ആരോ ഒരാൾ

കുട്ടിമാളു മുത്തശ്ശിയുടെ സപ്തതി ആഘോഷത്തിനു തലേന്നാണ് അയാൾ തറവാട്ടിലേക്ക് കയറിവന്നത്.

ക്ഷീണിതനെങ്കിലും ദീപ്തമായ മുഖം, ഏറെ ആഴമുണ്ടെന്നു തോന്നിക്കുന്ന കണ്ണുകൾ.. . .

തഴച്ച താടിരോമങ്ങൾ…. കയ്യിൽ ഒരു ചെറിയ തുണി സഞ്ചി….
ഉമ്മറത്ത് പണിക്കാരൻ രാജുവിന് എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകി നിൽക്കുകയായിരുന്ന മുത്തശ്ശിയാണാദ്യം കണ്ടത്. പടിപ്പുര കടന്നുവരുന്നു, ഒരപരിചിതൻ. ആരെന്നറിയാനുള്ള ഉദ്വേഗത്തോടെ മുത്തശ്ശി സൂക്ഷിച്ചു നോക്കി. മുറ്റത്തേക്ക് കടന്നെത്തിയ അയാളോട് ഗൗരവത്തിൽ തന്നെ ചോദിച്ചു
‘ആരാ ?’
‘കുടിയ്ക്കാൻ കുറച്ച് വെള്ളം കിട്ടിയാൽ. . . .’

ആഗതൻ പരുങ്ങലോടെ പറഞ്ഞു. ക്ഷീണം നിഴലിക്കുന്ന അയാളുടെ മുഖത്ത് ഒന്നു തറപ്പിച്ചു നോക്കിയിട്ട് മുത്തശ്ശി അകത്തേക്ക് നോക്കി വിളിച്ചു.
‘മീന്വേ. കുറച്ച് വെളളമിങ്ങെടുത്തോ. കഞ്ഞിവെള്ളമായിക്കോട്ടെ ‘
ഒരു മൊന്തയിൽ വെള്ളവുമായി വേലക്കാരി മീനാക്ഷി കടന്നു വന്നു.
‘അങ്ങോട്ടു കൊടുക്ക്’ മുത്തശ്ശി കല്പിച്ചു. വെള്ളം വാങ്ങി ആർത്തിയോടെ കുടിയ്ക്കുന്ന അയാളുടെ കഴുത്തിലേക്ക് സൂര്യവെളിച്ചം വീഴുന്നതും കഴുത്തിലൂടെ ഇറങ്ങിപ്പോകുന്ന വെള്ളത്തിന്റെ ചലനം പുറമെ കാണുന്നതും കൗതുകത്തോടെ മീനാക്ഷി നോക്കി നിന്നു.
”രാവിലെ ഒന്നും കഴിച്ചിട്ടില്യാന്ന് തോന്ന്ണ്. കുറച്ച് ആഹാരം തരട്ടെ?”

അയാൾ വെള്ളം കുടിക്കുന്നതിന്റെ വേഗത കണ്ട് അലിവോടെ മുത്തശ്ശി ചോദിച്ചു. അത്താഴപട്ടിണിക്കാരുണ്ടോ എന്നു വിളിച്ചു ചോദിച്ചു മാത്രം പടിപ്പുര അടയ്ക്കുമായിരുന്ന, ദാനശീലത്തിനു പേരു കേട്ട തറവാടിന്റെ പാരമ്പര്യം മറക്കാൻ മുത്തശ്ശി ഇന്നും കൂട്ടാക്കിയിട്ടില്ല.
”ബുദ്ധിമുട്ടാവില്ലെങ്കിൽ. . .”

നന്ദി സ്ഫുരിക്കുന്ന നോട്ടത്തോടെ അയാൾ അർദ്ധോക്തിയിൽ നിർത്തി.

”പ്രാതലുണ്ടാക്കീതു ബാക്കീണ്ടേൽ ഇയാൾക്ക് കൊടുക്വ മീന്വേ.” മുത്തശ്ശി പറഞ്ഞു.

നീരസത്തോടെ അകത്തേക്കു പോകുന്നതിനിടെ മീനാക്ഷി പിറുപിറുത്തു
”വന്നു കേറിക്കാളും ഓരോന്ന്. ഒക്കേറ്റിനേം തീറ്റിപ്പോറ്റാനൊരു മുത്തശ്ശീം.”
തിണ്ണയിൽ കൊണ്ടു വച്ച ഇലയിൽ രാവിലത്തെ ദോശയും സാമ്പാറും വിളമ്പിയിട്ട് ആരോടെന്നില്ലാതെ മീനാക്ഷി പറഞ്ഞു
”ചായയൊക്കെ കഴിഞ്ഞു”
”സാരമില്ല” വിനീതഭാവത്തിൽ അയാൾ പറഞ്ഞു. അവളുടെ മുഖഭാവം ശ്രദ്ധിച്ച മുത്തശ്ശി ഒരു താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു
”മീന്വേ, നിന്നോടു ഞാൻ ഒരൂട്ടം പറഞ്ഞിട്ട്ണ്ട്. മനസ്സിലായല്ലോ?”

