ട്രംപിന്റെ രണ്ടാം വരവ്

അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായി ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവ് അമേരിക്കൻ ജനത മാത്രമല്ല, ലോകം മുഴുവൻ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. ഏറ്റവും വലിയ സാമ്പത്തിക, സൈനികശക്തിയാണ് അമേരിക്ക. ആഗോളരംഗത്തെ പല കാര്യങ്ങളും നിയന്ത്രിക്കുന്നത് ഈ രാജ്യമാണ്. അമേരിക്കൻ പ്രസിഡന്റിന്റെ നിലപാടുകൾ ലോകം ആകാംക്ഷയോടെ നോക്കുന്നതും അതുകൊണ്ടാണ്. വലിയ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത, നയചാതുര്യമൊന്നുമില്ലാതെ പ്രതികരിക്കുന്ന, കടുത്ത നിലപാടുകൾ വെട്ടിത്തുറന്നു പറയുന്ന റിപ്പബ്ളിക്കൻ പാർട്ടിക്കാരനായ ട്രംപിനെ പല രാജ്യങ്ങൾക്കും ലോകമെമ്പാടുമുള്ള തീവ്രവാദ ശക്തികൾക്കും ഭയമാണ്.
ഡെമോക്രാറ്റുകളുടെ നയങ്ങളും അവരുടെ പ്രസിഡന്റ് ജോ ബൈഡന്റെ പോരായ്മകളും ഇന്ത്യൻ വംശജയായ പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിന്റെ സ്വീകാര്യതയില്ലായ്മയും ട്രംപിനെ രണ്ടാമതും അധികാരമേറ്റുന്നതിൽ പ്രധാന ഘടകങ്ങളായി.

നാല് വർഷം മുമ്പ് ട്രംപിനെ തോൽപ്പിച്ച് ബൈഡൻ അധികാരത്തിൽ വന്ന ശേഷം ലോകക്രമത്തിൽ അമേരിക്കയുടെ ഇടപെടൽ താരതമ്യേന കുറവായിരുന്നു. വിദേശമണ്ണിൽ അമേരിക്കൻ സൈനികരുടെ സാന്നിദ്ധ്യവും സൈനിക ഇടപെടലുകളും കുറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര താത്പര്യങ്ങൾക്ക് ബൈഡന്റെ ഡെമോക്രാറ്റിക് സർക്കാർ മുൻതൂക്കം നൽകിയെന്ന് വേണം പറയാൻ. എന്നിട്ടും അമേരിക്കൻ സെനറ്റിലും ഭൂരിപക്ഷം നൽകി ട്രംപിനെ ജനത അധികാരമേറ്റിയെങ്കിൽ അതിൽ പല കാര്യങ്ങളുമുണ്ട്. അടിസ്ഥാനപരമായി രാഷ്ട്രീയക്കാരനല്ലാത്ത ട്രംപ് കടുത്ത നിലപാടുകളുടെയും വാവിട്ട വാക്കുകളുടെയും സ്വഭാവരീതികളുടെയും പേരിൽ കുപ്രസിദ്ധനാണ്. എങ്കിലും ട്രംപിന്റെ ദേശീയവാദവും കാർക്കശ്യവും അമേരിക്കൻ ജനത മനസാ സ്വീകരിച്ചു. അവർ തന്നിൽ അർപ്പിച്ച വിശ്വാസം ഇനി എങ്ങിനെ അദ്ദേഹം നിർവഹിക്കുമെന്നു കാണാനാണ് ലോകം കാത്തിരിക്കുന്നത്.
റഷ്യ-യുക്രൈൻ യുദ്ധത്തിൽ അമേരിക്കൻ ഭരണമാറ്റം നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുക്രൈന് ബൈഡൻ നൽകിയതുപോലുള്ള പിന്തുണ ട്രംപിൽ നിന്ന് ഉണ്ടാകില്ല. അത് സംഘർഷം ശമിക്കാൻ ഇടവരുത്തിയേക്കും. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇസ്രായേലിന് അതിശക്തമായ അമേരിക്കൻ പിന്തുണ ഇനി ഉണ്ടാകും. ഹമാസിനും ഹിസ്ബുള്ളയ്ക്കുമെതിരായ ഇസ്രയേൽ പോരാട്ടത്തിന് തീവ്രതയേറാം. അമേരിക്കയുടെ കണ്ണിലെ കരടായ ഇറാനെയാണ് ട്രംപിന്റെ വരവ് പ്രതിസന്ധിയിലാക്കുക. പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും കാര്യത്തിലുള്ള നിലപാടുകളാണ് ഇനി വ്യക്തമാകാനുള്ളത്.

