മുങ്ങാങ്കുഴി
”കട്ടപ്പെട്ടും കിട്ടപ്പെട്ടും കോഴികളെ വളത്തി, ആ കോഴികള് കിടക്കണ കിടപ്പ് നോക്കെന്റെ രായോ”
പുഴക്കരയിലിരുന്നു മൂക്കറ്റംവരെ കുടിച്ച് ഛര്‍ദ്ദിച്ച് നടന്നും ഇരുന്നും ഞരങ്ങിയും നട്ടപ്പാതിരയ്ക്ക് ചായ്പ്പിനുള്ളില്‍ കയറി അട്ട ചുരുളുംപോലെ ചുരുണ്ട് ബോധംകെട്ടു കിടന്ന് ഉറങ്ങിയ സെല്‍വരാജ് ദാനമ്മയുടെ കരച്ചിലും പറച്ചിലും കേട്ട് എണീറ്റിരുന്ന് കണ്ണു തിരുമ്മി ചോദിച്ചു.
”എന്തിരിന് തള്ളേ വെളുപ്പാന്‍കാലത്തു കിടന്നു തൊള്ളകീറി മോങ്ങണത്, ഞാന്‍ ചത്തില്ലല്ലോ”
”നീ ചത്താ എനിക്ക് പുല്ലാ, എടാ രായാ ക്രിസ്മസിനു വെട്ടാനും വിക്കാനും പള്ളിക്കും നേര്‍ന്നു നെര്‍ത്തിയിരുന്ന കോഴികള് ചത്തു മലച്ചു കിടക്കണടാ”.
കോഴിക്കൂടിനുള്ളില്‍ തലയിട്ടു സെല്‍വരാജ് ചത്തു കിടക്കുന്ന കോഴികളെ നോക്കി ഒന്ന്, രണ്ട് പതിനേഴ് വരെ എണ്ണി. അതില്‍ മൂന്നു പൂവനും പതിനാല് പിടയും. കാഴ്ചയുടെ പിരിമുറുക്കം കൂടി മദ്യത്തിന്റെ ചൊരുക്ക് താനെയിറങ്ങി. കൂടിനുള്ളില്‍ നിന്നും തല പുറകോട്ടു വലിച്ച് നിവര്‍ന്ന് നിന്നൊരു ഏമ്പക്കം വിട്ടു.
”എന്നൈയ്, ആ കീരി പേരിനു ഒന്നിനെപ്പോലും വെറുതെ വിടാതെ ചോരയൂറ്റിക്കുടിച്ചു കൊന്നു കളഞ്ഞല്ലോ”. ”പുല്ലിനെ എന്റെ കണ്ണീപ്പെട്ടാ തലമണ്ടയടിച്ച് പൊളക്കും”
” അത് കോഴിക്കൂടിനു മുമ്പിക്കൂടി കിടന്നു കറങ്ങണത് കാണുമ്പോ പോലും എറിഞ്ഞു ഓടിക്കാത്തത് ഇവിടെക്കൂടി തേരാപാര പോണ ഇഴയണതിനെ പേടിച്ചാ”. ”അയിനെക്കാളും ഭേദം ഇഴയണത് തന്നെയായിരുന്നു, ചവിട്ടിയാലല്ലേ അയിത്തള് തിരിഞ്ഞു കൊത്തൂ”.