മുഖം കറുപ്പിച്ചു നിന്ന് ഭക്ഷണം വിളമ്പരുതെന്ന് മുത്തശ്ശി കർശനമായിപ്പറഞ്ഞിട്ടുണ്ട് അവളോട്. നിറഞ്ഞ മനസ്സോടെ വേണം ഭക്ഷണം നല്കാൻ. എങ്കിലേ അതിനു രുചീണ്ടാവൂ. തിന്നണോന്റെ വയറു മാത്രമല്ല മനസ്സും നിറയൂ.

ജാള്യതയോടെ അവൾ അകത്തേക്കു പോയി. കഴിച്ചു കഴിഞ്ഞ് ഇലയെടുത്തു കളഞ്ഞ് കൈകഴുകി അയാൾ മുറ്റത്തേക്കു വന്നു.

”വളരെ ഉപകാരം അമ്മേ. എന്തെങ്കിലും ജോലിയുണ്ടെങ്കിൽ ഞാൻ ചെയ്തിട്ടു പോകാം.” അയാൾ വിനയത്തോടെ പറഞ്ഞു.

”ഇവിടെ ഒക്കേറ്റിനും പണിക്കാരുണ്ട്. പോരെങ്കിൽ നാളെ ഇവിടൊരു വിശേഷോള്ളതു കൊണ്ട് വീടിനു ചുറ്റുപാടും ചെത്തി വൃത്തിയാക്കാൻ വേറേം ആളിനെ വിളിച്ചിട്ടുണ്ട്. അതോണ്ട് ജോലിയൊന്നും ചെയ്യണ്ട” ‘മുത്തശ്ശി പറഞ്ഞു.
മീനാക്ഷി പുറത്തേക്കു തലനീട്ടി

”പറമ്പ് ചെത്തി വൃത്തിയാക്കാൻ വിളിച്ചിട്ട് ആളു വന്നിട്ടില്ല മുത്തശ്ശി, രാജുവേട്ടൻ തന്നെയാണ് ചെത്തണത്. അതല്ലേ സദ്യയ്ക്കുള്ള തേങ്ങ പൊതിക്കാതെ മുറ്റത്തു തന്നെ ഇട്ടിരിക്കുന്നത്. ഇനിയെപ്പഴാണാവോ അതൊന്നു പൊതിക്കാൻ ജോലി തീർന്നിട്ട് രാജുവേട്ടന് സമയം കിട്ടുന്നത്?” ആ ജോലി ഇയാളെക്കൊണ്ടു ചെയ്യിക്കണം എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് അവൾ പറഞ്ഞത്.

”പറമ്പ് ചെത്തി വൃത്തിയാക്കാൻ വിളിച്ചിട്ട് ആളു വന്നിട്ടില്ല മുത്തശ്ശി, രാജുവേട്ടൻ തന്നെയാണ് ചെത്തണത്. അതല്ലേ സദ്യയ്ക്കുള്ള തേങ്ങ പൊതിക്കാതെ മുറ്റത്തു തന്നെ ഇട്ടിരിക്കുന്നത്. ഇനിയെപ്പഴാണാവോ അതൊന്നു പൊതിക്കാൻ ജോലി തീർന്നിട്ട് രാജുവേട്ടന് സമയം കിട്ടുന്നത്?” ആ ജോലി ഇയാളെക്കൊണ്ടു ചെയ്യിക്കണം എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് അവൾ പറഞ്ഞത്.
”ഞാൻ തേങ്ങ പൊതിക്കാം” അയാൾ തേങ്ങ പൊതിച്ചു തുടങ്ങി.
”ആവുന്നതു ചെയ്യുന്നതിൽ തെറ്റൊന്നൂല്യ” മീനാക്ഷി ആരോടെന്നില്ലാതെ പറഞ്ഞു. മുത്തശ്ശി അവളെ തറപ്പിച്ചൊന്നു നോക്കി
”മീന്വേ, നിന്റടുത്തു ഞാൻ പറഞ്ഞിട്ടുണ്ട് ആവശ്യല്ലാത്ത അഭിപ്രായ പ്രകടനം വേണ്ടാന്ന്. നാവിത്തിരി കൂടുന്നുണ്ട് പെണ്ണിന്.’ മുത്തശ്ശി ശാസിച്ചു. അവൾ വേഗം അകത്തേക്കു വലിഞ്ഞു.

