രക്ഷയില്ലാതെ കർഷകർ
കേരളത്തിലെ സാധാരണക്കാരായ കർഷകരുടെ കാര്യം വലിയ കഷ്ടത്തിലാണ്. കാർഷികോത്പന്നങ്ങൾക്ക് വിലയില്ലെന്നതോ പോകട്ടെ, ജപ്തി ഭീഷണിയും കടത്തിൽ മുങ്ങിയ കർഷകരുടെ ദുരന്തങ്ങളും വന്യമൃഗങ്ങളുടെ നിരന്തര ശല്യങ്ങളും മറ്റും മൂലം കർഷകർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോൾ കേരളത്തിൽ. കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയും വരുന്നു. നെൽകൃഷിയുടെ കാര്യം പറയാനുമില്ല. വയലുകളുടെ വിസ്തൃതി വർഷം തോറും കുറയുന്നു. നെല്ല് നഷ്ടം വിതയ്ക്കുന്ന വിളയായി മാറിയിട്ട് പതിറ്റാണ്ടുകളായി. അരിക്ക് പൊന്നുംവിലയായിട്ടും നെല്ലിന് വില കിട്ടുന്നില്ല. സർക്കാർ വാങ്ങിയ നെല്ലിന്റെ പ്രതിഫലം കൃത്യമായി നൽകുന്നുമില്ല. വിളവ് വിറ്റുകിട്ടുന്ന വില പോലും ബാങ്ക് വായ്പയായി മാറുന്ന സ്ഥിതിയാണിവിടെ. അതിന്റെ ദുരന്തചിത്രം കുട്ടനാട്ടിലെ പ്രസാദ് എന്ന കർഷകന്റെ ആത്മഹത്യ നമുക്ക് കാണിച്ചുതന്നു. ഓരോ കർഷക ആത്മഹത്യകൾക്ക് പിന്നിലും കണ്ണീരിന്റെ കഥകളാണ്. എന്നിട്ടും നെൽകൃഷി നടത്തുന്നവരെ പൂവിട്ടു തൊഴണം.
കേരളത്തിന്റെ സ്വന്തമായിരുന്ന തെങ്ങുകൃഷി ഇപ്പോൾ തമിഴ്നാടിന്റെ നിയന്ത്രണത്തിലാണ്. തേങ്ങയുടെയും വെളിച്ചെണ്ണയുടെയും ചകിരിയുടെയും കയറിന്റെയും വില നിശ്ചയിക്കുന്നത് തമിഴ് കർഷകരായി മാറിയിട്ടും മലയാളികൾ അത് അറിഞ്ഞ മട്ടുകാണിക്കുന്നില്ല. ഒരു കാലത്ത് തെങ്ങുകൊണ്ട് ജീവിച്ചിരുന്നവരിൽ പലരും കൃഷി ഉപേക്ഷിച്ച് മറ്റു കൃഷികൾക്കും ജോലികൾക്കും പോയി. കേരഗ്രാമം പോലുള്ള നിരവധി പാഴ് പദ്ധതികൾ നടപ്പിലാക്കി കൈകഴുകുകയാണ് മാറിമാറി വരുന്ന സർക്കാരുകൾ. സർക്കാരിന്റെ തേങ്ങ സംഭരണം നടക്കുന്നില്ല. വില തകർച്ചയും തെങ്ങിന്റെ രോഗങ്ങളും പുതിയ തലമുറ കൃഷിയിലേക്ക് വരാത്തതും മറ്റും മൂലം കേരം കേരളത്തിന് അന്യമാകുന്ന സ്ഥിതിയിലേക്ക് അതിവേഗം മാറുകയാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും.
