ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന…..

ആലപ്പുഴയിൽ മേയ് 21ന് നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ ചുക്കും ചുണ്ണാമ്പും തിരിച്ചറിയാൻ പാകമാകാത്ത ഒരു കുഞ്ഞ് ഹൈന്ദവർക്കും ക്രൈസ്തവർക്കും എതിരെ വിളിച്ച ഉന്മൂലനഭീഷണി മുദ്രാവാക്യങ്ങൾ സഹ്യനും വിന്ധ്യനും കടന്ന് ഇന്ദ്രപ്രസ്ഥത്തിൽ വരെ ചർച്ചാവിഷയമായി.

ആലപ്പുഴയിൽ വിദ്വേഷ വാക്കുകൾ വിളിച്ചുപറഞ്ഞത് കുഞ്ഞാണെന്ന് കരുതാം. പക്ഷേ മൂന്നു പതിറ്റാണ്ടിലേറെ എം. എൽ.എയായിരുന്ന പി.സി. ജോർജ്ജ് തിരുവനന്തപുരത്തും എറണാകുളത്തും നടത്തിയ വിദ്വേഷ പ്രസംഗവും ഇതിനൊപ്പം കണക്കിലെടുക്കണം. പി.സി. ജോർജ്ജിന്റെ നാവിൽ നിന്ന് വീണ വിഷം ചീറ്റുന്ന വാക്കുകളും കേരളത്തിലെ സമാധാന അന്തരീക്ഷം കലുഷിതമാക്കാൻ കാരണമായിട്ടുണ്ട്. വാവിട്ട വാക്കും കൈവിട്ട കല്ലും ഒരുപോലെയാണ്. മുസ്ളീം മതത്തെ ഒന്നാകെ ആക്ഷേപിക്കുന്ന രീതിയിലേക്ക് ജോർജ്ജിന്റെ വാക്കുകൾ വന്നുവീണപ്പോഴുണ്ടായ പുകിലുകളും നാം കണ്ടതാണ്. രാജ്യത്തെ മതേതര സ്വഭാവത്തിന് വിനാശകരമാകുന്നുണ്ട് ഇത്തരം മ്ളേച്ഛമായ പദപ്രയോഗങ്ങൾ. പലവട്ടം ഇത്തരം പ്രസംഗങ്ങൾ കോടതിയെ വെല്ലുവിളിച്ചും പി.സി.ജോർജ്ജ് മതിവിദ്വേഷ പ്രസംഗം ആവർത്തിച്ചു. അനുചിതമായിപ്പോയി ഇത്. ജോർജ്ജിന്റെ ജാമ്യാപേക്ഷ റദ്ദാക്കിയ കോടതി നടപടി അതുകൊണ്ട് തന്നെ നീതിയുക്തവുമായി. എന്തും വിളിച്ചുപറയുന്ന ജോർജ്ജിന്റെ കാര്യത്തിൽ നീതി ന്യായ സംവിധാനം മാതൃക കാട്ടി. ജോർജ്ജ് അറസ്റ്റിലുമായി. ‌ ഈ സമീപനമാണ് സ്വാഗതം ചെയ്യേണ്ടത്.

കേരളത്തിലെ മുസ്ളീം ജനവിഭാഗം പൊതുവേ സമാധാനപ്രിയരും പുരോഗമന ചിന്താഗതിക്കാരുമാണ്. ചെറിയൊരു ന്യൂനപക്ഷമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കുറച്ചു വർഷങ്ങളേ ആയിട്ടുള്ളൂ ആ മതത്തിന്റെ സംരക്ഷകർ ചമഞ്ഞ് പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രചിന്താഗതിക്കാരായ സംഘടനകൾ മുസ്ളീം സമൂഹത്തിനുള്ളിൽ അസ്വസ്ഥത പടർത്താൻ തുടങ്ങിയിട്ട്. മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ജോസഫ് മാഷിന്റെ കൈവെട്ടിയ സംഭവത്തിലൂടെ കേരളത്തിന് മാനക്കേടുണ്ടാക്കിയ സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ. കുറേ യുവാക്കൾ ഇവരുടെ കെണിയിൽ വീണ് മതമൗലികവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നുമുണ്ട്. ഇതിനായി നമുക്ക് പരിചിതമല്ലാത്ത വസ്ത്രധാരണ രീതികൾ പോലും അവരിലേക്ക് അടിച്ചേൽപ്പിക്കുന്നു. സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നു. ചില മുസ്ളീം മതപണ്ഡിതരുടെ പ്രഭാഷണങ്ങൾ കേട്ടാൽ അവർ ആധുനിക ലോകത്ത് തന്നെയാണോ ജീവിക്കുന്നതെന്നു പോലും തോന്നിപ്പോകും. ഇത്തരം ചിന്താഗതികൾക്കെതിരെ പരസ്യമായി രംഗത്തുവരാനും എതിർക്കാനും മുസ്ളീം സമുദായ, രാഷ്ട്രീയ നേതാക്കൾ വിമുഖരാകുന്നതാണ് ആ മതത്തിന്റെ ശാപം. ആ മതത്തിനുള്ളിൽ നിന്ന് തന്നെ ശക്തമായ ഒരു നവോത്ഥാനത്തിന്റെ ആവശ്യകതയിലേക്കാണ് ഇത്തരം കാരങ്ങൾ വിരൽ ചൂണ്ടുന്നത്. പഠിക്കേണ്ട പ്രായത്തിൽ മതത്തിൽ മുഴുകാനും മതത്തിന് വേണ്ടി യുദ്ധം ചെയ്യാനും കുട്ടികളെ പ്രേരിപ്പിക്കുന്നത് ആർക്കും നല്ലതിനല്ല.

