സംതൃപ്തി നൽകിയ മൂന്ന് പതിറ്റാണ്ട്

ശ്രീനാരായണ ഗുരുദേവൻ തുടക്കം കുറിച്ച എസ്.എൻ.ഡി.പി യോഗം എന്ന മഹാപ്രസ്ഥാനത്തിന്റെ സാരഥ്യത്തിലേക്ക് അപ്രതീക്ഷിതമായി വന്നുപെട്ടയാളാണ് ഞാൻ. ഈഴവരുടെ, പിന്നാക്ക വിഭാഗങ്ങളുടെ രക്തവും മജ്ജയും മാംസവുമായി മാറിയ ഈ സംഘടനയുടെ പ്രതിസന്ധിഘട്ടങ്ങളിലൊന്നിൽ ആദരണീയനായ ശാശ്വതീകാനന്ദ സ്വാമികളുടെയും കേരളകൗമുദി എഡിറ്റർ ഇൻ ചീഫായിരുന്ന എം.എസ്. മണിയുടെയും മറ്റും സ്നേഹസമ്മർദ്ദങ്ങൾക്കും വി.എസ്. അച്യുതാനന്ദന്റെ പിൻബലത്തിനും മുന്നിൽ കീഴടങ്ങുമ്പോൾ ഇത്രയും ദീർഘമായ കാലം ഈ കസേരയിൽ ഇരിക്കുമെന്ന് ഒരിക്കലും കരുതിയില്ല. കൊങ്കൺ റെയിൽവേയുടെയും ആലപ്പുഴ തീരദേശ റെയിൽപാതയുടെയും മറ്റും വലിയ കരാർ ജോലികളിൽ മുഴുകി ബിസിനസിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന കാലത്താണ് അതെല്ലാം ഉപേക്ഷിച്ച് ഒരു മുന്നൊരുക്കവും നടത്താതെ ആദ്യം എസ്.എൻ.ട്രസ്റ്റ് സെക്രട്ടറി പദവിയിലും പിന്നാലെ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി പദവിയിലേക്കും വരുന്നത്. അത് ഗുരുദേവ നിയോഗമായിരിക്കാം. തിരിഞ്ഞു നോക്കുമ്പോൾ അമൂല്യമാണ് ഈ പദവികൾ തന്ന അംഗീകാരമെന്ന് തിരിച്ചറിയുന്നു.

മൂന്ന് പതിറ്റാണ്ട് ഒരു ചെറിയ കാലമല്ല. യോഗം ജനറൽ സെക്രട്ടറിപദം ചെറിയ കാര്യവുമല്ല. മഹാരഥന്മാർ ഇരുന്ന കസേരയാണ്. വലിയൊരു സമുദായത്തിന്റെ പ്രതീക്ഷകളുടെ കനം ചിന്തിക്കാവുന്നതിനും അപ്പുറം. പ്രശ്നങ്ങളും പ്രതിസന്ധികളും വെല്ലുവിളികളും മലവെള്ളപ്പാച്ചിൽ പോലെ അന്നും ഇന്നുമുണ്ട്. ഇവയെല്ലാം അവസരങ്ങളും സാദ്ധ്യതകളുമായി കണ്ട് നേരിടുകയായിരുന്നു. ഒന്നിന്റെ മുന്നിലും തലകുനിച്ചിട്ടില്ല. ഒളിച്ചോടിയിട്ടില്ല. നിലപാടുകളിൽ നിന്ന് മാറിയിട്ടില്ല. മൂന്ന് പതിറ്റാണ്ട് നീണ്ട നിരന്തരപോരാട്ടമെന്നു തന്നെ പറയാം. സാധാരണക്കാർക്കൊപ്പമായിരുന്നു എന്റെ പ്രയാണം. അവരുടെ നന്മ മാത്രമായിരുന്നു ലക്ഷ്യം. ഈ 88-ാം വയസിലും കർമ്മനിരതനായി തുടരാനാകുന്നത് കുടുംബയൂണിറ്റ്, ശാഖാതലങ്ങൾ മുതലുള്ള അസംഖ്യം യോഗം പ്രവർത്തകരുടെ സ്നേഹവും പ്രാർത്ഥനയും കൊണ്ടാണ്. അവർ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് ഹൃദയംതൊട്ട് നന്ദി പറയുന്നു.
