പശ്ചിമേഷ്യയിൽ സമാധാനം പുലരണം

പശ്ചിമേഷ്യയിലെ വാഗ്‌ദത്ത ഭൂമിയായ കാനാൻ പ്രദേശം വീണ്ടും സംഘർഷ ഭൂമിയായതോടെ ലോകം യുദ്ധഭീതിയിലാണ്. കാലങ്ങളായി തുടരുന്ന ഇസ്രായേൽ- പാലസ്തീൻ സംഘർഷമാണ് വീണ്ടും മേഖലയെ യുദ്ധക്കെടുതിയുടെ നൊമ്പരകാഴ്ചകളിലേക്ക് നയിച്ചിരിക്കുന്നത്. പാലസ്തീന്റെ ഭാഗമായ ഗാസ ഇസ്രായേലിന്റെ ബോംബ് വർഷത്തിൽ മൃതഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു. ആയിരങ്ങളാണ് ജീവിതസമ്പാദ്യമെല്ലാം ഇട്ടെറിഞ്ഞ് സുരക്ഷിത സ്ഥാനം തേടി പലായനം ചെയ്തുകൊണ്ടിരിക്കുന്നത്.

ആയിരക്കണക്കിന് കുരുന്നുകളുടെ നിലവിളിയാണ് ഗാസയിൽനിന്നുയരുന്നത്. യുദ്ധത്തിന്റെ ഏറ്റവും വലിയ ഇരകളായ ഗാസയിലെ കുരുന്നുകളുടെ രോദനങ്ങൾ ലോകമെങ്ങും നൊമ്പരമായി പടരുകയാണ്. സ്വതന്ത്ര പാലസ്തീനായി പോരാട്ടം നടത്തുന്ന ഹമാസ്, ഒക്ടോബർ 7 ന് പുലർച്ചെ ഇസ്രായേലിലേക്ക് കടന്നുകയറി നടത്തിയ സമാനതകളില്ലാത്ത ആക്രമണമാണ് ഇപ്പോഴത്തെ യുദ്ധമായി പരിണമിച്ചത്. 5000 ഓളം റോക്കറ്റുകളാണ് ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് ചീറിപ്പാഞ്ഞത്. ഹമാസിന്റെ ചാവേറുകൾ വാഹനങ്ങളിലും പാരാഗ്ളൈഡ‌റുകളിൽ പറന്നിറങ്ങിയും നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ സേനാംഗങ്ങളടക്കം 1400 ലേറെ പേരാണ് കൊല്ലപ്പെട്ടത്. തെക്കൻ ഇസ്രായേലിലെ ഒരു മരുപ്രദേശത്ത് മ്യൂസിക് ഫെസ്റ്റിവലിന് ഒത്തുകൂടിയ 300 ഓളം സംഗീതപ്രേമികളെ വളഞ്ഞ് വെടിവച്ച് കൊന്നു. വീടുകളിൽ കയറി കണ്ണിൽ കണ്ടവരെയെല്ലാം വെടിവച്ചിട്ടും കുരുന്നുകളെപ്പോലും മന:സാക്ഷിയില്ലാതെ ക്രൂരമായി കൊലപ്പെടുത്തിയും നടത്തിയ തേർവാഴ്ച ഇസ്രായേലിൽ മാത്രമല്ല, ലോകത്തെയാകെ സ്തബ്ധമാക്കി. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ഇരുന്നൂറോളം പേരെ തട്ടിക്കൊണ്ടുപോയ ഹമാസ് അവരെ ഗാസയിലെ ഭൂഗർഭ തുരങ്കങ്ങളിൽ ബന്ധികളാക്കി ഒളിപ്പിച്ചിരിക്കുകയാണ്. രണ്ട് അമേരിക്കൻ പൗരന്മാരെയും രണ്ട് ഇസ്രായേലികളെയും ഇതിനകം വിട്ടയച്ചുവെന്നത് പ്രതീക്ഷയ്ക്ക് വകനൽകുന്നതാണ്.

