തിരുത്തലുകള്‍

നഗരത്തിലൂടെ കുറെ മുന്നോട്ടു പോയപ്പോഴാണ് വഴിതെറ്റിയോ എന്നൊരാശങ്ക ഉള്ളില്‍ കടന്നു വന്നത്. അയാളുടെ വീട് അന്വേഷിച്ചിറങ്ങിയിട്ട് ഒരു മണിക്കൂര്‍ സമയം കടന്നുപോയിരിക്കുന്നു. ദ്വീപിനെ ബന്ധിപ്പിക്കുന്ന പാലവും കടന്നു, വലത്തോട്ട് തിരിയുന്ന റോഡിലൂടെ പോയാല്‍ കാല്‍ മണിക്കൂര്‍ കൊണ്ട് വീട്ടിലെത്താം. കഴിഞ്ഞ ദിവസം അയാള്‍ വഴി പറഞ്ഞു തരുമ്പോള്‍ ഒരു സംശയം ഉള്ളില്‍ തോന്നിയിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്രയോ തവണ പോയ വഴികളാണ്. ഇപ്പോള്‍ എല്ലായിടവും മാറി കാണും. എന്നാല്‍ കുളത്തിന് സമീപത്തെ വലിയ പള്ളിയും, അതിന്റെ മുമ്പിലുള്ള കുരിശിനും ഒരു മാറ്റവുണ്ടാവില്ലല്ലോ. അതെല്ലാം മനസ്സില്‍ കണ്ടാണ് ‘ഒറ്റക്ക് ഞാന്‍ വന്നുകൊള്ളാം’ എന്ന് അയാളോട് തറപ്പിച്ചു പറഞ്ഞത്. കുറച്ചു കാലമായി എന്നെ ഒരിടത്തേക്കും വീട്ടില്‍ നിന്നാരും തനിച്ചു വിടാറില്ല. എന്നാല്‍ പഴയൊരു കൂട്ടുകാരനെ അത്യാവശ്യ കാര്യത്തിനു കാണാന്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ ഒറ്റക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

കൂട്ടുകാരന്‍ ഫോണില്‍ സംസാരിക്കുന്നതൊക്കെ ഭാര്യ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഫോണ്‍ സംസാരം ലൗഡ് സ്പീക്കറിലല്ലാതിരുന്നിട്ടും, അപ്പുറത്തിരിക്കുന്ന ഭാര്യക്ക് അത് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. വഴി പറഞ്ഞു തന്നു കൊണ്ടിരിക്കെ ഒരു പ്രാവശ്യംഞാന്‍ ചോദിച്ചു.

