തീർത്ഥാടനപുണ്യം

യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെ ദിവ്യസ്മരണകളിലേക്കുള്ള വെളിച്ചവും നാളെയിലേക്കുള്ള ആത്മീയവും ഭൗതികവുമായ തയ്യാറെടുപ്പുമാണ് ശിവഗിരി തീർത്ഥാടനം. ഗുരു മാനവരാശിക്ക് നൽകിയ അറിവും ആദർശവും വിവേകവും തീർത്ഥയാത്രയുടെ അഷ്ടലക്ഷ്യങ്ങളും ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള പ്രചോദനമായി മാറുവാൻ ശിവഗിരി തീർത്ഥാടനം വഴിയൊരുക്കുമെന്നും കാലം തെളിയിച്ചു. നാമെല്ലാം ഈശ്വരനായി ആരാധിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞുനിൽക്കുന്ന ഈ പവിത്രഭൂമിയിലേക്ക് നടക്കുന്ന തീർത്ഥയാത്ര ഗുരുവിന്റെ ദർശനത്തിലേക്കുള്ള യാത്ര കൂടിയാണ്. ബ്രഹ്മത്തെ അറിഞ്ഞവർ ബ്രഹ്മം തന്നെയാകുന്നു എന്ന സിദ്ധാന്തമനുസരിച്ച് ഗുരുവും ബ്രഹ്മം തന്നെ. ഈ ബ്രഹ്മസ്വരൂപമാണ് ഗുരുവിലെ ഈശ്വരീയത. ഗുരുവും ദൈവത്തെ അറിഞ്ഞതിനാൽ സർവ്വ ദൈവീകഗുണങ്ങളും ഗുരുവിലും പ്രകാശിക്കുന്നുണ്ട്.
സമൂഹത്തിന്റെ പുറമ്പോക്കിൽ കിടന്ന നമ്മുടെ പൂർവികരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രീനാരായണ ഗുരു ആവിഷ്‌കരിച്ച നിരവധി പദ്ധതികളിലൊന്നാണ് ഈ തീർത്ഥാടനം. ജാതിവിവേചനത്തിന്റെയും ചൂഷണത്തിന്റെയും അനാചാരങ്ങളുടെയും നീരാളിപ്പിടുത്തത്തിൽ നിന്ന് കരകയറാൻ വലിയൊരു ജനവിഭാഗത്തിന് കരുത്തേകിയിട്ടുണ്ട് തീർത്ഥാടനത്തിന് ഗുരു നിശ്ചയിച്ച വ്യവസ്ഥകൾ. ഒമ്പത് പതിറ്റാണ്ട് പിന്നിട്ട ശിവഗിരി തീർത്ഥാടനം പകർന്നത് ആത്മീയത മാത്രമല്ല, നമുക്കെല്ലാം ആത്മവിശ്വാസവും അറിവും ജീവിതപുരോഗതിയും കൂടിയാണ്. നിത്യജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കുന്ന രീതിയിൽ ആവിഷ്കരിച്ച മറ്റൊരു തീർത്ഥാടനം ഈ ഭൂമിയിലുണ്ടോയെന്ന് സംശയമാണ്. ആത്മീയതയും ഭൗതികതയും തീർത്ഥാടന ലക്ഷ്യങ്ങളിൽ അത്ര സുന്ദരമായാണ് ഗുരു ഇണക്കി ചേർത്തിട്ടുള്ളത്. ‘ശിവഗിരി തീർത്ഥാടനം പ്രാർത്ഥിക്കാനും, അനുഷ്ഠിക്കാനും മാത്രമുള്ളതായി തീരരുത്’ എന്നാണ് ഗുരുമൊഴി.
ഗുരുദർശനത്തിന് ഇപ്പോൾ എന്നത്തേക്കാളും പ്രസക്തിയേറുകയാണ്. മദ്യവും മയക്കുമരുന്നും അന്ധവിശ്വാസങ്ങളും അക്രമങ്ങളും നിറഞ്ഞ കേരളമാണിന്ന് കൺമുന്നിൽ. അധികാരവും സമ്പത്തുമാണ് എല്ലാമെന്ന വിശ്വാസമാണ് വളർന്നുവരുന്നത്. ജീവിതമൂല്യങ്ങളും സമൂഹിക ഉത്തരവാദിത്വങ്ങളും ധാർമ്മികതയും മനുഷ്യമനസുകളിൽ നിന്ന് അകലുകയാണ്. അതുകൊണ്ടാണ് ജന്മം നൽകിയവരെ തെരുവിലെറിയാൻ മലയാളിക്ക് തോന്നുന്നത്. വിദ്യാസമ്പന്നർ പോലും അന്ധവിശ്വാസങ്ങൾക്ക് പിന്നാലെയാണെന്നതാണ് ദു:ഖകരമായ സത്യം. ഗുരുവിന്റെ വാക്കുകൾക്കും ദർശനത്തിനും കാലാതീതമായ പ്രസക്തിയുണ്ടെന്ന് തെളിയിക്കുകയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.
