എന്തുപറ്റി കേരളത്തിലെ യുവാക്കൾക്ക് ?

കേരളത്തിലെ കൂട്ടക്കാലപാതകങ്ങളുടെയും അക്രമങ്ങളുടെയും ലൈംഗികപീഡനങ്ങളുടെയും മറ്റും ഉള്ളുലയ്ക്കുന്ന വാർത്തകളാണ് ദിനവും മാധ്യമങ്ങളിൽ നിറയുന്നത്. തിരുവനന്തപുരം വെഞ്ഞാറമൂടിൽ 23കാരൻ അഫാൻ അനുജനെയും അമ്മൂമ്മയെയും കാമുകിയെയും രണ്ട് ഉറ്റബന്ധുക്കളെയും ചുറ്റികയ്ക്ക് തലയ്ക്കടിച്ചുകൊന്ന സംഭവം സമൂഹത്തെ ഞെട്ടിച്ചു. തലയ്ക്കടിയേറ്റ കാൻസർ രോഗിയായ അമ്മയ്ക്ക് തലനാരിഴയ്ക്കാണ് ജീവൻ തിരിച്ചുകിട്ടിയത്. ഈ ക്രൂരകൃത്യങ്ങൾ അളന്നുകുറിച്ച് കൃത്യതയോടെ നിർവഹിച്ച് ഒരു പരിഭ്രാന്തിയുമില്ലാതെ ശാന്തനായാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തിയത്. അവിടെ വച്ച് എലിവിഷം കഴിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. അഫാന്റെ മാനസികാവസ്ഥ വിലയിരുത്തിയാൽ നമ്മുടെ യുവതലമുറയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടേണ്ടിവരും.
എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് മണിക്കൂറുകൾ ശേഷിക്കവേയാണ് തലശേരിയിൽ ഷഹബാസ് എന്ന പത്താംക്ളാസുകാരനെ കൂട്ടുകാർ തലയ്ക്കടിച്ചുകൊന്നത്. ജനുവരി 16നാണ് വടക്കൻ പറവൂരിൽ റിതു ജയൻ എന്ന ചെറുപ്പക്കാരൻ അയൽവാസിയുടെ വീട്ടിൽ കയറിചെന്ന് യുവതിയെയും മാതാപിതാക്കളെയും കുഞ്ഞുമക്കളുടെ മുന്നിലിട്ട് ബൈക്കിന്റെ ഷോക്ക് അബ്സോർബർ ഷാഫ്റ്റു കൊണ്ട് തലയ്ക്കടിച്ച് കൊന്നത്. കൃത്യം ചെയ്ത ശേഷം വീരനെപ്പോലെ അയാളും നിസ്സംഗനായി പൊലീസിന് മുന്നിലേക്കെത്തി. ജനുവരി 18ന് താമരശേരിയിൽ ബ്രെയിൻട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലായിരുന്ന സുബൈദയെ വെട്ടിക്കൊന്ന ശേഷം മകൻ, ലഹരിക്കടിമയായ ആഷിക്ക് പറഞ്ഞത് ജന്മമേകിയതിനുള്ള ശിക്ഷയാണ് അമ്മയ്ക്ക് നൽകിയതെന്നാണ്. കൊലക്കേസിൽ ജാമ്യത്തിൽ കഴിയവേയാണ് പാലക്കാട് നെന്മാറയിൽ ചെന്താമര ജനുവരി 27ന് തന്റെ ആദ്യ ഇരയുടെ ഭർത്താവിനെയും അമ്മയെയും വെട്ടിക്കൊന്നത്. പിടിയിലായപ്പോൾ താൻ സംതൃപ്തനാണെന്നും ശിഷ്ടകാലം ജയിലിൽ കഴിഞ്ഞോളാമെന്നുമാണ് പറഞ്ഞത്. പൂവിറുക്കുന്ന ലാഘവത്തോടെയാണ് ഇവരെല്ലാം ജീവനുകളെടുത്തത്.
