ആനേ മയക്കി….


പാമ്പ് ഒരു ഗജപോക്കിരി തന്നെയായിരുന്നു. പാടത്ത് പുല്ലിന് മരുന്ന് അടിക്കുന്നവരെയും വളം വിതറുന്നവരെയും ഓടിക്കലായിരുന്നു പാമ്പിന്‍റെ വിനോദം. പാമ്പിനെ വരമ്പിലൊ കണ്ടത്തിലൊ പുല്ലിലൊ ഒന്നു കാണുകയെ വേണ്ടൂ, കുറ്റിയും മരുന്നും കൊമ്പോറവും കൈക്കോട്ടുമൊക്കെയിട്ട് ആള്‍ക്കാർ ഓട്ടം പിടിക്കാൻ. പാമ്പൊന്ന് വാലില്‍ നിന്ന് പത്തി വിടര്‍ത്തി വായുവില്‍ കിടന്നാടി വരുമ്പോഴേക്കും പ്രതികള്‍ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ടാകും. കഷ്ടകാലത്തിന് അവരെങ്ങാനും തിരിഞ്ഞുനോക്കിയാല്‍ കാണുന്നതോ, ഫണം വിരിച്ച് നിന്ന് തങ്ങളെ തന്നെ ദംശിക്കാന്‍ ചീറ്റുന്ന മൂര്‍ഖനേയും… അതോ രാജവെമ്പാലയോ…?
എന്തായാലും പാമ്പ് പാടത്തും പാടത്തിനരികെയുളള പറമ്പിലുമൊക്കെ ഫെ യ് മ സയായി. പറമ്പില്‍ പുല്ല് അരിയാന്‍ സ്ഥിരമായെത്തുന്ന കുട്ടേട്ടനെ ഓടിച്ച കണക്ക് കയ്യിലും കാലിലും നില്ക്കില്ല. കുട്ടേട്ടന്‍ ഓടുന്നത് കാണുമ്പോഴേ പത്തി വിടര്‍ത്തി പാമ്പ് ചിരിക്കും. കുട്ടേട്ടന്‍റെ ഓട്ടത്തിന് സ്പീഡ് പോരാ എന്നു തോന്നിയാല്‍ വളഞ്ഞു പുളഞ്ഞ് പാമ്പ് വെച്ചു പിടിക്കും. തിരിഞ്ഞുനോക്കിയേ കുട്ടേട്ടന്‍ ഓടൂ. പുറകെ പുളഞ്ഞു വരുന്ന പാമ്പിനെ കാണുമ്പോള്‍ കുട്ടേട്ടന് തോന്നിയിരുന്നത് കാടിറങ്ങി വരുന്ന ഒറ്റയാനെയാണ്. പിന്നെ കുട്ടേട്ടന്‍റെ ഓട്ടം പാമ്പിനെ പോലെ വളഞ്ഞുപുളഞ്ഞാകും.ഇതെന്തുകഥ എന്നാലോചിച്ച് പാമ്പ് അന്തംവിട്ട് ഇഴച്ചില്‍ നിര്‍ത്തും. അപ്പോഴൊക്കെ പണ്ടെന്നോ താന്‍ ചെയ്ത നല്ലകാര്യത്തിന്റെ കുരുത്തബലത്തിലാണ് രക്ഷപ്പെട്ടതെന്നേ കുട്ടേട്ടന്‍ കരുതിയുളളൂ.
പാമ്പിനെ ഒതുക്കത്തില്‍ ഒന്നു കിട്ടിയാല്‍ ആരെങ്കിലും കൂടെയുണ്ടെങ്കില്‍ തല്ലിയമര്‍ത്താന്‍ ചങ്കരന്‍ തയ്യാറാണ്. ചങ്കരന് തല്ലിക്കൊല്ലാനായി ഒതുക്കത്തില്‍ കിടന്നുകൊടുക്കാന്‍ പാമ്പിനെന്താ പ്രാന്തുണ്ടോ? എന്നാലും ചങ്കരന്‍ നടക്കുന്നിടത്തൊക്കെ പച്ച ശീമക്കൊന്നകമ്പുകള്‍ വെട്ടിയിട്ടു. ഒന്നു രണ്ടു തവണ ചങ്കരനും മൂര്‍ഖനും ഒരേ വരമ്പില്‍ നേര്‍ക്കുനേര്‍ വന്നതാണ്. ചങ്കരന്‍ ഓടാതെ നിന്ന് അവനെ ആകെയൊന്ന് വിലയിരുത്തി. തല്ലണമെങ്കില്‍ ആയിക്കോ എന്നു പറഞ്ഞ് പാമ്പങ്ങനെ വിരിഞ്ഞൊന്നു നിന്നു. കാവിലെ പൂരത്തിന് ഭഗവതിയെ എഴുന്നളളിച്ചു വരുന്ന ഗജകേസരിയെയാണ് ചങ്കരനപ്പോള്‍ ഓര്‍മ്മ വന്നത്. തിടമ്പേറ്റി നില്ക്കുന്ന ആനയെ ആരുമൊന്നു നോക്കി നിന്നുപോകും. അതിന് ആനശാസ്ത്രോം ലക്ഷണവുമൊന്നും അറിയേണ്ട. അതിനുശേഷം പല പൂരപ്പറമ്പിലും എഴുന്നളളിച്ചുവരുന്ന കൊമ്പന്മാരെ കാണുമ്പോള്‍ ചങ്കരനുളളില്‍ പത്തിവിരിച്ചാടുന്ന പാമ്പ് എഴുന്നേറ്റു നില്ക്കും. ആ ഒരു കാഴ്ചക്കുഴപ്പം ചങ്കരനെ പലപ്പോഴും ധര്‍മ്മസങ്കടത്തിലാക്കി.
