അക്രമികളാകുന്ന അതിഥികൾ

അപമാനഭാരത്താൽ ഓരോ മലയാളിയുടെയും തല കുനിഞ്ഞുപോയ ദിനമായിരുന്നു ജൂലായിലെ അവസാന വെള്ളി. അഞ്ചുവയസുമാത്രം പ്രായമുള്ള ആലുവയിലെ മിടുക്കിയായ സാധുബാലികയെ ഒരു നരാധമൻ മിഠായിയും മധുരവെള്ളവും വാങ്ങിക്കൊടുത്ത് വശീകരിച്ച് കൊണ്ടുപോയി പിച്ചിച്ചീന്തി കാമപൂർത്തി വരുത്തിശ്വാസം മുട്ടിച്ചുകൊന്ന സംഭവം കേരളത്തെ മാത്രമല്ല, രാജ്യത്തെയും നടുക്കി. പട്ടാപ്പകൽ തിരക്കേറിയ നഗരമദ്ധ്യത്തിലായിരുന്നു ഇത് നടന്നത്. നിഷ്കളങ്കമായ ചിരി തൂകുന്ന ആ മുഖം കരുണയുള്ളവരുടെ ഹൃദയത്തിൽ നിന്ന് പെട്ടെന്നൊന്നും മാഞ്ഞുപോവില്ല.

കൊല്ലപ്പെട്ട കുഞ്ഞും കൊലപാതകിയും അന്യസംസ്ഥാനക്കാരാണെന്നതു കൊണ്ട് പൊലീസിനോ, സംസ്ഥാന സർക്കാരിനോ, പൊതുസമൂഹത്തിനോ കൈകഴുകി മാറാനാവില്ല. അതീവ ഗുരുതരമായ ഒരു സാമൂഹ്യപ്രശ്നത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണീ സംഭവം. സമാനമോ അതിലും ഭീകരവുമായതോ ആയ നിരവധി കുറ്റകൃത്യങ്ങൾക്ക് മുമ്പും നമ്മുടെ നാട് സാക്ഷിയായിട്ടുണ്ട്. വടക്കാഞ്ചേരിയിൽ രാത്രി പാസഞ്ചർ ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ ഒറ്റപ്പെട്ടുപോയ യുവതിയെ തലയ്ക്കടിച്ച് തള്ളി പാളത്തിലേക്ക് വീഴ്ത്തി, അർദ്ധപ്രാണനായ അവസ്ഥയിൽ ബലാത്സംഗം ചെയ്തുകൊന്ന ഗോവിന്ദച്ചാമി ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടുറങ്ങി കഴിയുകയാണ്. പെരുമ്പാവൂർ കുറുപ്പംപടിയിൽ പട്ടികജാതിയിൽപ്പെട്ട നിർധനകുടുംബത്തിലെ നിയമവിദ്യാർത്ഥിനിയെ അവളുടെ വീട്ടിൽ കയറി പീഡിപ്പിച്ച് ആരും ഞെട്ടുന്നവിധം പരിക്കേൽപ്പിച്ച് കൊന്ന അനാറുൾ ഇസ്ളാമും ജയിലിൽ ജീവപര്യന്തം അനുഭവിക്കുന്നു. കേരളത്തെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു രണ്ടും. ഇതേപോലെ നൂറുകണക്കിനും വലുതും ചെറുതുമായ അന്യസംസ്ഥാനക്കാർ ഉൾപ്പെട്ട കേസുകൾ കാൽ നൂറ്റാണ്ടിനിടെ കേരളത്തിൽ ഉണ്ടായിട്ടുണ്ട്.