”പാലവും കടന്നു ഇടത്തോട്ടേക്കാണല്ലോ തിരിയേണ്ടത്”
അന്നേരം അവള്‍ അപ്പുറത്തു നിന്നും വിളിച്ചു പറഞ്ഞു. ”അല്ല വലത്തോട്ടേക്കാണ് തിരിയേണ്ടത്” എനിക്കപ്പോള്‍ ദേഷ്യമാണ് തോന്നിയത്. എത്രയോ പ്രാവശ്യം ഞാന്‍ നടന്നു പോയ വഴികളാണ്. ഭാര്യയാണെങ്കില്‍ ഒരിക്കല്‍ പോലും ആ വഴി പോയിട്ടുമില്ല. അവള്‍ ആ പ്രദേശത്തെക്കുറിച്ചൊന്നും അറിയുകയുമില്ല. എന്നിട്ടും എനിക്കു വഴി പറഞ്ഞു തരുന്നു. തിരുത്തുക എന്നത് അവളുടെ ശീലങ്ങളില്‍പ്പെട്ട ഒന്നാണെന്ന് ഇതിന് മുമ്പും തോന്നിയിട്ടുണ്ട്. വീട്ടിലേക്ക് ആരെങ്കിലും വരുമ്പോള്‍ എന്നോട് പലപ്പോഴും വഴി ചോദിക്കാറുണ്ട്. എന്റെ വീട്ടിലേക്കാണെങ്കില്‍ പോലും വഴി പറഞ്ഞു കൊടുക്കുമ്പോള്‍ എനിക്ക് തെറ്റിപ്പോകാറുണ്ട്. നാഷണല്‍ ഹൈവേയില്‍ നിന്നും പടിഞ്ഞാറോട്ടുള്ള ജംഗ്ഷനില്‍ കാര്‍ ഷോറൂമിന്റെ തൊട്ടടുത്തുള്ള റോഡിലൂടെ തെല്ലിട നടന്നാല്‍ എന്റെ വീട്ടിലെത്തി. എന്നാല്‍ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുക്കുമ്പോള്‍ പലപ്പോഴും എനിക്ക് തെറ്റിപ്പോകാറുണ്ട്. നാഷണല്‍ ഹൈവേയില്‍ പ്രധാനപ്പെട്ട പല കാര്‍ നിര്‍മ്മാതാക്കളുമുണ്ട്, ഷോറൂമുകളുണ്ട്. ഇതില്‍ ഏത് കാര്‍ ഷോറൂമിനടുത്തുള്ള റോഡിലൂടെയാണ് വരേണ്ടതെന്ന് ചോദിക്കുമ്പോള്‍ പലപ്പോഴും എന്റെ വായിലേക്ക് കടന്നുവരിക എനിക്ക് നാവിന് വഴങ്ങുന്ന ഒരു പേരാണ്. അത് പലപ്പോഴും ‘കിയ’ എന്നായിപ്പോകും. അന്നേരം, അതെല്ലാം കേട്ടുകൊണ്ട് ഭാര്യ തൊട്ടടുത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ വിളിച്ചു പറയും.
‘കിയ, അല്ല മാരുതി എന്നാണെന്ന് പറയൂ’
എന്നാല്‍ ഞാനതൊട്ടും ശ്രദ്ധിക്കാന്‍ പോവില്ല. കിയ അല്ല മാരുതിയാണെന്ന് തിരുത്താനും തുനിയാറില്ല. വീട്ടിലേക്ക് വരുന്നവര്‍ വഴി കണ്ടുപിടിക്കട്ടെ എന്ന് കരുതി ഞാന്‍ മിണ്ടാതിരിക്കും. ഒടുവില്‍ പത്തുമിനിറ്റു കൊണ്ടു വരാമെന്നു പറഞ്ഞവര്‍ വഴി കണ്ടെത്താനാകാതെ വളരെ വൈകിയിട്ടായിരിക്കും വീട്ടിലെത്തുക. അപ്പോള്‍ അവര്‍ ക്ഷമാപണത്തോടെ പറയും, വഴി തെറ്റിപ്പോയി മാഷെ.

