കാഴ്ചയ്ക്കപ്പുറം
ഇനിയിവിടെ കിടത്തിയിട്ട് കാര്യംല്ല്യ. വീട്ടിലേക്ക് കൊണ്ടുപൊക്കോള്ളൂന്ന് ഡോക്ടര്‍ പറഞ്ഞെന്നാണ് രാഘവേട്ടന്റെ മകന് രാജേഷ് നാട്ടുകാരോടൊക്കെ പറഞ്ഞത്.
നാടിന്റെ മുക്കിലും മൂലയിലുമൊക്കെ ഇതിനെപ്പറ്റി സംസാരമായി. ചിലരൊക്കെ രാജേഷിന്റെ ഭാഗവും ചിലരൊക്കെ സുമതിചേച്ചിയുടെ ഭാഗവും നിന്നുപറഞ്ഞു. ചിലയിടത്തൊക്കെ ഒന്നുംരണ്ടും പറഞ്ഞുപറഞ്ഞു് പറഞ്ഞവര്തമ്മില് വാക്കേറ്റവും നടന്നു.
ഇവരെല്ലാവരും എന്നാല്‍ ഒരു കാര്യം ഉറപ്പിച്ചു. – രാഘവേട്ടന് കിടപ്പിലായി.
അത് നാട്ടുകാര്‍ക്കുള്ളില്‍ വല്ലാത്തൊരു വിഷമമായി. അമ്മയുടെ ഭാഗം നിന്നവരും മകന്റെ ഭാഗം നിന്നവരും അക്കാര്യത്തില്‍ ഒരുമിച്ചു വിഷമിച്ചു. ചിലര്‍ രാഘവേട്ടന്റെ ഭാവിയെ സംബന്ധിച്ച് ആധിപൂണ്ട്, സ്വയം കിടപ്പിലാകുമോയെന്നുവരെ സംശയിച്ചു.
ഇനിയിവിടെക്കിടത്തി പൈസ ചിലവാക്കാനില്ല, വീട്ടിലേക്ക് കൊണ്ടുപൊക്കോളാമെന്ന് രാജേഷ് ഡോക്ടറോടു പറഞ്ഞെന്നാണ് രാഘവേട്ടന്റെ ഭാര്യ സുമതിച്ചേച്ചി, ചോദിച്ചവരോടൊക്കെ പറഞ്ഞത്.
നാട്ടുകാര്‍ ആകെ വിഷമത്തിലായി. ഇതില്‍ ആരെ വിശ്വസിക്കണം ?
രാജേഷ് നുണപറയുന്നവനല്ല. സുമതിച്ചേച്ചി ഒട്ടും നുണപറയില്ല. അമ്മ പറയുന്നതാണോ മകന് പറയുന്നതാണോ ശരി ?
രണ്ടാഴ്ചമുന്പുവരെ പുലിപോലെ ഓടിനടന്ന ആളാണ്. ശരീരത്തിന് ഒരു കുഴപ്പവുമില്ലായിരുന്നു. എല്ലായിടത്തും ഒരൈശ്വര്യമായിരുന്നു ആ സാന്നിദ്ധ്യം. കല്ല്യാണവീടായാലും മരണവീടായാലും രാഘവേട്ടന് വന്നാല്‍ ഒരു ഉണര്‍വ്വായി. എവിടെ ചെന്നാലും തലയെടുപ്പോടെ നില്ക്കുന്ന ഒരൊന്നൊന്നര ആളായിരുന്നു. സ്നേഹം മാത്രം ഉള്ളില്‍നിറച്ച മനുഷ്യന്. ആരോടും ചിരിച്ചേ സംസാരിക്കൂ. കുറ്റമോ കുറവോ ആരേയുംപറ്റിപറയില്ല. ഇഷ്ടപ്പെടാത്തതു കണ്ടാല്‍ സ്നേഹത്തോടെ ശാസിക്കാനും മടിക്കില്ല. ആരുമായും മുഷിഞ്ഞ ചരിത്രമില്ല. എല്ലാവര്ക്കും എന്തുകൊണ്ടും