”ഈ മുത്തശ്ശിക്ക് എല്ലാരേം സ്‌നേഹാണ്. അതൊക്കെ മൊതലെടുക്കാൻ കൊറേപ്പേര് വന്നോളേം ചെയ്യും”

നേരിട്ട് പ്രകടിപ്പിക്കാൻ പറ്റാതിരുന്ന പ്രതിഷേധം മീനാക്ഷി അകത്തിരുന്നു കറിക്കു നുറുക്കിക്കൊണ്ടിരുന്ന, മുത്തശ്ശിയുടെ മകൾ രാധികയോടു പറഞ്ഞു
”ആരാ മീനാക്ഷീ പുറത്ത്? ” രാധിക ചോദിച്ചു.
”ആരാ ഏതാന്നൊന്നും അറീല്ല ചേച്ചീ, ഒരു ചെറുപ്പക്കാരൻ. മുത്തശ്ശി അയാൾക്ക് ഭക്ഷണം കൊടുപ്പിച്ചു. ആ നന്ദിക്ക് അയാൾ ഇത്തിരി ജോലി ചെയ്തരാന്ന് ഇങ്ങോട്ടു പറഞ്ഞാൽ മുത്തശ്ശി സമ്മതിക്കണ്ടേ? അങ്ങനെ അങ്ങ് വിടണ്ടാന്ന് കരുതി ഞാനയാളെക്കൊണ്ട് തേങ്ങ പൊതിപ്പിക്കാൻ നോക്കി. മുത്തശ്ശിക്കതിഷ്ടായില്ല.”

”അമ്മ അങ്ങനെയാണ്. അയാളെ ഞാനൊന്നു കാണട്ടെ ” രാധിക ഉമ്മറത്തേക്കു നീങ്ങി. ഒപ്പം അനിയത്തി ദേവികയും.
”നിന്റെ പേരെന്താ?” മുത്തശ്ശി അയാളോടു ചോദിച്ചു
”മുത്തശ്ശിക്ക് ഇഷ്ടായൊരു പേരു വിളിച്ചോളൂ.” അയാൾ തേങ്ങ പൊതിച്ചു കൊണ്ടിരുന്ന പാരക്കുറ്റിയിൽ നിന്ന് മുഖമുയർത്തിപ്പറഞ്ഞു
”അതെന്താ നിനക്ക് പേരില്ലേ?”

”എനിക്കങ്ങനെ സ്ഥിരായൊരു പേരില്ല മുത്തശ്ശി. പിറന്നപ്പോഴേ അമ്മ മരിച്ചു, അച്ഛൻ അന്നേ നാടു വിട്ടു. ഒരു മുത്തശ്ശിയാണ് വളർത്തിയത്. മുത്തശ്ശി എന്നെ ചെറുക്കാ എന്നാണു വിളിച്ചിരുന്നത്. അപൂർവ്വമായി വല്ലാതെ സ്‌നേഹം തോന്നുമ്പോൾ മോനേ എന്നും. അങ്ങനെ ഞാൻ നാട്ടുകാർക്കു കൊച്ചു ചെറുക്കനായി. എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ മുത്തശ്ശി മരിച്ചു. ആരൂല്ലാന്നായപ്പോ ഞാൻ നാടുവിട്ടു. മുത്തശ്ശി ജീവിച്ചിരുന്നപ്പോൾ തന്നെ വീട്ടിൽ നിന്ന് ഇറക്കി വിടാൻ ശ്രമിച്ചോണ്ടിരുന്ന ആളെ പേടിച്ച്. പിന്നെ അലഞ്ഞു തിരിഞ്ഞായി ജീവിതം. പലേടത്തും പോയി പല ജോലിയും ചെയ്ത് ഇങ്ങനെ ജീവിക്കുന്നു. ഓരോ ഇടത്ത് ചെല്ലുമ്പോഴും ഓരോരുത്തർ അവർക്കു തോന്നുന്ന പേര് വിളിക്കും. ആരെന്തു വിളിച്ചാലും അതെന്നെയാണെന്നു തോന്നിയാൽ ഞാൻ വിളികേൾക്കും. മുത്തശ്ശിക്കും ഇഷ്ടായ പേരു വിളിക്കാം. ”

”അതുകൊള്ളാം, നല്ല തമാശ” കേട്ടു നിന്ന സഹോദരിമാർ തമ്മിൽതമ്മിൽ പറഞ്ഞു.
”ഒരു പേരു വേണോന്ന് നിങ്ങൾക്ക് ഒരിക്കലും തോന്നിയിട്ടില്ലേ?” രാധിക ചോദിച്ചു
”എന്നെപ്പോലൊരാൾക്ക് പേരെന്തിനാ മാഡം? അതു വിളിക്കാൻ സ്ഥിരമായി എനിക്കാരുമില്ലല്ലോ.പിന്നെ ഈശ്വരന് എത്രയോ പേരുണ്ട്. ഏതു പേരിൽ നമ്മൾ പ്രാർത്ഥിച്ചാലും ഈശ്വരൻ അതു കേൾക്കും, അനുഗ്രഹിക്കും. ശരിയല്ലേ? അതുപോലെ എന്നെ ഏതു പേരു വിളിച്ചാലും ഞാൻ അവർക്ക് വേണ്ടതു ചെയ്യും” അയാൾ ചിരിച്ചു.

