മുറകാമി

ഞായറാഴ്ച ദിവസമായിരുന്നു. നിള ഉണരുന്നതിന് മുന്‍പു തന്നെ ഞാന്‍ പള്ളിയിലേക്കു പോയി. പള്ളിയില്‍ തിരക്ക് പതിവിലും കുറവായിരുന്നു. കഴിഞ്ഞ കുറെ ആഴ്ചകളായി പള്ളിയിലെത്തുന്നവരുടെ എണ്ണം കുറയുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പ്രായമായവര്‍, രോഗപീഡകളാലും അവശതകളാലും, പള്ളിയിലെത്തുന്നത് കുറച്ചിരുന്നു. മദ്ധ്യവയസ്സ് പിന്നിട്ട പലരും അവരുടെ ഒരാഴ്ചത്തെ നെട്ടോട്ടത്തിനിടയില്‍ വിശ്രമിക്കാന്‍ കിട്ടിയ ഒരേയൊരു ദിവസം, പലപ്പോഴും പള്ളിയിലേക്ക് ഇറങ്ങാന്‍ വൈമുഖ്യം കാട്ടി. ചെറുപ്പക്കാരാവട്ടെ, സ്‌കൂള്‍ വിദ്യാഭ്യാസം പിന്നിട്ടയുടന്‍തന്നെ പുറം രാജ്യങ്ങളിലേക്ക് പറന്നു പോയിക്കഴിഞ്ഞിരുന്നു. പ്രസംഗത്തില്‍ പാതിരി അതിനെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ എന്റെ പിന്നിലിരുന്ന് ആരോ കരയുന്നതുപോലെ തോന്നി. തിരിഞ്ഞുനോക്കിയപ്പോഴാവട്ടെ, പള്ളിയിലെ ചുവരുകളും കതകുകളും ജനാലകളും ചെവിയോര്‍ത്ത് ശ്രദ്ധിച്ചുനില്‍ക്കുന്നതേ കണ്ടുള്ളു. ഓരോരോ തോന്നലുകളെന്നു വിചാരിച്ച് ഞാന്‍ പിന്നെ നോട്ടം മാറ്റി.

