രാജയോഗം
ഈ കഥ വായിക്കുന്നവര്‍ക്ക് ഇതെന്റെ ആത്മകഥ എന്നായിരിക്കും തോന്നുക. എന്നാല്‍ ഞാനിതിനെ ആത്മരോഷമെന്നോ ആത്മരോദനമെന്നോ വിശേഷിപ്പിക്കാനാണിഷ്ടപ്പെടുക. എന്റെയീ രോദനം പില്‍ക്കാലത്തെങ്കിലും ആര്‍ക്കെങ്കിലും എന്റെ മോഹശവപേടകത്തിന്റെ ഉച്ചിയില്‍ ചവിട്ടി നിന്നെങ്കിലും കൈയെത്തിപ്പിടിക്കാനാവുന്നൊരു ആകാശപ്പൂമരമായി തണലും തണുപ്പുമേകട്ടെ.
ഞാന്‍ ഇന്ദുമതി. അച്ഛന്‍ ഗോപാലപിളള. അമ്മ ഇന്ദിര. അച്ഛനാണ് എനിയ്ക്ക് ഇന്ദുമതി എന്ന് പേരിട്ടത് എന്നാണ് അമ്മ പറഞ്ഞിട്ടുളളത്. ഹിന്ദുക്കളെങ്കിലും ഇതര സമുദായത്തില്‍പ്പെട്ടവരായതിനാല്‍ നാടുവിട്ടു കൂടുതേടി കിഴക്കന്‍ മലയോരത്ത് എത്തിപ്പെട്ട് കുടില്‍ കെട്ടി കുടിപാര്‍പ്പു തുടങ്ങിയവരാണ്.
ആകാശവിതാനങ്ങളെ ഉമ്മ വെക്കുന്ന മലകളും മരങ്ങളും മേഘങ്ങള്‍ മുഖം നോക്കുന്ന അരുവികളും ഈണത്തില്‍ നീട്ടിപ്പാടി ഇണക്കിളിയെ വിളിക്കുന്ന കുയിലും കാക്കത്തമ്പുരാട്ടിയും അമാവാസികളിലെ കൂരിരുട്ടില്‍ ഓരിയിട്ടു പ്രേതപ്പിശാചുക്കളെ ആട്ടിയകറ്റുന്ന കുറുനരികളും എല്ലാമുളള ആള്‍ത്താമസം തീരെ കുറഞ്ഞ കന്യാവനപ്രദേശത്താണ് ഞാനെന്റെ ജീവിതം തുടങ്ങിവെച്ചത്. എങ്കിലും മുളളുനിറഞ്ഞ വഴികളിലൂടെ നടന്ന് ചോരയും കണ്ണീരും ചേര്‍ന്നൊഴുകിയ ദിനരാത്രങ്ങളാണ് എനിക്കു നേരിടേണ്ടി വന്നത്. അച്ഛന്‍ ഒരു മരംവെട്ടു തൊഴിലാളി ആയിരുന്നു. അച്ഛനറിയാവുന്ന ഏക തൊഴില്‍. കൂപ്പു കോണ്‍ട്രാക്ടറായ വര്‍ക്കി മുതലാളിയാണ് അച്ഛനുമമ്മയ്ക്കും കൂപ്പിനോടടുത്തുളള മലയോരത്ത് ഒരു കുടില്‍ കെട്ടിത്താമസിക്കാനുളള ഏര്‍പ്പാടുകള്‍ ചെയ്തുകൊടുത്തത്. ‘സര്‍ക്കാരു വനമല്ലേടോ താനവിടെ താമസിക്ക്. ഉടനേയൊന്നും കുടിയൊഴിപ്പിക്കാന്‍ ആരും വരികേല. വന്നാലന്നേരം നമുക്കു നോക്കാം’.
വര്‍ക്കി മുതലാളിയുടെ ആ വാക്കുകള്‍ കേട്ടാണ് എന്റെ അച്ഛനമ്മമാര്‍ അവിടെ താമസം തുടങ്ങിയത്. മരംവെട്ട് അപകടം പിടിച്ച പണിയാണെന്ന് അറിയാഞ്ഞിട്ടല്ല. വേറെ മാര്‍ഗ്ഗമില്ലാഞ്ഞിട്ടാണ് ഈ പണിയ്ക്കു പോയതെന്നാണ് അമ്മ പറഞ്ഞിട്ടുളളത്. കൂപ്പിലെ പണി ആയതുകൊണ്ട് വേറെ അധികമാളുകള്‍ വരുമെന്നു പേടിക്കാനില്ല. പേടിക്കാനുളളതു ഫോറസ്റ്റുകാരെ മാത്രമാണ്. അതൊക്കെ വര്‍ക്കി മുതലാളി നോക്കിക്കൊളളും. ഞങ്ങളുടെ ഓലമേഞ്ഞ ആകാശത്തിനു താഴെ അച്ഛനുമമ്മയും ഞാനും ചേര്‍ന്ന് ഇമ്പമാര്‍ന്ന ചെറുതേന്‍ നുണഞ്ഞ് അമ്മയുടെ മടിത്തട്ടില്‍ കിടന്ന് നക്ഷത്രങ്ങളെ നോക്കി വിസ്മയിക്കുന്ന കുഞ്ഞുടുപ്പുകാരി മാത്രമാണ് എന്റെ ഓര്‍മ്മയില്‍ ആദ്യത്തേതായി ഇപ്പോഴുമുളളത്.
