വിദേശ പഠനം
കണ്ണീര്‍ക്കഥയാകുമ്പോള്‍…

വിദ്യ കൊണ്ട് പ്രബുദ്ധരാകണമെന്ന ശ്രീനാരായണ ഗുരുവിന്റെ ഉപദേശം ശിരസാവഹിക്കുന്നവരാണ് പൊതുവേ മലയാളികള്‍. ജാതി, മത ഭേദമെന്യേ വിദ്യാഭ്യാസ കാര്യത്തില്‍ ഇത്രത്തോളം ശ്രദ്ധപുലര്‍ത്തുന്ന സമൂഹം ഇന്ത്യയില്‍ അപൂര്‍വമാണ്. മക്കളെ പഠിപ്പിക്കാന്‍ വേണ്ടി എന്ത് കഷ്ടപ്പാടിനും നാം തയ്യാറാണ്. ഈയൊരു സമീപനമാണ് കേരളത്തിന്റെ എല്ലാ പുരോഗതിയുടെയും അടിസ്ഥാനം. മലയാളികള്‍ ലോകമെമ്പാടും എത്തിപ്പെടാനുള്ള രഹസ്യവും വിദ്യയോടുള്ള അഭിനിവേശവും അവരുടെ വിശേഷബുദ്ധിയും തന്നെ.

എന്‍ജിനിയറിംഗ്, എം.ബി.ബി.എസ്, നഴ്‌സിംഗ് പഠനത്തിനായി അന്യസംസ്ഥാനങ്ങളിലേക്ക് പതിനായിരങ്ങളാണ് വര്‍ഷാവര്‍ഷം ചേക്കേറിയിരുന്നത്. ആ സ്ഥാനം ഇപ്പോള്‍ വിദേശ സര്‍വകലാശാലകള്‍ ഏറ്റെടുത്തു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് മാത്രമല്ല, ബിരുദപഠനത്തിന് പോലും വിദേശത്ത് പോകുന്നത് കേരളത്തിലെ പുതിയ ട്രെന്‍ഡാണ്. മലയാളി പ്രവാസി സമൂഹവും വിദ്യാര്‍ത്ഥികളും ലോകമാകെ വ്യാപിച്ചുകിടക്കുന്നതിനാല്‍ വിദേശത്തെ മിക്കവാറും എല്ലാ സംഭവവികാസങ്ങളും കേരളത്തെ നേരിട്ട് ബാധിക്കും. അതിന് ഉദാഹരണമാണ് ചൈനയിലും യുക്രെയ് നിലും പഠിച്ചിരുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധികള്‍.

കൊവിഡ് മഹാമാരി മൂലം ചൈനയില്‍ നിന്നും യുദ്ധത്താല്‍ യുക്രെയ് നില്‍ നിന്നും മടങ്ങിയ വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും അവസ്ഥ പരിതാപകരമാണ്. പഠനം മുടങ്ങിയ ആശങ്കയും സാമ്പത്തിക ബാദ്ധ്യതയും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ തലത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. സര്‍ക്കാരുകള്‍ക്കാണെങ്കില്‍ ഇത്തരം രാജ്യാന്തര പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് പരിമിതികളുമുണ്ട്.

കുറഞ്ഞ ചെലവില്‍ മെഡിസിനും മറ്റും പഠിക്കാനാകുമെന്നതിനാലാണ് ഒട്ടേറെ കുട്ടികള്‍ ചൈന, ഫിലിപ്പീന്‍സ്, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്നത്. ചില വിദേശ സര്‍വ്വകലാശാലകളുടെ നിലനില്‍പ്പ് തന്നെ ഇന്ത്യക്കാരെ ആശ്രയിച്ചാണെന്നും അറിയുന്നു. മക്കള്‍ എങ്ങിനെയും ഡോക്ടറായി കാണാനുള്ള അച്ഛനമ്മമാരുടെ അഭിലാഷത്താല്‍ പോകുന്നവരും ഏറെയുണ്ട് ഇക്കൂട്ടത്തില്‍. ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികള്‍ ഈ പ്രതിസന്ധിയുടെ ഇരകളാണ്. ഈ കുടുംബങ്ങളുടെയും കുട്ടികളുടെയും ഭാവി തീര്‍ത്തും അനിശ്ചിതത്വത്തിലാണ്.

മൂന്നും നാലും അഞ്ചും വര്‍ഷം ചൈനയില്‍ മെഡിസിന്‍ പഠിച്ച് കൊവിഡ് മൂലം കോഴ്‌സ് പൂര്‍ത്തിയാക്കാനാവാതെ മടങ്ങിവന്ന വിദ്യാര്‍ത്ഥികളുടെയും വീട്ടുകാരുടെയും മനോവിഷമം അവഗണിക്കാവുന്നതല്ല.

23,000ല്‍ പരം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചൈനയിലുണ്ടെന്നാണ് കണക്ക്. ഇതിലേറെയും മെഡിസിന് പഠിക്കുന്നവരാണ്. മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായിരത്തോളം വരും. തിരികെ ചെല്ലാന്‍ ചൈന ഇവര്‍ക്ക് വിസ നല്‍കാത്തതാണ് പ്രശ്‌നം. മെഡിസിന്‍ ഓണ്‍ലൈനായി പഠിക്കുന്നതിന് പരിമിതിയുണ്ട്. പ്രാക്ടിക്കല്‍, ക്‌ളിനിക്കല്‍ പരിചയം കോഴ്‌സിന് അനിവാര്യമാണ്. പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സിക്ക് കാത്തുനില്‍ക്കുന്നവരുടെ കാര്യമാണ് കഷ്ടം. കോഴ്‌സ് സമ്പൂര്‍ണമാകാത്ത സ്ഥിതിയിലാണവര്‍.

