വിഴിഞ്ഞം ഇന്ത്യയുടെ പ്രതീക്ഷ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായതോടെ കപ്പൽചരക്കുഗതാഗത രംഗത്ത് ഇന്ത്യയും കേരളവും പ്രധാനപ്പെട്ട സ്ഥാനം സ്വന്തമാക്കി. എല്ലാ ഭാരതീയർക്കും അഭിമാനിക്കാവുന്ന നേട്ടം. വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ടം യാഥാർത്ഥ്യമാകാൻ മൂന്ന് പതിറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നു എന്ന ന്യൂനത മാറ്റി നിറുത്തിയാൽ കേരളത്തിന്റെ വികസനത്തിനും ഭാവിക്കും ഈ തുറമുഖം വലിയ സംഭാവനകൾ നൽകാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. കേരള, കേന്ദ്ര സർക്കാരുകളും സ്വകാര്യ കമ്പനിയായ അദാനി പോർട്ടും ചേർന്നുള്ള സംരംഭത്തിന് പിന്നിൽ പഴയതും പുതിയതുമായ ഒട്ടേറെ പ്രതിസന്ധികളുടെയും പ്രോത്സാഹനങ്ങളുടെയും കഥകളുണ്ട്. രാജ്യത്തെ ആദ്യ സമ്പൂർണ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം, കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപം, ലോകത്തെ തന്നെ ഏറ്റവും ആഴമേറിയ തുറമുഖങ്ങളിലൊന്ന് തുടങ്ങി നിരവധി സവിശേഷതകൾ വേറെയും സ്വന്തമാണ്.

വിഴിഞ്ഞത്തിന് വേണ്ടി 2000 മുതൽ പലരീതിയിൽ ശ്രമങ്ങൾ നടന്നു. 2010ൽ ടെണ്ടർ നടപടികൾ തുടങ്ങിയെങ്കിലും ചൈനീസ് കമ്പനിയുടെ സാന്നിദ്ധ്യം ഉണ്ടായതോടെ കേന്ദ്ര സർക്കാർ പദ്ധതിക്ക് അനുമതി നിഷേധിച്ചു. പിന്നീട് ഉമ്മൻചാണ്ടി സർക്കാരാണ് ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിയത്. പ്രാദേശികമായ എതിർപ്പുകളും പ്രതിഷേധങ്ങളും മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ അദാനി ഗ്രൂപ്പുമായി കരാർ ഒപ്പിട്ടു. 2015 ഡിസംബറിൽ പണിയും തുടങ്ങി. ചുഴലിക്കൊടുങ്കാറ്റ്, പ്രളയം, കൊവിഡ് തുടങ്ങി തടസങ്ങളുടെ പരമ്പരകൾ കടന്നാണ് ഇപ്പോൾ പദ്ധതിയുടെ ആദ്യഘട്ടം യാഥാർത്ഥ്യമാകുന്നത്. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങളും തൊഴിൽ തർക്കങ്ങളും പുലിമുട്ടുനിർമ്മാണത്തിനുള്ള കരിങ്കൽ ലഭ്യത പ്രശ്നങ്ങളുമൊക്കെയുണ്ടായെങ്കിലും ഉറച്ച നിലപാടുകളിലൂടെ വിഴിഞ്ഞം പദ്ധതിയെ സാഫല്യത്തിലേക്കെത്തിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയൻ വഹിച്ച പങ്കും നിർണായകമായിരുന്നു.

തുറമുഖത്തിന്റെ ഒന്നാം ഘട്ടമാണ് ഇപ്പോൾ റെഡിയായത്. 600 മീറ്റർ ഡോക്കിൽ കപ്പലുകൾ അടുപ്പിക്കാം. 8867 കോടി നിക്ഷേപത്തിൽ 5595 കോടി സംസ്ഥാനത്തിന്റെയും 818 കോടി കേന്ദ്രത്തിന്റെയും വിഹിതമാണ്. 2028-29ൽ പദ്ധതി പൂർത്തീകരിക്കുമ്പോൾ മൊത്തം നിക്ഷേപം 20000 കോടിയിലെത്തും. വിഴിഞ്ഞത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തുറമുഖത്തിന്റെ ആഴം ഡ്രഡ്ജിംഗ് കൂടാതെ തന്നെ 20-24 മീറ്ററാണെന്നതാണ്. അടിത്തട്ടിൽ പാറയുള്ള ഇത്തരം സ്വാഭാവിക തുറമുഖം ലോകത്ത് അപൂർവ്വമാണ്. സൂയസ് കനാലിനും മലാക്ക കടലിടുക്കിനും മദ്ധ്യേയുള്ള അന്താരാഷ്ട്ര കപ്പൽപാതയുടെ സാന്നിദ്ധ്യമാണ് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്. യൂറോപ്പ്, പേർഷ്യൻ ഗൾഫ്, പൂർവ്വേഷ്യ എന്നീ മേഖലകളിലേക്കുള്ള കയറ്റിറക്കുമതിക്ക് ഏറ്റവും അനുയോജ്യമായ ഇടമായി ദക്ഷിണേന്ത്യ മാറും. മറ്റൊരർത്ഥത്തിൽ ആഗോള ചരക്കുകപ്പൽ ഗതാഗത മേഖലയിലേക്കുള്ള ഇന്ത്യയുടെ രംഗപ്രവേശനത്തിന് കൂടി വിഴിഞ്ഞം വഴിയൊരുക്കും.

