‘ഇ’യിലെ കറുത്ത സൂര്യോദയം

‘ഇ’ എന്ന് ഇപ്പോൾ അറിയപ്പെടുന്നതും ഒരു പക്ഷേ, നാളെ മറ്റൊരു പേരിൽ അറിയപ്പെടാവുന്നതും ആയ രാജ്യത്തിന്റെ വടക്കൊരു ഭാഗത്ത് ഗോതമ്പു വിളയുന്ന പാടങ്ങളാണ്. ഒരുനാൾ വിശാലമായ പാടത്ത് ഒരു മുട്ട കാണപ്പെട്ടു. പുകമഞ്ഞ് മൂടിയതുപോലെയാണ് ആദ്യം അത് ദൃശ്യമായതെങ്കിൽ വെയിൽ പരക്കാൻ തുടങ്ങിയതോടെ അതിന് വ്യക്തത ഉണ്ടായിവന്നു. തികഞ്ഞ അതിശയോക്തിയാണെങ്കിലും പറയട്ടെ: മുട്ടയ്ക്ക് ഈ ഭൂമിയോളംതന്നെ വലിപ്പമുണ്ടായിരുന്നു (വലിപ്പം സൂചിപ്പിക്കാൻ ഇതിൽപ്പരം വിശേഷണം വേറെ കണ്ടെത്തുക പ്രയാസംതന്നെ). ഏതെങ്കിലും പക്ഷികളോ ജീവികളോ അത്ര വലിയ മുട്ടയിടുന്നതായി പഴങ്കഥകളിൽ പോലും പറഞ്ഞിട്ടില്ല. പതിവുള്ള പ്രഭാത നടത്തക്കിടയിൽ ഒരു നാട്ടുകാരൻ യാദൃച്ഛികമായി ആ മുട്ട കണ്ട് ആശ്ചര്യചകിതനായി വിളിച്ചുകൂവി. വളരെ പെട്ടെന്ന് വലിയൊരാൾക്കൂട്ടം അതിനു ചുറ്റും രൂപപ്പെട്ടു.

പലർക്കും മുട്ട തൊട്ടുനോക്കണമെന്ന എളിയ (എന്നാൽ, പെരിയ) ആഗ്രഹമുണ്ടായെങ്കിലും അതിന്റെ അടുത്തു ചെല്ലാൻ അവരൊക്കെ ഭയപ്പെട്ടു. ധൈര്യശാലികളെന്ന് സ്വയം അഭിമാനിച്ചും അഹങ്കരിച്ചും നടന്നിരുന്നവർ പോലും അകന്നുമാറി മുട്ട നോക്കിക്കണ്ടതേയുള്ളു.

എങ്ങനെ മുട്ട അവിടെ വന്നു എന്നത് കൂടിനിന്നവർക്കിടയിൽ സംസാരവിഷയമായി. പലരും പലവിധമാണ് ഭാവന ചെയ്തത്. മാനത്തുനിന്ന് പൊട്ടിവീണതാവാമെന്നും ഭൂമിയുടെ ഉദരം പിളർന്ന് പുറത്തേക്കുവന്നതാവാമെന്നും ഒക്കെ വിചിത്ര കല്പനകൾ ഉടലെടുത്തു. ഏതായാലും ഇന്നലെവരെ (രാത്രി ആളനക്കം നിലയ്ക്കുന്നതുവരെ) മുട്ട അവിടെ ഉണ്ടായിരുന്നില്ലെന്നു തന്നെയാണ് ബഹുജനം ഉറച്ചു വിശ്വസിച്ചത്. അതവിടെക്കൊണ്ടുവന്ന് നിക്ഷേപിച്ചിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയപ്പെട്ടു.

മുട്ടയുടെ തോട് സ്വർണ്ണമായി തോന്നിച്ചു (തോന്നലല്ല, തനി തങ്കമാണെന്നുതന്നെ ചിലർ ഉള്ളിൽ ഉറപ്പിച്ചു). സൂര്യവെളിച്ചത്തിൽ വെട്ടിത്തിളങ്ങിയ സ്വർണ്ണപ്പുറംതോടുപോലെ കട്ടിസ്സ്വർണമായിരിക്കും അതിന്റെ അകവുമെന്ന് അവർ കരുതി. നോക്കിക്കണ്ടത് ദൂരെനിന്നാണെങ്കിലും എല്ലാവരുടെ മനസ്സിലും അതിന്റെ ഭാരത്തെക്കുറിച്ചുള്ള ഒരേകദേശ കണക്കുകൂട്ടൽ നടന്നു.
സ്വർണ്ണമുട്ട എല്ലാവർക്കുമായി വീതംവെയ്ക്കയണമെന്ന അഭിപ്രായമാണ് പൊതുവേ ആൾക്കൂട്ടത്തിൽനിന്ന് ഉയർന്നുവന്നത്. മുട്ട ആദ്യം കണ്ടയാൾ അതിനോടനുകൂലിച്ചതേയില്ല. മുട്ടയുടെ പാതിക്കു വേണ്ടി അയാൾ ഉച്ചത്തിൽ ശബ്ദമുയർത്തി. വലിയ വാഗ്വാദംതന്നെ തുടർന്ന് നടന്നു. മുട്ട കാണപ്പെട്ട ഭൂമിയുടെ ഉടമ മുന്നോട്ടു വന്ന് മുട്ടയിന്മേലുള്ള പൂർണ്ണാവകാശം സ്ഥാപിക്കാൻ ശ്രമം തുടങ്ങി.

