നിറമില്ലാത്ത ശലഭങ്ങൾ

മാധുരിയെ ഒരു നോക്ക് കാണണം എന്നുണ്ടായിരുന്നു. പക്ഷേ,അവള്‍ കതകടച്ചു കിടന്നു കഴിഞ്ഞു. ഇനി രാവിലെ ആറു മണിക്ക് അലാറം അടിക്കുമ്പോഴേ പുറത്തേക്ക് വരികയുള്ളൂ.

മുറി പൂട്ടി പുറത്തേക്കിറങ്ങിയ ശേഷം താക്കോല്‍ ജാലകപ്പടിയില്‍ വച്ചു.വീടിന്റെ പിന്നിലെത്തി,സ്‌കൂള്‍ മൈതാനത്തിലേക്ക് നീളുന്ന ഇടവഴിയിലേക്ക് ഇറങ്ങിയപ്പോള്‍ വെളിച്ചത്തിനായി മൊബൈല്‍ ഓണ്‍ ആക്കി.

മൈതാനം മുറിച്ചുകടന്ന് റോഡിലേക്കിറങ്ങും മുമ്പ് നോക്കി. രമേശന്റെ തയ്യല്‍ക്കടയില്‍ വെളിച്ചമുണ്ട്.അത് അണയുന്നത് വരെ കാത്തിരുന്നേ പറ്റൂ. അവന്റെ കണ്ണില്‍പെടാതെ അതുവഴി കടന്നു പോകാന്‍ കഴിയില്ല.

പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന നാട്ടു മാവിന്റെ ചുവട്ടില്‍ ഗ്രൗണ്ടിലെ കളി കാണാനായി പണിതിട്ടി രിക്കുന്ന സിമന്റ് ബഞ്ചില്‍ ഇരുന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ എത്രയോ തവണ രമേശന്റെ കടയിലെ വിളക്ക് അണയുന്നത് കാത്ത് ഈ ഇരിപ്പ് ഇരുന്നിട്ടുണ്ട്.

ഇനി പത്തു മിനിറ്റ് നേരത്തെ നടപ്പു മതി,സാവിത്രി അന്തര്‍ജ്ജനത്തിന്റെ വീട്ടിലെത്താന്‍. അവള്‍ കാത്തിരിക്കുന്നുണ്ടാവും. ഇന്ന് എത്ര വൈകിയാലും ഒരുമിച്ച് ഊണ് കഴിക്കണം എന്നാണ് സാവിത്രി പറഞ്ഞിരിക്കുന്നത്.

യാദൃശ്ചികമായിട്ടായിരുന്നു സാവിത്രി തന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.ഒരുനാള്‍ പതിമൂന്നോ പതിനാലോ വയസ്സ് തോന്നിക്കുന്ന ഒരു ബാലന്‍ കടയില്‍ എത്തി തിരക്ക് ഒഴിയാന്‍ കാത്തുനില്‍ക്കുമ്പോള്‍ ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ എന്ന് ആലോചിക്കുകയായിരുന്നു. അവസാനത്തെ ആളും പോയപ്പോള്‍ അവന്‍ മടിച്ചു മടിച്ച് മുന്നോട്ടു വന്നിട്ട് ഒരു ലിസ്റ്റ് എടുത്തു നീട്ടി.നല്ല വടിവൊത്ത കൈയക്ഷരം. ഓരോ ഇനവും അക്കമിട്ട് എഴുതിയിരിക്കുന്നു. കുത്തരി അഞ്ചു കിലോ എന്ന് എഴുതിയ ശേഷം ബ്രാക്കറ്റില്‍ കുറഞ്ഞത് എന്ന് കുറിച്ചിരിക്കുന്നത് കണ്ടപ്പോള്‍ പെട്ടെന്ന് അവനെ ഒന്നു നോക്കി.നിറം മങ്ങിയതെങ്കിലും ഒട്ടും മുഷിയാത്ത ട്രൗസറും ഷര്‍ട്ടും. മെലിഞ്ഞ ശരീരം.ദൈന്യത നിഴലിക്കുന്നതെങ്കിലും ഐശ്വര്യമുള്ള മുഖം. പെട്ടെന്ന് തന്നെ അവന്റെ വീട്ടിലെ ഇല്ലായ്മയെ കുറിച്ച് ഒരു ബോധ്യം ഉണ്ടായി. അമ്മ തന്നയച്ചതാണ് എന്ന് പറഞ്ഞ് അവന്‍, രണ്ടായി മടക്കിയ ഒരു കടലാസ് എടുത്തു നീട്ടി.അത് നിവര്‍ത്തി നോക്കി. ക്ഷമിക്കണം.ഒരു മുന്‍പരിചയവും ഇല്ലെങ്കിലും എഴുതുകയാണ്.മോന്‍ കൊണ്ടുവരുന്ന ലിസ്റ്റില്‍ പറയുന്ന സാധനങ്ങള്‍ കൊടുത്തു വിടാന്‍ സന്മനസ്സ് ഉണ്ടാകണം.ഇപ്പോള്‍ കയ്യിലുള്ള പൈസ കൊടുത്തു വിടുന്നു.ബാക്കി തുക കഴിവതും വേഗം തരാം.വേറെ ആരോടും പറയാന്‍ ഇല്ലാത്തതുകൊണ്ടാണ്. എന്ന്,സാവിത്രി അന്തര്‍ജ്ജനം.

കത്ത് വായിച്ചുകഴിഞ്ഞപ്പോള്‍ അതില്‍ പറഞ്ഞിരിക്കുന്ന സാധനങ്ങള്‍ എടുത്ത് പായ്ക്ക് ചെയ്തു.അരി തൂക്കിയപ്പോള്‍ അല്‍പം ആലോചിച്ചശേഷം രണ്ട് കിലോഗ്രാം കൂടുതല്‍ എടുത്തു. എല്ലാം കൂടി തുണി സഞ്ചിയില്‍
നിറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന കുറെ നോട്ടുകള്‍ എടുത്തു നീട്ടി. അ മ്പതിന്റെയും ഇരുപതിന്റെയും ഒക്കെ നോട്ടുകളായി മൊത്തം 350 രൂപയുണ്ട്.ലിസ്റ്റില്‍ ആകെ 480 രൂപ എന്ന് കൂട്ടി എഴുതിയിരുന്നതില്‍ നിന്ന് അത് കുറവ് ചെയ്തു ബാക്കി 130 രൂപ എന്ന് എഴുതിയ ശേഷം അതും സഞ്ചിയും കൂടി അവനെ ഏല്‍പ്പിച്ചു.പിരിമുറുക്കം വിട്ടൊഴിഞ്ഞ മുഖത്തോടെ അവന്‍ നടന്നു നീങ്ങുന്നു നോക്കി നില്‍ക്കുമ്പോള്‍ മനസ്സില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സാവിത്രി അന്തര്‍ജ്ജനത്തിന്റെ ചിത്രം മെനയുകയായിരുന്നു.

