ന്യൂനമര്‍ദ്ദം

എവിടെനിന്നൊക്കെയോ ഇരച്ചെത്തിയ കാര്‍മേഘക്കൂട്ടങ്ങള്‍ ആകാശത്തു ണ്ടായിരുന്ന അവസാനതരി വെളിച്ചത്തെക്കൂടി വിഴുങ്ങിയശേഷം ചോരാന്‍ തുടങ്ങിയിട്ട് ദിവസം നാലഞ്ചായി. ഇങ്ങനെയുമുണ്ടോ ഒരു മഴ? വടക്കെവിടെയോ ചുഴലിക്കാറ്റെന്നോ ന്യൂനമര്‍ദ്ദമെന്നോ മാധ്യമങ്ങളില്‍ പറയുന്നുവെങ്കിലും ഇതല്‍പ്പം കടുപ്പമാണ്. വീശിയടിക്കുന്ന കാറ്റിന്റെ സൂചിമുനയേറ്റ് പുറവും അകവും കുളിര്‍ന്നു. ന്യൂനമര്‍ദ്ദത്തിന്റെ സമ്മര്‍ദ്ദത്താലാണോന്നറിയില്ല സൂര്യന്‍ തല പുറത്തുകാട്ടിയതേയില്ല.

സിയാച്ചിന്‍ മലനിരകളില്‍ സേവനം അനുഷ്ടിച്ചിട്ടുള്ളതിനാല്‍തണുപ്പുള്ള പ്രദേശങ്ങളില്‍ യാത്രപോയാല്‍പ്പോലും അതിരാവിലെ തണുത്തവെള്ളത്തില്‍ മാത്രമായിരുന്നുകുളി.എത്ര തണുപ്പിലും പുതയ്ക്കാത്തയാള്‍ എന്നൊക്കെയുള്ള ലേബലില്‍ ജീവിച്ചിട്ട്,മറ്റുള്ളവരുടെ മുന്നില്‍ ചെറുതായിപ്പോകുമെന്ന തോന്നലില്‍,ഇതുവരെയുള്ള കീഴ്വഴക്കങ്ങള്‍ മാറ്റാതിരിക്കാന്‍ മൂന്നുദിവസം കുളിച്ചില്ല. തുടര്‍ച്ചയായ ഇരുട്ടുമൂലം സോളാര്‍ കൊണ്ടുള്ള ചൂടുവെള്ളം ഉണ്ടാകുന്നില്ല. പകരംസാധാരണ വെള്ളത്തേക്കാള്‍ തണുത്തതാണ് പൈപ്പിലൂടെ വരുന്നത്. മിനിഞ്ഞാന്നാള്‍ രാത്രി കറണ്ടുപോയിട്ട് ഇതുവരെ നന്നാക്കാന്‍ വന്നിട്ടില്ല.കാറ്റില്‍ വലിയ മരം വീണ് ട്രാന്‍സ്‌ഫോമര്‍ തകര്‍ന്നിരിക്കുകയാണ്, റിപ്പയര്‍ ചെയ്‌തെടുക്കാന്‍ കഴിയില്ല. ഇങ്ങോട്ടുള്ള വഴിയില്‍ ഉരുള്‍പൊട്ടി മലയിടിഞ്ഞ് റോഡ് ഗതാഗതം നിലച്ചിട്ട് രണ്ടുദിവസമായതിനാല്‍പുതിയത് കൊണ്ടുവരാന്‍ വൈകും.

കുളിക്കാനുള്ളവെള്ളം ചൂടാക്കിത്തരാന്‍ ആവശ്യപ്പെട്ടപ്പോഴുള്ളഭാര്യയുടെ കളിയാക്കിച്ചിരി ശ്രദ്ധിക്കാത്തതുപോലെ ഇരുന്നു. പിന്നാമ്പുറത്തെ ഷെഡ്ഡില്‍ കുറേക്കാലമായി തിരിഞ്ഞുനോക്കാതിട്ടിരുന്ന വിറകുകള്‍ കത്തിച്ചുചൂടാക്കിയ വെള്ളം കുളിമുറിയില്‍ എത്തിച്ചപ്പോള്‍ജാള്യത മറച്ച്, ഇഷ്ടത്തോടെയല്ലെങ്കിലുംകുളിച്ചു. ചൂടുവെള്ളം തുടച്ചുമാറ്റിയപ്പോള്‍ തണുപ്പ് ഇരട്ടിച്ചു.പതി യെവിറച്ചുതുടങ്ങിയപ്പോള്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല. ഉള്ളില്‍നിന്നും തണുപ്പിന്റെ ശക്തി വിറയലിന്റെ ശബ്ദത്തോടെ പുറത്തേക്കുവന്നു.ഒരിക്കലും ഉപയോഗിക്കാതിരുന്നവിധം മുഴുക്കയ്യന്‍ ഷര്‍ട്ടിനുമുകളില്‍ കട്ടിയുള്ള ടീഷര്‍ട്ട്എടു ത്തിട്ടു.ചൂടുള്ള ചായമോന്തിയപ്പോള്‍ അല്‍പ്പം ആശ്വാസം തോന്നിയെങ്കിലും ഉള്ളിലെവിടെയോ ഒരു കിടുകിടുപ്പ് വിടാതെ പിന്തുടരുന്നത് തിരിച്ചറിഞ്ഞു.