ഗതിഭേദങ്ങള്‍ സംഭവിച്ചുകൊണ്ടേയിരുന്നു. വേനലറുതിയില്‍ ചെറുകാറ്റടിച്ചത് കൊടുങ്കാറ്റാകാന്‍ അധികസമയം വേണ്ടി വന്നില്ല. നൂല്‍മഴയായി പെയ്തിറങ്ങിയ മഴ പേമാരിയായി പെയ്‌തൊഴുകി പ്രളയമായി പരന്നു പടര്‍ന്നു കുന്നടിവാരങ്ങളെ പിടിച്ചു കുലുക്കി. ദിവസങ്ങളോളം നീണ്ടുനിന്ന പേമാരി ചുടലനൃത്തമാടി ഭൂമിയെ വിറപ്പിച്ചു. കൂപ്പിലെ പണിക്കുപോകാന്‍ അച്ഛനു നിവൃത്തിയില്ലാതായി. അതോടെ വീട്ടുകാര്യങ്ങളിലും മുടക്കം പതിവായി. വിളിച്ചാല്‍ വിളികേള്‍ക്കാവുന്ന ദൂരത്തൊന്നും അയല്‍പക്കങ്ങളുമില്ലല്ലോ. ഇതിനിടയിലാണ് അശനിപാതം പോലെ വര്‍ക്കി മുതലാളി അറസ്റ്റിലായത്. വനം കയ്യേറി മരം മുറിച്ചതുമായി ബന്ധപ്പെട്ട് പല കേസുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു. ഞങ്ങളിവിടെയാണു താമസിക്കുന്നതെന്ന വിവരം അധികമാരെയും അറിയിക്കേണ്ടെന്നു വര്‍ക്കി മുതലാളി നേരത്തെ തന്നെ മുന്നറിയിപ്പുതന്നിരുന്നു. തൊട്ടടുത്തൊന്നും വീടുകളില്ലാത്തതും ആരും വീട്ടിലേക്കു വരാത്തതും ഒരു ഭാഗ്യമായാണ് അന്നു ഞങ്ങള്‍ കരുതിയത്. ഞങ്ങള്‍ക്കുവേണ്ട സാധനങ്ങളൊക്കെ വീട്ടില്‍ കൊണ്ടുവന്ന് തന്നിരുന്നത് വര്‍ക്കി മുതലാളിയുടെ ആള്‍ക്കാരാണ്. വര്‍ക്കി മുതലാളി അകത്തായതോടെ ഞങ്ങള്‍ അന്നം മുട്ടി നിന്നു കൈകാല്‍ തിരുമ്മി. തന്റെ സംഭ്രമ വിഷാദങ്ങള്‍ എന്റെ അമ്മ മലദൈവങ്ങളോടു തൊഴുതു പറഞ്ഞു.
പെരുമഴയ്ക്ക് ഒരൊതുക്കം കണ്ടപ്പോള്‍ നനഞ്ഞ മണ്‍തരികളെയും കാലിലെ ചോരയൂറ്റിയ അട്ടകളെയും പറിച്ചെറിഞ്ഞ് എന്റെ അച്ഛന്‍ മലയിറങ്ങി. ഇരുള്‍ മൂടിത്തുടങ്ങിയ സന്ധ്യയില്‍ മാംസപേശികളിലാഴ്ന്നിറങ്ങിയ മുള്‍പ്പാടുകള്‍ക്കുമുകളില്‍ ഞെളിഞ്ഞിരുന്നൊരു വരിക്കച്ചക്കയും കൈയില്‍ തൂങ്ങിയ ഒരു കുല തേങ്ങയും ഞങ്ങളെ നോക്കി പല്ലിളിച്ചു.
‘ഇതെവിടുന്നാ?’ അമ്മ
‘അതൊക്കെ കിട്ടി!’ അച്ഛന്‍
അടര്‍ത്തിയ ചക്കച്ചുള വിശപ്പിന്റെ പിളര്‍വായിലേക്കു വയ്ക്കാന്‍ തുടങ്ങുകയായിരുന്നു ഞാന്‍. അപ്പോളാണ് മുറ്റത്തൊരു കാല്‍പ്പെരുമാറ്റം! അകത്തു കടന്ന പോലീസ് അച്ഛനെ വിലങ്ങുവച്ച് കൊണ്ടുപോയി.
‘കൂപ്പിലെ തടി മോഷണം പോരാഞ്ഞ് ചക്കേം തേങ്ങായും വരെ കക്കാന്‍ തുടങ്ങി അല്ലേടാ’.