ഇസ്രായേലിന് ഉണ്ടെന്നവകാശപ്പെട്ടിരുന്ന ഹൈടെക് യുദ്ധ സാങ്കേതിക വിദ്യകളെയും ലോകത്താകെ പുകൾപെറ്റ ‘മൊസാദ്’ എന്ന ഇന്റലിജൻസ് സംവിധാനത്തെയും മാത്രമല്ല, ഏത് തരം മിസൈലുകളെയും റോക്കറ്റുകളെയും നിഷ്പ്രഭമാക്കാൻ പോന്ന ‘അയൺ ഡോം’ സംവിധാനത്തെപ്പോലും മറികടന്ന് ഇസ്രായേലിന്റെ ഭൂമിയിൽ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണം ഇസ്രായേലിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുക തന്നെ ചെയ്തു. ആദ്യമൊന്ന് പകച്ചുപോയ ഇസ്രായേൽ സേന സർവ്വശക്തിയുമെടുത്ത് തിരിച്ചടിച്ച് തുടങ്ങിയതോടെയാണ് പാലസ്തീന്റെ ഭാഗമായ ഗാസയെ മൃതഭൂമിയാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്. ഹമാസിനെ ഇല്ലാതാക്കുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിട്ടുള്ളത്. ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ ഗാസയിൽ മരിച്ചവരുടെ എണ്ണം 7000 കടന്നു. ഇതിൽ മൂവായിരത്തിലേറെയും കുട്ടികളാണ്. ആയിരത്തിലേറെ സ്ത്രീകളും കൊല്ലപ്പെട്ടു. 40,000 ഓളം പേർക്ക് പരിക്കേറ്റു. മിസൈൽ, ബോംബാക്രമണങ്ങളിൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവർ അതിലേറെയുണ്ട്. ഗാസയിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇന്ധനവുമെല്ലാം ഇസ്രായേൽ വിച്ഛേദിച്ചതോടെ ജനജീവിതം ദുസ്സഹമാണ്. ആശുപത്രികൾക്കും അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയും ബോംബാക്രമണം നടത്തുന്നതിനാൽ പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകൽ പോലും ദുഷ്ക്കരമായിരിക്കുന്നു. ഗാസയിൽ നിന്ന് പലായനം ചെയ്യാത്തവരെ ഹമാസായി കണ്ട് ആക്രമണം നടത്തുമെന്ന ഇസ്രായേലിന്റെ അന്ത്യശാസനവും തള്ളിക്കളഞ്ഞാണ് ഗാസ നിവാസികൾ അവിടെ തങ്ങുന്നത്. അറബ് ലോകത്തടക്കം പ്രതിഷേധം വ്യാപകമാണെങ്കിലും യുദ്ധം അവസാനിപ്പിക്കാനുള്ള കാര്യമായ നീക്കങ്ങളൊന്നും എവിടെ നിന്നും ഉണ്ടാകുന്നില്ലെന്നതാണ് ഏറെ ഉത്ക്കണ്ഠ സൃഷ്ടിക്കുന്നത്. ഹമാസിനെ തുടച്ചുനീക്കുമെന്നും ഗാസയെ ഇല്ലാതാക്കുമെന്നും പറയുന്ന ഇസ്രായേലിനെ അമേരിക്കയും ബ്രിട്ടനും അടക്കമുള്ള പാശ്ചാത്യശക്തികൾ പിന്തുണയ്ക്കുമ്പോൾ റഷ്യയും സൗദി അറേബ്യ, ഇറാൻ തുടങ്ങിയ അറബ് രാജ്യങ്ങളുമാണ് പാലസ്തീനെ പിന്തുണയ്ക്കുന്നത്. ഇസ്രായേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണം തന്നെയെന്ന് ആദ്യം നിലപാടെടുത്ത ഇന്ത്യ, ഇസ്രായേലിന് എല്ലാ പിന്തുണയും വാഗ് ദാ നം ചെയ്തതിനൊപ്പം പാലസ്തീനികൾക്ക് സ്വതന്ത്ര രാഷ്ട്രം വേണമെന്ന പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്നും അറിയിച്ചു. മാത്രമല്ല, ഗാസയിൽ യുദ്ധക്കെടുതികൾ അനുഭവിക്കുന്നവർക്കായി അവശ്യവസ്തുക്കളും മരുന്നുകളുമടക്കം ഇന്ത്യ എത്തിച്ചുനൽകുകയും ചെയ്തു.

