ബ്രഹ്മപുരം എന്ന മഹാമാനക്കേട്

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ 12 ദിവസത്തെ തീപിടിത്തം സൃഷ്ടിച്ച പാരിസ്ഥിതിക ദുരന്തം കേരളത്തിൽ സമാനതകളില്ലാത്തതാണ്. അതിലേക്ക് വഴിയൊരുക്കിയ കാരണങ്ങളാകട്ടെ മലയാളിക്ക് അപമാനവും. കൊച്ചി കോർപ്പറേഷനിലെയും സമീപത്തെ അഞ്ച് മുനിസിപ്പാലിറ്റികളിലെയും രണ്ട് പഞ്ചായത്തുകളിലെയും ഗാർഹിക, വാണിജ്യ മാലിന്യങ്ങൾ 16 വർഷത്തോളം നിക്ഷേപിച്ച കേന്ദ്രമാണ് ബ്രഹ്മപുരത്തേത്.

105 ഏക്കർ വിസ്തൃതിയുള്ള ഇവിടെ പതിനായിരക്കണക്കിന് ലോഡ് മാലിന്യം കൊണ്ടുവന്ന് മാലിന്യമലകൾ സൃഷ്ടിച്ചതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. കാർഷിക മേഖലയായ വടവുകോട് – പുത്തൻകുരിശ് പഞ്ചായത്ത് ഒന്നാം വാർഡിലെ കടമ്പ്രയാറിന് തീരത്തെ സുന്ദര ഭൂപ്രദേശമായിരുന്ന ഇവിടം ഇന്ന് വിഷം വമിപ്പിക്കുന്ന മണ്ണും ജലവും വായുവും കൊച്ചിക്ക് പകരുന്ന ദുരന്തഭൂമിയാണ്.

സ്ഥലം ഏറ്റെടുപ്പ് മുതൽ ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ നടന്ന അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും നാറുന്ന കഥയാണ് ബ്രഹ്മപുരത്തിന് പറയാനുള്ളത്. ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കൊച്ചി കോർപ്പറേഷനോ ജില്ലാ ഭരണകൂടത്തിനോ സംസ്ഥാന സർക്കാരിനോ ഒഴിഞ്ഞുമാറാനാവില്ല.

നാട് വികസിക്കുന്നതനുസരിച്ച് പലവിധ മാലിന്യങ്ങളും സൃഷ്ടിക്കപ്പെടും. മഹാനഗരികളുടെയെല്ലാം തലവേദനയാണ് ഈ പ്രശ്നം. അത് ശാസ്ത്രീയമായി തരംതിരിച്ച് പ്രകൃതിക്കും മനുഷ്യനും ദോഷമില്ലാതെ, അല്ലെങ്കിൽ മിനിമം ദോഷം മാത്രം ഏൽപ്പിച്ച് സംസ്കരിക്കുകയാണ് ലോകത്തെമ്പാടും ഉത്തരവാദിത്വ ബോധമുള്ള ഭരണസംവിധാനങ്ങൾ ചെയ്യുന്നത്. നഗരമാലിന്യം വളമായും ജലമായും വൈദ്യുതിയായും മറ്റും രൂപാന്തരപ്പെടുത്താനുള്ള ആധുനിക സാങ്കേതിക വിദ്യകൾ നമ്മുടെ രാജ്യത്ത് തന്നെ ലഭ്യമായിട്ടും അതൊന്നും ചെയ്യാതെ മാലിന്യമലകൾ സൃഷ്ടിച്ചും കുഴിച്ചുമൂടിയും അലംഭാവം കാട്ടി കേരളത്തിലെ ഏറ്റവും സമ്പന്നമായ കൊച്ചി നഗരസഭ. മലിനീകരണ നിയന്ത്രണ ബോർഡും ജില്ലാ ഭരണകൂടവും കോടതികളും ഹരിതട്രൈബ്യൂണലും പലവട്ടം ഇടപെട്ടിട്ടും തട്ടിപ്പു കമ്പനികൾക്കും പണിയറിയാത്ത ഇഷ്ടക്കാർക്കും കോടികളുടെ കരാർ കൊടുത്ത് അതിൽ നിന്ന് അഴിമതിപ്പണം നക്കിയെടുക്കുകയായിരുന്നു കോർപ്പറേഷൻ മാറി മാറി ഭരിച്ച നല്ലൊരുപങ്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളും.