ആവശ്യത്തിലേറെ എതിർപ്പും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ജീവനും ഭീഷണിയുണ്ടായി. വധശ്രമം വരെ നേരിട്ടു. വ്യക്തിപരമായി എന്നെ നശിപ്പിക്കാൻ ശ്രമിച്ചവർ സ്വയം നശിക്കുന്നതും കണ്ടു. യോഗത്തെ തളർത്താനും പിളർത്താനും ശ്രമങ്ങളുണ്ടായെങ്കിലും അവരെല്ലാം തോറ്റുമടങ്ങിയിട്ടേയുള്ളൂ. ഗുരുദേവന്റെയും കണിച്ചുകുളങ്ങര ഭഗവതിയുടെയും അനുഗ്രഹം നിർലോഭമുള്ളതിനാൽ ഇത്തരം തന്ത്രങ്ങളെ പണ്ടും ഭയന്നിട്ടില്ല. ഇനിയും ഭയക്കില്ല. മുൻസിഫ് കോടതി മുതൽ സുപ്രീം കോടതി വരെ നൂറുകണക്കിന് കേസുകളാണ് യോഗത്തിനും ട്രസ്റ്റിനും എനിക്കുമെതിരെ ഉത്ഭവിച്ചത്. എങ്ങിനെയും യോഗത്തെ റിസീവർ ഭരണത്തിലാക്കാനാണ് ചില സമ്പന്നന്മാരുടെയും പലിശരാജാക്കന്മാരുടെയും ശ്രമം. യോഗം നശിച്ചാലും തങ്ങളുടെ ദുർവാശി ജയിക്കണമെന്ന സമീപനമാണ് ഇക്കൂട്ടർക്ക്. ശ്രീനാരായണ ഗുരുദേവൻ അഷ്ടബന്ധമിട്ട് ഉറപ്പിച്ച പ്രസ്ഥാനമാണിത്. ആരുവിചാരിച്ചാലും അതിന് ഒരു പോറൽ പോലുമേൽപ്പിക്കാൻ സാധിക്കില്ല. ഭീഷണികൾക്കും കള്ളക്കേസുകൾക്കും മുമ്പിൽ തോറ്റുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ടുപോകാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. എസ്.എൻ.ഡി.പി. യോഗത്തിനും പ്രവർത്തകർക്കും ഇപ്പോൾ ലഭിക്കുന്ന അംഗീകാരത്തിനും ആദരവിനും പിന്നിൽ ഒട്ടേറെപ്പേരുടെ വിയർപ്പുണ്ട്. അതിന് നേതൃത്വം കൊടുക്കാനായതിലാണ് അഭിമാനം.

