ബീച്ചാശുപത്രി
എഴെട്ടു വര്‍ഷത്തിനുശേഷമാണ് നന്ദു ബീച്ചില്‍ എത്തുന്നത്. രാവിലെ എട്ടെട്ടരമണിക്ക് വെയില് പരന്നു തുടങ്ങുന്ന കടലോരത്ത് അങ്ങനെ നില്ക്കുമ്പോള് തട്ടുകടകളും പാറക്കൂട്ടങ്ങളും തിരകളും വരെ ഉറക്കക്ഷീണത്തിലാണെന്ന് നന്ദുവിന് തോന്നി. തലേന്ന് വൈകിയായിരിക്കണം കടകളെല്ലാം അടച്ചത്.
വെയില് പരന്നു തുടങ്ങുന്ന കടപ്പുറത്തെ നന്ദു നോക്കി നിന്നു. നന്ദുവിനെ കൂടാതെ നാലോ അഞ്ചോ പേര് മാത്രമേ അപ്പോള്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. രണ്ടുപേര്‍ സിറ്റിയില്‍ എന്തോ പരീക്ഷയെഴുതാന്‍ വേണ്ടി വന്ന പയ്യന്മാരായിരുന്നു. ഉച്ചയ്ക്കാണ് പരീക്ഷ.
അതുകൊണ്ട് കൂട്ടുകാര്‍ എല്ലാവരും രാവിലെ ബീച്ചില്‍ ഒത്തുകൂടി ഒരുമിച്ച് പരീക്ഷയ്ക്ക് പോകാമെന്ന് വച്ച് വന്നതാണ്. അവരില്‍ ഒരുവന് ഇളനീര്ക്കടയില് ആളുകള്‍ക്ക് ഇരിക്കാനായി വെച്ച മരത്തടിയില്‍ ഇരുന്നു. ഇളനീര്‍ക്കട ഇന്നലെ രാത്രി അടച്ചിട്ട് പോയതാണ്. ഇളനീരുകള്‍ ഇരുമ്പിന് കൂടിനുള്ളില്‍ ലോക്ക് ചെയ്തിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമേ കടയുടമ വരികയുള്ളൂ എന്ന് തോന്നുന്നു.ബീച്ചുണരുന്നത് വൈകുന്നേരത്താണല്ലോ.
പരീക്ഷയ്ക്ക് വന്നവരില്‍ ഒരുവന് മരത്തടിയില്‍ ഇരുന്നുകൊണ്ട് ബാഗില്‍ നിന്ന് ഒരു പുസ്തകം വലിച്ചെടുത്തു. പരീക്ഷയ്ക്കായി അവന് പഠിച്ചു തീര്‍ത്ത പാഠഭാഗങ്ങളെക്കുറിച്ച് തെളിവ് സഹിതം പറഞ്ഞുതുടങ്ങി. മറ്റേവന് ഇതെല്ലാം അംഗീകരിച്ചു.അവരൊരു മത്സര പരീക്ഷയ്ക്ക് വന്നവരായിരുന്നു.ഇതിലെങ്കിലും പാസ്സാവണം എന്ന് അവര്‍ ശക്തിയായി ആഗ്രഹിക്കുന്നുണ്ട്.
വരാനിരിക്കുന്ന മൂന്നാമനെ അവര്‍ ഫോണില്‍ വിളിച്ചു. അവന് ബസ്സില്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കി. ബീച്ചില്‍ തങ്ങള്‍ ഇരിക്കുന്ന സ്ഥലം അവര്‍ അവന് പറഞ്ഞു കൊടുത്തു.
അവര്‍ നല്ല കുട്ടികളാണ് എന്ന് നന്ദുവിന് തോന്നി. കൗമാരം പിന്നിട്ടു കൊണ്ടിരിക്കുന്ന അവര്‍ മത്സര പരീക്ഷയെഴുതി ജോലി നേടാന്‍ ശ്രമിക്കുന്നത് നല്ലതുതന്നെ. ഇത്തവണ എങ്ങനെയെങ്കിലും നേടിയെടുക്കും എന്ന് തന്നെ അവര്‍ കരുതുന്നുണ്ട്.
ഇതിനകം ഒരുവന് റോഡ് കുറുകെ കടന്ന് അപ്പുറത്തെ കടയില്‍ പോയി, രണ്ട് ച്യൂയിംഗം വാങ്ങിച്ചു വന്നു. ഒന്ന് വരുമ്പോള്‍ തന്നെ അവന് വായിലിട്ട് ചവച്ചുകൊണ്ടാണ് വന്നത്. രണ്ടാമത്തേത് കൂട്ടുകാരന് നേരെ നീട്ടി.അവന് ചിരിച്ചുകൊണ്ട് അത് വാങ്ങി ചോദിച്ചു,
നീ പഠിക്കുന്നില്ലെ?
