ഒമൈക്രോണ്‍: വീണ്ടും ഉയരുന്ന ആശങ്കകള്‍

കടന്നുപോകുന്ന രണ്ട് വര്‍ഷം ലോകത്തിന് മുമ്പൊരിക്കലും ഉണ്ടാകാത്ത അസാധാരണമായ അനുഭവങ്ങള്‍ പകര്‍ന്ന കാലഘട്ടമാണ്. കൊവിഡ് എന്ന മഹാമാരി പരത്തിയ ദുരിതവും ദു:ഖങ്ങളും നഷ്ടങ്ങളും ജീവിത പ്രതിസന്ധികളും സമാനതകളില്ലാത്തതായിരുന്നു. ആരും പ്രതീക്ഷിക്കാതെ അശനിപാതം പോലെ നമ്മുടെ തലയില്‍ പതിച്ച മഹാമാരിക്കാല പീഡകള്‍ അകന്നു തുടങ്ങി മനുഷ്യര്‍ വീണ്ടും സജീവമായി വരുമ്പോള്‍ പുതിയ ആശങ്കയുമായി ഒമൈക്രോണ്‍ എന്ന കൊവിഡ് വകഭേദം വീണ്ടും നമ്മളെ അസ്വസ്ഥതയിലേക്ക് നയിക്കുന്നു.
ഒമൈക്രോണ്‍ വൈറസിനെക്കുറിച്ച് സമഗ്രമായ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ. നവംബര്‍ 25നാണ് പുതിയ വൈറസ് വകഭേദത്തിന്റെ പ്രഖ്യാപനം ഉണ്ടായത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വൈറസിന് മാരകമായ വ്യാപന ശേഷിയും ഗൗരവതരമായ പ്രഹര ശേഷിയുമുണ്ടെന്നാണ് ഭയപ്പെടുന്നത്. നിലവിലുള്ള കൊവിഡ് പ്രതിരോധവാക്‌സിനുകളെ അതിജീവിക്കുന്നതാണത്രെ ഒമൈക്രോണ്‍.

ലോകത്ത് തന്നെ ഏറ്റവുധികം കൊവിഡ് പ്രതിരോധ വാക്‌സിനേഷനുകള്‍ നടന്നത് നമ്മുടെ രാജ്യത്താണ്. 136 കോടി ജനങ്ങളില്‍ 100 കോടിയിലേറെ വാക്‌സിന്‍ നല്‍കുക എന്നത് അഭിമാനകരമായ നേട്ടമാണ്. കൊവിഡ് വ്യാപനം പിടിച്ചുകെട്ടാന്‍ നമുക്കായി. ലോകത്തിന്റെ വാക്‌സിന്‍ ഹബ്ബാണ് ഇന്ത്യയെന്ന് തെളിയിച്ചു. ഒമൈക്രോണ്‍ ഭീതിയില്‍ അമ്പരന്നു നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സഹായഹസ്തം നീട്ടാന്‍ തയ്യാറായ ആദ്യരാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് അഭിമാനത്തോടെ പറയാം.