കൊടുത്തുവിടാന്‍ സന്മനസ്സ് ഉണ്ടാകണമെന്നുള്ള
സാവിത്രി അന്തര്‍ജ്ജനത്തിന്റെ വാക്കുകള്‍ക്കു മുമ്പില്‍ താന്‍ സ്വന്തം അവസ്ഥ എല്ലാം മറന്നു പോയി. അന്നും താന്‍ കടക്കെണിയുടെ നടുക്കയത്തിലാ യിരുന്നു.ബിസിനസ് പൊളിഞ്ഞ് ദുബായില്‍ നില്‍ക്കാനാവാതെ നാട്ടില്‍ എത്തുമ്പോള്‍ അമ്പത് ലക്ഷത്തോളം രൂപയുടെ കട ബാധ്യത ഉണ്ടായിരുന്നു. ജീവിതം പാടെ തകിടം മറിഞ്ഞു പോയ ദിനങ്ങള്‍.

നാട്ടില്‍ എത്തുന്നതിനു മുമ്പു തന്നെ മാധുരിയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നു.കമ്പനി പൊളിഞ്ഞു ജോലി നഷ്ടമായപ്പോഴാണ്,തുല്യ ദുഃഖിതനായ സ്‌നേഹിതനുമൊത്ത്, ഉള്ള സമ്പാദ്യത്തോടൊപ്പം കുറെയേറെ പണം കടം കൂടി സംഘടിപ്പിച്ച് പ്രൊവിഷന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സപ്ലൈ ചെയ്യുന്ന ഒരു വിതരണ കമ്പനി തുടങ്ങിയത്.

ബിസിനസ് തുടങ്ങുന്നതിനോട് മാധുരിക്ക് എതിര്‍പ്പായിരുന്നു.
ലാഭകരമായിരുന്ന ബിസിനസ്, സാമ്പത്തിക മാന്ദ്യം വന്നതോടെ പ്രതിസന്ധിയിലായി. കച്ചവടം കുറഞ്ഞതോടെ സ്റ്റോറുകള്‍ പലതും വന്‍ തുക കുടിശിക വരുത്തി. സപ്ലൈ മുടങ്ങാതിരിക്കാന്‍ പലിശയ്ക്ക് പണം കടം എടുക്കേണ്ടി വന്നു. അഞ്ചു മുതല്‍ 15 ലക്ഷം രൂപ വരെ കുടിശ്ശിക വരുത്തിയ ആറേഴ് സ്റ്റോറുകള്‍ അടച്ചുപൂട്ടിയതോടെ ബിസിനസ് ആകെ തകര്‍ന്നു. പണം കടം തന്നവര്‍ കൊടുത്ത കേസില്‍ ജയിലില്‍ പോകേണ്ടി വരുമെന്ന സ്ഥിതിയായപ്പോള്‍ എല്ലാം ഉപേക്ഷിച്ച് പോരുകയായിരുന്നു.

നാട്ടില്‍ എത്തിയിട്ടും കടക്കാരുടെ വേട്ടയാടലില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.പണം തിരികെ ആവശ്യപ്പെട്ടു പലരും വീട്ടില്‍ വന്നു തുടങ്ങിയതോടെ മാധു രിയുടെ മട്ടുമാറി. താന്‍ വരുത്തിവച്ച ബാദ്ധ്യതകളുടെ പേരില്‍ അവളുടെയും മകളുടെയും ജീവിതം ദുരിതത്തിലാകാന്‍ സമ്മതിക്കില്ല എന്ന നിലപാടിലേക്ക് അവള്‍ തിരിഞ്ഞു.അവരുടെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് പരോക്ഷമായി പറഞ്ഞു വയ്ക്കുകയും ചെയ്തു. ഒരു നിമിഷം വൈകാതെ എല്ലാം ഇട്ടെറിഞ്ഞു പോകണമെന്നുണ്ടായിരുന്നു. പക്ഷേ നൂറു രൂപ പോലും എടുക്കാന്‍ കൈയിലില്ലാത്ത താന്‍ എങ്ങോട്ട് പോകും? വീടും 20 സെന്റ് സ്ഥലവും അവളുടെ പേരിലാണ് എല്‍ഐസി ഉദ്യോഗസ്ഥര്‍ക്ക് തീരെ കുറഞ്ഞ പലിശക്ക് കിട്ടുന്ന ഭവന വായ്പ തരപ്പെടുത്താന്‍ അന്ന് അങ്ങനെ എഴുതി കൊടുത്തതാണ്.

എഴുപത്തിയഞ്ചു ലക്ഷം രൂപ ചെലവ് ചെയ്ത് നിര്‍മ്മിച്ച വീടിന് അവളാകെ മുടക്കിയത് എല്‍ഐസിയില്‍ നിന്ന് എടുത്ത 15 ലക്ഷം രൂപയാണ് ബാക്കിയെല്ലാം ഗള്‍ഫിലെ തന്റെ സമ്പാദ്യമാണ്.സ്ഥലം തന്റെ കുടുംബ സ്വത്താണ്. ബന്ധങ്ങള്‍ക്ക് വിലയില്ലാതായി ജീവിതം ആകെ തകര്‍ന്നടിയുമ്പോള്‍ അവകാശങ്ങള്‍ക്കും കണക്കുകള്‍ക്കും എന്ത് പ്രസക്തി?

വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് രണ്ടു കടമുറികളോട് കൂടിയ 25 സെന്റ് വസ്തു ഉള്ളത്. അവിടേക്ക് മാറിയാലോ എന്ന് ആലോചിച്ചതാണ്. ചെക്ക് കേസുകളുടെ നടത്തിപ്പ് ഏറ്റെടുത്ത, സഹപാഠി കൂടിയായ ബാലഗോപാല്‍ ആണ് രക്ഷാമാര്‍ഗം പറഞ്ഞുതന്നത്.ഭര്‍ത്താവുമായി പിണക്കത്തില്‍ ആണെന്നും ആയതിനാല്‍ ഭര്‍ത്താവില്‍ നിന്ന് പണം കിട്ടാനുള്ളവര്‍ തന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെത്തി ശല്യം ചെയ്യാന്‍ പാടില്ലെന്നും പറഞ്ഞു മാധുരി കോടതിയില്‍ നിന്നും ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ വാങ്ങിയാല്‍ കടക്കാര്‍ വീട്ടില്‍ വരുന്ന സ്ഥിതി ഒഴിവാക്കാന്‍ പറ്റും. തങ്ങളുടെ കല്യാണം മുതല്‍ മാധുരിയുമായി അടുപ്പമുണ്ടായിരുന്ന ബാലഗോപാല്‍ അവളെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ആവശ്യമായ പേപ്പറുകള്‍ ഒപ്പിട്ടു വാങ്ങി കോടതിയില്‍നിന്ന് ഇഞ്ചക്ഷന്‍ ഓര്‍ഡറും തരപ്പെടുത്തി. അങ്ങനെ വീട് വിട്ടു ഇറങ്ങേണ്ട സ്ഥിതി ഒഴിവായി.ഒരേ വീട്ടില്‍ രണ്ട് ധ്രുവങ്ങളില്‍ എന്നപോലെ ആയി ജീവിതം.

കഴുത്തറപ്പന്‍ പലിശയ്ക്ക് എടുത്ത കുറെ ലക്ഷങ്ങള്‍ എത്രയും വേഗം കൊടുത്തു തീര്‍ക്കേണ്ടതു ണ്ടായിരുന്നു.വസ്തുവിന്റെ ഈടിന്മേല്‍ ലോണ്‍ എടുക്കുക മാത്രമായിരുന്നു മുമ്പിലുള്ള വഴി. 25 സെന്റിന് പരമാവധി ലോണ്‍ സംഘടിപ്പിക്കാനുള്ള ശ്രമമാണ് പ്രൊവിഷന്‍ സ്റ്റോര്‍ തുടങ്ങുക എന്ന ആശയത്തിലേക്ക് കൊണ്ടെത്തിച്ചത് സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ എന്ന പേരില്‍ വസ്തുവിന്റെ ഈടില്‍ 25 ലക്ഷം രൂപയുടെ വായ്പ തരപ്പെടുത്തി. 20 ലക്ഷവും കടം വീട്ടാന്‍ ചെലവഴിച്ചു. ബാക്കി അഞ്ചുലക്ഷം കൊണ്ടാണ് കടമുറി മോടി പിടിപ്പിച്ചതും പ്രൊവിഷന്‍ സ്റ്റോര്‍ തുടങ്ങിയതും.

സാവിത്രി അന്തര്‍ജ്ജനത്തെ കുറിച്ചുള്ള അന്വേഷണം ഉള്ളൂ ലയ്ക്കുന്ന കഥയിലാണ് കൊണ്ടെത്തിച്ചത്. ക്ഷയിച്ചു പോയ ഒരു ഇല്ലത്തെ നാലു പെണ്‍മക്കളില്‍ ഇളയവളായിരുന്നു സാവിത്രി അന്തര്‍ജ്ജനം. രണ്ടു പെണ്‍മക്കളെ ഒരുവിധത്തില്‍ വേളി കഴിപ്പിച്ചു കഴിഞ്ഞപ്പോള്‍ അഫ്പ്പന്‍
നമ്പൂതിരി മരണപ്പെട്ടു. അതോടെ ആ കുടുംബം അനാഥമായി. ജീവിതം വഴിമുട്ടി നിന്നപ്പോള്‍ അകന്ന ഒരു ബന്ധു രക്ഷകനെ പോലെ വന്നു.സാവിത്രി അന്തര്‍ജ്ജനത്തിന്റെ ചേച്ചിക്ക് ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു ബോംബെയ്ക്ക് കൊണ്ടുപോയി സെക്‌സ് റാക്കറ്റിന്റെ കയ്യില്‍ അകപ്പെട്ടു മാനവും അഭിമാനവും സ്വപ്നങ്ങളും എല്ലാം കൈമോശം വന്നപ്പോള്‍ തിരഞ്ഞെടുത്തത് ആത്മഹത്യയുടെ വഴിയായിരുന്നു. അതോടെ രോഗിയായ അമ്മയും സാവിത്രിയും തനിച്ചായി.

വരുമാനമില്ല.സഹായിക്കാന്‍ ആരുമില്ല.ഇരുപതുകാരി പെണ്‍കുട്ടിക്ക് മുന്നില്‍ ജീവിതം ഒരു വലിയ ചോദ്യചിഹ്നമായി.പ്രീഡിഗ്രി ഒന്നാം ക്ലാസില്‍ പാസായെങ്കിലും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം തുടര്‍ പഠനം ഉപേക്ഷിക്കേണ്ടിവന്ന സാവിത്രി കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തു ഒരു വരുമാന മാര്‍ഗം കണ്ടെത്തി.

ഒരുനാള്‍ അമ്മയെയും കൊണ്ട് ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ സ്ഥിരമായി ഓട്ടത്തിന് വരുന്ന ഓട്ടോ ഡ്രൈവറുടെ കയ്യില്‍ സാവിത്രി വലിയൊരു ഓട്ടുരുളി എടുത്തുകൊടുത്തു.
ഇതൊന്നു വിറ്റു തര്വോ?
അവള്‍ ചോദിച്ചു.
അനിലിന്റെ ഓട്ടോ കൂലി എടുത്തിട്ട് ബാക്കി ഇങ്ങട് എത്തിച്ചാല്‍ മതി.
എന്റെ പൈസ തരാന്‍ ഇത് വില്‍ക്കേണ്ട.എനിക്കിപ്പോള്‍ പൈസ വേണ്ട.
അവന്‍ പറഞ്ഞു
സാവിത്രി അല്‍പനേരം മൗനം പൂണ്ടു നിന്നു.
എന്നാലും വിറ്റേ പറ്റൂ.
എന്നിട്ടു മടിച്ചു മടിച്ചു പറഞ്ഞു. ഇവിടെ അകത്തേക്കുള്ളതെല്യാം തീര്‍ന്നിരിക്കുണു.

