ചന്ദ്രാ നീ എവിടെയാണ്?

തകിടം മറിഞ്ഞ പ്രതീക്ഷകൾ

ചന്ദ്രന് ഒരു സന്തോഷവും ഇല്ല. അമ്മയോടോ, സഹോദരിയോടോ ഒന്നും സംസാരിക്കുന്നില്ല. കൊടുക്കുന്ന ഭക്ഷണം പകുതി കഴിച്ചു മാറ്റിവച്ചു. വീണ്ടും മൗനം. സഹോദരി അന്നുരാത്രി അവിടെ നിന്നു.

രാത്രി ആയപ്പോള്‍ ചന്ദ്രന്‍ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി. അവന്‍ വീടിനു വെളിയില്‍ ഇറങ്ങി. മുറ്റത്ത് അങ്ങോട്ടും, ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി. നല്ല നിലാവുള്ള ദിവസം ആയിരുന്നു. ചന്ദ്രിക അവനെ മാടി വിളിക്കുന്നതായി തോന്നി. നേരം വെളുക്കാറായപ്പോള്‍ പുരയില്‍ കയറി വാതില്‍ അടച്ചു കിടപ്പായി.

ഉച്ചയായപ്പോള്‍ ഉണര്‍ന്നു. അമ്മയും സഹോദരിയും അവനു ഭക്ഷണം കൊണ്ടു കൊടുത്തു. സഹോദരി അന്നുതന്നെ തിരിച്ചു പോയി.
ചന്ദ്രന്‍ പലപ്പോഴും അസ്വസ്ഥനാകും. അമ്മയോട് ദേഷ്യപ്പെടും. ചില ദിവസങ്ങളില്‍ പുറത്തു പോകും. അവനോട് സഹകരിക്കുന്ന ചില കൂട്ടുകാരെ കിട്ടി. ചില ആളുകള്‍ ചന്ദ്രനെ ചില്ലറ പണികള്‍ ചെയ്തു കൊടുക്കാന്‍ ഏല്‍പിച്ചു. കൃത്യമായിട്ടും അവയെല്ലാം ചെയ്തു കൊടുത്തു. കിട്ടുന്ന പണം വീട്ടില്‍ എത്തിയില്ല. പണം ഇല്ലാത്ത അവസരം അവന്‍ അമ്മയോടു കയര്‍ക്കും. അങ്ങനെ ചന്ദ്രന്റെ ഭാവി ഒരു തുലാഭാരം കണക്കെ ആടി ഉലഞ്ഞു.

അമ്മ മാധവി ഒരു പശുവും, കോഴികളും ആയി ജീവിതം തള്ളിനീക്കി. ചന്ദ്രനു ഭക്ഷണം ശരിയാക്കി കൊടുക്കും. ചിലപ്പോള്‍ കഴിക്കും. ചിലപ്പോള്‍ പിണങ്ങിപോകും.

സഹോദരി ചിലപ്പോഴൊക്കെ വരും. കുട്ടികള്‍ വലുതായി രണ്ട് ആണ്‍കുട്ടികള്‍. ഇരട്ടക്കുട്ടികളാണ്. 5-ാം ക്ലാസ്സിലാണ് രണ്ടുപേരും. സഹോദരീ ഭര്‍ത്താവ് ചന്ദ്രനോട് വലിയ അടുപ്പം കാണിക്കാറില്ല. കാരണം എത്ര പറഞ്ഞിട്ടും ചന്ദ്രന്‍ അനുസരിക്കുന്നില്ല.

ചന്ദ്രനു പ്രായം 35 ആയിട്ടുണ്ടാകും. തള്ളയോടുള്ള ഉപദ്രവം കൂടിക്കൂടി വന്നു. രൂപ ആവശ്യപ്പെട്ടാണ്. മാധവിയുടെ കരച്ചില്‍ മിക്കപ്പോഴും കേള്‍ക്കും. അടുത്തുള്ളവര്‍ ഓടിവന്ന് മകനെ പറഞ്ഞുവിടും. പാവം തള്ള എവിടെനിന്ന് രൂപ ഉണ്ടാക്കി കൊടുക്കും! പരാതികള്‍ പോലീസ് സ്റ്റേഷന്‍ വരെ എത്തി. ചന്ദ്രനെ വിളിപ്പിച്ച് താക്കീതു ചെയ്തുവിടും.

ഒരു ദിവസം ചന്ദ്രന്‍ അമ്മയെ കഠിനമായി ഉപദ്രവിച്ചു. അടുത്തു കിടന്ന ഒരു വിറകുകൊള്ളി കൊണ്ട് ഒറ്റ അടി. കൈയുടെ തോളോടുചേര്‍ന്നുള്ള ഭാഗം ഒടിഞ്ഞുപോയി. പ്രായക്കൂടുതലും ആരോഗ്യ പ്രശ്‌നവും തള്ളയെ ബാധിച്ചു കഴിഞ്ഞിരുന്നു.

