കേരളത്തെ വിഴുങ്ങുന്ന പ്ലാസ്റ്റിക്
മണ്ണിൽ അലിഞ്ഞുചേരാത്ത പ്ളാസ്റ്റിക് അവശിഷ്ടങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ജീവജാലങ്ങളുടെ നിലനിൽപ്പിന് അവ ഉയർത്തുന്ന ഭീഷണികളും പതിറ്റാണ്ടുകളായി ചർച്ച ചെയ്യുന്ന വിഷയമാണ്. ലോകത്ത് ഏറ്റവുമധികം പ്ളാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ മുൻപന്തിയിൽ ഇന്ത്യയുമുണ്ട്. നമ്മുടെ കൊച്ചുകേരളത്തിൽ പോലും ദിവസം 500 ടണ്ണോളം പ്ളാസ്റ്റിക് മാലിന്യം സൃഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതിന്റെ ചെറിയൊരു ശതമാനം മാത്രമാണ് യഥാവിധി സംസ്കരിക്കുകയും പുനരുപയോഗിക്കുകയും ചെയ്യുന്നത്. കേരളത്തിൽ എവിടെയും റോഡിലും തോടിലും പറമ്പിലുമെല്ലാം മിഠായി കവർ മുതൽ വലിയ പ്ളാസ്റ്റിക് പെട്ടികൾ വരെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണാനാകും. സംസ്ഥാനത്തെ 41 നദികളും പ്ളാസ്റ്റിക് അവശിഷ്ടങ്ങളിൽ നിന്ന് മുക്തമല്ല. വേമ്പനാട് കായലിന്റെ അടിത്തട്ട് പ്ളാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞു കിടക്കുകയാണെന്നാണ് പഠന റിപ്പോർട്ടുകൾ.
കടലിലെ അവസ്ഥയും വ്യത്യസ്തമല്ല. നദികളിലൂടെ തീരക്കടലിൽ എത്തുന്ന പ്ളാസ്റ്റിക് മാലിന്യത്തിന്റെ കണക്ക് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. പുറംകടലിലും ഇത്തരം മാലിന്യങ്ങൾ കുറവല്ല. 590 കിലോമീറ്റർ വരുന്ന കേരളത്തിന്റെ തീരപ്രദേശം അക്ഷരാർത്ഥത്തിൽ പ്ളാസ്റ്റിക് അവശിഷ്ടങ്ങളുടെ കുപ്പത്തൊട്ടിയാണ്. ഈ വൃത്തികേടു കണ്ട് വിദേശ ടൂറിസ്റ്റുകൾ ലോകപ്രശസ്തമായ ഫോർട്ടുകൊച്ചി തീരത്തെ മാലിന്യങ്ങൾ നൂറുകണക്കിന് ചാക്കുകളിൽ ശേഖരിച്ചു വച്ച് മലയാളികളെ നാണംകെടുത്തിയ സംഭവം അടുത്തിടെയാണ് ഉണ്ടായത്. നദികളിലും അറബിക്കടലിലും ചെന്നെത്തുന്ന പ്ളാസ്റ്റിക് മാലിന്യം ഭക്ഷണമാക്കുന്ന മത്സ്യങ്ങളും മറ്റും ഉയർത്തുന്ന ആരോഗ്യഭീഷണി വേറെയുമുണ്ട്. മത്സ്യപ്രിയരായ മലയാളികളുടെ ശരീരത്തിലേക്ക് പ്ളാസ്റ്റിക്കിന്റെ ദോഷഫലങ്ങളായ രാസവസ്തുക്കൾ നേരിട്ടെത്തുകയാണ്. പ്ളാസ്റ്റിക് മാലിന്യം കത്തിച്ചുകളയുമ്പോഴും വിഷവാതകങ്ങൾ അന്തരീക്ഷത്തിൽ കലരുന്നു. ഹൃദയ, ശ്വാസകോശ രോഗങ്ങളും ക്യാൻസറും നാഡീസംബന്ധമായ പ്രശ്നങ്ങളും വിളിച്ചുവരുത്തുന്നതാണിവ.