അവന്‍ അല്‍പനേരം ആലോചിച്ചു നിന്ന ശേഷം ആ ഉരുളി എടുക്കാതെ ഓട്ടോ റിക്ഷ ഓടിച്ചുപോയി. അരിയും പച്ചക്കറിയും മറ്റ് അത്യാവശ്യ സാധനങ്ങളുമായാണ് തിരിച്ചെത്തിയത്.എല്ലാം വരാന്തയില്‍ ഇറക്കി വയ്ക്കുമ്പോള്‍ സാവിത്രി എത്തി എന്താ ഇതൊക്കെ എന്ന് ചോദിച്ചു.ഇവിടേക്കു ആവശ്യമുള്ള സാധനങ്ങള്‍ എന്നു മറുപടി.ഇതിന് ഇപ്പോള്‍ തരാന്‍ എന്റെ കയ്യില്‍ ഒന്നുമില്ലല്ലോ എന്നായി സാവിത്രി.ഇപ്പോ വേണ്ട, സാവിത്രിക്കുട്ടിക്ക് ജോലിയൊക്കെ കിട്ടി വലിയ ആള്‍ ആകുമ്പോള്‍ തന്നാല്‍ മതിയെന്ന് അനിലിന്റെ മറുപടി. ഒരു പൊട്ടിക്കരച്ചിലാ യിരുന്നു അതിനുള്ള പ്രതികരണം.പെട്ടെന്ന് അവള്‍ അകത്തേക്ക് ഓടിപ്പോയി.

അമ്മ ആര്യ അന്തര്‍ജ്ജനത്തെ ആശുപത്രിയില്‍ കൊണ്ടു പോകാനും മറ്റുമായി അനില്‍ വീണ്ടും വന്നു.പലപ്പോഴും കുറെ വീട്ടുസാധനങ്ങളും എത്തിച്ചു. സാവിത്രി ഒന്നും മറുത്തു പറഞ്ഞില്ല. ഇടയ്ക്ക് കയ്യിലുള്ള പൈസ നിര്‍ബന്ധപൂര്‍വ്വം അവനെ
പിടിച്ചേല്‍പ്പിച്ചു.

ഒരു നാള്‍ ആര്യ അന്തര്‍ജ്ജനവും യാത്രയായി.തനിച്ചായിപ്പോയ സാവിത്രിക്ക് കൂട്ടായി അനില്‍ എത്തി. താഴ്ന്ന ജാതിക്കാരനായ വരന്റെ ആള്‍ക്കാര്‍ മാത്രം പങ്കെടുത്ത ചെറിയ ഒരു ചടങ്ങില്‍ വച്ച് അനില്‍ സാവിത്രി അന്തര്‍ജ്ജ നത്തിന്റെ കഴുത്തില്‍ താലി ചാര്‍ത്തി.

നിറം മങ്ങിയ സ്വപ്നങ്ങളുടെ ലോകത്ത് കഴിഞ്ഞിരുന്ന സാവിത്രി അന്തര്‍ജ്ജനത്തിന്റെ ജീവിതത്തിലേക്ക് കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കടന്നുവന്നു.ഒരു കുഞ്ഞു പിറന്നതോടെ അവള്‍ നിറമുള്ള സ്വപ്നങ്ങള്‍ കണ്ടു തുടങ്ങി.സന്തോഷത്തിന്റെ ദിനങ്ങള്‍ നീണ്ടുനിന്നില്ല. ഒരു വാഹനാപകടത്തിന്റെ രൂപത്തില്‍ എത്തിയ വിധി അനിലിന്റെ ജീവന്‍ കവര്‍ന്നതോടെ സാവിത്രി അന്തര്‍ജ്ജനം ഒരിക്കല്‍ കൂടി അനാഥത്വത്തിന്റെ പിടിയിലായി. ജീവിതം വീണ്ടും വെല്ലുവിളികള്‍ നിറഞ്ഞതായി. മകന്‍ വരുണ്‍ കൃഷ്ണ ബുദ്ധിസാമര്‍ത്ഥ്യം ഉള്ള കുട്ടിയായിരുന്നു. സ്വപ്നങ്ങള്‍ ഇല്ലാതായ സാവിത്രിക്ക് അവനായിരുന്നു ഏക പ്രതീക്ഷ. ജീവിതം അവനുവേണ്ടിയുള്ള സമര്‍പ്പണമായി.

ഒരുനാള്‍ കടയിലെത്തിയ അരുണിന്റെ കയ്യില്‍ ഒരു കത്തും ഉണ്ടായിരുന്നു.സാവിത്രി എഴുതിയ താണ്.ഒന്ന് വീട് വരെ വരാന്‍ കഴിയുമോ?മോന്റെ പഠന കാര്യത്തെ പറ്റി ചിലത് ചോദിക്കാനാണ്.മറ്റാരോടും പറയാന്‍ തോന്നുന്നില്ല.

നാളെ വരാം എന്ന് അമ്മയോട് പറയൂ എന്നു മറുപടി നല്‍കി അവനെ തിരിച്ച് അയക്കുമ്പോള്‍ എസ്എസ്എല്‍സിക്ക് ഫുള്‍ എ പ്ലസ് വാങ്ങിയതിന്റെ സമ്മാനമായി ഒരു പെട്ടി ചോക്ലേറ്റ് നല്‍കി.

അടുത്ത ദിവസം ഉച്ചക്ക് കടയടച്ച ശേഷം സാവിത്രി അന്തര്‍ജ്ജനത്തിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ ഉള്ളില്‍ അതിയായ സന്തോഷവും ആകാംക്ഷയുംമൊക്കെ ആയിരുന്നു. ഏറെനാളായി ആഗ്രഹിച്ചിരുന്ന ഒരു കൂടിക്കാഴ്ച.
തുളസി കതിരിന്റെ നിര്‍മലത യായിരുന്നു സാവിത്രി അന്തര്‍ജ്ജന ത്തിന്. അത്യാവശ്യം സൗന്ദര്യം എന്നേ പറയാനുള്ളൂ. നല്ല ഐശ്വര്യമുള്ള മുഖം.
വാതിലില്‍ പാതി മറഞ്ഞുനിന്നായിരുന്നു സംസാരം. മകനെ ഡോക്ടറോ എഞ്ചിനീയറോ ആക്കണം എന്നുണ്ട് പക്ഷേ പഠന ചെലവ് എങ്ങനെ വഹിക്കുമെന്ന ആശങ്ക. നഗരത്തിലെ മികച്ച അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ വിടണോ അതോ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതിയോ? പോളിടെക്‌നിക്കിന് വിട്ടാല്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ ഒരു ജോലി കിട്ടിയേക്കും എന്നത് ആശ്വാസകരമായ കാര്യമാണ്. പക്ഷേ,അവന്റെ കഴിവ് ഓര്‍ക്കുമ്പോള്‍ അതിനു മനസ്സ് വരുന്നില്ല എല്ലാം കേട്ടു.അടുത്ത ദിവസം മറുപടി പറയാം എന്ന് പറഞ്ഞാണ് ഇറങ്ങിയത്.