നിരയൊത്ത വെളുത്ത പല്ലുകൾ അപ്പോൾ അയാളുടെ മുഖത്തിന്റെ നിഷ്‌കളങ്കത്വം ഒന്നു കൂടി വർദ്ധിപ്പിച്ചു.
”ന്നാലും വിളിക്കാനൊരു പേരു വേണ്ടേ? തങ്കപ്പൻ… ഞാനങ്ങനെയാ വിളിക്കാൻ ഭാവം”. മുത്തശ്ശി പറഞ്ഞു.

”ഓാ.. മുത്തശ്ശിയുടെ ഇഷ്ടം” തേങ്ങ പൊതിച്ചു കഴിഞ്ഞ് അയാൾ തോളിൽ കിടന്ന തോർത്തെടുത്ത് വിയർപ്പ് തുടച്ചു.
”ഇവിടെ മറ്റെന്തെങ്കിലും ജോലിയുണ്ടേലും ഞാൻ ചെയ്യാം ”

”നാളെ ഒത്തിരിപ്പേര് വരും ഇവിടെ. ഒത്തിരി ജോലിയുണ്ട്. ചുറ്റുപാടും വൃത്തിയാക്കാൻ രാജൂനെ ഒന്നു സഹായിക്കാമെങ്കിൽ ചെല്ല് . നിനക്കതിന്റെ കൂലി തരാം.”

”എനിക്ക് കൂലിയൊന്നും വേണ്ടമ്മേ. വിശന്നു വന്ന എനിക്ക് ആഹാരം തരാൻ അമ്മ കാണിച്ച സന്മനസ്സിന് ഇതെങ്കിലും ചെയ്തു തരാൻ കഴിഞ്ഞതിൽ സന്തോഷം” അയാൾ മൺവെട്ടിയെടുത്ത് പിന്നാമ്പുറത്തേക്ക് നടന്നു. ജോലി കഴിഞ്ഞെത്തിയപ്പോൾ മുത്തശ്ശി മകളോടു പറഞ്ഞു
”ദേവികേ, ഇയാൾക്ക് ഊണു കൊടുക്ക്. ചെയ്ത ജോലിക്ക് കൂലിയും കൊടുക്ക്. ഭക്ഷണത്തിന്റെ പേരിൽ അയാളെ ചൂഷണം ചെയ്യണ്ട”

നിർബന്ധപൂർവ്വം അയാൾക്കു കൂലിയും ഭക്ഷണവും കൊടുത്തുകഴിഞ്ഞ് മുത്തശ്ശി ചോദിച്ചു
”ഇനി എവ്‌ടേക്കാ പോകാൻ ഭാവം? ”
”ഒന്നും തീരുമാനിച്ചില്ല അമ്മേ.എവിടെങ്കിലും…..”
”ന്നാ നാളെ ഇങ്ങട് വാ. എന്റെ എഴുപതാം പിറന്നാളാണ്. ഇവിടന്ന് ആഹാരം കഴിക്കാം.” പണിക്കാരൻ രാജുവിന് ആ തീരുമാനം വളരെ ഹൃദ്യമായിത്തോന്നി. ചുണയുള്ള ചെറുപ്പക്കാരൻ. അവൻ കൂടിയുണ്ടെങ്കിൽ ജോലികൾ എളുപ്പം തീരും.
”ആവാം” അയാൾ നടന്നു. വൈകുന്നേരത്തെ തളർന്ന വെയിൽ അയാളെ പിൻതുടർന്നു. മുത്തശ്ശിയുടെ മിഴികളും..

”പാവം എവിടേക്കാണാവോ? ഇവിടത്തെ കളീലിൽ കെടന്നോളാൻ പറയാർന്നു.” മുത്തശ്ശി ആത്മഗതമെന്നോണം പറഞ്ഞു.
”പറയാഞ്ഞതു നന്നായി .ആരാ ഏതാന്നൊക്കെ അറിയാത്ത ഒരുത്തനെ പിടിച്ച് വീട്ടിൽ കിടത്തുന്നത് നന്നല്ല. അമ്മയ്‌ക്കെല്ലാവരെയും വിശ്വാസമാണ്”. ദേവിക തെല്ലു നീരസത്തോടെ തന്നെ പറഞ്ഞു.

അന്നുരാത്രി അയാൾ മറ്റെങ്ങും പോകാതെ കിടന്നത് മുത്തശ്ശിയുടെ മനസ്സിൽ തന്നെയായിരുന്നു. അനാഥനായ പാവം തങ്കപ്പൻ! ഉറങ്ങുവോളം മുത്തശ്ശിയുടെ മനസ്സിൽ ആ രൂപം നിറഞ്ഞു നിന്നു.