അന്ധകാരത്തിന്റെയും അനാചാരങ്ങളുടെയും പടുകുഴിയിൽ നിന്ന് കേരളീയ സമൂഹത്തെ കൈപിടിച്ചുയർത്തിയ ശ്രീനാരായണ ഗുരുവിന്റെ ചിന്തകളും പ്രവൃത്തികളും വീണ്ടും സമൂഹമനസിലേക്ക് കൊണ്ടുവരിക മാത്രമാണ് ഈ ദുർഘട സന്ധിയിൽ കേരളത്തിന്റെ ഏകരക്ഷാമാർഗം. അതിനുള്ള വഴിയൊരുക്കലാണ് നമ്മുടെ കടമ. ശിവഗിരി തീർത്ഥാടനം അസ്വസ്ഥമായ സമൂഹത്തെ വിമലീകരിക്കാൻ ഉപകരിക്കും. ഗുരുവിനെ അംഗീകരിക്കാനോ ഉൾക്കൊള്ളാനോ കഴിയാത്തവരും ഗുരു ഈഴവരുടേത് മാത്രമാണെന്ന് ചിന്തിക്കുന്നവരും ഇവിടെയുണ്ടെന്ന കാര്യം മറക്കുന്നില്ല. ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും വലിപ്പച്ചെറുപ്പ ഭേദമെന്യേ ഗുരുവിനെ വാഴ്‌ത്താറുണ്ട്. പക്ഷേ അവരിൽ ഗുരുവിനെ പിന്തുടരുന്നവരോ പഠിക്കുന്നവരോ വിരലിലെണ്ണാവുന്നവർ പോലുമില്ല. ഗുരുഭക്തരുടെ പ്രീതി പിടിച്ചുപറ്റാനോ നാലുവോട്ടു കിട്ടാനോ വേണ്ടിയുള്ള അധരവ്യായാമം മാത്രമാണ് അതെല്ലാം.
ഗുരുവിനെ കേരളജനത ഒന്നാകെ ഏറ്റെടുക്കാനുള്ള വഴിയൊരുക്കാൻ ശിവഗിരി തീർത്ഥാടനത്തിന് കഴിയണം. തീർത്ഥാടന പുണ്യം ജനകോടികളിലേക്ക് എത്തിക്കണം. ഗുരുവിന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്ന ശിവഗിരിക്കുന്നിലേക്ക് മത, ജാതിഭേദങ്ങളില്ലാതെ ജനസാഗരം ഒഴുകിയെത്തട്ടെ. മതത്തിന്റെ പേരിൽ കൊല്ലും കൊലയും വിവേചനങ്ങളും രൂക്ഷമാകുന്ന ഈ ലോകത്ത് ശ്രീനാരായണ ഗുരുവാണ് യുക്തമായ മറുപടി. ഗുരുവിനെ, ഗുരുദർശനത്തെ ഉൾക്കൊള്ളാൻ ഒരു ജനസമൂഹം എന്ന നിലയിൽ ഇപ്പോഴും മലയാളികൾക്ക് കഴിഞ്ഞിട്ടില്ലെന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് കേരളത്തിൽ നടമാടുന്ന സാമൂഹ്യവിപത്തുകളും അക്രമങ്ങളും മറ്റും. മതാതീതമായ ഗുരുസന്ദേശങ്ങളോടു യോജിക്കാൻ ആർക്കും ബുദ്ധിമുട്ടുമുണ്ടാകേണ്ടതില്ല. കേരളത്തിന്റെ മണ്ണിൽ മാത്രം ഒതുങ്ങേണ്ടതല്ല ഗുരുദർശനം. അത് ലോകത്തിന് മുമ്പാകെ എത്തിക്കാനായി നാം സ്വയം സമർപ്പിക്കണം. ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ മാത്രം ബാദ്ധ്യതയല്ല വിശ്വഗുരുവായ ശ്രീനാരായണ ഗുരുവിനെ ലോകമെമ്പാടും മനുഷ്യരിലേക്ക് അടുപ്പിക്കുക എന്നത്. സകല ജനവിഭാഗങ്ങളും സർക്കാർ സംവിധാനങ്ങളും ഗുരുവിനെയും മഹത്തായ ദർശനത്തെയും ഏറ്റെടുക്കേണ്ട കാലമാണിത്. ടി.കെ.കിട്ടൻ റൈട്ടർക്കും വല്ലഭശേരി ഗോവിന്ദൻ വൈദ്യർക്കും ഗുരുദേവൻ തീർത്ഥാടനത്തിന് അനുമതി നൽകുമ്പോൾ ഭക്തിയ്ക്കൊപ്പം മനുഷ്യജീവിതത്തിൽ അന്തസും സമാധാനപൂർണവും സാമ്പത്തികഭദ്രതയും വിജ്ഞാനവും കൈവരിക്കാൻ കഴിയുന്ന രീതിയിലെ അഷ്ടലക്ഷ്യങ്ങളും പഞ്ചശുദ്ധിയുമാണ് മുന്നോട്ട് വച്ചത്. അവ ഇന്നും എന്നും പ്രസക്തവുമാണ്.
1904ലാണ് വർക്കലയിലെ പ്രകൃതിസുന്ദരമായ കുന്നിൽ ഗുരു പർണ്ണശാലകെട്ടി പാർത്തു തുടങ്ങിയത്. ശിവഗിരിയെന്നു നാമകരണം ചെയ്തതും ഗുരുതന്നെ. ഏതാനും വർഷങ്ങൾക്കുള്ളിൽ ശിവഗിരിയിലേക്ക് ജനപ്രവാഹമായി. ഗുരുവിന്റെ ദേഹവും ദേഹിയും വിലയംപ്രാപിച്ച മണ്ണാണ് ശിവഗിരിയിലേത്. ഈ പുണ്യഭൂമിയിലേക്കുള്ള ഏത് യാത്രയും തീർത്ഥാടനം തന്നെ. എങ്കിലും ഗുരു വിഭാവനം ചെയ്ത ധനുമാസത്തിലെ ഈ തീർത്ഥാടന നാളുകൾ പവിത്രവും പുണ്യദായകവുമാണ്. ഓരോ തീർത്ഥാടകനും ഗുരുദർശന പ്രചാരകനാകാൻ കഴിയട്ടെ.