ഗുരു മനുഷ്യ സ്നേഹത്തിൻ്റെ പരംപൊരുൾ

ഗുരു എന്ന വാക്കിനർത്ഥം ഇരുളിനെ അകറ്റുന്നവൻ എന്നാണ്. മനസുകളിലെ ഇരുട്ടിനെ അകറ്റുകയെന്ന് തന്നെ വ്യാഖ്യാനിക്കാം. ഈ കൊച്ചുകേരളത്തിൽ നൂറ്റാണ്ടുകളായി മനുഷ്യൻ രൂപപ്പെടുത്തിയ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അഹങ്കാരത്തെയും സ്നേഹമെന്ന മഹാമന്ത്രത്തിന്റെ മരുന്നു പുരട്ടി, അന്ധകാരത്തിലമർന്ന് കിടന്ന ജനസമൂഹത്തെ വെളിച്ചത്തിലേക്ക് വഴികാട്ടിയ ഈശ്വരൻ തന്നെയാണ് ശ്രീനാരായണ ഗുരു. മത, ജാതി, ഗോത്ര,
രാഷ്‌ട്രീയ സംഘർഷങ്ങളാൽ ഇരുൾ മൂടിയ വർത്തമാനകാലത്ത് പ്രതീക്ഷാനിർഭരമായ തിരിനാളമാണ് ഗുരുവും ഗുരു ദർശനവും. കേരളീയ നവോത്ഥാനത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു ഗുരു. ആത്മീയതയുടെ പൊരുളന്വേഷിക്കൽ മാത്രമായിരുന്നില്ല അസാമാന്യ പ്രതിഭാശാലിയായ മഹാഗുരുവിന്റെ ലക്ഷ്യം. മനുഷ്യസ്നേഹത്തിന്റെ പരംപൊരുളായിരുന്നു.

സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി മലയാളികൾ മുന്നേറാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ശ്രീനാരായണ ഗുരുവാണെന്ന് നിസംശയം പറയാം. ആത്മീയാന്വേഷണ പാതയിലേക്ക് മാത്രം ഗമിക്കാതെ, ഏകാന്തപഥികനായി മാറാതെ മാനവനന്മയ്ക്കായി സാമൂഹികമായ ഇടപെടലും സന്യാസത്തിന്റെ ഭാഗമാണെന്ന് തെളിയിക്കാൻ ബ്രഹ്മജ്ഞാനിയായ ഗുരുവിന് കഴിഞ്ഞു. ജാതിയുടെ പേരിൽ കേരളത്തിൽ കൊടികുത്തി വാണിരുന്ന അനാചാരങ്ങളെയും, അകറ്റിനിറുത്തലുകളെയും പറിച്ചെറിയാൻ സൂക്ഷ്മമായ പദ്ധതികൾ അവതരിപ്പിച്ചതിന് പിന്നിൽ ശ്രീനാരായണ ഗുരുവിന്റെ അസാമാന്യമായ ബുദ്ധിയും ദീർഘവീക്ഷണവുമാണ്. പൂവിറുക്കുന്ന ലാഘവത്തോടെയാണ് അദ്ദേഹം അസാദ്ധ്യമെന്ന് കരുതിയിരുന്ന സാമൂഹ്യപരിഷ്കാരങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ഉണ്ടായത്. അന്യസംസ്ഥാനങ്ങളിൽ നൂറ്റാണ്ടുകളായി അയിത്തവും മറ്റ് സംസ്കാരശൂന്യമായ ആചാരങ്ങളും നടമാടുമ്പോൾ കേരളം അതിൽ നിന്നൊക്കെ ഏതാണ്ട് മുക്തമായി നിൽക്കുന്നത് ഗുരു നേതൃത്വം നൽകിയ രക്തരഹിതമായ സാമൂഹ്യ വിപ്ളവം കാരണമാണ്. പ്രായോഗികബുദ്ധിയും ദാർശനികവും സാഹിത്യപരവും ആത്മീയവുമായ സമീപനവും നർമ്മബോധവും കൊണ്ട് എതിർക്കാൻ വന്നവരുടെയെല്ലാം നാവുകളെയും കൈകളെയും ഗുരു പൂട്ടിക്കെട്ടി. വിദ്യാഭ്യാസവും വ്യവസായവും സംഘടനാ ശേഷിയുമാണ് മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് പറയാനും അതിന് വേണ്ടി പ്രവർത്തിക്കാനും ഗുരു തന്നെ മുന്നിൽ നിന്നു.