മലയാളികളുടെ പ്രവാസ ജീവിതം ശക്തമായ ശേഷമാണ് കേരളത്തിൽ താഴേത്തട്ടിലുളള ജോലികൾക്ക് ആളെ കിട്ടാതെ വന്നു തുടങ്ങിയത്. ആ അവസരം ആദ്യം മുതലെടുത്തത് തമിഴരാണ്. ലക്ഷക്കണക്കിന് പാവപ്പെട്ട തമിഴർ നിർമ്മാണ ജോലികൾക്കും വീട്ടുജോലികൾക്കും മറ്റുമായി ഇവിടേക്ക് എത്തി. സാംസ്കാരികവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ സമാനതകൾ മൂലമാകാം അവർ കേരളത്തോട് എളുപ്പം ഇഴുകിചേർന്നു. പിന്നീട് തമിഴ്‌നാട്ടിലെ സാഹചര്യം മെച്ചപ്പെട്ടതോടെ ആദ്യമെത്തിയവരുടെ പിൻതലമുറകൾ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉയർന്നു. കേരളത്തിലേക്കുള്ള തമിഴരുടെ വരവും നാമമാത്രമായി. തമിഴരുടെ പിന്മാറ്റം മുതലെടുത്തത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ദരിദ്രമേഖലകളിൽ നിന്നുള്ളവരാണ്. കാൽനൂറ്റാണ്ടിനിടെ 30 ലക്ഷത്തിലേറെ ഉത്തരേന്ത്യക്കാരാണ് കേരളത്തിലേക്ക് ഒഴുകിയെത്തിയത്. നാട്ടിലെ കൂലിയേക്കാൾ നാലിരട്ടി കേരളത്തിൽ കിട്ടും. തൊഴിൽ സാഹചര്യങ്ങളും മെച്ചം. സാമൂഹ്യ ചുറ്റുപാടുകൾ അവരുടെ സ്വപ്നങ്ങൾക്കുമപ്പുറം. ചികിത്സയും മക്കൾക്ക് വിദ്യാഭ്യാസ സൗകര്യവും മികവുറ്റത്. മലയാളികൾ ഗൾഫിലേക്കും പിന്നീട് യൂറോപ്യൻ രാജ്യങ്ങളിലേക്കും കടൽകടക്കുമ്പോൾ ഉത്തരേന്ത്യയിലെ പാവപ്പെട്ടവരുടെ ഗൾഫായി കേരളം മാറി.

കുറഞ്ഞ കൂലിയിൽ പുലരും മുതൽ അന്തിവരെ പണിയെടുക്കുന്ന ഭായിമാരില്ലെങ്കിൽ കേരളം നിശ്ചലമാകുന്ന സ്ഥിതിയാണിപ്പോൾ. അതിഥിതൊഴിലാളികളെന്ന ഓമനപ്പേരിൽ വിളിക്കുന്ന ഇവരിൽ കൂലിപ്പണിക്കാർ മുതൽ ഫാക്ടറി, ഹോട്ടൽ ജീവനക്കാരും ആശുപത്രി ജീവനക്കാരും വരെയുണ്ട്. മാന്യമായി ജോലി ചെയ്ത് മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി ജീവിതം സുരക്ഷിതമാക്കിയ, കേരളത്തെ സ്വന്തം നാടുപോലെ കാണുന്ന പതിനായിരങ്ങളും ഇവർക്കിടെയുണ്ട്. പക്ഷേ അവരിലെ ഒരു വിഭാഗം നമുക്കേകുന്ന കഠോരവേദനയാണ് ചർച്ചാവിഷയമാകേണ്ടത്.

ആയിരണക്കണക്കിന് കോടി രൂപയുടെ സമ്പത്ത് ഇവർ മാസം തോറും കേരളത്തിൽ നിന്ന് കൊണ്ടുപോകുന്നുണ്ട്. അന്യദേശതൊഴിലാളികളോട് പൊതുവേ മാന്യമായി പെരുമാറുന്ന സർക്കാരും ജനങ്ങളും കേരളത്തിലാണെന്ന് നിസംശയം പറയാനാകും. അവർക്കായി പ്രത്യേക വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യക്ഷേമ പദ്ധതികൾ വരെ സർക്കാരുകൾ നടപ്പിലാക്കുന്നു.
പക്ഷേ അന്യദേശക്കാരുടെ ആധിക്യം ഇപ്പോൾ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ കണക്കിൽ ഗണ്യമായ ഭാഗം അതിഥി തൊഴിലാളികളാണ്. കൊല്ലും കൊലയും കൊള്ളയും കൂടാതെ കഞ്ചാവും മയക്കുമരുന്നും തീവ്രവാദവും അവർക്കൊപ്പം കേരളത്തിലേക്കെത്തുന്നുണ്ട്. അക്രമസ്വഭാവമുള്ളവരും ക്രിമിനൽ പശ്ചാത്തലമുള്ളവരും ഇവരിൽ ഏറെയുണ്ട്. നിസാരകാര്യങ്ങൾക്ക് പോലും പരസ്പരം കൊല്ലുന്നവരും പകപുലർത്തുന്നവരും ധാരാളം. .