ഉം… നീങ്ങിയിരി
അവന് കൂട്ടുകാരനെ തള്ളിമാറ്റി.
കഴിഞ്ഞ പരീക്ഷയില്‍ നമ്മള് കയറിക്കൂടാത്തത് എന്തായിരുന്നു?
ഒരുവന് ചോദിച്ചു.
സ്റ്റാറ്റി അല്ലേ പറ്റിച്ചത്?
ഉം അരിത്മാറ്റിക്കും കൊഴപ്പിച്ചു.
ഇത്തവണ കയറിക്കൂടീല്ലെങ്കില് പിന്നെ കഴിഞ്ഞൂ ന്റെ കഥ
നമുക്ക് നോക്കാഡാ..
അവര്‍ കടലിലേക്ക് നോക്കി പറഞ്ഞു.
നന്ദു തലചരിച്ച് അപ്പുറത്തേക്ക് നോക്കി. അവിടെ അപ്പോഴേക്കും ഒരു ഉമ്മയും മൂന്നു കുട്ടികളും വന്നിരുന്നു. എല്ലാ തിരക്കുകളും കഴിഞ്ഞ് ബീച്ച് കാണിക്കാമെന്ന് ഉമ്മ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വന്നവരാണ് എന്ന് ഒറ്റനോട്ടത്തില്‍ നന്ദുവിന് മനസ്സിലായി.രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമായിരുന്നു.ആണ് കുട്ടിയായിരുന്നു ഏറ്റവും ചെറുത്. പെണ്‍കുട്ടികളില്‍ മൂത്തവള്‍ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞവളാണ് എന്ന് തോന്നി. ബീച്ചില്‍ ആളുകള്‍ കുറവായതിനാല്‍ അവര്‍ പൊതുവെ നിരാശരായിരുന്നു. കുട്ടികള്‍ കടലിലേക്ക് ഇറങ്ങാന്‍ മടി കാണിച്ചു.
ഉമ്മ അവരോട് പറഞ്ഞു.
എത്ര കാലായി പറയ് ന്നൂ… ബീച്ചി പോണം ബീച്ചി പോണം…ന്ന്…. ഇപ്പോ ബീച്ചില്‍ കൊണ്ടുവന്നപ്പോ കളിക്കാന്‍ പോകണ്ടാന്നോ…
ആളുകള്‍ ആരുമില്ലാതെ ഞങ്ങള്‍ക്ക് കളിക്കാന്‍ വയ്യ… രണ്ടാമത്തവളാണ് അത് പറഞ്ഞത്.
മൂത്തവള്‍ പറഞ്ഞു ,സാരമില്ല. ഉമ്മായ്ക്ക് ഒഴിവുള്ളപ്പോഴല്ലേ ബീച്ചില്‍ കൊണ്ടുവരാന്‍ പറ്റു..
ഉമ്മ അപ്പോഴേക്കും വീട്ടില്‍ നിന്നും കൊണ്ടുവന്ന പലഹാരപ്പൊതി തുറന്ന് മക്കള്‍ക്ക് നല്കി.
ഹായ്..മുറുക്ക് … എന്നുപറഞ്ഞ് അവന് മുറുക്കെടുത്തുകടിച്ചു. പെണ്‍കുട്ടികള്‍ അവനെ ചെറിയ പരിഹാസത്തോടെ നോക്കി. എന്തൊരു ആര്ത്തിയാണെടെ…
അയ്ന് ഇബടെ ആരാ ഉള്ളത്?
പെണ്‍കുട്ടികള്‍ കടലിലേക്കും പിന്നെ ചുറ്റും നോക്കി. അവിടെ പരീക്ഷ എഴുതാന്‍ വന്ന പള്ളേരെയും നന്നായി ഡ്രസ് ചെയ്ത നന്ദുവിനെയും നോക്കി.
ആ ചേട്ടന്മാര് പഠിക്കാന്‍ വന്നതാ..പാന്റും ഷര്‍ട്ടും ഇട്ട അയാള്‍ ഏതോ കടേലെ മൊതലാളി യാന്നാ തോന്നുന്നേ….അവന് യുക്തി ഉപയോഗിച്ച് പറഞ്ഞു.
മുറുക്ക് മുഴുവന്‍ തീര്‍ത്ത് അവന് ചോദിച്ചു. വെള്ളം ണ്ടാ..
