ഇടനാഴികള്‍
പപ്പാ, നമ്മളെത്തി. ലീന മെല്ലെ തട്ടി വിളിച്ചപ്പോഴാണ് സ്ഥലകാലബോധമുണ്ടായത് അതെങ്ങനെ. വെളുപ്പാന്‍കാലത്ത് പുറപ്പെട്ടതാണ്. തലേദിവസം ഒട്ടും ഉറങ്ങിയിട്ടില്ല. മൂന്നരയെഴുന്നേറ്റാലേ തയ്യാറായി നാലിനിറങ്ങാന്‍ പറ്റൂ. ഡ്രൈവറെ ഏര്‍പ്പാടാക്കിയിട്ടു വന്ന മകന്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു.
ഇപ്രാവശ്യം എന്റെ കൂടെ വരുന്നത് മരുമകള്‍ ലീനയാണ്. ഓപ്പറേഷനു കൊണ്ടുവന്നത് മകനായിരുന്നു. തിരക്കുള്ള ഡോക്ടറായിട്ടും ആ അഞ്ചു ദിവസവും അവന്‍ കൂടെ നിന്നു. അതു കോവിഡ് കാലമായിരുന്നു.
ലീനയ്ക്കിന്ന് ഓഫാണ്. നാളെ അവള്‍ക്ക് ഓപിയുണ്ട്. എന്നെ അഡ് മിറ്റ് ചെയ്തിട്ട് മടങ്ങും.
വണ്ടി റൈറ്റിലേക്കെടുത്തിട്ട് നിന്ന വഴിത്താരയിലൂടെ മുന്നോട്ടുപോയി റിസപ്ഷന്റെ മുന്നില്‍ നിന്നു. നേരത്തെ ബുക്കുചെയ്തിരുന്നതാണ്. റേഡിയേഷന്‍ അപ്പോയ്‌മെന്റ്.
റിസപ്ഷനിലെ പെണ്‍കുട്ടി ഓരോ മാസ്‌ക് തന്നിട്ട്, ഹെറിറ്റേജ് ബില്‍ഡിംഗ്, അണ്ടര്‍ഗ്രൗണ്ട് എന്നു പറഞ്ഞു ലിഫ്റ്റില്‍ താഴേക്കെത്തി.
വലിയൊരു ലോകം ഉത്സവത്തിരക്ക്. ധാരാളം കൗണ്ടറുകള്‍.
യൂണിഫോമിട്ട ഒരാള്‍ വന്ന് വെയിറ്റിംഗ്‌റൂം കാട്ടിത്തന്നു. നിരത്തിയിട്ട കസേരകള്‍, ടീപ്പോയ് ക്കുള്ളില്‍ വാട്ടര്‍ ബോട്ടിലുകള്‍ ഗ്ലാസുകള്‍, ടിഷ്യൂപേപ്പര്‍ എല്ലാമുണ്ട്. ഞങ്ങള്‍ക്കിരിപ്പിടം കിട്ടി.
പണ്ടൊക്കെ മുപ്പതുദിവസം കൊണ്ടു ചെയ്തിരുന്ന റേഡിയേഷന്‍ ഇപ്പോള്‍. ഇപ്പോള്‍ വെറും അഞ്ചുദിവസം മതി! കാശു കൂടിയാലും സമയം ലാഭം. ഇന്ന് സമയത്തിനാണല്ലോ ദാരിദ്ര്യം!
പപ്പാ, ഇന്നു ഡോക്ടര്‍ റേഡിയേഷന്‍ ചെയ്യേണ്ട ഭാഗം സ്‌കാന്‍ ചെയ്ത് നമ്മോട് ഡീറ്റെയില്‍ഡ് ആയി പറഞ്ഞു തരും ദിവസവും നമുക്കു വന്നു പോകാന്‍ പറ്റില്ലെന്നും പപ്പയ്ക്കായി ഫുള്‍ടൈം പി.സി.എയെ വയ്ക്കണമെന്നും പറഞ്ഞിട്ടുണ്ട്.