പൊക്കിളിലും പടത്തിലും ഒന്നിച്ചുതല്ലിയാലേ അവനെ വീഴ്ത്താന്‍ പറ്റു എന്ന് ചങ്കരന് ബോധ്യമായി. പാമ്പിനെ തല്ലാന്‍ അറിയുന്ന ആരെങ്കിലും കൂടെ വേണം. അല്ലെങ്കില്‍ ഒന്നേ തല്ലാന്‍ പറ്റൂ. അടുത്തതിന് കൈ പൊക്കുമ്പോഴേക്കും മേലു ചുറ്റിക്കറുന്ന പാമ്പ് ജന്മം ഒതുക്കിയിട്ടുണ്ടാവും. തിരിഞ്ഞു നടക്കുന്ന ചങ്കരനെ കാണുന്ന മൂര്‍ഖന്‍ പുച്ഛിച്ചു ചീറ്റി വെറൊരു വരമ്പിലൂടെ ഇഴഞ്ഞുപോകും.
നാട്ടുകാരെയൊക്കെ പാടത്തും പറമ്പിലുമിട്ട് ഓടിക്കും രസിച്ച് ചിരിച്ചു കളിച്ചുവരുന്ന മൂര്‍ഖനെ കാണുമ്പോള്‍ ദേവി എന്നോടു ശാസിക്കാറുണ്ട്.
“ഇത്തിരി കൂടുന്നുണ്ട്. ഇവിടെത്തന്നെ ഇരുന്നുകൂടെ നിനക്ക്. മനുഷ്യര്‍ ഭക്തരാണ് എന്നത് ശരിതന്നെ. അമ്പലത്തിനകത്ത് കയറിയാലേ അവര്‍ക്ക് ഭക്തിയും ഭയഭക്തിബഹുമാനവും ഉണ്ടാവുകയുളൂ . കാവിനു പുറത്ത് എവിടെ വെച്ചു കണ്ടാലും അവര്‍ നിന്നെ തല്ലിക്കൊല്ലാന്‍ നോക്കും. കാവിനകത്ത് കൈക്കൂപ്പി നിന്നു കരഞ്ഞു തൊഴുതു പോകുന്ന അവര്‍ പുറത്ത് അങ്ങനെയല്ല. നീയവർക്ക് വെറും വിഷപ്പാമ്പാണ്. എനിക്ക് പോലും സ്ത്രീരൂപത്തില്‍ പുറത്തിറങ്ങാന്‍ പേടിയാണ്. അതുമറക്കണ്ടാ.”
ഒരു ദിവസം ആനമയക്കി ആനുണ്ണിയെ പാമ്പിന്‍റെ പതിവുവഴിയില്‍ മയക്കികിടത്തി. രാജാവിനെ പോലെ ഇഴഞ്ഞു വന്ന മൂര്‍ഖന് ഉണ്ടായ ദേഷ്യം പറഞ്ഞാല്‍ തീരില്ല. കോപംമൂത്ത മൂര്‍ഖന്‍ ആനുണ്ണിയെ ഒന്നു പ്രദക്ഷിണം വച്ചു. പല കുറി ഓടിച്ചിട്ടുണ്ടെങ്കിലും ആനുണ്ണിയെ ഇത്രയ്ക്കടുത്ത് കിട്ടിയിട്ടില്ല, മൂര്‍ഖന്.