ഒരിറ്റു രക്തം പോലും വീഴാതെ, നിശബ്ദമായ സാമൂഹ്യവിപ്ളവമാണ് സന്യാസിയും വേദാന്തിയുമായ ഗുരു ഇവിടെ പ്രാവർത്തികമാക്കിയത്. അതിന് പറ്റിയ സമർത്ഥരും ധിഷണാശാലികളുമായ ശിഷ്യഗണങ്ങളെ കണ്ടെത്താനും വളർത്തിയെടുക്കാനും ഗുരുവിന് കഴിഞ്ഞു. താൻ കൊളുത്തിയ പ്രകാശം കെട്ടുപോകാതെ ദീപസ്തംഭം പോലെ വഴികാട്ടിയായി എന്നേയ്ക്കും നിലനിലനിറുത്താൻ എസ്.എൻ.ഡി.പി. യോഗവും ശിവഗിരി മഠവും പോലെയുള്ള പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ചു. കേരളീയ നവോത്ഥാനത്തിന്റെ നടുനായകനാരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, ശ്രീനാരായണ ഗുരു. അരുവിപ്പുറത്ത് ഗുരു നടത്തിയ ശിവപ്രതിഷ്ഠയുടെ പ്രാധാന്യം ഇതുവരെ കേരളം വേണ്ടരീതിയിൽ വിലയിരുത്തിയിട്ടില്ല. തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ജാതിമേധാവിത്വത്തിന്റെയും തായ്‌വേരിളിക്കിയ സംഭവമായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ. ഗുരുവിന്റെ സാമൂഹിക പരിഷ്കാരങ്ങൾ ഹൈന്ദവരെ മാത്രമല്ല സ്വാധീനിച്ചത്, മുസ്ളീങ്ങൾ പോലും ആ വഴിക്ക് ചിന്തിച്ചതിന് തെളിവാണ് വക്കം അബ്ദുൾ ഖാദർ മൗലവിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഇസ്ളാം ധർമ്മപരിപാലന സംഘം.
ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ നടന്ന സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ ഈ മാർഗത്തിൽ ഭാരതത്തിൽ ഉണ്ടായ എല്ലാ നവോത്ഥാന പ്രസ്ഥാനങ്ങളെക്കാളും പുരോഗമനാത്മകവും പരിഷ്കൃതവും ഫലപ്രദവുമായിരുന്നു. എന്നിട്ടും അവിടുത്തെ നേതാക്കൾക്കും വഴികാട്ടികൾക്കും കിട്ടിയ അംഗീകാരമോ പ്രശസ്തിയോ ദേശീയ, അന്തർദേശീയതലങ്ങളിൽ ശ്രീനാരായണ ഗുരുവിനോ എസ്.എൻ.ഡി.പി. യോഗത്തിനോ അന്നും ഇന്നും ലഭിച്ചിട്ടില്ല. കേരളത്തിലെ മുഴുവൻ ജനതയും സാംസ്കാരിക, സാഹിത്യരംഗവും ഗുരുവിനെയോ ഗുരുദർശനത്തെയോ പൂർണമായി ഏറ്റെടുത്തില്ല. ഈഴവകുടുംബങ്ങളിലെ ചുമരുകളിലും ഈഴവസംഘടനകളുടെ ഗുരുമന്ദിരങ്ങളിലും മാത്രമായി ഒതുങ്ങേണ്ട വ്യക്തിത്വമല്ല ശ്രീനാരായണ ഗുരു.

