അങ്ങനെ ഒരു മഹാമാരിക്കാലത്ത്

പൊതുജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്. അനാവശ്യമായി ആരും റോഡിലിറങ്ങരുത്. എല്ലാവരും മാസ്‌ക് ധരിക്കണം. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു കൈ കഴുകണം. കോവിഡ് എന്ന മഹാമാരിയെ ചെറുക്കുവാന്‍ പരമാവധി സഹകരിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു”.
പഞ്ചായത്തില്‍ നിന്നുള്ള അറിയിപ്പുമായി അനൗണ്‍സ്‌മെന്റ് വാഹനം വീടിന്റെ മുന്‍പിലുള്ള വഴിയിലൂടെ കടന്നു പോയി.

ജനല്‍പാളികള്‍ തുറന്നു ദിവാകരന്‍ പുറത്തേക്കു നോക്കി. വാശിയോടെ പെയ്തു കൊണ്ടിരുന്ന മഴ അല്പം ശമിച്ചിട്ടുണ്ട്. നേരിയ വെയില്‍ ഉദിച്ചു നില്‍ക്കുന്നു.
അയാള്‍ കട്ടിലില്‍ വന്നിരുന്നു. പുറത്തേക്ക് ഇറങ്ങിയിട്ടു മാസങ്ങളായി. നെറ്റിയില്‍ കൈവെച്ചു നോക്കി ചൂടുണ്ടോ? തൊണ്ടയില്‍ തടവിനോക്കി നൊമ്പരമുണ്ടോ? കോവിഡിന്റെ ലക്ഷണങ്ങള്‍ വല്ലതുമുണ്ടോന്നു സ്വയം പരിശോധിച്ചു.

അറുപത്തി ഒമ്പതു വയസ്സു കഴിഞ്ഞ ദിവാകരന്‍ ഒരു സര്‍ക്കാര്‍ ബോട്ടുഡ്രൈവര്‍ ആയിരുന്നു. മുപ്പതുവര്‍ഷത്തെ സേവനത്തിനു ശേഷം റിട്ടയര്‍ ആയി. ഒരേ ഒരു മകന്‍ ഉള്ളതു അമേരിക്കയില്‍ ഡോക്ടര്‍ ആണ്. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബമായി അവിടെ താമസിക്കുന്നു.
ഇവിടെ താനും ഭാര്യയും മാത്രം. വീട്ടുജോലികള്‍ ചെയ്യുവാന്‍ വിജയമ്മ എന്ന ഒരു സ്ത്രീ വരുമായിരുന്നു. കോവിഡ് പേടിച്ചു അവര്‍ ഒരുപാടു ദിവസങ്ങളായി ജോലിക്കു വന്നിട്ട്.

തന്റെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു തോമാച്ചന്‍. രണ്ടുമാസങ്ങള്‍ക്കു മുമ്പ് എംസിയുടെ കടയില്‍ വെച്ചാണ് അവനെ അവസാനമായി കാണുന്നത്. ചായ കുടിച്ചു പിരിയുമ്പോള്‍ തമാശയായി അവന്‍ പറഞ്ഞു ”കോവിഡ് പടര്‍ന്നു പിടിക്കുകയാണ്. ഭാഗ്യമുണ്ടെങ്കില്‍ വീണ്ടും കാണാം”. തന്നെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു അവന്‍ നടന്നു പോയി.

പെട്ടെന്നാണ് തോമാച്ചനു പനിയും തൊണ്ടവേദനയും ഉണ്ടായത്. പരിശോധനയില്‍ കോവിഡ് ആണെന്നു തെളിഞ്ഞു. അയാളെ ആശുപത്രിയിലേക്കു മാറ്റി.