ജനസംഖ്യയിൽ അഞ്ചിൽ നാലു ഭാഗം ഹിന്ദുക്കൾ വസിക്കുന്ന ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഇവിടെ ആർക്കും ഏതുമതവും പിന്തുടരാനും വിശ്വസിപ്പിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. ഇത്രയേറെ മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നിലവിലുള്ള അപൂർവം രാജ്യങ്ങളിലൊന്നാണ് സ്വതന്ത്രഭാരതം. സവിശേഷമായ സാംസ്കാരിക, സാമൂഹിക, ഭാഷാ വൈവിദ്ധ്യങ്ങളാൽ സമ്പുഷ്ടമായ ഭാരതത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് മതാധിപത്യത്തിന്റെ സൂചനകളാണ് കാണുന്നത്. തീവ്രമത ചിന്തകൾ എന്നത്തേക്കാളുമേറെ പലയിടങ്ങളിലും ശക്തമായി വേരോടുന്നു.

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴണം എന്ന ഗുരുചിന്തയിൽ നിന്ന് മതവും ജാതിയും വർഗവും വർണവും പറഞ്ഞുകൊണ്ട് ഓരോ വിഭാഗങ്ങളും ഇന്ന് ചേരിതിരിഞ്ഞ് സംഘടിച്ച് ശക്തരായി രാഷ്ട്രീയ പാർട്ടികളുണ്ടാക്കി രാഷ്ട്രീയ അധികാരങ്ങൾ നേടിയെടുക്കുകയാണ്. കേരളം തന്നെയാണ് അതിന്റെ ഉത്തമഉദാഹരണം. ജാതിയും മതവും ഒന്നും നോക്കാതെ സ്ഥാനാർത്ഥി ആരെന്നുപോലും അറിയാതെ ആദർശത്തിൽ മാത്രം വിശ്വസിച്ച് കാളപ്പെട്ടിക്കും കുതിരപ്പെട്ടിക്കും വോട്ടു ചെയ്യുന്ന ചരിത്രമുണ്ടായിരുന്നു നമുക്ക്. പിന്നീട് പെട്ടിമാറി ചിഹ്നമായി. ഇപ്പോൾ ചിഹ്നം മാത്രമല്ല, പേരും ജാതിയും മതവും നോക്കിയാണ് വോട്ടുചെയ്യുന്നത്. ഇതിനിടെ രാഷ്ട്രീയ ശക്തി സംഭരിച്ച് അധികാരത്തിലേറി മന്ത്രിമന്ദിരങ്ങളിലെത്തിയ മതതാത്പര്യക്കാർ പൊതുവിഭവങ്ങൾ സ്വന്തക്കാർക്ക് പങ്കിട്ടുകൊടുക്കാൻ മത്സരിച്ചതും നാം കണ്ടു. ജനാധിപത്യം നാട്ടിൽ നിന്ന് എന്നേ നഷ്ടപ്പെട്ടു. മതേതര ചിന്ത മരീചികയായി. മതാധിപത്യം ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തുവെന്ന് പറയുന്നതാണ് കൂടുതൽ ശരി. എല്ലാ സീമകളും ലംഘിച്ച് മതത്തിന്റെയും ജാതിയുടേയും പേരുപറഞ്ഞ് പരസ്പരം പോരടിക്കുകയും കൊല്ലുകയും ചെയ്യുന്ന ഭീകരാവസ്ഥ ഇന്ന് ഈ കൊച്ചു കേരളത്തിൽ നിലനിൽക്കുന്നുണ്ട്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ആലപ്പുഴയിൽ ഉയർന്ന കുഞ്ഞിന്റെ അന്യമത ഉന്മൂലന മുദ്രാവാക്യം. നിഷ്കളങ്കനായ ആ കുഞ്ഞ് വിളിച്ചുപറഞ്ഞത് എന്താണെന്ന് വീണ്ടും പരാമർശിക്കുന്നത് പോലും മലയാളികൾക്ക് അപമാനകരമാണ്. മുദ്രാവാക്യങ്ങൾ കുഞ്ഞിനെ പഠിപ്പിച്ചവരെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി കർശനമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അവർ ഈ രാജ്യത്തിന് ആപത്താണ്. വരാൻ പോകുന്ന വലിയ ദുരന്തത്തിന്റെ സൂചനയായി വേണം ആലപ്പുഴ സംഭവത്തെ വിലയിരുത്തേണ്ടത്.