”എന്തായാലും നടന്നത് നടന്നു. നിങ്ങളു നിന്നു പൊലമ്പാതെ കൊറച്ചു വെള്ളം തെളപ്പിക്കീം”
”എന്തിനാടാ രാവിലെ കുളിച്ചേച്ചു കൊമ്പലുകളെ വല്ലതും കാണാമ്പോണാ.. നമ്മളെന്തിരെങ്കിലും പറഞ്ഞാലല്ലേ നെനക്കു തൊന്തരവ്. കൂട്ടുകാര് നെനക്കിട്ടു നല്ല പുത്തി ഉപദേശിച്ചാ”
”പോയിന്നൈയ്, ഒരാഴ്ച തിന്നാനുള്ള വകയാ ആ കിടക്കണത്”
”കണ്ണീച്ചോരയില്ലാത്തവന്‍, നീ എന്തിരോ ചെയ്യ്, ഞാനൊന്നിനുമില്ലേ അപ്പീ”
ദാനമ്മ പുരയ്ക്കുള്ളിലേയ്ക്ക് നടന്നു. ചായ്പ്പിനു മുകളിലേയ്ക്കു ചാഞ്ഞുകിടക്കുന്ന മാവിന്റെ ശിഖരത്തിലെ ഇല ഒറ്റച്ചാട്ടത്തിന് പറിച്ച് അതിനെ കശക്കി മുന്‍വരി പല്ലുകളില്‍ അമര്‍ത്തിത്തേച്ചു സെല്‍വരാജ് മുന്നോട്ടു നടന്നു. കിണറിനു കുറച്ച് കിഴക്കോട്ട് മാറി നില്‍ക്കുന്ന ഒരാള്‍ പൊക്കം വരുന്ന തെങ്ങിന്റെ ഓലയിലെ ഒരു ഈര്‍ക്കില്‍ ഒടിച്ചെടുത്ത് രണ്ടായിപ്പിളര്‍ന്നു നാവ് വടിച്ചു. കിണറില്‍ നിന്നും ഒരു തൊട്ടി വെള്ളം കോരി മുഖം കഴുകി. കുറച്ചു വെള്ളം വായില്‍ക്കൊണ്ട് പുറത്തേയ്ക്ക് തുപ്പി. അത് രണ്ട് ആവര്‍ത്തി ചെയ്തതും ഒരു കീരി മാവിന്റെ ചുവട്ടിലേയ്ക്കു ഓടി വരുന്നത് സെല്‍വരാജ് കണ്ടു. സെല്‍വരാജ് ഒരു കല്ലെടുത്ത് കീരിയെ ഉന്നംപിടിച്ചു. കീരി പുറംതിരിഞ്ഞ് കുറച്ചു ദൂരം ഓടി, പെട്ടെന്നു ഓട്ടം നിര്‍ത്തി തിരിഞ്ഞു നോക്കി. സെല്‍വരാജിന്റെ ഉന്നം പിഴയ്ക്കാത്ത ഏറില്‍ കീരി നിലത്തു വീഴ്ന്നു ചുരുണ്ടു.
”വെള്ളം തിളപ്പിക്കണോങ്കീ, രണ്ടുതൊട്ടി വെള്ളം കോരി കിണറ്റിന്റെവിടിരിക്കണ പാത്രത്തില്‍ ഒഴിച്ചുവയ്ക്ക്”.
ചായ്പ്പിനകത്തു നിന്നും ദാനമ്മയുടെ ഇടറിയ വാക്കുകള്‍ പുറത്തേയ്ക്കു ഒഴുകി.
”എന്നൈയ് നിങ്ങടെ കോഴികളെ കൊന്ന കീരിയെ കാണണമെങ്കീ ഓടി വരീം”
ദാനമ്മ അകത്തു നിന്നും കഴിയുന്ന വേഗത്തില്‍ ഓടി മുറ്റത്തേയ്ക്കിറങ്ങി, അവിടെ കിടന്ന ഒരു വിറകുകൊള്ളി എടുത്തിട്ട് ചോദിച്ചു.
”ആ മൈത്താണ്ടി എവിടെയെടാ”
”ദോ കിടക്കണ്”
”അത് ചത്തല്ലേ കെടക്കണത്”
”കല്ലെടുത്തു ഞാനൊരു കീച്ച് വച്ചു കൊടുത്തു”
”കഷ്ടം, കാലമാടന്‍ ആ മിണ്ടാപ്രാണിയെ കൊന്നു”
”കൊന്നാ പാപം, തിന്നാ തീരും തള്ളേ”
സെല്‍വരാജ് കീരിയുടെ അടുത്തേയ്ക്കു നടന്നു.
ഉച്ചയായതും ഒരു അടുപ്പില്‍ നിന്ന് വെന്തു പാകമായ കീരിത്തോരന്റെ മണം വീടിനു പുറത്തേയ്‌ക്കൊഴുകി. മറ്റൊരു അടുപ്പില്‍ കോഴിക്കഷ്ണങ്ങള്‍ക്കു മീതെ ചാറ് ഓളം വെട്ടിക്കളിച്ചു.
