അഭിരാമി മരുമകളല്ല മകളാണ്
വിവാഹം കഴിഞ്ഞ് വളർത്തുമകളെ യാത്രയാക്കുമ്പോൾ മനോഹരൻ മാഷിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. വളർത്തച്ഛന്റെ കണ്ണീർ കണ്ടാവാം അഭിരാമിക്കും കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. അവൾ പൊട്ടിക്കരഞ്ഞു. കണ്ടുനിന്നവരുടെയും കണ്ണുകൾ നിറഞ്ഞു. ഒടുവിൽ മാഷിന്റെ സഹോദരിയാണ് രണ്ടുപേരെയും സമാശ്വസിപ്പിച്ച് അഭിരാമിയെ കാറിൽ കയറ്റിവിട്ടത്.
കതിരൂർ ഗ്രാമത്തിലെ ഏറ്റവും ആഡംബര വിവാഹമായിരുന്നു അഭിരാമിയുടേത്. നാട്ടിലെ മുഴുവൻ പേരെയും മാഷ് ക്ഷണിച്ചിരുന്നു. ഏറെക്കുറെ എല്ലാവരും എത്തിയിരുന്നു.എന്നാൽ മാഷിന്റെ ഏക മകൻ ആകാശ് മാത്രം എത്തിയില്ല. വരുമെന്ന പ്രതീക്ഷയും മാഷിന് ഇല്ലായിരുന്നു. മകന്റെ അഭാവത്തിലും തന്റെ സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് ആവശ്യത്തിലേറെ സ്വർണ്ണവും മറ്റും നൽകി അയ്യർ വിഭാഗത്തിൽതന്നെപെടുന്ന നല്ലൊരു യുവാവിനെ കണ്ടെത്തി വിവാഹം നടത്തിക്കൊടുത്തതിന്റെ സന്തോഷത്തിലായിരുന്നു മാഷ്. യഥാർത്ഥത്തിൽ അഭിരാമി മരുമകളായിട്ടാണ് മാഷിന്റെ വീട്ടിൽ അഞ്ച് വർഷം മുമ്പ് എത്തുന്നത്.മകന്റെ വഞ്ചനയുടെ പ്രതികാരമാണ് മകളാക്കി മാറ്റിയത്.
ഐ.ഐ.ടി പ്രവേശനമെന്ന മകന്റെ സ്വപ്നം പൂവണിയാൻ ഒരു വർഷമാണ് പ്രവേശന പരീക്ഷാ പരിശീലനത്തിന് മാത്രമായി ചെലവഴിച്ചത്. എന്നാൽ ജെ.ഇ.ഇ മെയിൻ പരീക്ഷ കഴിഞ്ഞ് മകൻ വീട്ടിൽ എത്തുമ്പോൾ വെളുത്ത് മെലിഞ്ഞ ഒരു പെൺകുട്ടിയും വലിയ ബാഗുമായി കൂടെ ഉണ്ടായിരുന്നു. കൂടെ പഠിച്ച വല്ല പെൺകുട്ടിയാണെന്നാണ് ആദ്യം കരുതിയത്.എന്നാൽ മകന്റെ മുഖത്ത് വെപ്രാളം കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി.
” ആരാ ഇത്” തന്റെ ചോദ്യത്തിന് ഉത്തരം നൽകുംമുമ്പ് തന്നെ ഭാര്യയുടെ എടുത്ത് അവൻ എത്തിയിരുന്നു. അമ്മയോടാണ് കാര്യങ്ങൾ പറഞ്ഞത്. തങ്ങൾ എൻട്രൻസ് ക്ളാസിൽ ഉള്ളവരാണെന്നും തനിക്ക്അവളെ ഇഷ്ടമാണെന്നും. എസ്.ബി. ഐ തലശേരി ബ്രാഞ്ചിൽ അസി. മാനേജരായ അവളുടെ അച്ഛൻ അടുത്ത മാസം ട്രാൻസ്ഫർ ആയി കൽക്കത്തക്ക് പോകുമെന്നുമൊക്കെ. പിന്നെ അവളെ കാണാൻപോലും പറ്റില്ല. അത്കൊണ്ടാണ് താൻ കൂടെ കൊണ്ടുവന്നത്.മനോഹരൻ മാഷ് എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി.ഒടുവിൽ അദ്ദേഹം ഭാര്യയോട് പറഞ്ഞു. ” ഒരു തീരുമാനം ഉണ്ടാവുന്നത് വരെ അവൾ നിന്റെ കൂടെ കിടക്കട്ടെ . നമുക്ക് എല്ലാവരുമായും ആലോചിച്ച് ഒരു തീരുമാനം എടുക്കാം.”
