കുതിരക്കെണി

നരേൻ അവളുടെ സുഹൃത്തായിട്ട് അധിക നാളായിട്ടില്ല. രണ്ടു പെൺ മക്കളിൽ ഇളയവൾ കൂടി വിവാഹിതയായതോടെ കനത്ത ഏകാന്തത അവളെ പിടിമുറുക്കിക്കഴിഞ്ഞിരുന്നു. സർക്കാർ സർവ്വീസിലായിരുന്നെങ്കിൽ അവളുടെ ഭർത്താവ് ഇതിനോടകം പെൻഷൻ പറ്റിക്കഴിയാനുള്ള കാലമായി. നഗരത്തിലെ അവളുടെ പേരുള്ള തുണിക്കച്ചവടസ്ഥാപനത്തിന്റെ ഉടമസ്ഥനായതിനാൽ കൂടുതൽ തിരക്കും ഏറിയ ഉത്തരവാദിത്വവുമായി അയാൾ അതിരാവിലെ വീട് വിട്ട് പോവുകയും ടാലിയാവാത്ത കണക്കുകളുമായി രാത്രി ഏറെ വൈകി മാത്രം തിരികെ അണയുകയും ചെയ്തു. രണ്ടു പേർക്കിടയിൽ ടി.വി. മാത്രം സംസാരിച്ചു.

വിരസമായ ദിനങ്ങൾ അവളെ ഞെക്കിക്കൊല്ലുമെന്നായപ്പോൾ അവളൊരു പൂന്തോട്ടമുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചു. പക്ഷേ , ചെടികൾക്ക് അവരുടെതായ വ്യക്തിത്വമുണ്ടെന്നും. അവരാഗ്രഹിക്കുന്ന കരപരിചരണങ്ങളിലേ അവ പൂക്കുകയും തളിർക്കുകയും ചെയ്യൂ എന്നവൾ അറിഞ്ഞു. ചെടികൾക്ക് മനസ്സ് മാത്രമല്ല ഹൃദയവും ആത്മാവുമുണ്ടെന്ന് കൃഷി ഗവേഷകൻ അവളോട് പറഞ്ഞു. മണ്ണ് മാത്രമല്ല, നിൽക്കുന്ന ഇടവും പ്രധാനമാണ്. അതിന്റെ ഭാഷയിൽ അതിനോട് മിണ്ടണം. ചെടിയിലെ മുരടിപ്പ് ശ്രദ്ധയിൽ പെട്ടപ്പോൾ അവളാകെ വിഷമിച്ചു. തന്റെ കൈകളിൽ ചെടികൾക്ക് വിശ്വാസം പോര . വൈകാതെ ഉദ്യാന മോഹം ഉപക്ഷിക്കേണ്ടി വന്നു.

പക്ഷി വളർത്തലിലേക്ക് അവളുടെ ശ്രദ്ധ തിരിച്ചത് ബാഗ്ലൂരുള്ള ഇളയമകളുടെ ഫ്ലാറ്റിനടുത്ത താമസക്കാരിയുടെ പക്ഷിക്കമ്പമാണ്. പക്ഷികളെ കാണാൻ മാത്രം അവരവിടെ പോകാറുണ്ടെന്നും ” അമ്മയ്ക്ക് പരീക്ഷിക്കരുതോ എന്ന മകളുടെ ചോദ്യവുമാണ്. അവളെ അങ്ങനൊരു പരീക്ഷണത്തിലേക്ക് തള്ളിവിട്ടത്.

പക്ഷികളെത്തിയപ്പോൾ അവളാകെ അമ്പരന്നു. സമയം തെറ്റാതെ തിന വിതറിയും കുടിക്കാനുളള വെള്ളം ചെറു പാത്രത്തിലെടുത്തു വച്ചും മുട്ടയിടാനായവർക്ക് പ്രത്യേക സ്ഥലമൊരുക്കിയും കഴിഞ്ഞപ്പോൾ ഇനിയെന്ത് വേണമെന്നവൾ വേവലാതിപ്പെട്ടു. ഭാഷ മറന്നവളെപ്പോലെ അവൾ പക്ഷികൾക്കിടയിൽ നടന്നു.

