ഉദ്യോഗസ്ഥ മനസ്സുകളിലെ മാറാത്ത ജാതിചിന്തകൾ
സർക്കാരുകൾ എന്തൊക്കെ പുരോഗമനവാദം പറഞ്ഞാലും പ്രവർത്തിച്ചാലും കുറെ പ്രമാണി ഉദ്യോഗസ്ഥരുടെ മനസ്സിൽ നിന്ന് ജാതി ചിന്തകളും അവർണ വിരോധവും മാറാൻ പോകുന്നില്ലെന്നത് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു റിപ്പബ്ലിക്ക് ദിന പരേഡിന് വേണ്ടി കേരളം സമർപ്പിച്ച ഫ്ലോട്ടിനു നേരിട്ട ദുര്യോഗം. ഫ്ളോട്ടുകൾ പ്രതിരോധവകുപ്പിന്റെ കീഴിലെ ജൂറിയാണ് പരിശോധിച്ചു തിരഞ്ഞെടുക്കുകയും അംഗീകാരം നൽകുകയും ചെയ്യുന്നത്.കേരളം സമർപ്പിച്ചത് തിരുവനന്തപുരത്തെ ജഡായുപ്പാറയും സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക മുന്നേറ്റത്തിന്റെ സൂചനകളുമുള്ള മാതൃകയാണ്.മുന്നിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയും വിഭാവനം ചെയ്തിരുന്നു.അഞ്ചു റൗണ്ട് പരിശോധനകൾക്കു ശേഷം അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇരിക്കെയാണ് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമക്ക് പകരം ശങ്കരാചാര്യരുടെ പ്രതിമയാണ് നല്ലതെന്ന നിർദേശം ജൂറി അംഗങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായത്.കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ മുഖത്തേറ്റ അടിയായിപ്പോയി ഈ നിർദേശം.ശ്രീനാരായണഗുരുവിനെയോ ശങ്കരാചാര്യരെയോ കേരളത്തിന്റെ സാമൂഹിക ചരിത്രത്തെയോകുറിച്ച് ബോധമില്ലാത്ത പുംഗവന്മാരാണ് ജൂറിയിലെന്ന് വിചാരിച്ചു അവഗണിക്കാവുന്ന വിഷയമല്ല ഇത്.