എ.ഇ.ഒയായിട്ടാണ് ജോലി ചെയ്യുന്നതെങ്കിലും 21 വർഷത്തെ അദ്ധ്യാപന ജീവിതമാണ് മാഷ് എന്ന ബഹുമതി വിളി ലഭിക്കുന്നത്. ഇതോടൊപ്പം നാട്ടിലെ പൊതുപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നത്കൊണ്ട് നാട്ടുകാർക്കൊക്കെ ഒരു ബഹുമാനവും ഉണ്ടായിരുന്നു.ആ ബഹുമാനം അവസാനിക്കുമോ എന്ന് അയാൾ ഭയപ്പെട്ടു.
ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചു. അടുത്ത ദിവസം രാവിലെ കണ്ടത് ഒരു പൊലീസ് ജീപ്പിൽ എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാരും ഒരു കാറിൽ ആകർഷമായി വസ്ത്രം ധരിച്ച മദ്ധ്യവയസ്കനും ഭാര്യയുമായിരുന്നു.
അയാൾ തമിഴ് കലർന്ന മലയാളത്തിൽ വളരെ മാന്യമായിട്ടാണ് സംസാരിച്ചത്. താൻ എസ്.ബി.ഐ അസി . മാനേജരാണ്. തമിഴ് നാട് തഞ്ചാവൂരിലെ ബ്രാഹ്മണ സമുദായത്തിൽപെടുന്നവരാണ്. ഞങ്ങളുടെ മകളെ നിങ്ങളുടെ മകൻ തട്ടിക്കൊണ്ടുപോയിരിക്കുകയാണ് . അത്കൊണ്ട് ഉടൻ ഞങ്ങളുടെ കൂടെ വിട്ടയക്കണം.
പാർട്ടി ഗ്രാമമായ കതിരൂരിൽ ജനിച്ച് വളർന്ന് പുരോഗമന ആശയങ്ങളുമായി ജീവിക്കുന്ന മാഷിന് ഈ അവകാശവാദം തീരെ ഇഷ്ടപ്പെട്ടില്ല. ദ്വേഷ്യം വന്നെങ്കിലും സംയമനം പാലിച്ച്കൊണ്ട് പറഞ്ഞു. ” നിങ്ങൾ ഉന്നതകുലത്തിൽ ജനിച്ചവരാണെങ്കിൽ നിങ്ങൾ ആദ്യം നിങ്ങളുടെ മകളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുക. നിങ്ങളെ മകളെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല.മകൾ എന്റെ മകന്റെ കൂടെ ഇറങ്ങിവരികയാണ് ചെയ്തത്. അവൾക്ക് സമ്മതമാണെങ്കിൽ നിങ്ങൾ കൂട്ടിക്കൊണ്ട് പോയ്ക്കോളു. ” എവിടെന്നോ കിട്ടിയ ധൈര്യം സംഭരിച്ച് മാഷ് പറഞ്ഞു.
മാഷിന്റെ മറുപടിയിൽ എസ്.ഐയും അഭിരാമിയുടെ അച്ഛനും ഒന്ന് പതറി. എസ്.ഐ അഭിരാമിയെ വിളിക്കാൻ പറഞ്ഞു.അഭിരാമി ഭയന്ന് ഭയന്ന് മുന്നിൽ വന്നു.എസ്.ഐ എന്തൊക്കെയോ ചോദിച്ചു. എല്ലാ ചോദ്യങ്ങൾക്കും ഉറച്ച മറുപടിയായിരുന്നു. തുടർന്ന് അഭിരാമിയുടെ അമ്മയുടെ ചോദ്യങ്ങളായിരുന്നു. അവളുടെ തീരുമാനത്തിൽ യാതൊരു മാറ്റവും ഇല്ലായിരുന്നു.ഒടുവിൽ എസ്.ഐ രണ്ട് പേരുടെയും സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു.ഭാഗ്യം അഭിരാമിക്ക് അന്ന് 18 വയസ് പൂർത്തിയായി ഒരു മാസം കഴിഞ്ഞിരുന്നു.ആകാശിന് പതിനെട്ടര വയസും തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും നിങ്ങൾ ഇനി കോടതി വഴി ശ്രമിച്ചോളു എന്ന് പറഞ്ഞാണ് പൊലീസ് മടങ്ങിയത്.
അധികം താമസിയാതെ മകന് ചെന്നൈ ഐ.ഐ.ടിയിൽ പ്രവേശനം ലഭിച്ചു.അഭിരാമിക്ക് ‘ കേപ് ‘ ന്റെ തലശേരി എൻജിനിയറിംഗ് കോളേജിൽ മെരിറ്റ് സീറ്റിലാണ് പ്രവേശനം ലഭിച്ചത്. മാഷും ഭാര്യയും സന്തോഷിച്ചു. മരുമകളെങ്കിലും അടുത്ത് ഉണ്ടാവുമല്ലോ. കോഴ്സ് കഴിഞ്ഞാൽ ഉടൻ വിവാഹം എന്ന തീരുമാനമായിരുന്നു എല്ലാവർക്കും.
