മാധവസേവയ്ക്കൊപ്പം മാനവസേവയും

കയറിക്കിടക്കാൻ വീടില്ലാത്തവരുടെടെ മനോവേദനയും പ്രതിസന്ധികളും വിവരണാതീതമാണ്. അതീവദു:ഖകരമാണ്. സമാധാനം അവരുടെ ജീവിതത്തിലുണ്ടാകില്ല. ആ സമാധാനക്കേട് പല രീതിയിൽ സമൂഹത്തിലും പ്രതിഫലിക്കും. അത് സമൂഹത്തിന്റെ പ്രശ്നവും ബാദ്ധ്യതയും കൂടിയാണ്. നൂറുശതമാനം സാക്ഷരതയും ഉന്നത സാമൂഹിക നിലവാരവുമുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിന്റെ പരിതസ്ഥിതിയിലും ഇത്തരം അവസ്ഥ നിലനിൽക്കുന്നുവെന്ന് പറയുമ്പോൾ 75 വർഷം മുമ്പ് നാം പൊരുതി നേടിയ സ്വാതന്ത്ര്യം ചോദ്യചിഹ്നമാകും. ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. അവിടെ വീടില്ലാത്ത ജനകോടികൾ ഉണ്ടാവുക നാടിനും ജനങ്ങൾക്കും നാണക്കേടാണ്.

അതുകൊണ്ടാണ് പ്രധാൻമന്ത്രി ആവാസ് യോജന പോലുള്ള പദ്ധതികൾ കേന്ദ്രവും ഇ.എം.എസ്. ഭവനപദ്ധതി പോലുള്ളവ സംസ്ഥാന സർക്കാരുകളും പതിറ്റാണ്ടുകൾക്ക് മുമ്പേ നടപ്പാക്കിവന്നത്. അതൊന്നും കാര്യമായ ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. കാട്ടിലെ തടി തേവരുടെ ആന എന്ന മട്ടിലായിരുന്നു പോക്ക്. ലക്ഷംവീട് കോളനികളും ആദിവാസി ഭവനപദ്ധതികളും അതിന് ഉത്തമോദാഹരണങ്ങളാണ്. കോടികളുടെ പൊതുഫണ്ട് കൊണ്ട് അഴിമതിയുടെ ആറാട്ടായിരുന്നു ‌ ഈ പദ്ധതികളുടെ പേരിൽ നാം കണ്ടത്. വലിയൊരും വിഭാഗം ദരിദ്രരെയും പിന്നാക്കവിഭാഗങ്ങളെയും പൊതുധാരയിൽ നിന്ന് അകറ്റി നിറുത്തി, അവരുടെ കോളനികൾ രൂപപ്പെടുത്തി എന്ന കുഴപ്പവും ഈ പദ്ധതികളിലൂടെ സൃഷ്ടിക്കപ്പെട്ടു. പട്ടികജാതി, വർഗ വിഭാഗക്കാരാണ് ചൂഷണം ചെയ്യപ്പെട്ടവരിലേറെയും.

സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ശേഷം കേന്ദ്രപദ്ധതികളുമായി സംയോജിപ്പിച്ച് നടപ്പാക്കി വന്ന ലൈഫ് മിഷൻ ഭവനപദ്ധതി സാമാന്യം ഭേദപ്പെട്ട രീതിയിലാണ് മുന്നോട്ടുപോയിരുന്നത്. അഞ്ച് വർഷം കൊണ്ട് 4.32 ലക്ഷം വീടുകൾ നിർമ്മിക്കാനായിരുന്നു 2016ൽ തുടക്കം കുറിച്ച മൂന്നുഘട്ട പദ്ധതിയുടെ ലക്ഷ്യം. ഇതിൽ 2,79,131 വീടുകൾ പൂർത്തിയായെന്നാണ് സർക്കാർ കണക്ക്. ലക്ഷ്യത്തിൽ എത്തിയില്ലെങ്കിലും വലിയൊരു നേട്ടമാണിത്. എന്നാൽ നടപ്പു സാമ്പത്തിക വർഷം അവസാനിക്കാൻ പോകുമ്പോൾ ലൈഫ് ഉൾപ്പടെ ദരിദ്രർക്കുള്ള വിവിധ ഭവനനിർമ്മാണ പദ്ധതികളുടെ നടത്തിപ്പും ഫണ്ട് വിനിയോഗവും പരമദയനീയമാണെന്ന സംസ്ഥാന ആസൂത്രണ ബോർഡിന്റെ റിപ്പോർട്ട് ആശങ്കയുണ്ടാക്കുന്നതാണ്. ലൈഫ് പദ്ധതിക്ക് വകയിരുത്തിയ 717 കോടിയിൽ കേവലം 5.34 ശതമാനം അതായത് 38.35 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. റൂറൽ ലൈഫ് പാർപ്പിട പദ്ധതിക്ക് 525 കോടിയിൽ ചെലവാക്കിയത് 6.22 ശതമാനം മാത്രം. നഗരപാർപ്പിട പദ്ധതിയുടെ 192 കോടി രൂപയിൽ വെറും 2.97 ശതമാനമേ വിനിയോഗിച്ചുള്ളൂ.

