വയനാടിനായി സർക്കാരിനൊപ്പം നിൽക്കാം
വയനാട് കേരളത്തിന്റെ തീരാവേദനയാണിന്ന്. നമ്മുടെ സംസ്ഥാനം നേരിടേണ്ടി വന്ന ഏറ്റവും വലിയ ദുരന്തത്തിന് ഇരകളായത് മുണ്ടക്കൈയിലെയും ചൂരൽമലയിലേയും 500ഓളം ജീവനുകളാണ്. നൂറുകണക്കിന് വീടുകളും കൃഷിയിടങ്ങളും, ആയിരക്കണക്കിന് ജീവജാലങ്ങളും ഇല്ലാതായി. കല്ലിന്മേൽ കല്ല് ശേഷിക്കാതെയാണ് ഒരു പിന്നാക്ക മലയോര ഗ്രാമത്തെ ഉരുൾജലം ജൂലായ് 30ന് പുലർച്ചെ തച്ചുതകർത്തത്. ആരുടെയും മനസ് ഉലയ്ക്കുന്ന കാഴ്ചകൾ ദിവസങ്ങളോളം നാമെല്ലാം കണ്ടു. ആ നീറ്റൽ അടുത്തെന്നും മനസിൽ നിന്ന് മായില്ല.
കേരളജനതയും സർക്കാർ സംവിധാനങ്ങളും അഗ്നിരക്ഷാ സേനയും സന്നദ്ധസംഘടനകളും സർവ്വോപരി ഇന്ത്യൻ സൈന്യവും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനങ്ങൾ പ്രതിസന്ധി ഘട്ടത്തിൽ മലയാളികളുടെ ഒത്തൊരുമയുടെ, സഹജീവിസ്നേഹത്തിന്റെ പ്രതീകവുമായി. ഒന്ന് ഉറങ്ങി എഴുന്നേൽക്കുന്നതിനിടെ ജീവതം അടിമുടി തകർത്തെറിയപ്പെട്ട വയനാട്ടിലെ കുടുംബങ്ങളുടെ വേദന വിവരണാതീതമാണ്. തലമുറകളോളം ഈ ദുരന്തത്തിന്റെ ഓർമ്മകൾ കുടുംബങ്ങളെ വേട്ടയാടും. ഉറ്റവർ മരിച്ച് ഒറ്റപ്പെട്ടവർ, വീട് നഷ്ടമായവർ, അനാഥരായ കുഞ്ഞുങ്ങൾ, വരുമാന മാർഗങ്ങൾ ഇല്ലാതായവർ, വിദ്യാഭ്യാസം പ്രതിസന്ധിയിലായവർ, സകലസമ്പാദ്യവും മലവെള്ളം കവർന്ന് അക്ഷരാർത്ഥത്തിൽ നിസ്വരായവർ, രോഗികൾ തുടങ്ങിയവരുടെ പുനരധിവാസം എളുപ്പമല്ല. അവരുടെ അതിജീവനം ഇനി കേരളത്തിന്റെ ഉത്തരവാദിത്വമാണ്. ഓരോ മലയാളിയും അതിൽ പങ്കാളികളാകേണ്ടതുണ്ട്.
രക്ഷാപ്രവർത്തനങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ജീവൻ എവിടെയെങ്കിലും അവശേഷിച്ചിട്ടുണ്ടോ എന്നറിയാൻ അന്വേഷണം തുടരുന്നു.
മൃതദേഹാവശിഷ്ടങ്ങൾ തേടി രക്ഷാസംഘങ്ങൾ അലയുന്നുണ്ട്. നഷ്ടങ്ങളുടെ കണക്കെടുപ്പുകൾ തുടരുകയാണ്. വിദ്യാഭ്യാസ, ചികിത്സാ പ്രതിസന്ധികൾ വേറെ. അങ്ങിനെ അതിസങ്കീർണമായ ഘട്ടങ്ങളിലൂടെയാണ് വയനാട് ഇപ്പോൾ കടന്നുപോകുന്നത്. സമാനതകളില്ലാത്ത ഈ പരിസ്ഥിതി ദുരന്തത്തിന്റെ ബാക്കിപത്രം ഇതാണ്. ഉരുൾപൊട്ടലിലേക്ക് വഴിവച്ച കാരണങ്ങൾ ഒരുപാടുണ്ടാകാം. ഇപ്പോൾ അതിനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളുടെ സമയമല്ല. അറബിക്കടലിനും സഹ്യസാനുക്കൾക്കും ഇടയിൽ മേഘക്കീറുപോലെ കിടക്കുന്ന ഒരു ചെറിയ ഭൂപ്രദേശമായ കേരളം നേരിടുന്ന, കൈകാര്യം ചെയ്യാൻ പ്രയാസമുള്ള നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടെന്ന യാഥാർത്ഥ്യം അംഗീകരിച്ചുതന്നെ വയനാട് ദുരന്തത്തിന്റെ ഇരകൾക്ക് വേണ്ടിയുള്ള പുനരധിവാസത്തിന് സൂക്ഷ്മമായ, ദീർഘവീക്ഷണത്തോടെയുള്ള ആലോചനകളാണ് നടത്തേണ്ടത്.