രാഘവേട്ടനോട് സ്നേഹവും ബഹുമാനവുമായിരുന്നു. അത് ഓരോരുത്തരും തലമുറകളായി കൈമാറിവന്നു. എന്തിനും ഏതിനും രാഘവേട്ടനോട് അഭിപ്രായം ചോദിക്കുന്നൊരു പതിവും ചിലര്‍ക്കുണ്ടായിരുന്നു. നാട്ടില്‍ ആകെയുള്ളൊരു മനുഷ്യന് രാഘവേട്ടന് മാത്രമാണെന്നു തോന്നുംവിധമായിരുന്നു കാര്യങ്ങള്‍. എന്നാല്‍ ഒന്നിലും അതിരുകടന്ന് കൈകടത്തുന്ന സ്വഭാവം രാഘവേട്ടനില്ലായിരുന്നു. ആര്‍ക്കും ഒരു മനോവേദനയും തോന്നാതെ കാര്യങ്ങള്‍ നീക്കാന്‍ മിടുക്കനായിരുന്നു. ഏവര്‍ക്കും തന്റെ സ്വന്തം എന്നുതോന്നുന്നൊരു പ്രകൃതം. എന്തിനും ആര്‍ക്കും ആശ്രയിക്കാന്‍ പറ്റിയൊരു അത്താണി. ഒന്നിനുംവേണ്ടി ഒന്നും അറിഞ്ഞുകൊണ്ടു ചെയ്യുന്നതല്ല. അതങ്ങനെ ആയിപ്പോവുകയാണ് രാഘവേട്ടനില്‍.
ഗ്രാമം വളര്‍ന്ന് ചെറുപട്ടണംപോലെയായീട്ടും രാഘവേട്ടനില്‍ ഒരുമാറ്റവും കണ്ടില്ല. നാട്ടുകാര്‍ക്ക് അങ്ങേരോടുള്ള സമീപനത്തിലും മാറ്റം വന്നില്ല. നാട്ടില്വന്നുതാമസിക്കുന്നവരും വാടകക്കാരും എല്ലാം രാഘവേട്ടനില്‍ ആകൃഷ്ടരായി. എന്തുകൊണ്ടോ ആര്‍ക്കും അങ്ങനെയങ്ങട് ഒഴിവാക്കാന്‍ പറ്റാറില്ല രാഘവേട്ടനെ.
ഇങ്ങനെയുള്ള രാഘവേട്ടനാണ് ഓര്‍ക്കാപ്പുറത്ത് നിലംപൊത്തിയത്.
അറിഞ്ഞവര്‍ അറിഞ്ഞവര്‍ ആദ്യദിവസം ആശുപത്രിയിലേക്കോടി ഐ.സി.യുവിനു മുന്പില് ദു:ഖത്തോടെ നിന്നു.
രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ആശുപത്രിയിലേക്കുള്ള ഒഴുക്ക് ഒന്നുശമിച്ചു.
വഴിയില്‍വച്ച് കാണുന്നവര്‍ പരസ്പരം ചോദിക്കുന്നൊരുചോദ്യം മാത്രമായി രാഘവേട്ടന്.
പോയികണ്ടോ…?
വ്വ്…രണ്ടൂസംമുന്പ്…നീയോ?
കാണാന്‍ പറ്റില്ലല്ലോ ഐസൂവിലല്ലേ, അതോണ്ട് പോയില്ല. മുറിയിലേക്കു മാറ്റിയാല്‍ പോണം.
മൂന്നുനാലു ദിവസമായപ്പോള്‍ ഈ ചോദ്യവും നിന്നു. ചിലര്‍ ചിലപ്പോള്‍ ചോദിച്ചെങ്കിലായി. ചോദിച്ചാല്‍ മറുചേദ്യത്തിന് ഉത്തരം പറയണമല്ലോയെന്നു ചിന്തിച്ച് ചോദിക്കാതേയുമായി.