മനുഷ്യജീവിതത്തിൽ മതവിശ്വാസം അതിരുവിട്ട് പിടിമുറുക്കുമ്പോഴുള്ള വീഴ്ചകളാണ് ഇതിനെല്ലാം കാരണം. ഇങ്ങിനെയൊന്നും ഇവിടെ സംഭവിക്കാൻ പാടില്ല. ശ്രീനാരായണ ഗുരുദേവൻ ജനിച്ച മണ്ണാണിത്. ഗുരുദർശനം ജീവശ്വാസമാക്കിയ ജനകോടികൾ ജീവിക്കുന്ന മണ്ണ്. മതസൗഹാർദ്ദവും പരസ്പര ബഹുമാനവുമാണ് ഇവിടെ അനിവാര്യമായി വേണ്ടത്. ഈ മണ്ണിൽ ശാന്തിയും സമാധാനവും പുലരണം. അശാന്തി പരത്തുന്ന പ്രകോപനപരമായ വാക്കുകളും പ്രവൃത്തികളും ആരുടെ ഭാഗത്തു നിന്നുണ്ടായാലും മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി നേരിടണം. നിയമത്തിന്റെ എല്ലാ ശക്തിയും പ്രയോഗിക്കാൻ സർക്കാരുകൾ തയ്യാറാകണം.

മതേതരത്വത്തിന്റെ പേരും പറഞ്ഞ് പല രാഷ്ട്രീയ പാർട്ടികളും മതങ്ങളെ, പ്രത്യേകിച്ച് ന്യൂനപക്ഷ മതങ്ങളെ താലോലിക്കുന്ന കാഴ്ച നാമെല്ലാം എത്രയോ കാലമായി കാണുന്നു. അത്തരം രാഷ്ട്രീയത്തെ പടിയടച്ച് പിണ്ഡം വയ്ക്കണം. ഇല്ലെങ്കിൽ നാളെ വീണ്ടും ആലപ്പുഴയിലേതിനേക്കാൾ വിനാശകാരിയായ മുദ്രാവാക്യങ്ങൾ ഉയരും.

ആ കുഞ്ഞ് പാവം, ആടെന്തറിയുന്നു അങ്ങാടിവാണിഭം. അവനെ പഠിപ്പിച്ച് വിട്ടത് അവൻ വിളിച്ചുപറഞ്ഞു. പഠിപ്പിച്ചവരെയും ഏറ്റുവിളിച്ചവരെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇനി ഇത്തരം ഒരു സംഭവം കേരളത്തിൽ ആവർത്തിക്കാതിരിക്കട്ടെ. കുഞ്ഞുങ്ങളെ കളിക്കാനും പഠിക്കാനും വിടുക. അവർ പഠിച്ച് വളരട്ടെ. ചെറുപ്പത്തിലേ കുഞ്ഞുതലച്ചോറുകളിലേക്ക് മതമല്ല കയറ്റിവിടേണ്ടത്. ഭാഷയും ശാസ്ത്രവും സഹജീവിസ്നേഹവും കരുണയും സ്വപ്നങ്ങളുമാണ്. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള നമ്മുടെ രാജ്യത്തെ നാളെ നയിക്കേണ്ടവരാണ് അവർ. അതിനുള്ള വിവേകം മാതാപിതാക്കൾ കാണിക്കുമെന്ന് കരുതാം

Author

Scroll to top
Close
Browse Categories