പുരസ്കാരം
ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടപ്പോള്‍ സന്തോഷമൊന്നും തോന്നിയില്ല. ഈയിടെയായി കോളുകളധികവും മനസ്സില്‍ പോറലുണ്ടാക്കുകയായിരുന്നു.
എങ്കിലും മടിച്ചു മടിച്ച് റിസീവര്‍ കൈയ്യിലെടുത്തു. അപരിചിതശബ്ദമായിരുന്നു തന്റെ പേരു പറഞ്ഞ് ആ ആള് തന്നെയല്ലേയെന്ന് ചോദിച്ചു. അതേയെന്ന് ആവര്‍ത്തിച്ച് പറഞ്ഞു. അങ്ങേത്തലയക്കല് നിന്നും വാക്കുകളൊന്നുമില്ല.
ഒരു നിമിഷത്തെ മൗനത്തിനു ശേഷം സംസാരിക്കുന്ന ആള് പേര് പറഞ്ഞു. എനിക്ക് അജ്ഞാതമായിരുന്നു ആ പേര്. പിന്നെ അദ്ദേഹം സ്വയം പരിചയപ്പെടുത്തി. അന്തരിച്ച ഒരു എഴുത്തുകാരന്റെ പേരിലുള്ള കമ്മിറ്റിയുടെ സെക്രട്ടറിയാണ്. വീണ്ടും ഒരു സെക്കന്റിന്റെ മൗനത്തിനു ശേഷം പറഞ്ഞു; ”ഈ വര്‍ഷത്തെ ഞങ്ങളുടെ പുരസ്കാരം താങ്കള്‍ക്കാണ്”.
അപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്. ആ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഒരു പുരസ്കാരം. അതും എഴുത്തുകാരന്റെ പേരിലുള്ളത്. എന്റെ മനസ്സില്‍ ആഹ്ളാദം തുടികൊട്ടി.
കൊല്ലങ്ങള്‍ക്കു മുമ്പ് പുരസ്കാരവാര്ത്തകള് എന്റെ മനസ്സില്‍ മഴവില്ലു വിടര്‍ത്തി നിന്നു. തനിക്കും ഒരു പുരസ്കാരം ലഭിക്കണമെന്ന്. അറിയാവുന്ന പേരിലുള്ള ദൈവങ്ങളോടെല്ലാം പ്രാര്‍ത്ഥിച്ചു. പത്രങ്ങളിലെ പുരസ്കാര വാര്‍ത്തകള്‍ കണ്ട് പലരോടും അസൂയപ്പെട്ടു.
കാലം ചിറകടിച്ചു കടന്നു പോയി. ഒരു കമ്മിറ്റിക്കാരും തന്നെ പരിഗണിച്ചില്ല. അതോടെ പുരസ്കാര മോഹം മനസ്സില്‍ അസ്തമിച്ചു. താനൊരു പുരസ്കാരത്തിനും അര്‍ഹനല്ലെന്ന ബോധം മനസ്സില്‍ വേരു പിടിച്ചു. പുരസ്കാര വാര്‍ത്തകള്‍ മറ്റു വാര്ത്തകളെപ്പോലെയായി.
ഇപ്പോള്‍ ഇതാ ഒരു പുരസ്കാരം തന്നെത്തേടിയെത്തിയിരിക്കുന്നു. മനസ്സിലെ ഉണങ്ങിയ ശിഖരങ്ങളാല്‍ താരും തളിരും നിറഞ്ഞു.
പിന്നെ അഭിനന്ദനങ്ങളുടെ ഒരു പ്രവാഹമായിരുന്നു. നേരിട്ടും ഫോണ്‍ വഴിയും പലരും ആശംസ അര്‍പ്പിച്ചു. വീട്ടിലും ആഹ്ലാദം അലടിച്ചു. തന്നേക്കാള്‍ സന്തോഷം ഭാര്യയ്ക്കായിരുന്നു എന്നു തോന്നി. അവള് പറഞ്ഞു: ”എത്ര നാളായി ഈ കീറിപ്പറിഞ്ഞ സാരിയുടുക്കുന്നത്! ഒന്നിച്ച് ഒരു സിനിമ കണ്ട കാലം മറന്നു. ഇപ്പോഴെങ്കിലും ദൈവം കണ്ണുതുറന്നല്ലോ. കുറച്ചു കാശ് എനിക്കും വേണം”
എന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. ചെരിപ്പുമുതല് പലതും വാങ്ങണം. വളരെ ക്ലേശിച്ചാണ് കറന്റുബില്ലും വാട്ടര്ചാര്ജ്ജും ഫോണ്ബില്ലുമെല്ലാം അടച്ചിരുന്നത്. എഴുതിയ സൃഷ്ടികള്‍ അയയ്ക്കാന്‍ പോസ്റ്റ്ഓഫീസില്‍ പോയി പണം തികയാതെ പലപ്പോഴും തിരിച്ചു പോന്നു.
