പിന്തിരിഞ്ഞു നടക്കുകയാണോ കേരളം?
ലോകം നിർമ്മിതബുദ്ധിയുടെ കാലത്തെത്തിയിട്ടും കേരളം വീണ്ടും ജാതിവിവേചനങ്ങളുടെ കറുത്ത പ്രാകൃത യുഗത്തിലേക്ക് മടങ്ങുകയാണോ എന്ന് ബലമായി സംശയിക്കേണ്ട തരത്തിലാണ് പുതിയ സംഭവവികാസങ്ങൾ ഇവിടെ അരങ്ങേറുന്നത്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ാം വാർഷിക ചടങ്ങിന് വേണ്ടി തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറാക്കിയ ക്ഷണക്കത്ത് ആ പ്രക്ഷോഭത്തെ അവഹേളിക്കുന്ന തരത്തിൽ രാജഭരണത്തെ വാഴ്ത്തിയതാണ് പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടത്. ക്ഷേത്രപ്രവേശനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി വൈക്കത്ത് നടന്നതുൾപ്പെടെയുളള ഐതിഹാസിക പോരാട്ടങ്ങളെ അവഹേളിക്കുന്ന തരത്തിലായിപ്പോയി ക്ഷണപത്രം. അവർണന് പൊതുനിരത്തിലൂടെ നടക്കാനോ ക്ഷേത്രത്തിൽ ആരാധന നടത്താനോ അവകാശമില്ലാതിരുന്ന നാളുകളിൽ ഉൽപതിഷ്ണുക്കളും നിസ്വാർത്ഥരുമായ ആയിരങ്ങൾ തല്ലുകൊണ്ടും അപമാനിക്കപ്പെട്ടും സമരംചെയ്ത് നേടിയെടുത്ത വിളംബരം തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാളിന്റെ ഒൗദാര്യമാണെന്ന തരത്തിൽ ചിത്രീകരിച്ച ക്ഷണപത്രം ബോർഡിന്റെ പുരാവസ്തുവിഭാഗം ഡയറക്ടർ ബി.മധുസൂദനൻ നായരുടെ പേരിലാണ് പുറത്ത് വന്നത്. ചടങ്ങിന്റെ ഉദ്ഘാടകൻ സ്ഥാനമൊഴിഞ്ഞ ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപനായിരുന്നു. വിവാദത്തെ തുടർന്ന് ക്ഷണപത്രം പിൻവലിച്ചു, ബി.മധുസൂദനൻ നായരെ സ്ഥലംമാറ്റി. രാജകുടുംബാംഗങ്ങൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നു. എങ്കിലും കൊടിയ മർദ്ദനങ്ങളും മറ്റ് പീഡനങ്ങളും അനുഭവിച്ച സമരഭടന്മാരെയും നവോത്ഥാന നായകരെയും വിസ്മരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിയെ എന്ത് പേരിട്ടാണ് വിശേഷിപ്പിക്കേണ്ടത് ? ഇത്തരം ക്ഷണപത്രങ്ങൾ തയ്യാറാക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ചരിത്രബോധമില്ലാത്ത ഉന്നതരുടെ മാനസിക നിലയാണ് പരിശോധിക്കേണ്ടത്.
ക്ഷേത്രത്തിൽ കയറാൻ മാത്രമല്ല. പഠിക്കാനും സർക്കാർ ജോലി ലഭിക്കാനും വഴിനടക്കാനും മാറുമറയ്ക്കാനും, എന്തിന് മാലയണിയാനും പശുവിനെ വളർത്താനും വരെ കേരളത്തിലെ പിന്നാക്കസമൂഹം സമരം ചെയ്തിട്ടുണ്ട്. ഇങ്ങിനെ ഒരു ഗതികേട് ലോകത്ത് മറ്റാെരിടത്തും ഉണ്ടായിക്കാണാനിടയില്ല. പിറന്ന ജാതിയുടെ പേരിൽ ഹിന്ദുക്കളിലെ പിന്നാക്കവിഭാഗങ്ങൾ നൂറ്റാണ്ടുകൾ അനുഭവിച്ച ഇത്തരം പീഡനങ്ങളും അപമാനങ്ങളും വിവരണാതീതമാണ്. അവർണരുടെ ക്ഷേത്രപ്രവേശനത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെയും ശക്തിയുക്തം എതിർത്തിരുന്ന സവർണ സമൂഹത്തിലെ പുരോഗമനവാദികളും കൂടിചേർന്ന് സമരം ചെയ്ത് നേടിയെടുത്തതാണ് ക്ഷേത്രപ്രവേശന വിളംബരം.