20,000 കണ്ടെയ്‌നറുകൾ വരെ വഹിക്കാവുന്ന, 400 അടിയിലേറെ നീളമുള്ള ഏറ്റവും വലിയ മദർഷിപ്പുകൾ അടുപ്പിക്കാവുന്ന രാജ്യത്തെ ഏകതുറമുഖമാണിത്. ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമെന്നാൽ പലരാജ്യങ്ങളിൽ നിന്ന് വിവിധ ലക്ഷ്യങ്ങളിലേക്കുള്ള കണ്ടെയ്‌നറുകൾകൈകാര്യം ചെയ്യുന്നയിടമാണ്. സമയ, നിരക്ക് ലാഭം കൂടാതെ കസ്റ്റംസ് ഇടപെടലുകളും ഉണ്ടാകില്ല. മദർഷിപ്പുകൾ ഇറക്കുന്ന കണ്ടെയ്‌നറുകൾ ചെറിയ കപ്പലുകളിലേക്ക് മാറ്റിയാണ് ലക്ഷ്യങ്ങളിലേക്കെത്തിക്കുക. ഇപ്പോൾ കൊളംബോയാണ് ഇന്ത്യയുടെ തൊട്ടടുത്തുള്ള ഇത്തരം ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം, സിംഗപ്പൂരും ദുബായുമാണ് മറ്റ് രണ്ടെണ്ണം. ഇവിടെയൊന്നും ആശ്രയിക്കാതെ ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള ചരക്കുകൾ ഇനി രാജ്യത്ത് നിന്ന് നേരിട്ട് അയയ്ക്കാം. ഇപ്പോൾ ഇന്ത്യയുടെ 75% ട്രാൻസ് ഷിപ്പ്മെന്റ് കാർഗോയും വിദേശരാജ്യങ്ങളിലൂടെയാണ് കൈകാര്യം ചെയ്യുന്നതെന്ന വസ്തുത കണക്കിലെടുത്താലേ ഈ തുറമുഖത്തിന്റെ പ്രാധാന്യം മനസിലാകൂ. രാജ്യത്തെ ആദ്യസെമി ഓട്ടോമാറ്റിക് തുറമുഖം കൂടിയാണ് വിഴിഞ്ഞം. ആധുനിക ഓട്ടോമേഷൻ, ഐ.ടി സംവിധാനങ്ങളും ഇവിടെയുണ്ട്.

വിഴിഞ്ഞം തുറമുഖം നിർമ്മിച്ച അദാനി പോർട്ട്സിനെക്കുറിച്ചും രാഷ്ട്രീയവും അല്ലാതെയുമുള്ള ആക്ഷേപങ്ങൾ ഒരുപാട് ഉയർന്നെങ്കിലും രാജ്യത്തെ വിഴിഞ്ഞം ഉൾപ്പടെ പത്ത് തുറമുഖങ്ങളുടെയും മൂന്ന് ടെർമിനലുകളുടെയും നടത്തിപ്പ് ചുമതലയുള്ള സ്ഥാപനം കൂടിയാണിത്. അവരുടെ കീഴിലുള്ള ഗുജറാത്തിലെ മുൻദ്ര തുറമുഖം ഇന്ത്യയിലെ ആദ്യസ്വകാര്യ, ഏറ്റവും വലിയ കണ്ടെയ്‌നറുകൾ തുറമുഖം കൂടിയാണ്. ഈ രംഗത്തെ അവരുടെ അനുഭവ സമ്പത്തിനെ ഒട്ടും കുറച്ചു കാണാൻ കഴിയില്ല. ആഗോള ടെണ്ടറിലൂടെ നടപ്പാക്കുന്ന പദ്ധതികളിൽ ചൈനയിൽ നിന്നുൾപ്പടെയുള്ള വിദേശ കമ്പനികൾ രംഗപ്രവേശനം ചെയ്യുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലത് തദ്ദേശ സ്ഥാപനങ്ങൾ തന്നെ വരുന്നതാണ്. കൊളംബോയിൽ ഹംപൻടോട്ട തുറമുഖം ചൈനയുടെ നിയന്ത്രണത്തിലായതിന്റെ ദുരന്തം ഇപ്പോൾ ആ രാജ്യം അനുഭവിക്കുന്നുണ്ട്. കൂടാതെ ഇന്ത്യയ്ക്ക് അത് സുരക്ഷാ ഭീഷണി കൂടിയായി.