78 കാരനായ ട്രംപ് ജനുവരിയിലാണ് അധികാരമേൽക്കുക. 2017-21ലെ ആദ്യഭരണകാലത്ത് ഇന്ത്യ- അമേരിക്ക ബന്ധത്തിൽ സൗഹാർദപരമായ പുരോഗതിയുണ്ടായെന്ന യാഥാർത്ഥ്യം കണക്കിലെടുക്കുമ്പോൾ ഡെമോക്രാറ്റിക് ഭരണത്തേക്കാൾ എന്തുകൊണ്ടും നമുക്ക് നല്ലത് ട്രംപിന്റെ വിജയമാണ്. ദക്ഷിണേഷ്യയിൽ ചൈന സൈനികമായും സാമ്പത്തികമായും സ്വാധീനം വളർത്താനുള്ള നീക്കത്തെ ചെറുക്കാൻ ഇന്ത്യയ്ക്ക് അമേരിക്കൻ പിന്തുണ ഗുണകരമാകും. ചൈനയും പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങൾ ഉൾപ്പെടെ മേഖലയിൽ ഇന്ത്യ നേരിടുന്ന ഭീഷണികൾക്ക് കഴിഞ്ഞ തവണ ട്രംപ് ഭരണകൂടം വ്യക്തമായ പിന്തുണ നൽകിയിരുന്നു. പാക്കിസ്ഥാനുമായി ചർച്ചകൾ പുനരാരംഭിക്കാൻ ഇന്ത്യയ്ക്ക് മേൽ അമേരിക്കൻ സമ്മർദ്ദവും ഉണ്ടായേക്കാം. ബംഗ്ളാദേശിലെ കലാപവും ഭരണമാറ്റവും അവിടുത്തെ ഹിന്ദുക്കൾ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളും നമുക്ക് വെല്ലുവിളികൾ ഉയർത്തുന്ന സാഹചര്യത്തിൽ പുതിയ അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാട് ഇന്ത്യയ്ക്ക് സഹായകരമാകാനാണ് സാദ്ധ്യത.
മോദിയും ട്രംപും തമ്മിലെ ഉൗഷ്മളമായ വ്യക്തിബന്ധവും ഇന്ത്യയ്ക്ക് നല്ലതായി ഭവിച്ചേക്കും. കഴിഞ്ഞ ട്രംപ് ഭരണകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, ബഹിരാകാശ സഹകരണം ശക്തമാവുകയും ചെയ്തു. അമേരിക്കൻ ഭരണമാറ്റം പൊതുവിൽ നമുക്ക് പ്രതീക്ഷകൾ നൽകുമ്പോഴും ചില മേഖലകളിൽ പ്രതിസന്ധികൾക്കും വഴിവെച്ചേക്കാമെന്ന സംശയങ്ങളുമുണ്ട്. അതിൽ പ്രധാനം വാണിജ്യബന്ധങ്ങൾ തന്നെയാണ്. ഇന്ത്യയുടെ ഉയർന്ന ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിലപാടാണ് എക്കാലത്തും ട്രംപിനുള്ളത്. വിദേശ വാണിജ്യ ഇടപാടുകളിൽ ഇന്ത്യ ഇപ്പോൾ രൂപയിലാണ് പണം കൈമാറ്റത്തിന് മുൻതൂക്കം നൽകുന്നത്. റഷ്യയുമായി രൂപ – റൂബിൾ ഇടപാടാണ്. ഡോളറിനെ ഒഴിവാക്കാനുള്ള ഏത് ശ്രമങ്ങളെയും അമേരിക്ക ചെറുക്കും. ഡോളറിനെ ഒഴിവാക്കുന്ന രാജ്യങ്ങൾക്ക് അമേരിക്കൻ തീരുവയിൽ 100 ശതമാനം വർദ്ധന പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു.