റബർ കൃഷിയുടെ കാര്യവും സമാനമാണ്. മലയോരമേഖലയുടെ നട്ടെല്ലായിരുന്നു റബർ കൃഷി. വമ്പൻമാരുടെ കൃഷിയെന്ന് വിശേഷിപ്പിക്കുമ്പോഴും 12 ലക്ഷത്തോളം ചെറുകിട കർഷകർക്ക് മാന്യമായ ജീവിതമേകിയിരുന്നു കേരളത്തിന്റെ കുത്തകയായിരുന്ന റബർ. ആ നല്ലകാലം പൊയ്പ്പോയിട്ട് വർഷങ്ങളായി. ചെലവുകാശുപോലും കിട്ടാത്തതുകൊണ്ട് റബർ വെട്ടുന്നത് ഏറെപ്പേരും നിറുത്തി. പലരും റബർ പിഴുതു മാറ്റി വേറെ കൃഷികളിലേക്കും കടക്കുന്നുണ്ട്. ദീർഘകാല കൃഷിയായ റബറിന്റെ കഷ്ടകാലം കൊണ്ട് മലയോര ജില്ലകളുടെ സാമ്പത്തിക സ്ഥിതി തകർന്ന് തരിപ്പണമായി. സംസ്ഥാന സർക്കാരിന്റെ 175 രൂപയുടെ റബർ വില സ്ഥിരതാ പദ്ധതിയും പാളിയ മട്ടാണ്. ഈ നിരക്കിലും കുറവുള്ള തുക സർക്കാർ നൽകുന്നതാണ് പദ്ധതിയെങ്കിലും കഴിഞ്ഞ ഏഴ് മാസമായി അതും കുടിശികയാണ്. ഇറക്കുമതി നിയന്ത്രിച്ചും ടയർ ലോബിയുടെ ഇടപെടൽ അവസാനിപ്പിച്ചും കർഷകരെ സഹായിക്കേണ്ട ബാദ്ധ്യത തങ്ങൾക്ക് ഇല്ലെന്ന മട്ടിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇപ്പോൾ മുന്നോട്ടുപോകുന്നത്.
വനയോര, മലയോര പ്രദേശങ്ങളാണ് സംസ്ഥാനത്തെ പ്രധാന കാർഷികമേഖലകൾ. പ്രകൃതിയോടും വന്യമൃഗങ്ങളോടും പ്രതികൂല സാഹചര്യങ്ങളോടും പടവെട്ടി കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് കുടിയേറ്റ ജനത വളർത്തിയെടുത്തതാണ് ഈ മേഖലയിലെ കാർഷികരംഗം. ലക്ഷക്കണക്കായ കുടുംബങ്ങളുണ്ട് ഇവിടെ. അവരും ഇപ്പോൾ ആശങ്കയുടെ നിഴലിലാണ്. റബറിന്റെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വില ഇല്ലാതായത് മാത്രമല്ല,തുടർച്ചയായ പ്രകൃതി ദുരന്തങ്ങളും കസ്തൂരിരംഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകളും ബഫർ സോൺ ആശങ്കകളുമൊക്കെ ഈ ജനവിഭാഗങ്ങളുടെ ഉറക്കം കെടുത്തുന്നു. അതിനിടെ ഏതാനും വർഷങ്ങളായി കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ ശല്യം സൃഷ്ടിക്കുന്ന പ്രതിസന്ധി അതീവ ഗുരുതരമായ അവസ്ഥയിലായി. തലമുറകൾ ജീവിതം നൽകി വളർത്തിയെടുത്ത കൃഷിയിടങ്ങൾ നശിപ്പിക്കുന്ന കാട്ടാനകളും കാട്ടുപന്നിക്കൂട്ടങ്ങളും പോരാഞ്ഞ് ഇപ്പോൾ പുലിയും കടുവയും കരടിയും വരെ ജനവാസ പ്രദേശങ്ങളിലേക്കെത്തുന്നത്അവരുടെ ജീവന് തന്നെ ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരി നഗരത്തിലെ കരടിയുടെ സഞ്ചാരം സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ കേരളം കണ്ടു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർഷം തോറും കൂടുകയുമാണ്. കാട്ടിലെ ആവാസ വ്യവസ്ഥയുടെ മാറ്റവും സംഖ്യാവർദ്ധനവും തീറ്റയുടെ കുറവും മറ്റുമൊക്കെയാകും വന്യമൃഗ ശല്യത്തിന് കാരണം. ജീവഭയം കൊണ്ട് ഇടുക്കിയിലെയും വയനാട്ടിലെയും പാലക്കാട്ടെയും ചില പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ കിട്ടുന്ന വിലയ്ക്ക് വീടും കൃഷിയിടവും വിറ്റും വിൽക്കാതെയും നാടുവിടുന്ന സാഹചര്യവുമുണ്ട്. വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന യുവതലമുറയിലെ നല്ലൊരു ഭാഗവും മലയോരമേഖലയിൽ നിന്നാണെന്ന കാര്യവും അവഗണിക്കാവുന്നതല്ല.