2018ലെ പ്രളയകാലത്ത് കണ്ടതുപോലെ വയനാട് ദുരന്തത്തിലും കേരളം ഒരേ മനസോടെ രംഗത്തിറങ്ങി. ഒട്ടനവധി വ്യക്തികളും സംഘടനകളും ബിസിനസ് സ്ഥാപനങ്ങളും, എന്തിന് കോടതികൾ പോലും വൻവ്യവസായികളുടെ ശിക്ഷാപ്പണം വയനാട് ദുരിതാശ്വാസത്തിലേക്ക് നൽകാൻ തയ്യാറായി. ഉരുൾജലം കശക്കിയെറിഞ്ഞ വീടുകളുടെ എണ്ണത്തിലേറെ വീടുകൾ നിർമ്മിച്ചു നൽകാൻ വാഗ്ദാനങ്ങളെത്തി. രാഷ്ട്രീയകക്ഷികളും മത, സാമുദായിക, സാംസ്കാരിക സംഘടനകളും തുറന്ന മനസോടെ മുന്നോട്ടു വന്നു. അയൽസംസ്ഥാനങ്ങളിൽ നിന്നും ദക്ഷിണേന്ത്യൻ സിനിമാതാരങ്ങളിൽ നിന്നും വിദേശത്തു നിന്നും സഹായങ്ങളെത്തി.
മുണ്ടക്കൈയിലെയും ചൂരൽമലയിലെയും സാധാരണക്കാരിൽ സാധാരണക്കാരായ, തോട്ടം തൊഴിലാളികളും കർഷകരും കൂലിപ്പണിക്കാരുമായ ചെറുകിടക്കാരാണ് ഈ ദുരന്തത്തിന്റെ ഇരകളിൽ ഏറെയും. അതിജീവിച്ചവരുടെ സാമ്പത്തിക, കുടുംബ, ആരോഗ്യ, മാനസിക പ്രശ്നങ്ങൾ വിലയിരുത്തി വരാൻ പോകുന്ന പ്രതിസന്ധികൾ മുൻകൂട്ടി കണ്ട് ഇനിയുള്ള ജീവിതം ആശങ്കകളില്ലാതെ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ചുമതലയാണ് കേരളീയ ജനതയിൽ അർപ്പിതമായിട്ടുള്ളത്. കോളനി പോലെ കുറച്ചു വീടുകൾ പണിത് ജനങ്ങളെ അവിടെ താമസിപ്പിച്ച് പിൻവലിയുന്ന പതിവ് രീതിയിലെ പുനരധിവാസങ്ങളുടെ കാലം കഴിഞ്ഞു. സുനാമിയെ തുടർന്ന് തീരദേശത്ത് സർക്കാരും സന്നദ്ധ സംഘടനകളും നിർമ്മിച്ച് കൈമാറിയ ഇത്തരം ഗാർഹിക പദ്ധതികൾ പലതും വേണ്ടത്ര ആസൂത്രണമില്ലായ്മയുടെ പ്രതീകങ്ങളാണ്.