2028 – 29ൽ വിഴിഞ്ഞത്തിന്റെ നാലുഘട്ടവും പൂർത്തിയാകണം. അപ്പോൾ നാല് ബെർത്തുകളുള്ള വർഷം 65 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വമ്പൻ തുറമുഖമായി മാറും. ലോകത്തെ പ്രമുഖ ഷിപ്പിംഗ്, കാർഗോ കമ്പനികളുടെ സാന്നിദ്ധ്യം ഉറപ്പായും ഇവിടെ ഉണ്ടാകും. അതിലൂടെ തിരുവനന്തപുരം ജില്ലയ്ക്ക് സാമ്പത്തികമായി വലിയ വളർച്ചയിലേക്ക് നീങ്ങാനാകും. അനുബന്ധമായി നിരവധി ബിസിനസുകളും ബിസിനസ് സാദ്ധ്യതകളും രൂപപ്പെടും. ആവശ്യമായ മുന്നൊരുക്കങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങളും തയ്യാറാക്കാൻ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും സൂക്ഷ്മമായ ആസൂത്രണങ്ങൾ നടത്തേണ്ടതുണ്ട്. തുറമുഖത്തേക്ക് റോഡ്,റെയിൽ കണക്ടിവിറ്റിയും എത്രയും വേഗം ഒരുക്കുകയും വേണം.
വിഴിഞ്ഞത്തിന്റെ വികസന സ്വപ്നങ്ങളെ വാനോളം വർണിക്കുമ്പോഴും 2011ൽ ഇതിലും വലിയ പ്രതീക്ഷകളും ആഘോഷവുമായി ഉദ്ഘാടനം ചെയ്യപ്പെട്ട കൊച്ചി ഇന്റർനാഷണൽ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ എന്ന വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിന്റെ ദുർഗതി നമ്മുടെയെല്ലാം മനസിൽ വേണം. ഇന്ത്യൻ ചരക്കുകൾ നേരിട്ട് ആഗോള മാർക്കറ്റിലെത്തിക്കാൻ വിഭാവനം ചെയ്ത 3200 കോടിയുടെ ഈ പദ്ധതി ഇപ്പോൾ മുടന്തുകയാണ്. പൂർണശേഷി ഇതുവരെ കൈവരിക്കാനുമായിട്ടില്ല. ലോകപ്രശസ്തരായ ദുബായ് പോർട്ട്സ് വേൾഡാണ് വല്ലാർപാടം ടെർമിനലിന്റെ നടത്തിപ്പുകാർ. 250 ഏക്കർ ഭൂമി ടെർമിനലിനായി പോർട്ട് ട്രസ്റ്റ് കൈമാറിയത് വർഷം 250 രൂപ മാത്രം പാട്ടം നിശ്ചയിച്ചാണ്. ടെർമിനൽ വന്നപ്പോൾ കൊച്ചിയിൽ കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള അവകാശം കൊച്ചിൻ പോർട്ടിനില്ലാതായതോടെ അവരും നഷ്ടത്തിലായി. വല്ലാർപാടത്തിനായി വർഷാവർഷം നൂറുകോടിയിലേറെ മുടക്കി കൊച്ചിൻ പോർട്ട് ഡ്രഡ്ജിംഗ് നടത്തുകയും വേണം. കളമശേരിയിൽ നിന്ന് വല്ലാർപാടം ടെർമിനലിലേക്ക് നാലുവരി പാത കേന്ദ്രം പണിതു. അവിടേയ്ക്ക് കൊച്ചി കായലിന് മുകളിലൂടെ ഇന്ത്യയിലെ ഏറ്റവും നീളമേറിയ റെയിൽപാലവും നിർമ്മിച്ചു. മാസം ഒരു ട്രെയിൻ പോലും ഇതിലൂടെ സഞ്ചരിക്കുന്നില്ല. മദർഷിപ്പുകൾ ഇവിടേക്കെത്തണമെങ്കിൽ 14.5 മീറ്ററുള്ള കപ്പൽചാലിന്റെ ആഴം 18.5 മീറ്ററാക്കണം. കൊച്ചിയുടെ സ്വപ്നങ്ങളിൽ കരിനിഴലായി കിടക്കുന്ന ഈ പദ്ധതിയുടെ വീഴ്ചകൾ വിഴിഞ്ഞത്ത് ആവർത്തിക്കാതിരിക്കാൻ കേന്ദ്ര. സംസ്ഥാന സർക്കാരുകൾ ശ്രദ്ധിക്കണമെന്ന അപേക്ഷയുണ്ട്.

Author

Scroll to top
Close
Browse Categories