സാമൂഹിക അകലം
അന്നും മഴയ്ക്കൊരു ശമനമുണ്ടായിരുന്നില്ല. കുറച്ചു ദിവസമായി മഴ ഈ പിടുത്തം പിടിച്ചിട്ട്. എന്നാ നേരെ ചൊവ്വെ പെയ്യുന്നുണ്ടൊ, അതൊട്ടുമില്ലതാനും.
ഇരുട്ട് ശ്വാസമടക്കി പിടിച്ചതും ഈര്‍പ്പം വിറങ്ങലിച്ചതുമായ ആ കുടുസ്സുമുറിയില്‍ നിന്ന് വാതിലിന്റെ സാക്ഷ നീക്കി. മരപ്പലകയില്‍ തീര്‍ത്ത വാതില്‍പ്പാളിയോട് മല്ലിട്ട് ഒരുവിധം പുറത്തു കടന്നു. വെളിയിലേക്കു നോക്കിയത് വല്ലാത്തൊരു അന്ധാളിപ്പോടാണ്.
അകലെ നിന്നും ഒരു ആംബുലന്‍സിന്റെ സൈറണ്‍ കേട്ടുകൊണ്ടാണ് ഉറക്കമുണര്‍ന്നത്. അധികനേരം ആ നില്പ്പുനില്ക്കാനായില്ല. കാലുകള്‍ക്ക് അസഹ്യമായ കടച്ചില്. ഒരുവിധം കസാരയില്‍ ഇരിപ്പുറപ്പിച്ചു. വെട്ടുവഴിയില്‍ ആരെയും കാണുന്നില്ലല്ലോയെന്ന് അന്നേരം ഓര്‍ക്കാതിരുന്നില്ല. കിഴക്കേപ്പുറത്തേക്ക് നോക്കിയാല്‍ വളഞ്ഞുപുളഞ്ഞു കിടക്കുന്ന വെട്ടുവഴി കാണാം. വെട്ടുവഴിയെന്ന് പഴയൊരു കാലത്തുനിന്ന് ആലോചിച്ചതാണ്. ഇപ്പോഴത് കോണ്‍ക്രീറ്റ് റോഡാണ്. അവിടെ ആരുടെയെങ്കിലും നിഴലെങ്കിലും വീഴുന്നുണ്ടോയെന്ന് കാകദൃഷ്ടിയോടെ നടുനിവര്‍ത്തിയിരുന്നു.
മിക്കവരും വീടുകളില്‍ കയറി ഒളിച്ചിരിപ്പാണെന്ന് തോന്നുന്നു.
ഒട്ടുമിക്കദിവസങ്ങളിലും അപ്പുണ്ണിമാഷ് വന്നുപോക്കുള്ളതാണ്. മാഷില്‍ നിന്നാണ് നാട്ടിലെ പല വിശേഷങ്ങളും അറിയാറ്. പത്രം വരുത്തുന്നത് അവര്‍ പോയതോടെ നിര്‍ത്തുകയും ടി.വി. അവര്‍ കൊണ്ടുപോകുകയും ചെയ്തു.
കഴിഞ്ഞ ദിവസം അപ്പുണ്ണിമാഷ് മുഖം മറച്ച് പോകുന്നതു കണ്ടപ്പോ വിളിച്ചതാണ്. മാഷ് കേട്ടിട്ടും കേള്‍ക്കാത്തമാതിരി പോയെന്നുമാത്രമല്ല, ഈ ഭാഗത്തേക്കൊന്ന് പാളി നോക്കുകപോലുമുണ്ടായില്ല.
ഇവിടെ രണ്ട് പ്രാണനുകളുണ്ടെന്ന് പലരും മറന്നകൂട്ടത്തില്‍ മാഷും മറന്നല്ലോയെന്നോര്ത്തപ്പൊ സങ്കടപ്പെട്ടു.
