സംവരണ വിരുദ്ധരുടെ ഒളിപ്പോര്

പട്ടികജാതി പട്ടികവർഗ, പിന്നാക്ക വിഭാഗക്കാരുടെ ഭരണഘടനാദത്തമായ സംവരണാവകാശത്തെ എന്തോ മഹാഅപരാധമെന്ന മട്ടിലാണ് കേരളത്തിലെ സർക്കാർ സംവിധാനങ്ങളിൽ ഒരു വിഭാഗം കണക്കാക്കുന്നത്. ഈ സംവരണം എങ്ങിനെയും അട്ടിമറിക്കാനായി എക്കാലത്തും ഇക്കൂട്ടർ കൈമെയ് മറന്ന് പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ, അധികാരതലങ്ങളിലെ ചില സവർണ മാടമ്പിമാരുടെ പിന്തുണയാണ് ഇവരുടെ പിൻബലം. ഭരണഘടനയെയും സാമൂഹ്യനീതിയെയും അട്ടിമറിച്ച് സാമ്പത്തിക, അഥവാ മുന്നാക്ക സംവരണം നടപ്പാക്കിയപ്പോഴെങ്കിലും ഇവരുടെ ശൗര്യം കുറയുമെന്നാണ് കരുതിയിരുന്നത്. പക്ഷേ, മുമ്പത്തേതിലും ശക്തിയോടെ പട്ടിക വിഭാഗ, പിന്നാക്ക സംവരണം അട്ടിമറിക്കാനും മുന്നാക്ക സംവരണം കൊടിപാറിക്കാനുമുള്ള പോരാട്ടത്തിലാണ് ഈ സംഘം.

കലിക്കറ്റ് യൂണിവേഴ്സിറ്റിലെ ആസൂത്രിതമായ സംവരണ അട്ടിമറിക്കെതിരെ ഉണ്ടായ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാൻ അധികൃതർ നടത്തുന്ന ശ്രമങ്ങളുടെയും കുതന്ത്രങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ വിഷയം വീണ്ടും ഓർമ്മിപ്പിക്കേണ്ടി വരുന്നത്. പട്ടികവിഭാഗ,പിന്നാക്ക സംവരണം എങ്ങിനെ അട്ടിമറിക്കാമെന്ന ഗവേഷണം കൂടി ഈ സർവകലാശാലയിൽ നടക്കുന്നുണ്ടെന്ന് കരുതേണ്ടി വരുന്ന രീതിയിലാണ് അവിടുത്തെ സംഭവ വികാസങ്ങൾ.

2021ൽ വിജ്ഞാപനം ചെയ്ത 63 അസി. പ്രൊഫസർ ഒഴിവുകളിലേക്ക് നടന്ന നിയമനം പുറത്തുകൊണ്ടുവരുന്നത് ഒരു പക്ഷേ കേരളത്തിലെ തന്നെ ഏറ്റവും വലിയ സംവരണ അട്ടിമറികളിലൊന്നാണ്. ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് തന്നെ ദുരുപയോഗിച്ച് പട്ടികവിഭാഗ, പിന്നാക്ക സംവരണത്തെ അപ്രസക്തമാക്കുന്ന അസാധാരണമായ സ്ഥിതിവിശേഷമാണ് അവിടെ ഉണ്ടായത്. നിലവിൽ വന്ന റാങ്ക് ലിസ്റ്റിലേക്ക് ഭിന്നശേഷി സംവരണം റൊട്ടേഷനിൽ പുതിയ ടേണുകൾ സൃഷ്ടിച്ച് നടപ്പിലാക്കുക വഴി അർഹരായ ഇരുപതിലേറെപ്പേർ പട്ടികയിൽ നിന്ന് പുറത്തുപോയി. കേരള സർവീസ് റൂളും സബോർഡിനേറ്റ് സർവീസ് റൂളും ലംഘിക്കപ്പെട്ടു. സംവരണ ടേണുകളിൽ ഭിന്നശേഷിക്കാരായ അതേ സമുദായക്കാരെ നിയമിച്ച് ഹൊറിസോണ്ടൽ രീതിയിൽ ഇത് നടപ്പാക്കേണ്ടതിന് പകരം ഈ ടേണുകൾ സമുദായം നോക്കാതെ ഭിന്നശേഷിക്കാർക്ക് വേണ്ടി വെർട്ടിക്കൽ രീതിയിലേക്ക് മാറ്റുകയായിരുന്നു. 20ലേറെപ്പേർക്ക് സംവരണ അവസരം നഷ്ടമായി എന്നതായിരുന്നു ഇതിന്റെ ഫലം. സാമുദായിക സംവരണക്രമം ഒരുതരത്തിലും തെറ്റിക്കരുതെന്ന പ്രശസ്തമായ ഇന്ദിരാ സാഹ്നി കേസിലെ സുപ്രീംകോടതി ഉത്തരവിനെ മറികടന്നായിരുന്നു കലിക്കറ്റ് സർവകലാശാലയുടെ നടപടി. തീർത്തും നിഷ്‌കളങ്കമെന്ന് തോന്നാവുന്ന ഈ അഭ്യാസം സുപ്രീം കോടതി മേയ് 19ന് അസാധുവാക്കിയെങ്കിലും കേസിന് ആധാരമായ ആദ്യ റാങ്ക് ലിസ്റ്റിന് സാധുത നൽകാൻ യൂണിവേഴ്‌സിറ്റി ഇതുവരെ ചെറുവിരൽ അനക്കിയിട്ടില്ല.