ഒരു ദിവസം ചന്ദ്രന്‍ അമ്മയെ കഠിനമായി ഉപദ്രവിച്ചു. അടുത്തു കിടന്ന ഒരു വിറകുകൊള്ളി കൊണ്ട് ഒറ്റ അടി. കൈയുടെ തോളോടുചേര്‍ന്നുള്ള ഭാഗം ഒടിഞ്ഞുപോയി. പ്രായക്കൂടുതലും ആരോഗ്യ പ്രശ്‌നവും തള്ളയെ ബാധിച്ചു കഴിഞ്ഞിരുന്നു.
നാട്ടുകാര്‍ ഇടപെട്ട് ഹോസ്പിറ്റലില്‍ കൊണ്ടുപോയി. കൈയ്യുടെ എല്ലുകള്‍ പല ഭാഗങ്ങളായി പൊട്ടി തൂങ്ങികിടക്കുകയാണ്. ഡോക്ടര്‍ പറഞ്ഞു, പ്രതീക്ഷ ഇല്ല. എങ്കിലും പ്ലാസ്റ്റര്‍ ചെയ്തുനോക്കാം. മൂന്നുമാസം എങ്കിലും വേണം റെസ്റ്റ്. നാട്ടുകാരും മകളുടെ ഭര്‍ത്താവും അതിനു സമ്മതിച്ചു.
ഈ വിഷയം നാട്ടില്‍ വലിയ വാര്‍ത്തയായി. പോലീസില്‍ പരാതി പോയി. പോലീസ് ചന്ദ്രനെ പിടിച്ചുകൊണ്ടുപോയി.

ക്രമിനില്‍ കേസിലും, കഞ്ചാവ് ഉപയോഗത്തിനും പ്രായമായവരെ ദേഹോപദ്രവം ചെയ്തതിനും മറ്റും കേസ് ചുമത്തി. ചന്ദ്രനെ ജയിലില്‍ അടച്ചു.
മാധവിയ്ക്ക് ആധിയായി. മകനല്ലേ! എത്ര സുന്ദരനും, സല്‍സ്വഭാവിയും ആയിരുന്നു. എന്തെല്ലാം പ്രതീക്ഷ മാധവനും, മാധവിക്കും ഉണ്ടായിരുന്നു. എല്ലാം തകിടം മറിഞ്ഞില്ലേ. ഈശ്വരാ! മാധവി അലമുറയിട്ടു കരഞ്ഞു.
ചന്ദ്രന്‍ ജയിലില്‍ പോലീസുകാരോടു സാവധാനം ചങ്ങാത്തത്തിലായി. അവനു മലയാളം കൂടാതെ മൂന്ന് ഭാഷകള്‍ അറിയാം. ജയിലിലെ ചില ഇലക്ട്രിക് പ്ലംബിംഗ് ജോലികള്‍ നല്ല രീതിയില്‍ ചന്ദ്രന്‍ ചെയ്തു കൊടുക്കും. ഒരു സഹായിയേയും വിട്ടു കൊടുത്തു. പോലീസുകാര്‍ അവനെ ഉപദ്രവിച്ചിട്ടില്ല. ചന്ദ്രന്റെ സ്വഭാവത്തിനും ആരോഗ്യത്തിനും മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ജയില്‍ ജീവിതം ഒരു കണക്കിനു ചന്ദ്രനു ഗുണകരമായി. കഞ്ചാവില്‍ നിന്നും അവന്‍ പൂര്‍ണ്ണമായി മോചനം നേടി.

മാധവിയുടെ കൈ ശരിയായി കിട്ടിയില്ല. ഉരത്തോട് ചേര്‍ന്നുള്ള കൈയ്യുടെ ഭാഗം ഫൈബര്‍ വന്നുമൂടി. കീഴ്‌പോട്ട് എല്ലില്‍ നിന്നും വിട്ടുനിന്ന് തൂങ്ങിക്കിടന്നു. സ്വാധീനം ഇല്ലാത്ത ആ ഭാഗം ഒരു ചരടില്‍ തൂക്കിയിട്ട പോലെ എങ്ങോട്ടുവേണമെങ്കിലും വട്ടം കറക്കാം. വേദന ഇല്ല എന്ന് പറയുന്നു. ഭാഗ്യത്തിന് ഇടതുകൈക്കാണ് ഈ ദുരവസ്ഥ സംഭവിച്ചത്. അത്യാവശ്യം ജോലികള്‍ ചെയ്യാം. പശുവിനെ വിറ്റുകളഞ്ഞില്ല. വെളുമ്പി പശു സാമാന്യം പാല്‍ തരുന്നുണ്ട്. വെളുമ്പിയുടെ മകള്‍ പാറു പ്രസവിക്കാറായി നില്‍ക്കുന്നുണ്ട്. കാളി എല്ലാ ദിവസവും ഒരു കെട്ട് പുല്ല് കൊണ്ടുകൊടുക്കും. മാധവിയും കാളിയും വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കും. കാളിയ്ക്ക് കഞ്ഞിവെള്ളവും, സ്വല്‍പം വറ്റുമായി ഒരു ചട്ടിയില്‍ കൊടുക്കും. ഒരു മുളക് ചമ്മന്തിയോ, മാങ്ങാ ചമ്മന്തിയോ ഉണ്ടാകും. കാളി അതു മുഴുവനും വലിച്ചു കുടിക്കും. പാത്രം കഴുകി വൃത്തിയാക്കി കമഴ്ത്തി വെയ്ക്കും. പോകുന്നേരം മുന്‍വശം മിറ്റം അടിച്ചു വൃത്തിയാക്കും. കാളിയുടെ കെട്ടിയവന്‍ അയ്യപ്പന് പറമ്പുപണിയല്ലാതെ തെങ്ങുകയറ്റവും വശമുണ്ട്. മാധവിക്ക് ഒരു തെങ്ങേ ഉള്ളു എങ്കിലും ധാരാളം തേങ്ങ അതില്‍നിന്നും കിട്ടുമായിരുന്നു. അയ്യപ്പന്‍ പ്രതിഫലം ഒന്നും വാങ്ങാതെ തേങ്ങ ഇട്ടു തൊണ്ടുകളഞ്ഞു കൊടുക്കും.