ഇത്രയും ഗൗരവതരമായ സ്ഥിതിവിശേഷം നേരിടുന്ന സംസ്ഥാനത്തിന്റെ കാർഷികമേഖലയെ രക്ഷിക്കാൻ സർക്കാരുകളോ സർക്കാർ ഏജൻസികളോ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല. എണ്ണിയാൽ തീരാത്ത കർഷക സംഘടനകളും കർഷകരുടെ പേരിൽ രൂപം കൊണ്ട രാഷ്ട്രീയ പാർട്ടികളും കാർഷിക ഗവേഷണ സംവിധാനങ്ങളും ഇക്കാര്യത്തിൽ അമ്പേ പരാജയപ്പെട്ടുവെന്നതിന് വർത്തമാനകാലം സാക്ഷിയാണ്. ഡൽഹിയിലെ കർഷകസമരത്തിന് വേണ്ടി തൊണ്ടകീറി വിളിച്ചവരൊന്നും കേരളത്തിലെ കർഷകരുടെ പരമദയനീയാവസ്ഥ കണ്ടമട്ടില്ല. ജനങ്ങളുടെയോ സർക്കാരുകളുടെയോ ശ്രദ്ധയാകർഷിക്കുന്ന ഒരു പ്രക്ഷോഭവും ഇതിന്റെ പേരിൽ നടന്നിട്ടില്ല. നിയമസഭയിലോ പാർലമെന്റിലോ ഗൗരവമായി, നിരന്തരമായി, ഫലപ്രദമായി ഈ പ്രശ്നം ഉന്നയിക്കപ്പെട്ടിട്ടില്ല.
ഈ സാഹചര്യത്തിലാണ് എസ്.എൻ.ഡി.പി. യോഗത്തിന്റെ കണ്ണൂർ ജില്ലയിലെ യൂണിയനുകൾ ചേർന്ന് കർഷകർക്ക് വേണ്ടി നിരത്തിലേക്കിറങ്ങാൻ തീരുമാനിച്ചത്. ജനുവരി 31ന് കണ്ണൂർ കളക്ടറേറ്റിന് മുന്നിലാണ് യൂണിയനുകളുടെ നേതൃത്വത്തിൽ കർഷക സമരം സംഘടിപ്പിക്കുന്നത്. മത, സാമുദായിക, രാഷ്ട്രീയ ഭേദമെന്യേ കർഷക സമൂഹം ഇതിൽ പങ്കാളികളാകുന്നുണ്ട്. റബർവില സ്ഥിരതാ ഫണ്ട് 250 രൂപയാക്കുക, നെൽ, തേങ്ങ, കുരുമുളക് തുടങ്ങിയ വിളകൾക്ക് വില നിശ്ചയിച്ച് സർക്കാർ നേരിട്ട് സംഭരിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, കാർഷിക കടങ്ങളിലുള്ള ജപ്തി നടപടികൾ നിറുത്തി വയ്ക്കുക, വന്യമൃഗശല്യം ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുക, വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിന് ന്യായമായ നഷ്ടപരിഹാരം നൽകുക, വന്യമൃഗങ്ങളാൽ കൊല്ലപ്പെടുന്ന കർഷകരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം 25 ലക്ഷം ആക്കുക,ആശ്രിതർക്ക് ജോലി നൽകുമെന്ന വാഗ്ദാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. നമ്മുടെ നാടിന്റെ നട്ടെല്ലാണ് കർഷകർ. അവരുടെ പ്രശ്നങ്ങളെ ഇനിയും അവഗണിക്കരുത്.