിലും, പവിഴപ്പുറ്റുകളും, വര്‍ണ്ണമീനുകളും, കടല്‍ക്കുതിരയും, കടലാമയും, കടലാനയും, കടല്‍ചേനയും, കടല്‍ചൊറിയും, കടല്‍പാമ്പുമുള്ള ലോകം. പൂക്കളും ചെടികളുമുണ്ടവിടെ. മതങ്ങളും, മതിലുകളുമില്ലാത്ത മനോഹരലോകം. അവിടെയെവിടെയോ അപ്പനുണ്ടെന്ന ബോദ്ധ്യവും അവനെ കടലിന്റെ തോഴനാക്കി. കടല്‍ക്കളത്തില്‍ അവന് കൂട്ടുകാരുണ്ട്.. ബന്ധുക്കളുണ്ട്. ബന്ധനങ്ങളും, അതിരുകളുമില്ലാത്ത ലോകമാണവിടം. നിറമോ, മതമോ കാരണം അവിടെ ആരും മാറ്റിനിറുത്തപ്പെടുന്നില്ല. കരയിലെ മീന്‍പിടപ്പ് കടലിലും എത്രയോവട്ടം അവന്‍ കണ്ടിരിക്കുന്നു. കറുത്തവരുടേയും, വെളുത്തവരുടേയും വെള്ളത്തിലെ പിടച്ചില്‍ ഒരുപോലെയാണെന്നും, ജീവന് നിറവും മതവുമില്ലെന്നും അവനറിയാം. മുങ്ങിയെടുത്ത് കരയ്‌ക്കെത്തിച്ച ജീവനുകള്‍ക്ക് അവനൊരിക്കലും പ്രതിഫലവും വാങ്ങിച്ചിരുന്നില്ല.

കടല്‍ജീവിയായതിനാല്‍ കരയിലെ വിശേഷങ്ങളില്‍ അവന് പങ്കാളിത്തമില്ലായിരുന്നു. ഓണവും ക്രിസ്തുമസും, റംസാനും അവനെതൊടാതെ കടന്നുപോകുമെങ്കിലും, മേടപ്പിറപ്പ് അവനറിയും, കണിക്കൊന്നയെപോലെ.
യന്ത്രസന്നാഹങ്ങള്‍ കുളയട്ടകണക്കെ ഇടക്കല്ലില്‍ വലിഞ്ഞുകയറിയപ്പോഴാണ് കടലില്‍നിന്നും താന്‍ കുടിയിറക്കപ്പെടാന്‍ പോകുന്ന വിവരം ചിപ്പികുത്തി അറിയുന്നത്. . തുറമുഖത്താല്‍ മുഖംമിനുക്കാന്‍ തയ്യാറെടുക്കുന്ന തുറയില്‍ ചിപ്പികുത്തിയും, മുക്കുവനും, കക്കവാരിയുമൊക്കെ അധികപ്പറ്റാണ്‌പോലും. ലോഹപ്പല്ലുകളുള്ള യന്ത്രവായകള്‍ കടലിലേക്ക് നീണ്ടുചെന്ന് കടല്‍പാറകളെ പൊടിച്ചുതിന്നാന്‍ തുടങ്ങി. ആനപ്പാറയേയും അവ വിഴുങ്ങിയിരിക്കും. പേടിച്ചരണ്ട കടല്‍വെള്ളം തുറകളിലെ വീടുകള്‍ക്കുള്ളിലേക്ക് ഓടിയൊളിച്ചു. ഇരയൊളിപ്പിച്ച ചൂണ്ടക്കൊളുത്തുകളില്‍ വിശപ്പ് കടിച്ചുതൂങ്ങുമ്പോള്‍, കപ്പല്‍ചാലുകള്‍കീറി മോടിയുള്ള ലോകംതേടി കൊമ്പന്‍സ്രാവുകള്‍ കുതിച്ചുപാഞ്ഞു. പാറയൊഴിഞ്ഞ കടലില്‍ മുത്തുമോഹിച്ച ചിപ്പികള്‍ മുങ്ങിച്ചത്തു.

ആര്‍ത്തലച്ച ഒരുതിര അവന്റെ കണ്ണുകളില്‍ നിന്നും പുറത്തുചാടി, കവിളില്‍ത്തട്ടി പൊട്ടിച്ചിതറി.