രണ്ട് വര്‍ഷമായി ചൈനയിലേക്ക് പോകാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ലോണ്‍ തുടരാന്‍ ചില ബാങ്കുകള്‍ വിസമ്മതിക്കുന്നതും ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. ചൈനീസ് സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ നടത്തുന്നതിനിടെ
ബാങ്കുകള്‍ കടുംപിടുത്തം തുടര്‍ന്നാല്‍ വിദ്യാര്‍ത്ഥികള്‍ വലിയ പ്രതിസന്ധിയിലാകും. ഓണ്‍ലൈന്‍ മെഡിസിന്‍ പഠനം ഇന്ത്യയിലെ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ അംഗീകരിക്കുന്നുമില്ല. വിദേശത്ത് പഠിച്ച് പാസായവര്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാമിനേഷന്‍ പാസാകേണ്ടതുണ്ട്. ആ കടമ്പ കടക്കുന്നവര്‍ നാലില്‍ ഒന്നുപോലുമില്ല.

യുക്രെയ് നി ല്‍ നിന്ന് മടങ്ങിയവര്‍ക്കാകട്ടെ ഇനി പഠനം തുടരാനാകുമോ എന്നും പോലും നിശ്ചയമില്ല. ഇവിടുത്ത വിദ്യാര്‍ത്ഥികളില്‍ ഒരാളൊഴികെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് തന്നെ ആശ്വാസകരമാണ്. യുദ്ധഭൂമിയില്‍ നിന്ന് ജീവനും കൊണ്ടുള്ള ദുരിതപ്രയാണം അവര്‍ക്ക് ജീവിതകാലത്ത് മറക്കാനാവില്ല. ഇവരിലും ബഹുഭൂരിപക്ഷം മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. ചൈനയില്‍ പോയവരേക്കാള്‍ കഷ്ടമാണ് ഇവരുടെ സ്ഥിതി. നയതന്ത്ര ഇടപെടലുകളിലൂടെ ചൈനയിലെ പ്രശ്‌നം എങ്ങിനെയും പരിഹരിക്കാനായേക്കും. പക്ഷേ യുക്രെയ് നിലെ അവസ്ഥ അതല്ല.

പഠിച്ചിരുന്ന സര്‍വകലാശാലകള്‍ റഷ്യന്‍ ബോംബിംഗില്‍ അവശേഷിക്കുന്നുണ്ടോയെന്നു പോലും അറിയില്ല. തിരിച്ചുപോകാനാകുമോ എന്നും ഉറപ്പില്ല. പഠനം തുടരാനാകാതെ കുട്ടികളും സാമ്പത്തിക ബാദ്ധ്യതയില്‍പ്പെടുന്ന രക്ഷിതാക്കളും കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്.

മെഡിസിന്‍ പഠനത്തിന് രാജ്യത്ത് സൗകര്യങ്ങള്‍ ലഭ്യമാകാത്തതിനാലാണ് ചെലവും നിലവാരവും കുറഞ്ഞ വിദേശ സര്‍വകലാശാലകളിലേക്ക് കുട്ടികളെ അയയ്ക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകുന്നത്. സങ്കീര്‍ണമായ പ്രശ്‌നമാണെങ്കിലും ഈ ദുരവസ്ഥയില്‍ നിന്ന് കുട്ടികളെയും രക്ഷകര്‍ത്താക്കളേയും കരകയറ്റാന്‍ വേണ്ടി ചെയ്യാവുന്നതെല്ലാം സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ കൈക്കൊള്ളണം.

ഭാവിയില്‍ ഇത്തരം പ്രതിസന്ധികളെ അകറ്റാന്‍ ഇന്ത്യയില്‍ കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ഉള്‍പ്പെടെ ഉന്നത വിദ്യാലയങ്ങള്‍ ആരംഭിക്കണം. സമര്‍ത്ഥരായ നമ്മുടെ കുട്ടികള്‍ക്ക് വിദേശത്ത് വലിയ അവസരങ്ങള്‍ ലഭിക്കാനും ഇത് ഉപകരിക്കും. ഫീസും മറ്റുമായി ഇപ്പോള്‍ വിദേശത്തേക്ക് പോകുന്ന ശതകോടികള്‍ നാടിന് തന്നെ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ആശ്രയിക്കുന്ന വിദേശ ഇടങ്ങളേക്കാള്‍ ഇന്ത്യയിലെ മെഡിസിന്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഭേദമാകാനേ വഴിയുള്ളൂ.

ഏഷ്യന്‍ – ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കര്‍ണാടക, തമിഴ് നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്ക് മെഡിക്കല്‍ രംഗത്തെ വിവിധ കോഴ്‌സുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ നിലവില്‍ എത്തുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് മെഡിസിന്‍, എന്‍ജിനിയറിംഗ് ഉള്‍പ്പടെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കായി ലോകോത്തര നിലവാരത്തിലുള്ള പഠന സൗകര്യം സൃഷ്ടിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.

Author

Scroll to top
Close
Browse Categories