ആർക്കും കുടിയേറാവുന്ന അവസ്ഥയിലാണ് കേരളം. തീവ്രവാദികൾ, മാവോയിസ്റ്റുകൾ, അനധികൃതമായി കുടിയേറിയ ബംഗ്ളാദേശികൾ മുതൽ അഫ്ഗാൻകാരും ഒളിവിൽ കഴിയുന്ന ക്രിമിനലുകളും കൊലപാതകികളും കൊള്ളക്കാരും അതിഥിതൊഴിലാളികളുടെ വേഷം കെട്ടുന്നു. പൊതുവേ സമാധാനത്തിൽ കഴിയുന്ന കേരളത്തിൽ ഇവർ ഉയർത്തുന്ന സാമൂഹിക, ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമാണ്. മദ്യവും മയക്കുമരുന്ന് കച്ചവടവും ഉപഭോഗവും അനാശാസ്യപ്രവൃത്തികളുമൊക്കെ അതിഥിതൊഴിലാളി മേഖലകളിൽ വ്യാപകമാണ്. കേരളം വിട്ടാൽ ഇവരെ കണ്ടെത്തുകയോ നിയമത്തിന് മുന്നിൽ കൊണ്ടുവരികയോ എളുപ്പമല്ല.

എല്ലാവരെയും ഉൾക്കൊള്ളുന്ന ഉദാരമനസുമായി മലയാളികൾ ഇനിയും ഇരുന്നാൽ ജനിച്ച മണ്ണിൽ സ്വസ്ഥമായി ജീവിക്കാനാകാത്ത സ്ഥിതിയുണ്ടാകും. ഒരു നിയന്ത്രണവും ഇല്ലാതെ ആർക്കും എപ്പോൾ വേണമെങ്കിലും വന്ന് ഇഷ്ടമുള്ള ജോലി ചെയ്ത് മടങ്ങാനാകുമെന്നാണ് സംസ്ഥാനത്തെ അവസ്ഥ, കുറഞ്ഞ കൂലിക്ക് ആളെക്കിട്ടിയാൽ ആരെയും ജോലിക്ക് നിറുത്തുന്ന മലയാളികളുടെ സ്വഭാവവും മാറണം. അതിഥി തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിച്ചുകൊടുക്കുമ്പോൾ തന്നെ അവർ കൊള്ളാവുന്നവരാണെന്ന് ഉറപ്പുവരുത്തേണ്ട ബാദ്ധ്യതകൂടി സമൂഹത്തിനുണ്ട്. ഈ പ്രശ്നം അതീവ ഗൗരവത്തോടെ സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യണം. അസംഘടിത മേഖലയിൽ ജോലിക്കെത്തുന്ന അന്യസംസ്ഥാനക്കാർക്ക് പൊലീസ് വെരിഫിക്കേഷനും ക്ളിയറൻസും ജോബ് കാർഡും നിർബന്ധമാക്കണം. ഓരോരുത്തരുടെയും വിശദാംശങ്ങൾ സർക്കാരിന്റെ പക്കൽ വേണം. ആധാർ കാർഡ് പോലെ ഡിജിറ്റൽ ജോബ് കാർഡ് സംവിധാനങ്ങളും സർക്കാരിന് ആലോചിക്കാവുന്നതാണ്. നിശ്ചിതകാലപരിധിക്കുള്ളിൽ ഇത് പുതുക്കി നൽകുകയും വേണം. ഇത്തരം കാർഡുള്ളവർക്കു മാത്രമേ കൂലിപ്പണി പോലും കിട്ടൂ എന്നുവന്നാൽ അന്യസംസ്ഥാനക്കാരുടെ കുറ്റകൃത്യങ്ങൾ ഒരുപരിധി വരെ തടയാനാകും.

കേന്ദ്ര, സംസ്ഥാനസർക്കാരുകൾ അസംഘടിതമേഖലയിലെ അന്തർസംസ്ഥാന തൊഴിലാളി കുടിയേറ്റം ക്രമവത്കരിക്കാനും ചിട്ടയിലാക്കാനും നിയമനിർമ്മാണം പരിഗണിക്കേണ്ട സമയമായി. കേരളത്തിലെങ്കിലും എത്രയും വേഗം ഇതിനുള്ള നടപടികളുണ്ടാകണം. ആലുവയിലെ കുഞ്ഞിനെ പിച്ചിചീന്തിയ പ്രതി ഡൽഹിയിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ആളാണ്. ഇത്തരം ഒരു നിയമമോ പരിശോധനയോ ഉണ്ടായിരുന്നെങ്കിൽ ഇയാളെ നേരത്തേ കുടുക്കാനായേനെ. ഒരു പാവം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനും കഴിയുമായിരുന്നു. അവളുടെ ദുർവിധി ഇനി ഒരു കുഞ്ഞിനും സംഭവിക്കാതിരിക്കട്ടെ. അതിനായി സർക്കാരുകളും സമൂഹവും ആത്മാർത്ഥമായി ശ്രമിക്കുക മാത്രമാണ് പോംവഴി.

Author

Scroll to top
Close
Browse Categories