ഇന്നത്തെ ഇസ്രായേലും പാലസ്തീനും ഉൾപ്പെടുന്ന പ്രദേശം 1947 ന് മുമ്പ് തന്നെ ബ്രിട്ടീഷ് ആധിപത്യത്തിൽ പാലസ്തീനായാണ് അറിയപ്പെട്ടിരുന്നത്. അറബികളും ജൂതരും ക്രൈസ്തവരും ഒരുമിച്ച് പാർക്കുന്ന പ്രദേശമായിരുന്നു അവിടം. ലോകത്തിന്റെ പലയിടങ്ങളിലായി ചിതറിക്കിടന്ന ജൂതന്മാർ ഇവിടെയെത്തി അറബികളിൽ നിന്ന് ഭൂമി വിലയ്ക്ക് വാങ്ങി കൃഷിയും മറ്റു നിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങിയിരുന്നു. 1948 ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ ബ്രിട്ടൻ ആ പ്രദേശത്തു നിന്ന് പിന്മാറാൻ തീരുമാനിച്ചു. യുദ്ധത്തിൽ സഹായിച്ചതിന്റെ നന്ദിസൂചകമായി ജൂതർക്ക് സ്വന്തമായൊരു രാഷ്ട്രം രൂപീകരിക്കാൻ സഹായിക്കാമെന്ന് ബ്രിട്ടൻ വാഗ്ദാനം നൽകിയിരുന്നു. അത് പ്രകാരം യു.എന്നിന്റെ മദ്ധ്യസ്ഥതയിൽ ഉണ്ടാക്കിയ ദ്വിരാഷ്ട്ര ഫോർമുലയിൽ ജൂതർക്ക് മുൻതൂക്കമുള്ള സ്ഥലം ഇസ്രായേലും അറബികൾക്ക് മുൻതൂക്കമുള്ള സ്ഥലം പാലസ്തീനുമായി വിഭജിച്ചു. വിശുദ്ധ നഗരമായ ജറുസലേമിനെ എല്ലാ വിഭാഗത്തിനും തുല്യമായ അവകാശമുള്ള സ്ഥലമാക്കി നിയന്ത്രണം യു.എന്നിന്റെ ചുമതലയിലുമാക്കി. ഇസ്രായേൽ ഈ ഫോർമുല അംഗീകരിച്ചെങ്കിലും അറബ് രാഷ്ട്രങ്ങളായ ഈജിപ്റ്റും ജോർദ്ദാനും സിറിയയും അംഗീകരിക്കാൻ തയ്യാറായില്ല. പകരം മൂന്ന് രാഷ്ട്രങ്ങളും ചേർന്ന് ഇസ്രായേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തിൽ വിജയം ഇസ്രായേലിനായിരുന്നെന്ന് മാത്രമല്ല, പാലസ്തീന്റെ ഭൂപ്രദേശങ്ങൾ കൂടി ഇസ്രായേൽ പിടിച്ചെടുക്കുകയും ചെയ്തു. ഇസ്രായേലിനു നേരെ പിന്നീട് നിരവധി തവണ അയൽ രാജ്യങ്ങൾ യുദ്ധം ചെയ്തെങ്കിലും അപ്പോഴെല്ലാം വിജയം ഇസ്രായേലിനായിരുന്നു. ഓരോ യുദ്ധം കഴിയുമ്പോഴും ഇസ്രായേൽ ഭൂവിസ്തൃതി വർദ്ധിപ്പിക്കുകയായിരുന്നു. 1967 ൽ വെറും 6 ദിവസം മാത്രം നീണ്ടുനിന്ന യുദ്ധമാണ് ഇതിൽ പ്രധാനം. 1973 ലും യുദ്ധം ഉണ്ടായെങ്കിലും പാലസ്തീൻ ഭൂപ്രദേശം ചുരുങ്ങിയതല്ലാതെ മറ്റൊന്നുമുണ്ടായില്ല. 1978 ൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടർ ഇടപെട്ടുണ്ടാക്കിയ ക്യാമ്പ് ഡേവിഡ് കരാറുമായി സൗദി അറേബ്യയും യു.എ.ഇയും അടക്കമുള്ള അറബ് രാജ്യങ്ങൾ സന്ധി ചെയ്തെങ്കിലും ഈജിപ്റ്റും ജോർദ്ദാനും പാലസ്തീനെ കൈയ്യൊഴിയുകയായിരുന്നു. യാസർ അരാഫത്തിന്റെ നേതൃത്വത്തിൽ പാലസ്തീൻ വിമോചന സേന (പി.എൽ.ഒ) അന്നേ നിലവിലുണ്ടായിരുന്നു. ഹമാസിന്റെ രൂപീകരണത്തോടെയാണ് കാര്യങ്ങൾ ഇപ്പോഴത്തെ നിലയിലേക്കെത്തിയത്. പാലസ്തീന്റെ ഭാഗമായ ഗാസയുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്തപ്പോൾ വെസ്റ്റ്ബാങ്ക് സ്വയംപ്രഖ്യാപിത പാലസ്തീനായി തുടർന്നു. ഇപ്പോഴത്തെ പാലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഹമാസിനെപ്പോലെ തീവ്രചിന്താഗതിക്കാരനല്ല.