പോലീസിന്റെ ആക്രോശത്തില്‍ അമ്മ ചെമ്മണ്‍തറയില്‍ വീണുരുണ്ടു നിലവിളിച്ചു. വിഭ്രമത്തില്‍ വിയര്‍ത്തും സങ്കടത്തില്‍ പുകഞ്ഞും പകച്ചുവീണ അമ്മ അന്നു രാത്രി രണ്ടോ മൂന്നോ പ്രാവശ്യം എന്നെ എടുത്തു നെഞ്ചോടമര്‍ത്തുകയും ഉമ്മവെക്കുകയും ചെയ്ത ശേഷം താഴെ കിടത്തി. ഏങ്ങലടിക്കുന്നത് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന വേളകളില്‍ ഞാനറിഞ്ഞു. അന്നെനിക്കതിന്റെ പൊരുളറിയാന്‍ പ്രായമെത്തിയിരുന്നില്ല. തീരുമാനിച്ചുറച്ചതുപൊലെയായിരുന്നു അമ്മ എന്നെ ചേര്‍ത്തു പിടിച്ചത്. എന്നാല്‍ എന്റെ മുഖത്തേക്കുറ്റുനോക്കി ഒരു ദീര്‍ഘനിശ്വാസത്തോടൊപ്പം തിരുത്തലുകള്‍ വരുത്തി വീണ്ടും …………………… അതേ അന്നങ്ങനെ ഒരു പുനര്‍വിചിന്തനമില്ലായിരുന്നെങ്കില്‍ ഞങ്ങളുടെ നീലാകാശം എന്നേ തന്നെ ഇരുള്‍പ്പരപ്പിന്റെ ലയനത്തില്‍ അലിഞ്ഞു തീര്‍ന്നേനേ. അടര്‍ത്തി തിന്നാനോങ്ങിയ ചക്കച്ചുളയുടെ കുരുവും മടലും പിറ്റേന്നു പുലര്‍ച്ചേ അമ്മ തെക്കേച്ചരുവിലെ ചെറുതോടിനരികിലെ കവുങ്ങിന്‍ ചുവട്ടില്‍ കുഴിച്ചിട്ടു. അന്ന് കുഴിച്ചിട്ട ചക്കക്കുരു ഈറന്‍ മണ്ണില്‍ കുളിരണിഞ്ഞു ആകെ മൂടിയും പുതപ്പു നീക്കി തല ഉയര്‍ത്തി ലോകമറിഞ്ഞും വളര്‍ന്നു വലുതായി പടര്‍ന്നു പന്തലിച്ചു നിറയെ ചക്ക കായ്ച്ചു നില്‍ക്കുന്നു ഇപ്പോള്‍.
മലമുകളില്‍ നിന്നു തുളളിച്ചാടി ഇറങ്ങിവന്ന ചെറുതോടിന്റെ ഇരമ്പം ഇരു തീരങ്ങളിലെയും പാറകളില്‍ അലച്ചു തല്ലി തിരിച്ചുവന്നു ഞങ്ങളുടെ കാതുകളില്‍ ഇടിച്ചുകയറി. അച്ഛന്‍ കൂടെയില്ലാത്തതിന്റെ കുറവ് നികത്താനെന്നോണം വര്‍ക്കി മുതലാളിയുടെ അനുയായി മത്തായിച്ചേട്ടന്‍ ഇടക്കൊക്കെ അരിയും പലചരക്കു സാധനങ്ങളും കടലാസില്‍ പൊതിഞ്ഞ് ചെറു ചാക്കുകളിലാക്കി വീട്ടിലെത്തിച്ചിരുന്നു. കുഴപ്പമൊന്നുമില്ല, ജയിലീന്ന് ഒടനെയിറങ്ങും മൊതലാളിയും ഇപ്പളും അകത്തുതന്നെ എന്നൊക്കെ അയാള്‍ ആശ്വസിപ്പിച്ചിരുന്നു. ഇങ്ങനെ എത്രകാലം മുമ്പോട്ടുപോകാനാകും?.
ഇതിനിടയില്‍ അമ്മ എന്നെ അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും പഠിപ്പിച്ചു. മണ്ണില്‍ വിരല്‍ത്തുമ്പുകൊണ്ടാണ് അക്ഷരങ്ങള്‍ എഴുതിപ്പഠിപ്പിച്ചത്. മത്തായിച്ചേട്ടന്‍ സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവരുന്ന പത്രക്കടലാസില്‍ നിന്നാണ് അച്ചടിച്ച അക്ഷരങ്ങള്‍ വായിക്കാന്‍ അമ്മ എന്നെ പഠിപ്പിച്ചത്. പിന്നീട് അമ്മ പറഞ്ഞുവിട്ടിട്ട് അയാള്‍ എനിയ്‌ക്കൊരു സ്ലേറ്റും കുറെ കല്ലുപെന്‍സിലുകളും മൂന്നു നാലു നോട്ടുബുക്കുകളും പേനയും വാങ്ങിക്കൊണ്ടുവന്നു തന്നു. അതു കിട്ടിയപ്പോള്‍ ഈ ഭൂമിയും ആകാശവും മുഴുവന്‍ സ്വന്തമാക്കിയ സന്തോഷം ഞാനനുഭവിച്ചു.