മൂന്ന് വർഷം പോയതറിഞ്ഞില്ല. എ.ഇ.ഒ മനോഹരൻ റിട്ട. എ.ഇ.ഒയായി. എന്നാൽ നാലാം വർഷമായപ്പോൾ മകന്റെ ഫോൺ വിളി കുറഞ്ഞു.അഭിരാമിയോടും സംസാരിക്കുന്നത് കുറഞ്ഞു. അവസാന വർഷമായത്കൊണ്ട് പഠിക്കാൻ ധാരാളം കാണുമെന്നാണ് കരുതിയത്. ഇത് തുടരുന്നതിൽ അസ്വാഭാവികത തോന്നിയത് കാരണം ചെന്നൈ വരെ പോയി ഒന്ന് അന്വേഷിക്കാമെന്ന് കരുതി. ചെന്നൈയിലെത്തിയ മാഷിന് ലഭിച്ച വിവരം ഞെട്ടിപ്പിക്കുന്നതായിരുന്നു. മകൻ കർണ്ണാടകയിലെ മണിപ്പാൽ സ്വദേശിയായ മറ്റൊരു യുവതിയുമായി പ്രണയത്തിലാണെന്നും രണ്ട് പേർക്കും കാമ്പസ് സെലക്ഷൻ കിട്ടി കാനഡയിലേക്ക് പോകാനൊരുങ്ങുകയാണെന്നുമായിരുന്നു. അയാൾ മകനെ ശാസിച്ചു.മാഷിന്റെ വാക്കുകൾ കേൾക്കാൻ അവന് ഒട്ടും താല്പര്യമില്ലായിരുന്നു.
നിരാശനായി മടങ്ങുന്ന സമയത്ത് മാഷ് അസ്വസ്ഥനായിരുന്നു. അഭിരാമിയോട് എന്ത് പറയും. അവൾക്ക് വീട്ടിലേക്ക് മടങ്ങാനും നിർവാഹമില്ല. പടിയടച്ച് പിണ്ഡം വച്ചാണ് അവളുടെ അച്ഛനും അമ്മയും തലശേരിയിൽ നിന്ന് മടങ്ങിയത്.
വീട്ടിൽ തിരിച്ചെത്തിയ സമയത്ത് ഓടിയെത്തിയ അഭിരാമി ” കണ്ടോ എന്താ വിളിക്കാത്തത്? ” എന്ന ചോദ്യത്തിന് അയാൾ കള്ളം പറഞ്ഞു. ” കണ്ടില്ല. കോഴ്സിന്റെ ഭാഗമായി ടൂർ പോയിരിക്കുകയാണ്. എപ്പോഴാണ് തിരിച്ചെത്തുന്നതെന്ന് അറിയാത്തത്കൊണ്ട് ഞാനിങ്ങ് പോന്നു “
ഭാര്യയോട് അയാൾ വിവരമെല്ലാം പറഞ്ഞു.” ഇനിയെന്ത് ചെയ്യും.” ഭാര്യയുടെ ചോദ്യത്തിന് .” തത്ക്കാലം അഭിരാമിയോട് പറയേണ്ട. കോഴ്സ് പൂർത്തിയായ ശേഷം പറയാം .”
കോഴ്സ് പൂർത്തിയായ സമയത്ത് ഭാര്യ വളരെ തന്മയത്തോടെ കാര്യങ്ങൾ അഭിരാമിയെ ധരിപ്പിച്ചു. അവൾ പൊട്ടിക്കരയുമെന്നാണ് രണ്ട് പേരും കരുതിയത്.അവൾ മിണ്ടിയില്ല. ഒടുവിൽ മാഷ് പറഞ്ഞു “.മോൾ പേടിക്കേണ്ട മോളുടെ വിവാഹം ഞങ്ങൾ നടത്തും. മോളുടെ സമുദായത്തിൽ നിന്ന് തന്നെയുള്ള നല്ല ചെറുക്കനെ ഞങ്ങൾ കണ്ടെത്തും. “
ഒരു വർഷം നീണ്ടുനിന്ന അന്വേഷണത്തിലൊടുവിലാണ് പാലക്കാട് കല്പാത്തിയിലുള്ള അഗ്രഹാരത്തിൽ നിന്ന് പുരോഗമന ചിന്തയുള്ള എൻജിനിയറിംഗ് ബിരുദധാരിയായ യുവാവിനെ കണ്ടെത്തിയത്.