ചെത്തുകാരന്‍ അരവിന്ദന്‍ ഉമ്മറത്തുവന്നുനില്‍പ്പുണ്ടെന്ന് ഭാര്യ പറഞ്ഞതുകേട്ട് ചെല്ലുമ്പോള്‍, പുറകില്‍ തൂക്കിയിരുന്നനിറഞ്ഞ കള്ളുംകുടുക്ക ഊരി ഇറയത്തുവച്ചുകൊണ്ട് അയാള്‍ വരാന്തയിലേക്ക് കയറി.
”ചെത്ത്കഴിഞ്ഞോ?”എന്ന ചോദ്യത്തിന്,
”വേണമെങ്കില്‍ ഒരു കുപ്പിയോ പാത്രമോ തന്നാല്‍ കുറച്ചുതരാം.” എന്ന മറുപടി കിട്ടി.
”ഈ തണുപ്പത്ത് ഇവനല്ല, വിദേശിയാ ചേരുന്നത്… ന്നാലും കുറച്ച് തന്നേക്ക്.”
അടുക്കളയിലേക്ക് നോക്കി ഭാര്യയെ വിളിച്ച് പാത്രം കൊണ്ടുവരാന്‍ പറഞ്ഞു. കള്ള് പകര്‍ന്ന് കൊടുത്തതുമായി അവള്‍ അകത്തേക്കുപോയി.
”അപ്പോള്‍, ഇനിയെന്താ നമ്മള്‍ ചെയ്യുക? ഈ മാരണങ്ങള്‌പോകാന്‍?”
ചോദ്യംകേട്ട് അതേഭാവേന അയാളെ നോക്കി.
”എന്താണ് ഉദ്ദേശിച്ചത്?” എന്നുകൂടി ചോദിച്ചപ്പോള്‍,
”കടല്‍ക്കരയിലെ കാര്യമാണ്, വല്ല തീരുമാനവുമായോ?”
”കടല്‍ക്കരയില്‍എന്താണ് വിശേഷിച്ച്?”
”ഇതുനല്ല കൂത്ത്; നിങ്ങടെ കണ്ണുംമുമ്പില്‍ നടക്കുന്നതൊന്നും അറിയാത്തതുപോലെ?”
”എന്താണ് അരവിന്ദാ തെളിച്ചുപറ. കാര്യമൊക്കെ ശരിയാ, ഈ പറമ്പിന്റെ അതിരില്‍ നിന്നും തൊണ്ണൂറുപടികള്‍ കുത്തനെഇറങ്ങിയാല്‍ വിശാലമായതീരവും കടലുമൊക്കെയാണ്. എന്താണവിടെ ഇത്ര പ്രത്യേകിച്ച്?”
”ശരിക്കും അറിയാഞ്ഞിട്ടോ അതോ എന്നെ പറ്റിക്കേണാ?”
”താനിതെന്തൊക്കെയാണ് പറയുന്നത്? എന്തെങ്കിലുമുണ്ടെങ്കില്‍ തെളിച്ചുപറ, ചുമ്മാ വെറുതെ ആളെ പ്രാന്താക്കാന്‍.”
”ഒന്നും അറിഞ്ഞിട്ടില്ലെങ്കില്‍ ആ കുടയുമെടുത്ത് പറമ്പിന്റെ അതിരേല് നിന്ന് താഴേക്കൊന്നുനോക്ക്, എന്നിട്ടുപറയാം ബാക്കി.”