ആ ദിവസമാണ് മുറകാമി എന്നെത്തിരഞ്ഞ് വീട്ടില്‍ വന്നത്.
‘മുരുകച്ചാമി എന്നൊരാള്‍ കാണാന്‍ വന്നിരിക്കുന്നു.’ തൊട്ടപ്പുറത്ത് താമസിക്കുന്ന ജനമേജയന്‍ അങ്ങനെ ഫോണ്‍ വിളിച്ചു പറയുമ്പോള്‍ പള്ളി പിരിഞ്ഞ് ആളുകളെല്ലാവരും പോയിക്കഴിഞ്ഞിരുന്നു. ഞാനും ഫാം ഹൗസ് നടത്തുന്ന കോശിക്കുഞ്ഞും കൂടി പള്ളിയുടെ താഴത്തുള്ള പടവുകളിലിരുന്നു ഞങ്ങളുടെ പതിവ് ഞായറാഴ്ച വര്‍ത്തമാനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു. പ്രളയത്തിനുശേഷം കാട്ടുപന്നികളും മറ്റ് ദുഷ്ട മൃഗങ്ങളും കൃഷി നശിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു കോശിക്കുഞ്ഞ് പറഞ്ഞുകൊണ്ടിരുന്നത്.
‘നിള എഴുന്നേറ്റില്ലേ ജയാ?’ ഞാന്‍ ജനമേജയനോട് ചോദിച്ചു.
‘ആ …വിളിച്ചിട്ടാരെയും കണ്ടില്ലെന്നു പറഞ്ഞു.’
‘ഇന്നലെയും കാട്ടുപന്നി ഒരെണ്ണത്തിനെ കണ്ടു.’ കോശിക്കുഞ്ഞ് സംസാരം തുടരുകയായിരുന്നു. ‘നല്ല ഫലം കായ്ക്കുന്ന വൃക്ഷത്തൈയ് കളും ചെടികളും നശിപ്പിക്കുന്ന ഇവറ്റ പാഴ്ചെടികളേയും മരങ്ങളേയും കണ്ട ഭാവം കാണിക്കുകയില്ല. അതാ ജനുസ്സ്.’
അപരിചിതര്‍ വന്നാല്‍ വാതില്‍ തുറക്കാന്‍ നിളയ്ക്ക് മടിയാണ്. അതാവും കാരണം എന്ന് ഞാന്‍ ഊഹിച്ചു.
‘എന്താ ഒരു വയ്യായ്ക പോലെ?’ കോശിക്കുഞ്ഞ് ചോദിച്ചു.
‘ശ്വാസംമുട്ടലും ചുമയും.’ ഞാന്‍ പറഞ്ഞു. ‘കൊറോണയ്ക്ക് ശേഷം ഇങ്ങനാ. രാത്രി ഉറങ്ങാനേ പറ്റുന്നില്ല.’
‘മരുന്ന് കുത്തിവച്ചതിന്റെയാ.’ കോശിക്കുഞ്ഞ് പറഞ്ഞു. ‘വേണ്ടത്ര പഠനമില്ലാതെയാ മരുന്നു നിര്‍മിച്ചത്.’
കോശിക്കുഞ്ഞ് പിന്നെയും പ്രളയത്തിനെപ്പറ്റിയും പ്രളയത്തിനുശേഷം കാട്ടുമൃഗങ്ങള്‍ നാട്ടില്‍ പെരുകിയതിനെപ്പറ്റിയും സംസാരിച്ചുകൊണ്ടിരുന്നു. ‘പ്രളയത്തിന്റെ അര്‍ത്ഥം മനുഷ്യര്‍ക്ക് പിടികിട്ടിയിട്ടില്ല മാഷേ. അത് പ്രളയമല്ലായിരുന്നു. മുന്നറിയിപ്പായിരുന്നു. മനുഷ്യന്റെ നിത്യജീവിതത്തില്‍ ഓരോരോ പ്രത്യക്ഷങ്ങളിലൂടെ എന്തെല്ലാം കാര്യങ്ങള്‍ ദൈവം മനുഷ്യനോട് സംസാരിക്കുന്നു. അത് കേള്‍ക്കേണ്ടത് ചെവി കൊണ്ടല്ല, ആത്മാവുകൊണ്ടാ. മനുഷ്യന് അതിപ്പോഴും മനസ്സിലായിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.”
അന്നേരം വീണ്ടും ജനമേജയന്‍ വിളിച്ചു.
‘മുരുകച്ചാമി പോയിട്ട് മറ്റൊരു ദിവസം വരട്ടേയെന്ന് ചോദിക്കുന്നു. എന്തുപറയണം?’
ഏത് മുരുകച്ചാമിയെന്ന് എനിക്ക് മനസ്സിലായില്ല. ‘കഥയൊക്കെ എഴുതുന്ന ആളാണെന്നാ പറഞ്ഞത്.’ ജനമേജയന്‍ പറഞ്ഞു. അപ്പോള്‍ പോലും അത് മുറകാമി ആവും എന്ന വിചാരം സ്വപ്നത്തില്‍ പോലും എനിക്ക് ഉണ്ടായില്ല. അതുകൊണ്ടുതന്നെ ‘ഞാന്‍ ഉടന്‍ വരുമെന്ന് പറഞ്ഞേക്കൂ’ എന്ന് മറുപടി പറഞ്ഞെങ്കിലും, എന്തോ ധൃതിപ്പെട്ട് വീട്ടിലേക്ക് പോകാന്‍ തോന്നിയതുമില്ല. പിന്നെ നിള ഒറ്റയ്ക്ക് വീട്ടിലിരിക്കവേ ഒരപരിചിതനെ എത്രനേരം കാത്തിരുത്തും എന്ന തോന്നല്‍ വന്നപ്പോള്‍ കോശിക്കുഞ്ഞിനോട് യാത്രപറഞ്ഞു പോരുകയായിരുന്നു.