രണ്ട് ഒഴിവുകളുണ്ടായിരുന്ന ജേർണലിസം ഡിപ്പാർട്ട്‌മെന്റിൽ രണ്ടാം റാങ്കുണ്ടായിട്ടും, അത് ഈഴവ സംവരണമായിട്ടും നിയമനം ലഭിക്കാതെ പോയ മലപ്പുറം സ്വദേശി ഡോ. കെ.പി. അനുപമയാണ് ഹൈക്കോടതിയെ സമീപിച്ചത്. സംവരണക്രമം തെറ്റിച്ചത് നിയമവിരുദ്ധമാണെന്നും അനുപമയ്ക്ക് നിയമനം നൽകണമെന്നും ഹൈക്കോടതി ഉത്തരവായി. സർവകലാശാലയുടെ അപ്പീൽ സുപ്രീം കോടതിയും തള്ളുകയായിരുന്നു. ഈ ടേണിൽ ഭിന്നശേഷിക്കാർക്കാണ് അർഹതയെന്നായിരുന്നു സർവകലാശാലയുടെ വാദം. ഭിന്നശേഷി അപേക്ഷകർ ഇല്ലാതിരുന്നതിനാൽ നിയമനം നടത്തിയതുമില്ല, നഷ്ടമായ അനുപമയുടെയും മറ്റുള്ളവരുടെയും അവസരം തിരിച്ചുനൽകാതെ ഇപ്പോഴും ഒളിപ്പോരു നടത്തുകയാണ് യൂണിവേഴ്‌സിറ്റിയിലെ വരേണ്യഗവേഷണക്കാർ.
റാങ്ക് ലിസ്റ്റിൽ സംസ്കൃത വിഭാഗത്തിൽ പട്ടികജാതി ഒന്നാം റാങ്കുകാരനായിട്ടും നിയമനം നിഷേധിക്കപ്പെട്ടവരിൽ ഒരാളാണ് ഡോ.ടി.എസ്. ശ്യാംകുമാർ. മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മൂന്ന് അവാർഡുകൾ ലഭിച്ചയാളാണ് ഇദ്ദേഹം. മറ്റൊരു പട്ടികജാതിക്കാരിയായ എസ്.എസ്. താരയ്ക്കും അവസരം നഷ്ടമായി.

