വന്യമൃഗ ഭീതിയിൽ കേരളം

കേരളത്തിലെ വനയോര മേഖലയിലെ ജനജീവിതം ദിനംതോറും ദുരിതമയമാകുന്ന കാലമാണിത്. പ്രകൃതിദുരന്തങ്ങളും വിളകളുടെ വിലത്തകർച്ചയും കസ്തൂരിരംഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകളും ബഫർ സോൺ ആശങ്കകളുമൊക്കെ ഈ ജനവിഭാഗങ്ങളുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. അതിനിടെയാണ് സമീപകാലത്തായി വന്യമൃഗശല്യം കൂനിന്മേൽ കുരു പോലെയായത്. ആനയും പുലിയും കടുവയും കാട്ടുപന്നിയും മ്ളാവും കുരങ്ങും മയിലും തുടങ്ങിയ വന്യജീവികൾ ഏതുനിമിഷവും മുറ്റത്തേക്ക് എത്തുമെന്ന ആശങ്കയിലാണ് പല പ്രദേശങ്ങളും. ഇടുക്കിയിലും വയനാട്ടിലും ഒതുങ്ങി നിന്നിരുന്ന വന്യമൃഗ ഭീഷണി ഇപ്പോൾ പാലക്കാട്, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും നിത്യ സംഭവമാണ്.

കാടിറങ്ങുന്ന മൃഗങ്ങൾ പ്രത്യേകിച്ച് ആനകളും കാട്ടുപന്നികളും കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നെങ്കിലും ഇപ്പോൾ ജീവഭയവും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. അടുത്തിടെ ആനയുടെയും പുലിയുടെയും കടുവയുടെയുമൊക്കെ ആക്രമണങ്ങളിൽ പൊലിയുന്ന ജീവിതങ്ങൾ നിത്യമെന്നോണം മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

വനത്തെയും വന്യമൃഗങ്ങളെയും സംരക്ഷിക്കുന്ന കാര്യത്തിൽ രാജ്യത്ത് തന്നെ കർശനമായി നിയമങ്ങൾ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. മറ്റു പല സംസ്ഥാനങ്ങളിലും വനംകൊള്ളയും മൃഗവേട്ടയും വനംകൈയേറ്റവും മൂലം വനവും വന്യമൃഗ സമ്പത്തും ശോഷിക്കുകയാണ്. കേരളത്തിൽ പക്ഷേ സ്ഥിതി മറിച്ചാണ്. വനവിസ്തൃതി ശോഷിക്കാത്ത, വന്യമൃഗങ്ങളുടെ എണ്ണം വർദ്ധിക്കുന്ന നാടാണ് നമ്മുടേത്. കാട്ടുപന്നികളുടെ എണ്ണം വലിയ തോതിൽ കൂടിയതിനെ തുടർന്ന് നിയന്ത്രിതമായി ഇവയെ കൊല്ലാൻ ഉപാധികളോടെ സിവിലിയൻമാർക്കും സർക്കാർ അനുമതി നൽകിയിരുന്നു. മൃഗങ്ങളെ റബർ ബുള്ളറ്റ് ഉപയോഗിച്ച് തുരത്താനുളള അനുമതി മലയോര കർഷകർ തേടിയെങ്കിലും സർക്കാർ ഇക്കാര്യം പരിഗണിച്ചിട്ടില്ല.

കുടിയേറ്റ കർഷകരും മലയോരജനതയും തലമുറകളായി പ്രകൃതിയോട് പോരാടിയാണ് ജീവിതം കരുപ്പിടിപ്പിച്ചത്. അവരുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന തരത്തിലേക്ക് വന്യമൃഗശല്യം മാറിയിട്ടുണ്ട്. അതിനെ ലാഘവത്തോടെ കാണാനാകില്ല. കിടങ്ങുകളും വൈദ്യുതി വേലിയുമൊക്കെ വന്യമൃഗങ്ങളെ അകറ്റുന്നതിൽ വിജയിച്ചിട്ടില്ല. കാട്ടാനകളും പുലിയുമാണ് ജനങ്ങളുടെ പേടിസ്വപ്നം. പാലക്കാട്ടെയും വയനാട്ടിലെയും ജനവാസ മേഖലകളിലും പട്ടണങ്ങളിലും വരെ ആനയിറങ്ങുന്നു. വന്യജീവികൾ നാട്ടിലേക്കിറങ്ങുന്ന സാഹചര്യത്തെ ശാസ്ത്രീയമായും കാര്യക്ഷമമായും നേരിടേണ്ടതുണ്ട്. വന്യമൃഗങ്ങളാൽ കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകിയിട്ടോ നിരന്തരം കൃഷിനാശം നേരിടുന്നവർക്ക് സാമ്പത്തിക സഹായം നൽകിയിട്ടോ ഈ പ്രശ്നം പരിഹരിക്കാനാവില്ല. വിലപ്പെട്ട ജീവൻ നഷ്ടമാകാതെ നോക്കണം. കാട്ടിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റം മൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമാണെന്ന് സമ്മതിച്ചാൽ പോലും ആ പ്രശ്നം പരിഹരിക്കപ്പെടുക തന്നെ വേണം. മദ്ധ്യകേരളത്തിലെ മലയോര മേഖലകളിൽ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ പുതിയ തലമുറയിലെ നല്ലൊരു പങ്കും യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞു. ഈ പ്രവണത ഇപ്പോൾ മറ്റു വിഭാഗങ്ങളിലേക്കും പടരുകയാണ്. ഇതിനിടെ ഹൈറേഞ്ചുകളിൽ ആളൊഴിയു ന്നതിന് മറ്റൊരു കാരണം കൂടിയാവുകയാണ് വന്യമൃഗശല്യവും. വനത്തോട് ചേർന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകുന്നതിനെ ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് വനംവകുപ്പിനും.