വ്യാപാര കയറ്റുമതിയിൽ ഇന്ത്യയുടെ പ്രധാനപങ്കാളിയാണ് അമേരിക്ക. കഴിഞ്ഞ സാമ്പത്തിക വർഷം 4200 കോടി ഡോളറിന്റെ അമേരിക്കൻ ഇറക്കുമതി ഉണ്ടായപ്പോൾ ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത് 7600 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ്. അതിനാൽ തന്നെ വ്യാപാര ബന്ധത്തിലുണ്ടാകുന്ന ചെറിയ അസ്വാരസ്യങ്ങൾ പോലും വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ചൈനയെ പണ്ടേ ഇഷ്ടമല്ലാത്ത ട്രംപ് ചൈനീസ് ഇറക്കുമതിയെ തുണയ്ക്കണമെന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ചൈനീസ് ഉത്പന്നങ്ങൾക്ക് തീരുവ ഇരട്ടിയാക്കുമെന്ന് വരെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അങ്ങിനെ സംഭവിച്ചാൽ അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി വർദ്ധിക്കാൻ അത് വഴിയൊരുക്കും. അമേരിക്കൻ നിക്ഷേപം കൂടുതലായി ഇന്ത്യയിലേക്ക് എത്താനും സാദ്ധ്യതകളുണ്ട്.
ട്രംപ് വരുമ്പോൾ ഇന്ത്യ നേരിടാൻ പോകുന്ന ഒരു പ്രതിസന്ധി പുതിയ കുടിയേറ്റ നയത്തിലാകും. അധികൃതവും അനധികൃതവുമായ കുടിയേറ്റത്തിന്കടിഞ്ഞാണിടുന്നതാണ് ട്രംപിന്റെ നയം. 50 ലക്ഷത്തോളം ഇന്ത്യൻ വംശജർ അമേരിക്കയിലുണ്ടെന്നാണ്കണക്ക്. ഇസ്ളാമിക രാജ്യങ്ങളിൽ നിന്നുള്ള അനിയന്ത്രിതമായ കുടിയേറ്റവും അത് സൃഷ്ടിക്കുന്ന മതപരമായ സംഘർഷങ്ങളും മൂലം കടുത്ത നിയന്ത്രണങ്ങളിലേക്കാണ് യൂറോപ്പ് നീങ്ങുന്നത്. അമേരിക്കയും ഇക്കാര്യത്തിൽ കർക്കശമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പാണ്. വിദ്യാസമ്പന്നരായ നല്ലൊരു ശതമാനം ഇന്ത്യൻ യുവതയുടെയും സ്വപ്നം അമേരിക്കയാണ്. ആ സ്വപ്നങ്ങളിൽ ട്രംപ് കരിനിഴൽ വീഴ്ത്തുമോ എന്ന കാര്യമാണ് കണ്ടറിയേണ്ടത്. എന്നിരുന്നാലും പൊതുവേ വിലയിരുത്തിയാൽ ട്രംപിന്റെ രണ്ടാം വരവ് ഇന്ത്യയ്ക്ക് ഗുണമേകാനുള്ള സാദ്ധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നത്.

Author

Scroll to top
Close
Browse Categories