സഞ്ചാരി
എന്റെ ഇരുട്ടിലൂടെയുള്ള ഈ നടപ്പു തുടങ്ങിയിട്ട് ഏകദേശം നാല്പതു മിനിറ്റ് ആയിട്ടുണ്ടാവണം. വാച്ച് കൈയില്‍ കെട്ടിയിട്ടുണ്ടെങ്കിലും കറുത്തിരുണ്ട ഇരുട്ടു കാരണം സമയം നോക്കാന്‍ പോയിട്ട് ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയാത്ത വിധം ആയിരുന്നു എന്റെ നടപ്പ്. കാറിന്റെ പെട്രോള്‍ തീര്‍ന്നതിനു ഞാന്‍ എന്നെ തന്നെ പഴിപറഞ്ഞു മുന്നോട്ടു പോകുമ്പോഴാണ്,ചെറിയ മങ്ങിയ നിലാവ് കാണാന്‍ ആകുന്നത്. കറുത്ത കാര്‍മേഘങ്ങള്‍ വിഴുങ്ങിയ ചന്ദ്രന്‍ മേഘങ്ങള്‍ തട്ടിമാറ്റി സ്വയം രക്ഷപെട്ടു പുറത്തുവരാന്‍ ശ്രമിക്കും പോലെഉള്ള മങ്ങിയ വെളിച്ചം എനിക്ക് തല്‍ക്കാലത്തെക്കു ആശ്വാസമായി. ഇപ്പോള്‍ ഏതാണ്ട് ആ പ്രദേശം എനിക്ക് മുന്നില്‍ തെളിഞ്ഞു വരാന്‍ തുടങ്ങി. നീണ്ടു കിടക്കുന്ന ടാറിട്ട റോഡ്. ഇരു വശങ്ങളിലായി തരിശു നിലം. ഇതിനടുത്തെങ്ങും ഒരു വീടും പ്രതീക്ഷിക്കണ്ടതില്ലെന്നു ആ നടപ്പില്‍ നിന്നും എനിക്ക് മനസിലായി. എന്നാല്‍ ഇത് ആദ്യമായല്ല ഞാന്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്. 36 വര്‍ഷത്തെ അദ്ധ്യാപക ജീവിതത്തില്‍ നിന്നും മാറി ഈ വഴി തിരഞ്ഞെടുത്തത് സ്വന്തം താത്പര്യത്തിലാണ്.മാത് സായിരുന്നു സബ് ജക്ട്. കുട്ടികള്‍ക്ക് എന്നെ അത്ര ഇഷ്ടം പോരാ.അതുകൊണ്ട് തന്നെ അവര്‍ വിളിച്ചു പോന്ന ഇരട്ട പേരുകള്‍ കേട്ടിട്ടും കേള്‍ക്കാത്ത മട്ടില്‍ എന്റെ ഓരോ വര്‍ഷങ്ങള്‍ കടന്നു പോയി.നന്നേ പിശുക്കുള്ളകൂട്ടത്തിലായ കൊണ്ട് നാട്ടുകാരും അറിയുന്നവരും അഭിപ്രായപ്പെടുന്നത് പിശുക്ക് കാരണം ആണ് വിവാഹം കഴിക്കാത്തത് എന്നാണ്. സത്യത്തില്‍ എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു.അത് അവളോട് പറഞ്ഞു. എങ്കിലും രണ്ടു ദിവസത്തെ ആയുസ്സ് ആ പ്രണയത്തിനു ഉണ്ടായിരുന്നുള്ളൂ.അവള്‍ക്കായി വീട്ടുകാര്‍ തീരുമാനിച്ച കല്യാണത്തിനു അവള്‍ക്ക് സമ്മതിക്കേണ്ടി വന്നു. അങ്ങനെ അത് അവിടെ അവസാനിച്ചു. പിന്നീട് ഒരിക്കലും ഒരു കൂട്ടിനെ പറ്റി ചിന്തിച്ചട്ടില്ല എന്നതാണ് വാസ്തവം.