മൂന്നുപതിറ്റാണ്ടുകൊണ്ട് പാവപ്പെട്ട, സാധാരണക്കാരായ സമുദായാംഗങ്ങളുടെ വീടുകളിലേക്കും ജീവിതത്തിലേക്കും എസ്.എൻ.ഡി.പി. യോഗത്തെ എത്തിക്കാനായി എന്നതാണ് ഏറ്റവും വലിയ നേട്ടമായി കാണുന്നത്. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ. രാഷ്ട്രീയ രംഗങ്ങളിൽ എന്നും നീതി നിഷേധിക്കപ്പെട്ട, കേരളത്തിലെ ഏറ്റവും വലിയ സമുദായത്തിന്റെ വേദനയാണ് ഇക്കാലമത്രയും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്. കുറെയൊക്കെ അതിൽ വിജയിക്കാനായെന്നാണ് വിശ്വാസം. ആശ്രയമായി ഒരു സംഘടനയുണ്ടെന്നും സമുദായത്തിന്റെയും സമൂഹത്തിന്റെയും പ്രശ്നങ്ങൾ അധികാര കേന്ദ്രങ്ങളിൽ എത്തിക്കാൻ ആ സംഘടനയ്ക്ക് കഴിയുമെന്നും തങ്ങൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആളുണ്ടെന്നും ഉള്ള ബോദ്ധ്യം സമുദായാംഗങ്ങളിൽ വളർത്താൻ സാധിച്ചു. പിന്നാക്ക സമുദായങ്ങൾ, വിശേഷിച്ച് ഈഴവ സമുദായം ആർക്കും വന്ന് കൊട്ടാവുന്ന വഴിച്ചെണ്ടയല്ലെന്ന് രാഷ്ട്രീയ പ്രഭുക്കന്മാർക്കുൾപ്പെടെ കാണിച്ചുകൊടുക്കാൻ കഴിഞ്ഞെന്നാണ് കരുതുന്നത്. സാമൂഹിക യാഥാർത്ഥ്യങ്ങൾ മുഖം നോക്കാതെ വിളിച്ചുപറഞ്ഞതിന് വർഗീയവാദിയും ജനാധിപത്യവിരുദ്ധനുമായി ചിത്രീകരിക്കപ്പെട്ടു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അടുത്തിടെ മലപ്പുറം പ്രസംഗത്തിന്റെ പേരിലുയർന്ന വിവാദങ്ങൾ. മൈക്രോ ഫിനാൻസ് പദ്ധതികളുടെ പേരിൽ എന്നെ കള്ളനും കൊള്ളക്കാരനുമായി ചിത്രീകരിക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടന്നു. സമുദായത്തിലെ കുലംകുത്തികളാണ് ഇതിന്റെ പിന്നിൽ. ഇവരുടെ കുതന്ത്രങ്ങൾക്ക് മുന്നിൽ തല കുനിയ്ക്കില്ലെന്നത് ഉറച്ച തീരുമാനമാണ്.
കേരളത്തിലെമ്പാടും കുടുംബയൂണിറ്റ് മുതൽ എസ്.എൻ.ഡി.പി. യോഗത്തിന്റെ ശക്തമായ സാന്നിദ്ധ്യം ആർക്കും തിരിച്ചറിയാം. യൂത്ത്മൂവ്മെന്റും വനിതാസംഘവും ഉൾപ്പടെ സജീവമായ പത്ത് പോഷകസംഘടനകൾ ഇന്ന് യോഗത്തിനുണ്ട്. സ്ഥാനമേൽക്കുമ്പോൾ യോഗത്തിന്റെ ബഡ്ജറ്റ് അഞ്ചുകോടിയുടേതായിരുന്നത് 115 കോടിയായി. ട്രസ്റ്റിന്റേത് 11ൽ നിന്ന് 148 കോടിയും. 3400 ശാഖകളും 50 യൂണിയനുകളും ഇന്ന് 6584 ശാഖകളും 140 യൂണിയനുകളുമായി വർദ്ധിച്ചു. 82,000 മൈക്രോഫിനാന്‍സ് യൂണിറ്റുകളും 32,000 കുടുംബയൂണിറ്റുകളും സജീവമായി പ്രവർത്തിക്കുന്നു. എസ്.എന്‍.ട്രസ്റ്റിന്റെ സ്ഥാപനങ്ങളുടെ എണ്ണം 50ൽ നിന്ന് 150 ഓളമായി. യോഗത്തിന്റെ നിയന്ത്രണത്തില്‍ പുതിയ 23 കോളേജുകളും 28 സ്‌കൂളുകളും ഈ കാലഘട്ടത്തിൽ ആരംഭിച്ചു. ന്യൂനപക്ഷങ്ങൾക്ക് മാറിമാറി വന്ന സർക്കാരുകൾ സ്കൂളുകളും കോളേജുകളും വാരിക്കോരി കൊടുക്കുമ്പോഴും എസ്.എൻ.ഡി.പി. യോഗത്തെ അവഗണിക്കുകയായിരുന്നു. നിരന്തര സമ്മർദ്ദങ്ങളിലൂടെയാണ് സ്വാശ്രയകോളേജുകൾ ഉൾപ്പെടെ കുറച്ചെങ്കിലും നമുക്ക് നേടിയെടുക്കാനായത്.