രക്തബന്ധവും സ്നേഹബന്ധവും ഒന്നും അക്രമങ്ങൾക്ക് തടസമല്ല. പ്രണയവും കാമവും ചിലഘട്ടങ്ങളിൽ ജീവനെടുക്കുന്ന പകയിലേക്ക് വഴിമാറുന്നു. അയൽക്കാരെയും സുഹൃത്തുക്കളെയും നിസാരകാരണങ്ങളുടെ പേരിലാണ് കുത്തിമലർത്തുന്നത്. മനുഷ്യജീവനും ബന്ധങ്ങൾക്കും ഒരു വിലയുമില്ലാത്ത രീതിയിലേക്ക് കേരളം മാറുകയാണ്. തുടർച്ചയാകുന്ന പൈശാചിക കൊലപാതകങ്ങളിൽ ചോരക്കളമാവുകയാണ് കേരളം. പുതിയ തലമുറ മാത്രമല്ല, മുതിർന്നവരും അക്രമത്തെക്കുറിച്ച് ലാഘവത്തോടെയാണ്ചിന്തിക്കുന്നത്. ബാലിശമായ കാര്യങ്ങൾക്ക് പോലും ജീവനെടുക്കുന്ന പക അവരുടെ മനസുകളിൽ വളരുന്നുവെങ്കിൽ, അത് സമൂഹത്തിന്റെ കുഴപ്പമാണ്. ആഴത്തിൽ ചിന്തിക്കേണ്ട കാര്യമാണിത്. വിദ്യാർത്ഥികൾക്കിടയിലെ ക്രൂരമായ റാഗിംഗിനെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്കിടെയാണ് ഇത്തരം കൊലപാതകവാർത്തകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉണ്ടായത്.
മന്ത്രവാദവും കുടുംബ വഴക്കും പകയും സമ്പത്തിനോടുള്ള ആർത്തിയുമൊക്കെ കൊലപാതകങ്ങളിലേക്ക് നയിക്കുന്നു. മദ്യം- മയക്കുമരുന്ന് ഉപയോഗം, വിവാഹേതര ബന്ധങ്ങൾ, ബ്ലേഡ് – സ്വർണക്കടത്ത് മാഫിയ, സെക്‌സ് റാക്കറ്റ് തുടങ്ങിയവയുടെ അതിപ്രസരമാണ് കേരളീയ യുവതലമുറയെ ഇപ്പോൾ അക്രമങ്ങളിലേക്ക് എത്തിക്കുന്നതെന്ന് പറഞ്ഞാൽ തെറ്റാവില്ല. അതിനിടെയാണ് അക്രമത്തെയും കൊ ലപാതകത്തെയും മഹത്വവത്കരിക്കുന്ന പുതുതലമുറ മലയാളം സിനിമകളുടെയും, സാമൂഹ്യാന്തരീക്ഷത്തിൽ വിഷം കലർത്തുന്ന തരംതാണ ടി.വി. സീരിയലുകളുടെയും സ്വാധീനം യുവമനസുകളെ ക്രൂരതകളിലേക്ക് നയിക്കുന്നു. ഇത്തരം ചില സിനിമകൾ നൂറുകോടി ക്ളബ്ബിലേക്ക് വരെ എത്തുന്നത് അതിശയകരമാണ്. പല സിനിമകളിലെയും നായക കഥാപാത്രങ്ങൾ മയക്കുമരുന്നുപയോഗിക്കുന്ന വാടകക്കൊലയാളികളാണ്.
കൗമാരക്കാരെയും യുവാക്കളെയും വഴിതെറ്റിക്കുന്ന രാസലഹരികൾ സംസ്ഥാനത്ത് അതിവേഗം വ്യാപിക്കുന്നുണ്ട്. സമർത്ഥരായ വിദ്യാർത്ഥികളെ ഉൾപ്പെടെ യുവതലമുറയെ മുച്ചൂടും നശിപ്പിക്കുന്ന എം.ഡി.എം.എയും എൽ.എസ്.ഡിയും പോലുള്ള മാരകലഹരിവസ്തുക്കൾ കാമ്പസുകളിൽ സുലഭം. രാവെന്നോ പകലെന്നോ ഇല്ലാതെ ലഹരിയിൽ മുങ്ങിയ യുവതീയുവാക്കൾ പ്രമുഖനഗരങ്ങളിലെ പൊതുഇടങ്ങളിലും ഹോട്ടലുകളിലെ ഡീജെ, ലഹരിപാർട്ടികളിലും അഴിഞ്ഞാടുകയാണ്. നെഞ്ചിൽ തീയുമായാണ് കൗമാരക്കാരുടെയും പ്രൊഫഷണൽ കോളേജുകളിലെയും വിദ്യാർത്ഥികളുടെയും മാതാപിതാക്കൾ കഴിയുന്നത്. നൂറുകണക്കിന് ലഹരിക്കേസുകൾ കേരളത്തിലെ പൊലീസ്, എക്സൈസ് സ്റ്റേഷനുകളിൽ ദിവസവും രജിസ്റ്റർ ചെയ്യുന്നുണ്ട്. മയക്കുമരുന്നിന് പണമില്ലാതാകുമ്പോൾ എന്ത് ചെയ്യാനും ലഹരിക്ക് അടിമകളായവർ മടിക്കില്ല. സംസ്ഥാനത്തെ അക്രമസംഭവങ്ങളിൽ രാസലഹരിക്കും മയക്കുമരുന്നുകൾക്കും വലിയ പങ്കുണ്ട്. ഈ സാമൂഹ്യവിപത്തിനെതിരെ കർക്കശ നടപടികൾ സ്വീകരിക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണം. മയക്കുമരുന്നിന്റെ സ്വാധീനത്തിൽപ്പെട്ട യുവാക്കളെ ഒറ്റപ്പെടുത്താതെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ രക്ഷിതാക്കളും ശ്രമിക്കണം.