ബ്രഹ്മപുരം ഉയർത്തുന്ന ആരോഗ്യ, പാരിസ്ഥിതിക, സാമ്പത്തിക പ്രശ്നങ്ങൾ വിചാരിച്ചതിലും സങ്കീർണവും ഗുരുതരവുമാണ്. ആരോഗ്യപ്രശ്നങ്ങളുടെ ആഴവും കനവും ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. ഭൂമിയിലും ജലസ്രോതസുകളിലും കൃഷിയിടങ്ങളിലും അതു സൃഷ്ടിക്കാൻ പോകുന്ന മലിനീകരണത്തെക്കുറിച്ച് സമഗ്രമായ പഠനം തന്നെ വേണ്ടിവരും.

ബ്രഹ്മപുരം സംഭവം അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലും വാർത്തയായി. കേരളത്തിന്റെ വിനോദസഞ്ചാര, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് മേഖലകൾക്ക് ഈ സംഭവം ഏൽപ്പിക്കാൻ പോകുന്ന ആഘാതം എങ്ങിനെയാകുമെന്ന് ഇനി വേണം തിരിച്ചറിയാൻ. കേരളത്തിലെ ഏറ്റവും മൂല്യമേറിയ റിയൽഎസ്റ്റേറ്റ് മേഖല കൂടിയാണ് ബ്രഹ്മപുരത്തിനോട് ചേർന്ന കാക്കനാട്.

12 ദിവസം കൊച്ചിയിലെ ജനങ്ങൾ ശ്വസിച്ച വിഷപ്പുകയിലെ ഡയോക്സിൻ വാതകത്തെക്കുറിച്ച് ശാസ്ത്രലോകം പ്രകടിപ്പിക്കുന്ന ആശങ്കയെ വിലകുറച്ചുകാണാനാവില്ല. വിയറ്റ്നാം യുദ്ധകാലത്ത് അവിടെ അമേരിക്ക പ്രയോഗിച്ച ഏജന്റ് ഓറഞ്ച് എന്ന മാരക രാസവസ്തുവിലെ ഘടകങ്ങളിലൊന്നായിരുന്നു ഡയോക്സിൻ. തലമുറകൾക്ക് കാൻസറും മറ്റ് ജനിതകപ്രശ്നങ്ങളും സൃഷ്ടിക്കുന്ന വിനാശകാരിയായ ഈ വാതകത്തിന്റെ തോത് അറിയാൻ കൊച്ചിയിൽ പഠനം തുടങ്ങിയിട്ടേയുള്ളൂ.

അമ്പതേക്കറോളം വരുന്ന മാലിന്യമലകളിലേക്ക് പമ്പ് ചെയ്ത കോടിക്കണക്കിന് ലിറ്റർ വെള്ളത്തിലൂടെ ജലസ്രോതസുകളിലേക്ക് എത്തുന്ന രാസമാലിന്യത്തിന്റെ പ്രത്യാഘാതങ്ങളും ഇനി വിലയിരുത്തണം.

ആറ് ലക്ഷത്തിലേറെ ടൺ മാലിന്യം ബ്രഹ്മപുരത്തുണ്ടെന്നാണ് കണക്ക്. കുഴിച്ചുമൂടിയ മാലിന്യം ബയോമൈനിംഗ് നടത്തി സംസ്കരിച്ച് വൻഫാക്ടറികളിൽ കത്തിക്കാനുള്ള ഇന്ധനമായി ഉപയോഗിക്കാനായി 54 കോടി രൂപയുടെ കരാർ നൽകിയതാണ് ബ്രഹ്മപുരത്തെ അവസാനത്തെ അഴിമതി ആരോപണം. കമ്പനിയുടെ പ്രധാനി പ്രമുഖ ഇടതുപക്ഷ നേതാവിന്റെ മരുമകനും ഉപകരാറുകാരൻ പ്രമുഖ കോൺഗ്രസ് നേതാവിന്റെ മകനുമാണെന്ന വാർത്തകൾ ഈ കള്ളക്കച്ചവടങ്ങളുടെ ശൈലി പുറത്തുകൊണ്ടുവരുന്നുണ്ട്. ഇത് ശരിയാണെങ്കിൽ സംസ്ഥാന സർക്കാർ ഗൗരവമായി കൈകാര്യം ചെയ്യേണ്ട വിഷയമാണിത്.