ഉച്ചവെയിലേറ്റു പുളഞ്ഞ ഹെല്‍മറ്റ് ഊരിവെച്ച് ഞാന്‍ വരാന്തയിലേക്ക് കയറുമ്പോള്‍ പൂമുഖത്തെ എന്റെ ചാരുകസേരയില്‍ വിശ്രമിക്കുകയായിരുന്നു മുറകാമി. ചിരിച്ചപ്പോള്‍ ചുണ്ടുകളില്‍ അപ്പോള്‍ മുറുക്കിയ മുറുക്കാന്റെ ഘോര ഭാവം വെളിച്ചപ്പെട്ടു. ചാരുകസേരയെന്നല്ല എന്റേതായ യാതൊന്നും ആരും ഉപയോഗിക്കുന്നത് ഇഷ്ടമല്ലാത്തതുകൊണ്ട് എന്റെ മുഖത്തുണ്ടായ അനിഷ്ടം അയാള്‍ക്ക് മനസ്സിലായിക്കാണും.
‘മുറകാമിയാണ്…’ അയാള്‍ സ്വയം പരിചയപ്പെടുത്തി.
ജനമേജയന്‍, മുരുകച്ചാമിയെന്നാണല്ലോ പറഞ്ഞതെന്ന് ഞാനോര്‍ത്തു. അര്‍ത്ഥം വെളിപ്പെടാത്ത വേഷവിധാനങ്ങളായിരുന്നു. കാല്‍മുട്ടു കഷ്ടിച്ചുമറയുന്ന കാവിമുണ്ടും ജൂബയും. കൈത്തണ്ടയില്‍ കട്ടികൂടിയ സ്റ്റീലിന്റെ വള; ധിക്കാരം നിറഞ്ഞ രോമങ്ങള്‍. വെടിമരുന്നു നിറച്ച, ലോഹ മുദ്രകള്‍ പോലെയുള്ള, കണ്ണുകള്‍. ഒരു ദീര്‍ഘദൂര ഓട്ടക്കാരന്റേതുപോലെ, പ്രതിയോഗിയുടെ ദൂരങ്ങളെ അളന്നെടുക്കുന്ന നോട്ടം.
‘മുരുകച്ചാമി?’ ഞാന്‍ ഉറപ്പുവരുത്താന്‍ വേണ്ടി ചോദിച്ചു.
‘അതെ.’ അയാള്‍ പറഞ്ഞു. ‘മുറകാമി.’
‘ഒരു കഥ എഴുതുന്നുണ്ട്. നിങ്ങളുടെ ഭാഷയുടെയും ഓര്‍മ്മകളുടെയും പരിസരത്തില്‍.’ അയാള്‍ പറഞ്ഞു. ‘രണ്ട് മദ്ധ്യവയസ്‌കരുടെ പ്രണയകഥയാണ്. അയാള്‍ അവളേയും അവള്‍ അയാളെയും അതിരറ്റ് സ്നേഹിച്ചിരുന്നതാണ്, ചെറുപ്പത്തില്‍. പക്ഷേ അന്നത്തെ ചില പ്രത്യേക സാഹചര്യങ്ങളില്‍ അവള്‍ക്ക് വേറെ വിവാഹം കഴിക്കേണ്ടി വന്നു. ജീവിതത്തിന്റെ ഒഴുക്കില്‍ അവളുടെ ഭര്‍ത്താവ് മരണപ്പെട്ടു പോയപ്പോള്‍ അവര്‍ക്കിടയില്‍ രൂപപ്പെട്ട ഏകാന്തതയോട് എതിരിടാന്‍ കഴിയാതെ അവര്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നു.”
മുറകാമിയുടെ കഥ പറച്ചില്‍ അപ്പോഴേക്കും എനിക്ക് മുഷിഞ്ഞിരുന്നു. അകത്തെവിടെയോ മറ്റൊരുലോകം ഇപ്പോഴും ഉണര്‍ന്നിരിക്കുന്നുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നമട്ടില്‍ നിളയുടെ ഫോണില്‍ക്കൂടിയുള്ള സംസാരം കേട്ടതുപോലെ തോന്നി. ചെവിയോര്‍ത്തപ്പോള്‍ ഒന്നുമില്ല. നിശ്ശബ്ദത മാത്രം. ഉച്ചവയിലിനെ കീറിമുറിച്ചുകൊണ്ട് വന്ന ഒരു വരണ്ട കാറ്റ്, ചൂടിനാക്കം കൂട്ടി.
‘പലരും പറഞ്ഞു കഴിഞ്ഞ കഥകള്‍… വീണ്ടും കേള്‍ക്കാന്‍ താല്പര്യമില്ല.’ വിരസതയോടെ ഞാന്‍ പറഞ്ഞു. ”താങ്കള്‍ എന്നെ എന്തിനാണ് തേടിപ്പിടിച്ചതെന്നും മനസ്സിലായില്ല.”