തിളക്കം മാത്രമുണ്ടായിരുന്ന ചിപ്പിക്കത്തിക്കുമേല്‍ തുരുമ്പ് അധിനിവേശം നടത്തിയിട്ടും രാകിമിനുക്കാന്‍ അവന്‍ മുതിര്‍ന്നില്ല. എത്രരാകിയാലും ചിപ്പികളില്ലാത്ത കടലില്‍ ചിപ്പിക്കത്തിക്കും, കരയില്‍ ചിപ്പികുത്തിക്കും തിളക്കമുണ്ടാവില്ലെന്നവന്‍ തിരിച്ചറിഞ്ഞു. പറ്റിപ്പിടിക്കാന്‍ പാറകളില്ലാത്ത കടലിലെ ചിപ്പിയുടെ നിസ്സഹായതയോടെ അവന്‍ തനിക്കന്യമായ കടലിനേയും നോക്കിയിരുന്നു.

കുഞ്ഞുനാളില്‍ തന്നെയും ചുമലേറ്റി കൊട്ടാരം കാണിക്കാന്‍ അപ്പന്‍ കൊണ്ടുപോയതും, പിന്നെപ്പോഴോ ‘കൊട്ടാരം കാണണമപ്പാ..’ എന്നുപറഞ്ഞപ്പോള്‍, നമ്മെപ്പോലുള്ളവര്‍ക്കിനി അങ്ങോട്ട് പോകാന്‍ പറ്റാത്തവിധം കൊട്ടാരം വേലികെട്ടി അടച്ചെന്നും, പണക്കാര്‍ക്ക് മാത്രമായി അവിടം തീറെഴുതിയെന്നും അപ്പന്‍ പറഞ്ഞത് അവനോര്‍ത്തു. കരയ്ക്കും കടലിനുമിടയില്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് വേലികള്‍ മുളച്ചുതുടങ്ങിയിരിക്കുന്നു.

‘അപ്പാ..’ എന്നൊരാര്‍ത്തനാദം അവന്റെ തൊണ്ടകീറി പുറത്തേക്കുചാടി. ‘മക്കാ…’ എന്നൊരു മറുമൊഴിക്കായി കാതുകള്‍ കൂര്‍പ്പിച്ചുകൊണ്ട്, ചിപ്പിക്കത്തി ഇടക്കല്ലില്‍ ചാരിവെച്ച്, നിയന്ത്രണങ്ങള്‍ മറികടന്ന് അവന്‍ ആനപ്പാറ ലക്ഷ്യമാക്കി കടലിലേക്കെടുത്തുചാടി

‘അപ്പാ..’ എന്നൊരാര്‍ത്തനാദം അവന്റെ തൊണ്ടകീറി പുറത്തേക്കുചാടി. ‘മക്കാ…’ എന്നൊരു മറുമൊഴിക്കായി കാതുകള്‍ കൂര്‍പ്പിച്ചുകൊണ്ട്, ചിപ്പിക്കത്തി ഇടക്കല്ലില്‍ ചാരിവെച്ച്, നിയന്ത്രണങ്ങള്‍ മറികടന്ന് അവന്‍ ആനപ്പാറ ലക്ഷ്യമാക്കി കടലിലേക്കെടുത്തുചാടി. മരമൊഴിഞ്ഞ കാടുപോലെ കടലകം ശൂന്യമായിരിക്കുന്നു. പാറകള്‍ നിന്നിടങ്ങളില്‍ നിലയില്ലാക്കയങ്ങള്‍. കടലാകെ കലങ്ങിമറിയുന്നപോലെ. നഷ്ടപരിഹാര ഭിക്ഷയ്ക്കുപോലും കാത്തുനില്‍ക്കാതെ മീനുകള്‍ പലായനം ചെയ്തിരിക്കുന്നു. ബോംബുവര്‍ഷത്താല്‍ തരിശ്ശായ ഇടം പോലെ കടല്‍ക്കളം. ചെടികളും, പൂക്കളും, നിറങ്ങളും മാഞ്ഞുപോയിരിക്കുന്നു. പേടിനിറച്ച കണ്ണുകളുമായി ഒരു കുഞ്ഞുമീന്‍ അവനരുകിലേക്ക് ഓടിവന്നു. അടിയൊഴുക്കിന്റെ തീവ്രതയോടു കിടപിടിക്കാന്‍ അവനായില്ല. പൊടുന്നനെ അവനു മുന്നിലൊരു ചുഴിരൂപപ്പെട്ടു. ചുഴിക്കുള്ളിലകപ്പെട്ട അവനേയും ചേര്‍ത്തണച്ചുകൊണ്ട് അടിയൊഴുക്ക് ഉടയന്‍വാഴിക്കു ള്ളിലേക്ക് കയറിപ്പോയി. തുരുമ്പുപടര്‍ന്ന ചിപ്പിക്കത്തി അപ്പോഴും ഇടക്കല്ലില്‍ ചിപ്പികുത്തിയേയും കാത്തിരിക്കുന്നുണ്ടായിരുന്നു.
9567097833

Author

Scroll to top
Close
Browse Categories