നടക്ക് ചെക്കാ….ഉമ്മ അവനെ അടിക്കാനോങ്ങി..പെണ്‍കുട്ടികള്‍ രസിച്ച് ചിരിച്ചു. അവര്‍ ബീച്ചിന്റെ അറ്റത്തേക്ക് നടന്നു.
തിരമാലകളില്‍ നിന്നും വളരെ ദൂരെ സിമന്റ് തട്ടിലാണ് അവര്‍ ഇരുന്നത്. എന്നാലും തിരമാലകള്‍ വ്യക്തമായി കാണാമായിരുന്നു. ഓരോ തിരയും ഗൗരവമുള്ള ജോലി ചെയ്യുന്നതുപോലെ ഓടിയടുക്കുകയും അതുപോലെ പിന്‍വാങ്ങുകയും ചെയ്യുന്നു.
കൊച്ചു പയ്യന് മുറുക്ക് കഴിച്ച് കഴിഞ്ഞിരുന്നു. അവന് വെള്ളദാഹം തോന്നി. അവന് അങ്ങോട്ടുമിങ്ങോട്ടും നോക്കിക്കൊണ്ട് ചോദിച്ചു വെള്ളമുണ്ടോ?
ഇതാ വെള്ളം… കടലിലേക്ക് ചൂണ്ടി അവന്റെ ഉമ്മ പറഞ്ഞു. അവന് ശക്തിയായ ദേഷ്യം വന്നു. അവന് തല കുലുക്കിക്കൊണ്ട് ചുറ്റുപാടും നോക്കി. പെണ്‍കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.
എനിക്ക് ശരിക്കും ദാഹൂണ്ട്, അവന് പറഞ്ഞു.
അവന് കാല് കുടഞ്ഞുകൊണ്ട് മണലിലേക്ക് കാല്പാദങ്ങള് ചറപറാ അമര്ത്തിക്കളിച്ചു. വെള്ളം കിട്ടാത്തതിന് എന്തെങ്കിലും പ്രതിഷേധം രേഖപ്പെടുത്തുക എന്നു മാത്രമേ അവന് ഉദ്ദേശിച്ചിരുന്നുള്ളൂ.
പെണ്‍കുട്ടികള്‍ രണ്ടുപേരും അവരവരുടെ ഉടുപ്പുകളെക്കുറിച്ചും കയ്യിലെ വളകളെക്കുറിച്ചും പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. അവന് വെള്ളം കിട്ടില്ല എന്നും അവനെ അവഗണിക്കുകയാണെന്നും അവന് മനസ്സിലായി.
ഉമ്മ കടലിലേക്ക് നോക്കി എന്തോ ആലോചിക്കുകയാണ്. തിരമാലകള്‍ സഗൗരവം അവരുടെ ജോലി ചെയ്തുകൊണ്ടിരുന്നു.
അവന് വീണ്ടും വെള്ളത്തിന്റെ കാര്യം പറയാന്‍ തുടങ്ങിയപ്പോള്‍ പെണ്‍കുട്ടികളില്‍ മൂത്തവള്‍ അവന്റെ മണ്ടക്ക് മേടിക്കൊണ്ട് പറഞ്ഞു. ഉമ്മ ഉപ്പാന്റെ കാര്യം ആലോചിക്കുകയാണെന്ന് അറിയില്ലേ?
അപ്പോള്‍ ഉമ്മ നനഞ്ഞ കണ്ണുകളോടെ കടലിലേക്ക് നോക്കിയിരിക്കുകയായിരുന്നു. അതൊരു പതിവായിരുന്നു കുട്ടികളുടെ ഉപ്പയെ അങ്ങനെ കടലില്‍ നോക്കിയാണ് ഉമ്മ കണ്ടെത്തിക്കൊണ്ടിരുന്നത്. അയാള്‍ വിരുന്നുകാരനെപ്പോലെ വരികയും കുഞ്ഞിനെ തരികയും പോവുകയും ചെയ്തു അവള്‍ക്ക് അവയൊക്കെ സ്വീകരിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ
ആദ്യതവണ ഒറ്റപ്പോക്ക് പോയപ്പോള്‍ അവള് ഏറെ കരഞ്ഞു എല്ലാ ദിവസവും പടിയിലേക്ക് നോക്കും. രാത്രി ആള് വരുന്നുണ്ടോയെന്ന് കാതോര്‍ക്കും.