വെളുമ്പി പശുവിനെ കറക്കാന്‍ ഒരാളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാല്‍ കുറെ ആളുകള്‍ വീട്ടില്‍ വന്ന് വാങ്ങിക്കൊണ്ടുപോകും. ബാക്കി ഉള്ളത് കറവക്കാരന്‍ ഒരു ചായക്കടയില്‍ കൊടുത്ത് പണം കൃത്യമായി മാധവിയെ ഏല്‍പിക്കും. അതില്‍ നിന്നും ഒരു ഭാഗം മാധവി കറവക്കാരന് കൊടുത്തുകൊണ്ടിരുന്നു.
അങ്ങനെ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്നു.
മാധവിക്ക് ചന്ദ്രനെ ഒന്നു കണ്ടാല്‍ കൊള്ളാം എന്ന് അതിയായ മോഹം ഉണ്ടായിരുന്നു.

ഒരു ദിവസം മാധവി കൂട്ടുകാരി ലക്ഷ്മിയോട് ഈ വിവരം പറഞ്ഞു. ലക്ഷ്മി നോക്കാം എന്ന് മറുപടി കൊടുത്തു. ഒരു ദിവസം നിശ്ചയിച്ചു.
മാധവിയും ലക്ഷ്മിയും ജയില്‍ കവാടത്തില്‍ ചെന്ന് പാറാവുകാരനോട് വിവരം പറഞ്ഞു. മാധവിയുടെ കൈയ്യില്‍ ഒരു ചെറിയ തൂക്കുപാത്രവും, ചുരുട്ടി കടലാസില്‍ പൊതിഞ്ഞ ഒരു വസ്തുവും ഉണ്ടായിരുന്നു. ചന്ദ്രന് പതിവായി ഭക്ഷണം കഴിക്കുമ്പോള്‍ നിര്‍ബന്ധമുള്ള പുല്ല് തടുക്കുപായ.
പാറാവുകാരന്‍ മാധവിയോട് തട്ടിക്കയറാന്‍ ഒന്നും പോയില്ല. അവര്‍ക്ക് ചന്ദ്രനോടുള്ള അടുപ്പം കൊണ്ടാണ്. അയാള്‍ ചില ഉപദേശങ്ങള്‍ മാധവിയ്ക്ക് പറഞ്ഞു കൊടുത്തു.

ജയില്‍പുള്ളികളെ കാണണമെന്നുണ്ടെങ്കില്‍ ചില രീതികള്‍ ഉണ്ട്. ഒരു അപേക്ഷ എഴുതി കൊടുക്കണം. അതിനുള്ള ഫോറം ഇവിടെ അടുത്തുള്ള കടയില്‍ കിട്ടും. ഒരു പ്രാദേശിക നേതാവിന്റെ ഒപ്പും സീലും വേണം. അതും ഉണ്ടെങ്കിലും ഇവിടത്തെ ജയില്‍ സൂപ്രണ്ടിന്റെ അനുവാദവും വേണം. അദ്ദേഹം എപ്പോഴും ജയില്‍ വാതില്‍ കാണത്തക്കവണ്ണം ഒരു സ്ഥലത്താണ് ഇരിപ്പും, ഓഫീസ് മുറിയും.
മാധവിയും ലക്ഷ്മിയും മടങ്ങിപോന്നു. കുറുക്കുവഴിയുലൂടെ മൂന്നു കിലോമീറ്റര്‍ നടന്നാല്‍ വീട്ടില്‍ എത്താം. അവര്‍ രണ്ടുപേരും ഒരുവിധത്തില്‍ നടന്ന് വീട്ടില്‍ എത്തി.

ഇനി എന്തുവേണം എന്ന് ആലോചനയിലായി.
പോലീസുകാര്‍ ഈ വിവരം ചന്ദ്രനോട് പറഞ്ഞു.
ചെയ്തുപോയ തെറ്റുകള്‍ അവന്‍ ഓരോന്നായി ഓര്‍ത്തെടുത്തു പശ്ചാത്തപിച്ചു. അമ്മയെ കാണണം എന്ന് അവനും അതിയായി മോഹിച്ചു. ആ രാത്രി അവന്‍ ഉറങ്ങി യില്ല.
പകല്‍ സമയങ്ങളില്‍ നല്ല പോലീസുകാര്‍ അവന് വായിക്കുവാന്‍ പത്രങ്ങളും ബുക്കുകളും കൊണ്ടുകൊടുക്കും. അവന്‍ അതെല്ലാം ആര്‍ത്തിയോടുകൂടി വായിച്ചു തിരിച്ചു കൊടുക്കും.