എത്രകാലമാണിങ്ങനെ ….. ഒരു ദിവസം ഞാനും അമ്മയും കൂടി തീരുമാനിച്ചുറച്ചു മലകയറി. ഓരോ ചുവടും പെരുവിരലമര്‍ത്തിച്ചവിട്ടിക്കയറി മേല്‍നിരപ്പിലെത്തി ശ്വാസംമുട്ടി കുത്തിറക്കം താഴേക്കിറങ്ങി നിരപ്പുകല്ലുകളില്‍ കിതച്ചിരുന്നപ്പോള്‍ കാണായി – രണ്ടു മൂന്നു വീടുകള്‍- അകലങ്ങളിലല്ലാതെ. ഹാവൂ! ആശ്വാസമായി. പിന്നൊന്നുമാലോചിച്ചില്ല. നേരേചെന്നു പരിചയപ്പെട്ടു. എല്ലാമറിഞ്ഞപ്പോള്‍ അവരുടെ കണ്ണുകളില്‍ സഹതാപമോ സഹാനുഭൂതിയോ! തിരിച്ചറിയാനാവാത്ത ഭാവഭേദങ്ങള്‍! അത് ഒരു തുടക്കമായിരുന്നു. പിന്നീട് ഇടയ്‌ക്കെല്ലാം ഞങ്ങളാ വീടുകളില്‍ പോയി. വല്ലപ്പോഴും അവര്‍ ഞങ്ങളുടെ വീട്ടിലും സന്ദര്‍ശകരായെത്തി. സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും സാന്ത്വനസ്പര്‍ശം ഞങ്ങളുടെ ജീവിതരേഖകളില്‍ മുദ്രചാര്‍ത്തി വഴി തെളിച്ചു. അവിടെ നിന്നാണ് എനിക്ക് ആദ്യമായി കുറച്ച് കൂട്ടുകാരെ കിട്ടിയത്. അതുവരെ എനിക്ക് ആകെ ഉണ്ടായിരുന്ന കൂട്ട് അമ്മ മാത്രം. വല്ലപ്പോഴും തോളിലൊരു ചാക്കുകെട്ടുമായി മലകയറി വരുന്ന മത്തായിച്ചേട്ടനെപ്പോലെ തന്നെ ഞങ്ങള്‍ക്ക് ആരെങ്കിലുമൊക്കെക്കൂടി ഉണ്ടെന്നൊരു തോന്നലുണ്ടായി. പറയാനും പരിഭവിക്കാനും പരാതിപ്പെടാനും താങ്ങായും തണലായും കരുതലായും കരുത്തായും ആരെങ്കിലും ഒപ്പമുണ്ടാവുക എന്നതിന്റെ ആശ്വാസവും ആനന്ദവും അനുഭവിച്ചറിഞ്ഞു ഞങ്ങള്‍. ഞാനെന്റെ കൂട്ടുകാരോടൊപ്പം ഇരുവശവും തൊട്ടാവാടി മുളളും വളളിപ്പടര്‍പ്പും നിറഞ്ഞ ഒറ്റവരിപ്പാതയിലൂടെ കാട്ടുപൂക്കള്‍ പറിച്ചും കിളിപ്പാട്ടിനു കാതോര്‍ത്തും ഇടക്കിടെ തലനീട്ടുന്ന ചേരയേയും വില്ലൂന്നിയേയും കണ്ടു ഭയന്നും കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞു നടന്നു.
അതൊരു അവധിക്കാലമായിരുന്നു. കാലക്രമേണ ഞാനൊരു കാര്യം മനസ്സിലാക്കി . എന്റെ കൂട്ടുകാരെല്ലാം തന്നെ പളളിക്കൂടത്തില്‍ പഠിക്കാന്‍ തുടങ്ങിയവരാണ്. വേനലറുതിക്കു സ്‌കൂള്‍ തുറക്കുമ്പോള്‍ അവരെല്ലാം സ്‌കൂളില്‍ പോകാന്‍ തുടങ്ങും. അപ്പോള്‍ വീണ്ടും ഞാനും അമ്മയും മാത്രമാകും. എന്നെക്കാള്‍ ഇളയകുട്ടികളായിരുന്നു അവരില്‍ പലരും. എങ്കില്‍പോലും മൂന്നാം ക്ലാസിലും നാലാംക്ലാസിലുമൊക്കെ എത്തി നില്‍ക്കുന്നവരായിരുന്നു. എല്ലാമറിഞ്ഞപ്പോള്‍ എങ്ങനെയെങ്കിലും പളളിക്കൂടത്തില്‍ പോയാല്‍ മതിയെന്നായി എനിക്ക്. ആഗ്രഹമില്ലാഞ്ഞിട്ടല്ല എങ്കിലും ഉടുപ്പ്, പുസ്തകങ്ങള്‍, സഞ്ചി, കുട, ചെരുപ്പ് അങ്ങനെ പലതുമോര്‍ത്തു തല പുകയ്ക്കുന്നതിനിടെ അടുത്ത കൊല്ലം സ്‌കൂള്‍ തുറക്കുമ്പോള്‍ ചേര്‍ക്കാമെന്ന് അമ്മ സമാധാനിപ്പിച്ചു. ഇതിനിടെ മത്തായിച്ചേട്ടന്റെ വീട്ടിലേക്കുളള വരവിന്റെ ഇടവേളകളുടെ അകലം വര്‍ദ്ധിച്ചുകൊണ്ടിരുന്നു.
മീനത്തിലെ ഒരു നട്ടുച്ച നേരമായിരുന്നു അത്. ചുമച്ചു തുപ്പിയും കിതച്ചു തളര്‍ന്നും ഞൊണ്ടി ഞൊണ്ടി നടന്ന് കുഴഞ്ഞ് ഒരു വികൃത രൂപം മലകയറി വീട്ടുമുറ്റത്തെത്തി നിന്നു. മുഷിഞ്ഞ വേഷം. എണ്ണ കണ്ടിട്ടു കാലങ്ങള്‍ കഴിഞ്ഞ നീട്ടിവളര്‍ത്തിയ മുടിയും താടിയും. കുഴിക്കണ്ണുകളില്‍ കറങ്ങിമറിയുന്ന വിളറിയ നീലഗോലികള്‍. ഒലമറ വാതില്‍ വകഞ്ഞുമാറ്റി ഇറങ്ങിവന്ന അമ്മ ഒരു നിമിഷം ശങ്കിച്ചെങ്കിലും ഓടിവന്നുകെട്ടിപ്പിടിച്ച് അലറി വിളിച്ചു.