മുറ്റത്ത് ഒരു വാഹനം വന്നു നിന്നതിന്റെ ഒച്ച പോലീസ്ജീപ്പിന്റേതാണെന്നു തിരിച്ചറിഞ്ഞ് ദാനമ്മ, അടുക്കളയുടെ പുറകുവശത്തു നില്‍ക്കുന്ന വാഴകളില്‍ നിന്നും ഇല വെട്ടിക്കൊണ്ടു നിന്ന സെല്‍വരാജിനോടു വിളിച്ചു പറഞ്ഞു.
”നെന്നെ കൊണ്ടുപോകാന്‍ ഏമാന്‍മാരുടെ വണ്ടി വന്നെടാ”
”സെല്‍വാ, ടേയ് സെല്‍വാ”
ഹെഡ്‌കോണ്‍സ്റ്റബിള്‍ മധുവാണ് വിളിക്കുന്നതെന്നു തിരിച്ചറിഞ്ഞ സെല്‍വരാജ് ഉറക്കെ പറഞ്ഞു.
”മധുസാറേ ഇറച്ചിക്കറി അടുപ്പീന്ന് ഇറക്കിവച്ചിട്ടു ഇപ്പ വരാം”
സെല്‍വരാജിന്റെ മറുപടി കേട്ട മധു പാന്റ്‌സിന്റെ പോക്കറ്റില്‍ കൈ ഇട്ട് ഒരു കവര്‍ ബീഡിയും ഒരു ലൈറ്ററും പുറത്തേയ്‌ക്കെടുത്തു. കവറില്‍ നിന്നും ഒരു ബീഡി എടുത്ത് അതിന്റെ അഗ്രം കശക്കിയതിനുശേഷം ചുണ്ടില്‍ വച്ചു ലൈറ്ററിനു കത്തിച്ചു. ജീപ്പിന്റെ ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന ബെന്നി പുറത്തേയ്ക്കിറങ്ങി മധുവിന്റെ അടുക്കലേയ്ക്കു നടന്നു. അയാളും ഒരു ബീഡി മധുവിന്റെ കൈയ്യില്‍ നിന്നും വാങ്ങി കത്തിച്ചു പുക വിട്ടിട്ടു പറഞ്ഞു
”അങ്ങേര് ഇപ്പോ കിടന്നു കൊലവിളി വിളിക്കും”
”ഇന്‍സ്‌പെക്ടറല്ലേ, അങ്ങേര് വിളിക്കട്ടെടാ”
”പുരയിലെ കുപ്പിയില്‍ അടച്ചു വച്ചിരിക്കുന്ന ഭൂതമൊന്നുമല്ലല്ലോ സെല്‍വന്‍”
”ചൂണ്ടയിടാന്‍ പോയ സെല്‍വനെ ഒരു കരയുടെ ഇങ്ങേ അറ്റം മുതല്‍ അങ്ങേ അറ്റം വരെ നമ്മള്‍ അരിച്ചു പെറുക്കുകയാണ്, അത്രതന്നെ”
”സാറെ, നിങ്ങള് പുലിയാ”
”പിന്ന അല്ല, നൈറ്റ് കഴിഞ്ഞ് ഇറങ്ങിയത് അല്ലേ, ആ പിളേളരുടെ ബന്ധുക്കളുടെ കരച്ചില്‍ കണ്ടിട്ടാ, അല്ലെങ്കില്‍ മധുവിന്റെ പൊടിപോലും ഇന്‍സ്‌പെക്ടറല്ല ഡിജിപി വരെ തപ്പിയാ കിട്ടില്ല”
സെല്‍വരാജ് ചായ്പ്പിനുള്ളില്‍ നിന്നും മുറ്റത്തേയ്ക്കിറങ്ങി.
”സാറൻമാരെ നല്ല കീരിത്തോരനും, കപ്പയും കോഴിക്കറിയും ഉണ്ട്, ഒന്നു കഴിച്ചേച്ചു പോയാ പോരേ, വല്ല ചത്തതും പുഴുത്തതുമല്ലേ അത് സ്വല്പസമയങ്കൂടി കിടന്നാലും ഒന്നും പറ്റൂല്ല”
മധു ബെന്നിയെ നോക്കി, ബെന്നി തല ചൊറിഞ്ഞു.