മുറകാമി എഴുന്നേറ്റു. വായില്‍ അവശേഷിച്ചിരുന്ന മുറുക്കാന്‍, മുറ്റത്തേക്ക് നീട്ടിത്തുപ്പി. മുറ്റത്ത് അവിടെയായി ചോരപ്പൊട്ടുകള്‍ പോലെ അവ വന്നു വീണു. അതും എനിക്കിഷ്ടപ്പെട്ടില്ല. എന്നെ ശ്രദ്ധിക്കാതെ അയാള്‍ മുറ്റത്തെ ടാപ്പുതുറന്ന് വായ ഉച്ചത്തില്‍ കഴുകി. ഒരിക്കല്‍കൂടി നീട്ടിത്തുപ്പിക്കൊണ്ട് വീണ്ടും പൂമുഖത്തിനു നേര്‍ക്ക് വന്നു. ചെരിപ്പെടുത്തിടുമ്പോള്‍ മുറകാമി വീണ്ടും എന്നെ ഒന്നു നോക്കി.

‘അവള്‍ക്ക് ആദ്യത്തെ വിവാഹബന്ധത്തില്‍ ഒരു മകള്‍ ഉണ്ടായിരുന്നു.’
ഇനിയും ഇയാള്‍ കഥ തുടരാന്‍ ഭാവിക്കുകയാണോ എന്ന് ഞാന്‍ അമ്പരന്നു.
”ഓര്‍ക്കാപ്പുറത്ത് അവള്‍ മരണപ്പെട്ടു പോയപ്പോള്‍ അയാളുടെ ജീവിതത്തിന്റെ ഭാരം കൂടി. അവളുടെ മകള്‍ ഒപ്പമുണ്ടെങ്കിലും അയാള്‍ തനിച്ചായി. സൂക്ഷിക്കാന്‍ തന്റെ ആത്മാവിനെ എവിടെ ഏല്‍പ്പിക്കണമെന്ന് അയാള്‍ക്കറിയില്ലായിരുന്നു. ശരിയല്ലേ?”

ഞാന്‍ ഒരു നിമിഷം പതറിപ്പോയി. ഉച്ചവെയിലാണോ, കഥ പറച്ചിലുകാരനാണോ, നിന്ന് ജ്വലിക്കുകയായിരുന്നു. അയാളില്‍ നിന്ന് വിസര്‍ജിച്ച; മുറ്റത്ത് വീണ ചായക്കൂട്ടുകളെ, ചോരപ്പൊട്ടുകള്‍ എന്ന് എന്തുകൊണ്ടാണ് എനിക്ക് തോന്നിയത് എന്ന് ഇപ്പോള്‍ വ്യക്തമായിത്തുടങ്ങി.
‘മുറകാമീ…’.ഞാന്‍ ദയനീയമായി വിളിച്ചു.”ബാക്കി പറയണമെന്നില്ല. താങ്കള്‍ എന്തുകൊണ്ടാണ് എന്നെ തേടി വന്നതെന്ന് എനിക്കിപ്പോള്‍ മനസ്സിലാവുന്നുണ്ട്. ലോകം മുഴുവന്‍ എനിക്കെതിരു നിന്ന ആ പഴയ ദിവസങ്ങള്‍ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്. ദയവായി ഒന്നും ഓര്‍മ്മിപ്പിക്കരുത്….”
അപേക്ഷിക്കുന്നതുപോലെ ഞാന്‍ കൈകൂപ്പി.
ഒരുവേള കരയുകയും ചെയ്തുവോ? ആര്‍ക്കറിയാം?
അപ്പോള്‍ പിന്നെയും വിദൂരത്തുനിന്ന്, പള്ളിയില്‍ വെച്ചു കേട്ടതുപോലെയുള്ള ഒരു അടക്കിപ്പിടിച്ച കരച്ചില്‍ കേട്ടു. ആദ്യം ഒരു പെണ്‍കുട്ടിയുടെ സ്വരത്തില്‍. പിന്നെ ചെവിയോര്‍ക്കും തോറും ശബ്ദത്തിന് പ്രായവും പഴക്കവുമേറിയതുപോലെ. ഏതോ ആശുപത്രിക്കിടക്ക ഓര്‍മ്മ വരുന്നു. മരണത്തിനുമുമ്പുള്ള ശാന്തതയെ ആവാഹിച്ച സുജാതയുടെ കണ്ണുകള്‍. കൈപ്പടം ഇറുക്കിപ്പിടിക്കുമ്പോള്‍ ആദ്യമായി സുജാതയുടെ കൈകളില്‍ തണുപ്പ് അറിയുന്നു.