ഗോപാലന്‍ ചേട്ടാ …………….. ചേട്ടാ………………………………………ചേട്ടാ
ഓര്‍മ്മകള്‍ക്കെല്ലാം ദീര്‍ഘകാലാവധി കൊടുത്തു വഴിമാറി നടന്ന ഞാന്‍ അറിയാതെ ഒടിയടുത്തു കാല്‍ക്കല്‍ വീണു. എനിക്കെന്റെ അച്ഛനെ തിരികെ കിട്ടി!. അടുത്ത ദിവസം താടിയും മുടിയും വെട്ടിയൊതുക്കി വൃത്തിയുളള വസ്ത്രമണിഞ്ഞെത്തിയപ്പോളാണ് അച്ഛനെ പൂര്‍ണ്ണമായും തിരിച്ചുകിട്ടിയത്. പക്ഷേ അച്ഛന്റെ കാലുകള്‍ ……..!. പോലീസ് തല്ലിയൊടിച്ചതാണത്രേ!. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥ. അങ്ങനെയെങ്കിലും ഞങ്ങള്‍ സനാഥരായല്ലോ. മലദൈവങ്ങള്‍ക്ക് മുഴുക്കാപ്പ്.
ആയിടെയാണ് കുറച്ചകലെയുള്ളൊരു വീട്ടില്‍ പണിക്കുചെല്ലാമോ എന്നന്വേഷിച്ച് ഒരു വീട്ടുകാര്‍ അമ്മയെ സമീപിച്ചത്. അമ്മ സന്തോഷത്തോടെ ആ ജോലി ഏറ്റെടുത്തു. രാവിലെ പോയാല്‍ വൈകുന്നതിനുമുമ്പ് മടങ്ങിവരാം. വീട്ടുകാര്യങ്ങളും അച്ഛന്റെ ശുശ്രൂഷകളും ഞാനേറ്റെടുത്തതുകൊണ്ട് എന്റെ സ്‌ക്കൂള്‍ ജീവിതം വീദൂരസ്വപ്‌നമായി. ഒരു വര്‍ഷംകൂടി കഴിയട്ടെ എന്നമ്മ വാക്കുനല്‍കി.
അങ്ങനെയൊരു ജൂണ്‍മാസത്തില്‍ പുത്തനുടുപ്പണിഞ്ഞ് പുസ്തകസഞ്ചി മാറോടടുക്കി ഈര്‍ക്കില്‍ വണ്ണത്തില്‍ പെയ്തിറങ്ങിയ മഴയ്ക്ക് മറക്കുട പിടിച്ച് അമ്മയുടെ കൈ പിടിച്ചു നടന്ന് മൂന്നുകിലോമീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌ക്കൂളില്‍ ഞാനെന്റെ വിദ്യാരംഭത്തിനു ഹരിശ്രീ കുറിച്ചു. അപ്പോള്‍ എനിക്കു വയസ്സു പതിനൊന്ന്. ക്ലാസ്സിലെ ഏറ്റവും മുതിര്‍ന്നകുട്ടി. എന്നോടൊപ്പം ഞങ്ങളുടെ ഗ്രാമത്തിലുണ്ടായിരുന്ന കൂട്ടുകാരെല്ലാം അപ്പോള്‍ കുറേക്കൂടി അകലെയുള്ള ഹൈസ്‌ക്കൂളിലെ അഞ്ചിലും ആറിലും പഠിത്തം തുടങ്ങിയിരുന്നു. എന്റെ കുഞ്ഞുകൂട്ടുകാര്‍ക്കൊപ്പം ഞാനെന്റെ പഠനം ആസ്വദിച്ചു മുന്നോട്ടുപോയി. ഇളംനിറങ്ങളിലെ നീളമുള്ള സാരി ഞൊറിഞ്ഞൊതുക്കി ഉടുത്ത് നൃത്തച്ചുവടുകളോടെ ശ്രുതിലയതാളങ്ങളോടെ സംഗീതാത്മകമായി കുരുന്നുകള്‍ക്കു പാഠം പകര്‍ന്നുകൊടുക്കുന്ന ടീച്ചര്‍ എന്റെ മനോവിചാരങ്ങളില്‍ വര്‍ണ്ണവസന്തം വിരിയിച്ചുനിന്നു. എനിക്കും ഒരു ടീച്ചറാകണമെന്ന മോഹം അന്നാണെന്റെ കനവായി മാറിയത്. പഠിത്തത്തിലും പാഠ്യേതരത്തിലും ഒന്നാംസ്ഥാനക്കാരി ഞാന്‍ തന്നെയായിരുന്നു എപ്പോഴും. അഞ്ചാംക്ലാസ്സില്‍ പുതിയ സ്‌ക്കൂളില്‍ ചേര്‍ന്നപ്പോള്‍ വീണ്ടും ചില പഴയ കൂട്ടുകാര്‍ സ്‌ക്കൂള്‍ദൂരം താണ്ടാന്‍ ഒപ്പമുണ്ടായി. ഇതിനോടകം കാട്ടിലും നാട്ടിലും ഒരുപാടൊരുപാടു മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. നടവഴിച്ചാലുകള്‍ ചെറുവാഹനങ്ങള്‍ക്കു വഴിയൊരുക്കി ചെമ്മണ്‍ പാതകളായി വികസിച്ചു. ചെമ്മണ്‍പാതകള്‍ ചെറിയ ടാര്‍ റോഡുകളായി. പാതയോരങ്ങളില്‍ പുതിയ പുതിയ പാര്‍പ്പിടങ്ങള്‍ ഉയര്‍ന്നുവന്നു. സാമൂഹികാരോഗ്യകേന്ദ്രത്തിനും ട്രൈബല്‍ സ്‌ക്കൂളിനും തറക്കല്ലിടീല്‍ നടന്നു. വഴിവിളക്കിനായ വൈദ്യൂതിത്തൂണുകളും ഉയരാന്‍ തുടങ്ങി.