ഗാസയുടെ നിയന്ത്രണം ഹമാസിന്റെ കൈയ്യിലായതോടെയാണ് ഇസ്രായേലുമായി നിരന്തരം സംഘർഷം ഉടലെടുക്കുന്നത്. ഗാസയിൽ നിന്ന് ഇടയ്ക്കിടെ ഇസ്രായേലിലേക്ക് തൊടുത്തുവിടുന്ന റോക്കറ്റുകൾക്ക് ഇസ്രായേൽ ശക്തമായ തിരിച്ചടി നൽകും. കഴിഞ്ഞ കുറെക്കാലമായി ഇത് തുടരുന്നുവെങ്കിലും ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണം സമാനതകളില്ലാത്തതാണ്. ഇസ്രായേലിന്റെ ഹൈടെക്ക് യുദ്ധത്തിൽ നേരിട്ട് ഏറ്റുമുട്ടി വിജയിക്കാനാവില്ലെന്ന തിരിച്ചറിവാണ് ഗറില്ല യുദ്ധമുറകളിലേക്ക് നീങ്ങാൻ ഹമാസിനെ പ്രേരിപ്പിച്ചതെന്ന് കരുതാം. പാലസ്തീൻ പ്രശ്നം വീണ്ടും ലോകശ്രദ്ധയിൽ കൊണ്ടുവരാനുള്ള ഹമാസിന്റെ ശ്രമം വിജയിച്ചുവെന്നാണ് ലോകത്തിലെ മിക്ക രാജ്യങ്ങളിലും പാലസ്തീന് അനുകൂലമായി നടക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ നൽകുന്ന സൂചന. പ്രശ്ന പരിഹാരത്തിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ എന്നിവർ ഇസ്രായേലിലെത്തിയെങ്കിലും പിരിമുറുക്കത്തിന് തെല്ലും അയവുണ്ടായിട്ടില്ല. ഇസ്രായേലിന്റെ അയൽരാജ്യമായ ലബനോനിൽ നിന്ന് ഹിസ്ബുള്ള തീവ്രവാദികളുടെ ഭീഷണിയും നേരിടുന്നുണ്ട്. ഹമാസിനെ സഹായിക്കുന്നത് ഇറാനാണെന്ന് ഇസ്രായേൽ സംശയിക്കുന്നുണ്ടെന്നതിനാൽ ആ രാജ്യവുമായുള്ള സംഘർഷ സാദ്ധ്യതയും നിലനിൽക്കുന്നു. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ലോകം പലതവണ തിരിച്ചറിഞ്ഞതാണ്. രണ്ടാംലോകമഹായുദ്ധത്തോടെയാണ് യുദ്ധക്കെടുതികളുടെ ഭീകരമുഖം ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടത്. എന്നിട്ടും ലോകത്തിന്റെ പലഭാഗത്തും ചെറിയ ചെറിയ യുദ്ധങ്ങൾ അരങ്ങേറി. ഏറ്റവുമൊടുവിൽ റഷ്യ യുക്രെയ്‌നെതിരെ നടത്തിയ ആക്രമണത്തിൽ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. ഉടനടി യുദ്ധം ജയിക്കാമെന്ന് കരുതിയ റഷ്യ, രണ്ട് വർഷം കഴിഞ്ഞിട്ടും ഒന്നും നേടാനാകാതെ കുരുക്കിലകപ്പെട്ടപോലെ നിൽക്കുന്നു. പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ സംഘർഷവും ഒന്നുമറിയാത്ത നിരപരാധികളായ കുറെയധികം മനുഷ്യജീവനുകളെടുക്കുമെന്നതിനപ്പുറം എന്ത് നേടിയെന്ന ചോദ്യമാകും ഉയരാൻ പോകുന്നത്. സ്വതന്ത്ര പാലസ്തീൻ എന്നത് യാഥാർത്ഥ്യമാക്കുക മാത്രമാണ് മേഖലയിലെ സംഘർഷത്തിന് പരിഹാരം. യു. എൻ പോലും നിസ്സഹായാവസ്ഥയിൽ നിൽക്കുന്ന ഈ ഘട്ടത്തിൽ സമാധാനശ്രമത്തിനായുള്ള നീക്കങ്ങൾ ഉണ്ടാകാൻ വൈകിക്കൂടാ. പശ്ചിമേഷ്യയിൽ സമാധാനം പുലരേണ്ടത് ഇന്ത്യയുടെ കൂടി ആവശ്യമാണ്.

Author

Scroll to top
Close
Browse Categories