നാല്ക്കവലയില് ബസ്സില്‍നിന്നിറങ്ങി, സഞ്ചിയുംതൂക്കി, ആശുപത്രിയില്‍നിന്നും വീട്ടിലേക്ക് തുണികഴുകിയിടാനോ മറ്റോ വല്ലപ്പോഴും വരുന്ന സുമതിചേച്ചിയെക്കണ്ടാല് രാഘവേട്ടന്റെ വിശേഷങ്ങള്‍ തിരക്കുന്നതൊഴിച്ചാല് കൂടുതലൊന്നും നാട്ടില്‍ രാഘവേട്ടനെക്കുറിച്ച് സംസാരം നടന്നില്ലായിരുന്നു, പിന്നെ.
മകന് രാജേഷിനെ നാട്ടുകാരങ്ങനെ കാണാറില്ല. ചിലപ്പോള്‍ വലിയൊരു കാര്‍ ചീറിപ്പാഞ്ഞുപോകുന്നതു കാണാം. അത്രമാത്രം. കുറേനാളായി അങ്ങനെയാണ്. കാറില്‍നിന്നും പുറത്തിറങ്ങുന്നശീലം രാജേഷിന് ഇല്ലാതായി. കല്ല്യാണംകഴിച്ച് നാട്ടില്‍നിന്നും പോയേപ്പിന്നെ അങ്ങനെയാണ്. അതുവരെ പന്തുകളിച്ചും കബഡികളിച്ചും നടന്നിരുന്നവനായിരുന്നു. ആര്‍ക്കും ഒരു ദോഷത്തിനും പോകാത്തൊരു പയ്യന് എന്ന സല്‍പ്പേര് നാട്ടിലുണ്ടായിരുന്നു. ഒരു പാവം.ഒന്നിനുമില്ല. ആരോടും സൗമ്യമായേ പെരുമാറുള്ളൂ. രാഘവേട്ടനോടുള്ള അടുപ്പം അതുകൊണ്ട് രാജേഷിലും നാട്ടുകാര്‍ക്കു തോന്നി. ആരു കണ്ടാലും ഒന്നുചിരിച്ചെങ്കിലും പോകും.
വീട്ടില്‍ ആരുവന്നാലും കയറ്റിയിരുത്തി ഒരുഗ്ലാസ്സു ചായയെങ്കിലും കുടിപ്പിച്ചുവിടുന്ന സുമതിചേച്ചിയെ എല്ലാവര്ക്കും വല്ല്യ കാര്യമായിരുന്നു.
രാഘവേട്ടനെ ആശുപത്രിയില്‍നിന്നും കൊണ്ടുവന്ന ദിവസം വീട്ടില്‍ നല്ല തിരക്കുണ്ടായിരുന്നു. അറിഞ്ഞവരെല്ലാം ഓടിയെത്തി. ആശുപത്രിയില്‍ പോകാന്‍ കഴിയാത്തവരും പോയവരും ഒക്കെ അതിലുണ്ടായിരുന്നു. കൂടുതലും പെണ്ണുങ്ങളായിരുന്നു. അയല്പക്കം മുഴുവനും അടച്ചുവന്നു.
അറിയാത്തവര്‍, ഈയൊരു വരവുകണ്ടിട്ട് അക്ഷമയോടെ എന്തുപറ്റീയെന്നന്വേഷിച്ചു. രാഘവേട്ടന് തീര്‍ന്നെന്നാണ് അവര്‍ വിചാരിച്ചത്.
അത്രേള്ളോ… -എന്നൊരാശ്വാസത്തില്‍ അവരില്‍ ചിലര്‍ പിന്നീട് കേറാമെന്നു പറഞ്ഞ് പോയി. പിന്നീടു വരവുണ്ടാവില്ലെന്നു പറഞ്ഞ് മറ്റു ചിലര്‍ കൂട്ടത്തില്‍ കൂടുകയും ചെയ്തു.
ആളുകള്‍ കൂടുന്നതു കണ്ടപ്പോള്‍ ഇനി മുറ്റത്തൊരു പന്തല്‍ കെട്ടേണ്ടിവരുമോ. അതിന്റെ ചിലവുംകൂടിവരുമോയെന്ന് മകന് അന്ധാളിച്ചു.