അന്നു ഞാന്‍ ആറാംക്ലാസ്സിലായിരുന്നു. തുലാവര്‍ഷം കനത്തിരുണ്ടു. മാനമടര്‍ന്നു വീഴുമ്പോലെ ജലപാതം. അമ്മ ജോലിക്കുപോയി, ഞാന്‍ സ്‌ക്കൂളിലും. തുടര്‍ച്ചയായ മൂന്നാം ദിവസമായിരുന്നു മഴയുടെ ചുടലനൃത്തം. ഉരുള്‍പൊട്ടലിനൊപ്പം ഒഴുകിവന്ന കല്ലും മണ്ണും വന്‍മരശിഖരങ്ങളും ഞങ്ങളുടെ വീടിന്റെ പകുതിഭാഗത്തോടൊപ്പം തളര്‍ന്നകാലുകളുമായി എഴുന്നേറ്റോടാന്‍ നിവൃത്തിയില്ലാതിരുന്ന അച്ഛനെയും കൂടെക്കൂട്ടി. രണ്ടുദിവസത്തിനുശേഷമാണ് ജഡംപോലും കണ്ടെടുക്കാനായത്. അതോടെ ഞങ്ങള്‍ വീണ്ടും അനാഥരായി. എന്റെ പഠിപ്പും മുടങ്ങി.
നാട്ടുകാരും പഞ്ചായത്തും സന്നദ്ധസേവകരും എന്റെ അദ്ധ്യാപകരും എല്ലാവരും ചേര്‍ന്നു ഞങ്ങള്‍ക്കൊരു വീടുണ്ടാക്കിത്തന്നു. കുറച്ചു വീട്ടുപകരണങ്ങളും വാങ്ങിത്തന്നു സഹായിച്ചു. ദുരിതപര്‍വ്വം മുടികുത്തിയ ആ നാളുകള്‍ അമ്മയുടെ മനസ്സിലും ചോരപ്പാടുകള്‍ വീഴ്ത്തി. ആകെത്തകര്‍ന്ന അമ്മയും ഞാനും പരസ്പരം കെട്ടിപ്പുണര്‍ന്നു കണ്ണീരുണക്കി. അപ്പോഴൊക്കെയും പഠിച്ച് ഒരു അദ്ധ്യാപികയാകണമെന്ന എന്റെ മോഹം ഒരു വാടാത്ത പൂങ്കുലയായിത്തന്നെ വിടര്‍ന്നു നിന്നു. ആത്മാര്‍ത്ഥതയുടെ ഗുരുരൂപങ്ങള്‍ വീണ്ടും എന്റെ മുന്നിലെത്തി. ‘ ഒരു കൊല്ലം നഷ്ടപ്പെട്ടതു നീ കാര്യമാക്കേണ്ട ഇന്ദുമതി. അടുത്ത വര്‍ഷം നീ എന്തായാലും സ്‌ക്കൂളില്‍ വരണം. നീ എല്ലാത്തരത്തിലും കഴിവുകളുള്ളകുട്ടിയാണ്. ഒരുപാടു സാധ്യതകള്‍ മുന്നിലുണ്ട്. അതുകൊണ്ടു പഠിത്തം ഉപേക്ഷിക്കരുത്’. എന്റെ കാതില്‍ വീണ അമൃതധാരയില്‍ ഞാന്‍ പുളച്ചൊഴുകി. വീണ്ടും ആറാം ക്ലാസ്സില്‍ പോയിതുടങ്ങി. എല്ലാ ക്ലാസ്സിലും ഒന്നാമതായിത്തന്നെ ജയിച്ചു വന്ന ഞാന്‍ പത്താം ക്ലാസ്സു പാസ്സായപ്പോള്‍ വയസ്സ് ഇരുപത്തിരണ്ട്.
പഠിപ്പിച്ച സാറന്മാരും കൂടെപ്പഠിച്ചവരും എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ ക്ലേശം സഹിച്ചുതന്നെ തുടര്‍ന്നു പഠിക്കാന്‍ തീരുമാനിച്ചു. പലരുടേയും സാമ്പത്തിക സഹായം സ്വീകരിച്ചുതന്നെ ഹയര്‍ സെക്കന്ററിയും ഉന്നതനിലയില്‍ പാസ്സായി. തുടര്‍പഠനവും അദ്ധ്യാപനവും ഒരു മോഹം മാത്രമായി ഉള്ളില്‍ എരിഞ്ഞടങ്ങുമ്പോള്‍ ഞാനെന്റെ അക്ഷരഗോപുരത്തിന്റെ വാതിലുകള്‍ അടച്ചുപൂട്ടി.