ഒരുപാട് ആലോചിച്ചു ആരുടെയെങ്കിലും സഹായം ഇല്ലാതെ വരുണ്‍ കൃഷ്ണയുടെ തുടര്‍ പഠനം ഉദ്ദേശിക്കുന്ന രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളുടെ പഠന ചെലവ് ഏറ്റെടുക്കുന്ന ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനങ്ങളെയോ കണ്ടെത്തുകയാണ് ഒരു പോംവഴി. അതേപ്പറ്റി ചിന്തിക്കുന്നതിനി ടയിലാണ് റജി കുര്യന്റെ കാര്യമോര്‍ത്തത്.ദുബായില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്. അവനിപ്പോഴും അവിടെയുണ്ട്.

ജ്യേഷ്ഠന്‍ ബിഷപ്പാണ്.സഭയുടെ മെഡിക്കല്‍കോളേജും എന്‍ജിനീയറിങ് കോളേജും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിയാണ്. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ ഏറ്റെടുത്ത് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നത് ഉള്‍പ്പെടെയുള്ള, സഭയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെ പറ്റി അവന്‍ ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞിരുന്നു.
റജി കുര്യനെ വിളിച്ചു വിഷയമവതരിപ്പിച്ചു. അവന്‍ ശുപാര്‍ശ ചെയ്തതോടെ ബിഷപ്പ് ഇടപെട്ട് വരുണ്‍ കൃഷ്ണയുടെ പഠനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സഭാ ആസ്ഥാനത്തുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് അഡ്മിഷന്‍ വാഗ്ദാനം ചെയ്തത്.

അഡ്മിഷന്‍ എടുക്കാന്‍ വരുണ്‍ കൃഷ്ണയ്ക്കും സാവിത്രി അന്തര്‍ജ്ജനത്തിനും ഒപ്പം പോകേണ്ടിവന്നു. ബിഷപ്പ് ഹൗസിന്റെ അതിഥി മന്ദിരത്തില്‍ താമസ സൗകര്യമൊരുക്കിയിരുന്നു. രാത്രി അവിടെ ഉറങ്ങി. അടുത്തദിവസം അഡ്മിഷന്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി.വരുണിന് ഹോസ്റ്റലിലേക്കുള്ള ബഡ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മേടിച്ചു കൊടുത്ത ശേഷം വൈകുന്നേരത്തോടെയാണ് മടങ്ങാന്‍ കഴിഞ്ഞത്. ബസ്സില്‍ ഒരേ സീറ്റിലിരുന്നുള്ള യാത്രയ്ക്കിടയില്‍ പലപ്പോഴും സാവിത്രി അന്തര്‍ജ്ജനം ഉറക്കത്തില്‍ തന്റെ തോളിലേക്ക് ചാഞ്ഞു വീണിരുന്നു. ഉണരുമ്പോള്‍ ഒരു ഞെട്ടലോടെ തെന്നി മാറും. രണ്ടുമൂന്നു തവണ അത് ആവര്‍ത്തിച്ചു. പിന്നീട് ഉണര്‍ന്നിട്ടും അകന്നു മാറാതെ തല തന്റെ തോളില്‍ തന്നെ വച്ച് വീണ്ടും ഉറക്കത്തിലേക്ക് വീണപ്പോള്‍
തങ്ങള്‍ക്കിടയില്‍ ഒരു അകല്‍ച്ച ഇല്ലാതാകുന്നതായി തോന്നി. രാത്രി പത്ത് മണിയോടെയാണ് ടൗണില്‍ എത്തിയത്.ഒരു ഓട്ടോറിക്ഷ വിളിച്ച് സാവിത്രി അന്തര്‍ജ്ജനത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു.