എഴുതിയത് പലതും അച്ചടിച്ചുവന്നെങ്കിലും കാശ് ആരും തന്നില്ല. പ്രസിദ്ധ പ്രസിദ്ധീകരണങ്ങളുടെ സ്ഥിതിയും ഇതു തന്നെ. ഓണപ്പതിപ്പിന്റെ പ്രതിഫലം അടുത്ത കൊല്ലം ഓണക്കാലത്ത് തന്നവരുണ്ട്. എന്തിന് അച്ചടിച്ചു വന്ന രചനകളുടെ കോപ്പി പോലും പലപ്പോഴും വില കൊടുത്തു വാങ്ങേണ്ടി വന്നു. ആരോടും പരാതി പറഞ്ഞില്ല. താന്‍ സംസ്കാര ശില്പിയാണല്ലോ.
അന്നൊരു ദിവസം ഭാര്യ പറഞ്ഞു; ”എനിക്കു മനുഷ്യന്മാരെപ്പോലെ നടക്കണം. നിങ്ങള്‍ കുറച്ചു കാശു തരണം”
ഉടനെ അവളോടു കയര്‍ത്തു.
”പുരസ്കാരം കിട്ടാതെ ഞാനെവിടെ പോകും എനിക്കുണ്ട് ആവശ്യങ്ങളൊക്കെ”
തന്റെ വാക്കുകള്‍ നിസ്സാരമായി തള്ളിക്കൊണ്ട് അവള് പറഞ്ഞു.
”ആരോടെങ്കിലും കടം വാങ്ങണം. പുരസ്കാരം കിട്ടുമ്പൊ കൊടുത്താല്‍പ്പോരേ?”
ആ വിദ്യ ശരിയെന്ന് തനിക്കും തോന്നി. കടം ചോദിച്ചവരാരും മുഖം കറുപ്പിച്ചില്ല. കൈ നിറയെ പണമായി. വീട്ടില്‍ ആഹ്ലാദം പീലിവിടര്‍ത്തി നിന്നാടി.
പുതിയ ഷര്‍ട്ടും മുണ്ടും വാങ്ങി. വിലകൂടിയ ചെരിപ്പും വാങ്ങി. ഭാര്യ തിളങ്ങുന്ന പുതിയ സാരിയുടുത്തു. കുഞ്ഞുങ്ങള്‍ പുത്തനുടുപ്പണിഞ്ഞ് നൃത്തം വച്ചു.
ആഹ്ലാദം അലയടിക്കുന്ന മനസ്സോടെ പുരസ്കാരദാന വേദിയിലെത്തി. പലരും സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു.
മന്ത്രി തന്നെയാണ് പുരസ്കാരം തന്നത്. ക്യാമറ കണ്ണുകള്‍ അത് ഒപ്പിയെടുത്തു. തന്റെ ഒരു രചനയും വായിച്ചിട്ടില്ലാത്ത മന്ത്രി എന്തൊക്കെയോ പറഞ്ഞു. പലരും ആശംസാ പ്രസംഗങ്ങള്‍ നടത്തി.
ചടങ്ങിന് തിരശ്ശീല വീണപ്പോഴാണ് സെക്രട്ടറി അടുത്തു വന്നത്. ഒരു നീണ്ട കവര്‍ അദ്ദേഹം തനിക്കു തന്നു. ഇടറുന്ന സ്വരത്തില്‍ അദ്ദേഹം പറഞ്ഞു.
”സാര്‍, ക്ഷമിക്കണം. ഇതൊരു ഒഴിഞ്ഞ കവറാണ്. സാമ്പത്തികത്തകര്‍ച്ചയിലാണ് ഞങ്ങള്‍. വളരെ ബുദ്ധിമുട്ടിയാണ് ഇതൊക്കെ സംഘടിപ്പിച്ചത്. ഒന്നും പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആളുകള്‍ക്കെന്തു തോന്നും. മന്ത്രിയെ ക്ഷണിച്ചത് അതുകൊണ്ടാണ്. യാത്രാച്ചെലവു കൊടുക്കേണ്ട. പത്രങ്ങളില്‍ ന്യൂസും നന്നായി വരും. പത്രക്കാര് പ്രാധാന്യം കൊടുക്കുവാന്‍ വേണ്ടിയാണ് പുരസ്കാരം വലിയ തുകയാക്കിയത്”
കണ്ണില്‍ ഇരുട്ടു പടരുകയായിരുന്നു. ആരോടും യാത്ര പറയാതെ അവിടെ നിന്നും നീങ്ങി. ഒരൊറ്റ ആഗ്രഹമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. ഭൂമി പിളര്‍ന്നു പോയെങ്കില്‍… മനസ്സു മന്ത്രിച്ചു, സാംസ്കാരിക കേരളമേ കേഴുക, കേഴുക.