സമയമാകുമ്പോള്‍ അയാള്‍ റേഡിയേഷന്‍ റൂമിലേക്കു കൊണ്ടുപോകും. പപ്പാ അനങ്ങാതെ കിടന്നാല്‍ മതി. തിരിച്ച് റൂമില്‍ കൊണ്ടാക്കിയിട്ട് ഒപ്പമിരിക്കും. ഫുഡ്ഡൊക്കെ നന്നായി കഴിക്കണം. രുചിയൊന്നും നോക്കണ്ടാ. ലീന പതിയെ പറഞ്ഞു.
പപ്പാ, നമുക്കൊന്നു ഫ്രഷായി ക്യാന്റീനിലും പോയി വന്നാലോ? ഇപ്പോഴൊങ്ങും നമ്മുടെ നമ്പര്‍ വിളിക്കില്ല.
മോളു പോയി വാ, പപ്പാ ഒന്നു മയങ്ങട്ടെ.
ഓകെ.
ലീന മെല്ലെ പുറത്തേക്കു പോയി.
ഒരു മാസം മുമ്പായിരുന്നു ഓപ്പറേഷന്‍. ‘മരണം മണത്ത കാലം!’
ഒട്ടും പ്രതീക്ഷിക്കാതെ വന്ന ദുരന്തമായിരുന്നു. വെറുതെ ഒന്നു ചൊറിഞ്ഞു തടിച്ചതാണ് തോളില്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവിടെ ഒരു തടിപ്പ്, കല്ലുപോലെ. ഞാന്‍ ആ വലതുതോളില്‍ തൊട്ടിട്ട് ഇടതുതോളിന്റെ അതേ സ്ഥാനത്തുപതിവായി തൊട്ടുനോക്കാന്‍ തുടങ്ങി.
ഉണ്ട്, വ്യത്യാസമുണ്ട്. കോവിഡ് കാലത്ത് വെറുതെ മക്കളെ വിഷമിപ്പിക്കേണ്ട എന്നു കരുതി കുറെ ദിവസം പിടിച്ചു നിന്നു.
ശരീരം നന്നായി മെലിഞ്ഞു. ഒരു ദിവസം മകനാണു ചോദിച്ചത് പപ്പയ്‌ക്കെന്തു പറ്റി?
തീരെ മെലിഞ്ഞു. ആഹാരം കഴിക്കുന്നില്ലല്ലോ.
ലിനോ, നമുക്കു പപ്പയെ ഡോക്ടര്‍ ഡേവിഡിനെ ഒന്നു കാണിച്ചാലോ?
ഡേവിഡ് ഡോക്ടര്‍ ലീനയുടെ ഹോസ്പിറ്റലിലാണ്. എന്റെ ഡയബറ്റിസും ബിപിയുമൊക്കെ അദ്ദേഹത്തിന്റെ ചികിത്സയിലാണ്.
ഡേവിഡ് ഡോക്ടറാണ് ടെസ്റ്റുകള്‍ക്കെഴുതി തന്ന് ലാബിലേക്കയച്ചത്. റിസള്‍ട്ട് കണ്ട് വീണ്ടും ഹിസ്റ്റോ പത്തോളജിയിലേക്ക് ബയോപ്‌സി അയച്ചു.
റിസള്‍ട്ട് പോസിറ്റീവ്.
മലിഗ്‌നന്‍സി ക്യാന്‍സര്‍ എന്ന വില്ലന്‍.
എനിക്കു വിശ്വസിക്കാനായില്ല. തല കറങ്ങുന്നതുപോലെ വന്നു കട്ടിലില്‍ കയറിക്കിടപ്പായി!
മകന്‍ ആശ്വസിപ്പിച്ചു. പപ്പാ, ഇക്കാലത്ത് ഇതൊന്നും പേടിക്കേണ്ട അത്ര വലിയ രോഗങ്ങളൊന്നുമല്ല. നമുക്ക് വേണ്ടതു ചെയ്യാം. ഞാന്‍ നല്ല ഒരു ഓങ്കോളജിസ്റ്റിനെ കണ്ടു കാര്യങ്ങള്‍ തീരുമാനിക്കാം. ഒന്നും വിഷമിക്കാനില്ല.