ഇറയില്‍ചാരിവച്ചിരുന്ന കുടയുമെടുത്ത് പുറത്തേക്കിറങ്ങി. മഴതുടങ്ങിയതില്‍പ്പിന്നെ ആദ്യമായാണ് മുറ്റത്തിറങ്ങുന്നത്. അതും അരവിന്ദന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍. തലയില്‍ പ്ലാസ്റ്റിക് തൊപ്പിയുണ്ടായിരുന്നതിനാല്‍ അയാളും പുറകേവന്നു.
അതിരിലെത്തി താഴേക്ക് നോക്കിയപ്പോള്‍ തീരത്തിന്റെ പകുതിയോളം ഭാഗ ത്ത് വെള്ളത്തിനോടുചേര്‍ന്ന്, ഉണക്കത്തേങ്ങകള്‍ കൂട്ടിയിട്ടിരിക്കുന്നത് പോലെ എന്തോകറുത്തിരുണ്ടു കിടക്കുന്നു.അന്തരീക്ഷമാകെമഞ്ഞുപുകപോലെ മൂടിക്കിടന്നിരുന്നതിനാലുംകണ്ണട വയ്ക്കാത്തതിനാലും ഒന്നും വ്യക്തമാകുന്നില്ല.മനസ്സിലാകാത്തതുപോലെ അരവിന്ദന്റെ മുഖത്തേക്ക് നോക്കി.
”അപ്പോഅറിഞ്ഞില്ലെന്നുള്ളത് ശരിയാണല്ലേ? അവന്മാരെല്ലാരും കൂടിയിനി,ഈവീട്ടീക്കേറിപ്പൊറുത്താലെങ്കിലും അറിയുമോ എന്റെ സാറേ? ഇതിപ്പോ ഇന്നേക്കു മൂന്നായി, ഓരോദെവസംചെല്ലുന്തോറും എണ്ണംകൂടിക്കൂടിവരികയാണ്.”
”എന്താടോഅത്? കണ്ണടയെടുക്കാത്തതു കൊണ്ട് ഒന്നും തെളിയുന്നില്ല.”
”ങാ അതുശരിയാ,ഒന്നാലോചിച്ചാല്‍ തെളിയാത്തതാ നല്ലത്. എന്റെ സാറേ ഏതോ കാട്ടുമാക്കാന്‍മാരാണ്. ആദ്യദെവസം കൊറച്ചുപേര്,പിന്നെപ്പിന്നെ എണ്ണം കൂടിക്കൂടി വരികേണ്.”
കണ്ണ് അല്‍പ്പമൊന്നിറുക്കി ദൃഷ്ടിക്ക് ഗോചരമാക്കാന്‍ ഒരു ശ്രമംകൂടിനടത്തിയെങ്കിലും കറുത്തകൂട്ടത്തില്‍എന്തോചിലത് അനങ്ങുന്നതുപോലെ തോന്നി യതല്ലാതെ…ദയനീയാവസ്ഥയില്‍വീണ്ടുംഅരവിന്ദനെ നോക്കി.
”കടല് നീന്തിക്കേറി വന്നതാണ്, മറുകര കാണാണ്ട് കെടക്കണ കടലിന്റെ ഏതറ്റത്തുനിന്നാണാവോ? ഇംഗ്ലീഷു സിനിമേല് കാണണപോലെ, അരേലുമാത്രം എന്തോ ഒന്നു ചുറ്റീട്ടുണ്ട്, ബാക്കിയുള്ളതെല്ലാം വെളിയിലാ. മേലുമുഴുവന്‍ ഇപ്പളത്ത പുള്ളേരു ചെയ്യണ ടാറ്റൂവോ കുന്തമോപോലെ കുത്തിവരച്ചിട്ടിരിക്കണേണ്. വിടര്‍ന്ന വലിയമൂക്കും ചുണ്ടും കാതുമൊക്കെ തുളച്ച് ഒരുപാട് വളയങ്ങളും. പലരുടേയും കയ്യില്‍ അമ്പും വില്ലും, മഴു, കുന്തം തുടങ്ങി പലപല ആയുധങ്ങള്‍. ചെറിയ കൊച്ചുങ്ങള് മുതല്‍ കെളവന്മാരും കെളത്തികളുംപോരാഞ്ഞിട്ട്, ഗര്‍ ഭിണികളും. എന്റെ സാറേ, കോരിച്ചൊരിയണഈ മഴേന്നും അതുങ്ങക്കൊരു പ്രശ്‌നമല്ലെന്ന്.