കടയിൽ പുതിയ ഇനങ്ങൾ എത്തിയാൽ കടക്കാരൻ അവളെ ഫോൺ ചെയ്തറിയിച്ചു. അങ്ങനെ പുതിയൊരെണ്ണത്തിനെ തിരഞ്ഞെത്തിയ ഒരു വൈകുന്നേരമാണ് നരേനെ ആദ്യമായി കാണുന്നത്. അയാൾക്ക് പക്ഷികളുടെ ഭാഷ അറിയാമെന്ന് കടക്കാരൻ പറഞ്ഞു. ലക്ഷദ്വീപുകാരനാണ്. ഒരാഴ്ചയേ ആയുള്ളു ജോലിക്കെത്തിയിട്ട്.

അവർ മൗനമായി പക്ഷിക്കൂടുകൾക്കിടയിലൂടെ സഞ്ചരിച്ചു. ആ കർഷകമായ അയാളുടെ കണ്ണുകൾ അവളെ സന്തോഷിപ്പിച്ചു.

മാഡം എന്നാണ് അയാൾ അവളെ വിളിച്ചിരുന്നത്. കൂടുതൽ സൗഹൃദപ്പെട്ടപ്പോൾ പേര് വിളിച്ചാൽ മതിയെന്ന് അവൾ ശഠിച്ചു..

അയാൾ പ്രീയ എന്ന അവളുടെ പേരും മാഡവും ചേർത്ത് വിളിച്ചു. നരേൻവിവാഹിതനായിട്ട് കുറച്ചു മാസം മാത്രമേ ആയുള്ളു. ദീർഘകാലപ്രണയത്തിനൊടുവിലായിരുന്നു അവരുടെ വിവാഹം. അവൾ ഊമയാണെന്നും അവൾക്ക് പക്ഷികളുടെ ഭാഷ അറിയാമെന്നും അവളിൽ നിന്നാണ് താനിത് പഠിച്ചതെന്നും അവൾ അഞ്ചുമാസം ഗർഭിണിയാണെന്നും അയാളിൽ നിന്നും അവൾ കൗതുക പൂർവ്വം കേട്ടു.

താനറിയാത്ത മനുഷ്യ ഭാഷയറിയാത്ത പക്ഷികളോട് മിണ്ടുന്ന അവളെക്കാണാൻ അവൾക്ക് അതിയായ മോഹമുണ്ടായി.

നരേനൊപ്പം കഴിയുന്ന ഓരോ നിമിഷവും അവൾ ക്ക് ജീവനുള്ളതായി.. ജോലി കഴിഞ്ഞുള്ള സായാഹ്നങ്ങൾ അയാൾ അവളുടെ പക്ഷികളുടെ ഭവനത്തിൽ നിത്യ സന്ദർശകനായി. അതുവരെയില്ലാത്ത ഒരു ലോകം അവിടെ പെട്ടെന്നുണ്ടായതായി അവൾക്ക് തോന്നി.

നാടിനെക്കുറിച്ച് നരേൻ വാചാലനായി. പക്ഷിസങ്കേതങ്ങൾ മാത്രമല്ല, കുതിരക്കണി എന്നവിനോദ സഞ്ചാര കേന്ദ്രത്തെ കുറിച്ചും അയാൾ വാചാലനായി. പാക്കേജുണ്ട് കണ്ട് മടങ്ങാമെന്ന് അയാൾ മോഹിപ്പിച്ചു. കടയിൽ ഒരാഴ്ചത്തെ അവധിയിൽ കൊച്ചിയിൽ നിന്നും ഭർത്താവ് അവരെ കപ്പലിൽ യാത്രയാക്കി.
നാട്ടു കാണിക്കാൻ കൊണ്ടുവന്ന യജമാനത്തിയെ നരേന്റെ ഭാര്യ സന്തോഷത്തോടെ സ്വീകരിച്ചു.
നരേൻ അവളുടെ ഉന്തിയ വയറിൽ “
മുത്തേ ” എന്ന ഒച്ചയിൽ ഉമ്മ വെച്ചു. അവളുടെ മുഖം സ്നേഹത്താൽ തുടുക്കുന്ന തവൾ കണ്ടു നിന്നു.