വര്‍ഷങ്ങളോളം കപ്പലില്‍ പണിയെടുത്തു തീരത്തണഞ്ഞത് വിശ്രമിക്കാനാണ്.
മകനെ പഠിപ്പിച്ചു ഡോക്ടറാക്കി. ഭാര്യ നേരത്തെ തന്നെ അസുഖം ബാധിച്ചു മരിച്ചു പോയിരുന്നു. മകന്റെ വിവാഹം നന്നായ് നടത്തി. അന്നു ലീന ഇന്റേണ്‍ഷിപ്പു കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ.
പരിചയമുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ ജോലിയായിരുന്നു.
പിന്നീട് പിജി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ആദ്യത്തെ കൊച്ചുമോന്‍!
ജീവിതം അര്‍ത്ഥപൂര്‍ണ്ണമായതു നന്നായി ആഘോഷിച്ചു.
ഓ ജീസസ്സ്! യു ആര്‍. റിയലി ഗ്രേറ്റ്!
ലീനയ്ക്കു ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ അതും ദിവസവും പോയി വരാന്‍ പാകത്തില്‍ കിട്ടിയ ദിവസം ഞാന്‍ ശരിക്കും ആഘോഷിച്ചു.
ജീസസ്സ്! എന്നും ക്രിസ്മസ് രാത്രികള്‍!
വെളിച്ചത്തില്‍ കുളിച്ച ഭൂമി.
കൂട്ടുകാര്‍ പറഞ്ഞു. ”നെല്‍സണ്‍ നെറ്റോ, യുവാര്‍ റിയലി ലക്കി!”
നെറ്റോ സായിപ്പ് ഭാഗ്യമുള്ളവനാ, മോന്‍ ഡോക്ടറ്, മരുമോളും ഡോക്ടറ്, തങ്കം പോലൊരു കൊച്ചുമോന്‍, അയലത്തെ നാണി ഒരു ദിവസം ലീനയെ വെരിക്കോസ് വെയിന്‍ കാണിക്കാന്‍ വന്നു കാത്തു നിന്നപ്പോള്‍ പറഞ്ഞതാണ്.
സായിപ്പു പുണ്യം ചെയ്തയാളാ കഴിഞ്ഞ മാസം മുടിവെട്ടാന്‍ വന്ന കുട്ടപ്പനും പറയാന്‍ വിട്ടുപോയില്ല.
ഓപ്പറേഷനു മുമ്പുള്ള ടെസ്റ്റുകളും കൗണ്‍സിലിംഗും.
പിറ്റേദിവസം തിയേറ്ററിലേക്കു ഓരോരുത്തരായി വന്നു പരിചയപ്പെടുത്തുന്ന ഡോക്ടര്‍മാര്‍ പലതരം മെഷീനുകള്‍, ലൈറ്റുകള്‍!
അനസ്തിഷിസ്റ്റ് പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു, ഞാനൊരു ഇന്‍ജക്ഷന്‍ തരികയാണ്.
പിന്നെ ഒന്നും ഓര്‍മ്മയില്ല.
നെല്‍സണ്‍ നെറ്റോ! നെല്‍സന്‍ നെറ്റോ എന്ന കോറസ്സും കയ്യടിയും. മെല്ലെ കണ്ണുതുറന്നു.
എന്നെ ഉരുട്ടിക്കൊണ്ട് കട്ടില്‍. വഴിയില്‍ കോറിഡോറിന്റെ അറ്റത്തു മകനെ കണ്ടു. അവന്‍ വേഗം വന്നു റൂം തുറന്നു.
പതിയെ കിടത്തിയ ശേഷം സിസ്റ്റര്‍ പറഞ്ഞു ബോട്ടില്‍ രണ്ടെണ്ണമുണ്ട്, കട്ടിലിന്റെ സൈഡില്‍ വയ്ക്കാം. കൈ തട്ടി താഴെ വീഴരുത്.
എനിക്കൊന്നും മനസ്സിലായില്ല. മകന്‍ പറഞ്ഞു. പപ്പാ, ലിംഫ് നൊഡ്യൂള്‍സ് ഉണ്ടായിരുന്നു അതും റിമൂവ് ചെയ്തു. രണ്ടിടത്തു നിന്നും വരുന്ന ഡെക്രീഷന്‍സ് ഈ ബോട്ടിലുകളില്‍ കളക്ട് ചെയ്യും.