കലഹവും വാദവും മൂർദ്ധന്യദശയിലെത്തി. ഒടുവിൽ മുട്ടയുടെ പകുതി കിട്ടിയാൽ മതിയെന്ന് ഭൂവുടമയ്ക്ക് സമ്മതിക്കേണ്ടി വന്നു. കേട്ടുനിന്ന ആർക്കുംതന്നെ യോജിക്കാനാവുന്നതായിരുന്നില്ല ആ തീരുമാനം. ഏകസ്വരത്തിൽ അവരുടെ ശബ്ദം അവിടെ മുഴങ്ങി:
“തികഞ്ഞ അന്യായമാണിത്. ഞങ്ങൾക്കാർക്കും ഈ മുട്ടയിൽ അവകാശമില്ലെന്നോ? ഇതിവിടെ ആരുംകൊണ്ടുവന്ന് നിക്ഷേപിച്ചതല്ല. ഭൂവുടമ ഉല്പാദിപ്പിച്ചതുമല്ല. മുട്ട ആദ്യം കണ്ടെന്നു പറഞ്ഞയാൾക്ക് അവകാശം പറയാൻ അർഹതയില്ല. അയാളല്ലെങ്കിൽ മറ്റൊരാളോ ഇക്കൂട്ടത്തിലാരെങ്കിലുമോ മുട്ട കാണുമായിരുന്നു. ആയതിനാൽ, എല്ലാവരും ഈ മുട്ടയ്ക്ക് തുല്യ അവകാശികളാണ്.”

മുട്ടയെക്കുറിച്ച് മാദ്ധ്യമങ്ങൾ ഇതിനിടെ പടച്ചുവിട്ടത് വിവിധതരം വാർത്തകളാണ് (എല്ലാം വിസ്തരിക്കാൻ ഇവിടെ പരിമിതിയുണ്ട്). വാർത്തയും പടവും ചർച്ചയായിക്കൊണ്ടിരിക്കേ മുട്ട ചെറുതായി ചലനംകൊണ്ടു. മിനുത്തതും ഉരുണ്ടതുമായ അടിവശം തറയിലുരസി അത് ഇളകിയാടാനാരംഭിച്ചു. കേട്ടറിഞ്ഞ് പിന്നേയും ആളുകൾ വീടുവിട്ട് മുട്ടയുടെ നൃത്തം കാണാനുള്ള കൗതുകത്തോടെ അവിടെ തടിച്ചുകൂടി.

പിശാച് ബാധിച്ച മുട്ടയാണതെന്നും, അല്ല അതൊരു ദിവ്യത്വമാർന്ന മുട്ടയാണെന്നും രണ്ടുതരം വിശ്വാസം അവർക്കിടയിൽ ഉടലെടുത്തു. മുട്ടയുടെ ദിവ്യത്വത്തിൽ വിശ്വസിച്ചവർ ഭക്ത്യാദരപൂർവ്വം അതിന്റെ നേരെ കരങ്ങൾ കൂപ്പി.

ദിവ്യമുട്ടയ്ക്ക് ആരാധനാലയം പണിയണമെന്ന ആശയം ഉയർന്നുവന്നതും തീരുമാനമുണ്ടായതും എല്ലാം വളരെ പെട്ടെന്നാണ്. ജനം രണ്ടു ചേരിയായി. വിശ്വാസമനുസരിച്ചുള്ള ആരാധനാലയം വേണമെന്നായി ഇരുവിഭാഗത്തിന്റേയും ആവശ്യം. ഇരുകൂട്ടരും തമ്മിലടിയായി. സംഘർഷം മൂർച്ഛിച്ച് അത് കലാപമായി.

മുട്ട തച്ചുടയ്ക്കപ്പെട്ടു.ഒരു കുഞ്ഞുസർപ്പം ഉടഞ്ഞ മുട്ടയിൽനിന്ന് വെളിയിലേക്ക് വന്നു. കാണക്കാണെ അനേകം കണ്ണുകൾക്കു മുന്നിൽ അത് വളർന്ന് ഭീമാകാരംപൂണ്ടു. വിഷം ചീറ്റിക്കൊണ്ടിരുന്ന സർപ്പത്തെ ‘ഇ’ എന്ന രാജ്യത്തെ നീതിപാലകരും ഭരണകൂടവും നിഷ്ക്രിയത്വത്തോടെ നോക്കിക്കണ്ടു എന്നാണ് ചരിത്രം പിന്നാലെ രേഖപ്പെടുത്തിയത്.
മുട്ട തല്ലിയുടയ്ക്കപ്പട്ടപ്പോൾ സമ്പൂർണ്ണ ഗ്രഹണസമയത്തെന്നപോലെ ‘ഇ’ എന്ന രാജ്യമാകെ ഇരുൾ വീണതായി ചരിത്രകാരന്മാർ എഴുതി. പ്രകാശം മങ്ങി കേവലം കറുത്ത വൃത്തമായി സൂര്യൻ അന്നേരം കാണപ്പെട്ടുവെന്നും രേഖകളിൽ വായിക്കാം.

കൊല്ലങ്ങൾ പലത് കഴിഞ്ഞു.
എല്ലാക്കൊല്ലവും, മുട്ട തച്ചുടയ്ക്കപ്പെട്ട അതേ ദിവസം ‘ഇ’യിൽ ഉദിക്കുന്ന സൂര്യന്റെ രശ്മികളിൽ കറുപ്പുനിറം കലർന്നിട്ടുള്ളതായി രാജ്യത്തെ ജനാധിപത്യവാദികൾ ദർശിക്കാറുണ്ട്.

Author

Scroll to top
Close
Browse Categories