മഴയില്ലാത്തതുകൊണ്ട് വല്യ കുഴപ്പമുണ്ടായില്ല. കുറച്ചു ദിവസമായിട്ട് ഇരുണ്ടുമൂടിക്കിടക്കുകയായിരുന്നു അന്തരീക്ഷം. ഏതു സമയത്തും പെയ്യാന്‍ തയ്യാറായി മഴ ആകാശത്ത് കനത്തുനിന്നു.
വരിവരിയായി രാഘവേട്ടനെ കണ്ടവര്‍കണ്ടവര്‍ മുറ്റത്തും പറ മ്പിലുമൊക്കെയായി കൂട്ടംകൂടിനിന്നു സംസാരിച്ചു. പലരും മകനോടു വിശേഷങ്ങള്‍ തിരക്കി. പലരോടായി പറഞ്ഞുപറഞ്ഞ് രാജേഷ് മടുത്തു.
ഇത്തരം ഒരു കാഴ്ച മരണവീടുപോലെ തോന്നിച്ചു.
രാഘവേട്ടനെ കൊണ്ടുവന്നു കിടത്തിയ മുറിയില്‍ രണ്ട് കട്ടിലുകളുണ്ടായിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതിനുമുന്‍പും രാഘവേട്ടന് കിടന്ന മുറിയായിരുന്നു. മറ്റേകട്ടിലിലാണ് സുമതിചേച്ചി കിടന്നിരുന്നത്. ഇരു കട്ടിലുകള്‍ക്കും ഇടയിലുള്ള വഴി ജനങ്ങള്‍ക്ക് ക്യൂ പാലിക്കുവാന്‍ സഹായിച്ചു
ബോധമില്ലാതെ കിടക്കുകയാണ് രാഘവേട്ടനെന്ന് എല്ലാവരും വിചാരിച്ചിരുന്നെങ്കിലും ബോധമുണ്ടായിരുന്നു. ഉള്ളിന്റ്റെയുള്ളില് നല്ല ബോധമുണ്ടായിരുന്നു. പുറത്തേക്കു വാക്കുകള്‍ കുഴഞ്ഞുവീഴുന്നതുകൊണ്ട് മിണ്ടിയില്ലെന്നേയുള്ളു. പിന്നേ, ഈ ജനക്കുട്ടത്തെ കണ്ട് വല്ലാതൊന്നന്ധാളിക്കേം ചെയ്തു.
ഒരു കുഴപ്പവുമില്ല. വീട്ടില്‍ചെന്ന് വിശ്രമിച്ചോള്ളൂ. ഒന്നുരണ്ടാഴ്ച കഴിയുമ്പോള്‍ എല്ലാം ശരിയാകും എന്ന് സമാധാനിപ്പിച്ചാണ് ഡോക്ടര്‍ രാഘവേട്ടനെ വിട്ടത്.
എന്നാല്‍ അത് രോഗിയോടുള്ള വെറും സമാധാനിപ്പിക്കലാണെന്ന് ഡോക്ടര്‍ മകനോടു പറഞ്ഞിരുന്നു. ഏതു നിമിഷവും നിങ്ങള്‍ തയ്യാറായിട്ടിരുന്നോളണമെന്ന് ഭാര്യയോടും പറഞ്ഞു. പക്ഷേ അത് രാഘവേട്ടനറിഞ്ഞിട്ടില്ലല്ലോ.
മരണത്തെ മുഖാമുഖം കാണുമെന്നായപ്പോളാണ് രാഘവേട്ടനെവല്ലാത്തൊരു ഭയം പിടികൂടിയത്. എഴുന്നേറ്റു നടന്നിരുന്ന സമയത്ത് മരണഭയത്തെ പുച്ഛിച്ചുതള്ളുമായിരുന്നു. തന്നെ ഇപ്പോഴൊന്നും അതു ബാധിക്കില്ലെന്നൊരു തോന്നല്‍ ഉണ്ടായിരുന്നിരിക്കണം. ആ തോന്നലാണ് ഇപ്പോള്‍ തകര്‍ന്നടിഞ്ഞത്. എന്നിട്ടും, ഭയത്തിന്റ്റെ ആഴത്തില്‍ കിടക്കുമ്പോഴും എല്ലാം ശരിയാകുമെന്നൊരു വിശ്വാസം വച്ചുപുലര്‍ത്തിയിരുന്നു രാഘവേട്ടന്. അതാണ് ഈ ജനക്കൂട്ടത്തെ കണ്ടപ്പോള്‍ വീണ്ടും തകര്‍ന്നു തരിപ്പണമായത്.