‘നിളയെ നോക്കിക്കോളുകയില്ലേ? അവള്‍ക്കാരുമില്ല.’
തലയാട്ടുന്നതു കാണും മുന്‍പുതന്നെ കണ്ണുകള്‍ അടച്ചുവോ.
വീണ്ടും ക്രമം തെറ്റിയ ശ്വാസോച്ഛ്വാസം. വേദന കടിച്ചുപിടിക്കുന്ന സുജാതയുടെ മുഖം. അവസാനത്തെ ഓര്‍മ്മ.
നാളുകള്‍ക്ക് ശേഷമൊരിക്കല്‍ വൈകുന്നേരം ഓഫീസില്‍ നിന്നും വന്നപ്പോള്‍ സ്‌കൂള്‍ വിട്ടു വന്ന വേഷത്തില്‍ നിള കട്ടിലില്‍ കമിഴ്ന്നു കിടക്കുന്നുണ്ടായിരുന്നു. ഉറങ്ങുകയായിരുന്നില്ല. കരയുകയാണെന്ന് തോന്നി.
നിളേ, എന്തുപറ്റി?

നമുക്ക് ഇവിടെ വേണ്ട. മറ്റെങ്ങോട്ടെങ്കിലും പോകാം.
കാരണം ചോദിച്ചപ്പോള്‍ നിള സംസാരിക്കാന്‍ കൂട്ടാക്കിയില്ല. ചില നേരം പറഞ്ഞുകൊണ്ടുവരുന്നത് പൂര്‍ത്തിയാക്കാത്ത സ്വഭാവം വീണ്ടും കാട്ടി. നിശ്ശബ്ദയായി എങ്ങോട്ടോ നോക്കിയിരുന്നു.
എനിക്കും മടുത്തിരുന്നു. കോടതികളുടെ അവധിയില്ലാത്ത കൂട്ടം കൂടലുകള്‍. പരിചിതരുടെ അപരിചിതഭാഷയിലുള്ള പിറുപിറുപ്പുകള്‍. മരിച്ചുപോയവര്‍ക്ക് കൊടുത്ത വാഗ് ദാനങ്ങളെക്കുറിച്ചുള്ള,ഇടതടവില്ലാതെ തലച്ചോറില്‍ വന്നു സാന്നിദ്ധ്യമറിയിക്കുന്ന, ഓര്‍മ്മകള്‍..
ബന്ധങ്ങളെ ആരും തിരിച്ചറിയാത്ത ഏതെങ്കിലും നാട്ടിലേക്കുള്ള യാത്ര ഒരു സ്വപ്നമായി ഒപ്പം കൂടിയതങ്ങിനെയാണ്. അപരിചിതമായ മണ്ണിലേക്ക് ഒരു ചെടിയെ പറിച്ചുനടുമ്പോള്‍, വേരുകള്‍ പുതിയ ജീവിതം വലിച്ചെടുക്കുമെന്നായിരുന്നു പ്രതീക്ഷ. പഴയ, അതിനകം മടുത്ത, രുചികളെ മറന്നുപോകുമെന്നും.
ഓര്‍മ്മകളോടും അറിവുകളോടും പിണഞ്ഞു പിടിക്കാത്ത നാട്ടിലേക്കുള്ള യാത്രയിലും നിള പക്ഷെ നിശ്ശബ്ദയായിരുന്നു. ചുരം കയറി വരുന്ന കാറ്റ് കാതുകള്‍ കൊട്ടിയടച്ചിട്ടും അവള്‍ വാഹനത്തിന്റെ ജനലടക്കാന്‍ കൂട്ടാക്കിയില്ല. രാത്രിയെ കോടമഞ്ഞ് വിഴുങ്ങുന്നതും നോക്കിനോക്കിയിരുന്നു. എപ്പോഴോ ഉറങ്ങി. എന്റെ ഹതാശമായ ചുമലില്‍, ഉറക്കത്തിലാണ്ട അവളുടെ ശിരസ്സ് അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുമ്പോള്‍, ഞാന്‍ യേശുവെ ഓര്‍ത്തു. അവന്റെ സഹനങ്ങള്‍ എന്റെ നെഞ്ചില്‍ വിറയാര്‍ന്ന വിരലുകള്‍ കൊണ്ട് കുരിശു ചിഹ്നം ചമച്ചു.
‘ശരിയാണ്.’ മുറകാമിയുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. ‘പക്ഷെ പോരുന്നതിനു മുന്‍പ് മരിച്ചു പോയവരുടെ സമ്മതം വാങ്ങേണ്ടിയിരുന്നില്ലേ?’
ചെരുപ്പിലേക്ക് തിരുകിക്കയറ്റിയ പാദങ്ങള്‍, നടന്നുവന്ന യാത്രയുടെ തുടര്‍ച്ചയിലേക്ക് വീണ്ടും രേഖപ്പെടുത്തുകയായിരുന്നു അയാള്‍. ഞാന്‍ നിശ്ശബ്ദമായി അതു നോക്കിയിരിക്കുകയും.
”നോക്കൂ; ജീവിതം കൊണ്ട് ആരെയും മുറിപ്പെടുത്താന്‍ നമുക്കാര്‍ക്കും അധികാരമില്ല. ഒരു മരം വെട്ടും മുന്‍പ് നമ്മള്‍ അതിന്റെ അനുവാദം തേടുന്നു; ഒരു വീട് വെയ്ക്കും മുന്‍പ് നമ്മള്‍ ഭൂമിയുടെ അനുവാദം തേടുന്നു; എന്നെത്തന്നെ നോക്കൂ, എന്നെങ്കിലും ഒരിക്കല്‍ എഴുതിയേക്കാനോ, എഴുതിയേക്കാനിടയില്ലാത്തതോ, ആയ കഥയെഴുതുന്നതിനു മുന്‍പ് കഥാപാത്രങ്ങളുടെ അനുവാദം തേടാനായി ഞാന്‍ നിങ്ങളെത്തേടി വന്നിരിക്കുന്നു.”

