ഗുരുദേവനാണ് രക്ഷാമാർഗം

ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുദേവൻ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷിക്കപ്പെടുന്ന ഈ വേളയിൽ ഗുരുദേവൻ അരുൾചെയ്ത ഏകമതദർശനം മറ്റെന്നത്തെക്കാളും പ്രസക്തമാകുന്നു. “മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന ഗുരുവാക്യം ഇന്ത്യാ മഹാരാജ്യത്തിന്റെ അതിജീവന മന്ത്രമായി മാറുകയാണ്. നൂറു വർഷം മുൻപ് ഗുരുദേവൻ ചോദിച്ചു “ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ് ?” ഗുരുദേവൻ തന്നെ മറുപടിയും പറഞ്ഞു ” ജാതികൾ തമ്മിലും മതങ്ങൾ തമ്മിലും ഉളള മത്സരത്തിൽ നിന്നും മോചനം”. അതായിരുന്നു ഗുരുദേവൻ കണ്ടെത്തിയ ഇന്ത്യയുടെ വിമോചന മാർഗം. അതിനുള്ള ദാർശനികമായ വിശദീകരണം ആത്മോപദേശ ശതകത്തിൽ കാണാം.
“പല മതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം.

ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്റെ കണക്കിനൂനമാകും;
ധരയിലിതിന്റെ രഹസ്യമൊന്നുതാനെ-
ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.

പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
പരമതവാദിയിതോർത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം” – അതു കൊണ്ടുതന്നെ സർവമത സമ്മേളനവേദിയിൽ “വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്” എന്ന മഹാ സന്ദേശം ഗുരുദേവൻ വലിയ അക്ഷരത്തിൽ എഴുതി വയ്പ്പിച്ചു. അത് ഇന്ത്യൻ ജ്ഞാനപാരമ്പര്യത്തിനു തന്നെ ഒരു പുതു വെളിച്ചമായിരുന്നു.

ഒരു നൂറ്റാണ്ട് മുമ്പ്നമ്മുടെ നാട് മതാന്ധതയുടെ നീരാളിപ്പിടുത്തിൽ അമർന്ന സാഹചര്യത്തിൽ നടന്ന ആ സമ്മേളനം എന്തുകൊണ്ടും അർത്ഥവത്തായിരുന്നു. 1924 മാർച്ച് 3, 4 തീയതികളിൽ ആലുവയിൽ പെരിയാറിന്റെ തീരത്തെ ഗുരുവിന്റെ പ്രിയഇടങ്ങളിലൊന്നായ അദ്വൈതാശ്രമത്തിന്റെ പവിത്രമായ മണ്ണിൽ നടന്ന സമ്മേളനം എല്ലാ മതങ്ങളുടെയും സാരാംശം ഒന്നുതന്നെയാണെന്നും മതത്തിന്റെ പേരിലുള്ള സംഘർഷങ്ങൾ വേദനകൾ മാത്രമേ നൽകൂവെന്നുമുള്ള സന്ദേശമാണ് മുന്നോട്ടു വച്ചത്. ഒരു നൂറ്റാണ്ടിന് ശേഷവും ഗുരുവിന്റെ ആശങ്ക മനുഷ്യരാശി ഏറ്റെടുത്തില്ലെന്നതിന്റെ സാക്ഷ്യങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമസംഭവങ്ങൾ. മതഭ്രാന്തുപിടിച്ച മനുഷ്യരുടെ ചെയ്തികൾ മൂലം ഭൂമിയിൽ കണ്ണീർപ്പുഴകളാണ് സൃഷ്ടിക്കപ്പെടുന്നത്.

എല്ലാ മതങ്ങളുടെയും ഉദ്ദേശ്യം ഒന്നുതന്നെ. നദികൾ സമുദ്രത്തിൽ ചേർന്നാൽ പിന്നെ തിരക്കുഴിയെന്നും നടുക്കടലെന്നുമുണ്ടോ, ജീവാത്മാക്കൾക്ക് ഊർദ്ധമുഖത്വം ഉണ്ടാക്കുവാനുള്ള അധികാരമേ മതങ്ങൾക്കുള്ളൂ. അതുണ്ടായിക്കഴിഞ്ഞാൽ സൂക്ഷ്മം അവർ താനേ അന്വേഷിച്ചു കണ്ടെത്തിക്കൊള്ളും. സൂക്ഷ്മാന്വേഷണത്തെ നയിക്കുന്ന മാർഗ്ഗദർശികൾ മാത്രമാണ് മതങ്ങൾ. സൂക്ഷ്മം അറിഞ്ഞവനു മതം പ്രമാണമല്ല. മതത്തിനു അവൻ പ്രമാണമാണ്.’ എന്ന് ഗുരു പറയുന്നു.