സർക്കാരിന് കീഴിലുള്ള കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകളിൽ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രപ്രവേശന സമരം നടന്ന വൈക്കം മഹാദേവക്ഷേത്രം ഈ ബോർഡിന് കീഴിലാണ്. ജാതി വിവേചനത്തിന്റെ കാര്യത്തിൽ പണ്ടേ കുപ്രസിദ്ധമായ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരിൽ 90 ശതമാനത്തിലേറെയും സവർണ വിഭാഗക്കാരാണ്. ദേവസ്വം ബോർഡുകളിലെ പൂജാരി ഉൾപ്പടെയുള്ള നിയമനങ്ങളിൽ ജാതി പരിഗണന പാടില്ലെന്ന 2002ലെ സുപ്രധാനമായ സുപ്രീം കോടതി ഉത്തരവിന് പുല്ലുവില പോലും ദേവസ്വം ബോർഡുകൾ കൽപ്പിക്കുന്നില്ല. തിരുവിതാംകൂറിന് കീഴിലുള്ള ജാതി, മതഭേദങ്ങൾക്ക് അതീതമായ ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ മേൽശാന്തി നിയമനത്തിന് അപേക്ഷിക്കാൻ മലയാള ബ്രാഹ്മണന് മാത്രമേ അർഹതയുള്ളൂവെന്ന പരിഹാസ്യമായ അവസ്ഥയുമുണ്ട്. ഇതുസംബന്ധിച്ച കേസുകളിൽ മാറിമാറിവന്ന സംസ്ഥാന സർക്കാരുകൾ നപുംസക നിലപാട് സ്വീകരിച്ച് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ അവഹേളിക്കുകയാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാനപ്പെട്ട ഒരു ക്ഷേത്രത്തിലും പൂജാരിമാർ പോയിട്ട് കഴകക്കാരനെ പോലും അബ്രാഹ്മണരോ അമ്പലവാസികളോ അല്ലാത്തവരെ നിയമിക്കാറില്ല. ക്ഷേത്രപ്രവേശന വിളംബരത്തിലേക്ക് വഴിതുറന്ന ചരിത്രപ്രസിദ്ധമായ പ്രക്ഷോഭം നടന്ന വൈക്കം മഹാദേവ ക്ഷേത്രത്തിൽപ്പോലും 87 വർഷത്തിന് ശേഷവും ഇതാണ് അവസ്ഥ.
കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വം ബോർഡുകളിൽ ഇതിലും കഷ്ടമാണ് സ്ഥിതി. ശ്രീകോവിലുകളിൽ അക്ഷരാർത്ഥത്തിൽ അയിത്തം തന്നെയാണ് ഈ ബോർഡുകൾ പിന്തുടരുന്നത്. പിന്നാക്കക്കാരെയും പട്ടികവിഭാഗക്കാരെയും അകറ്റി നിറുത്താനായി കീഴ്‌വഴക്കങ്ങളുടെ പേരുപറഞ്ഞ് കാരായ്മ തുടങ്ങിയ അന്യായമായ പാരമ്പര്യാവകാശങ്ങളും നിലനിറുത്തിയിട്ടുണ്ട്.