മൈക്രോ ഫിനാൻസ് പദ്ധതിയിലൂടെ 10,000 കോടിയോളം രൂപയാണ് സമുദായത്തിൽ വിനിമയം ചെയ്തത്. ലക്ഷക്കണക്കിന് സ്ത്രീകൾക്ക് പദ്ധതി തുണയായി. ശ്രീനാരായണധർമ്മ പ്രചാരണം ശക്തമായതിന്റെ പ്രധാനകാരണങ്ങളിലൊന്ന് കുടുംബയൂണിറ്റുകളുടെയും മൈക്രോസംഘങ്ങളുടെയും വളർച്ചയാണ്. ഇവരുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് യോഗങ്ങൾ ദിനവും വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. സംഘടനാതലത്തിൽ ഏറ്റവും താഴെ തട്ടിലുള്ള സ്വയംസഹായ സംഘങ്ങളും കുടുംബയൂണിറ്റുകളുമാണ് എസ്.എൻ.ഡി.പി. യോഗത്തിന്റെ ശക്തമായ അടിത്തറ എന്ന നിലയിലേക്ക് മാറിയത് സംഘടനയ്ക്ക് നൽകുന്നത് നിസീമമായ കരുത്താണ്. വീടകങ്ങളിൽ ഒതുങ്ങി ജീവിച്ച വനിതകളെ ശാക്തീകരിക്കാനും സംഘടനയിലും പുറത്തും നേതൃനിരകളിലേക്കും കൊണ്ടുവരാനും ഇതിലൂടെ കഴിഞ്ഞുവെന്നത് യാഥാർത്ഥ്യമാണ്. യോഗം പ്രവർത്തകരുടെ ആത്മാർത്ഥമായ പ്രവർത്തനവും പിന്തുണയാണ് ഈ നേട്ടങ്ങളുടെയെല്ലാം പിന്നിൽ. സുദീർഘമായ ഈ യാത്രയ്ക്കിടെ കുറ്റങ്ങളും കുറവുകളും ഉണ്ടായിട്ടുണ്ടാകാം. സാദ്ധ്യമായവയെല്ലാം തിരുത്താൻ ശ്രമിച്ചിട്ടുണ്ട്. മാർഗനിർദേശങ്ങൾ നൽകിയ പ്രവർത്തകർക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി.

യോഗസാരഥ്യത്തിന്റെ മുപ്പതാം വാർഷികം ആഘോഷിക്കാൻ എന്റെ ജന്മനാടായ ചേർത്തലയിൽ ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉൾപ്പെടെ പങ്കെടുത്ത ജനസഞ്ചയത്തോട് മനംനിറഞ്ഞ നന്ദി പറയുന്നു. ഈ സ്നേഹവായ്പിന് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു. ഗുരുദർശനത്തിൽ അടിയുറച്ച് നിന്ന് സമുദായനന്മയ്ക്ക് വേണ്ടി, സമൂഹനന്മയ്ക്ക് വേണ്ടി, പിന്നാക്ക ജനവിഭാഗങ്ങളുടെ നീതിക്ക് വേണ്ടി പൊരുതാൻ മുന്നണിയിൽ തന്നെ എളിയ ധർമ്മഭടനായി ഇനിയും ഞാനുണ്ടാകും. ശ്രീനാരായണ ധർമ്മം വിജയിക്കട്ടെ…

Author

Scroll to top
Close
Browse Categories