അമ്മയ്ക്കാണെങ്കില്‍ മുഖ്യചിന്താവിഷയം എന്റെ പ്രായവും കല്യാണവുമായിരുന്നു. എവിടെങ്കിലും ഒരു ജോലിനേടിയിട്ടാവാം കല്യാണമെന്ന തീരുമാനത്തില്‍ ഞാന്‍ ഉറച്ചുനിന്നു.പ്ള സ് ടു യോഗ്യതമാത്രംവേണ്ട ജോലിക്കൊന്നും സര്‍ക്കാര്‍ അപേക്ഷ ക്ഷണിക്കാതിരുന്നതുകൊണ്ട് രണ്ടുകൊല്ലക്കാലം വെറുതേ വീട്ടുജോലികള്‍ ചെയ്തു കാലം കഴിച്ചു. അപ്പോഴും ദൂരെയുള്ള ലൈബ്രറിയില്‍നിന്നു പുസ്തകങ്ങളെടുത്തു വായിക്കുകയും പിഎസ്.സി.പരീക്ഷാഗൈഡുകള്‍ വാങ്ങി പഠിക്കുകയും ചെയ്തിരുന്നു. മൂന്നുവര്‍ഷങ്ങളോളം പാഴായപ്പോള്‍ ഒരു സര്‍ക്കാര്‍ ജോലിയെന്നതു വിദൂരസ്വപ്‌നമോ പാഴ്‌മോഹമോ മാത്രമാണെന്നു ഞാന്‍ മനസ്സിലാക്കി. അമ്മയുടെ ചിന്തയില്‍ എന്റെ വിവാഹമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അപ്പോഴാണ് ടൗണിലെ ഒരു ജൗളിക്കടയില്‍ സെയില്‍സ് ഗേളായി പണികിട്ടിയത്. പക്ഷേ രണ്ടുകിലോമീറ്ററോളം നടന്നു ബസ്സുകയറി ടൗണിലെത്തി പിന്നെയും ഒരു പത്തുമിനിറ്റിലധികം നടന്നാലേ കടയിലെത്താനൊക്കു. തിരിച്ചു വീട്ടിലേക്കുള്ള വരവായിരുന്നു ക്ലേശകരം. കസ്റ്റമേഴ്‌സ് എല്ലാം പോയിക്കഴിഞ്ഞ് കട പൂട്ടി ബസ്സുയാത്രയും നടപ്പും എല്ലാം പൂര്‍ത്തിയാക്കി ഞാന്‍ വീട്ടിലെത്തുന്ന സമയം കഷ്ടിച്ചു രണ്ടുമാസമേ ആ ജോലി ചെയ്യാനെനിക്കു സാധിച്ചുള്ളു. അപ്പോഴും എന്റെ പഠനമോഹം ഇതള്‍കൊഴിയാതെ തന്നെ വിടര്‍ന്നുനിന്നു.
മോഹനേട്ടന്റെ ആലോചന വന്നപ്പോള്‍ അമ്മയ്ക്കു പൂര്‍ണ്ണസമ്മതം. ഒരു റബ്ബര്‍ഫാക്ടറിയില്‍ ജോലിയുണ്ട്. പ്ലസ്ടുവരെ പഠിച്ചെങ്കിലും പാസ്സായിട്ടില്ല. കുട്ടിയായിരിക്കുമ്പോളേ അച്ഛനമ്മമാര്‍ മരിച്ചതിനാല്‍ അമ്മാവന്റെ സംരക്ഷണയില്‍ വളര്‍ന്നതാണ്. നമ്മുടെ വീട്ടില്‍ സ്ഥിരമായി നില്‍ക്കാന്‍ തയ്യാറാണ്. എല്ലാപ്രകാരത്തിലും ഒരു സംരക്ഷണം ആവശ്യമാണെന്ന് എനിക്കും തോന്നിത്തുടങ്ങിയ കാലമായിരുന്നു. മോഹനേട്ടനോട് ഞാനാദ്യമായി ചോദിച്ചത് എന്നെ ഡിഗ്രിക്കു പഠിക്കാന്‍ വിടാമോ എന്നാണ്.
‘ഈ പ്രായത്തിലോ?’
‘പ്രായം എന്റെ കുറ്റമല്ലല്ലോ. സാഹചര്യംകൊണ്ടു പഠിക്കാന്‍ സാധിക്കാതെ പോയതല്ലേ’. അദ്ദേഹത്തിനു സന്തോഷമായി.
പ്ലസ്‌ടു മാത്രം യോഗ്യതകൊണ്ട് സര്‍ക്കാരിലൊരു ജോലി ലഭിക്കില്ല. ആകെ കിട്ടാവുന്നതു ലാസ്റ്റ് ഗ്രേഡാണ്. അടിസ്ഥാനയോഗ്യത എട്ടാംക്ലാസ്സായതിനാല്‍ ദശലക്ഷക്കണിക്കിനാളുകളാണ് നമ്മുടെ നാട്ടില്‍ അപേക്ഷിച്ചു കാത്തിരിക്കുന്നത്. മാത്രമല്ല എന്റെ ജീവിതാഭിലാഷം നടക്കണമെങ്കില്‍ ഡിഗ്രിയും ബി. എഡ്ഡും കൂടി പാസ്സാകണം.