പിറ്റേന്ന് പുലർച്ചയ്ക്ക് തന്നെ അയാളെത്തി. ചിരപരിചിതനെപ്പോലെ ഓരോരോ ജോലികളിൽ ഏർപ്പെട്ടു. അതിഥികൾക്ക് സൗകര്യങ്ങളൊരുക്കാനും സദ്യ വിളമ്പാനും വൃത്തിയാക്കാനുമെല്ലാം അയാൾ മടികൂടാതെ സഹകരിച്ചു. ആളുകൾ പോയി തിരക്കൊഴിഞ്ഞപ്പോൾ മുത്തശ്ശി അയാളോടു ചോദിച്ചു
”ഇന്നലെ എവിടെയാ കിടന്നേ?”

”ആ പഴേ റോഡിനും പുതിയറോഡിനും ഇടയിൽ ഒരു കലുങ്കില്ലേ. അതിൽ കിടന്നു.” പഴയ റോഡിന്റെ വളവു നിവർത്തെടുത്തുകൊണ്ട് പുതിയറോഡു നിർമ്മിച്ചപ്പോൾ രണ്ടു റോഡുകൾക്കുമിടയിൽ രൂപം കൊണ്ട പുറമ്പോക്കിൽ ഇപ്പോഴുമുള്ള കലുങ്ക്. അതിനരികിൽ കുടനീർത്തി നിൽക്കുന്ന ഒരേഴിലംപാലമരം. തങ്കപ്പന്റെ രാത്രിമയക്കം ആ മരച്ചുവട്ടിലെ കലുങ്കിലായിരുന്നുവത്രെ. മുത്തശ്ശിക്ക് വല്ലാതെ അലിവ് തോന്നി.
”നെനക്ക് എങ്ങട്ടും പോകാനില്ലെങ്കിൽ ഇവിടെത്തന്നെ കൂടിക്കൊള്ള്വ തങ്കപ്പാ.രാജൂനൊരു സഹായാവും. ഇബടത്തെ കളീലിൽ കെടക്കാം നിനക്ക്.”
”അതു ശര്യാ” രാജു പിന്താങ്ങി.

”വല്യ ഉപകാരം മുത്തശ്ശീ. ന്നാലും ഞാനിവിടെ കിടക്കണില്ല. ആ കലുങ്കു മതി. ആകാശം കണ്ടു കിടക്കാലോ അതാ ശീലം.” വിനയത്തോടെ തങ്കപ്പൻ പറഞ്ഞു. അങ്ങനെ അയാൾ മുത്തശ്ശിയുടെ ആശ്രിതനായി. പുറമ്പോക്കിലെ കലുങ്കിനരികിൽ കഷ്ടിച്ച് ഒരാൾക്ക് കിടക്കാൻ പാകത്തിൽ ഓലയും ആവശ്യം കഴിഞ്ഞ് ആരൊക്കെയോ ഉപേക്ഷിച്ച ഫ്‌ളക്‌സ്‌ബോർഡുകളും കൊണ്ട് കുത്തിമറച്ച ഒരു കൂടാരമുയർന്നു. അപരിചിതൻ എന്നതുകൊണ്ടു തന്നെ മുത്തശ്ശിയൊഴികെയുള്ള കുടുംബാംഗങ്ങൾ അയാളെ അയാളറിയാതെ സൂക്ഷ്മമായി ശ്രദ്ധിച്ചിരുന്നു. എന്നാൽ സംശയിക്കത്തക്കതായി ഒന്നും തന്നെയുണ്ടായില്ല എന്നു മാത്രമല്ല, അയാളുടെ ഓരോ പ്രവൃത്തിയും അയാളോട് അവർക്ക് മമത തോന്നിക്കുന്ന രീതിയിലായിരുന്നു താനും. അനാവശ്യമായി സംസാരിക്കാത്ത, നല്ലപോലെ ജോലി ചെയ്യുന്ന, വിനയപൂർവ്വം ഇടപെടുന്ന അയാൾ വളരെപ്പെട്ടെന്ന് ഏവർക്കും സമ്മതനായി. പഴയകാലകഥകൾ അയവിറക്കാനിഷ്ടപ്പെടുന്ന മുത്തശ്ശിക്ക് അയാൾ നല്ലൊരു കേൾവിക്കാരനായി. ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് മുത്തശ്ശിയുടെ വാക്കുകൾ സശ്രദ്ധം കാതോർത്ത് അയാൾ തിണ്ണേലിരിക്കും. വെയിൽത്തിരകളുടെ കാഠിന്യം തെല്ലു കുറയുമ്പോൾ വീണ്ടും പണിക്കിറങ്ങും. തറവാട്ടു വക വസ്തുക്കളിൽ അയാളുടെ ശ്രദ്ധ കൂടി വന്നതോടെ വിളവുകൾ കൂടുകയും കളവുകൾ കുറയുകയും ചെയ്തു.