പല രാജ്യങ്ങളും അതിര്‍ത്തികള്‍ അടച്ചു തുടങ്ങി. വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക യോഗം വിളിച്ച് മുന്‍കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. വാക്‌സിനേഷനും കൊവിഡ് പരിശോധനയും ഊര്‍ജിതമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സംശയമുള്ളവരെ ക്വാറന്റൈനിലുമാക്കുന്നുണ്ട്. ലോകരാജ്യങ്ങളെല്ലാം വളരെ കരുതലോടെയാണ് ഈ സ്ഥിതിവിശേഷത്തെ നേരിടാന്‍ ഒരുങ്ങുന്നത്.
കൊവിഡ് നിയന്ത്രണങ്ങള്‍ അയഞ്ഞതിന്റെ സന്തോഷത്തില്‍ നാം അഭിരമിക്കുന്ന സന്ദര്‍ഭമാണിത്. രണ്ട് വര്‍ഷത്തോളം വീട്ടിലടച്ചിട്ട ജീവിതങ്ങള്‍ ഇപ്പോള്‍ ആഹ്‌ളാദ തിമിര്‍പ്പിലാണ്. പതിയെ പതിയെ സാധാരണനിലയിലേക്ക് ജനജീവിതം എത്തുന്ന സന്ദര്‍ഭത്തിലാണ് പുതിയ ഭീഷണി ഉയരുന്നത്. അത് എത്രത്തോളം ഗുരുതരമാണെന്ന വ്യക്തമായ ധാരണ നമുക്കാര്‍ക്കും ഇല്ലതന്നെ. പക്ഷേ ഒരു ഭാഗ്യപരീക്ഷണത്തിനും തയ്യാറല്ലാത്തതുകൊണ്ടാണ് ലോകരാജ്യങ്ങള്‍ സമഗ്രമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്.
2020ല്‍ ചൈനയില്‍ നിന്നുത്ഭവിച്ച കൊവിഡ് വൈറസുകള്‍ ഇന്ത്യയിലേക്കെത്താന്‍ അധികം സമയം വേണ്ടിവന്നില്ല. രാജ്യത്ത് തന്നെ കേരളത്തില്‍, നമ്മുടെ തൃശൂരിലായിരുന്നു ആദ്യ രോഗി.
പുതിയ വൈറസ് വകഭേദം ഇന്ത്യയിലേക്കും എത്തുമെന്ന് ഉറപ്പാണ്. ലോകം ഒരു ഗ്രാമത്തെപ്പോലെ എല്ലാം എല്ലാവരും അറിയുന്ന, എല്ലായിടത്തും ക്ഷിപ്രവേഗം എത്തിച്ചേരാനാകുന്ന കാലഘട്ടത്തില്‍ ഇത് പ്രതീക്ഷിക്കുക തന്നെ വേണം.
ഒമൈക്രോണ്‍ വലിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കണമെന്നില്ല. പഠന, ഗവേഷണങ്ങള്‍ തുടരുന്നതേയുള്ളൂ. എങ്കിലും നാം നമ്മുടെയും നാടിന്റെയും സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കണം. അലസതയും അശ്രദ്ധയും പാടില്ല.
പ്രവാസികളായ ദശലക്ഷക്കണക്കിന് മലയാളികളുള്ള കേരളം ആശങ്കപ്പെടുക സ്വാഭാവികമാണ്. ദക്ഷിണാഫ്രിക്ക ഉള്‍പ്പടെ ലോകമെമ്പാടും നമ്മുടെ നാട്ടുകാരുണ്ട്. അതിനാല്‍ തന്നെ മുന്‍കരുതലുകള്‍ അനിവാര്യമാണുതാനും.
കൊവിഡ് ഒന്നാം തരംഗത്തിന്റെയും രണ്ടാം തരംഗത്തിന്റെയും ക്ഷീണത്തില്‍ നിന്ന് നാം കരകയറിയിട്ടില്ലെന്ന കാര്യം എപ്പോഴും ഓര്‍മ്മയില്‍ വേണം.
ലോകത്ത് തന്നെ ഏറ്റവുധികം കൊവിഡ് പ്രതിരോധ വാക്‌സിനേഷനുകള്‍ നടന്നത് നമ്മുടെ രാജ്യത്താണ്. 136 കോടി ജനങ്ങളില്‍ 100 കോടിയിലേറെ വാക്‌സിന്‍ നല്‍കുക എന്നത് അഭിമാനകരമായ നേട്ടമാണ്. കൊവിഡ് വ്യാപനം പിടിച്ചുകെട്ടാന്‍ നമുക്കായി. ലോകത്തിന്റെ വാക്‌സിന്‍ ഹബ്ബാണ് ഇന്ത്യയെന്ന് തെളിയിച്ചു. ഒമൈക്രോണ്‍ ഭീതിയില്‍ അമ്പരന്നു നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സഹായഹസ്തം നീട്ടാന്‍ തയ്യാറായ ആദ്യരാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് അഭിമാനത്തോടെ പറയാം.