വനത്തിൽ മൃഗങ്ങളുടെ എണ്ണം വർദ്ധിച്ചതായും ഇവയ്ക്ക് ജനനനിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ടെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രൻ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഇതിനർത്ഥം ഇനിയും വന്യമൃഗശല്യം രൂക്ഷമാകാൻ തന്നെയാണ് സാദ്ധ്യതയെന്നാണ്. വന്യജീവികളുടെ വംശവർദ്ധന തടയണമെങ്കിലും കേന്ദ്രനിയമത്തിൽ പൊളിച്ചെഴുത്ത് വേണ്ടിവരും. അതിനായി വേണ്ടിവന്നാൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ജീവഹാനിയ്ക്കും കൃഷിനാശത്തിനും പ്രധാനകാരണം ആനകൾ തന്നെയാണ്. നാട്ടാനകൾ കുറയുകയാണെങ്കിലും കാട്ടിൽ ആനകളുടെ എണ്ണം ക്രമാനുഗതമായി ഉയരുകയാണ്. ഇത് ഭാവിയിലും പ്രശ്നങ്ങൾ രൂക്ഷമാക്കുകയേയുള്ളൂ. ആനകളുടെ വംശവർദ്ധനവ് തടയാനാണ് പ്രഥമ പരിഗണന നൽകേണ്ടത്. അത് എങ്ങിനെ സാധിക്കുമെന്ന് വനംവകുപ്പും വനഗവേഷകരും പഠിക്കണം.

വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭയന്നാണ് ജനങ്ങൾ വന്യമൃഗങ്ങളെ സ്വന്തം നിലയിൽ നേരിടാൻ മടിക്കുന്നതെന്നതാണ് യാഥാർത്ഥ്യം. ചില പാശ്ചാത്യ രാജ്യങ്ങളിൽ വന്യജീവികളുടെ എണ്ണം വർദ്ധിക്കുമ്പോൾ അവയെ വേട്ടയാടാൻ ജനങ്ങൾക്ക് നിശ്ചിത ദിനങ്ങളിൽ അനുമതി നൽകുന്ന പതിവുണ്ട്. അക്കാര്യം നമ്മുടെ നാട്ടിലും പരീക്ഷിക്കാവുന്നതാണ്. പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പോലും ഇതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നിലവിൽ നമ്മുടെ നാട്ടിൽ തുടർന്ന് പോരുന്ന വനാതിർത്തിയിൽ കിടങ്ങ് കുഴിക്കലും വൈദ്യുതി വേലി കെട്ടലുമൊന്നും അത്രയ്ക്ക് ഫലപ്രദമാകുന്നില്ലെന്ന കാര്യവും കണക്കിലെടുക്കണം.

വന്യമൃഗശല്യം കേരളത്തിന്റെ മാത്രം പ്രശ്നമല്ലല്ലോ. മറ്റ് സംസ്ഥാനങ്ങളും രാജ്യങ്ങളും ഈ പ്രശ്നത്തെ എങ്ങിനെയാണ് നേരിടുന്നതെന്ന് പഠിക്കണം. വലിയ ജനവിഭാഗത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഈ പ്രതിസന്ധിയെ ശാസ്ത്രീയമായ സമീപനങ്ങളിലൂടെ മാത്രമേ നേരിടാനാവൂ. മൃഗങ്ങൾ കാടിറങ്ങുന്നതിന്റെ കാരണങ്ങൾ എന്തെന്ന് കൃത്യമായി മനസിലാക്കുകയും വേണം. കാട്ടിലെ ഭക്ഷണത്തിന്റെ കുറവാണെങ്കിൽ അത് പരിഹരിക്കണം. അവയുടെ ജീവിത പരിസരങ്ങളിൽ മനുഷ്യ ഇടപെടലുകളുണ്ടായതാണെങ്കിൽ അതിനും മറുമരുന്ന് കണ്ടെത്തണം. സർക്കാർ സംവിധാനത്തിന്റെ ചട്ടപ്പടി നടപടികൾ മൃഗങ്ങളോട് ഫലിക്കണമെന്നില്ല. വന്യമൃഗ ഭീഷണിയെക്കുറിച്ച് രാജ്യത്തും വിദേശത്തുമുള്ള വിദഗ്ദ്ധധരുടെ കൂടി ഉപദേശങ്ങൾ സ്വീകരിച്ച് നൂതന സാങ്കേതിക വിദ്യകൾ അവലംബിച്ച് ഈ ഭീഷണിയെ നേരിടാനുള്ള ഫലപ്രദമായ നടപടികൾ എത്രയും വേഗം സ്വീകരിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിക്കേണ്ടത്. ഇത് വൈകുംതോറും നിരവധി ജീവനുകൾ പൊലിയും. കോടിക്കണക്കിന് രൂപയുടെ കാർഷിക നഷ്ടവും നാട് സഹിക്കേണ്ടിവരും.

Author

Scroll to top
Close
Browse Categories