എന്നാല്‍ അതുണ്ടായില്ല കുഞ്ഞാമിന ജനിച്ചിട്ടും കുഞ്ഞുകയ്യും കാലും വളര്‍ന്നിട്ടും അയാള്‍ വന്നില്ല. ഒരു ദിവസം സുബഹ് നിസ്കാരം കഴിഞ്ഞ് പായ മടക്കുമ്പോള്‍ മുന്നില്‍ അയാള്‍. അപ്പോഴും അവള് കുറെ നേരം കരയുകയാണ് ചെയ്തത്. ദിവസങ്ങള്‍ക്കകം അയാള്‍ പിന്നെയും പോകുമെന്ന് വിചാരിച്ചതല്ല.
ഒറ്റ രാത്രിക്കായി പിന്നീട് വീണ്ടും വന്നപ്പോഴാണ്, ഉമ്മക്ക് അഗാധമായി മുറിവേറ്റത്.. ഇയാള്‍ ആരെയാണ് വിഡ്ഢിയാക്കാന്‍ നോക്കുന്നത്.
അവള് മനസ്സില്‍ ഉറപ്പിച്ചിരുന്നു ഇനി വരട്ടെ ഞാന്‍ വാതില്‍ തുറക്കുകയില്ല. കൂടെ നിന്ന് സംരക്ഷിക്കുന്ന തണല്‍ മതി എനിക്ക്. ഋതുഭേദം പോലെ മിന്നിമറയുന്ന വരെ എനിക്ക് വേണ്ട.
വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു രാത്രിയില്‍ മുറിവേറ്റ് അപകടത്തില്‍പ്പെട്ട നിലയില്‍ ഒരാള്‍ എത്തി .ബോധം മറയുവാന് കുറച്ചു നേരമേ വേണ്ടിവന്നുള്ളൂ. രണ്ടുദിവസം ബോധമറ്റ് കിടന്ന അയാളെ അവള് ശുശ്രൂഷിച്ചു. നാവ് ചലിപ്പിക്കാറായപ്പോള് അയാള്‍ മാപ്പ് മാപ്പ് എന്ന് മാത്രം പറഞ്ഞു.
അങ്ങനെ കൂടിയതാണ്. പുരുഷന് മാപ്പ് പറയാന്‍ എളുപ്പമാണ്. അവന് അതില്‍ നിന്നും ഒന്നും പഠിക്കുന്നില്ല അയാള്‍ ഇത്രയും കാലം എവിടെയായിരുന്നു എന്ന് ആളുകള്‍ നേരിട്ട് ചോദിക്കുമായിരുന്നു. സ്വാഭാവികം. എന്നാല്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ഉണ്ടായില്ല ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ എല്ലാം ഉപേക്ഷിച്ച് പോവുക.
ഉമ്മ തിരമാലകളിലേക്ക് നോക്കിയിരുന്നു ഏതോ ഒരു തിരമാലയില്‍ നിന്ന് കുട്ടികളുടെ ഉപ്പ ഉയര്‍ന്നുവരുന്നത് കണ്ടു.
അവര്‍ ഉറ്റുനോക്കി അവരുടെ കണ്ണുനീര് മാഞ്ഞു കണ്ണുകള്‍ വിടര്‍ന്നു അവര്‍ ദൂരേക്ക് സൂക്ഷിച്ച് നോക്കുകയായിരുന്നു അയാള്‍ക്ക് എങ്ങനെ വരാതിരിക്കാനാവും കുട്ടികള്‍ക്കും ഇപ്പോള്‍ ഇതൊക്കെ പതിവായിരിക്കുന്നു ഇതുപോലെ ഒഴിവുള്ള ദിവസം കാലത്തുതന്നെയാണ് ഉമ്മ വരാറുള്ളത് കുറെ നേരം കടലിലേക്ക് നോക്കിയിരുന്നാല്‍ ഉമ്മ പഴയ നിലയിലാവും. വീണ്ടും സ്നേഹത്തോടെ വര്‍ത്തമാനം പറഞ്ഞു തുടങ്ങും. അതിനാല്‍ കുട്ടികള്‍ തന്നെയാണ് ഇത്തവണ വാശി പിടിച്ചത്. ഉമ്മാ… ഞങ്ങളെ ബീച്ചില്‍ കൊണ്ടുപോകുവോ?
ഉപ്പയെ കുറച്ചുനേരം കണ്ടതോടെ അവര്‍ക്ക് ഇനിയുള്ള കുറേ ദിവസത്തേക്ക് ജീവിക്കാനുള്ള ധൈര്യം കിട്ടിയിരുന്നു. ഉമ്മ കുട്ടികളെ കുറച്ചുനേരം കളിപ്പിച്ചു ജോലിക്ക് പോകാന്‍ നേരമായി മക്കളെ എന്നു പറഞ്ഞ്, അവരെയും കൊണ്ട് തിരിച്ചു പോവുകയും ചെയ്തു.
