ഗോരോചനം
അവളുടെ ഇടങ്കണ്ണിലൂടെ പൊടുന്നനെ പുറത്തേക്ക് ചാടിയ ഒരു തുള്ളി നോട്ടത്തെ ചേര്‍ന്നടഞ്ഞ വാതിലുകള്‍ നിഷ്‌കരുണം രണ്ടായി മുറിച്ചു. പടിപ്പുരപ്പുറത്തേയ്ക്ക് തെറിച്ചു വീണ ഒരുപാതി നോട്ടത്തെ കോരിയെടുക്കാന്‍ കണ്ണുകള്‍ വൃഥാ ശ്രമിച്ചുവെങ്കിലും, മുറിഞ്ഞ നോട്ടം പ്രാണവേദനയാല്‍ കരളില്‍ കൊരുത്തുനിന്നു.
എത്രയെത്ര കരളുകളാണ്, കുരിശ്ശിലേറ്റിയ പോലെ, ഇരുമ്പ് കൊളുത്തുകളില്‍ തൂക്കപ്പെട്ട് തന്റെ കണ്മുന്നില്‍ ദിനവും തൂങ്ങിയാടുന്നത്. ഇറച്ചിയുടെ തൂക്കം തികഞ്ഞെന്നു കാണുമ്പോള്‍ പലരും പറയാറുണ്ട്.. ‘ലേശം കരള് കൂടി’.. എന്ന്. വിലനല്‍കി ഇന്നോളം ആരും കരള്‍ വാങ്ങിയിട്ടില്ല. വിലയ്ക്കു വാങ്ങുന്ന ഇറച്ചിയോടൊപ്പം സൗജന്യമായി ഒരല്‍പ്പം കരളുകൂടി കിട്ടണം എല്ലാപേര്‍ക്കും. ചേമ്പിലയില്‍ നുറുക്കിവെച്ച ഇറച്ചിയ്ക്ക് മീതെ അലുവപോലെ ഒരുതുണ്ട് കരള്‍ അറുത്തുവെയ്ക്കുമ്പോള്‍ ചെറുപുഞ്ചിരിയോടെ എല്ലാപേരും പറയാറുണ്ട്.. ‘ഇത്തിരിക്കരളുങ്കൂടി ചേരണം എറച്ചീരെ യഥാര്‍ത്ഥ രുചിയറിയാന്‍’. ഇറച്ചി വിറ്റു തീരുവോളവും കരള്‍ ബാക്കിവെയ്ക്കണം. ഓര്‍ത്തുകൊണ്ട് അഷറഫ് അറപ്പുരത്തറവാടിന്റെ തൊടിയിറങ്ങി വീട്ടിലേക്കു നടന്നു.
അറപ്പുരത്തറവാടിന്റെ ഉടമസ്ഥതയിലുള്ള ഓലമേഞ്ഞ ഒറ്റമുറിക്കടയിലാണ് വാപ്പ ഇറച്ചിക്കച്ചവടം തുടങ്ങിയത്. ഒറ്റമുറിക്കടയോടു ചേര്‍ന്നുള്ള സ്ഥലം അറപ്പുരക്കാരണവരുടെ സഹോദരീഭര്‍ത്താവ്, കാരണവരില്‍ നിന്നും കയ്യേറിയെടുത്തതാണ്. പൂവും, പൂജാസാധനങ്ങളും സെന്റുമൊക്കെ വില്‍ക്കുന്നൊരു കടയും അയാളവിടെ നടത്തുന്നുണ്ട്. അയാളുടെ മകന്‍ കൃഷ്ണജിത്ത് കുട്ടിക്കാലം മുതല്‍ക്കേ ഒരസുരവിത്താണ്.