സാധാരണ സ്‌കൂളില്‍ നടന്നു തന്നെയാണ് പോകാറ്, 25മിനിറ്റ് നടപ്പു ദൂരം സ്‌കൂളില്‍ എത്താം.ബസ്സിന് പോകാവുന്നതാണ് .എല്ലാരും പറയും പോലെ പിശുക്ക് കൊണ്ടാണോ എന്തോ നടപ്പാണ് കൂടുതല്‍ ഇഷ്ടം.ജോലിയില്‍ നിന്നും റിസൈന്‍ ചെയ്തു ഇറങ്ങി, യാത്ര ചെയ്യാനുള്ള ആഗ്രഹത്താലും,ഒരു കൂട്ട് വേണം എന്ന് തോന്നി തുടങ്ങിയ പ്പോഴാണ് നാട്ടില്‍ തന്നെയുള്ള ഒരു പ്രമാണി അയാളുടെ രണ്ട് കാറില്‍ ഒന്നു വില്‍ക്കുവാന്‍ പോകുന്നു എന്ന വാര്‍ത്ത കേട്ടത്.പിന്നെ ഒന്നും നോക്കിയില്ല ലൈസന്‍സ് എടുത്ത് വണ്ടി സ്വന്തമാക്കി.
ഈ പറഞ്ഞ എല്ലാവരെയും ഞെട്ടിച്ചു എന്നു വേണം പറയാന്‍. അന്നു തൊട്ട് ഇന്നു വരെ കാര്‍ ആണ് കൂട്ട്. ഇടക്ക് ചില പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ ഇപ്പോഴും ഉഷാറാണ് വണ്ടി. വണ്ടിയുടെ കാര്യങ്ങള്‍ എല്ലാം കാണിക്കുന്നതും പറയുന്നതും മുകുന്ദനോടാണ്. മുകുന്ദന് സ്വന്തമായി ഒരു മെക്കാനിക്ക് ഷോപ്പ് ഉണ്ട്.ദൂരെ യാത്രക്ക് പോകും മുന്‍പ് മുകുന്ദനെ വണ്ടി കാണിച്ചു കുഴപ്പങ്ങള്‍ ഒന്നും ഇല്ലന്ന് ഉറപ്പാക്കും.അങ്ങനെ ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയി മാറുകയായിരുന്നു.മുകുന്ദനെ കൂടാതെ വേറേ രണ്ടു ജോലിക്കാരെയും അവിടെ എനിക്ക് പരിചയമായി.പൊതുവെ സംസാരക്കുറവായ ഞാന്‍ കൂടുതലും മുകുന്ദനോടയിരുന്നു സംസാരം. എന്തിരുന്നാലും ഈ തവണ ഞാന്‍ പോരുമ്പോള്‍ മുകുന്ദന്‍ ഷോപ്പില്‍ ഇല്ലായിരുന്നു. തിരക്കിയപ്പോള്‍ നാട്ടില്‍ പോയെന്നും ഒരാഴ്ച ആകും എത്താനെന്നും ജോലിക്കാര്‍ പറഞ്ഞു. പറയാന്‍ വിട്ട മുകുന്ദന്‍ തമിഴനാണ്. അവന്റെ സംസാരം തമിഴ് ചുവയുള്ള മലയാളത്തിലാണ്. എന്തിരുന്നാലും മുകുന്ദനെ വണ്ടി കാണിച്ച് കുഴപ്പം ഒന്നും ഇല്ലെന്ന് ഉറപ്പു വരുത്താതെ ആണ് ഇത്തവണ പുറപ്പെട്ടത്.അവന്റെ ജോലിക്കാര്‍ നോക്കി എങ്കിലും മനസ്സില്‍ നിരാശയായിരുന്നു.പോരുന്ന വഴിയകട്ടെ ടാറിങ് കാരണം പ്രതീക്ഷിച്ചതിലും കൂടുതല്‍ ദൂരം വണ്ടി യില്‍ യാത്ര ചെയ്യേണ്ടി വന്നു.അതു കൊണ്ട് തന്നെ പ്രതീക്ഷിക്കാതെ നേരത്തെ തന്നെ പെട്രോള്‍ തീര്‍ന്നു. സഹായത്തിനു പോലും ഒരു വീടോ ആളുകളോ വണ്ടിക്കാരോ ഇല്ല.