മോഹനേട്ടന്റെ പൂര്‍ണ്ണപിന്തുണയും പ്രോത്സാഹനവും കൊണ്ടാണ് ഞാന്‍ ഡിഗ്രി ജയിച്ചത്. ഫസ്റ്റ് ക്ലാസ്സുണ്ടായിരുന്നതുകൊണ്ട് ബി.എഡ്ഡിനും അഡ്മിഷന്‍ കിട്ടി. രണ്ടാംവര്‍ഷം പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ ഉള്ളിലൊരു നവജീവസ്പന്ദനം ഞാനറിഞ്ഞു. പരീക്ഷാത്തലേന്നാണ് എനിക്കൊരു മോനുണ്ടായത്. എല്ലാ ഈശ്വരേച്ഛ. അങ്ങനെ അടുത്ത കൊല്ലമേ പരീക്ഷ എഴുതി പാസ്സാകാനൊത്തുള്ളൂ.
അകലെയല്ലാതുള്ളൊരു എയിഡഡ് സ്‌ക്കൂളില്‍ വേക്കന്‍സിയുണ്ടെന്നറിഞ്ഞ് അപേക്ഷയുമായിച്ചെന്നപ്പോളാണറിയുന്നത് കെ.ടെറ്റ് കൂടി ഉണ്ടെങ്കിലേ ടീച്ചറാകാനൊക്കൂ എന്ന്. എന്റെ മോഹങ്ങളെ തല്ലിക്കൊഴിക്കാന്‍ ആരെല്ലാം എവിടെനിന്നെല്ലാം കല്ലെറിയുന്നു!. അപ്പോഴും ഞാന്‍ നിരാശപ്പെട്ടില്ല. സര്‍ക്കാര്‍ നിയമമല്ലേ. പരീക്ഷയ്ക്കു അപേക്ഷ ക്ഷണിക്കാന്‍ ഒരു വര്‍ഷത്തോളം നീണ്ടകാത്തിരിപ്പ്. റിസല്‍റ്റു വന്നപ്പോള്‍ അതിയായി സന്തോഷിച്ചു. ഇനി എന്തായാലും എനിക്കൊരു സര്‍ക്കാര്‍ ജോലി. അതും ജീവിതാഭിലാഷമായ ടീച്ചര്‍ ജോലി. ആകാശനീലിമയിലെ നക്ഷത്രങ്ങളെ തൊട്ടുതലോടിയാണ് അന്നു ഞാനുറങ്ങാന്‍ കിടന്നത്.
അറിയാവുന്ന എല്ലാ സ്‌ക്കൂളുകളിലും അപേക്ഷ കൊടുത്തു കാത്തിരുന്നു. എവിടെയും വേക്കന്‍സിയില്ല. ഒരു ദിവസം മലയാളം എച്ച്.എസ്.എ-യെ ക്ഷണിച്ചുകൊണ്ടുളള പത്രപരസ്യം കണ്ട് ഒരു നിമിഷവും കളയാതെ അപേക്ഷ അയച്ചു. മറ്റു ചിലര്‍ക്കൊക്കെ ഇന്റര്‍വ്യൂവിനു കാര്‍ഡുവന്നെന്നറിഞ്ഞപ്പോള്‍ വല്ലാത്തൊരു വ്യസനമുണ്ടായെങ്കിലും ഏതാനും ദിവസംകൂടികാത്തു. എന്നിട്ടും കാണാതായതുകൊണ്ടാണ് ഓഫീസ്സില്‍ നേരിട്ടുപോയി അന്വേഷിച്ചത്.
‘യു ആര്‍ നോട്ട് എലിജിബിള്‍’. ഞെട്ടിപ്പോയി. ‘എന്താ കാര്യം? എന്താണെന്റെ അയോഗ്യത?’ ‘നിങ്ങള്‍ക്കു പ്രായം കഴിഞ്ഞിരിക്കുന്നു. ഓവര്‍ ഏജ് ഡ് ആണ്. എസ്.സി., എസ്.ടി. ഒന്നുമല്ലല്ലോ. വയസ്സിളവിനും മാര്‍ഗ്ഗമില്ല?’ അപ്പോള്‍ ……… പ്രായമാണെന്റെ അയോഗ്യത!’. മനസുതളര്‍ന്നെങ്കിലും ആത്മരോഷം ഉണര്‍ന്നെണീക്കുന്നു. പ്രായം ഒരു അയോഗ്യതയാണങ്കില്‍ ഈ പ്രായം കടന്നവരെയെല്ലാം സര്‍ക്കാര്‍ പിരിച്ചുവിടേണ്ടതല്ലേ. എന്തിനാണു ശമ്പളം കൊടുത്ത് അവരെയെല്ലാം സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കുന്നത്. പെന്‍ഷന്‍ പ്രായമാകാന്‍ ഇനിയും എത്രയോ വര്‍ഷങ്ങള്‍ എനിക്കു ബാക്കിയുണ്ട്. ഉദ്യോഗം നിഷേധിക്കാന്‍ സര്‍ക്കാരു കണ്ടുപിടിച്ച ഒരുസൗകര്യം മാത്രമാണീ പ്രായപരിധി. ഇതെന്നല്ല സര്‍ക്കാരിലെ മറ്റൊരു ജോലിക്കും അപേക്ഷ നല്‍കാന്‍ എനിക്കര്‍ഹതയില്ല. ശാരീരികമോ മാനസികമോ വിദ്യാഭ്യാസപരമോ ആയ എല്ലാ യോഗ്യതകളും ഉണ്ടായിട്ടെന്താകാര്യം? എന്റെ ഏറ്റവും വലിയ അയോഗ്യത എന്റെ പ്രായമാണുപോലും! പ്രായമാണെന്റെ അയോഗ്യത…… പ്രായമാണ്. പ്രായമാണ്.
9446082299