മഹാശിവരാത്രി ദിനത്തിൽ മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സാർവത്രിക സാഹോദര്യത്തിന്റെ സന്ദേശമാണ് അന്ന് ഗുരു മനുഷ്യരാശിക്ക് സമർപ്പിച്ചത്. എല്ലാ ചിന്താധാരയും അറിയുകയും അവലംബിക്കുകയും ചെയ്യുന്ന സമഗ്രവും സമ്പൂർണവും ശാസ്ത്രീയവുമായ ആദ്ധ്യാത്മിക വെളിച്ചം സമൂഹത്തിന് മുമ്പാകെ കൊളുത്തിവച്ച സന്യാസി ശ്രേഷ്ഠനായിരുന്നു ശ്രീനാരായണ ഗുരുദേവൻ.നമ്മുടെ നാട്ടിലായാലും പശ്ചിമേഷ്യയിലോ ആഫ്രിക്കയിലോ യൂറോപ്പിലോ എവിടെയായാലും മതവൈരം മനുഷ്യകുലത്തിന് മാത്രമല്ല, ജീവജാലങ്ങൾക്കാകെ ഭീഷണിയായി മാറിക്കഴിഞ്ഞു. അതിന്റെ അലയൊലികൾ നമ്മുടെ മുറ്റത്തേക്കും എത്തുന്ന കാലമാണിത്. മൂന്നാം ലോക മഹായുദ്ധത്തിന് വരെ വഴിയൊരുക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളുടെ അടിസ്ഥാനം പോലും മതങ്ങൾ തമ്മിലും മതങ്ങൾക്കുള്ളിലെ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുമുള്ള വൈരങ്ങളാണ്. ഏതു നിമിഷവും ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാവുന്ന രീതിയിലാണ് ഇത്തരം സംഘർഷങ്ങൾ നീങ്ങുന്നത്. ഒരു നൂറ്റാണ്ട് മുമ്പ് ഇത്തരമൊരു സാഹചര്യം മുൻകൂട്ടി കണ്ട് സർവ്വമത സമ്മേളനം സംഘടിപ്പിക്കാൻ തീരുമാനിച്ച ശ്രീനാരായണ ഗുരുദേവന്റെ ദീർഘദൃഷ്ടി അനന്യമാണ്. മതമല്ല മനുഷ്യനാണ് വലുതെന്ന വിശ്വമാനവ സാഹോദര്യ സന്ദേശമായിരുന്നു സർവമത സമ്മേളനത്തിന്റെ കാമ്പ്. അതിന് അർഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോയതിന്കാരണം തേടുന്നതിനേക്കാൾ നല്ലത് ഇപ്പോഴെങ്കിലും വിവിധ സമൂഹങ്ങൾക്കിടയിലേക്ക് ഗുരു ദർശനത്തെ ആനയിക്കലാണ്. ഗുരുദേവന്റെ വാക്കുകളുടെ പ്രസക്തി ഓരോ ദിവസം കഴിയുന്തോറും വർദ്ധിച്ചു വരികയാണെന്നതും നാം മനസിലാക്കണം.

മതങ്ങൾ തമ്മിലുള്ള മത്സരം കൂടാതെ കഴിയാനുള്ള പാരമ്പര്യം മാത്രമല്ല, ഭിന്നമതങ്ങളെ കൂട്ടിയുരുക്കി ഏകമതമാക്കി തീർക്കാനുള്ള പാരമ്പര്യം കൂടി കേരളീയർക്കുണ്ടെന്ന് സർവമത സമ്മേളനത്തിന്റെ സ്വാഗത പ്രസംഗത്തിൽ സത്യവ്രതസ്വാമി ചൂണ്ടിക്കാട്ടുന്നുണ്ട്. ആ പാരമ്പര്യം ലോകത്തിന് മാതൃകയാണ്. ആ മഹത്വം കാത്തുസൂക്ഷിക്കാനുള്ള ബാദ്ധ്യത നമുക്കെല്ലാവർക്കുമുണ്ട്. അതിനൊപ്പം വിശിഷ്ടമായ പാരമ്പര്യത്തെ മറ്റു പ്രദേശങ്ങളിലേക്ക് കൈമാറാനും കഴിയണം. മതവിദ്വേഷം വളർത്തി അതിൽ നിന്ന് ലാഭം കൊയ്യുന്നവരാണ് പുതിയ തലമുറയെ തീവ്രചിന്താഗതികളിലേക്ക് വഴിതെറ്റിച്ചു കൊണ്ടുപോകുന്നത്. ഗുരു വിഭാവനം ചെയ്ത ലോകത്തെ നമുക്ക് സൃഷ്ടിച്ചെടുക്കേണ്ട സമയമാണിത്.

സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും രാജ്യമാണ് സനാതന ധർമ്മത്തിന്റെ ഈറ്റില്ലമായ ഇന്ത്യ. സമാധാനത്തിന്റെ സന്ദേശവാഹകരാകാൻ നമ്മുടെ രാജ്യത്തെയും സംസ്കാരത്തെയും പോലെ മറ്റൊന്നില്ല. ഗുരുദേവൻ ആഗ്രഹിച്ച ‘പലമതസാരവുമേകം’ എന്ന മാനവ സാഹോദര്യ മന്ത്രം ജനഹൃദയങ്ങളിൽ പതിപ്പിക്കേണ്ട ഉത്തരവാദിത്തം നമ്മൾ ഏറ്റെടുക്കണം. സർവമത സമ്മേളനത്തിന്റെയും ഗുരുദേവ ദർശനത്തിന്റെയും സന്ദേശങ്ങൾ അർത്ഥപൂർണവും ഫലപ്രദവുമായി അവതരിപ്പിച്ചാൽ സംഘർഷഭരിതമായ ഈ ലോകത്തെ സർവമത മൈത്രിയുടെയും സാഹോദര്യത്തിന്റെയും സൗരഭ്യം പരത്തുന്ന മനോഹരഭൂമിയാക്കി മാറ്റാനാകും. ശാന്തിയിലേക്കും സമാധാനത്തിലേക്കുമുള്ള മാർഗം അതുമാത്രമേയുള്ളൂ.

Author

Scroll to top
Close
Browse Categories