അടുത്ത ദിവസം വൈകുന്നേരം വരുണ്‍ കൃഷ്ണ ഹോസ്റ്റലില്‍ നിന്നും വിളിച്ചു. അങ്കിള്‍,ഞാന്‍ ഫോണ്‍ ചെയ്തപ്പോള്‍ അമ്മ കരയുന്നു. എനിക്ക് അമ്മയെ കാണണമെന്നു തോന്നുകയാണ്,അങ്കിള്‍.
കരച്ചിലിന്റെ വാക്കിലായിരുന്നു അവന്‍.വിഷമിക്കേണ്ടെന്നും താന്‍ പോയി അമ്മയെ സമാധാനിപ്പിച്ചു കൊള്ളാം എന്നു പറഞ്ഞു അവനെ ആശ്വസിപ്പിച്ചു.
സാവിത്രി അന്തര്‍ജ്ജനത്തെ തേടി ചെല്ലുമ്പോള്‍ വീട് ഇരുട്ടിലായിരുന്നു. വരാന്തയില്‍ കത്തിച്ചു വെച്ചിരുന്ന ചെറിയ നിലവിളക്കില്‍ നിന്നുള്ള വെളിച്ചം മാത്രം.
ആരുമില്ലേ എന്ന് ചോദിച്ചപ്പോള്‍ അകത്തെ മുറിയില്‍ ലൈറ്റ് തെളിഞ്ഞു.കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇറങ്ങിവന്ന സാവിത്രി അന്തര്‍ജ്ജനം വാതിലില്‍ ചാരി നിന്നു.
എന്തിനാണ് ഇങ്ങനെ കരയുന്നത്. അതിനുവേണ്ടി എന്തുണ്ടായി?
ഒരു തേങ്ങല്‍ ആയിരുന്നു മറുപടി.
മോന്‍ വിളിച്ചപ്പോള്‍ എന്തിനാണ് കരഞ്ഞത്? അവന് വിഷമം ആകില്ലേ. അത് ആലോചിക്കേണ്ടേ?
എന്റെ കുഞ്ഞു പോയി.എനിക്ക് ആരുമില്ല. ഈ ജീവിതം….. ഇത്….. ഇത്………
വാക്കുകള്‍ മുറിഞ്ഞ് വിങ്ങിപ്പൊട്ടി നിന്ന് സാവിത്രി അന്തര്‍ജ്ജനം പെട്ടെന്നായിരുന്നു തന്റെ നെഞ്ചിലേക്ക് വീണത്.ഞെട്ടിപ്പോയി. ഒട്ടും പ്രതീക്ഷിച്ചതല്ല. വാടിയ തണ്ടു
പോലെയായ ആ ശരീരത്തെ ചേര്‍ത്തുപിടിച്ചു. നെഞ്ചില്‍ കണ്ണീരിന്റെ നനവ് പടര്‍ന്നപ്പോള്‍ കാച്ചിയ എണ്ണയുടെ മണമുള്ള ആ മുടിയില്‍ മുഖം അണച്ച് ഏറെ നേരം നിന്നു.
ഷട്ടര്‍ താഴ്ത്തുന്ന ശബ്ദം. രമേശന്‍ കട അടയ്ക്കുകയാണ്. റോഡ് മുറിച്ചു കടന്ന് അയാള്‍ വീട്ടിലേക്കുള്ള വഴിയിലേക്ക് കയറിയപ്പോള്‍ സിമന്റ് ബഞ്ചില്‍ നിന്ന് എഴുന്നേറ്റ് വേഗം നടന്നു. സാവിത്രി കാത്തിരുന്നു മുഷിഞ്ഞു കാണും.
ഒരു പുതിയ തുടക്കത്തിന്റെ രാത്രിയായിരുന്നു അത്. തന്റെ ആലിംഗനത്തില്‍ അമര്‍ന്നു നിന്ന അവള്‍ മെല്ലെ മുഖമുയര്‍ത്തി. കണ്ണുകള്‍ സങ്കടക്കടലാണെന്ന് തോന്നി.
എന്നെ സ്‌നേഹിക്കുമോ?
ഒരു യാചന പോലെ അവള്‍ ചോദിച്ചു. മറുപടി പറയാതെ ഒന്നു കൂടി അവളെ തന്നോട് ചേര്‍ത്തു പിടിച്ചു ആ കണ്ണുകളില്‍ അമര്‍ത്തി ചുംബിച്ചപ്പോള്‍ അവള്‍ വീണ്ടും വിതുമ്പി.
ഒന്നും വേണ്ട….. എനിക്കിത്തിരി സ്‌നേഹം മാത്രം മതി.
അവളുടെ ശബ്ദമിടറി.
എനിക്ക് ആരുമില്ല….. ആരുമില്ല.
ആ ചുണ്ടുകള്‍ മന്ത്രിച്ചു കൊണ്ടിരുന്നു.
തന്റെ പിടി വിടുവിച്ച ശേഷം അവള്‍ പോയി നിലവിളക്ക് തെളിയിച്ചു. കൈകള്‍ കൂപ്പി പ്രാര്‍ഥനയോടെ നിന്നു. പിന്നെ അടുത്തേക്ക് വിളിച്ചു. അവള്‍ ഒരു ചെറിയ ചെപ്പ് എടുത്ത് തുറന്നു. സിന്ദൂരം ആണ്.
ഇത് എന്റെ നെറ്റിയില്‍ ഒന്നു തൊട്ടു തരുമോ?
സീമന്തരേഖയില്‍ അവള്‍ വിരല്‍ തൊട്ടു കാണിച്ചു. എതിര്‍പ്പൊന്നും തോന്നിയില്ല. അല്പം സിന്ദൂരം എടുത്ത് തിരുനെറ്റിയില്‍ തൊടുമ്പോള്‍ അവള്‍ കൈകള്‍ കൂപ്പി കണ്ണുകള്‍ അടച്ച് ധ്യാനിച്ചു നിന്നു.പിന്നെ കാലില്‍ തൊട്ടു നമസ്‌കരിച്ചു.പിടിച്ചെഴുന്നേല്‍പ്പിച്ചു ചേര്‍ത്ത് പിടിച്ചപ്പോള്‍ അവളുടെ കൈകള്‍ തന്നെ ചുറ്റിവരിഞ്ഞു. അതോടെ അടക്കിപ്പിടിച്ച വികാരങ്ങള്‍ കെട്ടുപൊട്ടിച്ചു കുതറിയോടി.നിര്‍വൃതിയുടെ നിമിഷങ്ങളിലൂടെ എവിടേയ്‌ക്കൊ ക്കെയോ ഒഴുകി നടന്ന ഒരു രാത്രി.
സാവിത്രി അന്തര്‍ജ്ജനത്തിന്റെ വീടെത്തിയപ്പോള്‍ റോഡിന്റെ രണ്ടു സൈഡിലേക്കും നോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മുറ്റത്തേക്ക് കയറി. വീടും പരിസരവും ഇരുട്ടിലാണ്. താന്‍ വരുമെന്ന് അറിയാവുന്ന ദിവസങ്ങളില്‍ പുറത്തെ ലൈറ്റുകള്‍ തെളിയിക്കാറില്ല.
പുറകിലെത്തി അടുക്കള വാതിലില്‍ മൂന്ന് തവണ പതിയെ തട്ടി വിളിച്ചു. അവള്‍ വന്നു കതകു തുറന്നു. മങ്ങിയ വെളിച്ചത്തില്‍ സാവിത്രിയെ കണ്ടപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു. ഒരു നവവധുവിനെ പോലെ അവള്‍ അണിഞ്ഞൊരുരുങ്ങിയിരിക്കുന്നു. താന്‍ ഇഷ്ടപ്പെട്ടു വാങ്ങിക്കൊടുത്ത കാഞ്ചിപുരം സാരിയാണ്
ഉടുത്തിരിക്കുന്നത്. അതവള്‍ക്ക് ജീവിതത്തില്‍ ആദ്യമായി കിട്ടിയ കാഞ്ചിപുരം സാരിയായിരുന്നു. രണ്ടോ മൂന്നോ തവണയെ അതു ഉടുത്തിട്ടുള്ളൂ. ഇപ്പോള്‍ അവസാന യാത്രയ്ക്കായി തയ്യാറെടുത്തു നില്‍ക്കുമ്പോള്‍ ഏറെ ഇഷ്ടപ്പെട്ട ആ സാരി തന്നെ അവള്‍ തിരഞ്ഞെടുത്തിരിക്കുന്നു.