”എന്നാപിന്നെ അങ്ങനെയാകട്ട് ”, മധു പറഞ്ഞു.
ചായ്പ്പിന്റെ ഒരു മൂലയില്‍ ചമ്രം പിണഞ്ഞിരുന്ന മൂവരുടെയും മുന്നിലെ ഇലകളില്‍ ദാനമ്മ കപ്പയും കോഴിക്കറിയും കീരിത്തോരനും വിളമ്പി. വയര്‍ നിറഞ്ഞു കഴിഞ്ഞതും അവര്‍ എണീറ്റു മുറ്റത്തേയ്ക്കിറങ്ങി കൈ കഴുകി. മധു പാന്റ്‌സിന്റെ പോക്കറ്റില്‍ ബീഡിക്കായി പരതിയതും
‘എന്ത് അതിശയമേ ദൈവത്തിന്‍ സ്‌നേഹം എത്ര മനോഹരമേ’,
എന്ന ഗാനം ബെന്നിയുടെ ഫോണില്‍ നിന്നും പുറത്തേയ്‌ക്കൊഴുകി.
”ഇന്‍സ്‌പെക്ടറായിരിക്കും. തിരിച്ചെന്നു പറയ് ” മധു പറഞ്ഞു.
ബെന്നി ഡ്രൈവര്‍ സീറ്റിലും മധു ബെന്നിയുടെ ഇടതുവശം സീറ്റിലും സെല്‍വരാജ് ജീപ്പിന്റെ പുറകിലും കയറി.
ജീപ്പ് പുഴയുടെ ഇരുകരകളെയും ബന്ധിപ്പിച്ചിരിക്കുന്ന പാലത്തിനരികില്‍ നിന്നു. തീപ്പെട്ടിക്കൂടിനുള്ളിലെ തിരികണക്കെ പാലം നിറഞ്ഞ് ആള്‍ക്കാര്‍ നില്‍ക്കുന്നത് സെല്‍വരാജ് കണ്ടു. പൊലീസ് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്കൊപ്പം മറ്റ് വാഹനങ്ങളും പാലത്തെ ബന്ധിപ്പിക്കുന്ന ഇരുറോഡുകളിലും നിരനിരയായി കിടക്കുന്നുണ്ടായിരുന്നു. പുറകിലത്തെ സീറ്റില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയ സെല്‍വരാജ് നാലുപാടും നോക്കി. ഒരു ജീപ്പിനു സമീപം നിന്ന് ആരെയോ ഫോണ്‍ ചെയ്തുകൊണ്ടിരുന്ന ഇന്‍സ്‌പെക്ടര്‍ സംഭാഷണം നിര്‍ത്തി സെല്‍വരാജിന്റെ അരികിലേയ്ക്ക് വേഗം നടന്നെത്തി.
”കടവില്‍ നീന്തിക്കുളിച്ചുകൊണ്ടിരുന്ന കുട്ടികളാ, പെട്ടെന്നുണ്ടായ ചുഴിയില്‍പെട്ടു. കലങ്ങിമറിഞ്ഞു വന്നുകൊണ്ടിരുന്ന വെള്ളം കണ്ടു ആള്‍ക്കാര്‍ പറഞ്ഞതാ കരയ്ക്കു കയറാന്‍. ഫയര്‍ ഫോഴ്‌സുകാരും മുങ്ങല്‍ വിഗ് ദ്ധൻമാരും മാക്‌സിമം നോക്കി”
”ഞാന്‍ നിരീച്ചത,് ആറ്റിച്ചാടി ചത്ത ആരുടേങ്കിലും പുഴുത്ത ശവമായിരിക്കുമെന്നാ” ഇന്‍സ്‌പെക്ടറുടെ ഫോണ്‍ വീണ്ടും നിര്‍ത്താതെ ശബ്ദിച്ചു.
അയാള്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ജീപ്പിനടുത്തേയ്ക്കു നടന്നു.