അവര്‍ രാഘവേട്ടനെ ഒരുനോക്കുകണ്ട് പോകുക മാത്രമല്ല ചെയ്തത്. കട്ടിലിനരികില്നിന്ന് രോഗാവസ്ഥയെക്കുറിച്ച് വിവരിക്കുകയും ആശങ്കപ്പെടുകയും ചെയ്തു. ഇതെല്ലാം കേട്ട് തകര്‍ന്നടിഞ്ഞു കിടന്നു രാഘവേട്ടന്.
രാഘവേട്ടനെ കണ്ടശേഷം പെണ്ണുങ്ങള് അപ്പുറത്തെ മുറിയില്‍ എല്ലാം തകര്ന്നടിഞ്ഞവളെപ്പോലെയിരിക്കുന്ന സുമതിചേച്ചയെ കണ്ട് ഞങ്ങള്‍ വന്നുയെന്നു മുഖം കാണിച്ച് സുമതിചേച്ചിയുടെ അവസ്ഥയെക്കുറിച്ച് വിഷമിച്ച്, ഇങ്ങനെ കിടക്കുന്നതിലും നല്ലത് രാഘവേട്ടന് പോകുന്നതാണെന്ന് ആശ്വസിപ്പിച്ച് കുറേനേരം എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ അവിടെ നിന്നു. പിന്നെ, പതുക്കെ പുറത്തേക്കിറങ്ങി, റോഡിലേക്കിറങ്ങി, പുതിയശ്വാസം വീണ്ടെടുത്ത്, അവസരത്തിനൊത്ത തമാശകള്‍ പറഞ്ഞ് ചിരിച്ചുരസിച്ച് സ്വന്തം വീടുകളിലേക്കു നടന്നു.
അങ്ങനെ മൂന്നുനാലു ദിവസത്തേക്ക് ചെറുതും വലുതുമായ തിരക്കുകള്‍ അനുഭവപ്പെട്ടു. പിന്നെ ആരും വരാതായി. ആശുപത്രിയിലെന്നപോലെ തന്നെ സുമതിചേച്ചിയും രാഘവേട്ടനും മാത്രം. മകനും ഭാര്യയും വല്ലപ്പോഴും വന്ന് വാതിക്കല് ഒന്നെത്തിനോക്കി തിരിച്ചുപോയി.
എനിയ്ക്കൊറ്റയ്ക്കു പറ്റൂല്ലായെന്ന് പലപ്രാവശ്യം മകനോടു പറഞ്ഞ സുമതിചേച്ചി ഒടുവില്‍ നിന്റെ ഭാര്യയെ ഇവിടെകൊണ്ടുവന്നു നിറുത്തിയില്ലെങ്കില്‍ ഞാന്‍ ഇറങ്ങിപ്പോകുമോന്ന് കട്ടായം പറയേണ്ടിവന്നു.
അതൊഴിവാക്കാനൊരു സൂത്രം കണ്ടുപിടിച്ച മകന് എവിടേനിന്നോ ഒരു സ്ത്രീയെ അമ്മയ്ക്കു കൂട്ടിനായ്കൊണ്ടുവന്നു. അവര്‍ക്കായ് മാസം കൊടുക്കേണ്ട തുക എഴുതിവയ്ക്കുമെന്നും അച്ഛന്റ്റെ മരണശേഷം വീടുവിറ്റ് ആ തുക തീര്‍ത്തുതരണമെന്നും എഴുതാത്തൊരു കരാര്‍ അമ്മയുമായി ഉണ്ടാക്കി.