“ഞാന്‍ വെറുതെ ഒരു നേരം പോക്കിനല്ലേ. ആരെയും ഇന്നേവരെ പേരിനും പോലും ദംശിച്ചിട്ടില്ലല്ലോ. നടയടക്കല്‍ കഴിഞ്ഞാ പിന്നെ എത്രനേരം ഇവിടെ ഇങ്ങനെ ചടഞ്ഞിരിക്കും. ഇപ്പോഴാണെങ്കീ ഭക്തർ വരുന്നതും കുറഞ്ഞു.”
പിന്നെ ദേവിയൊന്നും മിണ്ടില്ല. പറഞ്ഞാല്‍ അറിയാത്തവര്‍ അനുഭവിക്കുമ്പോള്‍ അറിയട്ടെ
നടവഴിയില്‍ മൂര്‍ഖനായാലും രാജവെമ്പാലയായാലും അതൊന്നും വകവെക്കാതെ നടക്കുന്ന ആളാണ്, ആനുണ്ണി. ആനയുണ്ടായിരുന്ന മനയ്ക്കലെ അരിവെപ്പുകാരന്‍ ഉണ്ണി ആനുണ്ണിയായതാണ്. ആനക്ക് പട്ടവെട്ടിക്കൊടുക്കുകയോ പിണ്ഡം വാരുകയോ പോലും ചെയ്തിട്ടില്ല. ആനയുടേയും പാപ്പാന്‍റെയും സ്വഭാവം ആനുണ്ണിയ്ക്ക് വേണ്ടുവോളം കിട്ടിയിട്ടുണ്ട്. വയറുനിറച്ച് ആനമയക്കി കുടിച്ച് മയങ്ങി തോട്ടിന്‍വക്കത്തോ ചാലുവരമ്പത്തോ കിടക്കുക. കാലത്ത് ഷാപ്പ് തുറക്കും നേരം ആനുണ്ണിയുണ്ടാകും. പിന്നെ ഉച്ചയ്ക്കും വൈകീട്ടും വൈദ്യന്‍റെ കുറിപ്പടിപോലെ കൃത്യമായി മൂന്നുനേരം ഭക്ഷണമൊന്നും കഴിച്ചില്ലെങ്കിലും ആനുണ്ണി ഷാപ്പില്‍ ചെന്ന് ആനമയക്കി കുടിച്ചോളും. അങ്ങനെ വെറുതെ ഒരു രസത്തിന് മൂന്നുനേരം ആനമയക്കി കേറ്റുന്നതൊന്നുമല്ല. കാലത്ത് ആനമയക്കിയുടെ ആദ്യകവിള്‍ തൊണ്ടക്കുഴിയില്‍ നിന്നിറങ്ങുമ്പോഴേ ആനുണ്ണിയുടെ വയറ്റില്‍ പഞ്ചവാദ്യത്തിനുളള ശംഖ് വിളി ഉയര്‍ന്നിട്ടുണ്ടാകും. അകത്ത് ചെല്ലുന്ന ഓരോ കവിളിനൊത്ത് കാലങ്ങള്‍ മാറിക്കൊണ്ടിരിക്കും. ഉച്ചയാകുമ്പോഴേ പഞ്ചവാദ്യത്തിന്‍റെ ആ പ്രകമ്പനം നിലക്കുകയുളളൂ. ഉച്ചക്കുളള ആനമയക്കിയില്‍ പഞ്ചാരിമേളം കൊഴുക്കും. അപ്പോള്‍ നെറ്റിപ്പട്ടമിട്ട്, തിടമ്പേറ്റിയ ആനകള്‍ തുമ്പിക്കൈ ചുരുട്ടി, ചെവിയാട്ടി ഇളക്കിയാടുന്നുണ്ടാകും. അല്ലെങ്കില്‍ കളളിന് വീര്യം പോരെന്ന് ആനുണ്ണി ഉറപ്പിക്കും. അന്തിക്കളളു മോന്തും നേരം തായമ്പകക്കുളള ചെണ്ടയില്‍ ആദ്യത്തെ കോലുവീഴും. പിന്നെ രാത്രി മുഴുവന്‍ ആസുര താളത്തിലാണ്. ആ ആനുണ്ണിക്കെന്ത് മൂര്‍ഖനും വെമ്പാലയും….