സ്വഭാവം മാറട്ടെ എന്ന നിലയില്‍ ജാമ്യത്തിലെടുക്കാന്‍ ആരും കൂട്ടാക്കിയില്ല.
ഇതിനിടയില്‍ ഒരു പ്രാദേശിക നേതാവ് ജയില്‍ സൂപ്രണ്ടിനെ കണ്ടു സംസാരിച്ചു. അവര്‍തമ്മില്‍ നേരത്തെ പരിചയക്കാരും ആണ്. ജാമ്യത്തില്‍ ഇറക്കാനും ഒന്നും അല്ല. ചന്ദ്രന്റെ അമ്മയ്ക്ക് അവനെ ഒന്നു കാണണം. ഭക്ഷണം കൊടുക്കുന്നതിനും ഒരു അവസരം ഉണ്ടാക്കി കൊടുക്കണമെന്ന് പറയുവാന്‍.
പുറത്തുനിന്നുള്ള ഭക്ഷണം ജയിലിന് അകത്തേക്ക് കയറ്റുകയില്ല. ബീഡി, സോപ്പ്, എണ്ണ, ചീപ്പ്, തീപ്പെട്ടി ഇവയൊക്കെ കൊടുക്കാം.
എങ്കിലും നേതാവ് പറഞ്ഞ കാര്യം സൂപ്രണ്ട് സമ്മതിച്ചു. അതിന് ഒരു ദിവസം നിശ്ചയിച്ചു.
അധികം താമസിച്ചില്ല. നേതാവും, മാധവിയും, ലക്ഷ്മിയും കൂടി ആലുവാ സബ്ബ് ജയിലിലേക്കു പുറപ്പെട്ടു. നേതാവിന്റെ കാറിലാണ്. മാധവിയുടെ കൈയ്യില്‍ ഒരു ചോറുപാത്രവും, ചുരുട്ടിപ്പിടിച്ച പുല്ല് പായും, ഒരു വാഴ ഇല ചെറുതായി വാട്ടി എടുത്തതും ഉണ്ടായിരുന്നു.

നേതാവ് ഫോറം എല്ലാം പൂരിപ്പിച്ച് ഒപ്പിട്ടു കൊടുത്തു. ലക്ഷ്മിയെ അകത്തേക്കു വിട്ടില്ല. മാധവിയും നേതാവും അകത്തു കയറി. നേതാവ് നേരെ സൂപ്രണ്ടിന്റെ മുറിയിലേക്കു പോയി സംസാരിച്ചിരുന്നു.
പോലീസുകാരന്‍ വിവരം ചന്ദ്രനോട് പറഞ്ഞു. അദ്ദേഹം ചന്ദ്രനെ ഒരു പ്രത്യേക മുറിയില്‍ ആക്കി. മാധവിയെ വിളിപ്പിച്ചു.
ചന്ദ്രന്‍ മാധവിയെ കണ്ടു. കൈകൂപ്പി നിന്നും. വികാരാധീനനായി നിന്ന ചന്ദ്രനെ മാധവി കെട്ടിപ്പിടിച്ചു നിന്നു. രണ്ടുപേരും ഒന്നും സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ.

മാധവി കൊണ്ടുവന്ന തടുക്കുപായ നിലത്തു വിരിച്ചിട്ടു. മകനെ അതില്‍ ഇരുത്തി. കരുതിയിരുന്ന വാഴയില മുന്നില്‍ വച്ചു. ഭക്ഷണം വിളമ്പി.
ചന്ദ്രന് ഏറെ ഇഷ്ടപ്പെട്ട മാങ്ങ ഇട്ടുവച്ച് പള്ളത്തി മീന്‍കറി, മരച്ചീനി ഉലത്തിയത്, വാളന്‍പുളി ചമ്മന്തി, പച്ചമോര്, കാന്താരി മുളകും, ഇഞ്ചിയും, ഉള്ളിയും, വേപ്പിലയും ചതച്ചിട്ട മോര് ചോറില്‍ ഒഴിച്ചു. ചമ്രംപടി ഇട്ട് പായില്‍ ഇരുന്ന് ചന്ദ്രന്‍ ഭക്ഷണം കഴിച്ചു തുടങ്ങി. മാധവി ചന്ദ്രന് തൊട്ട് ഇരിക്കുന്നുണ്ട്.

ഭക്ഷണം പകുതി കഴിച്ചു കഴിഞ്ഞപ്പോഴേക്കും ചന്ദ്രന് സങ്കടം സഹിക്കാതെ ആയി. ചോറ് തൊണ്ടയില്‍ കുരുങ്ങി. ഉടനെ അടുത്തുനിന്ന പോലീസുകാരന്‍ ഒരു ഗ്ലാസ്സില്‍ വെള്ളം കൊണ്ടുകൊടുത്തു. ചന്ദ്രന് ആശ്വാസമായി.