ഒരു ബോട്ടില്‍ ഡിസ്ചാര്‍ജ്ജ് ആകുന്ന ദിവസം മാറും.
ഏഴു ദിവസം കഴിഞ്ഞു നമ്മള്‍ വരുമ്പോള്‍ ഡ്രെസ്സിംഗ് ചെയ്ഞ്ച് ചെയ്തു ബോട്ടില്‍ മാറ്റും.
അതുവരെ ഇതു സൂക്ഷിക്കണം.
ഓരോ ദിവസവും ഇതിന്റെ അളവെടുത്ത് ഞാന്‍ ഡോക്ടര്‍ക്ക് അയക്കും.
സാരമില്ല. ഒരു രോഗം വന്നു .അതിന്റെ കുറച്ചു പ്രയാസം നമുക്കു സഹിക്കേണ്ടി വരും.
ഒന്നും പറയാതെ തലകുലുക്കി.
ജീസസ്സ് ! ഇതെന്തു പരീരക്ഷണം? അതും ഈ പ്രായത്തില്‍!
ഒക്കെ ഒരു സ്വപ്‌നം പോലെ മാസം ഒന്നു കഴിഞ്ഞു. കീമോ വേണ്ടാ, റേഡിയേഷന്‍ മതി എന്നു ഡോക്ടര്‍ പറഞ്ഞു.
അങ്ങിനെ ഇന്നിവിടെ.
”എക്‌സ്‌ക്യൂസ്മീ. അങ്കിള്‍! മേ ഐ സിറ്റ് ഹിയര്‍”
ഒരു പെണ്‍കുട്ടിയാണ്. ലീനയുടെ ബാഗ് ചെയറിലുണ്ടായിരുന്നു. ഞാനതെടുത്തു മാറ്റി മുന്നിലേ ടീപോയ്‌മേല്‍ വച്ചു.
പെണ്‍കുട്ടി അവളുടെ ബാഗില്‍ നിന്നൊരു വാട്ടര്‍ബോട്ടിലെടുത്ത് എതിരെ ഇരുന്ന ഒരു സ്ത്രീയ്ക്കു നീട്ടി .ദുഃഖത്തിന്റെ സ്ത്രീ രൂപം!
വെളുത്തു സുന്ദരമായ ആ മുഖം വാടിത്തളര്‍ന്ന്, കണ്ണുകള്‍ ശൂന്യതയെ കാണുന്നതു പോലെ! നിര്‍മ്മലമായ മുഖത്തോടെ അവരതുവാങ്ങി.
അടുത്തു വന്നിരുന്ന പെണ്‍കുട്ടി ഞാനെവിടെ നിന്നാണെന്നു ചോദിച്ചു. അവള്‍ മെല്ലെ സംസാരം തുടങ്ങി.
അങ്കിളിനെവിടെയായിരുന്നു ജോലി?
ഒരു ജപ്പാനീസ് കമ്പനിയുടെ ചരക്കു കപ്പലില്‍.
ഓ, ഹൗ നൈസ്!
എവിടെയൊക്കെ സഞ്ചരിച്ചു കാണും! നീലക്കടല്‍, വെണ്‍തിരകള്‍! ഹൗ അഡ്‌വഞ്ചറസ്!
മിടുക്കി കുട്ടി. പതിനേഴോ പതിനെട്ടോ പ്രായം കാണും. യാതൊരു മേക്കപ്പുമില്ലാത്ത ഒരു കൊച്ചുസുന്ദരി!
അമ്മയോടൊപ്പം വന്നതാണ് ഞാന്‍ ചോദിച്ചു ”മമ്മി വളരെ ടയേര്‍ഡ് ആണല്ലോ. ആഹാരമൊന്നും ശരിക്കു കഴിക്കുന്നില്ലേ?”