കതകടച്ച് ലൈറ്റിട്ട ശേഷം അവള്‍ ചോദിച്ചു
എന്താ ഇങ്ങനെ നോക്കുന്നത്?
ഇല്ല,ഒന്നുമില്ല…..
ഇന്നു കൂടിയല്ലേ ഇങ്ങനെ കാണാന്‍ കഴിയൂ, അതുകൊണ്ട് നോക്കിപോയതാണ് എന്ന് അവളോട് എങ്ങനെ പറയും.
അവളുടെ ചുണ്ടില്‍ വിഷാദം കലര്‍ന്ന ഒരു ചിരി പടര്‍ന്നു.
വരൂ നേരം ഏറെയായി. ഊണ് കഴിക്കാം.
വിശപ്പു തോന്നിയില്ലെങ്കിലും വെറുതെ മൂളി.
ഇരുന്നോളൂ.പപ്പടം കാച്ചിക്കൊണ്ട് ഞാനുടനെ വരാം.
ചെറിയ ഊണുമേശയില്‍ നിറയെ വിഭവങ്ങള്‍ നിര്‍ത്തിയിട്ടുണ്ട്. ഇത് അവസാനത്തെ അത്താഴം ആണ്. വിശപ്പ് തോന്നുന്നില്ലെങ്കിലും രുചിയോടെ കഴിക്കാന്‍ ശ്രമിക്കണം.
ഒരിക്കല്‍ കൂടി സ്വന്തം ജീവിതത്തെ പഴിച്ചു. ദൈവത്തെയും. ഒരു തെറ്റും ചെയ്തിട്ടില്ല. ആരെയും ദ്രോഹിച്ചി ട്ടില്ല. എന്നിട്ടും ഈ വിധി.
മൂന്ന് ചെക്ക് കേസുകള്‍ ഉള്ളതില്‍ രണ്ടെണ്ണത്തിന്റെ വിധിയാണ് വന്നത്.പരാതിക്കാര്‍ക്ക് പലിശ ഉള്‍പ്പെടെ 18 ലക്ഷം രൂപ കൊടുക്കണമെന്ന് വിധി ഉണ്ടായപ്പോള്‍ രണ്ടുമാസത്തെ സാവകാശം ആണ് ചോദിച്ചത്. കോടതി ഒരു മാസം അനുവദിച്ചു. 18 ലക്ഷം എന്ന വലിയ സംഖ്യ മനസ്സിലിട്ടു ഒരുപാട് കൂട്ടലും കിഴിക്കലും നടത്തി. ഇരുപത്തിയഞ്ചു സെന്റ് സ്ഥലവും കട മുറികളും വില്‍ക്കുക എന്ന ഏക വഴിയെ മുന്നിലുള്ളൂ. പക്ഷേ, അതിലെ ബാധ്യത തന്നെ 30 ലക്ഷത്തിന് മുകളില്‍ ആണ്.
അമ്പതു,അറുപതു ലക്ഷം വരെ വില കിട്ടാവുന്ന വസ്തുവാണ്. കടം വീട്ടാന്‍ വസ്തു വില്‍ക്കുന്നു എന്ന വാര്‍ത്ത പരന്നപ്പോള്‍ 25 ലക്ഷം പോലും ആരും വില പറയുന്നില്ല.
തന്റെ വീടും വസ്തുവും വിറ്റു കൊള്ളാന്‍ സാവിത്രി അന്തര്‍ജ്ജനം കരഞ്ഞു പറഞ്ഞെങ്കിലും താന്‍ തയ്യാറായില്ല. വീണ്ടും വീണ്ടും നിര്‍ബന്ധിച്ചു. താന്‍ സമ്മതിച്ചാലും മൂന്ന് പെണ്‍മക്കള്‍ക്ക് തുല്യ അവകാശമുള്ള വീടും പറമ്പും നസവിത്രിക്ക് മാത്രമായി വില്‍ക്കാന്‍ കഴിയില്ല എന്നുള്ള യാഥാര്‍ത്ഥ്യം അവളെ പറഞ്ഞു മനസ്സിലാക്കി. അത് അവര്‍ക്കിടയില്‍ പൊട്ടിത്തെറിക്ക് കാരണമാവുകയും ചെയ്യും. തങ്ങളുടെ ബന്ധം പുറത്തറിയും എന്ന അപകടവും ഉണ്ടാവും.
ഒരു മാസത്തെ സമയപരിധി കടന്നുപോയതോടെ കോടതി ജപ്തി നടപടിക്ക് ഉത്തരവിട്ടിരിക്കുകയാണ്. അത് ഉടന്‍ ഉണ്ടാവും. സ്ഥാവര ജംഗമ വസ്തുക്കള്‍ ജപ്തിയ്ക്കു വിധേയമാകും. ആദ്യം പ്രൊവിഷന്‍ സ്റ്റോറും വീട്ടുപകരണങ്ങളും ജപ്തി ചെയ്യും. വസ്തു ലേലത്തിന് വക്കുകയാണ് അടുത്ത നടപടി. പക്ഷേ അതിനു മുന്‍പ് തന്നെ ഒരു ദുരന്തം ഉണ്ടായേക്കാം. ജപ്തി എന്ന അപമാനം ഉണ്ടായാല്‍ മകള്‍ക്ക് വിഷം നല്‍കി താനും മരിക്കുമെന്നാണ് മാധുരി പറഞ്ഞിരിക്കുന്നത്.
മാധുരിയുടെ മരണം തനിക്കൊരു വിഷയമല്ല. അവള്‍ എന്നേ മനസ്സില്‍ നിന്ന് കുടി ഇറങ്ങിയതാണ്. പക്ഷേ അവള്‍ക്കൊപ്പം മകള്‍ കൂടി ഇല്ലാതാകുന്നത് ഓര്‍ക്കാനേ കഴിയുന്നില്ല. തന്റെ കുരുന്നു മകളെ മരണത്തിനു വിട്ടു കൊടുക്കാന്‍ കഴിയില്ല. മരിക്കേണ്ടത് താനാണ്. എല്ലാം വരുത്തിവെച്ചത് താനാണ്. ഒഴിവായി കൊടുത്താല്‍ അവര്‍ ജീവിക്കുമല്ലോ.
തീരുമാനം സാവിത്രിയെ അറിയിക്കാതെ കൊണ്ടുനടന്നു. എങ്ങനെ പറയും. അവള്‍ക്ക് ജീവിതത്തില്‍ സന്തോഷവും പ്രതീക്ഷയും നല്‍കുന്ന രണ്ടു പേരേയുള്ളൂ. അവളുടെ മകനും താനും.
ജപ്തി ഒഴിവാക്കാന്‍ എന്ത് ചെയ്യും എന്ന അവളുടെ നിരന്തരമായ ചോദ്യം സഹിക്കാനാവാതെ അവസാനം പറയേണ്ടി വന്നു. അത് കേട്ടതും അവള്‍ ജീവച്ഛവം പോലെ ഇരുന്നു പോയി. കരയുമെന്നാണ് കരുതിയത്. പക്ഷേ അവള്‍ കരഞ്ഞില്ല. വലിഞ്ഞുമുറുകിയ മുഖഭാവത്തോടെ ഏറെ നേരം ഇരുന്ന അവള്‍ അവസാനം തന്നെ നോക്കി തറപ്പിച്ചുപറഞ്ഞു.
ഞാനും വരും.
അതിശയത്തോടെ നോക്കിയപ്പോള്‍ അവള്‍ വീണ്ടും പറഞ്ഞു.
എന്നെ തനിച്ചാക്കി പോകാമെന്ന് കരുതേണ്ട.ഞാനും വരും……
സാവിത്രി നീ എന്താണ് പറയുന്നത്? വരുണിന് പിന്നെ ആരുണ്ട്? അവനു വേണ്ടി നീ ജീവിക്കണം.
ഇല്ല. ഇനി ഒറ്റപ്പെടാന്‍ എനിക്കാവില്ല. ഞാന്‍ സ്‌നേഹിച്ചുപോയി. അത്രയ്ക്ക് സ്‌നേഹിച്ചു പോയി.
അവള്‍ കരഞ്ഞു. എത്ര ചേര്‍ത്തു പിടിച്ചിട്ടും, ആശ്വസിപ്പിച്ചിട്ടും നിലയ്ക്കാത്ത കരച്ചില്‍.