ഭക്ഷണം പകുതി കഴിച്ചു കഴിഞ്ഞപ്പോഴേക്കും ചന്ദ്രന് സങ്കടം സഹിക്കാതെ ആയി. ചോറ് തൊണ്ടയില്‍ കുരുങ്ങി. ഉടനെ അടുത്തുനിന്ന പോലീസുകാരന്‍ ഒരു ഗ്ലാസ്സില്‍ വെള്ളം കൊണ്ടുകൊടുത്തു. ചന്ദ്രന് ആശ്വാസമായി.
ചന്ദ്രന്‍ അമ്മയുടെ മാറിലേക്ക് ചാഞ്ഞുകിടന്നു. അവന്റെ കണ്ണുനീര്‍ മാധവിയുടെ മാറിലൂടെ അമ്മിഞ്ഞപ്പാല് പോലെ കീഴോട്ട് ഒഴുകി. മാധവിയുടെ വെളുത്ത റൗക്കയും വെള്ളമുണ്ടും കണ്ണുനീര്‍ കൊണ്ടു നനഞ്ഞു. കണ്ടുനിന്ന പോലീസുകാരന്റെ കണ്ണില്‍ നിന്ന് പോലും കണ്ണുനീര്‍ പൊടിഞ്ഞുവീണു.
ഈ കാഴ്ച പോലീസുകാരന്‍ സൂപ്രണ്ടിനെ കണ്ടു രഹസ്യമായി പറഞ്ഞു. സൂപ്രണ്ടും നേതാവും വന്ന് ഈ കാഴ്ച കണ്ട് മുറിയിലേക്ക് പോയി.
ബാക്കിയുള്ള ഭക്ഷണം കൂടി കഴിക്കാന്‍ മാധവി ചന്ദ്രനെ പ്രേരിപ്പിച്ചു. ചന്ദ്രന്‍ വയറുനിറഞ്ഞു മതിയെന്നു പറഞ്ഞ് എഴുന്നേറ്റു. പുറത്തുപോയി കൈകഴുകി വന്നു.

അവര്‍ രണ്ടുപേരും എന്തൊക്കെയോ കുറച്ചുനേരം കൂടി അവിടെ നിന്ന് സംസാരിച്ചു. ചന്ദ്രന്‍ സഹോദരിയുടേയും കുട്ടികളുടേയും കാര്യങ്ങള്‍ തിരക്കി.
സമയം കഴിഞ്ഞു. നേതാവ് വന്നു പറഞ്ഞു. ഇതിനകം സൂപ്രണ്ടും നേതാവും ചില കാര്യങ്ങള്‍ സംസാരിച്ചിരുന്നു.
നേതാവും മാധവിയും ലക്ഷ്മിയും വീട്ടിലേക്കു മടങ്ങി.
സൂപ്രണ്ട് ചന്ദ്രന് അനുകൂലമായി ചില റിപ്പോര്‍ട്ടുകള്‍ എഴുതി മേല്‍ അധികാരികള്‍ക്ക് കൊടുത്തു.
ചന്ദ്രനു ജാമ്യം കിട്ടാനും, തുടര്‍ന്ന് ജയില്‍ വിമുക്തനാക്കാനും നേതാവ് ശ്രമങ്ങള്‍ നടത്തി. അങ്ങനെ ചന്ദ്രന്‍ വീട്ടില്‍ തിരിച്ചെത്തി.
അമ്മയോടും, ചേച്ചിയോടും, കുട്ടികളോടും, നാട്ടുകാരോടും സഹകരിച്ചു. വീണ്ടും നല്ല പണിക്കാരനായി, വരുമാനവും ആയി.
ഇതിനിടയില്‍ ബോംബെയിലുള്ള മുതലാളി ചില പേപ്പറുകള്‍ കരിക്കു കച്ചവടക്കാരന്റെ സഹായത്തോടെ ചന്ദ്രനെക്കൊണ്ട് ഒപ്പിടുവിച്ച് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം കളവൊന്നും കാട്ടാതെ ചന്ദ്രന് എത്തിച്ചു കൊടുത്തു. ചന്ദ്രന്‍ നന്ദി അറിയിച്ചു കത്തുവിട്ടു.
സൗകര്യം കിട്ടിയാല്‍ എപ്പോഴെങ്കിലും ബോംബെയില്‍ വരണം എന്ന് മുതലാളി തിരിച്ചും കത്തെഴുതി.
ചന്ദ്രന്‍ വീട് പിന്നേയും കുറച്ചുകൂടി മോടി പിടിപ്പിച്ചു. എങ്കിലും കല്യാണം കഴിക്കാന്‍ താല്‍പര്യം കാട്ടിയില്ല. തള്ളയും ഒരുപാട് കരഞ്ഞു പറഞ്ഞു. നടന്നില്ല.
രണ്ടു വര്‍ഷം പിന്നെയും കഴിഞ്ഞു. മാധവി ആ ഒടിഞ്ഞുതൂങ്ങിയ കയ്യും കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്തുകൊണ്ടിരുന്നു. പ്രായവും ക്ഷീണവും തള്ളയെ വല്ലാതെ അലട്ടി.
മാധവി ഒരു ദിവസം ചാണകക്കുഴിയുടെ അടുത്തുള്ള ഒരു പാറകഷ്ണത്തില്‍ കട്ടി പാറയില്‍തന്നെ തലയടിച്ചു വീണു. ബോധം കെട്ടു. നാട്ടുകാര്‍ വണ്ടി വിളിച്ച് ആലുവ താലൂക്ക് ആശുപത്രിയില്‍ ആക്കി. മകളേയും വിവരം അറിയിച്ചു. ചന്ദ്രന്‍ ദൂരെ എവിടെയോ ജോലിക്ക് പോയിരിക്കുകയായിരുന്നു. അമ്മ മാധവിയുടെ വിവരം ആശുപത്രിയില്‍ നിന്നും അറിഞ്ഞു മകളും, രാത്രി ചന്ദ്രനും എത്തി. മാധവിക്ക് ബോധം തിരിച്ചു കിട്ടി യില്ല. മൂന്നാം പക്കം മാധവിയും ഈ ലോകത്തോട് വിടപറഞ്ഞു.