ഇപ്പോള്‍ ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും നടത്തം തുടങ്ങിയിട്ട് ഷീണിച്ച കണ്ണുകള്‍ പെട്ടെന്ന് പ്രതീക്ഷകളോടെ തുറന്നു.അങ്ങു ദൂരെ ഒരു വെളിച്ചം എന്നെ തേടി വരും പോലെ.അത് ഒരു വാഹനം ആവാം എന്ന്ഞാന്‍ ആശിച്ചു..എന്നാല്‍ അതിന് ഒരു മാറ്റമില്ലാതെ അവിടെ തന്നെ നിലകൊണ്ടു.ഞാന്‍ പ്രതീക്ഷകളോടെ അതിന്റെ അടുത്തേക്ക് നടന്നു.ഇപ്പോള്‍ എന്റെ നടത്തത്തില്‍ മുന്പത്തെക്കാളും വേഗത വന്നു എന്ന് എനിക്ക് ബോധ്യപ്പെ ട്ടു.നിലാവിന്റെ മങ്ങല്‍ കുറച്ചു കൂടി തെളിഞ്ഞു തുടങ്ങി ഇരിക്കുന്നു.അത് എനിക്ക് കൂടുതല്‍ ആത്മവിശ്വാസം തന്നു.അതു വരെ ഉണ്ടായിരുന്ന ഷീണം ഒക്കേ ഞാന്‍ മറന്നിരിക്കുന്നു. ഇപ്പോള്‍ ആ വെളിച്ചം എനിക്ക് കുറച്ചു കൂടി വ്യക്തമായി തുടങ്ങി. എന്നാല്‍ അടുത്ത് എത്തിയിട്ടില്ല. അതിനായി ഇനിയും നടക്കേണ്ടിയിരിക്കുന്നു.അല്ല അത് വാഹനത്തിന്റെ വെളിച്ചമല്ല.അത് ഒരു വീടിന്റെ മുന്നിലെ ഗേറ്റില്‍ വച്ചിരിക്കുന്ന വെളിച്ചമാണെന്നു എനിക്ക് ഏറേ കുറേ മനസ്സിലായി. ഇപ്പോള്‍ എന്റെ മനസ്സില്‍ പ്രതീക്ഷകള്‍ ഉണരാന്‍ തുടങ്ങിയി രിക്കുന്നു.ഞാന്‍ വേഗത്തില്‍ നടന്നു. ഒടുവില്‍ ഞാന്‍ ആ പടുകൂറ്റന്‍ കവാടത്തിന്റെ മുന്‍പില്‍ എത്തി.അത് ഒരു സാധാരണ വീടിന്റെ മതിലായി തോന്നിയില്ല.