സ്റ്റേഷനിലെ പോലീസുകാരുടെ സ്ഥിരം സഹായിയായ ഒരു ചെറുപ്പക്കാരന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും സെല്‍വരാജിന്റെ അടുക്കലെത്തി. മുണ്ടിനടിയില്‍ ഇടുപ്പില്‍ ഒളിപ്പിച്ചു വച്ചിരുന്ന അര ലിറ്ററിന്റെ മദ്യക്കുപ്പി അയാള്‍ സെല്‍വരാജിന്റെ മുന്നിലേയ്ക്കു നീട്ടി. സെല്‍വരാജ് അത് വാങ്ങി കുളിക്കടവിലേയ്ക്കുള്ള പടവുകള്‍ ലക്ഷ്യമാക്കി നടന്നു. പടിക്കെട്ടിലും, സമീപത്തും നിന്നിരുന്ന നാട്ടുകാരും പോലീസുകാരും സെല്‍വരാജിന് പടിക്കെട്ട് ഇറങ്ങാന്‍ സൗകര്യം ചെയ്തു കൊടുത്തു. അവിടെ കൂടിനിന്നവരില്‍ ചിലര്‍ ഏങ്ങിക്കരയുന്നുണ്ടായിരുന്നു. മദ്യക്കുപ്പിയുടെ അടപ്പില്‍ ഉള്ളംകൈ കൊണ്ട് അമര്‍ത്തി തട്ടി പിരി പൊട്ടിച്ച് അടപ്പ് ഇളക്കി ദൂരത്തേയ്ക്ക് എറിഞ്ഞു. ഒരു തുള്ളി മദ്യം പോലും മിച്ചം വയ്ക്കാതെ ഒരേ നില്‍പ്പില്‍ മടമടാ കുടിച്ചിറക്കി. സെല്‍വരാജിന് പുറകെ നടന്ന അയാള്‍ക്ക് മദ്യം കൊടുത്ത ചെറുപ്പക്കാരന്‍ ഒരു സിഗരറ്റ് സെല്‍വരാജിന്റെ ചുണ്ടുകളില്‍ വച്ചു കൊടുത്തിട്ടു തീപ്പെട്ടിക്കു കത്തിച്ചു. സെല്‍വരാജ് അതും വലിച്ചു പുക പുറത്തേയ്ക്കു വിട്ടു പടിക്കെട്ടുകള്‍ ഓരോന്നായി ഇറങ്ങി. ചെളിയുടെ നിറത്തില്‍ കലങ്ങി മറിഞ്ഞു പോകുന്ന പുഴയെ നോക്കി അയാള്‍ കടവില്‍ കുറെ നേരം നിന്നു. അവിടെ നിന്നിരുന്ന ഒരു മുങ്ങല്‍വിദഗ്ദ്ധന്‍ ചുഴി രൂപപ്പെടുന്ന സ്ഥലം സെല്‍വരാജിനു ചൂണ്ടിക്കാണിച്ചു കൊടുത്തു.
”കള്ള പൊലയാടിമോന്‍മാര് മണലൂറ്റിയ കുഴിയാ. അവിടെ പെട്ടെങ്കി തീര്‍ന്നു”
സെല്‍വരാജ് സിഗരറ്റ് ദൂരത്തേയ്‌ക്കെറിഞ്ഞ് ഉടുമുണ്ട് കോണകം പോലെ ചുറ്റിക്കെട്ടി ആറ്റിലേയ്ക്ക് ചാടി ചുഴി രൂപപ്പെടുന്ന ഭാഗത്തേയ്ക്കു നീന്തി, മുങ്ങാങ്കുഴിയിട്ടു. നിമിഷങ്ങള്‍ മിനിറ്റുകളായി മാറിയതും കലങ്ങി മറിഞ്ഞുവരുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായി കൂടി വീണ്ടും ചുഴി രൂപപ്പെട്ടു. വെള്ളത്തിനൊപ്പം ഒഴുകിയെത്തിയ ഒരു തടിക്കഷ്ണം ചുഴിയുടെ ഭാഗത്തെത്തി വട്ടമിട്ട് വേഗത്തില്‍ കറങ്ങി. കരയില്‍ നിന്നവര്‍ പരസ്പരം നോക്കി. അവരുടെ ഹൃദയമിടിപ്പ് ക്രമാതീതമായി കൂടി. രംഗം