ഇവരെക്കണ്ട് ഉള്ളില് പേടിച്ചിട്ടാണേലും സുപ്രന്റെ ചെക്കനും കൂട്ടുകാരനുംകൂടിമീന്‍പിടിക്കാന്‍ വഞ്ചീം തള്ളി കടലീപ്പോകാന്‍ ചെല്ലുമ്പളെണ്ട്, മൊളച്ചീന്തുകൊണ്ടുണ്ടാക്കിയഅമ്പുംവില്ലും ചൂണ്ടി കണ്ണുരുട്ടിക്കൊണ്ട് അവന്മാര്ഓടിച്ചുവിട്ടു. പോയചെക്കന്മാര്, നമ്മടെ നാട്ടിലെ കൊറേ പിള്ളേരുസെറ്റുമായി തിരിച്ചുചെന്ന് കടലിന്നടുത്തേക്ക് എത്താറായപ്പോ, നെരനെരയായി അതിരുപോലെ കുത്തിയിട്ടുള്ള ഓലമടലുകള്‍ക്കപ്പുറത്ത് നെരന്നു നിക്കണ കാട്ടുമാക്കാന്‍മാരുടെ ചോരനെറമുള്ള ഉണ്ടക്കണ്ണുകള് കണ്ട് കൊറേപ്പേര്അപ്പഴേ തിരിച്ചോടി.ഇത് നമ്മടെ നാടും കരേമല്ലേയെന്നുംപറഞ്ഞ്പിന്നേംചെലര്മുമ്പോട്ട് ചെന്നപ്പോ അവടന്നും ഇവടന്നുമായി അമ്പുകള് പാഞ്ഞുവന്നു. അമ്പുകൊണ്ട രണ്ടുപേര് അപ്പത്തന്നെ മയങ്ങിവീണു.അവരെകാട്ടുമാക്കാന്മാരുവന്ന് എടുത്തോണ്ടുപോയി, പച്ചയ്ക്കുതിന്നോ, ചുട്ടുതിന്നോ എന്നൊന്നും ഒരു വിവരോമില്ല. ബാക്കിയുള്ളവന്മാര്‌പേടിച്ച് തിരിച്ചോടി. സംഭവമാകെ പ്രശ്‌നമായിരിക്കേണ്. പഞ്ചായത്ത് മെമ്പറും പ്രസിഡണ്ടുംനമ്മടെ നാട്ടുകാരായ ഒന്നുരണ്ട് പോലീസുകാരും സ്ഥലത്തെത്തിയെങ്കിലും കുത്തിവച്ചേക്കണ മടലിന്റെഅപ്പുറത്തേക്കുപോകാന്‍ ആരും ധൈര്യപ്പെട്ടില്ല. ഇതിനെടേല് കടലീന്ന് പിന്നേം അതുങ്ങടെകൂട്ടം കരയിലേക്ക്‌കേറിക്കൊണ്ടിരിക്കേണ്.എണ്ണംകൂടണതനുസരിച്ച് കടല്‍ത്തീരത്ത് കുത്തിയിരിക്കണമടലുകൊണ്ടുള്ള അതി ര് വലുതാക്കിക്കൊണ്ടിരിക്കണേണെന്ന്.

ഫോണ്‍വിളിച്ച് രാഷ്ട്രീയ നേതാക്കളോടും മന്ത്രിമാരോടുമൊക്കെ വിവരം പറഞ്ഞിട്ട്, പോലീസിനോടും പട്ടാളത്തോടും അറിയിച്ചിട്ടുണ്ടെന്നും മണ്ണുമാറ്റി റോഡ് ശരിയായാല്‍ അവരെത്തുമെന്നുമൊക്കെയാണ് പറയണത്.അതിനിനിയും രണ്ടുദെവസമെങ്കിലും പിടിക്കും. ഒരുമല അങ്ങനെതന്നെയല്ലേ അടര്‍ന്നുറോഡോടുകൂടിതാഴേക്കുപോയത്! റോഡിനിരണ്ടാമതുണ്ടാക്കിയിട്ടുവേണം.ആകെ തൊന്തരവാണ് സാറേ”ഒന്നു നിര്‍ത്തിയ അയാള്‍ ചുറ്റും കണ്ണോടിച്ച്, അതിരില്‍ നില്‍ക്കുന്ന തെങ്ങിന് മുകളിലും താഴെയും നോക്കിയിട്ട്,
”തീരത്ത് കുത്താന്‍ അവരെടുത്തിരിക്കണ ഓലമടലൊക്കെ ഈ പറമ്പീന്നാണല്ലാ കൊണ്ടുപോയേക്കണത്. എന്നിട്ടും സാറിത് അറിഞ്ഞില്ലെന്നു പറഞ്ഞാ,കഷ്ടമാണേയ്.”