സങ്കല്പത്തെക്കാൾ മനോഹരമായ യാഥാർത്ഥ്യത്തിൽ അലിഞ്ഞ് ഒരു സോപ്പ് കുമിളയോളം അവൾ വികസിച്ചു. വാക്കിലല്ലാതെയും ഭാഷയുണ്ട്. അവൾ കണ്ടെത്തി. കാഴ്ച കാണാനുള്ള കൗതുകത്തിൽ അവൾ നരേനോടൊപ്പം നടന്നു. നരേന്റെ ഭാര്യ പാചകത്തിലും വിദഗ്ദ്ധയാണെന്ന് ബോധ്യപ്പെട്ടിരുന്നു.

രണ്ടു പേർക്കുള്ള ടിക്കറ്റെടുത്ത് അവർ അകത്ത് കടന്നു. ഒരു വെളുത്ത വലിയ കുതിര വാലിട്ടു കണ്ണെഴുതിയ പോലെ കറുത്തു നീണ്ട കണ്ണുകൾ.മിനുത്ത രോമങ്ങൾ നിറഞ്ഞ വലിയ വാൽ. പെണ്ണാണ് എന്ന് നരേൻ പറഞ്ഞു. സുന്ദരി;മനസിൽ കുറിച്ചു.കുതിരയിൽ ചാരിയെന്ന പോലെ മുളകൊണ്ടുള്ള ഏണിപ്പടികൾ ചെരിച്ചു കെട്ടിയത് ചവിട്ടിക്കയറി അവർ മുകളിലെത്തി.ഏറുമാടം പോലെ വരിഞ്ഞു കെട്ടിയ പടുതി. ചുറ്റും മുളയുടെ ഇലകൾ കൊണ്ടുള്ള അലങ്കാരങ്ങൾ .അതിന്റെ ഒരു കോണിൽ നിന്നും കടലും മറ്റൊരു കോണിൽ നിബിഡ വനവും ദൃശ്യപ്പെട്ടു. അവൾക്ക് കൗതുകം തോന്നി. അവൾ നരേന്റെ കയ്യിൽ മുറുകെ പിടിച്ചു.

ഈ നിമിഷങ്ങൾ സത്യമാണെന്ന് ബോധ്യപ്പെടാൻ. അവനെ ഒന്ന് ചുംബിക്കണമെന്ന് ആഗ്രഹം കനത്തു.

താഴേക്കുള്ള പടിയിൽ ” സൂക്ഷിച്ച് ” എന്ന് നരേൻ ശ്രദ്ധാലുവായി. കുതിരയുടെ മുൻഭാഗത്തേക്ക് അവൻ അവളുടെ ശ്രദ്ധ ക്ഷണിച്ചു..

കുതിരയുടെ കണ്ണിൽ നിന്നും കണ്ണുനീർ നിലക്കാത്ത ധാരയായി ഒഴുകുന്നു.
താഴെ വൃത്താകാരത്തിലുള്ള ഓട്ടുപാത്രത്തിലാണ് കണ്ണുനീർ നിപതിക്കുന്നത്. പാത്രത്തിൽ നിന്നും ഒരു ടണൽ വഴി അധികം വലുതല്ലാത്ത ജലാശയം. അതിൽ നിന്നും കണ്ണീർമഴയായി നേർത്ത ജലധാര അത്ഭുത ദൃശ്യത്തിന് കാഴ്ചക്കാർ അനേകം.

നരേൻ അവളുടെ മുഖത്തേക്കുറ്റു നോക്കി. പെട്ടെന്ന് അവളുടെ മുഖം വിവർണമായി ആർദ്രഭാവം മാറി. അവളെ ചേർത്തുപിടിച്ച അയാളുടെ കൈ തട്ടി മാറ്റിക്കൊണ്ട് അവൾ കുതറിയോടി. ഓടുന്നതിനിടയിൽ ചിതറിത്തെറിച്ച ഇത്രയുംവാക്കുകൾ അയാൾക്ക് കേൾക്കാനായി. “വേണ്ടാ…

ലോകത്തിലെ സകല സൗന്ദര്യങ്ങളും കെട്ടിപ്പടുത്തത് പെണ്ണിന്റെ കണ്ണീരിലാണ്. ” തിരിഞ്ഞോടുന്ന അവൾക്കൊപ്പമെത്താൻ അയാൾ കിതച്ചു.

Author

Scroll to top
Close
Browse Categories