ഈ ലിസ്റ്റിലെ 54 പേരെ നിയമിച്ചു കഴിഞ്ഞു. ഇതിൽ സംവരണം ലഭിച്ചവരുൾപ്പടെ 20ലേറെപ്പേർ അനർഹരാണെന്നാണ് സൂചന. 9 പോസ്റ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. അവസരം നഷ്ടമായ 15 പേർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവർ ഉത്തരവുമായി എത്തുമ്പോൾ അനർഹരെ നിലനിറുത്തി മറ്റുള്ളവർക്ക് നിയമനം നൽകാനാണ് സർവകലാശാലയുടെ പുതിയ നീക്കം. സാമുദായിക സംവരണവും ഭിന്നശേഷി സംവരണവും നിയമപ്രകാരം നടപ്പാക്കുന്നതിന് പകരം അർഹമായ അവസരം കിട്ടാതെ പോയവർ ഓരോരുത്തരും വീണ്ടും കേസിനു പോയി വിധിവാങ്ങി വരട്ടെ എന്നതാണ് യൂണിവേഴ്‌സിറ്റിയുടെ അപ്രഖ്യാപിത നയം. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേത് പുതിയ സിൻഡിക്കേറ്റാണ്. അതിലെ വിവരവും ബോധവുമുള്ള പുതിയ അംഗങ്ങളെങ്കിലും ഈ അനീതിക്കെതിരെ ശബ്ദിച്ചാൽ ഒരു പക്ഷേ ഈ കള്ളത്തരം തടയപ്പെട്ടേക്കാം. അതിനുള്ള വിവേകം അവർക്കുണ്ടാകട്ടെയെന്ന് പ്രതീക്ഷിക്കാനേ ഇപ്പോൾ കഴിയൂ.

വിധി പൂർണമായി നടപ്പാക്കിയാൽ അനർഹരുടെ നിയമനം അസാധുവാകും. അവരെ പിരിച്ചുവിടാതെ നിലനിറുത്തിയാൽ യൂണിവേഴ്‌സിറ്റിക്ക് കോടികളുടെ ശമ്പളച്ചെലവും ഉണ്ടാകും. ഇതൊന്നും പരിഗണിക്കാതെ സംവരണം അട്ടിമറിക്കാൻ തീരുമാനമെടുത്തവരും പിന്നിൽ കളിച്ചവരും സുരക്ഷിതരായി വീണ്ടും ഇതേ പരിപാടികളുമായി രംഗത്തിറങ്ങും.

തലമുറകളായി, നൂറ്റാണ്ടുകളായി അധികാരത്തിന്റെയും സമൂഹിക നീതിയുടെയും പരിസരങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി ഭരണഘടനാ ശില്പികൾ വിഭാവനം ചെയ്തതാണ് സംവരണ വ്യവസ്ഥ. നീതിയും നിയമവും സമ്പത്തും ആത്മാഭിമാനവും നിഷേധിച്ചുള്ള വിവേചനങ്ങളുടെ ലോകത്ത് നിന്ന് അന്തസോടെയുള്ള ജീവിതം അവർക്ക് പ്രാപ്തമാക്കാൻ കൊണ്ടുവന്ന സംവരണം 75 വർഷം കഴിഞ്ഞിട്ടും പൂർണമായും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അതിന്റെ ഉത്തരവാദികൾ ഇത്രയും നാൾ നമ്മെ ഭരിച്ചവർ തന്നെയാണ്. അനാദികാലം സംവരണം നിലനിറുത്തണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം അധികാര കസേരകളിലും ഭരണസംവിധാനത്തിലും ഉറപ്പാക്കണമെന്നേയുള്ളൂ. പക്ഷേ അതിനുള്ള ഒരു സാഹചര്യവും കാണാനാകുന്നില്ല. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സംഘടിതമായ സംവരണ അട്ടിമറിക്ക് പിന്നിൽ വലിയ ആസൂത്രണമുണ്ട്. പിന്നിൽ ആരൊക്കെയാണെന്ന് വ്യക്തമാണുതാനും. അവരുടെ പൊയ്മുഖം പൊളിച്ചുമാറ്റാനുളള പരിശ്രമങ്ങളാണ്നാം ഇനി നടത്തേണ്ടത്. പട്ടിക വിഭാഗ, പിന്നാക്ക സംവരണം ആരുടെയും ഒൗദാര്യമല്ല. അവകാശമാണ്.

Author

Scroll to top
Close
Browse Categories