ഗുരുസ്മരണയുടെ ധന്യതയിൽ
ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ ദിവ്യസ്മരണകളിൽ ദീപ്തമാകുന്ന മറ്റൊരു ചിങ്ങമാസം കൂടിയെത്തിയിരിക്കുകയാണ്. കേരളം അഭിമാനപൂർവം ലോകത്തിനു മുൻപിൻ തലയുയർത്തി നിൽക്കാൻ കാരണമായ ആശയങ്ങൾക്കും സ്നേഹാന്തരീക്ഷത്തിനും നാം കടപ്പെട്ടിരിക്കുന്നത് ശ്രീനാരായണഗുരുദേവനോടാണ്. നരനു നരൻ അശുദ്ധവസ്തുവായിരുന്ന ഒരു കെട്ടകാലത്തിൽ നിന്നും ഗുരുദേവൻ നമ്മെ വിമോചിപ്പിക്കുകയും മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന മഹാസന്ദേശം നമ്മെ പഠിപ്പിക്കുകയും ചെയ്തു.
കേവലം ഒരു സമുദായത്തിന്റെ ആചാര്യനായി ഗുരുദേവനെ കാണുന്നവർ കേരളത്തിൽ ഇക്കാലത്തും ഏറെയുണ്ട്. ഗുരുദേവനെയും ഗുരുദർശനത്തെയും അങ്ങിനെ ചുരുക്കി കാണുന്നത് ശരിയല്ല. നമ്പൂതിരിയെ മനുഷ്യനാക്കിയതും നാട്ടിടവഴികളിലൂടേയും രാജവീഥികളിലൂടെയും മനുഷ്യർക്ക് ജാതിവ്യത്യാസമില്ലാതെ തലയുയർത്തി നടന്നുപോകാൻ വഴിയൊരുക്കിയതും ശ്രീനാരായണ ഗുരുദേവൻ തുടക്കം കുറിക്കുകയും നേതൃത്വം നൽകുകയും ചെയ്ത പ്രവർത്തനങ്ങളുടെ പരിണിതിയാണ് എന്നതാണ് വസ്തുത.
കേരളത്തിലെ സാമൂഹ്യസാഹചര്യങ്ങൾ വളരെയേറെ മാറി എന്നു പറയാമെങ്കിലും ഇന്ത്യാ മഹാരാജ്യത്തിൽ ഇപ്പോഴും ചാതുർവർണ്ണ്യ വ്യവസ്ഥിതിയും അതുമായി ബന്ധപ്പെട്ട അനാചാരങ്ങളും കൊടികുത്തി വാഴുക തന്നെയാണ്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്നും, അല്ലാതെ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിങ്ങനെ പറഞ്ഞുവരുന്നവയല്ല എന്നും ഗുരു അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ‘മനുഷ്യാണാം മനുഷ്യത്വം ജാതി ‘ എത്ര മനോഹരമായ സന്ദേശമാണത്. ഗുരു തന്റെ മാനവികദർശനത്തിന്റെ സത്തയും സാരാംശവും മുഴുവൻ ഈയൊരു ചെറിയവാക്യത്തിൽ ഉളളടക്കി വച്ചിരിക്കുന്നതുപോലെ തോന്നുന്നു. നമ്മെ ആരെങ്കിലും അവതാരമായി കരുതുന്നു എങ്കിൽ ജാതി ഇല്ലാതാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നുകൂടെ വിശ്വസിക്കണം എന്നു ഗുരു ദേവൻ വ്യക്തമാക്കിയിട്ടുണ്ട്.
ജാതിയെ ഇല്ലാതാക്കുക എന്നതു തന്നെയാണ് ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിന്റേയും ലക്ഷ്യം. ജാതി ഇല്ലാതാകണമെങ്കിൽ സമുദായങ്ങൾ തമ്മിലുളള ഉച്ചനീചത്വങ്ങൾ ഇല്ലാതാകണം. എല്ലാ വിഭാഗം മനുഷ്യർക്കും അവസരങ്ങളിലും വിഭവങ്ങളിലും വിദ്യാഭ്യാസത്തിലും തുല്യമായ പങ്ക് ലഭിക്കുകയും എല്ലാവർക്കും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവുകയും വേണം. സുവ്യക്തമായ കാഴ്ച്ചപ്പാടും പ്രവർത്തന പദ്ധതിയും ഗുരുദേവന് ഇക്കാര്യത്തിലുണ്ടായിരുന്നു. ശ്രീനാരായണ ഗുരുദേവൻ എസ്.എൻ.ഡി.പി യോഗം സ്ഥാപിച്ചതും അതിന്റെ സ്ഥിരാധ്യക്ഷ സ്ഥാനമലങ്കരിച്ചതും ഈ ലക്ഷ്യത്തെ മുൻ നിർത്തിയാണ്. സമാധിപര്യന്തം യോഗവുമായുള്ള ബന്ധം ഗുരുദേവൻ നിലനിർത്തുകയും ചെയ്തു. മറിച്ചുള്ള കുപ്രചരണങ്ങൾ ചരിത്ര വിരുദ്ധവും അവാസ്തവവുമാണ് എന്ന് ഗുരുദേവന്റെ ഒരു ജീവ ചരിത്രമെങ്കിലും വായിച്ചിട്ടുളളവർക്കറിയാം. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുദേവ വചനത്തിന്റെ ധന്യതയിലാണ് അന്നുമിന്നും യോഗം പ്രവർത്തിക്കുന്നത്. ജാതി ഉന്മൂലനം ആത്യന്തിക ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മറ്റൊരു സംഘടനയും ഇന്നും കേരളത്തിലില്ല എന്നത് വിമർശകർ മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിലെ നിലവിലെ സാമൂഹിക പശ്ചാത്തലത്തിൽ യോഗത്തിനും ഗുരുദേവ ദർശനത്തിനും പ്രാധാന്യം കൂടി വരികയാണുതാനും. ജാതി, മതചിന്തകളും വിദ്വേഷങ്ങളും പുതിയ രീതിയിൽ പുതിയ ഭാവത്തിൽ കേരളത്തിന്റെ പൊതുസമൂഹത്തെയും യുവതലമുറയെയും വഴിതെറ്റിക്കുന്ന കാലമാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തെ അതിജീവിക്കുക രാഷ്ട്രീയ, ഭരണ സംവിധാനങ്ങളെക്കൊണ്ടു മാത്രം സാധിക്കുന്ന കാര്യവുമല്ല. ഗുരുദേവ ദർശനത്തിന്റെ കാമ്പ് അറിഞ്ഞു കഴിഞ്ഞാൽ എല്ലാവിധ ഭേദവിചാരങ്ങളും മനസിൽ നിന്നൊഴിഞ്ഞു പോകും. സി.ബി.എസ്.ഇ സ്കൂളുകളിൽ ഉൾപ്പടെ പ്രൈമറി ക്ളാസു മുതൽ ഗുരുവിനെയും ഗുരുദർശനത്തിനെയും അറിയാനുള്ള പാഠഭാഗങ്ങൾ സിലബസിൽ പാഠഭാഗമാക്കണം. വരും തലമുറയെങ്കിലും ചെറുപ്പത്തിലേ ഗുരുവിനെ അറിഞ്ഞു വളരട്ടെ.
ഇന്ന് കേരളത്തിൽ ഏറ്റവുമധികം തഴച്ചുവളരുന്നത് വിവാദ വ്യവസായം മാത്രമാണ്. എന്തിനും ഏതിനും വിവാദങ്ങളാണ്. ഇതിലേക്ക് വഴിവച്ചത് ഗുരുവചനങ്ങളിൽ നിന്ന് മലയാളി സമൂഹം അകന്നത് മൂലമാണ്. കേരളം ഇന്നു കാണുന്ന ശാന്തിയിലേക്കും സമാധാനത്തിലേക്കും എത്തി ചേർന്നതിനു പിന്നിൽ ഗുരുദേവ വചനങ്ങളുടെ സ്വാധീനം തിരിച്ചറിയണം. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എന്ന ഗുരുദേവ വചനം കേരളീയരെ മാത്രമല്ല, ഗുരുദേവനെ അറിയുന്ന ഈ വിശ്വത്തിലെ മനുഷ്യരെയെല്ലാം സ്വാധീനിച്ച ഒന്നാണ്. 1924ൽ ഗുരുദേവൻ ആലുവയിൽ സംഘടിപ്പിച്ച സർവ്വ മത സമ്മേളനത്തിന്റെ പ്രവേശന കവാടത്തിൽ ഈ മഹാവാക്യമാണ് എഴുതിവച്ചിരുന്നത്. സർവ്വ മത സമ്മേളനത്തിന്റെ ശതാബ്ദി നിറവിലാണ് ഈ വർഷത്തെ ഗുരുദേവ ജയന്തി കടന്നു വരുന്നത്.
ജാതി മത വ്യത്യാസമില്ലാതെ മനുഷ്യർക്ക് സഞ്ചാര സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനായി ഗുരുദേവന്റെ അനുഗ്രഹാശിസുകളോടെയും പിൻതുണയോടെയും നടന്ന വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദിയും ഇതേ കാലയളവിൽ നാം ആഘോഷിക്കുകയാണ്. അതുകൊണ്ടുതന്നെ ചരിത്രപരമായ കാരണങ്ങളാൽ ഈ ഗുരുദേവജയന്തി ദിനം ശ്രീനാരായണീയർക്കു മാത്രമല്ല കേരളത്തിനും ഇന്ത്യക്കും ഏറെ വിശേഷപ്പെട്ട ഒന്നായിത്തീർന്നിരിക്കുന്നു. ഗുരു സന്ദേശങ്ങളുടെ ധന്യതയിലേക്ക് ഇന്ത്യയിലെ മുഴുവൻ മനുഷ്യരേയും നയിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ജാതി മത വ്യത്യാസം കൂടാതെ മനുഷ്യരെല്ലാം ഒന്നായികണ്ട മഹാബലി ചക്രവർത്തിയുടെ കഥയെ മലയാളികൾ ആഘോഷ പൂർവം ഓർക്കുന്ന ഓണ നാളുകൾ കൂടിയാണിത്. മഹാബലിയുടെ ഐതിഹ്യ ലോകത്തെ യഥാർത്ഥ്യമാക്കിയതും എല്ലാ മനുഷ്യരും ഒന്നു പോലെ ജീവിക്കുന്ന കേരളം സാധ്യമാക്കിയതും ശ്രീനാരായണ ഗുരുദേവനാണ് . ഗുരു സന്ദേശങ്ങളുടെ ധന്യതയിൽ നമുക്ക് ലോകത്തിനാകെ വഴി കാട്ടാം.