ജീവിക്കുന്നെങ്കില്‍ ഒരുമിച്ച് ജീവിക്കാം. അതല്ല,മരണമെങ്കിലും ഒരുമിച്ച്.
അവള്‍ ഉറപ്പിച്ചു പറഞ്ഞു. പിന്തിരിപ്പിക്കാന്‍ ഏറെ ശ്രമിച്ചു. അവള്‍ ഉറച്ചു നിന്നു. അതോടെ ഒരുമിച്ച് മരിക്കാം എന്ന തീരുമാനത്തിലെത്തി.
പപ്പടം പൊള്ളിച്ചതുമായി സാവിത്രി വന്നു. രണ്ടു പേര്‍ക്കായി ഒരു പാത്രം നിറയെ പപ്പടം. അതിശയത്തോടെ അവളെ നോക്കി. പരിസര ബോധം ഇല്ലാത്ത പോലെയാണ് അവളുടെ ചലനങ്ങള്‍.

രണ്ട് ഇലകളിലായി അവള്‍ ചോറും കറികളും വിളമ്പി. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. കരച്ചില്‍ അടക്കി പിടിച്ചിരിക്കുകയാണ്. എല്ലാം വിളമ്പിയ ശേഷം അടുത്തെത്തി അവള്‍ തന്നോട് ചേര്‍ന്നുനിന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ നോട്ടം നേരിടാനാവാതെ മുഖം കുനിച്ചു.
കൈകള്‍ യാന്ത്രികമായി ചലിച്ചു. മടിയില്‍ സൂക്ഷിച്ചിരുന്ന ചെറിയ കുപ്പി എടുത്ത് മേശപ്പുറത്തു വച്ചു. കൈകള്‍ വിറച്ചു. അതു പൊട്ടിച്ച് രണ്ട് ഇലയിലെയും ചോറില്‍ ഒഴിച്ച് ഇളക്കണം. മനസ്സ് ശൂന്യമാ കുന്നതുപോലെ. കരുത്ത് ഒക്കെ ചോര്‍ന്നു പോവുകയാണ്.

ഇടതു കൈ കൊണ്ട് ചേര്‍ത്ത് പിടിച്ചപ്പോള്‍ അവളുടെ നനുത്ത വയറില്‍ ആണ് മുഖം അമര്‍ന്നത്. ഒരായിരം ഉമ്മകള്‍ കൊടുത്തിട്ടുള്ള ചന്ദനനിറമുള്ള വയര്‍. പൊട്ടിക്കരഞ്ഞുകൊണ്ട് അവള്‍ തന്റെ മുഖം ആ വയറിനോട് ചേര്‍ത്ത് പിടിച്ചു.
വേണ്ട നമുക്ക് മരിക്കേണ്ട.എനിക്ക് ജീവിക്കണം.സന്തോഷത്തോടെ അല്പ കാലമെങ്കിലും ജീവിക്കണം.

വിതുമ്പി കരയുന്ന അവളെ നിസ്സഹായനായി നോക്കി.
നമ്മുടെ കുഞ്ഞിനുവേണ്ടി എങ്കിലും നമുക്ക് ജീവിക്കാം.
ഒന്നു ഞെട്ടി. അതിശയത്തോടെ അവളെ നോക്കി. അപ്പോള്‍ അവള്‍ അതെ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. വീണ്ടും തന്റെ മുഖം അവള്‍ സ്വന്തം വയറിലേക്ക് ചേര്‍ത്തമര്‍ത്തി.
എനിക്ക് സംശയമായിരുന്നു. ഇന്നാണ് ഉറപ്പിച്ചത്.
കരച്ചിലിനിടയില്‍ അവള്‍ പറഞ്ഞു.
കണ്ണുകളില്‍ ഇരുട്ട് കയറി. കണക്കു കൂട്ടലുകള്‍ പിഴയ്ക്കുന്നു. എല്ലാം തകിടം മറിയുകയാണോ?
നമുക്ക് പോകാം.എല്ലാം കളഞ്ഞു എങ്ങോട്ടെങ്കിലും….. ദുരേക്ക്….എവിടെയെങ്കിലും പോയി നമുക്ക് ജീവിക്കാം……. എങ്ങനെയെങ്കിലും ജീവിക്കാം.
അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു.*

Author

Scroll to top
Close
Browse Categories