അടുക്കളയ്ക്കകത്ത് നിന്ന് രണ്ടു കണ്ണുകളുടെ തിളക്കം അയാളുടെ മേൽ ആരാധനയോടെ പതിയാനിടയാകുന്നത് അയാൾ ശ്രദ്ധിച്ചില്ലെങ്കിലും മുത്തശ്ശി ശ്രദ്ധിച്ചു. ആദ്യത്തെ പിറുപിറുക്കലുകൾ കെട്ടടങ്ങിയതും പിന്നീട് വാക്കുകളിൽ മമത തെളിഞ്ഞുതുടങ്ങിയതും അവരറിഞ്ഞു. അയാളുടെ ‘കാന്താരി’ എന്ന വിളിയോടുള്ള എതിർപ്പവസാനിച്ചതും ഓ എന്ന വിധേയത്വത്തോടെയുള്ള മറുപടിയുണ്ടാകുന്നതും അവർ ശ്രദ്ധിച്ചു.

കുടുംബാംഗങ്ങളോട് മുത്തശ്ശി അഭിപ്രായം ചോദിക്കാനിടയായാത് അതുകൊണ്ടാണ്. ഒരു മംഗല്യം മീനുവിന്. . . .
അടുക്കളവാതിലിനു പിന്നിൽ ഒരു പുഞ്ചിരിയുടെ പൂത്തിരി കത്തിയതാരും ശ്രദ്ധിച്ചില്ല
”ആരാ ഏതാന്നറിയാതെ…. . . . .”

ദേവിക സംശയം പറഞ്ഞു. കുട്ടിക്കാലം മുതൽ തറവാട്ടിൽ വളർന്നതാണ് മീനാക്ഷി. അവളെ ഒരാളുടെ ജീവിതത്തിലേക്കു കയറ്റി വിടുമ്പോൾ അവൾ തികച്ചും സുരക്ഷിതയാണെന്നുറപ്പു വരുത്തേണ്ടതുണ്ട്.
”ങൂം നോക്കാം.” ആലോചനയോടെ മുത്തശ്ശി പറഞ്ഞു. സംശയിക്കത്തക്കതൊന്നുമില്ലെന്നു തോന്നിയപ്പോൾ കുറെ ദിവസങ്ങൾ കൂടിക്കഴിഞ്ഞ് മുത്തശ്ശി മെല്ലെ അയാളോട് വിവാഹക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചു

തുടങ്ങിയപ്പോഴേ അയാൾ പറഞ്ഞു.
”വേണ്ട മുത്തശ്ശീ. ഒറ്റയ്ക്കാ സുഖം.” ഇതെന്തു മനുഷ്യൻ എന്നു മുത്തശ്ശി അതിശയിക്കുന്നതിനിടെ കൂത്താടി വന്ന പൈക്കുട്ടി പാലുകുടിക്കാതിരിക്കാൻ അയാൾ അതിന്റെ പിന്നാലെ ഓടിക്കഴിഞ്ഞു. സ്വപ്നങ്ങൾ പൂത്തുലഞ്ഞ ഇരു മിഴികൾ അപ്പോഴും അടുക്കളവരാന്തയിൽ നിന്ന് അയാളുടെ പിന്നാലെ പായുന്നുണ്ടായിരുന്നു.

ദിവസങ്ങൾ കഴിഞ്ഞ് ഒരു പ്രഭാതത്തിൽ തങ്കപ്പൻ വരുമെന്നുകാത്തിരുന്ന മുത്തശ്ശിക്ക് നിരാശപ്പെടേണ്ടി വന്നു. ഏറെ നേരമായിട്ടും അയാൾ വരാതിരുന്നപ്പോൾ അവർക്ക് വേവലാതിയായി. അടച്ചുറപ്പില്ലാത്തിടത്താണ് കിടപ്പ്. വല്ല അസുഖവും വന്നതാവുമോ? നോക്കി വരാൻ മുത്തശ്ശി രാജുവേട്ടനെ അയച്ചു. തങ്കപ്പന്റെ കൂടാരം ഒഴിഞ്ഞു കിടക്കുകയാണെന്ന് അയാൾ പോയിവന്നറിയിച്ചു. കുടുംബാംഗങ്ങൾ ഉടൻ ചിന്തിച്ചത് ഒരു മോഷണത്തിനോ തട്ടിപ്പിനോ ഉള്ള സാദ്ധ്യതയെക്കുറിച്ചാണ്. മുത്തശ്ശി മാത്രം അങ്ങനെ ചിന്തിച്ചില്ല. എവിടെപ്പോയാലും തങ്കപ്പൻ വീണ്ടും വരികതന്നെ ചെയ്യുമെന്ന് അവർ വിശ്വസിച്ചു. പല രാത്രികളിലും പുറത്തെ ഓരോ ഇലയനക്കവും തങ്കപ്പൻ വന്നതാണെന്ന് മുത്തശ്ശിയെ തെറ്റിദ്ധരിപ്പിച്ചു. അപ്പോഴൊക്കെ അവരുടെ മനസ്സ് അയാളെയോർത്ത് വ്യാകുലപ്പെട്ടു.