ആനമയക്കി കുടിക്കാന്‍ സുബോധത്തോടെ പോകുന്ന പോക്കില്‍ അഞ്ചാറു തവണ ആനുണ്ണിയെ പാമ്പ് ഓടിച്ചിട്ടുണ്ട് എന്നത് നേരുതന്നെ. അത്രയും വേഗം ഷാപ്പെത്തില്ലോ എന്നു കരുതി ആനുണ്ണി സന്തോഷിച്ചതേയുളളൂ. ഒരു ഉത്സവപ്പറമ്പ് അങ്ങനെതന്നെ തലക്കുളളില്‍ താങ്ങി അതേ വഴിയിലൂടെ ഒരു നീര്‍ക്കോലിയെ പോലും വിലകല്പിക്കാതെ ആനുണ്ണി നടന്നു പോയിക്കൊണ്ടിരുന്നു. മൂര്‍ഖനാകട്ടെ അതൊക്കെ കാണുമ്പോഴുണ്ട് ഒരു കലി. എന്നാലും മൂര്‍ഖന്‍ വിഷം ചീറ്റാതെ അടങ്ങിയൊതുങ്ങി കിടന്നു. തന്നെക്കണ്ട് പേടിച്ച് ഷാപ്പിലേക്കോടുന്ന ആനുണ്ണിയേയുംതിരിച്ച് ആടിയാടി വരുന്ന ആനുണ്ണിയേയും പാമ്പിനിഷ്ടമാണ്. ഇന്നേവരെ കാവിനകത്ത് നല്ല കാലത്തുപോലും വന്ന് തൊഴുകയോ ഭണ്ഡാരത്തില്‍ കാശിടുകയോ ചെയ്തിട്ടില്ല. പിന്നെയാണ് ഈ കാലത്ത്

ഒരു ദിവസം ആനമയക്കി ആനുണ്ണിയെ പാമ്പിന്‍റെ പതിവുവഴിയില്‍ മയക്കികിടത്തി. രാജാവിനെ പോലെ ഇഴഞ്ഞു വന്ന മൂര്‍ഖന് ഉണ്ടായ ദേഷ്യം പറഞ്ഞാല്‍ തീരില്ല. കോപംമൂത്ത മൂര്‍ഖന്‍ ആനുണ്ണിയെ ഒന്നു പ്രദക്ഷിണം വച്ചു. പല കുറി ഓടിച്ചിട്ടുണ്ടെങ്കിലും ആനുണ്ണിയെ ഇത്രയ്ക്കടുത്ത് കിട്ടിയിട്ടില്ല, മൂര്‍ഖന്. പാതി തുറന്നുകിടക്കുന്ന ആനുണ്ണിയുടെ വായില്‍ നിന്നും ധാരയായി ഒരു ദ്രാവകം കീഴൊട്ടൊരുകി വരമ്പില്‍ കലരുന്നു. മൂര്‍ഖന്‍ സാവകാശം ഇഴഞ്ഞു ചെന്ന് അതൊന്നു നക്കി. കുഴപ്പമില്ല നല്ല രസവും മണവും. പിന്നെ ആനുണ്ണിയുടെ വായപ്പഴുതിലൂടെ ഒലിച്ചതൊന്നും വരമ്പില്‍ വീണ് പടര്‍ന്നില്ല. ആനുണ്ണിയുടെ തലയ്ക്കകത്തെ പൂരപ്പറമ്പില്‍ പഞ്ചവാദ്യം തിമിര്‍ക്കുകയായിരുന്നു അപ്പോള്‍. മൂര്‍ഖന്‍റെ തലയ്ക്കകത്ത് ഉത്സവം കൊടിയേറി.
ആനുണ്ണിയിൽ നിന്നും പകര്‍ത്തിയ ആനമയക്കിയുടെ തലപ്പെരുക്കം മുഴുവനായും വിട്ടുമാറാതെ കയറിവരുന്ന പാമ്പിനെ കാണുമ്പോള്‍ എന്നും ദേവി താക്കീത് കൊടുക്കും.
“പരിധികള്‍ ലംഘിക്കുന്നു. വലിയ വിപത്തിലേക്കാണ് ഇഴഞ്ഞു കൊണ്ടിരിക്കുന്നത്. ഒരിക്കല്‍ നീ അവരുടെ ആഞ്ഞടിക്കുന്ന വടിക്കടിയാല്‍ കിടന്നു പിടയും. അന്ന് നിന്നെ രക്ഷിക്കാന്‍ ആരുമുണ്ടാകില്ല.”
” ഞാനെന്തു ചെയ്യാനാണ്. ആരും ഇപ്പോള്‍ വഴി കടന്നുവരുന്നില്ല. പണ്ടാണെങ്കില്‍ എത്ര നൂറും പാലും കണ്ടിരുന്നതാണ്. ഇപ്പോള്‍…? എല്ലാം അറിയുന്നതല്ലേ. നേദിക്കാൻ ആനമയക്കിയെങ്കിൽ ആനമയക്കി.”