അതിരിലുള്ള തെങ്ങുകളില്‍ നിന്നെല്ലാം ഓലകളും തേങ്ങകളും ഇട്ടുപോയതിന്റെ ലക്ഷണങ്ങള്‍.തീരത്തിനടുത്ത് തെങ്ങുകളുള്ള ഏക പറമ്പ് ഇതാണ്. ഈഒമ്പതേക്കര്‍ കഴിഞ്ഞ് കുറച്ചുദൂരത്താണ് മറ്റുവീടുകള്‍.
”സാറൊന്നു സൂക്ഷിക്കണം, നിങ്ങള് രണ്ടും മാത്രമല്ലേയുള്ളൂ. ഒന്നു നെലവിളിച്ചാപ്പോലും ആരും കേക്കൂല…പറഞ്ഞുപറഞ്ഞ് നേരംപോയതറിഞ്ഞില്ല, വണ്ടിവരാത്തതുകൊണ്ട് ബീവറേജിലെ സ്റ്റോക്ക് തീര്‍ന്നിരിക്കേണ്.ഷാപ്പിലാണെ ങ്കി നല്ലതെരക്കാ.ഞാനീ കള്ള്‌കൊണ്ടോയിക്കൊടുക്കട്ടെ.”
അരവിന്ദന്‍ പോയിക്കഴിഞ്ഞിട്ടും എന്തുചെയ്യണമെന്നറിയാതെ കുറച്ചുനേരം അതേനില്‍പ്പുനിന്നു.കുളിരും കിടുകിടുപ്പുമൊക്കെ എങ്ങോട്ട് പോയെന്നറിഞ്ഞില്ല. ഇവനിതെന്തൊക്കെയാണ് പറഞ്ഞത്? ഒന്നുമങ്ങോട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല. പറഞ്ഞതെല്ലാം സത്യമാണെങ്കില്‍..?
കുടയുമായി ഭാര്യവന്നു വിളിച്ചപ്പോഴാണ് തിരിച്ചു നടന്നത്.
”എന്താണ് അരവിന്ദനുമായൊരാലോചന? ബാക്കിയുള്ള തെങ്ങുകള്‍കൂടി ചെത്താന്‍ കൊടുക്കാനാണോ? എന്നാപ്പിന്നെ അയാള്‍ക്ക് നല്ല കുശാലായിരിക്കും. നിങ്ങള്‍ക്കും ഇതുപോലെ ഫ്രീയായിട്ട് കുടിക്കേം ചെയ്യാല്ലോ?”
ചിരിച്ചുകൊണ്ടവള്‍പറഞ്ഞതിന് തിരിച്ചൊന്നുംമിണ്ടിയില്ല.കേട്ടതൊക്കെ അവളോട് പറഞ്ഞാല്‍പ്പിന്നെ തീര്‍ന്നു. ഇരിക്കപ്പൊറുതി തരില്ല. ഇപ്പോള്‍ത്തന്നെ മകനേയും മരുമകളേയും വിളിക്കും. യുകെയില്‍ ഇപ്പോള്‍ രാത്രിയാണോ പകലാണോ എന്നൊന്നും നോക്കാതെ ആധിയോടെ,കേട്ടതില്‍ക്കൂടുതല്‍ പറയും.പിന്നെ മകന്റെ വിളിയാകും. വര്‍ഷങ്ങളായി അങ്ങോട്ട് ചെല്ലാന്‍ നിര്‍ബ്ബന്ധിക്കുന്നു. അവിടെത്തന്നെയുള്ള ഏതോ ഒരു ഹോട്ടല്‍ ഗ്രൂപ്പ് ഈ സ്ഥലവും വീടുംകൂടി നാട്ടില്‍ നടപ്പുള്ളതിലും നാലിരട്ടി വിലയ്ക്ക് എടുത്തോളാമെന്നുപറഞ്ഞുവന്നപ്പോള്‍, മക്കളോടൊപ്പം ഭാര്യയും കൂട്ടുചേര്‍ന്നതാണ് വില്‍ക്കാന്‍.