ഞാന്‍ ഒന്നും പറയാന്‍ കഴിയാതെ തല താഴ്ത്തിയിരുന്നു. എന്റെ യാത്രകള്‍ പാപം നിറഞ്ഞതായി വാഴ്ത്തപ്പെടുമെന്ന് എനിക്കു തോന്നി.
മുറകാമി എന്റെ തോളില്‍ കൈ വെച്ചപ്പോള്‍ ഞാന്‍ കണ്ണുകളുയര്‍ത്തി. വിശുദ്ധന്റെ കാല്‍ച്ചുവട്ടില്‍ യാചന പോലെ ഞാന്‍ കുമ്പിട്ടിരുന്നതെപ്പോഴായിരിക്കും?
‘മനസ്സിന്റെ ഭാരം ഉപേക്ഷിക്കുക.’ അതു പറയുമ്പോള്‍ അയാളുടെ സ്വരം മുമ്പില്ലാത്തവിധം മസൃണവും കരുണ നിറഞ്ഞതുമായിരുന്നു.
”മലയാളത്തില്‍ ഗുരുസാഗരം എന്നൊരു നോവലുണ്ട്. വായിച്ചിട്ടുണ്ടോ?” അയാള്‍ ചോദിച്ചു.

ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ ഞാന്‍ അയാളുടെ മുഖത്ത് വൈമനസ്യത്തോടെ വീഴുന്ന ഉച്ചവെയിലിനെ നോക്കിയിരുന്നു.
ഈ ജന്മത്തില്‍ മാത്രമല്ലേ കല്യാണി നിങ്ങളുടെ മകളല്ലാതായിരുന്നുള്ളൂ. എത്രയോ ജന്മങ്ങളില്‍ അവള്‍ നിങ്ങളുടെ മകള്‍ ആയിരുന്നു. അതല്ലേ ഗുരുസാഗരം? അയാള്‍ ചോദിച്ചു.
അപ്പോഴും ഞാന്‍ ഒന്നും പറഞ്ഞില്ല.