രത്നമണി ഇനിയും എണീറ്റില്ലല്ലൊയെന്നോര്ത്തത് അന്നേരമാണ്. താന്‍ എഴുന്നേറ്റു വരും മുന്‍പേ രാവിലെയുള്ള വീട്ടിലെ പണികളോരോന്ന് ചെയ്യുന്നതാ. അവള്ക്കിന്ന് എന്തു പറ്റിയാവോയെന്നാലോചിച്ച് നടുതാങ്ങിയെഴുന്നേറ്റു.
നടുവിലെ വാതില്‍ തുറന്നു കിടക്കുന്നുണ്ട്. മൂപ്പര് നല്ല ഉറക്കത്തിലാണെന്ന് തോന്ന്ണ്. പാവം, അവിടെ കിടക്കട്ടെ. നല്ല ക്ഷീണം ഉണ്ടാകും. റേഷനരിയിട്ട് കുറച്ചു കഞ്ഞിയല്ലേ വെക്കണ്ടൂ.. വിഭവങ്ങളൊന്നും ഒരുക്കണ്ടല്ലൊ. മിക്കപ്പോഴും ഉപ്പും മുളകും ചേര്‍ത്തരച്ച് കടുക് പൊട്ടിച്ചതാ. കൂടിവന്നാ, പറമ്പീന്ന് പറിച്ച എന്തെങ്കിലും കൊണ്ടൊരു തോരന്‍. അതിനപ്പുറമൊന്നും അവര്‍ പോയതിനുശേഷം ഉണ്ടാവാറില്ല. അതുതന്നെ വെച്ചുവിളമ്പുന്നത് അവളെ കൊണ്ടായിട്ടല്ല. വേറെ ആരാണുള്ളത്..
ഇതെല്ലാമാലോചിച്ച് കസാരയിലേക്കുതന്നെ ചാഞ്ഞു…
കിടക്കപായയില് നിന്നും ആയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ചുക്കിചുളിഞ്ഞ കൈകൊണ്ട് ജനല്പാളികള് തുറന്നിട്ടു…അകത്തേക്ക് തെറുച്ചുവീണ വെയില് കണ്ടപ്പോഴാ നേരം ഒരുപ്പാട് വെളുത്തല്ലോയെന്നോര്ത്തത്. കൈ വേദനയ്ക്ക് ഒരു കുറവില്ല. കുഴമ്പിന്റൊരു ബലത്തിലാ എന്തെങ്കിലൊന്ന് ചെയ്യാന്‍ കഴിയുന്നത്. ആരാ ഒന്നെത്തിച്ചുനോക്കാനായിയുള്ളത്. അങ്ങേരയ്ക്ക് ഒരു ഗ്ലാസ് ചായയിട്ട് കൊടുക്കാന്‍ പോലും കഴിയാത്തവസ്ഥയായി…
കണ്‍വെട്ടത്തുതന്നെ ആകെയുള്ള മകള്‍ താമസിക്കുന്നുണ്ട്. മകളുടെയും മരുമകന്റെയും ഔദാര്യത്തിലാണ് ഈ വീടിന്റെ ഇപ്പോഴത്തെ നില്‍പ്പുതന്നെ. ഒരുഭാഗം ഇടിഞ്ഞുകിടക്കുകയാണ്. ചെങ്കല്ലും കുമ്മായവും അല്ലെ, ഏത് നേരവും കുതിര്‍ന്ന ചുമരുകള്‍ നിലം പൊത്താം. നല്ല മഴയുള്ള രാത്രിയില്‍ ആലോചിക്കാറുണ്ട്, അങ്ങനെയൊന്ന് സംഭവിച്ച് ഒരുമിച്ചങ്ങനെ ഒടുങ്ങിയിരുന്നെങ്കിലെന്ന്…
ഭൂമി എഴുതി കിട്ടുന്നതുവരെ നല്ല അച്ഛനും അമ്മയുമായിരുന്നു മകള്‍ക്കും മരുമകനും ഞങ്ങള്‍. പുതിയ വീടുപണിയുന്ന ആവശ്യത്തിലേക്കായി മകളുടെ പേരില്‍ പറമ്പ് തീറാക്കി കൊടുക്കേണ്ടി വന്നു. എന്നായാലും ഇതെല്ലാം അവള്ക്കുള്ളതല്ലെയെന്നേ അന്ന് വിചാരിച്ചുള്ളൂ.