ചന്ദ്രന് ഇത് വലിയ ആഘാതമായി. അവനും സഹോദരിയും മക്കളും ചേര്‍ന്ന് അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ മുറതെറ്റാതെ ചെയ്തു.
സഹോദരി അവളുടെ വീട്ടിലേക്ക് മടങ്ങിപ്പോയി.
ചന്ദ്രന്‍ പശുക്കളെ കറവക്കാരനു വില നിശ്ചയിച്ചു കൊടുത്തു. കോഴികളെ കുറെ എണ്ണം സഹോദരിയും കൊണ്ടുപോയി. ചന്ദ്രന്‍ ഒറ്റയ്ക്കായി. അത്യാവശ്യം പാകം ചെയ്യും. പിന്നെ പുറത്തുനിന്ന് ഭക്ഷണം കഴിക്കും.
വീണ്ടും ചന്ദ്രന് ഒരു വല്ലാത്ത അവസ്ഥ, എങ്കിലും ജോലിക്ക് പോകും. ചിലപ്പോള്‍ കുറേ ദൂരെയുള്ള സ്ഥലത്തായിരിക്കും ജോലി. അന്ന് അവിടെ തങ്ങും. ഇങ്ങനെ പല പ്രാവശ്യവും മാറി നില്‍ക്കാറുണ്ട്. എങ്കിലും വഴിവിട്ട ജീവിതമില്ല. ചന്ദ്രന്റെ കീഴില്‍ ഒന്നുരണ്ട് പണിക്കാര്‍ വേറേയും ഉണ്ട്. അവര്‍ക്കൊക്കെ ന്യായമായ കൂലി ചന്ദ്രന്‍ കൊടുക്കുമായിരുന്നു.

ചന്ദ്രന്‍ വീട്ടില്‍ വന്നാല്‍ ഉടനെ സഹോദരിയുടെ വീട്ടില്‍ ചെല്ലും. കുട്ടികള്‍ക്കും സഹോദരിക്കും അളിയനും എല്ലാം ഡ്രസ് വാങ്ങി കൊടുക്കും.
കുട്ടികളെ കൂടെ കൊണ്ടുപോയി പലഹാരങ്ങളും പഠിക്കാനുള്ള സാമഗ്രികള്‍ എല്ലാം വാങ്ങിക്കൊടുക്കും. അതുകൊണ്ട് അകന്നുനിന്ന കുട്ടികളും ചന്ദ്രനോട് അടുപ്പം കാണിച്ചുതുടങ്ങി.

ചന്ദ്രന്‍ അന്നുരാത്രി വണ്ടി കയറി. ഒരു ലക്ഷ്യവും ഇല്ല. വടക്കേ ഇന്ത്യയിലേക്കുള്ള ഒരു ട്രെയിന്‍ ആണ് എന്ന് ഒരു പരിചയക്കാരന്‍ പറഞ്ഞ അറിവേ ഉള്ളു. ചന്ദ്രനെ പിന്നെ ആരും കണ്ടിട്ടില്ല. ബോംബെയില്‍ എത്തിയിട്ടില്ല എന്ന് പഴയ കരിക്കു കച്ചവടക്കാരനും, മുതലാളിയും പറഞ്ഞ് അറിഞ്ഞു.

ചന്ദ്രന് ഒരു ദിവസം ആലുവാ ടൗണ്‍വരെ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. രാവിലെ 8 മണി ആയിക്കാണും. താലൂക്ക് ആശുപത്രിയുടെ പരിസരത്ത് എത്തിയപ്പോള്‍ ഒരു മെലിഞ്ഞ സ്ത്രീ രണ്ടു കുട്ടികളുമായി നേരെ വരുന്നുണ്ടായിരുന്നു. ആ സ്ത്രീ ചന്ദ്രനെ സൂക്ഷിച്ചു നോക്കി. ചന്ദ്രന്‍ചേട്ടന്‍ അല്ലേ! ബഹുമാനത്തോടെ ചോദിച്ചു. ചന്ദ്രനു ആളെ മനസ്സിലായില്ല.
ഞാന്‍ ചന്ദ്രിക! ആശുപത്രിയില്‍ വന്നതാണ്.
ങ്ങേ? നീ എന്താ ഇങ്ങനെ? നിനക്ക് എന്തുപറ്റി? ഇത്ര ക്ഷീണിക്കാന്‍. ചന്ദ്രനു വലിയ ആശ്ചര്യവും ദുഃഖവും തോന്നി.
ചന്ദ്രിക ഒരു വൃക്ഷത്തണലിലേക്ക് മാറിനിന്നു. കുട്ടികളെ കുറച്ചു അകലത്തില്‍ നിറുത്തി.
കല്യാണം കഴിഞ്ഞ് കുട്ടികള്‍ ഉണ്ടാകാന്‍ കുറെ താമസിച്ചു. 10 കൊല്ലം കഴിഞ്ഞാണ് ആദ്യത്തെ കുട്ടി ഉണ്ടായത്. ആണ്‍കുട്ടി. രണ്ടു വര്‍ഷം കഴിഞ്ഞ് രണ്ടാമത്തെ കുട്ടിയും പിറന്നു.