വാപ്പ കടവാടകയിനത്തില്‍ ദിനവും കൊടുക്കുന്ന ‘പകിടി’ അല്ലാതെ മറ്റൊരു വരുമാനവും അറപ്പുരക്കാരണവര്‍ക്കില്ല. പേരുകേട്ട തറവാടിന്റെ പേരൊഴികെ മറ്റൊന്നും ഇന്ന് ശേഷിക്കുന്നില്ല എന്നുതന്നെ പറയാം. ദാരിദ്ര്യ വള്ളികളാല്‍ തറവാട് മൂടപ്പെട്ടപ്പോള്‍ തറവാട്ടമ്മ അമ്പലക്കുളത്തില്‍ അഭയംതേടി. തറവാട്ടിലെ ഏക ആണ്‍തരിയായ, അനന്തകൃഷ്ണന്റെ ശരീരത്തിനൊപ്പം വളരാന്‍ മനസ്സ് തയ്യാറായില്ല. അനന്തകൃഷ്ണനിപ്പോള്‍ ഒരനാഥലയത്തിലെ അന്തേവാസിയാണ്. അനന്തകൃഷ്ണന്റെ ഇളയതാണ് കൃഷ്ണവേണി. തന്നേക്കാള്‍ രണ്ടുവയസ്സിന് ഇളപ്പമുണ്ടെങ്കിലും അഞ്ചിലും, ഏഴിലും രണ്ടുകൊല്ലം വീതം പഠിക്കേണ്ടി വന്നതിനാല്‍ എട്ടിലെത്തിയപ്പോള്‍ താനും, കൃഷ്ണവേണിയും സഹപാഠികളായി.
എല്ലാദിവസവും രാത്രിയില്‍ കടപൂട്ടി താക്കോലും, പകിടിയും അറപ്പുരത്തറവാട്ടില്‍ ഏല്‍പ്പിച്ച ശേഷമാവും വാപ്പ വീട്ടിലേക്ക് എത്തുക. വെളുപ്പിന് തറവാട്ടിലെത്തി താക്കോല്‍ വാങ്ങി കടയിലേക്ക് പോകും.
‘താക്കോല്‍ കയ്യിcത്തന്നെ വെച്ചിരുന്നാല്‍ പോരേ മമ്മതേ..’ എന്ന് അറപ്പുരക്കാരണവര്‍ വാപ്പയോട് പലകുറി ചോദിക്കുന്നത് താന്‍ കേട്ടിട്ടുണ്ട്. ‘ഇവിടുന്ന് താക്കോലും വങ്ങിപ്പോണത് ഒരു ബര്‍ക്കത്താ’ എന്നാവും വാപ്പയുടെ മറുപടി.
എട്ടിലെപഠിത്തം കഴിഞ്ഞ് സ്‌കൂളടച്ചപ്പോളാണ് കച്ചോടത്തിന് വാപ്പ തന്നെയും ഒപ്പം കൂട്ടിയത്. ചെണ്ടപോലുള്ള പുളിമരത്തടിമേല്‍ അളവുതെറ്റാതെ നുറുങ്ങുന്ന, തുടിപ്പുമാറാത്ത ഇറച്ചിയിലേക്ക് നോവോടെ, നോക്കിനിന്നപ്പോഴാണ് വാപ്പച്ചി ആദ്യമായി പറഞ്ഞത് ‘അശറപ്പേ നോക്കി നിയ്ക്കാതെ പിയ്യാത്തിയെടുത്ത് ആ കരളീന്ന് ഒരുതുണ്ട് അറത്തെട..ഡാ..’ എന്ന്. അന്നാണ് മുറിവേല്‍ക്കാത്ത, തുടിക്കുന്ന ഒരു കരളില്‍ ആദ്യമായി തൊടുന്നത്. ഇടതുകൈയ്യിലൂടെ കരളിന്റെ ചൂട് ഇരച്ചുകയറിയപ്പോള്‍, മരവിപ്പിക്കുന്നൊരു തണുപ്പ് വലം കയ്യില്‍ വട്ടം പിടിച്ചു. ‘വായ് നോക്കി നിക്കാതെ അറത്തെട..ഡാ.. അറപ്പ് മാറട്ട്..’ വാപ്പായുടെ പരുപരുത്ത ഒച്ച കാതുകളില്‍ വന്നലച്ചു. പിന്നെ അമാന്തിച്ചില്ല. കരളിന്റെ ഒരു ഭാഗം അറത്തെടുത്തു. കരളുകീറാന്‍ അധികം ആയാസമൊന്നും വേണ്ടെന്ന പാഠം അന്നാണ് ആദ്യം പഠിച്ചത്. ‘കരളറുക്കുമ്പം കൈ വെറക്കല്ലടാ.. നൂലുപിടിച്ചപോലിരിക്കണം അറത്തെടുക്കുമ്പം. അല്ലെങ്കി കരള് പിരുന്നുപോകും.. കാണാനും ചന്തം കാണൂല്ല..’ ഇറച്ചിവെട്ടിന്റെ ബാലപാഠങ്ങള്‍ ഓരോന്നായി വാപ്പ പറഞ്ഞു തന്നു.