ഒരു പകലിന്റെ ഉഷ്ണത്തിൽ ചാരുകസേരയിലിരുന്ന് ഒന്നുമയങ്ങിയതായിരുന്നു മുത്തശ്ശി. പടിപ്പുരകടന്നുവന്ന കാക്കിധാരികളുടെ ഷൂവിന്റെ ശബ്ദം കേട്ടാണ് കണ്ണുകൾ തുറന്നത്. ചോദ്യങ്ങളിലെ പാരുഷ്യത്തിൽ നിന്ന് കാര്യങ്ങൾ ഗ്രഹിച്ചെടുക്കാൻ മുത്തശ്ശി പാടുപെട്ടു. തുടർച്ചയായുള്ള ചോദ്യം ചെയ്യൽ മുത്തശ്ശിയെ ശരിക്കും കുഴക്കി. ബോംബ് സ്‌ഫോടനക്കേസിൽ പ്രതിയായ അമീർറോഷൻ. . . അയാൾ നിരന്തരം തറവാട്ടിൽ വന്നുകൊണ്ടിരുന്നുവത്രെ. ആരാണതെന്നു മുത്തശ്ശി അത്ഭുതം കൂറുന്നതിനിടെ ക്രുദ്ധ ദൃഷ്ടികളോടെ ഒരു പൊലീസുകാരൻ പറഞ്ഞു

”ഒളിച്ചു വയ്ക്കാനൊന്നും നോക്കേണ്ട അമ്മൂമ്മേ. കാര്യങ്ങളെല്ലാം ഞങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു അയാൾക്ക് അഭയം കൊടുത്തതിനു കാരണമെന്താണ്? ഈ തറവാട്ടിലുള്ളവർക്കെന്തു ബന്ധമാണ് അയാളുമായുള്ളത്? ”
”നിങ്ങളെന്തായീ പറേണേ? ആരടെ കാര്യാ പറേണെ?” അസഹ്യതയോടെ മുത്തശ്ശി ചോദിച്ചു.
”പ്രായമായ ഈ തള്ളയോടെന്തു ചോദിക്കാനാ? ഈ വീട്ടിൽ ബാക്കിള്ളോരെ വിളിക്കൂ. ഇതങ്ങനെ വെറുതെ വിടാൻ തയ്യാറല്ല ഞാൻ.”

ഇൻസ്‌പെക്ടർ രാജുവിനോടു പറഞ്ഞു. വിറയലോടെ കുടുംബാംഗങ്ങൾ എല്ലാവരും പൊലീസുകാരുടെ മുന്നിൽ വന്നു നിന്നു.
”എവിടെയാണ് അമീർ റോഷനെ നിങ്ങൾ ഒളിപ്പിച്ചിരിക്കുന്നത്?”
അമീർ റോഷനോ? പരസ്പരം കോർക്കുന്ന കണ്ണുകളിൽ അമ്പരപ്പ്. എന്തൊക്കെയോ കുഴപ്പമുണ്ടെന്ന് എല്ലാവർക്കും ബോദ്ധ്യമായത് പൊലീസുകാരുടെ ചോദ്യം ചെയ്യലിന്റെ താളം മുറുകിയപ്പോഴാണ്. സംശയത്തിന്റെ മുൾമുനയിൽ നിർത്തി ചോദ്യം ചെയ്യൽ തുടരുന്നതിനിടെ ഇൻസ്‌പെക്ടർ പ്രഖ്യാപിച്ചു
”മുത്തശ്ശിയെ അറസ്റ്റുചെയ്യേണ്ടി വരും. കുറ്റവാളിയെ സംരക്ഷിച്ച കുറ്റത്തിന്.”
തളർച്ചയോടെ മുത്തശ്ശി പിന്നിലേക്ക് ചാരി. ക്രൂരമായ ഒരു നിശ്ശബ്ദതയിൽ ആണ്ട പകൽ വെയിലലിഞ്ഞു. പടികടന്നു വന്ന പോസ്റ്റ്മാൻ രംഗം കണ്ട് തെല്ലമ്പരന്നു
”കുട്ടിമാളു അമ്മയ്ക്ക് ഒരു കത്തുണ്ട്.”
”കത്തോ? ഇങ്ങു തരൂ.”ഇൻസ്‌പെക്ടർ ആ കത്ത് വാങ്ങി വായിച്ചു
”പ്രിയപ്പെട്ട അമ്മേ,