സപ്തതികഴിഞ്ഞ താനും ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ അവളുംകൂടിതനിച്ചിവിടെ? മക്കള്‍ക്ക് എന്തായാലും ഇനിയിങ്ങോട്ട് സ്ഥിരതാമസം ചിന്തിക്കാന്‍കൂടി കഴിയില്ല. അങ്ങനെയെങ്കില്‍ അവിടേക്ക് പോകാമെന്ന് മക്കളെക്കാള്‍ ഭാര്യയാണി പ്പോള്‍ നിര്‍ബ്ബന്ധിക്കുന്നത്. തന്റെ കടുംപിടുത്തംകാരണം അവള്‍ കൂടെ താമസിക്കുന്നുവെന്നുമാത്രം. ഇനിയിപ്പോള്‍ ഇതെങ്ങാനും അറിഞ്ഞാല്‍ തീര്‍ന്നു.
തീരത്തേക്കുള്ള പടികളുടെ തുടക്കത്തിലുള്ളപൂട്ടിയ ഗേറ്റ് ചാടിയായിരിക്കുംആകാട്ടുമാക്കാന്മാര് ഓലമടലും തേങ്ങയും ഇട്ടുകൊണ്ടുപോയത്.ഇനി അവന്മാരെങ്ങാനും ഇരച്ചുകയറി ഇങ്ങോട്ടുവന്നാല്‍!അവരുടെ കാടത്തത്തിനു മുമ്പില്‍ തൊഴുകയ്യോടെകരയാനല്ലാതെ പ്രതിരോധിക്കാനുള്ളകഴിവില്ല.അറിഞ്ഞതുവച്ചു നോക്കുകയാണെങ്കില്‍ഇനി ഏതുനേരത്തും എന്തും സംഭവിക്കാം.നെഞ്ചാകെ പടപടാന്ന് മിടിക്കുന്നു.
യാന്ത്രികമായി വീട്ടിലേക്ക് നടന്നു.വരാന്തയില്‍ നിന്നും അകത്തേക്ക് കയറുന്ന ഗേറ്റടച്ച് താഴിട്ടുപൂട്ടി.ഭാര്യയുടെചോദ്യ രൂപേണയുള്ളനോട്ടം കാണാത്തതുപോലെ താക്കോലുമായി അകത്തേക്കു നടന്നു. അടുക്കളവാതിലും അകത്തുനിന്നുപൂട്ടി ഓടാമ്പലിട്ടശേഷം വാതിലിന്റെ ബലത്തിനുള്ള ഇരുമ്പു പട്ട വിലങ്ങനെ വച്ച്അതുംതാഴിട്ടുപൂട്ടി.
”കറണ്ടില്ലന്ന് അറിഞ്ഞൂടെ മനുഷ്യാ?വാതിലടച്ചാലേയ് ഇരുട്ടത്തിരിക്കേണ്ടിവരും.”
”ഒള്ള വെട്ടമൊക്കെ മതി, ഇരുട്ടാണെങ്കിലുംജീവനുണ്ടല്ലോ?”
അവസാനം പറഞ്ഞ വാക്കുകള്‍ക്ക് അവള്‍ കേള്‍ക്കാനുള്ളത്ര ശബ്ദം ഉണ്ടായിരുന്നില്ലല്ലോ എന്ന് സമാധാനിച്ചു.എന്താണ് ചെയ്യേണ്ടതെന്ന് ഒരെത്തുംപിടിയുമില്ല. സ്വയം പ്രതിരോധിക്കുകയെന്നത് മാത്രമേ മാര്‍ഗ്ഗമുള്ളൂ.
അവര്‍എവിടുന്നായിരിക്കും? എന്തായിരിക്കുംലക്ഷ്യം? അരവിന്ദന്‍പറഞ്ഞതു വച്ചുനോക്കുമ്പോള്‍ ഇന്ത്യയുടെ തീരത്തെങ്ങും ഇങ്ങനെയുള്ള ആളുകളെക്കുറിച്ച് പഠിച്ചിട്ടില്ല. ഈയൊരു കാലാവസ്ഥയില്‍ എവിടെനിന്ന് പ്രത്യക്ഷപ്പെട്ടു? അതും കടല്‍ നീന്തി..?