ഇതൊക്കെയാണെങ്കിലും പ്ളാസ്റ്റിക്കിനെ മനുഷ്യരാശിക്ക് ഒരു കാരണവശാലും തള്ളിക്കളയാനാവില്ല. ഒരുദിവസം പോലും ആധുനിക മനുഷ്യന് പ്ളാസ്റ്റിക്കിനെ ഉപേക്ഷിച്ച് മുന്നോട്ടുപോകാനാവില്ല. മനുഷ്യന് ഏറ്റവും ഉപകാരപ്രദമായ കണ്ടുപിടിത്തങ്ങളിലൊന്നാണ് പ്ളാസ്റ്റിക്. അനിയന്ത്രിതമായി അതിനെ ഉപയോഗിക്കുകയും ദുരുപയോഗിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്നം. മണ്ണിനെയും വായുവിനെയും ജലത്തെയും അത് മലിനമാക്കുന്നു. മനുഷ്യന്റെ ആരോഗ്യത്തിനും പ്രകൃതിക്കും വെല്ലുവിളിയാകുന്നു. പാശ്ചാത്യ രാജ്യങ്ങൾ വളരെ കാര്യക്ഷമമായി മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നവരാണ്. അവിടെ കർശന നിയന്ത്രണങ്ങളാണ് ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ നിത്യജീവിതത്തിൽ ഉപഭോക്തൃ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പ്ളാസ്റ്റിക്കിന് ഉളളത്. ശാസ്ത്രീയമായി ഇവ സംസ്കരിക്കുകയും പുനരുപയോഗിക്കുകയും ചെയ്യുന്നുമുണ്ട്. അതേ മാതൃക ഇന്ത്യയും- വിശേഷിച്ച് കേരളവും സ്വീകരിച്ചില്ലെങ്കിൽ നമ്മുടെ വരുംതലമുറകളുടെ നിലനിൽപ്പു തന്നെ അപകടത്തിലാകും.
ഇക്കാര്യത്തിൽ കേരളത്തിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകും. ലോകത്തിന് മാതൃകയുമാകാം. റോഡിലും കാനകളിലും നദികളിലും അന്യന്റെ പറമ്പിലും ഇപ്പോഴും മാലിന്യ കവറുകൾ വലിച്ചെറിയുകയും മാന്യത നടിക്കുകയും ചെയ്യുന്നവരാണ് പൊതുവേ മലയാളികൾ. വലിയ വിദ്യാഭ്യാസവും ആരോഗ്യമേന്മകളുമൊന്നും അതിന് തടസമല്ല. സർക്കാരുകൾ പലവിധ മാലിന്യസംസ്കരണ പദ്ധതികൾ കൊണ്ടുവരുന്നുണ്ടെങ്കിലും ഭൂരിഭാഗവും ലക്ഷ്യം കാണാറില്ല. ശുചിത്വ മിഷൻ, മാലിന്യമുക്ത കേരളം, ഹരിതകർമ്മ സേന, ക്ളീൻ കേരള കമ്പനി, കേന്ദ്രത്തിന്റെ സ്വച്ഛഭാരത് തുടങ്ങി പദ്ധതികൾക്കൊന്നും കുറവില്ല. തദ്ദേശ സ്ഥാപനങ്ങൾ മുഖേനയാണ് മാലിന്യസംസ്കരണം നടക്കുന്നത്. കുത്തഴിഞ്ഞ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും കാര്യക്ഷമമായ ഒരു പദ്ധതിയും നടപ്പിലാക്കുന്നില്ല.
അപൂർവം തദ്ദേശസ്ഥാപനങ്ങൾ മാത്രമാണ് ഇക്കാര്യത്തിൽ എന്തെങ്കിലും ഫലപ്രദമായി ചെയ്യുന്നത്. അഴിമതിക്കുള്ള എളുപ്പ മാർഗമായി മാലിന്യസംസ്കരണം മാറിയിട്ട് കാലമേറെയായി. മാഫിയാ സംഘങ്ങളെപ്പോലെയാണ് ഈ രംഗത്തുള്ളവർ. തദ്ദേശസ്ഥാപനങ്ങളിലെ പുനരുപയോഗിക്കാൻ സാധിക്കാത്ത മാലിന്യങ്ങൾ സിമന്റ് കമ്പനികളിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയി തമിഴ് നാട്ടിലും മറ്റും കാട്ടിൽ ഉപേക്ഷിക്കുകയും പൊതുശ്മശാനങ്ങളിൽ കത്തിച്ചുകളയുകയുമാണ് ചെയ്യുന്നത്. കൊച്ചിയെ ശ്വാസം മുട്ടിച്ച ബ്രഹ്മപുരം മാലിന്യപ്ളാന്റിലെ തീപിടിത്തത്തിനു ശേഷം കൊച്ചി കോർപ്പറേഷൻ മാലിന്യസംസ്കരണം കാര്യക്ഷമമാക്കുന്നതിൽ കുറെയേറെ മുന്നോട്ടുപോയിട്ടുണ്ടെന്നു പറയാം.