വീടുപണി പൂര്‍ത്തീകരിച്ചതോടെ അവരുടെ മട്ടും ഭാവവും മാറി. ഞങ്ങള്‍ വൃത്തിയും മെനയുമില്ലാത്തവരായി.
കുട്ടിയെപോലും തൊടീക്കില്ല.
നാട്ടില്‍ പടര്‍ന്ന മഹാവ്യാധിയുടെ മറവില്‍ ആരെയും അറിയിക്കാതെ അവര്‍ അവിടെ കയറി താമസമാക്കിയപ്പോള്‍ ഞങ്ങളെ കൂട്ടിയില്ല.
ആ കുട്ടിയെക്കൂടി ഇങ്ങോട്ടൊന്ന് പറഞ്ഞയയ്ക്കില്ല.
ഒരുദിവസം അവരുടെ കണ്ണുവെട്ടിച്ച് പേരമകള്‍ കയറിവന്നതോര്ത്തു.
ഞങ്ങളന്ന് വരാന്തയിലിരിക്കയായിരുന്നു. കൈയില്‍ ചെറിയൊരു പൊതിയുമായി അവള്, കാര്‍ത്തു വന്നു കയറി.
”മോള് ഇങ്ങോട്ട് പോന്നത് അമ്മ കണ്ടില്ലേ?”
”അവര്‍ എണീറ്റില്ല. അമ്മൂമ്മ, ദാ ഇതെടുത്തോട്ടൊ.”
”യെന്തായിത്?!”
”മിഠായി.. ഇന്നലെ അച്ഛമ്മ വന്നപ്പ കൊണ്ടോന്നതാ..”
”അമ്മയറിഞ്ഞാല്‍..”
”അറിയില്ല, ഞാന്‍ തിന്നാണ്ട് മാറ്റിവെച്ചതാ..”
കാര്‍ത്തിയുടെ ചുരുണ്ട മുടിയിഴകളില്‍ വിരലുകളോടിച്ച്, കവിളില്‍ മെല്ലെനുള്ളി അവളെ മാറോടണച്ച് നെറ്റിയില്‍ ചുംബിച്ചു.
”ഞാന്‍ പോട്ടെ.. ഇങ്ങോട്ട് വന്നാ എന്റെ കാല് തല്ലിയൊടിക്കുംന്നാ അമ്മ പറഞ്ഞിരിക്കണ്ത്..”
”ശരി മോളെ, പൊയ്ക്കോ അവര്‍ കാണണ്ടാ..”
കാര്‍ത്തി ഇറങ്ങിപ്പോയപ്പൊ കണ്ണുകലങ്ങി..
എന്തൊക്കെയോര്ത്ത് പുലമ്പിക്കൊണ്ടിരുന്നു.
അധികം വൈകാതെ കാര്‍ത്തുവിന്റെ വാവിട്ടുള്ള കരച്ചിലും, ഞങ്ങളെ കേള്‍പ്പിക്കാനെന്ന മട്ടില്‍ ഉറക്കെയുള്ള ശകാരങ്ങളും കേട്ടു.
പാവം കുട്ടി. നന്നായി നോവിച്ച് കാണും.
അവരെന്തൊക്കെ ചെയ്താലും പറഞ്ഞാലും കാര്‍ത്തു പലപ്പോഴും എത്താറുണ്ടായിരുന്നു. ഇപ്പൊ കുറച്ചുദിവസമായിട്ട് തീരെ കാണുന്നില്ല.
രത്നമണി ഒന്നും മിണ്ടാതെ അരികില്‍ കസാരയില്‍ വന്നിരുന്നത് അയാള്‍ അറിഞ്ഞില്ല. മുടി മാടിയൊതുക്കി കെട്ടിവെക്കുകയായിരുന്നു രത്നമണി. രത്നമണിയെ കണ്ടപാടെ ദേവദാസന് തിരക്കി:
”ഇന്നിതെന്തു പറ്റി?! നല്ല ഉറക്കത്തിലായിരുന്നല്ലൊ സഖാവ്..”