”ഇല്ല. രോഗം കണ്‍ഫേമായതു മുതല്‍ ഊണില്ല, ശരിക്കുറക്കവുമില്ല. ഓപ്പറേഷനൊക്കെ ഒരുവിധം പിടിച്ചു നിന്നു. ഇപ്പോള്‍ സംസാരം കുറവാണ്. അത്യാവശ്യത്തിനുമാത്രം”
എന്റെ ആകാംക്ഷ അടക്കാനായില്ല.
ഗള്‍ഫിലാണ്. ഓപ്പറേഷന്‍ സമയത്തുണ്ടായിരുന്നു. ലീവു തീര്‍ന്നു, തിരിച്ചു പോയി.
മോള്‍ എവിടെ പഠിക്കുന്നു?
ഞാനിവിടുത്തെ ഗവണ്‍മെന്റ് കോളേജില്‍ ഫസ്റ്റ് ഇയര്‍ മെഡിക്കല്‍ സ്റ്റുഡന്റാണ്. ബെക്കിജോസഫ്.
ഞാന്‍ നെല്‍സണ്‍നെറ്റൊ. മര്‍ച്ചന്റ് നേവിയിലായിരുന്നു. കപ്പല്‍ സ്റ്റിയര്‍ ചെയ്യുന്ന ജോലിയായിരുന്നു.
എന്നു വച്ചാല്‍ കപ്പിത്താന്‍ അല്ലെ?
എന്നും പറയാം. ക്യാപ്റ്റനാണ് കപ്പിത്താന്‍ എന്നറിയപ്പെടുന്നത്. പക്ഷെ സ്റ്റിയര്‍ ചെയ്യുന്നത് എന്നെപ്പോലുള്ള സെയിലേഴ്‌സാണ്. ആദ്യം ഒരു ബ്രിട്ടീഷ് കമ്പനിയില്‍; അവര്‍ പഠിപ്പിച്ചെടുത്തു. അന്നൊക്കെ അത്തരം റിക്രൂട്ട്‌മെന്റുണ്ടായിരുന്നു.
കുറെ നാള്‍ കഴിഞ്ഞ് ഒരു ജാപ്പനീസ് ഷിപ്പിലേക്കു മാറി.
അവള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. ”ഈ കപ്പല്‍ ആടിയുലയുകയില്ല സാര്‍, ഇതിനൊരു കപ്പിത്താനുണ്ട്!’
ഞാന്‍ ചിരിച്ചു പോയി.
മോളെ അതു ശരിയല്ല? എല്ലാ ആഴക്കടല്‍ യാനങ്ങളും ആടിയും ഉലഞ്ഞും ഒക്കെ ചിലപ്പോഴൊക്കെ സഞ്ചരിക്കാറുണ്ട്. കടലിന്റെ പ്രക്ഷുബ്ധതയോ, കാലാവസ്ഥ വ്യതിയാനമോ ഒക്കെ ആകാം. അതിന് കുഴപ്പമില്ല.
സ്റ്റിയറു ചെയ്യുന്ന ആളെ സഹായിക്കാന്‍ മാരിനേഴ്സ് കോമ്പസ്,, ഡിജിപിഎസ് ഒക്കെ കൂടാതെ സദാ നിരീക്ഷിക്കാനും ഗൈഡന്‍സ് കൊടുത്തുകൊണ്ടേയിരിക്കാനും സ്റ്റാഫുണ്ട്. ഒരിക്കല്‍ കോഴ്‌സ് സെറ്റു ചെയ്തുകഴിഞ്ഞാല്‍ സുഖമായി പൊയ്‌ക്കോളും!
അപ്പോള്‍ ക്യാപ്റ്റനോ?
ക്യാപ്റ്റന്‍ മിക്കപ്പോഴും ഷോറിലായിരിക്കും. ഓവറോള്‍ സൂപ്പര്‍വിഷനും അഡ്മിനിസ്‌ട്രേറ്റീവ് വര്‍ക്‌സുമാണ് ക്യാപ്റ്റന്. ഇപ്പോള്‍ നാവിഗേഷന്‍ പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആണ്. ഏതു കപ്പലിന്റെയും കുക്കുമുതല്‍ ക്യാപ്റ്റന്‍ വരെ വെല്‍ട്രെയിന്‍ഡ് ആണ്.