അനിയന്ത്രിതമായ പ്ളാസ്റ്റിക് ഉപയോഗത്തിന് ഇനിയെങ്കിലും വിലക്കേർപ്പെടുത്തിയില്ലെങ്കിൽ സസ്യശ്യാമളവും ജലസമൃദ്ധവുമായ കേരളത്തിൽ ശുദ്ധവായുവും ശുദ്ധജലവും കിട്ടാത്ത സ്ഥിതിയുണ്ടാകും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ളാസ്റ്റിക് വസ്തുക്കൾക്ക് 2019 മുതൽ സംസ്ഥാനത്ത് നിരോധനമുണ്ട്. പ്ളാസ്റ്റിക് ക്യാരിബാഗുകളും ഉപയോഗിക്കാൻ പാടില്ല. പക്ഷേ ഇവയെല്ലാം നാട്ടിൽ സുലഭമാണ്. മൂന്നാറും വയനാടും പോലുള്ള പരിസ്ഥിതിലോല ടൂറിസ്‌റ്റ് കേന്ദ്രങ്ങളെ മലയാളി സഞ്ചാരികൾ പ്ളാസ്റ്റിക് കുപ്പത്തൊട്ടികളാക്കുകയാണ്. ഇത്തരം പ്രദേശങ്ങളിൽ കുപ്പിവെള്ളമുൾപ്പടെ പ്ളാസ്റ്റിക് പാക്കേജ്ഡ് വസ്തുക്കൾക്ക് ഉയർന്ന നികുതി ചുമത്തിയാൽപ്പോലും കുഴപ്പമില്ല. വഴിവക്കിലിരുന്ന് ഭക്ഷണം കഴിച്ച് പ്ളാസ്റ്റിക് പ്ളേറ്റുകളും ഗ്ളാസുകളും ഉൾപ്പടെ അവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞു മടങ്ങുന്ന മലയാളികളെ കാണാതെ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് മടങ്ങാനാവില്ല.
സംസ്ഥാന സർക്കാർ മാലിന്യസംസ്കരണ രംഗത്തും പ്ളാസ്റ്റിക് നിയന്ത്രണത്തിലും കുറേക്കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഫലങ്ങൾ കാര്യമായി സൃഷ്ടിക്കപ്പെട്ടിട്ടില്ല. പ്ളാസ്റ്റിക് നിയന്ത്രണത്തിനും പുനരുപയോഗത്തിനും കൃത്യമായ സംസ്കരണത്തിനും കാര്യക്ഷമമായ നടപടികളാണ് ആവശ്യം. മാലിന്യം വലിച്ചെറിയുന്നതിനും മറ്റുമുള്ള പിഴ വർദ്ധിപ്പിക്കുകയും കുറ്റകരമാക്കുകയും ചെയ്തിട്ടും ഈ പ്രവണത മലയാളികളിൽ നിന്ന് വിട്ടുപോകുന്നില്ല. ഇക്കാര്യത്തിൽ ഒരു ദയയും പാടില്ല. കൂടുതൽ കർക്കശമായ നിയന്ത്രണങ്ങളും ശിക്ഷകളും നടപ്പാക്കുക തന്നെ വേണം. വൃത്തി ഒരു സംസ്കാരമാണ്. മേഘാലയ പോലെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവർഗക്കാരും പാവപ്പെട്ടവരും ഇക്കാര്യത്തിൽ കാണിക്കുന്ന ശുഷ‌്‌കാന്തി കണ്ടുപഠിക്കണം. വിദ്യാസമ്പന്നരും സംസ്കാരസമ്പന്നരുമാണെന്ന് മേനിപറഞ്ഞു നടക്കുന്ന മലയാളികളുടെ ശുചിത്വബോധമില്ലായ്മ വലിയ കുറവുതന്നെയാണ്. സർക്കാരുകൾ വിചാരിച്ചതുകൊണ്ടു മാത്രം നാട് നന്നാകില്ല. പ്ളാസ്റ്റിക് ഭീഷണി ഇല്ലാതാകില്ല. സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണത്. ഒരു മിഠായി കവർ പോലും റോഡിലെറിയാത്തവരായി നമ്മുടെ കുഞ്ഞുങ്ങളെ വളർത്തണം. അതിന് മാതൃക കാണിക്കാൻ മുതിർന്നവർ തയ്യാറാകണം. മാലിന്യത്തിൽ നിന്നും പ്ളാസ്റ്റിക്കിൽ നിന്നും രക്ഷിച്ചെങ്കിൽ മാത്രമേ നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടാകൂ.