എന്തിനാണ് കരിയും കരിമരുന്നും …

ഉത്സവങ്ങളിൽ ആനയെഴുന്നള്ളിപ്പിന് കേരള ഹൈക്കോടതി കാർക്കശ്യമുള്ള മാർഗനിർദേശങ്ങൾ നൽകിയതിനെ തുടർന്ന് ഈ വിഷയം ഒരിക്കൽക്കൂടി ചൂടേറിയ ചർച്ചയാവുകയാണ് കേരളത്തിൽ. ഉത്സവസീസൺ ആരംഭിക്കുന്നതിനാൽ ആന എഴുന്നള്ളിപ്പ് വിവാദം വരുംദിനങ്ങളിൽ ആനയെപ്പോലെ തന്നെ വലിയ പ്രശ്നമാകാനാണ് സാദ്ധ്യത. കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലാണ് വ്യാപകമായി ഗജവീരന്മാരെ അലങ്കരിച്ച് എഴുന്നള്ളിക്കുക പതിവുള്ളൂ. ‌കരയിലെ ഏറ്റവും വലിയ ഈ ജീവിയെ ഒരു വടിത്തുമ്പാൽ നിയന്ത്രിച്ച് കൊണ്ടുനടക്കുന്നവരാണ് മലയാളികൾ. തിമിംഗലങ്ങൾ കരയിൽ ജീവിച്ചിരുന്നെങ്കിൽ അവയെയും മലയാളികൾ ഉത്സവത്തിന് എഴുന്നള്ളിച്ചേനെയെന്ന ഹൈക്കോടതിയുടെ പരാമർശം ചിന്തനീയമാണ്.

വന്യമൃഗ സംരക്ഷണ നിയമപ്രകാരം ഏറ്റവുമധികം സംരക്ഷണം നൽകേണ്ട ഷെഡ്യൂൾ ഒന്നിൽപ്പെട്ട ജീവിയാണ് ആനകൾ. കേരളത്തിൽ നാട്ടാന സംരക്ഷണ ചട്ടവും നിലവിലുണ്ട്. ഈ നിയമവും ചട്ടങ്ങളും കർശനമായി പാലിച്ചാൽ ആന പരിപാലനവും എഴുന്നള്ളിപ്പുമൊക്കെ പ്രതിസന്ധിയിലാകും. എങ്കിലും ആചാരങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും പേരിലാണ് പല ക്ഷേത്രങ്ങളിലും ആന എഴുന്നള്ളിപ്പ് നടക്കുന്നത്. തൃശൂരും പാലക്കാട്ടും എറണാകുളത്തുമാണ് ഇത്തരം എഴുന്നള്ളിപ്പുകൾ ഏറെയും. രണ്ട് വിഭാഗക്കാർ തമ്മിലുള്ള മത്സരം കൂടിയാകുമ്പോൾ ആനകളും വെടിക്കെട്ടുമൊക്കെയായി ഉത്സവം വലിയ ചെലവുള്ള ഏർപ്പാടുമാകും. ചെലവ് മാറ്റിനിറുത്തിയാൽ കരിയും കരിമരുന്നും ഉയർത്തുന്ന അപകട സാദ്ധ്യത നിസാരവുമല്ല. കൊല്ലത്തെ ഭീകരമായ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം പോലും നമ്മുടെ കണ്ണുതുറപ്പിച്ചില്ല. കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലത്ത് കളിയാട്ടത്തിനിടെ പടക്കശേഖരം കത്തി അഞ്ചുപേരുടെ ജീവൻ പൊലിയുകയും 150ൽപരം പേർക്ക് പൊള്ളലേൽക്കുകയും ചെയ്തത് ആഴ്ചകൾക്ക് മുമ്പാണ്.

കൊച്ചു കേരളത്തിലാണ് ഏറ്റവുമധികം നാട്ടാനകളുള്ളത്. വനംവകുപ്പിന്റെ കർശന നിയന്ത്രണങ്ങൾ ഉണ്ടായിട്ടും ആനപ്രേമികളും ക്ഷേത്രം അധികാരികളും ഉത്സവ മാഫിയയും ദശലക്ഷങ്ങൾ ചെലവിട്ട് സുപ്രീംകോടതി വരെ ആനയെഴുന്നള്ളിപ്പ് തുടരാനായി കേസുകൾ നടത്തുന്നുണ്ട്. ജെ.സി.ബിയും ക്രെയിനും മറ്റും ഇല്ലാതിരുന്ന കാലത്ത് കൂപ്പുകളിലും തടിമില്ലുകളിലും മറ്റും ആനകൾ അനിവാര്യമായിരുന്നു. ഇന്നിപ്പോൾ ആനകളുടെ സ്ഥാനം യന്ത്രങ്ങൾ ഏറ്റെടുത്തു. എന്നാൽ ഉത്സവങ്ങളിൽ ആഘോഷം കൂടിയപ്പോൾ ആനകൾക്ക് പണി കുറയുന്നതിന് പകരം കൂടിയെന്നേയുള്ളൂ. പേരുകേട്ട ആനകളുടെ സാന്നിദ്ധ്യവും ആനകളുടെ എണ്ണവും വെടിക്കെട്ടിന്റെ പൊലിമയുമാണ് ഉത്സവങ്ങളുടെ സ്റ്റാറ്റസ് സിംബൽ. പരമ്പരാഗതമായി ആനകളെ എഴുന്നള്ളിക്കാതിരുന്ന ക്ഷേത്രങ്ങളിൽ പോലും അഞ്ചും ഏഴും ആനകൾ നിരക്കുന്നു. വനം വകുപ്പിന്റെ കർശന നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ് എണ്ണം കൂട്ടാൻ ഉത്സവകമ്മിറ്റിക്കാർക്ക് സാധിക്കാത്തത്. ക്രിസ്ത്യൻ പള്ളികളിലെയും മുസ്ളീം പള്ളികളിലെയുംചടങ്ങുകളിലും ആന എഴുന്നള്ളിപ്പുണ്ട്. ഈ ദേവാലയങ്ങളിൽ ഇത്തരം പുതിയ ആചാരം വ്യാപകമാകാത്തത് നിയമത്തിന്റെ കാർക്കശ്യം ഒന്നുകൊണ്ടു മാത്രമാണ്.
ഓരോ ഉത്സവ സീസണിലും കോടികളുടെ ഇടപാടാണ് ആനയുടെ പേരിൽ നടക്കുന്നത്. കുറേ ആനയുടമകളും ആനബ്രോക്കർമാരും ചേർന്ന് ഈ പാവം ജീവിയെ പണത്തിനുള്ള ഉപാധി മാത്രമായാണ് കാണുന്നത്. നാട്ടാനകളുടെ എണ്ണം അതിവേഗം കുറയുന്നതിനാൽ ഉളളവയെക്കൊണ്ട് പരമാവധി പണം വാരാനാണ് ശ്രമം. സീസണിൽ ആനകൾക്കും പാപ്പാന്മാർക്കും ഉറങ്ങാൻ പോലും സമയം ലഭിക്കുന്നില്ല. ഉത്സവപ്പറമ്പുകളിൽ നിന്ന് ഉത്സവപ്പറമ്പുകളിലേക്ക് ലോറികളിൽ പായുകയാണ് ഈ ആനകളും കുറേ മനുഷ്യരും.

ആനകൾ ഇടയുന്നതും പാപ്പാന്മാരെയും മറ്റുള്ളവരെയും കൊല്ലുന്നതും സാധാരണ സംഭവങ്ങളാണ്. എന്നാലും ആനഭ്രാന്തിൽ നിന്ന് മലയാളികൾക്ക് മോചനമില്ല. ആനകളെ ഇത്രയേറെ സ്നേഹിക്കുന്ന ജനസമൂഹം ലോകത്ത് ഈ കേരളത്തിൽമാത്രമേ കാണൂ. ഓരോ ആനയെയും ഒറ്റനോട്ടത്തിൽ തിരിച്ചറിയാവുന്ന, ആ ജീവിയുടെ ‘ജാതകം” പോലും അറിയാവുന്ന പതിനായിരക്കണക്കിന് മലയാളികളുണ്ട്.