ഉറക്കം ഇപ്പോഴും മതിയായിട്ടില്ല എന്നമട്ടില്‍ അന്നേരം രത്നമണി ഒരു കോട്ടുവാതുറന്നു.
”രാത്രി തീരെ ഉറങ്ങീലാ.. വെളുപ്പിനാ ഒന്നുമയങ്ങിയത്.
ഒരോന്നാലോചിച്ചങ്ങനെ കിടക്കായിരുന്നു.”
”നിന്റെ, ആലോചനയൊന്നും തീര്‍ന്നില്ലേ ഇനിയും. ഇനി ആലോചിക്കാനൊന്നുമില്ല. ഇതെല്ലാം ചേര്‍ന്നതാണ് നമ്മുടെ ഈ ജീവിതമെന്ന് കരുതിയാമതി.”
”അവരെയൊന്നും പുറത്തേക്കൊന്നും കാണുന്നില്ലല്ലൊ.. ആ കുട്ടിയെ എങ്കിലുമൊന്നു കണ്ടാ മതിയായിരുന്നു..”
”വീട്ടിലടച്ചിരിപ്പ് കാലല്ലേ. അകത്തുതന്നെ അടച്ച് പൂട്ടിയിരിപ്പുണ്ടാകും.”
മരുമകന്റെ വീട്ടുകാരും അയല്‍ക്കാരും കൂട്ടുകാരുമൊക്കെ പലപ്പോഴായി അവിടെ വന്നുപോകാറുണ്ടായിരുന്നു. അവരെ സല്‍ക്കരിക്കുന്ന സംസാരവും പൊട്ടിച്ചിരികളും പാത്രങ്ങളുടെ കലമ്പലുകളും ഇടക്കിടെ കടന്നുവന്നിരുന്നു.
”നിങ്ങ്ളെന്താ, ഒന്നും മിണ്ടാതെ മിഴിച്ചിരിക്കണ്.. ചായ വേണ്ടെ?”
”നീ തന്നാലല്ലെ, കുടിക്കാ..”
”റേഷന്‍ കടേന്ന് ആ കിറ്റ് കിട്ടീതാ ഒരാശ്വാസം. അല്ലെങ്കീപ്പൊ മധുരമില്ലാത്ത വെള്ളം ചവച്ചിറക്കേണ്ടി വന്നാനേ.. ഈ മയക്കമൊന്ന് മാറട്ടെ. ചായ എന്നിട്ടെടുക്കാട്ടൊ…”
”ദേഹം അനങ്ങാത്തതു കാരണം ഒരു സുഖോം തോന്ന്ണില്ല. ഈ മഴയൊന്ന് മാറിയെങ്കില്‍ എന്തെങ്കിലുമൊക്കെ പറമ്പില്‍ കൊത്തിക്കിളക്കാമായിരുന്നു. ആ വാഴക്കൊന്ന് മണ്ണ് വെട്ടിക്കൂട്ടീലെങ്കില് മറിഞ്ഞു വീണു പോകും.”
”എന്തിനാ അതൊക്കെ ചെയ്തിട്ട് കാര്യം? അന്ന് കണ്ടില്ലെ, ആ വാഴക്കൊല അവര്‍ വന്ന് വെട്ടിക്കൊണ്ടോയത്.. ഒരു പടല വലിച്ചെറിഞ്ഞെങ്കിലും തന്നോ..”
”നമ്മളെ മൊത്തം വെട്ടിയില്ലേ അവര്‍, പിന്നെയാണോ ഒരു വാഴക്കൊല.. കൊണ്ടോട്ടടീ… പുറത്താരുമല്ലല്ലൊ കൊണ്ടോയത്…”
പടിക്കല്‍, കുട ചൂടിയ അപ്പുണ്ണി മാഷിന്റെ തെളിച്ചപ്പെടല് അവര്‍ കണ്ടു.
”എന്താ രണ്ടാളുംകൂടി ഈ വെളുപ്പാന്‍ കാലത്തൊരു ശൃംഗരിച്ചിരിക്കല്..”