സമൂഹമാധ്യമങ്ങളുടെയും മറ്റും സ്വാധീനവും മാറിയ സാമൂഹ്യസാഹചര്യങ്ങളും അണുകുടുംബങ്ങളിലെ ഒറ്റപ്പെടലുകളും ഗാർഹിക പ്രശ്നങ്ങളും മറ്റും കുട്ടികളുടെയും കൗമാരക്കാരുടെയും ചിന്താഗതികളെ സ്വാധീനിക്കുന്നുണ്ട്. അവർക്ക് വേണ്ട മാനസികമായ പിന്തുണയും മാർഗനിർദേശങ്ങളും ലഭിക്കാത്തതിനാലും അദ്ധ്യാപകരുടെ പഴയപോലുള്ള ഇടപെടലുകളുടെ അഭാവവും കുട്ടികളെ വഴിതെറ്റിക്കും. ഒറ്റയ്ക്ക് ഈ പ്രശ്നത്തെ ആർക്കും നേരിടാനാവില്ല. വീട്ടിലും വിദ്യാലയങ്ങളിലും പൊതുവിടങ്ങളിലും എല്ലാവരും ജാഗ്രതയോടെ രംഗത്തിറങ്ങണം. സംസ്ഥാന സർക്കാരും സർക്കാർ ഏജൻസികളും സന്നദ്ധസംഘടനകളും മത, സാമുദായിക, യുവജന പ്രസ്ഥാനങ്ങളും മദ്യത്തിനും മയക്കുമരുന്നിനും അക്രമത്തിനും എതിരെ പ്രതികരിക്കണം. പൊലീസ്, എക്സൈസ് സേനകൾ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ മയക്കുമരുന്നുവേട്ട ശക്തമാക്കണം. മയക്കുമരുന്നു വിപണനം ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും അരുത്. അക്രമത്തെയും ലഹരിയെയും പ്രോത്സാഹിപ്പിക്കുന്ന സിനിമ ഉൾപ്പെടെയുള്ള വിനോദങ്ങൾ തടയണം. ഡീജെ പാർട്ടികളും ഫിറ്റ്നെസ് സെന്ററുകളും കർശന നിരീക്ഷണത്തിലാക്കണം. സ്കൂളുകളിലും കോളേജുകളിലും ബോധവത്കരണ പരിപാടികൾ മുടക്കം കൂടാതെ നടത്തണം. ബാലാവകാശ, വനിതാ, യുവജന കമ്മീഷനുകൾക്കും ഇക്കാര്യത്തിൽ ഒട്ടേറെ സംഭാവനകൾ ചെയ്യാനാകും. പ്രാദേശികതലങ്ങളിൽ കൗൺസലിംഗ് സെന്ററുകളും ലഹരിവിമുക്തി കേന്ദ്രങ്ങളും ഗൈഡൻസ്, സപ്പോർട്ട് സെന്ററുകളം ആരംഭിക്കണം. കേരളം ഒരേ മനസോടെ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാൽ ലഹരിപ്രശ്നങ്ങളും അക്രമവും നിയന്ത്രിക്കാനാകും. സാദ്ധ്യമായ എല്ലാ പിന്തുണയും നൽകാൻ എസ്.എൻ.ഡി.പി. യോഗവും തയ്യാറാണ്.