മകനെ പൊന്നുപോലെ നോക്കിയ സുമതിചേച്ചിക്ക് രണ്ടാമത്തെ ഷോക്കായിരുന്നു അത്. ആദ്യത്തെ ഷോക്ക് ആശുപത്രിയില്‍ വച്ചുണ്ടായത്. ഇങ്ങേരെ നോക്കാന്‍ എന്റെ കയ്യില്‍ പൈസയില്ലെന്നവന് സുമതിചേച്ചീടെ മുഖത്തുനോക്കിപറഞ്ഞു. അതുകേട്ടുകൊണ്ടു കിടന്ന രാഘവേട്ടന്റെ കണ്ണുനനയുന്നത് സുമതിചേച്ചി കണ്ടു.
ആശുപത്രിയില്‍വച്ചുതന്നെ സുമതിചേച്ചി ഒരുകാര്യം ഉറപ്പിച്ചതാണ്. ആ ഉറപ്പിന് ഇന്ന് ബലം കൊടുത്തു. അതിതായിരുന്നു. രാഘവേട്ടന്റെ മരണശേഷം വീട് വിറ്റ് രാജേഷിന്റ്റെ കടം മുഴുവനും വീട്ടി ബാക്കിയുള്ളത് ആശ്രമത്തില്‍ കൊടുത്ത് അവിടെയങ്ങട് കൂടാം. അല്ലാതെ ഇവന് നോക്കുമെന്നു കരുതിയാല്‍ അതാപത്താണ്. സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നതല്ലല്ലോ ഇതൊക്കെ. അത്ര സ്നേഹമായിരുന്നില്ലേ മകന് അമ്മയോടും അച്ഛനോടും കാണിച്ചിരുന്നത്. മനുഷ്യരെ അളക്കണമെങ്കില്‍ തക്കതായ ഒരു പ്രശ്നം വരണമെന്ന് അന്ന് സുമതിചേച്ചി മനസ്സിലാക്കി.
വന്ന സ്ത്രീക്ക് സുമതിചേച്ചിയോളം പ്രായമുണ്ടായിരുന്നു. എന്നാലും സാരംല്ല്യ, ഒരു കൂട്ടായല്ലോയെന്ന് സുമതിചേച്ചി ചിന്തിച്ചു. പതുക്കെ പതുക്കെ അവരടുത്തു. കാണുന്നപോലത്ര കുഴപ്പക്കാരിയല്ല. ഒരു പാവം. കണ്ടാല്‍ തോന്നില്ല.
ദിവസങ്ങള്‍ കഴിയുന്തോറും രാഘവേട്ടന് പിച്ചുംപേയും പറയുന്നതു കൂടി. ഓര്‍മ്മ തീരെ ഇല്ലാതായി. സുമതിചേച്ചിയെ ഹോംനേഴ്സായീട്ടും ഹോംനേഴ്സിനെ സുമതിചേച്ചിയായിട്ടും കാണാന്‍ തുടങ്ങി. പോരാത്തതിന് പിടിച്ചാല്‍കിട്ടാത്ത ദേഷ്യോം. ഇപ്പോള്‍ ഒരുവിധം നന്നായി വര്‍ത്തമാനം പറയും. കുഴഞ്ഞുകുഴഞ്ഞാണെങ്കിലും അതു നമുക്ക് മനസ്സിലാകും. ദേഷ്യം വന്നാല്‍ പറയുന്ന വാക്കുകള്‍ക്ക് ഒരു കടിഞ്ഞാണുമില്ലാതെയായി. ഇന്നേവരെ സുമതിചേച്ചി കേള്‍ക്കാത്ത വാക്കുകളാണ് വിളിച്ചുപറയുന്നത്. ഒട്ടും സഭ്യമല്ലാത്തത്. ഈ മനുഷ്യന്റ്റെ ഉള്ളില്‍ ഇത്രയും അറപ്പിക്കുന്ന വാക്കുകള്‍ നിറഞ്ഞിരുപ്പുണ്ടായിരുന്നോയെന്ന് സുമതിചേച്ചി അത്ഭുതംകൊണ്ടു. മറ്റവരാണെങ്കില്‍ ഇതല്ല ഇതിലപ്പുറവും അങ്ങോട്ടു തിരിച്ചു പറയാനും തുടങ്ങി. ആകപ്പാടൊരു ശണ്ഠ. എന്നാല്‍ സുമതിചേച്ചിയോടവര് നല്ല രീതിയില്‍ പെരുമാറുന്നതുകൊണ്ട് അവരെ വെറുപ്പിക്കാനും വയ്യ. ഒരു സഹായത്തിന് അവരല്ലേയുള്ളു. എന്നാല്‍ സ്വന്തം ഭര്‍ത്താവിനെ അവര്‍ പറയുന്നതു കേട്ടാല്‍ എത്ര കുളിച്ചാലും മതിയാവില്ല.