ഗുരുവിന്റെ മണ്ണായ കേരളത്തിൽ പോലും ഗുരുവിന്റെ സ്മരണയുണർത്താൻ പ്രധാനപ്പെട്ട ഒരു സർക്കാർ സ്ഥാപനം വന്നിട്ട് ഏതാനും വർഷങ്ങളെ ആയിട്ടുള്ളൂ. ഇടതു സർക്കാരിന്റെ കരുണയാൽ രൂപം കൊണ്ട ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ബാലാരിഷ്ടതകളിൽ ഇപ്പോഴും മുട്ടിലിഴയുകയാണ്. വാടകകെട്ടിടത്തിലാണ് ഈ സർവ്വകലാശാലയുടെ പ്രവർത്തനം. ഗുരുവിന്റെ ശിഷ്യപരമ്പരയിൽപ്പെട്ട നടരാജഗുരുവും നിത്യചൈതന്യയതിയും ഗുരുദർശനം മുന്നിൽ നിറുത്തി പാശ്ചാത്യ – പൗരസ്ത്യ സംഗമത്തിനായി ശ്രമങ്ങൾ നടത്തിയിരുന്നു. ഹവായിലെ ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് നിത്യ ചൈതന്യ യതി പാശ്ചാത്യ ലോകത്തേക്ക് ഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചെങ്കിലും യതിയുടെ സമാധിശേഷം അത് വേണ്ട രീതിയിൽ മുന്നോട്ടുപോയില്ല. സാമ്പ്രദായികമായ വിദ്യാഭ്യാസത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഗുരുദർശനത്തിന്റെയും ഭാരതീയ വേദാന്തത്തിന്റെയും സുഗന്ധം സഹ്യന് പുറത്തേക്കും പാശ്ചാത്യ ലോകത്തിലേക്കും പരത്താൻ കഴിവുള്ള സർവ്വകലാശാലയായി മാറുവാൻ ശ്രീനാരായണഗുരു യൂണിവേഴ്‌സിറ്റിക്ക് സാധിക്കണം. അതിനുള്ള പാഠ്യപദ്ധതികൾ കൂടി ആവിഷ്‌കരിക്കാൻ അതിന്റെ സാരഥികൾക്കും സംസ്ഥാന സർക്കാരിനും കഴിഞ്ഞാൽ ഗുരുവിന്റെ സംഭാവനകളോട് ചെയ്യുന്ന ചെറിയൊരു നീതി കൂടിയാകും.

ജാതിയുടെയും മതത്തിന്റെയും അതിർത്തികളുടെയും പേരിൽ ലോകമെമ്പാടും അസ്വസ്ഥതകൾ പുകയുകയാണ്. മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പോലും തുടക്കമാകാനുള്ള സംഭവ വികാസങ്ങളാണ് പശ്ചിമേഷ്യയിലും ഉക്രൈനിലും ഉത്തര, ദക്ഷിണ കൊറിയകളിലും തായ്‌വാനിലും മറ്റും കാണുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾ വലിയ തലത്തിലേക്ക് വളരുന്ന ദിനങ്ങളിലേക്കാണ് ലോകം കടന്നുപോകുന്നത്. സമീപകാലത്തൊന്നും കാണാത്ത രീതിയിൽ സംഘർഷാത്മകമാണ് ലോകം. ശ്രീനാരായണ ഗുരു മുന്നോട്ടുവച്ച സന്ദേശങ്ങളും ആശയങ്ങളും കാല, ദേശാതീതങ്ങളാണ്. ലോകസമാധാനത്തിന് തന്നെ ഭീഷണിയായ ദേശാന്തര സംഘർഷങ്ങൾ ശമിപ്പിക്കാനുള്ള ഒറ്റമൂലിയുമാണ്. മാനവസമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ ഫലപ്രദമായി നേരിടാനുള്ള മാർഗമാണ് സ്വജീവിതത്തിലൂടെ ശ്രീനാരായണ ഗുരു നമുക്കായി വെട്ടിത്തെളിച്ചു തന്നത്. ശ്രീനാരായണ ദർശനത്തിന്റെയും സന്ദേശങ്ങളുടെയും കാലികപ്രസക്തി ലോകത്തെ ബോദ്ധ്യപ്പെടുത്താനുള്ള ദൗത്യം ഓരോ ഗുരു വിശ്വാസികളും ഏറ്റെടുക്കണം. വിശ്വമാനവികതയുടെ മഹാപ്രവാചകനായ ഗുരുവിന്റെ ചിന്തകൾക്കേ ഈ ലോകത്തെ ശാന്തമാക്കാനാകൂ.

Author

Scroll to top
Close
Browse Categories