മോശമാണെന്നു മനസ്സിലാക്കിയ മുങ്ങല്‍വിദഗ്ദ്ധര്‍ പുഴയിലേക്ക് ചാടി. ചുഴിയുടെ ഭാഗത്ത് ചെറിയ ഒരു തല ഉയര്‍ന്നു വന്നു. അത് ക്രമേണ കരയുടെ ഭാഗത്തേയ്ക്ക് നീങ്ങാന്‍ തുടങ്ങി. കരയിലും പാലത്തിലും പടിക്കെട്ടിലും ഉണ്ടായിരുന്നവര്‍ തിരക്കുകൂട്ടി. കരയില്‍ നിന്നവര്‍ സെല്‍വരാജിന്റെ കൈയ്യില്‍ നിന്നും ആദ്യത്തെ കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങി. ചുഴിയുടെ ഭാഗത്തേയ്ക്ക് സെല്‍വരാജ് വീണ്ടും നീന്തിയതും കരയില്‍ നിന്നും കൂട്ടക്കരച്ചില്‍ ഉയര്‍ന്നു. സെല്‍വരാജ് നിലവെള്ളം ചവിട്ടി നിന്നു ശ്വാസം എടുത്തതിനുശേഷം വീണ്ടും മുങ്ങാങ്കുഴിയിട്ടു. രണ്ടാമത്തെ മൃതദേഹവുമായി വീണ്ടും അയാള്‍ വെള്ളത്തിനു മീതെ ഉയര്‍ന്നു വന്നു. അത് ഏറ്റുവാങ്ങി മുങ്ങല്‍വിദഗ്ദ്ധര്‍ കരയിലെത്തിച്ചതും അവിടെ ഉണ്ടായിരുന്ന ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും ഒരു നാട്ടുകാരനും കുഴഞ്ഞു വീണു. വീണ്ടും ശ്വാസം എടുത്തതിനുശേഷം സെല്‍വരാജ് മൂന്നാമത്തെ തവണയും മുങ്ങാങ്കുഴിയിട്ടു. പാലത്തിന് മുകളിലും പടിക്കെട്ടിലും കരയിലും കൂട്ടക്കരച്ചിലുകള്‍ ഉയര്‍ന്നു. ചുഴിയുടെ ഭാഗത്ത് നിന്നും രണ്ടുവട്ടം സെല്‍വരാജ് വെള്ളത്തിനു മീതെ വന്നു ശ്വാസം എടുത്തു. വീണ്ടും മുങ്ങാങ്കുഴിയിട്ടു. മുങ്ങല്‍വിദഗ്ദ്ധരും ചുഴിയുടെ ഭാഗത്തേയ്ക്ക് മുങ്ങാങ്കുഴിയിട്ടു. മിനിട്ടുകള്‍ക്ക് ശേഷം കടവിന്റെ ഭാഗത്ത് ഒരു ചെറിയ തലയും ഒരു വലിയ തലയും ഉയര്‍ന്നു. സെല്‍വന്റെ കൈയ്യില്‍ നിന്നും നാട്ടുകാരും പോലീസുകാരും ചേര്‍ന്നു മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം കരയിലേയ്ക്ക് ഏറ്റുവാങ്ങി.
”അനിയന്‍ ചേട്ടന്‍മാരുടെ മക്കളാ. എവിടെ വച്ചു കണ്ടാലും മൂന്നുപേരും ഒരുമിച്ചുണ്ടാകും”
കരയിലേയ്ക്ക് കയറിയ സെല്‍വരാജ് ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ പറയുന്നതു കേട്ട് ഉറക്കെ അലറിക്കരഞ്ഞു. എന്തോ പിച്ചും പേയും ഉറക്കെ വിളിച്ചു പറഞ്ഞ് ആള്‍ക്കൂട്ടത്തെ തള്ളിമാറ്റി മൃതദേഹങ്ങളെ ഒന്നു നോക്കുക പോലും ചെയ്യാതെ മുന്നോട്ടു നടന്നു പടവുകള്‍ കയറിപ്പോയി.
8111950172