കൃത്യമായി അവനവന്റെ ജോലി ചെയ്യുന്നു.
ലേഡി സ്റ്റാഫുകളുണ്ടായിരുന്നോ?
ഓ, എസ്.!
ഇപ്പോള്‍ അന്നത്തേതിലും അധികം ലേഡീസ്റ്റാഫുണ്ട്.
അങ്കിള്‍ കപ്പിത്താനായിരുന്നല്ലോ. ആരെങ്കിലും അങ്കിളിനെ ഇങ്ങനെ പുകഴ്ത്തിയിരുന്നോ? എങ്കില്‍ എന്താകുമായിരുന്നു റിയാക്ഷന്‍?
എങ്കില്‍ ഞാന്‍ പറഞ്ഞേനെ, കപ്പിത്താനുണ്ടെന്നു പറഞ്ഞ് കൈ കെട്ടിയിരിക്കാതെ, ഗോ– ഗോ റ്റു യുവര്‍ ക്ലാസസ് എന്നിട്ട് മോഹന്‍ലാല്‍ സ്റ്റൈലില്‍ഒരു നടപ്പു നടന്നേനെ!
ബെക്കിയും ഞാനും പൊട്ടിച്ചിരിച്ചു. അവളുടെ അമ്മ ഞെട്ടിത്തരിച്ച് ഞങ്ങളെ നോക്കി.
എന്റെ മനസ്സ് ശാന്തമായൊഴുകുന്ന പുഴയായി മാറി. ഞങ്ങള്‍ ധാരാളം സംസാരിച്ചു. അവളെത്ര സ്മാര്‍ട്ടാണ് അമ്മയോടൊപ്പം പഠിപ്പും മുടക്കി ഇരിക്കുന്നു. വേഗം ആ പാവം അമ്മ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരട്ടെ.
അങ്കിള്‍ ഏതു സഭയിലാണ്?
മോളെ, ഞാന്‍ ചട്ടക്കാരന്‍, റോമന്‍ കാതലിക് നെല്‍സന്‍ റെറ്റോ.
പക്ഷെ പ്രണയിച്ചത് ഒരു ശ്രീദേവിയെയാണ്. അയല്‍ക്കാരി കുട്ടി. പഠിക്കാന്‍ ബഹുമിടുക്കിയായിരുന്ന അവളെ എന്റെ നിഴലുപോലും കാണിക്കാതിരിക്കാന്‍ അവളുടെ അമ്മ ശ്രദ്ധിച്ചിരുന്നു.
നന്നായി പഠിക്കാനായി ഞാന്‍ തോറ്റു പഠിച്ചിരുന്നു. അവളോ കോണി കയറുമ്പോലെ ജയിച്ചു ജയിച്ച് മേലോട്ട്.
എന്നിട്ടും നാട്ടിലുള്ള സമയത്തു ക്രിസ്മസിന് ഞാന്‍ മമ്മയുടെ സ്‌പെഷ്യല്‍ കേക്കും, മട്ടന്‍ മൊയ്‌ലിയും പാന്‍ കേക്കുമൊക്കെയായി ശ്രീദേവിയുടെ വീട്ടില്‍ പോകുമായിരുന്നു. പിന്നീട് ഞാന്‍ നടുക്കടലിലും അവള്‍ ഏതോ മനോഹരതീരത്തുമായി.
ബെക്കിജോസഫ്! വാതില്‍ തുറന്ന് അറ്റന്‍ഡര്‍ വിളിച്ചു. വിളി കേട്ട് അവളുടെ അമ്മ ചാടിയെഴുന്നേറ്റു.
ബെക്കി അടുത്തുവന്ന് എന്റെ രണ്ടു കയ്യും ചേര്‍ത്തു പിടിച്ചു പറഞ്ഞു.
അങ്കിള്‍! പേഷ്യന്റ് ഞാനാണ്. മമ്മിയല്ല.
കണ്ണില്‍ പാടയോ മൂടല്‍മഞ്ഞോ എന്നറിയുന്നില്ല. ആളുകള്‍ വരുന്ന ഒച്ച, അകലുന്ന പതിഞ്ഞ ശബ്ദം!