ഇതിനകം തന്നെ ഭര്‍ത്താവ് വേറെ വഴിവിട്ട ജീവിതത്തിലേക്ക് തിരിഞ്ഞിരുന്നു. കുടിയും മാനസിക ബുദ്ധിമുട്ടും അയാളെ ബാധിച്ചു. സ്വത്തുക്കള്‍ ഭൂരിഭാഗവും അന്യാധീനപ്പെട്ടു. വീട്ടുചിലവ്, കുട്ടികളുടെ വിദ്യാഭ്യാസം, എന്റെ കാര്യം എല്ലാം അവതാളത്തില്‍ ആയി. ഞാന്‍ പശുവിനെ വളര്‍ത്തുന്നുണ്ട്. കൂടാതെ അടുത്തുള്ള ഒരു തയ്യല്‍ കടയില്‍ പോയി അത്യാവശ്യം തൈയ്ക്കാനും പഠിച്ചു. ഒരു സ്ത്രീയാണ് തൈയ്യല്‍ കട നടത്തുന്നത്. അവരുടെ വീടിന്റെ ഒരുഭാഗം തന്നെയാണ് കടയായി ഉപയോഗിക്കുന്നത്. എന്നെപോലെ വേറൊരു കുട്ടിയും ഉണ്ട്. ഒരു ചെറിയ വരുമാനം കിട്ടും. ഇതിനകം ചന്ദ്രികയുടെ ഭര്‍ത്താവ് സോമന്‍ ചന്ദ്രികയുടെ വീട്ടുസ്വത്തുക്കളും പല കാരണങ്ങള്‍ പറഞ്ഞു എഴുതി വാങ്ങിച്ചു. എന്തൊക്കെയോ ബിസ്സിനസ് ചെയ്ത് അതും തീര്‍ത്തു.

ഒരു മൗനത്തിനു ശേഷം ചന്ദ്രിക തുടര്‍ന്നു. മൂത്തവന്‍ 2-ാം ക്ലാസിലാണ്. ഇളയവള്‍ ഒരു സുഖമില്ലാത്ത കുട്ടിയാണ്. സങ്കടത്തോടെ പറഞ്ഞു. അഞ്ച് വയസ്സായി. അവള്‍ക്ക് പറ്റിയ സ്‌കൂള്‍ കണ്ടുപിടിച്ചിട്ടില്ല. ടൗണില്‍ അത്തരം കുട്ടികളെ അവിടെതന്നെ നിറുത്തി ഭക്ഷണവും, വിദ്യാഭ്യാസവും കൊടുക്കുന്ന ഒരു സ്ഥാപനം ഉണ്ടെന്ന് പറയുന്നു. പള്ളി മുഖാന്തിരമാണ് അത് പ്രവര്‍ത്തിക്കുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അന്വേഷിക്കണം. അച്ഛനേയും അമ്മയേയും പിരിഞ്ഞിരിക്കാന്‍ അവള്‍ക്ക് ഒട്ടും ഇഷ്ടമില്ല. അത്രകണ്ടു സ്‌നേഹമാണ് ഞങ്ങളോട്. അവള്‍ നിറുത്തി. വീണ്ടും മൗനം.
ചന്ദ്രിക തുടര്‍ന്നു. ചേട്ടന്റെ വിശേഷങ്ങള്‍ എന്തൊക്കെയാണ്. കുറെ കാര്യങ്ങള്‍ അവിടെ അടുത്തുള്ള ഒരു പെണ്‍കുട്ടി പറഞ്ഞ് ഞാന്‍ അറിഞ്ഞിട്ടുണ്ട്.
കല്യാണം കഴിച്ചിട്ടില്ല അല്ലെ? ചന്ദ്രന്‍ ഒന്നും പറയുന്നില്ല. വേറൊരു ലോകത്തില്‍ ആയപോലെ ചന്ദ്രന്‍ നില്‍ക്കുകയാണ്.

ചന്ദ്രന്‍ അവര്‍ക്ക് അടുത്തുള്ള കടയില്‍ നിന്നും ഓറഞ്ച് ജ്യൂസും, സ്വീറ്റ്‌സുകളും വാങ്ങിക്കൊടുത്തു. അവരെ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു. തിരിച്ചു വീട്ടിലേക്ക് തന്നെ പോയി. വന്നകാര്യത്തിനു നിന്നില്ല. വീട്ടില്‍ കയറി കട്ടിലില്‍ കിടന്നു. ഉറങ്ങിപ്പോയി. വൈകീട്ട് പുറത്തുപോയി ആഹാരം കഴിച്ച് തിരിച്ചുവന്നു. മനസ്സ് ശാന്തമല്ല. ചന്ദ്രന്‍ പഴയ കലശുമരത്തിന്‍ ചോട്ടില്‍ ചാരി ഇരുന്നു ഉറങ്ങിപ്പോയി. നേരം രാത്രിയായി. സമയം എത്രയായി എന്ന് മനസ്സിലായില്ല. പാതിരാത്രി ആയിക്കാണും. ചന്ദ്രന്‍ മിഴിതുറന്നു. ആകാശത്ത് ശശികല ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. ചന്ദ്രിക അടുത്തു തന്നെയുണ്ട്. അവളുടെ മുഖം മ്ലാനവതിയായപോലെ തോന്നി. ചന്ദ്രനെത്തന്നെ നോക്കി നില്‍ക്കുന്നു. പണ്ടത്തെപോലെ അന്ന് അമാവാസിയല്ല. മായാവിലാസമല്ല. യഥാര്‍ത്ഥ്യമാണ്. എങ്കിലും ചന്ദ്രിക ചിരിക്കുന്നില്ല. ചന്ദ്രനു മനസ്സിലായി. ചന്ദ്രിക എല്ലാ കാര്യങ്ങളും എന്നോടു പറഞ്ഞിട്ടുണ്ടല്ലോ.