മനുഷ്യന്‍ ജോലിയും കൂലിയും ഇല്ലാതെ മാസങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട ലോക്ക്ഡൗണ്‍ കാലങ്ങളില്‍ അത്ഭുതപ്പെടുത്തും വിധം മരുന്നും ഭക്ഷണവും രോഗീപരിചരണങ്ങളുമായി കേരളവും മാതൃക കാട്ടിയിട്ടുണ്ട്. ഇനിയും അതെല്ലാം നമുക്ക് സാധിക്കുകയും ചെയ്യും.
ആരോഗ്യവിദഗ്ദ്ധര്‍ പറയുന്ന എല്ലാ മുന്‍കരുതലുകളും കര്‍ശനമായി പാലിക്കണം. മാസ്‌കുകള്‍ ധരിക്കുകയും കൈകള്‍ ഇടയ്ക്കിടെ കഴുകുകയും ചെയ്യുന്ന ശീലം തുടരാം. വിട്ടുവീഴ്ചകളോ പാളിച്ചകളോ ഉണ്ടാകാതെ നോക്കണം. സര്‍ക്കാരുകള്‍ക്ക് ചെയ്യാനാവുന്നതിന് പരിമിതികളുണ്ട്. പൗരന്മാരുടെ തയ്യാറെടുപ്പുകളാണ് ഏറ്റവും പ്രധാനം.

ആരോഗ്യജീവിതത്തിന് ശ്രീനാരായണ ഗുരുദേവന്‍ പകര്‍ന്നേകിയ സന്ദേശങ്ങള്‍ നമുക്ക് വഴികാട്ടാനുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സാമുദായിക പ്രസ്ഥാനമെന്ന നിലയില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ മാതൃകയാകണം. ശാഖാ, കുടുംബയൂണിറ്റ് തലങ്ങളില്‍ എല്ലാ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും രണ്ട് വാക്‌സിനേഷനുകളും പൂര്‍ത്തിയായെന്ന് ഉറപ്പാക്കണം. കൊവിഡ് ഒന്നാം, രണ്ടാം തരംഗ കാലഘട്ടത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വച്ചവരാണ് നാം. എസ്.എന്‍.ഡി.പി യോഗത്തിന് പുറമേ ചില യൂണിയനുകളും ശാഖകളും ചെയ്ത സേവനങ്ങള്‍ ആരെയും വിസ്മയിപ്പിക്കുന്നതാണ്. സൗജന്യമായും കുറഞ്ഞനിരക്കിലും വാക്‌സിനേഷന്‍ സംഘടിപ്പിച്ചവര്‍ വരെയുണ്ട്. ജാതി മത ഭേദമെന്യേ 70 ലക്ഷത്തിലേറെ രൂപയുടെ ഭക്ഷ്യകിറ്റ് വിതരണവും 2000 പേര്‍ക്ക് വാക്‌സിനേഷനും മറ്റും നടത്തിയ വടക്കന്‍ പറവൂര്‍ യൂണിയന്‍ ഇതിന് ഉദാഹരണമാണ്.

ഇനിയും ഒരു പ്രതിസന്ധിയുണ്ടായാല്‍, സമൂഹത്തെ ഒന്നായി കണ്ട് എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നാം പങ്കാളികളാകണം. ”എല്ലാവരും സുരക്ഷിതരാകും വരെ ആരും സുരക്ഷിതരല്ലെന്ന” ഐക്യരാഷ്ട്ര സഭയുടെ സന്ദേശം തന്നെയാകട്ടെ നമ്മുടെയും പ്രതിജ്ഞ.

Author

Scroll to top
Close
Browse Categories