”മാഷെന്താപ്പൊ ഇങ്ങോട്ടൊന്നും കടക്കാത്തെ ..”
”സമ്പര്‍ക്കങ്ങള്‍ കൊറയ്ക്കാനും സാമൂഹിക അകലം പാലിക്കാനുമാണ് സര്‍ക്കാര്‍ പറയ ണ്. നിങ്ങ രണ്ടാളും പ്രായൊള്ളോരല്ലെ, സൂക്ഷിക്കണം.”
”’അപ്പൊ, മാഷിന് പ്രായമൊന്നുമില്ലല്ലേ …”
രത്നമണി വിളിച്ചു ചോദിച്ചു.
മുഖം മറച്ചിട്ടുള്ളതിനാല്‍ അന്നേരത്തെ മാഷിന്റെ ഭാവം വെളിപ്പെട്ടില്ല.
”ഞാന്‍ പോണ്. മരുന്നുകടയില്‍ നിന്ന് ഒരു മരുന്ന് വാങ്ങാനുണ്ട്. പിന്നെ വരാം.”
കടന്നുപോയ അപ്പുണ്ണിമാഷ്, മകളുടെ പടിക്കലെത്തിയപ്പൊ അവിടേയ്ക്ക് ആരോടോ സംസാരിച്ച് കയറിപ്പോകുന്നത് അവിടെയിരുന്ന് അവര്‍ കാണുന്നുണ്ടായിരുന്നു.
ഒരു ദിവസം ആംബുലന്‍സിന്റെ അലോസരപ്പെടുത്തുന്ന ശബ്ദം കേട്ടുകൊണ്ടാണ ് ദേവദാസനും രത്നമണിയും ഒരമിച്ച് ഉറക്കമുണര്‍ന്നത്. വളരെ അടുത്തുനിന്നാണ് അത് കാതുകളില്‍ വന്നലച്ചതും .ഇരുവരും ഒരേ സമയമാണ് മുറിയില്‍ നിന്ന് പിടഞ്ഞെണീറ്റ് ഇറയത്തെത്തിയതും.
ഒരു പകപ്പോടെ നോക്കിയപ്പോള്‍ മകളുടെ വീട്ടുപടിക്കലാണ് ആംബുലന്‍സ് കിടക്കുന്നത് കണ്ടത്.
അവര്‍ മുറ്റത്തേക്ക് തിടുക്കപ്പെട്ട് ഇറങ്ങി. ആംബുലന്‍സിലേക്ക് മകളും മരുമകനും പേരമകളും കയറുന്നു. പരിസരത്തൊന്നും ആളനക്കമില്ല.
അന്നേരം അയല്‍വാസികള്‍ അവരവരുടെ വീടുകളില്‍ നിന്ന് എത്തിച്ചുനോക്കുന്നത് കണ്ടു.
പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ രണ്ട് ആള്‍രൂപങ്ങള്‍ വണ്ടിക്ക് പുറത്ത് നില്‍പ്പുണ്ട്.
ആംബുലന്‍സിന്റെ അരികിലേക്ക് ദേവദാസനും രത്നമണിയും ഓടിച്ചെന്നു.
ആംബുലന്‍സിനുള്ളില്‍ അപ്പുണ്ണി മാഷ് ഇരിക്കുന്നതു കണ്ടു.
”നീങ്ങിപ്പോ നിങ്ങള്‍ മാറിനില്ക്ക് ഇവര്‍ പോസിറ്റീവാ…”
പി പി ഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തി അവരെ അകറ്റുകയും ആംബുലന്സിലേക്ക്കയറുകയും ചെയ്തു. വാതിലുകള്‍ അടഞ്ഞു. ആംബുലന്‍സ് സൈറണ്‍ മുഴക്കി മുന്നോട്ട് പോയപ്പോള്‍ ഇനി എന്താണ് ചെയ്യേണ്ടതെന്നറിയാതെ ദേവദാസനും രത്നമണിയും അന്യോന്യം നോക്കിനില്പ്പായി…