ദേവിയിൽ മറുപടിയില്ലാതാകും.
ഒതുക്കത്തില്‍ എന്ന് പറയുമ്പോഴും ഇത്ര തഞ്ചത്തില്‍ കിട്ടുമെന്ന് ചങ്കരന്‍ കരുതിയിരുന്നില്ല. ഉത്സവവും എഴുന്നളളിപ്പുമൊക്കെ കഴിഞ്ഞ് നെറ്റിപ്പട്ടവും തിടമ്പൊന്നുമില്ലാത്ത കൊമ്പനെ കാണാന്‍ ചങ്കരന് ഇഷ്ടമൊന്നുമുണ്ടായിരുന്നില്ല. രണ്ടു ശീമക്കൊന്നവടികള്‍ ഒന്നിച്ചുപിടിച്ച്, കാവിലെ ഭഗവതിയെ വിളിച്ച്, വളഞ്ഞുണങ്ങിയ കാഞ്ഞിരവടികൊണ്ട്, മെലിഞ്ഞൊട്ടിയ ജാനകി പട്ടത്ത്യാര് ശ്വാസം ആഞ്ഞുവിട്ട് വൈക്കോലു തല്ലണപോലെ ചങ്കരന്‍ മൂക്കിലൂടെ നീട്ടി ചുറ്റി അടിയോട് അടി. ഉത്സവം കൊടിയിറങ്ങുന്നതിനു മുമ്പേ നല്ല പ്രാണന്‍ മൂര്‍ഖനെ വിട്ടു പറന്നു. ആ സമയം ഒരാനയുടെ ദയനീയമായ ചിന്നംവിളിയില്‍ അന്തരീക്ഷം വിറങ്ങലിച്ചു.
ആനുണ്ണിയിലാകട്ടെ, ശബ്ദവും ബഹളവുമായപ്പോള്‍ കാലമൊന്നും നോക്കാതെ പഞ്ചവാദ്യമങ്ങു നിലച്ചുപോയി. പാമ്പിനെ പിടിച്ചതും കൊന്നതുമൊക്കെ ആനുണ്ണിക്ക് ഒരു വിഷയമായിരുന്നില്ല. ഉച്ചക്കലെ പാഞ്ചാരിമേളം കൊഴുപ്പിക്കാനായി ആനുണ്ണി ഷാപ്പിലേക്കു തന്നെ നടകൊണ്ടു. ചങ്കരനോ, രണ്ടു ശീമക്കൊന്നയും കൂട്ടിപ്പിടിച്ച്, അതിന്മേല്‍ ചത്തു തൂങ്ങി കിടക്കുന്ന പാമ്പിനേയുമെടുത്ത്, പാടത്തും പറമ്പിലും ഓട്ടമത്സരം നടത്തിയവരെ കാണിക്കാനായി പാടപ്പറമ്പ് പ്രദക്ഷിണം തുടങ്ങി.
സന്ധ്യ കഴിഞ്ഞിട്ടും സർപ്പം വരാതായപ്പോള്‍ ദേവിക്ക് അപകടം മണത്തു. കാവില്‍ പൂജാരി വരുന്നത് ആഴ്ചയിൽ ഒരിക്കലാണ്. അന്ന് വരുന്ന ദിനമാണ്. ഇരുട്ടില്‍ പുറത്തിറങ്ങി നടന്ന ദേവി പാടത്തിനക്കരെ മൊന്തപിടിച്ചു കിടന്ന പറമ്പിന്‍റെ മൂലയില്‍ മണ്ണ് കിളച്ചുമറിഞ്ഞു കിടക്കുന്നത് കണ്ടു. ചുറ്റും ഒരാഘാഷവും അടിച്ചമര്‍ത്തലും കഴിഞ്ഞമട്ടുണ്ട്. കുറേനേരം അവിടെ നിന്നു കരഞ്ഞു. പിന്നെ അവിടെ നില്‍ക്കാന്‍ ദേവിക്ക് ഭയം തോന്നി.
അന്നു രാത്രി എല്ലാവരും എല്ലാം മറന്ന് കൂര്‍ക്കം വലിച്ചുറങ്ങും നേരം ഇലയനങ്ങുന്ന ശബ്ദം പോലും കേള്‍പ്പിക്കാതെ, ശ്രീകോവിലില്‍ നിന്നിറങ്ങി ദേവി തെക്കോട്ടു നീണ്ടു കിടന്ന വഴിയിലൂടെ തിരിഞ്ഞുനോക്കാതെ നടന്നു. അതുപറയാനായി ഒരു കാറ്റുപോലും അവിടെയെങ്ങും വീശിയില്ല.