മേൽനോട്ടങ്ങളിലെ അപര്യാപ്തത, കുത്തഴിഞ്ഞ സംവിധാനങ്ങൾ, കാര്യപ്രാപ്തിയില്ലാത്തതും അഴിമതിക്കാരുമായ ജീവനക്കാർ അങ്ങിനെ പലവിധ കുറവുകളുണ്ട് കൊച്ചി കോർപ്പറേഷനിൽ. 18 വർഷമായി മറൈൻഡ്രൈവിലെ സ്വന്തം ആസ്ഥാനമന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കാത്ത കോർപ്പറേഷന് മാലിന്യപ്ളാന്റ് എങ്ങിനെ കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകാനാകും. ബ്രഹ്മപുരത്തെ ഭൂമി സർക്കാർ ഏറ്റെടുത്ത് കൊച്ചി മെട്രോ നിർമ്മിച്ച ഡി.എം.ആർ.സിയെ പോലെ സൽപ്പേരുള്ള കമ്പനികളെ ഏൽപ്പിച്ച് അതിന്റെ നടത്തിപ്പിന് പ്രത്യേക സംവിധാനം ഒരുക്കുകയാണ് വേണ്ടത്. വികേന്ദ്രീകൃതമായ മാലിന്യസംസ്കരണ രീതികളാണ് നമുക്ക് നല്ലത്. അടുക്കള മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിച്ചും ഖരമാലിന്യങ്ങൾ സൂക്ഷ്മമായി തരംതിരിച്ച് കൈകാര്യം ചെയ്തും ബ്രഹ്മപുരത്തെ മാലിന്യത്തിൽ നിന്ന് മുക്തമാക്കണം.

കേരളത്തിന്റെ സാമ്പത്തിക സിരാകേന്ദ്രമായ കൊച്ചിയിലെ ലക്ഷക്കണക്കിന് ജനങ്ങളെക്കാളും അമൂല്യമായ പ്രകൃതിയെക്കാളും വലുതായി അഴിമതിപ്പണത്തെ കണ്ട രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും വെറുതേ വിടരുത്. ഇല്ലെങ്കിൽ നാളെയും വെളുക്കേ ചിരിച്ച് മാന്യന്മാരായി അവർ പൊതുരംഗത്ത് പ്രത്യക്ഷപ്പെടും. അധികാരക്കസേരകളിൽ അള്ളിപ്പിടിച്ചിരിക്കും. ഇത്രയും ഭീമമായ പാരിസ്ഥിതിക ദുരന്തം സൃഷ്ടിച്ച സംഭവത്തിൽ കത്തിയതോ കത്തിച്ചതോ എന്നറിയാൻ മാത്രമാണ് പൊലീസ് അന്വേഷണം. ഈ വിനാശത്തിന്റെ ഉത്തരവാദികളായവരെ കണ്ടെത്തി, അവരെത്ര പ്രബലരാണെങ്കിലും നിയമത്തിൽ മുന്നിൽ കൊണ്ടുവരാനുള്ള അന്വേഷണവും നടപടികളുമാണ് വേണ്ടത്.

12 ദിവസം കൊച്ചിക്കും അവിടുത്തെ ജനങ്ങൾക്കും വേണ്ടി സ്വജീവൻ പണയംവച്ച് ഉൗണുറക്കം ഉപേക്ഷിച്ച് തൊടാൻ അറയ്ക്കുന്ന മാലിന്യമലകൾക്കിടയിൽ വിഷപ്പുകയും ശ്വസിച്ച് തീയണയ്ക്കാൻ രാപ്പകൽ കഷ്ടപ്പെട്ട നാനൂറോളം മനുഷ്യജീവികളുണ്ട്. അഗ്നിരക്ഷാസേന, ജെ.സി.ബി. ഓപ്പറേറ്റർമാർ, പിന്തുണയായി നിന്ന ആരോഗ്യ, റവന്യൂ, കൊച്ചി കോർപ്പറേഷൻ എന്നിവിടങ്ങളിലെ കുറച്ച് ജീവനക്കാർ, സൈനിക ഉദ്യോഗസ്ഥർ, സിവിൽ ഡിഫൻസ് പ്രവർത്തകർ വരെയുള്ളവർ. ഇവരാണ് ഈ യുദ്ധത്തിലെ വീരന്മാർ. അവർക്ക് മുന്നിൽ നന്ദിയുടെ, സ്നേഹത്തിന്റെ കൂപ്പുകൈ. വിഷപ്പുകയെങ്ങാനും ഏറ്റാലോ എന്നു കരുതി തഞ്ചത്തിൽ അവിടെ നിന്ന് അകന്ന് നിന്ന രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമാണിമാരുമുണ്ട്. അവർക്കും നമോവാകം.

ഭാവനയും ദീർഘവീക്ഷണവും നിശ്ചയദാർഢ്യവും ജനങ്ങളോട് ഉത്തരവാദിത്വങ്ങളുമില്ലാത്ത ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുമാണ് കേരളത്തിന്റെ ശാപമെന്ന് ബ്രഹ്മപുരം സംഭവം ഒരിക്കൽ കൂടി വ്യക്തമാക്കുന്നു.

Author

Scroll to top
Close
Browse Categories