പേറോടെ വീണുകാലൊടിഞ്ഞ് എണീക്കാന്‍ വയ്യാതെ കിടന്ന, എല്ലുംതോലുമായ ഒരു പയ്യിനെ വിലയൊതുക്കി വാങ്ങാന്‍ വാപ്പ പോയപ്പോള്‍ താനും ഒപ്പമുണ്ടായിരുന്നു. നടത്തിക്കൊണ്ടുവരാന്‍ കഴിയാത്തതിനാല്‍ പയ്യിനെ അവിടെവെച്ചു തന്നെ കശാപ്പ് ചെയ്ത് കടയിലെത്തിക്കാന്‍ തീരുമാനിച്ചു. ‘സായിപ്പേ.. വല്ലോങ്കൂടി തന്നിട്ട് ഈ എളങ്കുട്ട്യേങ്കൂടി നിങ്ങള് കൊണ്ടോയ്‌ക്കൊള്ളീം.. തള്ള വീണതോണ്ട് പാലൊന്നും കിട്ടാതെ അതും ചാവാറായി നിക്കേണ്..’ ഉടമയുടെ ആവശ്യം വാപ്പച്ചി അംഗീകരിച്ചു.
ഒരു ചെല്ലിക്കയറില്‍ കെട്ടി പശുക്കിടാവിനേയും കൊണ്ട് മടങ്ങുമ്പോള്‍ വാപ്പച്ചി പറഞ്ഞു.. ‘ഈനെ ഞമ്മക്ക് അറപ്പെരേലെ പിള്ളയ്ക്ക് കൊടുക്കാം.. ഓള് വളത്തട്ട്..’ കഴുത്തില്‍ മണികിലുക്കവും, മണിക്കുട്ടിയെന്ന പേരുമായി കൃഷ്ണവേണിക്കൊപ്പം ആ കിടാവും വളര്‍ന്നു.
‘എനിക്കൊരിക്കെ ഗോരോചനം കിട്ടും. അതുവരെ ഞാന്‍ മാടറുപ്പ് തൊടരും.. ഗോരോചനം വിറ്റ്കിട്ടണ കാശ്‌കൊണ്ട് വേണിക്കൊച്ചിനൊരു പൊന്നുമാല വാങ്ങിക്കൊടുക്കും. പിന്നെ കട അശറപ്പിനെ ഏപ്പിക്കും..’ അറപ്പുരത്തിണ്ണയില്‍ കാരണവരോടൊപ്പമിരിക്കുമ്പോള്‍ പലപ്പോഴും വാപ്പച്ചി പറയാറുണ്ട്. ഒരുപക്ഷേ മയ്യത്താകുവോളവും വാപ്പച്ചി മാടിനെ അറുത്തതും അതിനുവേണ്ടിത്തന്നെയാവണം. ഗോരോചനവും, പൊന്നുമാലയും സ്വപ്‌നങ്ങള്‍ മാത്രമാക്കി വാപ്പ പടിയിറങ്ങി.