ഭാര്യ ഇല്ല. ആണ്‍മക്കള്‍ ഇല്ല. ഒരു മകളുടെ കൂടെയാണ് താമസം. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ആളായിരുന്നു തോമാച്ചന്‍. അയാള്‍ ഒരു ആസ്മരോഗിയായിരുന്നു. ഷുഗറും, പ്രഷറും ഉണ്ടായിരുന്നു. ആശുപത്രിയില്‍ പ്രവേശിച്ചതിന്റെ ഏഴാമത്തെ ദിവസം തോമാച്ചന്‍ മരിച്ചു.
”നിങ്ങള്‍ക്കു കാപ്പി ഒന്നും വേണ്ടേ?”’ കാലിനു സ്വാധീനമില്ലാത്ത ശാന്തമ്മ ഏന്തിയേന്തി ദിവാകരന്റെ അടുത്തു വന്നു ചോദിച്ചു. അവര്‍ അയാളുടെ കണ്ണുകളിലേക്കു നോക്കി. ആ കണ്ണുകള്‍ നനഞ്ഞിരിക്കുന്നു.
”എന്തിനാ നിങ്ങള്‍ കരയുന്നത്” അവര്‍ ചോദിച്ചു.

”കോവിഡ് എല്ലായിടത്തും വ്യാപിക്കുകയാണ്. അയല്‍പ്രദേശത്ത് എല്ലാ വഴികളും അടച്ചു. നമ്മുടെ വാര്‍ഡിലെ പരിശോധന നാളെയാണ്. നാളെ പരിശോധന സെന്ററില്‍ എത്താന്‍ പഞ്ചായത്തു മെംബര്‍ ഷാജഹാന്‍ പറഞ്ഞു.
”കാലു വയ്യാത്ത ഞാന്‍ എങ്ങനെ പോകും” ശാന്തമ്മ ചോദിച്ചു.
”ഷാജഹാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാമെന്നു പറഞ്ഞിട്ടുണ്ട്.” പരിശോധനയില്‍ കോവിഡ് ഉണ്ടെങ്കില്‍ നമ്മളെ ആശുപത്രിയിലേക്കു കൊണ്ടുപോകും. എനിക്കു നിന്റെ കാര്യം ഓര്‍ത്തിട്ടാ വിഷമം. അവിടെ ചെന്നാല്‍ സഹായത്തിനു ആരെങ്കിലും കാണുമോ? ഏതായാലും കൊണ്ടുപോകാനുള്ള തുണികള്‍ ഒക്കെ റെഡിയാക്കി വെച്ചോ” ദിവാകരന്‍ പറഞ്ഞു.
”നിങ്ങള്‍ വാ. വന്നു കാപ്പി കുടിക്ക്. എല്ലാം ദൈവം നോക്കിക്കൊള്ളും.” അതു പറഞ്ഞു ശാന്തമ്മ അടുക്കളയിലേക്കു പോയി.
പുറത്തു കാറ്റു ശക്തിയായി വീശിയടിക്കുന്നു. അയാള്‍ ജനാല അടച്ചു.
മരണത്തിനു ഒരു വാക്കേയുള്ളു ”വാ പോകം” പോയേ പറ്റൂ.. ആരാണതു പറഞ്ഞതു എന്നു ദിവാകരന്‍ ഓര്‍ക്കുന്നില്ല. എവിടെയോ വായിച്ചതാണ്. മരണത്തെക്കുറിച്ചു ചിന്തിച്ചപ്പോള്‍ അയാള്‍ക്കു പേടിയായി.
മകനെ ഒന്നു വിളിച്ചാലോ? ബന്ധുക്കളെ ഒക്കെ കാണണമെന്നു തോന്നുന്നു. തങ്ങള്‍ മരിച്ചാല്‍ ഈ സ്വത്തുക്കള്‍ എന്തു ചെയ്യും. മരണഭയം അയാളെ വരിഞ്ഞു മുറുക്കി.