അയാള്‍ പടികടന്നുപോയിക്കഴിഞ്ഞപ്പോള്‍ പിന്നാലെ ശബ്ദങ്ങളും ഇല്ലാതെയായി. ഉറങ്ങാന്‍ കൂട്ടാക്കാത്ത ഒരു കൊച്ചുകുട്ടിയുടെ നിഷേധം പോലെ ഒരു ചെറിയ കാറ്റ് ഞരങ്ങി വീണു. ഒച്ചകളില്ലാത്ത, ചലനങ്ങള്‍ മാത്രമായ, കാറ്റ്.
ഏറെ നേരം ഒന്നും ചെയ്യാനാവാതെ ഞാന്‍ ചാരുകസേരയിലെ കിടപ്പില്‍ അതേപടി കിടന്നു. എന്റെയുള്ളില്‍, പിന്നിട്ട കാലങ്ങളും വരാന്‍പോകുന്ന കാലങ്ങളും കൂടിക്കുഴഞ്ഞ് അസന്തുഷ്ടമായ ചിത്രങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്നു. എത്രനേരം ആ കിടപ്പു കിടന്നു എന്ന് ഓര്‍മ്മ വന്നില്ല. എപ്പോഴോ കോശിക്കുഞ്ഞിന്റെ ഫോണ്‍ വന്നപ്പോഴാണ് ഉണര്‍ന്നത്.
‘കാട്ടുപന്നി ഒരെണ്ണം പൊട്ടക്കിണറ്റില്‍ വീണിട്ടുണ്ട്. മയക്കുവെടി വെച്ചിട്ടാണ് എടുക്കുക. വരുന്നോ കാണാന്‍?’
‘ഇല്ല.’ ഞാന്‍ പറഞ്ഞു. ‘തിരക്കുണ്ട്. ‘
ഫോണ്‍ വെച്ചു കഴിഞ്ഞപ്പോഴാണ് അത്രനേരമായിട്ടും നിളയെ കണ്ടില്ലല്ലോ എന്നും; ഭക്ഷണം കഴിച്ചില്ലല്ലോ എന്നും, ഓര്‍മ്മ വന്നത്. ‘മോളേ..’ എന്ന് നീട്ടി വിളിച്ചെങ്കിലും അകത്തുനിന്ന് ആരും വിളി കേട്ടില്ല. ചെവിയോര്‍ത്തപ്പോള്‍ പിന്നെയും അതേ ഒച്ച. അടക്കിപ്പിടിച്ച കരച്ചില്‍ പോലെ.
എഴുന്നേറ്റ് അകത്തേയ്ക്ക് ചെന്നു. വിശപ്പുകൊണ്ടോ ക്ഷീണം കൊണ്ടോ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. ബലം നഷ്ടപ്പെട്ടതു പോലെ.
നിളയുടെ മുറിയില്‍ ആരും ഉണ്ടായിരുന്നില്ല. എപ്പോഴൊക്കെയോ പിന്നീട് പറയാമെന്നു പറഞ്ഞ് പിന്നീടൊരിക്കലും പൂരിപ്പിക്കാതെ അവള്‍ പറഞ്ഞു നിര്‍ത്തിയ സംഭാഷണങ്ങള്‍ക്കു പിന്നാലെ വന്ന, മരവിച്ച നിശ്ശബ്ദത മാത്രം മുറിയില്‍ അപ്പോഴും തൊങ്ങിക്കിടന്നിരുന്നു. ചാരിയിട്ടിരുന്ന വാതില്‍ തള്ളിത്തുറന്നപ്പോള്‍ അത് ശാപമോക്ഷം കിട്ടിയതുപോലെ ഒരു ദീര്‍ഘ നിശ്വാസത്തോടെ പുറത്തേയ്ക്കു പോയി.

കിടക്കയില്‍ കരച്ചിലടക്കി കൊണ്ട് പാതി തുറന്നു വെച്ച ഒരു പുസ്തകം മാത്രം കമഴ്ന്നു കിടക്കുന്നുണ്ടായിരുന്നു. നിള ഒരു പുസ്തകമായി രൂപാന്തരം പ്രാപിച്ചെന്ന് എനിക്ക് തോന്നി. ഇന്നലെ രാത്രിയില്‍ ഉറങ്ങുന്നതിനു മുമ്പ് അവള്‍ ധരിച്ച, കറുപ്പില്‍ വെളുത്ത പൊട്ടുകളുള്ള നിശാവസ്ത്രം, പുസ്തകത്തിന്റെ പുറംചട്ടയായി, കിടക്കയില്‍ പിണങ്ങിക്കിടക്കും മട്ടില്‍ കിടന്നു. അതില്‍ പൊടിമണ്ണിന്റെ നിറത്തില്‍ Men Without Women എന്ന്, നിളയുടെ അവസാന സന്ദേശം പോലെ, ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. അതിനപ്പുറം പുറപ്പെട്ടു പോയവരുടെ, യാതൊരു തെളിവുകളും രേഖകളും ഭൂമിയില്‍ അവശേഷിച്ചിട്ടുണ്ടായിരുന്നുമില്ല.

Author

Scroll to top
Close
Browse Categories