വാപ്പയുടെ മരണശേഷം കടയുടെ ചുമതല പൂര്‍ണ്ണമായും താനേറ്റെടുത്തു. കൃഷ്ണവേണി പിന്നെയും രണ്ടുകൊല്ലം കൂടി സ്‌കൂളില്‍പോയി. കാരണവരുടെ അനന്തിരവന്‍ കൃഷ്ണജിത്താണ് ഇപ്പോള്‍ പൂക്കടയും, സെന്റ്കടയും നടത്തുന്നത്. വാപ്പ തുടങ്ങിവെച്ച ശീലം താനും തുടര്‍ന്നുപോകുന്നു. കടപൂട്ടി താക്കോലും, പകിടിയും എന്നും അറപ്പുരയിലേല്‍പ്പിക്കും. വെളുപ്പിനുപോയി തിരികെ വാങ്ങും. അറപ്പുരത്തൊടിയിറങ്ങിയാണ് വീട്ടിലേക്കുള്ള വഴി. ആ തൊടി തന്നെയാണ് അറപ്പുരവീട്ടിന്റെ കൃഷിസ്ഥലവും, കക്കൂസുമൊക്കെ.
വെളുപ്പിനെ താക്കോല്‍ വാങ്ങാന്‍ തൊടികേറി അറപ്പുരയിലോട്ടു പോകുന്നേരം ചിലപ്പോളൊക്കെ തൊടിയിലെ ആഞ്ഞിലിമരച്ചുവട്ടില്‍ നിന്നും ഒരശരീരി കേല്‍ക്കാറുണ്ട്.. ‘അശറപ്പേ.. ഞാന്‍ വെളിക്കിരിക്ക്യാ.. താക്കോല് വേണിമോളോട് വാങ്ങിക്കൊളൂ..’എന്ന്.
‘ഇത്രേം ചവിട്ടിച്ചിട്ടും മണിക്കുട്ടിയ്ക്ക് ചെനപിടിക്കണില്ലല്ലാ അശറപ്പേ.. അവളിനി മച്ചി വല്ലോം ആയിരിക്ക്വോ..?’ കാര്‍ന്നോരുടെ ഇപ്പോഴുള്ള പരാതി ഇതുമാത്രമാണ്.
കാസരോഗം കലശലായപ്പോള്‍ കാര്‍ന്നോര് സര്‍ക്കാരാശുപത്രിയില്‍ പോയി. ബീഡിപ്പുകയുറഞ്ഞ് ചങ്കിലോട്ടുള്ള രക്തയോട്ടം കുറയുന്നതാണ് രോഗകാരണമെന്ന് ഡോക്ടര്‍ പറഞ്ഞത്രേ. ഓപ്രേഷന്‍ വേണമ്പോലും.
താക്കോലേല്‍പ്പിക്കാന്‍ പടിപ്പുരയില്‍ നിന്നും വിളിച്ചപ്പോള്‍ കൃഷ്ണവേണിയാണ് ഇറങ്ങിവന്നത്.
‘അഷറഫിനെ അച്ഛനൊന്നു കാണണമെന്നുപറഞ്ഞു. കേറിവാ..’
‘എന്നെ അശറഫ് എന്ന് വിളിക്കണത് വേണിക്കൊച്ച് മാത്രാ.. ബാക്കിയെല്ലോര്‍ക്കും ഞാന്‍ അസറപ്പല്ലേ..’ ചിരിയോടെ പറഞ്ഞുകൊണ്ട് വീടിന്റെ ഉമ്മറത്തെത്തി.
‘അശറപ്പേ… ന്റെ കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കോല്ലാ.. ചങ്കില് പൊക ഒറഞ്ഞുപൊയെന്ന്.. ആപേഷന്‍ വേണോന്നാണ് പറേണത്.. ന്റേലാണെങ്കില് ചില്ലിക്കായെടുക്കാന്‍ നിവര്‍ത്തിയില്ല. ഈ പെണ്ണിനെ ആരേങ്കിലും കൈയ്യില് പിടിച്ചേല്‍പ്പിക്കാതെ ചാവാനും പറ്റൂല്ല.. മണിക്കുട്ടിക്ക് ചെനപിടിക്കണ കോളൊന്നും കാണണതുമില്ല.. വേറെ വഴിയില്ലാത്തോണ്ടാണ് അശറപ്പേ.. നീയവളെ എറച്ചി വെലയ്ക്ക് എടുത്തോണ്ട് എനിക്കിത്തുപ്പൂലം പൈസ തരണം. ആശൂത്രീപ്പോവാന്‍ ഞാന്‍ നിരൂവിച്ചിട്ട് വേറേ ഒരു വഴീം തെളിയണില്ല. എറച്ചി വിറ്റ് കിട്ടണതീന്ന് നിന്റെ വേലക്കൂലീം പോയിറ്റൊള്ളത് നീകൊണ്ട് തന്നാ മതി.. വെറെ ഒരുപായോം ഇല്ലാത്തോണ്ടാണ് അശറപ്പേ.. നീയെന്തര് പറയണ്…?’