ഞാൻ അമീർ റോഷൻ. അമ്മയുടെ പ്രിയപ്പെട്ട തങ്കപ്പൻ. പൊലീസിന്റെ പിടിയിലകപ്പെടാതെ ഒളിച്ചു നടക്കുന്ന ഒരു വിപ്ലവകാരി. പലപേരിൽ പലയിടങ്ങളിൽ ഞാൻ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. പലരെയും പറ്റിച്ചിട്ടുണ്ട്. പക്ഷേ അമ്മയോട് അതു ചെയ്തപ്പോൾ മാത്രം ഞാൻ പശ്ചാത്തപിച്ചു. സ്വന്തമെന്ന പോലെ അമ്മ സ്‌നേഹിച്ച തങ്കപ്പൻ ഒരു കുറ്റവാളിയാണെന്നറിയുമ്പോൾ അമ്മവേദനിക്കുമെന്നെനിക്കറിയാം.

ഞാൻ അമീർ റോഷൻ. അമ്മയുടെ പ്രിയപ്പെട്ട തങ്കപ്പൻ. പൊലീസിന്റെ പിടിയിലകപ്പെടാതെ ഒളിച്ചു നടക്കുന്ന ഒരു വിപ്ലവകാരി. പലപേരിൽ പലയിടങ്ങളിൽ ഞാൻ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. പലരെയും പറ്റിച്ചിട്ടുണ്ട്. പക്ഷേ അമ്മയോട് അതു ചെയ്തപ്പോൾ മാത്രം ഞാൻ പശ്ചാത്തപിച്ചു. സ്വന്തമെന്ന പോലെ അമ്മ സ്‌നേഹിച്ച തങ്കപ്പൻ ഒരു കുറ്റവാളിയാണെന്നറിയുമ്പോൾ അമ്മ വേദനിക്കുമെന്നെനിക്കറിയാം. ക്ഷമ ചോദിക്കുന്നു. മാപ്പ് തരണം. ഞാൻ ഈ നാടുവിട്ടുപോകുകയാണ്. എന്നെ ഓർക്കാൻ ശ്രമിക്കരുത്. അന്വേഷിക്കാനും. പിന്നെ മീനാക്ഷി. . . എനിക്കെല്ലാം മനസ്സിലാകുന്നുണ്ടായിരുന്നു. പക്ഷേ . . . .”
അമ്മയുടെ സ്വന്തം തങ്കപ്പൻ
അമ്പരപ്പിന്റെ ഒരു തിര എല്ലാമുഖങ്ങളിലും പടർന്നു കയറി. വല്ലാത്തൊരു നിശ്ശബ്ദത! മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
”നമുക്കു പോകാം. ഇവർക്കൊന്നുമറിയില്ലായിരുന്നു. ആളറിയാതെയാണിവർ അയാൾക്കഭയം നല്കിയത്”

ഇൻസ്‌പെക്ടർ മുറ്റത്തേക്കിറങ്ങി. പൊലീസുകാരും.
”ഇനീങ്കിലും അറിയേം കേക്കേം ചെയ്യാതെ ആരേം വീട്ടിൽ അടുപ്പിക്കല്ലേ മുത്തശ്ശീ.”

മീനാക്ഷി നിർവ്വികാരത നടിച്ചാണ് പറഞ്ഞതെങ്കിലും അവസാനവാക്കിലവളുടെ കണ്ഠമിടറി. അകത്തളത്തിലെ ഇരുട്ടിലേക്കലിഞ്ഞ് അവളുടെ അമർത്തിയ തേങ്ങൽ അടുക്കളയ്ക്കുള്ളിൽ ചുറ്റിത്തിരിഞ്ഞ കാറ്റുമാത്രമറിഞ്ഞു. തുറന്നുകിടക്കുന്ന പടിപ്പുരവാതിലിൽ കൂടി കാണാവുന്ന വിജനതയിലേക്ക് മിഴികൾ നട്ട് മുത്തശ്ശി മനസ്സിലോർത്തു. തങ്കപ്പന്, അല്ല അമീർറോഷന്, തങ്ങളെ എങ്ങനെയും ചൂഷണം ചെയ്യാമായിരുന്നു. തറവാട്ടിലെ പണം, വസ്തുക്കൾ, എന്തിന്, മീനാക്ഷിയെ വരെ. എന്നാൽ അവനതിനു മുതിർന്നില്ല. നന്മയുടെ വറ്റാത്ത ഏതോ ഉറവ് അവന്റെ മനസ്സിലുണ്ടായിരുന്നിരിക്കണം. അതോ അവനെ വിശ്വസിക്കാനും സ്‌നേഹിക്കാനും ഇവിടെയുള്ളവർ കാട്ടിയ സന്മനസ്സാണോ അതിനു കാരണം? പകർന്നു വച്ചാൽ പെരുകി വരുന്നതാണോ നന്മയും സ്‌നേഹവും?

Author

Scroll to top
Close
Browse Categories