ലൈഫ് മിഷൻ രണ്ടാംഘട്ടം അന്തിമ പട്ടിക 2022 ഏപ്രിലിൽ വന്നപ്പോൾ അതിൽ 3,54,552 പേരുണ്ടായിരുന്നു. ഇതിൽ 12,845 പേരുമായി മാത്രമാണ് സർക്കാർ കരാറിൽ ഒപ്പിട്ടതെന്നാണ് നിയമസഭ രേഖകൾ പറയുന്നത്. അങ്ങിനെയെങ്കിൽ മൂന്നാംഘട്ടത്തിൽ പദ്ധതി ഇഴഞ്ഞു നീങ്ങുകയാണെന്ന് വേണം കരുതാൻ. സർക്കാർ ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നുണ്ടോ എന്ന് സംശയിച്ചാൽ തെറ്റുപറയാനാവില്ല. തങ്ങളുടെ സർക്കാരാണിതെന്ന് വിശ്വസിക്കുന്നവരാണ് പാവപ്പെട്ടവരിൽ അധികവും. അവരെ നിരാശപ്പെടുത്തരുത്. ഈ പദ്ധതിയുടെ കാര്യത്തിൽ സർക്കാർ കർക്കശമായ ശ്രദ്ധ ചെലുത്തണം. പലതരം വിവാദങ്ങൾ ലൈഫ് പദ്ധതിയുടെയും ശോഭ കെടുത്തുന്നുണ്ട്. നടപടി ക്രമങ്ങളിലെ നൂലാമാലകളും വൈതരണികളും സഹിച്ച്, പലപ്പോഴും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും മുന്നിൽ അപഹസിക്കപ്പെട്ട് വീടിനായി പാവങ്ങൾ കൈനീട്ടേണ്ടിവരുന്നത് ഗതികേടുകൊണ്ടാണ്.