എന്നാലും വെളിച്ചം ഉള്ളതുകൊണ്ട് ആ വീട്ടില്‍ ആള്‍ താമസം ഉണ്ടാവാതെ ഇരിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാന്‍ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. അത്ര വലിയ കവാടം ഉള്ള വീടായിട്ട് എന്തു കൊണ്ട് അവിടെ ഒരു സെക്യൂരിറ്റിയെ കാണാന്‍ കഴിഞ്ഞില്ല എന്ന് ചിന്തിച്ചു കൊണ്ട് ഞാന്‍ ആ വലിയ വീടിന്റെ അടുത്തു എത്തി.വീടിനു ചുറ്റും ബള്‍ബു കള്‍ തെളിഞ്ഞു കിടക്കുന്നു.ഇത്ര നേരം ഇരുട്ടിലൂടെ മാത്രം നടന്നതിനാലായിരിക്കാം കുറച്ച് നേരത്തെക്ക് ആ വെളിച്ചം എന്നെ അസ്വസ്ഥനാക്കി. മുന്നോട്ടു നീങ്ങി വാതിലിന് മുന്നിലായി ചെന്നു നിന്ന് ബെല്ലടിക്കുവാന്‍ കൈ ഉയര്‍ത്തിയതും ഒട്ടും പ്രതീക്ഷിക്കാതെ പിന്നില്‍ നിന്നും ആരുടെയോ പതിഞ്ഞ സ്വരം എന്താണ് വേണ്ടത്?ചെറിയ ഒരു നടുക്കത്തോടെ തിരിഞ്ഞു നിന്ന ഞാന്‍ അയാളോട് കാര്യങ്ങള്‍ പറഞ്ഞു. കാഴ്ച യില്‍ ഒരു സാധാരണ മനുഷ്യന്‍, അവിടുത്തെ ജോലിക്കാരന്‍ ആണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തം.അയാള്‍ വാതില്‍ തുറന്ന് എന്നെ അകത്തേക്ക് ക്ഷണിച്ചു,വാതില്‍ അതേ പോലെ തന്നെ അടച്ചു. അയാള്‍ എനിക്കായി കുടിക്കാന്‍ വെള്ളം തന്നു,വീണ്ടും അകത്തേക്ക് പോയി. ഏറെ നേരമായി ആരെങ്കിലും വരും,ഷീണിതനായ തന്നെ കൂട്ടിക്കൊണ്ടു പോയി കിടക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി തരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. എന്നാല്‍ ആരും വന്നില്ല. ഞാന്‍ എഴുന്നേറ്റ് അങ്ങോട്ട് നോക്കി നടന്നു, ആരേം കണ്ടില്ല. പെട്ടന്നാണ് എന്റെ കാലുകളെ മിനുസപ്പെടുത്തുന്ന എന്തോ ഒന്ന് ഞാന്‍ ശ്രെദ്ധിച്ചത്.ഞാന്‍ അമ്പരന്നു ഓടി മാറി അത് ഒരു പാമ്പ് ആയിരുന്നു.മുഴുനീളന്‍ വലിയ പാമ്പ്. ഇത് എങ്ങനെ സംഭവിക്കും അതും ഇത്ര മനോഹരമായ വീടിനകത്ത്. ഞാന്‍ ഒന്നുകൂടി ചുറ്റിനും നോക്കി, അവശ്വസനീയം എന്ന് പറയാം.ഇത്ര നേരം ഞാന്‍ കണ്ട ആഡംബര വീട് ആയിരുന്നില്ല ഇപ്പോള്‍ അത്. എന്റെ സ്വന്തം കണ്ണുകളാല്‍ ഞാന്‍ വഞ്ചിക്കപ്പെട്ട പോലെ ഉറ്റുനോക്കി
എനിക്ക് ചുറ്റും മണ്‍ കൂനകളാല്‍ നിറഞ്ഞ ഒരു താഴ്വര. എല്ലാ കൂനകളും നില കൊള്ളുന്നത് പാതി അവശേഷിക്കുന്ന വീടിന്റെ തുടര്‍ച്ചയായിട്ടാണ്.അതിലൊരു കൂന യുടെ മുകളിലാണ് എന്റെ നില്‍പ്പെന്ന് പിന്നീടാണ് ഞാന്‍ അറിഞ്ഞത്.എന്തു ചെയ്യും എങ്ങനെ രക്ഷപെടും എന്ന് ഒന്നുമറിയാതെ നിശബ്ദനയി ഞാന്‍ നിന്നു.ആ സമയം കൊണ്ട് തന്നെ വേറെയും പാമ്പുകള്‍ എന്റെ കാലുകള്‍ തൊടാതെ കടന്ന് പോയി.നിന്ന നില്‍പ്പില്‍ ഞാന്‍ അനങ്ങാതെ നിന്നു എന്താണ് എനിക്ക് ചുറ്റും നടക്കുന്നത്. കുറച്ചു മുന്‍പ് വരെ ഞാന്‍ കണ്ട ആഡംബര വീട്എവിടെ, എനിക്ക് കുടിക്കാന്‍ വെള്ളം കൊണ്ടുവന്ന ആ മനുഷ്യന്‍ എവിടെ, എല്ലാം ഞൊടിയിടയില്‍ അപ്രത്യക്ഷമായി. സ്വപ്നം. അതേ അതെല്ലാം എന്റെ തോന്നല്‍ ആയിരുന്നു. ഞാന്‍ പോലും അറിയാതെ നടന്ന് കയറിയത് പാമ്പു കളുടെ സാമ്രാജ്യത്തിലേക്കായിരുന്നു. നേരം വെളുക്കാന്‍ ഇനിയും ആയിട്ടില്ല. എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോഴാണ് പകുതി ഭാഗം പൊളിഞ്ഞ പടികള്‍ കാണുന്നത്. ഇപ്പോള്‍ നിലാവ് കൂടുതല്‍ പ്രകാശിക്കുന്നത് കൊണ്ട് പടികള്‍ പൊളിഞ്ഞിരിക്കുന്നത് താഴ് ഭാഗത്ത്‌നിന്നാണെന്ന് മനസിലായി.അതിന് താഴെ വേറെയും പാമ്പുകള്‍ ഉണ്ട്. എങ്ങനെ ആ സ്റ്റെപ്പ് വഴി മുകളില്‍ എത്തും എന്ന് ചിന്തിക്കവേ ആണ് അതിനടുത്ത് തുരുമ്പിച്ച മണ്‍പുറ്റിനാല്‍ മൂടപ്പെട്ട് കൊണ്ടിരുന്ന ഒരു ടേബിള്‍ കണ്ടത്. പിന്നെ ഒന്നും നോക്കിയില്ല മെല്ലെ അങ്ങോട്ട് നടന്നു. ഓരോ നടപ്പും സൂക്ഷിച്ചു വെക്കണം എന്ന് ഞാന്‍ സ്വയം മനസ്സില്‍ പറഞ്ഞു. കൂനയില്‍ മുട്ടി നില്‍ക്കുന്ന ടേബിളില്‍ കൈ പിടിച്ച് മെല്ലെ അതിന് മുകളിലേക്ക് കയറി. പാതി തകര്‍ന്ന കോണിയില്‍ എത്തിപ്പിടിക്കാന്‍ ശ്രമിച്ചു.പെട്ടെന്ന് ഒരു ചീറ്റല്‍ ശബ്ദം,നോക്കുമ്പോള്‍ പാമ്പുകളുടെ ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു. സകല ശക്തിയും എടുത്ത് ഞാന്‍ കോണിയില്‍ ചാടി പിടിച്ചു.പിന്നാലെ പാമ്പുകളും.എന്നാല്‍ അവയെല്ലാം താഴെ വീണു.