പെണ്‍കുട്ടികള്‍ ഉല്ലാസവതികളായിരുന്നു. പയ്യന് ഉമ്മ ബാഗില്‍ സൂക്ഷിച്ച ചെറിയ കുപ്പിയില്‍ നിന്ന് കുടിക്കാന്‍ വെള്ളവും കിട്ടി.
നന്ദു ഇതൊക്കെയും കാണുകയായിരുന്നു. അവന് സത്യത്തില്‍ ബീച്ചിലേക്ക് വന്നതായിരുന്നില്ല. ബീച്ചാശുപത്രിയിലേക്ക് വന്നതായിരുന്നു. ഡോക്ടര്‍മാര്‍ എത്തിയിട്ടില്ല എന്നതിനാല്‍ മാത്രം ബീച്ചിലേക്ക് വന്നതാണ്, സമയം പോക്കാനായി
ഇപ്പോള്‍ കുറച്ചു നേരമായല്ലോ ആശുപത്രിയിലേക്ക് മടങ്ങാന്‍ സമയമായി.
കണ്ണില്‍ തെളിച്ചക്കുറവ് ശല്യപ്പെടുത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി പല ഡോക്ടര്‍മാരുടെ അടുത്തും പോയി. കണ്ണില്‍ ഒരു പാട പോലെ. പലതും തെളിയുന്നില്ല. പത്രം വായിക്കുമ്പോഴാണ് പ്രശ്നം ശ്രദ്ധയില്‍പ്പെട്ടത്. പിന്നെ ടിവി കാണുമ്പോഴും ദൂരെ നിന്ന് ആളുകളെ കാണുമ്പോഴും ഒക്കെ പാട വന്നു മൂടി. അതിപ്പോള്‍ വലുതായി.
കണ്ണട പരിഹാരമായി നിര്‍ദ്ദേശിച്ചിരുന്നു. രണ്ട് കണ്ണിന്റെയും കാഴ്ചപരമിതി അളന്ന് തിട്ടപ്പെടുത്തി നല്ലൊരു കണ്ണട വച്ചെങ്കിലും കാഴ്ച മാത്രം തിരികെ വന്നില്ല. ഇപ്പോള്‍ ദൂരെ ഉള്ളത് മാത്രമല്ല അടുത്തുള്ളതുവരെ കാണാന്‍ ബുദ്ധിമുട്ടുന്നു. ഇങ്ങനെ പോയാല്‍ പറ്റില്ല . കാഴ്ചയില്ലാതെ ജീവിക്കുക എന്ന് പറഞ്ഞാല്‍ മരിച്ചതിന് തുല്യമാണ് .
അല്ല, ഞാനിപ്പോള്‍ ബീച്ചില്‍ കണ്ടതെല്ലാം കണ്ണുകൊണ്ടല്ലേ? ദൂരെ തിരമാലകളില്‍ ഉപ്പ വരുന്നത് ഞാനും കണ്ടുവല്ലോ. പെണ്‍കുട്ടികളും പയ്യനും കളിക്കുന്നതും പ്രസന്നമായി ഉമ്മയോടൊപ്പം തിരികെ പോകുന്നതും കണ്ടുവല്ലോ. മത്സരപരീക്ഷയ്ക്ക് വന്ന കുട്ടികള്‍ റോഡ് കടന്നുപോയി വരുന്നതുവരെയും വ്യക്തമായി കണ്ടതാണ്..ദൂരെ സൂര്യന് ഉയിര്‍ത്തതും ഒത്തപ്രഭയില് പ്രകാശിക്കുന്നതും ഞാന്‍ കാണുന്നു.
ഇങ്ങനെയുള്ള ഞാന്‍ എന്തിനാണ് ആശുപത്രിയിലേക്ക് പോകുന്നത?്
ബീച്ചില്‍ വീശിയ കാറ്റ് അപ്പോള്‍ ഔഷധം പോലെ നന്ദുവിനെ വന്നു തൊട്ടു.
അവന് വേഗം വീട്ടില്‍ പോകാന്‍ നിശ്ചയിച്ചു. അപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു.
ബീച്ചാകട്ടെ രോഗികളെ കാത്തിരിക്കുന്ന ആശുപത്രിക്കിടക്ക പോലെ ഇനിയും വരാനിരിക്കുന്നവരെയും കാത്തിരുന്നു.
9847789337