സ്നേഹം നടിച്ച് അവരെ കയ്യില്‍പ്പിടിച്ച് വലിച്ച് പുറത്തേക്കു കൊണ്ടുപോകും. അങ്ങേര് അവിടെക്കിടന്ന് പറഞ്ഞുതീരട്ടെയെന്ന് വാതിലടച്ചിടും. ഒരുവിധം ശാന്തമാകുമ്പോള്‍ സുമതിചേച്ചി പതിയെ അകത്തുകയറും. എന്നിട്ട് വേണ്ടതെല്ലാം ചെയ്യും. അപ്പോള്‍ അവരും വന്ന് സഹായിക്കും.
ദേഷ്യപ്പെടാത്ത സമയത്താണെങ്കില്‍ അവര്‍ നന്നായി പണിയെടുക്കും. അതുകൊണ്ട് കൊടുക്കണ കാശിന് ഫലമുണ്ട്. പിന്നെ ഇവരെ വിട്ടാല്‍ ഇനിയൊരാളെ കിട്ടാനും വല്യ പാടാണെന്നാണ് രാജേഷ് പറഞ്ഞത്. ഇതിനിരട്ടി കാശുകൊടുക്കേം വേണം. കാശിന്റെ കാര്യം കേട്ടപ്പോള്‍ അതു വേണ്ടെന്നുതന്നെ സുമതിചേച്ചി പറഞ്ഞു.
ഒരു ദിവസം ഹോംനേഴ്സിന്റ്റെ കയ്യില്ക്കയറിപ്പിടിച്ച് രാഘവേട്ടന് പറഞ്ഞു – നീയിവിടെയിരിക്ക്
കൈ കുടഞ്ഞുമാറ്റി പുലഭ്യം പറഞ്ഞുകൊണ്ട് അവര്‍ സുമതിചേച്ചിയ്ക്കരികിലേക്കോടി.
അയാള്‍ക്ക് —– ന്റ്റെ കേടാ അവര്‍ ദേഷ്യം കൊണ്ടു.
സുമതിചേച്ചി അവരെ ആശ്വസിപ്പിച്ചു. നീയതു കാര്യാക്കണ്ടാ. അങ്ങേര് അങ്ങനത്തെ മനുഷ്യനോന്നുംല്ല. ഈ നാട്ടില്‍ ഏതു സമയത്തും ഏതുവീട്ടിലും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം അങ്ങേര്ക്കുണ്ടായിരുന്നു. നീ അന്യ നാട്ടുകാരിയായോണ്ടാ അതറിയാത്തെ. നീ നാട്ടിലേക്കൊന്നിറങ്ങിച്ചെന്ന് ചോദിക്ക്. ഇതിപ്പോള്‍ അസുഖായീട്ടല്ലേ. ആരേയും തിരിച്ചറിയാന്‍ പറ്റാതായിരിക്കുന്നു. അതു നമ്മള് മനസ്സിലാക്കേണ്ടേ. ഓര്‍മ്മ നശിച്ചിരിക്കുന്ന ഒരാളോട് നമ്മളെന്താ പറയാ.
അവരും അതു ശരിവച്ചു.