ദേവസ്വം ബോർഡുകളിലെ ജാതിവിവേചനവും നിയമന അഴിമതികളും അവസാനിപ്പിക്കാനായി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിലവിൽ വന്ന കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെപ്പോലും കബളിപ്പിച്ചാണ് എല്ലാ ബോർഡുകളിലും ഇന്നും നിയമനം നടക്കുന്നത്. എല്ലായിടത്തും ജാതി തന്നെയാണ് മാനദണ്ഡം. ബോർഡ് വഴി നിയമിക്കപ്പെടുന്ന അബ്രാഹ്മണരായ പൂജാരിമാരെ നിത്യനിദാനത്തിന് പോലും വകയില്ലാത്ത അപ്രധാന ക്ഷേത്രങ്ങളിലേക്കാണ് നിയോഗിക്കുകയാണ് പതിവ്. ഇതാദ്യമായി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പുതിയ വിജ്ഞാപനത്തിൽ ഗുരുവായൂരിലും ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലും ബ്രാഹ്മണർക്ക് മാത്രം അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലെ ദേഹണ്ഡക്കാരൻ വരെ ബ്രാഹ്മണനാകണമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. ഭഗവാന് നിവേദ്യം പാകം ചെയ്യുന്നയാൾ പോലും ബ്രാഹ്മണനാകണമെന്ന നിബന്ധന നൽകുന്ന സന്ദേശം ക്ഷേത്രപ്രവേശന വിളംബരത്തിന് അപമാനമാണ്.
മലബാർ ദേവസ്വം ബോർഡിന് കീഴിലെ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഭദ്രദീപം കൊളുത്താനുള്ള വിളക്ക് കൈമാറാതെ താഴെവച്ച് നൽകി തന്നെ അപമാനിച്ച വിവരം ദേവസ്വം മന്ത്രിയും പട്ടികജാതിക്കാരനുമായ കെ.രാധാകൃഷ്ണൻ വെളിപ്പെടുത്തിയിട്ട് അധികം നാളായിട്ടില്ല. ഒരു മന്ത്രിക്ക് ഇതാണ് അവസ്ഥയെങ്കിൽ ക്ഷേത്രത്തിലെ പിന്നാക്ക ജീവനക്കാരുടെയും പിന്നാക്കക്കാരായ ഭക്തരുടെയും അവസ്ഥ എന്താകുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ.
സുപ്രീംകോടതി ഉത്തരവുകളെയും ഇടതുപക്ഷ സർക്കാർ അവകാശപ്പെടുന്ന പുരോഗമനാത്മകമായ നയങ്ങളെയും വെല്ലുവിളിച്ച് നവോത്ഥാന വിരുദ്ധമായ ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നവരെ എരുമച്ചാണകം തളിച്ച് അധികാരക്കസേരകളിൽ നിന്ന് ആട്ടിയോടിക്കേണ്ട കാലം കഴിഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ നവതി അടുത്തിട്ടും ഒരുവിഭാഗം ഉദ്യോഗസ്ഥരും പ്രമാണിമാരായ നേതാക്കളും ചേർന്ന് ജാതിമേൽക്കോയ്മ നിലനിറുത്താൻ ശ്രമിക്കുന്നത് ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ക്ഷേത്രപ്രവേശന വിളംബരം യഥാർത്ഥത്തിൽ നടപ്പാകണമെങ്കിൽ ക്ഷേത്രങ്ങളിലെ ജാതിവിവേചനം സമ്പൂർണമായും ഇല്ലാതാകണം. അധ:സ്ഥിത, പിന്നാക്ക വിഭാഗങ്ങളുടെയും പുരോഗമനവാദികളുടെയും വോട്ടുവാങ്ങിയാണ് അധികാരത്തിലേറിയതെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷസർക്കാരിന്റെ ബാദ്ധ്യതയാണ് ജാതി വിവേചനങ്ങളുടെ അസ്ഥിവാരം ഇളക്കി എറിയുക എന്നത്. അതിനായുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ ഇനിയെങ്കിലും ഉണ്ടാകണമെന്നാണ് അപേക്ഷ.