ആരെയെങ്കിലും വിളിച്ചു ചോദിക്കാമെന്നു വച്ചാല്‍ ഫോണുകള്‍ സ്വിച്ചോഫാണ്.ചുരുങ്ങിയ നിരക്കില്‍ മണിക്കൂറുകളോളം മുഖത്തോടുമുഖം നോക്കി സംസാരിക്കാന്‍ മോബൈല്‍ ഫോണുള്ളപ്പോള്‍, നഷ്ടമാണെന്നു പറഞ്ഞാണ് ലീവി നു വന്നപ്പോള്‍ തന്റെ എതിര്‍പ്പു മറികടന്ന്മകന്‍ ലാന്‍ഡ് ഫോണ്‍ ഡിസ്‌കണക്റ്റ് ചെയ്തത്. ഇന്നു ലോകത്ത് നടക്കുന്ന വാര്‍ത്തകള്‍ അപ്പപ്പോള്‍, ഇരുപത്തിനാലുമണിക്കൂറുംദൃശ്യങ്ങളോടെ പറഞ്ഞുതരുമ്പോള്‍ എന്തിനാണ് തലേന്നത്തെ വളിച്ച വാര്‍ത്തകളുമായുള്ള പത്രം കഷ്ടപ്പെട്ട് വായിക്കുന്നത്? എന്നുപറഞ്ഞ് അ തും നിര്‍ത്തിക്കാനുള്ള ശ്രമം ഒരുവിധത്തില്‍ തടഞ്ഞു.എത്രയൊക്കെ കേട്ടാലും പത്രത്തിലൂടെ വായിച്ചുപോകുമ്പോള്‍ കിട്ടുന്ന മനസ്സിന്റെ സുഖവുംആധികാരികതയും ഇവര്‍ക്കറിയില്ല.റോഡ് തകരാറു കാരണം പത്രവും വരുന്നില്ല. കറണ്ടില്ലാത്തതിനാല്‍ വാര്‍ത്തകള്‍ കാണാനും വഴിയില്ല.

പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിശ്‌ഛേദിക്കപ്പെട്ട അവസ്ഥ ഇതാദ്യമാണ്.പുറമേനിന്നുള്ളതൊന്നും അറിയാനോ മനസ്സിനകത്തുനിന്നുള്ളതൊന്നും പുറത്തേക്ക് പറയാനോ പറ്റാത്ത ഒറ്റപ്പെട്ട നിമിഷങ്ങള്‍ യുഗങ്ങളെപ്പോലെ നിരങ്ങി നീങ്ങുന്നു.കവലവരെ ചെന്ന് വിവരങ്ങള്‍ അന്വേഷിക്കാമെന്നുവച്ചാല്‍, ഇവളെ ഒറ്റയ്ക്കാക്കിയിട്ടെങ്ങനെ?
രാത്രി കിടക്കുമ്പോള്‍ മാത്രം കഴിക്കുന്ന പ്രഷറിനുള്ള ഗുളികയൊരെണ്ണം ഭാര്യകാണാതെ നേരത്തേ കഴിച്ചുവെങ്കിലും മനസ്സാകെ വല്ലാത്ത വിമ്മിഷ്ടം. എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നതുപോലെ.ഇവിടുത്തെയീ പ്രശ്‌നങ്ങള്‍ ഭാര്യയറിയാതെ, മകനെവിളിച്ചു രഹസ്യമായി പറയാമെന്നുകരുതി ഫോണെടുത്ത് ഓണ്‍ ചെയ്തുനോക്കി. ഒന്നു തെളിഞ്ഞെങ്കിലും അത് ഓഫായി. ഒരു മെസ്സേജെങ്കിലും അയക്കാന്‍കഴിഞ്ഞിരുന്നെങ്കില്‍..?
ഞങ്ങളിവിടെ ഒറ്റയ്ക്കാണെന്നും ഈ തീരത്താണ് ഇതൊക്കെ സംഭവിക്കുന്നതുമെന്നൊക്കെ അറിയാവുന്ന ഒട്ടേറെപരിചയക്കാരും ബന്ധുക്കളുമൊക്കെ ഉണ്ടായിട്ടും ജീവനോടെയുണ്ടോ എന്നൊന്ന് അന്വേഷിക്കാന്‍ഒരാള്‍പോലും ഇതുവരെ വന്നില്ല.
അവരെയും കുറ്റംപറഞ്ഞിട്ടു കാര്യമില്ല. ഏതുനിമിഷവും കാട്ടുമാക്കാന്മാര്‍ ഇരച്ചുകയറാന്‍ സാധ്യതയുള്ളിടത്തേക്ക് ജീവന്‍ പണയപ്പെടുത്തിക്കൊണ്ടുവരാന്‍ ആരാണ് തയ്യാറാവുക?