ചേച്ചി പറയുന്നതൊക്കെ ശരിയാ. എനിക്കറിയാഞ്ഞിട്ടല്ല. ചില നേരത്ത് ദേഷ്യംങ്ങട് അടക്കാന്‍ പറ്റ്ണില്ല. ചേച്ചീടെ ഭര്‍ത്താവിനെയാണ് ഞാനിതൊക്കെ പറയണേന്നറിയാം. ഏതൊരു ഭാര്യയ്ക്കും അതു സഹിക്കില്ല. ചേച്ചി എത്രമാത്രം വിഷമിക്കുന്നുണ്ടെന്നെനിക്കറ്യാം. ഇനി ഇങ്ങനോംന്നുംണ്ടാവാതെ ഞാന്‍ ശ്രദ്ധിക്കാം – അവര്‍ സുമതിചേച്ചിയോടു ചേര്‍ന്നുനിന്നു.
ഇതിനുശേഷം രണ്ടുമൂന്നു പ്രാവശ്യം രാഘവേട്ടന് പോയിയെന്നുറപ്പിച്ച് ആളുകള്‍ ഓടിക്കൂടിയതാണ്.
ഇങ്ങനെകിടക്കുന്നതിലും നല്ലത് അങ്ങട് പോകുന്നതുതന്ന്യാ – നിരാശയോടെ ചില സ്ത്രീകള്‍ പറയുന്നത് രാഘവേട്ടന് കേട്ടു.
ചിലരിങ്ങനെകിടക്കും അങ്ങോട്ടൂംല്ല ഇങ്ങോട്ടൂംല്ല്യാണ്ട്. അമ്മിണിയമ്മ കിടന്ന കണ്ടില്ലേ പത്തുകൊല്ലം. ഒടുവില്‍ എല്ലും തോലുമായീട്ടാ പട്ടടയിലേക്കെടുത്തേ.
എന്നാ യീ കിടപ്പുകണ്ടിട്ട് അങ്ങനെ തോന്നണില്ല. കൂടിവന്നാ രണ്ടൂസോംകൂടി.
രാഘവേട്ടന്റ്റെ ഉള്ളൊന്നാന്തി.
ഫ്ഭ…യെന്നോരു തെറി ഉളളില്‍ വന്നത് പുറത്തേക്കുവന്നില്ല.
പിറ്റേന്ന് രാവിലെ ഹോംനേഴ്സ് പതിവിലും നേരത്തെ ഏണീറ്റു.
സുമതിചേച്ചിയും രാഘവേട്ടനും നല്ല ഉറക്കമായിരുന്നു.
ഇത്തിരി കാപ്പിയിട്ടുകുടിച്ചശേഷം മുറിയിലേക്കു വന്നപ്പോള്‍ ഒരന്തമില്ലായ്മ കണ്ടു.
രാഘവേട്ടനെ വീണ്ടും വീണ്ടും വിളിച്ചു. ഒരനക്കവുമില്ല.
സുമതിചേച്ചിയാണെങ്കില് ഭയങ്കര ഉറക്കത്തിലാണ്. ഇന്നലെ രാത്രി പാവം വളരെ വൈകിയാണ് കിടന്നത്. എങ്കിലും ഈ നേരത്ത് വിളിക്കാതിരിക്കുന്നതെങ്ങന്യാ. രാഘവേട്ടന് പോയല്ലോ.
ചേച്ചീയെന്നു വിളിച്ചിട്ടും വിളിച്ചിട്ടും ചേച്ചിയും അനങ്ങുന്നില്ല. അടുത്തയൊരു പണിക്കേട് ഹോംനേഴ്സ് മണത്തു.
ചേച്ചിയെ കുലുക്കി വിളിച്ചു.
എന്റ്റെ ദൈവ്വേ ന്നൊരു നിലവിളി ഹോംനേഴ്സിന്റ്റെ തൊണ്ടകീറി പുറത്തുവന്നു.
അതുകേട്ടു ഞെട്ടിയുണര്‍ന്ന രാഘവേട്ടന് പുളിച്ചയൊരുതെറി വിളിച്ചുപറഞ്ഞു.
ഒന്നന്ധാളിച്ച ഹോംനേഴ്സിന് കരച്ചിലടക്കാനായില്ല.
സുമതിചേച്ചിയെ കുലുക്കിവിളിച്ചുകൊണ്ട് ഉറക്കെ കരഞ്ഞു.