ചന്ദ്രന്‍ പതുക്കെ എഴുന്നേറ്റു. ശുഭവസ്ത്രം അണിഞ്ഞ ചന്ദ്രികയുടെ ആ പാല്‍മഴ നിലാവില്‍ ചന്ദ്രന്‍ തന്റെ വീട്ടിലേക്ക് മടങ്ങി. ചന്ദ്രികയും കൂടെ വരുന്നതുപോലെ ചന്ദ്രനു തോന്നി!
ചന്ദ്രന്‍ വീണ്ടും ജോലിക്കു പോയിതുടങ്ങി. ഒരു കൊല്ലംകൂടി കഴിഞ്ഞു. രാവിലത്തെ പത്രത്തില്‍ ചരമകോളത്തില്‍ ഒരു വാര്‍ത്ത കണ്ടു.
ചന്ദ്രിക, കുറുപ്പംപടി, ആലുവാ, എടയപ്പുറം കാണശ്ശേരി കിട്ടന്റെ മകള്‍ ചന്ദ്രിക 44 വയസ്സ് മരണപ്പെട്ടു. മക്കള്‍ വിഷ്ണു, രേണുക!
ചന്ദ്രന്‍ അന്ന് പണിക്ക് പോയില്ല. കൂട്ടുപണിക്കാരോട് നാളെ വരുവാന്‍ പറഞ്ഞു.
ഒരു മാസം കഴിഞ്ഞു. ചന്ദ്രന്‍ ജോലിക്ക് പോകും. എങ്കിലും അവന്റെ മനസ്സിന് എപ്പോഴും അസ്വസ്ഥത. ഒരു സന്തോഷവും ഇല്ല.
ഒരു ദിവസം ചന്ദ്രന്‍ കൂട്ടുപണിക്കാരോടു പറഞ്ഞു. ഞാന്‍ ഒരു സ്ഥലത്ത് പോവുകയാണ്. രണ്ടു ദിവസം ഉണ്ടാവില്ല. അതുകഴിഞ്ഞ് വന്നാല്‍ മതി.
ചന്ദ്രന്‍ അന്നുരാത്രി വണ്ടി കയറി. ഒരു ലക്ഷ്യവും ഇല്ല. വടക്കേ ഇന്ത്യയിലേക്കുള്ള ഒരു ട്രെയിന്‍ ആണ് എന്ന് ഒരു പരിചയക്കാരന്‍ പറഞ്ഞ അറിവേ ഉള്ളു. ചന്ദ്രനെ പിന്നെ ആരും കണ്ടിട്ടില്ല. ബോംബെയില്‍ എത്തിയിട്ടില്ല എന്ന് പഴയ കരിക്കു കച്ചവടക്കാരനും, മുതലാളിയും പറഞ്ഞ് അറിഞ്ഞു.

ചന്ദ്രന്‍ തിരിച്ചു വരുമോ? പോയിട്ട് ഇപ്പോള്‍ 30 വര്‍ഷം ആയിക്കാണും. ചന്ദ്രന്റെ വീട് ഇപ്പോഴും അനാഥമായി കിടക്കുകയാണ്. വല്ലപ്പോഴും സഹോദരി വന്ന് അടിച്ചു തൂത്തു വൃത്തിയാക്കി പോകും. അവര്‍ക്കും പ്രായം ഏറെയായി. പറമ്പ് അവകാശം വാങ്ങാന്‍ സഹോദരിക്കും കഴിയുന്നില്ല. ജീവിച്ചിരിപ്പുണ്ടെങ്കില്‍ ചന്ദ്രന് ഇപ്പോള്‍ 74 വയസ്സ് ഉണ്ടാകും. ചന്ദ്രന്റെ പഴയ എസ്.എസ്.എല്‍.സി. ബുക്കിലെ റിക്കാര്‍ഡ് അനുസരിച്ച് ജനന തീയതി 10-04-1948 ആണ്. ചിതല്‍തിന്ന ബുക്ക് സഹോദരി അടിച്ചുവാരിയപ്പോള്‍ കിട്ടിയതാണ്.
ചന്ദ്രാ! നീ എവിടെയാണ് ?
ജീവിച്ചിരിപ്പുണ്ടോ?
അതോ …………..

(അവസാനിച്ചു)

Author

Scroll to top
Close
Browse Categories