എന്തിനാണവര്‍ക്ക് തെറ്റായ വഴി പറഞ്ഞു കൊടുത്തതെന്ന മുഖഭാവത്തോടെ ഭാര്യ അടുത്തെവിടെയെങ്കിലും അപ്പോള്‍ നില്‍പുണ്ടാകും. ഭാര്യ എന്തിനാണ് എന്റെ കാര്യത്തില്‍ ഇങ്ങനെ കൂടെക്കൂടെ ഇടപെട്ടുകൊണ്ടിരിക്കുന്നതെന്ന് തെല്ല് ഈര്‍ഷ്യയോടെ ഞാന്‍ ചിന്തിക്കാറുണ്ട്.
കൂട്ടുകാരന്റെ വീട്ടിലേയ്ക്ക് ഞാന്‍ പോയിക്കൊണ്ടിരിക്കുകയാണ്. അന്നേരമൊക്കെ ഞാന്‍ ആലോചിച്ചത്, ആ പ്രദേശം അപ്പാടെ മാറിപോയല്ലോ എന്നാണ്. പള്ളിയും കുളവും കുരിശുമല്ലാതെ മറ്റെല്ലാം തന്നെ മാറിപ്പോയിരിക്കുന്നു. പല ഭാഗത്തു നിന്നും പുതിയ റോഡുകള്‍ ആ ഭാഗത്തുണ്ടായിരിക്കുന്നു. മുമ്പൊന്നും ഇവിടെ ഈ റോഡുകള്‍ ഒന്നുമില്ല. അതുകൊണ്ടുതന്നെ വഴി കണ്ടുപിടിക്കാനും പ്രയാസമുണ്ടായിരുന്നില്ല. പള്ളിക്കു മുമ്പിലിറങ്ങി തെല്ലിട നടന്നു വലത്തോട്ടേക്ക് തിരിഞ്ഞാല്‍ സുഹൃത്തിന്റെ വീടിനടുത്തെത്താം. എന്നാല്‍ ഞാനെത്ര ആലോചിച്ചിട്ടും ഉദ്ദേശിച്ച സ്ഥലത്തെത്തുന്നില്ല. വഴി നീണ്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. തളര്‍ച്ച പതുക്കെ പതുക്കെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഒപ്പം ആശങ്കയും. നഗര വനത്തില്‍ ഏതോ ഒരിടത്തു അകപ്പെട്ട ഒരവസ്ഥ. മുമ്പു ഞാനെത്രയോ നടന്നു പോയ വഴികളാണെങ്കിലും ആദ്യമായി വന്ന മനോഭാവത്തിലായിരുന്നു ഞാന്‍. ഈ വഴിയില്‍ മുമ്പൊരിക്കലും വന്നിട്ടില്ല. ഇതെല്ലാം തന്നെ ഞാന്‍ ആദ്യമായി കാണുകയാണ്. ഇതൊക്കെ ഏതാണ് വഴിയെന്നും റോഡിന്നിരുവശത്തും ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളൊക്കെ എപ്പോഴാണ് ഉയര്‍ന്നുവന്നതെന്നും ആരെങ്കിലും ഒരാള്‍ പറഞ്ഞു തന്നിരുന്നെങ്കില്‍ അന്നേരമാണ് ഭാര്യ ഓര്‍മ്മിപ്പിച്ച ഒരു കാര്യം ഓര്‍മ്മയില്‍ വന്നത്. വഴിയെക്കുറിച്ചന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അതു കേട്ടു അപ്പുറത്തു നിന്ന ഭാര്യ ഓര്‍മ്മിപ്പിച്ചു.
”അവരോട് അവിടേക്കുള്ള റൂട്ട് മാപ്പ് അയച്ചു തരാന്‍ പറയൂ..”
അതു കേട്ടപ്പോഴും താന്‍ പുച്ഛത്തോടെ സ്വയം പറഞ്ഞു.
”ഓ റൂട്ടുമാപ്പ്. എത്രയോ പ്രാവശ്യം നടന്നുപോയ വഴികളിലൂടെ പോകാന്‍ എന്തിനാണ് റൂട്ട്മാപ്പ്. മാത്രവുമല്ല എന്റെ സുഹൃത്ത് ആ പ്രദേശത്ത് വളരെ അറിയപ്പെടുന്നവനുമാണ്. ആരോട് ചോദിച്ചാലും അവനെക്കുറിച്ചറിയാന്‍ പറ്റും’
ഏറെ നടന്നതിന് ശേഷം കൂട്ടുകാരന്റെ വീട്ടിലേക്ക് വഴി കണ്ടെത്താനാകാതെ നിരാശപ്പെട്ടപ്പോള്‍ മനസ്സിലായി. താന്‍ മുമ്പു പലപ്രാവശ്യം വന്ന വഴിയല്ല ഇത്. ഈ പ്രദേശം അപ്പാടെ മാറിപ്പോയിരിക്കുന്നു.