‘ഞാനെടുത്തോളാം.. വെളുപ്പിനെ അഴിച്ചോണ്ട് പൂവ്വാം.. നാളെ വയ്യൂട്ട് പൈസ തരാം..’
‘പിന്നൊരുകാര്യം.. അവളെ അറക്കുമ്പം കരള് നീയാര്‍ക്കും പങ്കിട്ട് കൊടുക്കല്ല്.. അത് കുഴിച്ച് മൂടിക്കളയണം.. വേറൊന്നും കൊണ്ടല്ല.. മണിക്കൂട്ടീടെ കരള് നെറയെ വേണിമോളായിരിക്കും…’ വിതുമ്പുന്ന വൃദ്ധനോട് എന്തുപറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഇറങ്ങി നടന്നു.. പടിപ്പുരയടയ്ക്കാന്‍ വേണി വരുന്നുണ്ടോയെന്നുപോലും തിരിഞ്ഞു നോക്കാതെ.
അടുത്ത ദിവസം വെളുപ്പിനെ, താക്കോലും വാങ്ങി നേരെ തൊഴുത്തിലേക്ക് പോയി. കൃഷ്ണവേണി, മണിക്കുട്ടിയുടെ നെറ്റിയില്‍ ഒരുമ്മ കൊടുത്തു. പിന്നെ അകത്തേക്ക് കയറിപ്പോയി. പയ്യിനെ അഴിച്ച് ഞാനും തൊടിയിറങ്ങി. അമ്മോ.. അമ്മോ.. എന്നുള്ള മണിക്കുട്ടിയുടെ നിലവിളി കേട്ടിട്ടാവണം കിഴക്കൊരു വെട്ടം തെളിഞ്ഞു വന്നത്.
രാത്രിയില്‍ പതിവുപോലെ കടയടച്ച്, അറവുകത്തി പിന്നില്‍ തിരുകി അറപ്പുരവീട് ലക്ഷ്യമാക്കി നടന്നു. ഉമ്മറക്കോലായിലെ ചാരുകസേരയില്‍ ചുമയോട് മല്ലടിച്ച് കാര്‍ന്നോര്‍ കിടക്കുന്നു. കണ്ടപാടേ കാര്‍ന്നോര്‍ ചോദിച്ചു.. ‘അറത്തപ്പം അവള് കരഞ്ഞാ അസറപ്പേ.. കരള് നീയാര്‍ക്കും പങ്കിട്ട് കൊടുത്തില്ലല്ലാ..’
രണ്ട് ചോദ്യങ്ങള്‍ക്കും കൂടി ‘ഇല്ല..’ എന്ന ഒറ്റമറുപടി നല്‍കി. അരയിലെ ബെല്‍റ്റിന്റെ പോക്കറ്റില്‍ നിന്നും ചോരമണക്കുന്ന കുറച്ച് മുഷിഞ്ഞ നോട്ടുകള്‍ പുറത്തെടുത്ത് താക്കോലിനൊപ്പം കൈവരിമേല്‍ വെച്ച് തിരിഞ്ഞു നടന്നു. പടിപ്പുരയെത്തവേ പിന്നില്‍ നിന്നും ഇങ്ങനെ കേട്ടു.
‘വെള്ളം കൊടുത്തിട്ടാണോ… അഷറഫേ..’
തിരിഞ്ഞുനോക്കാതെ ‘ഉം…’ എന്നുമൂളി, പടിപ്പുരകടന്ന് തൊടിയിറങ്ങി വീട്ടിലേക്ക് നടന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും കാര്‍ന്നോരുടെ ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്കുമായില്ല. ഓപ്പറേഷനുവേണ്ടി മയക്കിയതായിരുന്നു.. കാര്‍ന്നോര്‍ പിന്നെ ഉണര്‍ന്നതേയില്ല.