കാട്ടിൽ സ്വതന്ത്രമായി വിഹരിക്കേണ്ട വന്യമൃഗത്തെ അവയ്ക്ക് തിരിച്ചറിയാത്ത സ്നേഹം കൊണ്ട് കൊല്ലുകയാണ് മലയാളികൾ. ഭക്ഷണവും വേദനയും മാത്രമാണ് മനുഷ്യരിൽ നിന്ന് ആനയ്ക്ക് മനസിലാകുന്ന ഭാഷ. പട്ടിണിക്കിട്ടും തല്ലിമെരുക്കിയും കൊണ്ടുനടക്കുന്ന ആനകളുടെ ദുരിതം നെറ്റിപ്പട്ടവും കോലവുമേറ്റി തീവെട്ടിയുടെ തിളക്കത്തിൽ നിൽക്കുമ്പോൾ ആരും അറിയുന്നില്ല.

ആചാരങ്ങളുടെ പേരു പറഞ്ഞാണ് ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും പിന്തുടരുന്ന ചില സമ്പ്രദായങ്ങൾ നിലനിറുത്താനുള്ള ശ്രമം. ലോകം ഇപ്പോൾ കൃത്രിമബുദ്ധിയുടെ കാലത്താണ് സഞ്ചരിക്കുന്നതെന്ന് ഇക്കൂട്ടർ മറക്കുന്നു. കാലത്തിനനുസരിച്ച് മാറ്റേണ്ട ആചാരങ്ങൾ മാറ്റിയേ തീരൂ. ആചാരങ്ങളെ മുറുകെപ്പിടിച്ചിരുന്നാൽ നാം പിന്നാക്കം പോകും. അവർണക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചിരുന്നതും ഒരു ആചാരമായിരുന്നു. അത്തരം അയിത്തങ്ങളെയും അനാചാരങ്ങളെയും പുറംകാൽ കൊണ്ട് തട്ടിയെറിഞ്ഞ മണ്ണാണിത്. ആനകൾക്ക് പകരം പല്ലക്കിൽ തിടമ്പ് ചുമന്നാലും കുഴപ്പമില്ല. ചേർത്തല കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ആനയെഴുന്നള്ളിപ്പ് വേണ്ടെന്നുവച്ചിട്ട് പതിറ്റാണ്ടുകളായി. അവിടെ ദേവചൈതന്യത്തിന് ഒരു കുഴപ്പവും സംഭവിച്ചില്ല.

ക്ഷേത്രങ്ങളിൽ കരിയും കരിമരുന്നും വേണ്ടെന്ന് ശ്രീനാരായണ ഗുരു പറഞ്ഞത് ഒരു നൂറ്റാണ്ട് മുമ്പാണ്. ഗുരുവിനെ ദൈവമായി കരുതുന്ന നമ്മൾ പോലും ഈ രണ്ടുകാര്യങ്ങളും പൂർണമായി ഉപേക്ഷിച്ചിട്ടില്ല. ആനയും കരിമരുന്നും മൂലം ഉണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് പലരും ബോധവാന്മാരല്ല. ആനയുടെ ചെലവും ജീവഹാനികളും വെടിക്കെട്ട് ദുരന്തങ്ങളും എത്രയായാലും നാം മാറി ചിന്തിക്കുന്നില്ല. ചെറിയ ക്ഷേത്രങ്ങളിൽപ്പോലും ദശലക്ഷങ്ങളാണ് ഉത്സവചെലവ്. കരിയും കരിമരുന്നും ഒഴിവാക്കിയാൽ ഇതിലേറെയും ലാഭിക്കാം. അപകട സാദ്ധ്യതകളും ഒഴിവാക്കാനാകും. ചെലവു കുറയുമ്പോഴുണ്ടാകുന്ന നീക്കിയിരിപ്പ് പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനോ മറ്റ് ഗുണകരമായ കാര്യങ്ങൾക്കോ ചെലവഴിക്കാനാണ് ശ്രമിക്കേണ്ടത്. ഇത്തരം പുരോഗാത്മകമായ ചിന്തകളാണ് ശ്രീനാരായണ ഗുരു നമുക്ക് സമ്മാനിച്ചത്. ആ പാതയിലാണ് നാമെല്ലാവരും സഞ്ചരിക്കേണ്ടത്.

Author

Scroll to top
Close
Browse Categories