കൂട്ടുകാരനെ വിളിച്ചു വഴി കൃത്യമായി പറഞ്ഞുതരാന്‍ ആവശ്യപ്പെടാമെന്ന് അയാള്‍ വിചാരിച്ചു. അതല്ലെങ്കില്‍ വീട്ടിലേക്കുള്ള റൂട്ട് മാപ്പ് അയച്ചു തരാന്‍ പറയാം. അതിനുവേണ്ടി ഫോണ്‍ എടുക്കാന്‍ തുനിഞ്ഞപ്പോഴാണ് പോക്കറ്റില്‍ ഫോണില്ലെന്ന് മനസ്സിലായത്. വീട്ടില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പെ അവള്‍ ഓര്‍മ്മിപ്പിച്ചിരുന്നതാണ്.
”ഫോണെടുക്കാന്‍ മറക്കേണ്ട കേട്ടോ”
എന്നാല്‍ അതൊട്ടും ഗൗനിക്കാന്‍ തയ്യാറായില്ല. അവള്‍ എല്ലായ്‌പോഴും ഇങ്ങിനെയാണ്. എപ്പോഴും തന്റെ കാര്യത്തില്‍ അനാവശ്യ ശുഷ്‌കാന്തി കാണിക്കും. പലപ്പോഴും തനിക്കത് പിടിക്കാറുമില്ല.
ഫോണെടുക്കാന്‍ മറന്നതിനെ ചൊല്ലി അയാള്‍ക്ക് വല്ലാത്ത വിഷമം തോന്നി. അപ്പോഴാണ് കൂട്ടുകാരന്റെ നമ്പറിലേക്ക് വിളിച്ചു ചോദിക്കാമെന്നു വിചാരിച്ചത്. വീട്ടിലേക്കുള്ള വഴി ഞാന്‍ മറന്നിരിക്കുന്നു. ഒന്നു വ്യക്തമായി പറഞ്ഞു തരൂ. അല്ലെങ്കില്‍ തട്ടുകടയില്‍ അന്വേഷിച്ചാല്‍ വീടു കണ്ടെത്താനാകുമെന്നും അയാള്‍ വിശ്വസിച്ചു. മുമ്പിവിടെ വന്നപ്പോള്‍ റോഡരികില്‍ ധാരാളം തട്ടുകടകളുണ്ടായിരുന്നു. ഇപ്പോള്‍ അത്തരം തട്ടുകടകളൊന്നും കാണാനേ ഇല്ല. അതുകൊണ്ടാണ് ആരോടാണ് കൂട്ടുകാരന്റെ വീടിനെക്കുറിച്ചു തിരക്കുക? ഒടുവില്‍ തട്ടുകടയെക്കാള്‍ കുറെക്കൂടി വലുപ്പമുള്ള ഒരു കട കണ്ടെത്തി അവിടെ തിരക്കാമെന്നു കരുതി. കടയിലപ്പോള്‍ വില്പനക്കാരന്‍ മത്രമാണുണ്ടായിരുന്നത്.
”ചന്തപ്പറമ്പില്‍ അയ്യപ്പന്‍ മാഷുടെ വീടെവിടെയാണെന്നറിയോ”
വില്‍പനക്കാരന്‍ ഒന്നും മനസ്സിലാകാതെ മുഖത്തേക്ക് തറപ്പിച്ചു നോക്കി. ”ഇവിടുത്തെ ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു. അദ്ധ്യാപകര്‍ക്കുള്ള ദേശീയ അദ്ധ്യാപക അവാര്‍ഡു കിട്ടിയിട്ടുണ്ട്. നല്ല പ്രഭാഷകനുമാണ്”
”ങ്ഹാ പിടികിട്ടി. അയ്യപ്പന്‍ മാഷല്ലേ കഴിഞ്ഞ കൊല്ലം മരിച്ചു പോയത്. കൊറോണാ വന്നിട്ടായിരുന്നു മരണം.” വില്പനക്കാരന്‍ നല്ല ബോധ്യത്തോടെ പറഞ്ഞു. അവിടെ നിന്നിട്ടു കാര്യമില്ലെന്നു കരുതി ഇറങ്ങി നടന്നു. അറിയാവുന്ന വഴികളിലൂടെയെല്ലാം പോയി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് പുതിയ വഴികളിലൂടെയാണ്. ഒന്നും തന്നെ മനസ്സിലാവുന്നില്ല. കാലുകള്‍ക്ക് തളര്‍ച്ച ബാധിച്ചു തുടങ്ങിയിരിക്കുന്നു.

ഇനി ഏറെ നേരം നടക്കാന്‍ കഴിയില്ല. കുറേക്കൂടി നടന്നു, വളരെ മന്ദഗതിയില്‍ എവിടെയോ എത്തിയപ്പോള്‍ തെല്ല് നേരം ഇരിക്കണമെന്ന് തോന്നി. കുറച്ചിട കഴിഞ്ഞപ്പോള്‍ എവിടെയാണ് താന്‍ എത്തിയതെന്ന് അറിയാന്‍ വേണ്ടി ചുറ്റും അമ്പരപ്പോടെ പകച്ചു നോക്കി. അത് തനിക്ക് വളരെ പരിചിതമായ ഒരു സ്ഥലമായിരുന്നു. താന്‍ നേരത്തെ വന്നിറങ്ങിയ പള്ളിക്ക് മുമ്പിലെ കുരിശിന്റെ നിഴലിലാണ് താന്‍ എത്തിയിരിക്കുന്നത്. ഇത്രയും നേരം നടന്നിട്ടും വന്നിറങ്ങിയ അതേ സ്ഥലത്ത് താന്‍ മടങ്ങി വന്നിരിക്കുന്നു. അന്നേരം അയാള്‍ക്കു വല്ലാത്ത നിരാശയും, ദുഃഖവും തോന്നി. അപ്പോള്‍ അവളുടെ ശബ്ദം കേള്‍ക്കാന്‍ അയാള്‍ കൊതിച്ചു.
”ഞാന്‍ പറഞ്ഞതൊന്നും കേള്‍ക്കാതെ ഇറങ്ങിപ്പുറപ്പെട്ടതിന്റെ ഫലമല്ലേ ഇത്.”.

Author

Scroll to top
Close
Browse Categories