സഞ്ചയനം വരെ ഏഴുനാള്‍ കട തുറന്നില്ല. സഞ്ചയനപ്പിറ്റേന്ന് കടതുറക്കാന്‍ തീരുമാനിച്ചു. താക്കോലുവാങ്ങാന്‍ തൊടികയറിപ്പോകവേ ആഞ്ഞിലിമരച്ചുവട്ടില്‍ ഒരു നിഴലനക്കം കണ്ടതുപോലെ. ഒരു നീലവിളി പൊടുന്നനെ കാതുകളില്‍ തുളച്ചുകയറി. ഒറ്റക്കുതിപ്പിന് ആഞ്ഞിലിമരച്ചുവട്ടിലേക്ക് പായവേ.. ഒരു നിഴല്‍ തനിക്കുനേരെ പാഞ്ഞടുക്കുന്നത് കണ്ടു. കുറുക്കോടുചേര്‍ന്ന് അമര്‍ന്നിരുന്ന അറവുകത്തി നിമിഷമാത്രയില്‍ വായുകീറിപ്പാഞ്ഞു. വായുവില്‍ കലര്‍ന്ന സെന്റിന്റെ മണം തനിക്കു പരിചിതമായി തോന്നി.
താക്കോലേല്‍പ്പിക്കുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ കൃഷ്ണവേണി ഇങ്ങനെ പറഞ്ഞു.
‘അഷ്‌റഫ്.. താക്കോല്‍ ഇനി മുതല്‍ ഇവിടെ ഏല്‍പ്പിക്കണ്ട.. ഇവിടെ അതിനി സുരക്ഷിതമായിരിക്കില്ല.. അതെന്നല്ല… ഒന്നും..’
മറുപടി പറയാന്‍ നിന്നില്ല. താക്കോല്‍ വാങ്ങി, തൊടിയിറങ്ങി കടയിലേക്കുപോയി.
ഇറച്ചിവാങ്ങാന്‍ വന്ന ആരോ പറയുന്ന കേട്ടു.. പൂമാലയറുക്കുംനേരം കത്തി തെന്നി കൃഷ്ണജിത്തിന്റെ വിരലൊന്ന് അറ്റുപോയെന്ന്.
രാത്രിയില്‍ കടപൂട്ടി വീട്ടിലേക്കു നടന്നു. അറപ്പുരത്തൊടിയെത്തിയപ്പോള്‍ കാലുകള്‍ ഒരു നിമിഷം നിശ്ചലമായി. ജീവിതത്തിലാദ്യമായിട്ടാണ് താക്കോലുമായി വീട്ടിലേക്ക്.. കാലുകള്‍ യാന്ത്രികമായി തൊടികയറി, പടിപ്പുര ലക്ഷ്യമാക്കി നീങ്ങി.
പടിപ്പുരപ്പുറത്തുനിന്നും അഷറഫ് ഉറക്കെ വിളിച്ചു. ‘കാര്‍ന്നോരേ…’
വാതില്‍പ്പാളികള്‍ ഒച്ചയുയര്‍ത്തിക്കൊണ്ട് മെല്ലെ തുറന്നു. അഷറഫ് മുന്നോട്ടു നീട്ടിയ കൈക്കുള്ളില്‍ താക്കോല്‍ ഉണ്ടായിരുന്നില്ല. ശൂന്യമായ അഷറഫിന്റെ കൈവെള്ളയിലേക്ക് കൃഷ്ണവേണി തന്റെ ജീവിതത്താക്കോല്‍ ചേര്‍ത്തുവെയ്ക്കുമ്പോള്‍ ഗര്‍ഭാലസ്യങ്ങളോടെ, മണിക്കുട്ടി അഷറഫിന്റെ തൊഴുത്തില്‍ മണികിലുക്കി നില്‍ക്കുന്നുണ്ടായിരുന്നു.
95670 97833