മുപ്പതുവര്‍ഷം കായല്‍പരപ്പിലൂടെ ബോട്ടു ഓടിച്ച ആളാണ് താന്‍. കാറ്റിലും കോളിലും പെട്ടു ബോട്ടു എത്രയോ പ്രാവശ്യം അപകടപ്പെടേണ്ടതായിരുന്നു. മരണത്തെ മുഖാമുഖം കണ്ട എത്രയോ സന്ദര്‍ഭങ്ങള്‍.
മൊബൈല്‍ അടിക്കുന്ന ശബ്ദം കേട്ടു ദിവാകരന്‍ ചാടി എഴുന്നേറ്റു. അയാള്‍ ഫോണ്‍ എടുത്തു. അങ്ങേ തലയ്ക്കല്‍ മകന്‍ മോഹനന്‍.
”അച്ഛനും അമ്മയ്ക്കും വിശേഷമൊന്നുമില്ലല്ലോ?” മോഹനന്‍ ചോദിച്ചു.
”മോനെ എനിക്കു നേരിയ പനിയും തൊണ്ട വേദനയുമുണ്ട്. നാളെ കോവിഡ് പരിശോധനയുണ്ട്. അതിനു പോകണം. അവിടെ നിങ്ങള്‍ക്കു എല്ലാവര്‍ക്കും സുഖമാണോ?” ദിവാകരന്‍ ചോദിച്ചു.

”ഞങ്ങള്‍ക്കു എല്ലാവര്‍ക്കും കോവിഡാണ്. നാലുദിവസമായി രോഗം സ്ഥിരീകരിച്ചിട്ട്” മോഹനന്റെ വാക്കു കേട്ടു ദിവാകരന്‍ ഒന്നു ഞെട്ടി. പലരുടേയും ജീവന്‍ രക്ഷിക്കുന്ന ഡോക്ടര്‍ക്കും രോഗം. അമേരിക്കയില്‍ രോഗം വര്‍ദ്ധിക്കുകയാണല്ലോ. അയാള്‍ക്കു ഒന്നും സംസാരിക്കാന്‍ വയ്യാതായി.
”അഛ്ചേ, അമ്മ എന്ത്യേ. ഫോണ്‍ അമ്മയുടെ കൈയ്യില്‍ കൊടുക്ക്”. ദിവാകരന്‍ ഫോണ്‍ ശാന്തമ്മയുടെ കൈയ്യില്‍ കൊടുത്തു.
”അമ്മേ” മോഹനന്‍ വിളിച്ചു.
”മോനെ, അച്ഛനു ഭയങ്കര പേടിയാണ്”

”പേടിക്കാന്‍ ഒന്നുമില്ല. നമ്മളെ നമ്മള്‍ തന്നെ നോക്കണം. സൂക്ഷിച്ചാല്‍ മതി. സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അതേപടി അനുസരിക്കണം. ഒരാള്‍ക്കു വേണ്ടിയല്ലല്ലോ എല്ലാവര്‍ക്കും വേണ്ടിയാണ്”
”മോനെ നിങ്ങളെ കണ്ടിട്ട് വര്‍ഷം അഞ്ചായി. ഞങ്ങള്‍ മരിക്കുന്നതിനു മുമ്പ് നിങ്ങളെ ഒരുവട്ടമെങ്കിലും കാണാന്‍ പറ്റുമോ?” ശാന്തമ്മ തേങ്ങി.
”കരയണ്ട അമ്മേ, ഞങ്ങള്‍ താമസിയാതെ വരാം” ഫോണ്‍ കട്ടായി.
ശാന്തമ്മ സങ്കടത്തോടെ കസേരയില്‍ ഇരുന്നു. തൊട്ടടുത്തു ദിവാകരനും. ലോകം എമ്പാടുമുള്ള മാതാപിതാക്കള്‍ മക്കളെ കാണാതെയും മക്കള്‍ മാതാപിതാക്കളെ കാണാതെയും നെഞ്ചുരുകി കരയുന്നു.
രാവേറെയായിട്ടും ദിവാകരനു ഉറക്കം വരുന്നില്ല. ഏതോ പക്ഷി വല്ലാതെ ശബ്ദിക്കുന്നു. ഇന്നും രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. മരണ നിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്. തനിക്കു ഷുഗര്‍ ഉണ്ട്. ഒരു അറ്റാക്കു വന്നതാണ്. അതുകൊണ്ട് കോവിഡ് ബാധിച്ചാല്‍ തോമാച്ചനെപ്പോലെ താനും മരിക്കും. മരണഭയത്താല്‍ അയാള്‍ കണ്ണുകള്‍ അടച്ചു കിടന്നു.
നേരം വെളുത്തു. ഷാജഹാന്‍ പറഞ്ഞുവിട്ട ഓട്ടോറിക്ഷയില്‍ കയറി ദിവാകരനും ശാന്തമ്മയും കോവിഡ് പരിശോധനാ സെന്ററില്‍ എത്തി. മോഹനന്റെ കൂടെ പഠിച്ച ആളാണ് ഷാജഹാന്‍. അതുകൊണ്ടു തങ്ങളോടു പ്രത്യേക സ്‌നേഹമുണ്ട്. ഏതാവശ്യത്തിനും ഷാജഹാന്‍ കൂടെയുണ്ടാകും.
സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേര്‍ ഉണ്ട്. എല്ലാവരും മാസ്‌ക് ധരിച്ചു സാമൂഹ്യഅകലം പാലിച്ചു നില്‍ക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ അവര്‍ക്കു ടോക്കണ്‍ കൊടുത്തു. ഒരു ആംബുലന്‍സിന്റെ ഉള്ളിലാണ് പരിശോധന. ഓരോരുത്തരേയും വളരെ വേഗം പരിശോധിച്ച് വിടുന്നു.
അഞ്ചു മണിക്കുള്ളില്‍ റിസള്‍ട്ടു അറിയാമെന്നാണ് പറഞ്ഞത്. ഇതുവരെയും ആരും വിളിച്ചില്ലല്ലോ. ദിവാകരന്‍ തളര്‍ന്ന മനസ്സോടെ കസേരയില്‍ ചാരി കിടന്നു.