പട്ടാളക്കാരനായിരുന്നപ്പോള്‍യുദ്ധങ്ങള്‍ പോലുള്ള നിരവധി പരീക്ഷണഘട്ടങ്ങളെ നേരിട്ട,ശക്തനാണെന്ന് അഹങ്കരിച്ചിരുന്ന മനസ്സിനെ,ഒറ്റയ്ക്കാണെന്ന തോന്നല്‍വല്ലാതെ തളര്‍ത്തുന്നു. എത്രധൈര്യമുണ്ടെങ്കിലും ശക്തിമാനാണെങ്കിലും ഇങ്ങനെയൊരവസരത്തില്‍ ഭയപ്പെട്ടുപോകുമായിരിക്കും. ദൈവത്തേയോ, പിശാചിനേയോ, പ്രേതത്തിനെയോ ഒന്നിനേയും പേടിക്കാതിരുന്ന കഠിനഹൃദയത്തിലേക്ക് നൂറായിരം കൈകാലുകളോടെഭയം അതിവേഗംഅരിച്ചുകയറുന്നത് നിസ്സഹായതയോടെ തിരിച്ചറിയുന്നു.വിഹ്വലപ്പെടുത്തുന്ന ചിന്തകളെയൊന്നിനെയും പ്രതിരോധിക്കാനാവാതെ…
ശക്തമായ ഇടിയോടെ മഴ പെയ്യുവാന്‍ തുടങ്ങി. മിന്നല്‍പ്പിണറുകള്‍ ജനല്‍ പാളികളിലൂടെ ഉള്ളിലേക്ക് പാഞ്ഞിറങ്ങുന്നു.വരാന്തയിലെ ഗേറ്റില്‍ ആരോ ശക്തിയായി കുലുക്കുന്ന ശബ്ദം. ബെഡ്‌റൂമിന്റെ ജനലുകളില്‍നിരവധി കൈകള്‍ ആഞ്ഞടിക്കുന്നു. മുകളിലൂടെ ആളുകള്‍ നടക്കുമ്പോള്‍ ഞെരിഞ്ഞമരുന്ന ഓടുകള്‍ പൊട്ടി, കഷണങ്ങള്‍ മച്ചില്‍ വീണുടയുന്ന ശബ്ദം. അതിലൂടെ ഒലിച്ചിറങ്ങിയ വെള്ളം മച്ചിലൂടെ താഴേക്ക് ഇറ്റുവീഴുന്നു. അടുക്കളയില്‍നിന്നും ഭാര്യ കരഞ്ഞുകൊണ്ട് ഓടിവന്നു. ഒന്നിനേയും നേരിടാനാവാതെ,ഭീരുവാണെന്നു സ്വയം വിധിച്ച്അവളെ ദേഹത്തോടു ചേര്‍ത്ത്,പുതപ്പ് തലവഴിചുറ്റിതറയി ലേക്ക് ഇരുന്നു. ഇവരില്‍നിന്നെങ്ങനെ രക്ഷപെടും?

അതിരാവിലെയുള്ളകട്ടനുമായി വിടര്‍ന്ന ചിരിയോടെ ഭാര്യ വന്നു.
”മോന്‍കാലത്തേവിളിച്ചപ്പോള്‍, അങ്ങോട്ട് ചെല്ലാമെന്ന് നിങ്ങളിന്നലെ സമ്മതിച്ചവിവരം ഞാന്‍ പറഞ്ഞപ്പോള്‍ത്തന്നെ അവന് സന്തോഷമായി.”
ഒന്നും മിണ്ടാതെവേഗത്തില്‍കാലിയാക്കിയ ഗ്ലാസ് തിരിച്ചുകൊടുത്ത് വരാന്തയിലേക്കെത്തുമ്പോള്‍ മഴമാറി മാനം പുഞ്ചിരിച്ചു നില്‍ക്കുന്നത് കണ്ടു.തൊടിയിലെ തെങ്ങില്‍ അരവിന്ദന്‍ചെത്തുന്നതിന്റെ താളത്തിലുള്ള ശബ്ദം.വേഗത്തില്‍ പറമ്പിന്റെ അതിരിലേക്കു നടന്ന്, ഉള്ളില്‍ തുടികൊട്ടുന്നഭയത്തോടെ താഴേക്കുനോക്കി.ആദ്യ നോട്ടത്തില്‍ ഒന്നും കണ്ണില്‍ പതിഞ്ഞില്ല.കണ്ണട നേരെയാക്കി വീണ്ടും കടല്‍ത്തീരമാകെ സൂക്ഷിച്ചുനോക്കി.ഒഴിഞ്ഞ തീരത്ത്, നിരനിരയായി കുത്തി നിര്‍ത്തിയിരിക്കുന്ന മടലിലെ ഓലകള്‍ പടിഞ്ഞാറന്‍കാറ്റില്‍ വിറയ്ക്കുന്നുണ്ടോ?
7012471958,
[email protected]

Author

Scroll to top
Close
Browse Categories