ഞാന്‍ പിടിവിടാതെ കാലുകള്‍ ചുരുട്ടി അങ്ങനെ തൂങ്ങിക്കിടന്നു. പാമ്പിന്‍ കുഞ്ഞുങ്ങള്‍ കാലുകള്‍ക്കിടയിലൂടെ കടന്നു പോകുമ്പോള്‍ ശ്വാസം നിലച്ചമട്ടില്‍ നിന്ന നില്‍പ്പ് നിന്നു പോയി ഞാന്‍. പാമ്പുകള്‍ പോയന്ന് ഉറപ്പിച്ച ഉടന്‍ ജനല്‍ അരികില്‍ ചെന്ന് നിന്ന് താഴേക്ക് നോക്കി. യാതൊന്നും കാണാന്‍ കഴിഞ്ഞില്ല അവിടെ,പിന്നെ ആണ് ശ്രേദ്ധിച്ചത് ജനലിനോട് ചേര്‍ന്ന് ഒരു മരത്തിന്റെ കമ്പ്. ഒട്ടും വൈകിച്ചില്ല പൊളിഞ്ഞ ജനല്‍ പാളിയില്‍ നിന്നും മരക്കൊമ്പിലേക്ക് കയറി.ജനലുമായി മുട്ടിനിന്ന മരച്ചില്ലകള്‍ ഞാന്‍ ഒടിച്ചു കളഞ്ഞു. പാമ്പുകള്‍ അതുവഴി എത്താത്ത വിധം,തല്‍ക്കാലം ആശ്വാസമായി മരക്കൊമ്പില്‍ വട്ടം പിടിച്ചു അങ്ങനെ കിടന്നു.എന്റെ ഉള്ളിലെ ഭയം വിട്ടൊഴിഞ്ഞു തുടങ്ങി ഇരിക്കുന്നു അതിനാല്‍ ഷീണവും ഉറക്കവും തോന്നി തുടങ്ങിയിരുന്നു. പക്ഷേ ഇവിടെ ഉറങ്ങുക അത്ര എളുപ്പമല്ല. ഉറക്കത്തില്‍ താഴേക്ക് വീണാല്‍ എത്രത്തോളം ഉയരത്തിലാണെന്ന് എനിക്ക് നിശ്ചയമില്ല
അതിനാല്‍ ഉറങ്ങാതെ നേരം വെളുപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു
എങ്കില്‍ പോലും ഉറക്കം അനുസരണ ഇല്ലാതെ വന്നുകൊണ്ടിരുന്നു.
നേരം വെളുത്തു തുടങ്ങി.
ഞാന്‍ വിചാരിച്ച പോലെ അത്ര ഉയരത്തില്‍ അല്ലായിരുന്നു.ഒരു നെടുവീര്‍പ്പോടെ ഞാന്‍ താഴേക്കിറങ്ങി. ഒരിക്കലും വിശ്വസിക്കാന്‍ പറ്റാതെ എത്തിപ്പെട്ട ആ വിചിത്രമായ സ്ഥലത്തെ ഞാന്‍ ഉറ്റുനോക്കി.അതേ അത് ഒരു വീടിനോട് ചേര്‍ന്ന സര്‍പ്പക്കാവ് ആയിരുന്നു. വീട് നശിച്ചതോടു കൂടി മുഴുവനായും പാമ്പുകളുടെ സാമ്രാജ്യം ആയി മാറി കഴിഞ്ഞിരികയാണ്. പിന്നീട് ഒട്ടും വൈകിച്ചില്ല ഞാന്‍ ഓടാന്‍ തുടങ്ങി. ഓടി ഓടി ഞാന്‍ റോഡിനു അരികില്‍ വന്നു നിന്നു.. ഏറേനേരം കഴിഞ്ഞപ്പോള്‍ ഒരു ട്രാക്ടര്‍ വരുന്നതിന്റെ ശബ്ദം കേട്ടത്.ഒട്ടും വൈകിച്ചില്ല അയാളോട് സഹായം ചോദിച്ചു. അയാള്‍ എന്നെ അടുത്ത നഗരത്തില്‍ എത്തിച്ചു. അവിടെ നിന്നും പെട്രോള്‍ വാങ്ങി, പിശുക്കനായ ഞാന്‍ ഒരു വണ്ടി വിളിച്ച് സ്വന്തം വണ്ടിയുടെ അടുത്തെത്തി യാത്ര തുടര്‍ന്നു.