ഫോണ്‍ ബെല്ലടിച്ചു. ദിവാകരന്‍ ഫോണ്‍ എടുത്തു. ഫോണില്‍ നിന്നും ഷാജഹാന്റെ ശബ്ദം.
”നിങ്ങള്‍ക്കു കോവിഡില്ല. അടുത്ത വീട്ടിലെ നാലുപേര്‍ക്കു കോവിഡുണ്ട്. അവരെ കൊണ്ടുപോകുവാന്‍ ആംബുലന്‍സ് ഉടന്‍ വരും. പുറത്തേക്കു ഒന്നും ഇറങ്ങണ്ട”
ഫോണ്‍ താഴെ വെച്ചു ദിവാകരന്‍ ശാന്തമ്മയോടു വിവരം പറഞ്ഞു. അയാളുടെ കണ്ണിലെ തിളക്കം അവര്‍ കണ്ടു.
മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. അമേരിക്കയില്‍ നിന്നും മോഹനനാണ്.
”അച്ഛാ ടെസ്റ്റു ചെയ്തിട്ടു എന്തായി”
”ഞങ്ങള്‍ക്കു നെഗറ്റീവ് ആണ്. ഇപ്പോള്‍ അറിഞ്ഞതേയുള്ളു. വല്ലാതെ പേടിച്ചു പോയി മോനെ. നിങ്ങളെ കാണാതെ ” ദിവാകരന്റെ തൊണ്ടയിടറി.
”പേടി വേണ്ട. ജാഗ്രത മതി” അയാള്‍ ഫോണ്‍ ചെവിയോടു ചേര്‍ത്തു പിടിച്ചു മോഹനന്‍ പറയുന്നതു എല്ലാം കേട്ടു.

അമേരിക്കയില്‍ കോവിഡുമായി യുദ്ധം ചെയ്യുന്ന മകന്റെ അതിര്‍വരമ്പുകള്‍ ഇല്ലാത്ത ആശ്വാസവാക്കുകള്‍ കേട്ടു ദിവാകരന്റെ മനസ്സില്‍ ഒരു സ്‌നേഹസൂര്യന്‍ ഉദിച്ചു.
അയാള്‍ പുറത്തേക്കു നോക്കി. ഒരു ആംബുലന്‍സ് ഇരച്ചുവരുന്ന ശബ്ദം കേള്‍ക്കാം. വെളിച്ചം മങ്ങിയിരിക്കുന്നു. ഒരു മഴ പെയ്യാന്‍ തയ്യാറായി നില്‍ക്കുന്നു.

9747675855

Author

Scroll to top
Close
Browse Categories