ഈ പശ്ചാത്തലത്തിലാണ് എറണാകുളം ജില്ലയിലെ പൂത്തോട്ട എസ്.എൻ.ഡി.പി.ശാഖാ യോഗം രാജ്യത്തിന് മാതൃകയാകുന്ന ഒരു ഭവന പദ്ധതി നടപ്പാക്കിയത്. ശാഖയുടെ കീഴിലാണ് ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നിർവഹിച്ച ശ്രീനാരായണ വല്ലഭക്ഷേത്രം. ദശലക്ഷങ്ങളാണ് ഇവിടെ ഉത്സവ ചെലവ്. കൊവിഡ് മഹാമാരിക്ക് ശേഷം കഴിഞ്ഞ വർഷം ഉത്സവ ആലോചനകൾക്കിടെ ആഡംബരങ്ങൾ കുറച്ച് ആ പണം കൊണ്ട് ശാഖയിലെ പത്ത് പേർക്ക് വീടുവച്ചുനൽകാൻ ശാഖാ കമ്മിറ്റി തീരുമാനിച്ചു. ശ്രീവല്ലഭ ഭവന പദ്ധതിയെന്ന് പേരുമിട്ടു. ഇക്കൊല്ലത്തെ ഉത്സവം കൊടിയേറും മുമ്പ് പത്ത് വീടുകളും നിർമ്മിച്ചു. പത്താമത്തെ വീടിന്റെ താക്കോൽദാനവും അടുത്തവർഷത്തേക്കുള്ള പത്ത് വീടുകളുടെ ശിലാസ്ഥാപനവും നിർവഹിക്കാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു. എന്റെ സംഘടനാ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തങ്ങളിലൊന്നായി അത്. 450 ചതുരശ്ര അടിയുള്ള മികച്ച വീടുകളാണ് പത്തെണ്ണവും. ഒന്നിന് 8.90 ലക്ഷം രൂപ ചെലവു വന്നു. 20 ലക്ഷം രൂപയും സിമന്റും, ഇലക്ട്രിക്കൽ, പ്ളംബിംഗ്, പെയിന്റിംഗ് സാമഗ്രികളും സംഭാവനയായി ലഭിച്ചു. ഈ പിന്തുണയും അംഗീകാരവുമാണ് പുതിയ പത്ത് വീടുകൾ കൂടി നിർമ്മിക്കാൻ ശാഖാ കമ്മിറ്റിയ്ക്ക് പ്രചോദനമായത്. ഇതിന് ചുക്കാൻ പിടിച്ചത് പ്രസിഡന്റ് ഇ.എൻ.മണിയപ്പനും സെക്രട്ടറി കെ.കെ.അരുൺകാന്തും നേതൃത്വം നൽകുന്ന ഭരണസമിതിയാണ്. അവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എൽ.കെ.ജി. മുതൽ എൽ.എൽ.എം വരെ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ശാഖയാണ് പൂത്തോട്ടയിലേത്. മറ്റ് ശാഖായോഗങ്ങൾ ഇവരെ മാതൃകയാക്കിയിരുന്നെങ്കിൽ നമ്മുടെ കുട്ടികൾ പഠനാവശ്യങ്ങൾക്കായി മറ്റ് മതസ്ഥരുടെ വിദ്യാലയങ്ങൾക്ക് മുന്നിൽ തല കുമ്പിട്ടു നിൽക്കേണ്ടി വരില്ലായിരുന്നു.

ആയിരക്കണക്കിന് കോടി രൂപയാണ് കേരളത്തിലെ ക്ഷേത്ര ഉത്സവങ്ങളുടെ ഭാഗമായി വർഷം തോറും ചെലവഴിക്കുന്നത്. ഈ ചെലവിന്റെ ചെറിയൊരു ഭാഗം മാറ്റി വച്ചാൽ പോലും നമുക്കിടയിലെ വീടില്ലാത്ത നല്ലൊരു വിഭാഗത്തിനും തുണയേകാനാകും. അങ്ങിനെ സാധുക്കൾക്ക് ഗുണപ്പെടുന്നവിധം ഉത്സവവും മാറ്റാനാകും. ഇത്തരമൊരു സംസ്കാരം വളർത്തിയെടുക്കാൻ പൂത്തോട്ടക്കാർക്ക് കഴിഞ്ഞത് എസ്.എൻ.ഡി.പി.യോഗത്തിന് തന്നെ അഭിമാനകരമാണ്. വർഷാവർഷം ഉത്സവത്തിന്റെ ഭാഗമായി തങ്ങളുടെ പരിസരത്ത് ഒരു വീടെങ്കിലും നിർമ്മിച്ച് നൽകാൻ കഴിയുമെങ്കിൽ അതല്ലേ വലിയ പുണ്യം. വിശ്വസനീയമായി പൂർത്തിയാക്കാൻ കഴിഞ്ഞാൽ പിന്തുണ നൽകാൻ അനേകം പേർ മുന്നോട്ടുവരുമെന്നതിന്റെ തെളിവ് കൂടിയാണ് പൂത്തോട്ടയിൽ കണ്ടത്. മാധവസേവയ്ക്കൊപ്പം മാനവസേവയും കൂടിയാകട്ടെ. പൂത്തോട്ടയുടെ മഹോന്നതമായ മാതൃക കേരളത്തിലെ എല്ലാ ക്ഷേത്ര കമ്മിറ്റികൾക്കും വഴികാട്ടിയാകട്ടെ.

Author

Scroll to top
Close
Browse Categories