മുൻ അനുഭവങ്ങൾ കണക്കിലെടുത്ത് വിശദമായ പദ്ധതിരേഖകൾ തയ്യാറാക്കി, വിവിധ വശങ്ങൾ വിലയിരുത്തി വയനാട് ദുരന്തത്തിലെ ഇരകൾക്ക് സമയബന്ധിതമായി പുനരധിവാസം നടപ്പാക്കാനുള്ള നടപടികൾ എത്രയും വേഗം സംസ്ഥാന സർക്കാർ ആരംഭിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഘടനകളും ബിസിനസ് സ്ഥാപനങ്ങളും വ്യക്തികളും ഉദാരമായി സംഭാവന നൽകേണ്ടതുണ്ട്. എസ്.എൻ.ഡി.പി. യോഗവും എസ്.എൻ.ട്രസ്റ്റും ഇക്കാര്യത്തിനായി ആദ്യം രംഗത്തുവന്നുവെന്നതിൽ നമുക്ക് അഭിമാനിക്കാം. ആദ്യഘട്ടമായി 76 ലക്ഷം രൂപ യോഗം കൈമാറിക്കഴിഞ്ഞു. ഇക്കുറി ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ ആർഭാട രഹിതമായി സംഘടിപ്പിക്കാനും അതുവഴി മാറ്റിവയ്ക്കാവുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിക്കാനും എല്ലാ യൂണിയനുകൾക്കും ശാഖകൾക്കും പോഷക സംഘടനകൾക്കും നിർദേശം നൽകിയിട്ടുണ്ട്. യോഗത്തിന്റെയും എസ്.എൻ.ട്രസ്റ്റിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരും ഈ യജ്ഞത്തിൽ പങ്കാളികളാകും. മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളും ഈ പാത പിന്തുടരണം. സംസ്ഥാനത്തെ അസംഖ്യം സംഘടനകളും ജാതി, മത, വർഗ, വർണഭേദമന്യേ അവരുടെ സ്ഥിതിക്കൊത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ പിന്തുണയ്ക്കുക കൂടി ചെയ്താൽ ദുരിതബാധിതരുടെ പുനരധിവാസവും തുടർ പദ്ധതികളും ഭംഗിയായി നടപ്പാക്കാനാകും. ദുരന്തമേഖലയിൽ സന്ദർശനം നടത്തവേ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പിന്തുണയെക്കുറിച്ച് പ്രധാനമന്ത്രിയും സൂചിപ്പിച്ചിട്ടുണ്ട്.
ദുരന്തഭൂമിയിലെ ജനങ്ങളുടെ അവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വിലയിരുത്തുമ്പോൾ വയനാട് പുനരധിവാസം കേന്ദ്രീകൃതമായ രീതിയിൽ ഒരു ഏജൻസിയുടെ നേതൃത്വത്തിൽ നടത്തുന്നതാണ് ഉചിതം. പണവും വീടുകളും സ്ഥലവും മറ്റ് സഹായങ്ങളും വാഗ്ദാനം ചെയ്ത ഒട്ടേറെ സുമനസുകളും സാമൂഹ്യ സംഘടനകളുമുണ്ട്. അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയ്യാറായവരും നമ്മുടെ നാട്ടിലുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ഉദ്യോഗസ്ഥരുടേതുൾപ്പെടെയുള്ള വിഹിതം വരാനുണ്ട്. ഇങ്ങിനെ ലഭിക്കുന്ന തുക വയനാട് ദുരിതാശ്വാസത്തിന് വേണ്ടി പ്രത്യേകം മാറ്റിവയ്ക്കുകയും മറ്റ് സഹായ വാഗ്ദാനങ്ങൾ ഏകോപിപ്പിച്ച് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് തന്നെ അത് നടപ്പാക്കുകയുമാണ് ഉചിതം. പല ഏജൻസികൾ പല രീതിയിൽ നടപ്പാക്കുന്ന പുനരധിവാസം പിന്നീട് അനാവശ്യ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമാവുകയും ചെയ്യും.
സർക്കാർ പദ്ധതികളുടെ കാര്യക്ഷമതയില്ലായ്മയും ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതക്കുറവും മറ്റും ഭയന്നാണ് പലരും സർക്കാരിന്റെ ഇടപെടലിനെ സംശയിക്കുന്നത്. എറണാകുളത്തെ പ്രളയഫണ്ട് തട്ടിപ്പ് കേസ് പോലുള്ള സംഭവങ്ങൾ നോക്കിയാൽ അതിന് അവരെ കുറ്റം പറയാനുമാവില്ല. അതൊക്കെ മറികടക്കാൻ കഴിയുന്ന രീതിയിൽ വയനാട് പുനരധിവാസം ഒരു മാതൃകയാക്കി മാറ്റാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. പദ്ധതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള വിലയിരുത്തലുണ്ടാകണം. കക്ഷിരാഷ്ട്രീയം മാറ്റിവച്ച് ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് നിരുപാധികമായ പിന്തുണ നൽകുകയും വേണം.
വയനാട്ടിലെ ദുരന്തബാധിതർ നമ്മുടെ കൂടപ്പിറപ്പുകളാണ്. അന്തസോടെ ജീവിക്കാൻ, പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ അവർക്ക് അവസരമൊരുക്കേണ്ടത് നമ്മുടെ കടമയാണ്. സഹായിക്കേണ്ട സമയം ഇതാണ്. അത്യാവശ്യമുള്ളപ്പോൾ ലഭിക്കുന്ന സഹായം അമൃത് പോലെ അമൂല്യമാണ്. മലയാളികളെ ലോകം മാതൃകയാക്കുന്ന രീതിയിൽ നമുക്ക്ഒറ്റക്കെട്ടായി ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ഹതഭാഗ്യരെ ചേർത്തുപിടിക്കാം.