ഈഴവർ കറിവേപ്പിലയോ ?

സമകാലിക കേരളരാഷ്ട്രീയത്തിൽ ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു ജനസമൂഹം ഉണ്ടെങ്കിൽ അത് ഈഴവരാണ്. ജനസംഖ്യയിൽ ഗണ്യമായ വിഭാഗമായിട്ടും രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും അവർ പാർശ്വവത്കരിക്കപ്പെടുകയാണ്. കേരളത്തിലെ ഏതു രാഷ്ട്രീയപാർട്ടിയിലും മുന്നണിയിലും ഇതുതന്നെയാണ് അവസ്ഥ. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സി.എം.പി. ജനറൽ സെക്രട്ടറി സി.പി.ജോൺ ഈഴവർ നേരിടുന്ന അവഗണനയെക്കുറിച്ച് ആഴത്തിൽ നടത്തിയ വിശകലനമാണ് വീണ്ടും ഈ ചർച്ചയിലേക്ക് എത്താൻ കാരണം. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നടത്തിയ സർവ്വേയിലും ആ പാർട്ടിയിൽ ഈഴവരാദി പിന്നാക്കസമുദായങ്ങൾ അവഗണിക്കപ്പെടുന്നതിന്റെ അപകടങ്ങൾ അക്കമിട്ടുനിരത്തുകയും ചെയ്തിട്ടുണ്ടത്രെ.
കേരളത്തിൽ ഈഴവ സമുദായം നേരിടുന്ന അവഗണനയെക്കുറിച്ച് തുറന്നുപറയാൻ ഒരു രാഷ്ട്രീയ നേതാവ് ഇപ്പോഴെങ്കിലും ചങ്കൂറ്റം കാണിച്ചത് വലിയ കാര്യമാണ്. വിവരവും വിദ്യാഭ്യാസവും യാഥാർത്ഥ്യബോധവുമുള്ള നേതാവാണ് അദ്ദേഹം . കോൺഗ്രസിലെയും കമ്മ്യൂണിസ്റ്റ് പാർട്ടികളിലെയും ബി.ജെ.പിയിലെയും ഈഴവ നേതാക്കൾ തുറന്നുപറയാൻ മടിച്ച കാര്യമാണ് ജോൺ പറഞ്ഞത്. സംസ്ഥാന ആസൂത്രണകമ്മിഷൻ അംഗമായിരുന്ന സാമ്പത്തിക വിദഗ്ദ്ധൻ കൂടിയായ അദ്ദേഹത്തിന് സംസ്ഥാനത്തിന്റെ സ്ഥിതിവിവരക്കണക്കുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ജോണിന്റെ വിലയിരുത്തലുകളിലെ ആധികാരികതയെക്കുറിച്ച് സംശയിക്കേണ്ട കാര്യവുമില്ല.
സ്വന്തം സമുദായത്തിന് വേണ്ടി സ്വന്തം സംഘടനകളിൽ സംസാരിക്കാനും പോരാടാനും മടിക്കുന്ന നേതാക്കളാണ് ഈഴവർക്കുള്ളത്. കസേരയ്ക്ക് ഭീഷണി വരുമ്പോൾ മാത്രമാണ് അവർക്ക് സമുദായചിന്ത ഉണരുക. മറ്റ് സമുദായങ്ങളുടെ അവസ്ഥ ഇതല്ല. സ്വന്തക്കാരെ താക്കോൽ സ്ഥാനങ്ങളിൽ തിരുകിക്കയറ്റാനും മറ്റുള്ളവരെ വലിച്ചു താഴെയിടാനും അവർ സംഘടിതമായി ശ്രമിക്കും. അതിന്റെ അനന്തരഫലമാണ് അധികാരക്കസേരകളിൽ നിന്നുള്ള ഈഴവരുടെ പടിയിറക്കം. കോൺഗ്രസിൽ ഈഴവരെ വെട്ടിനിരത്തുകയാണ്. വന്നുവന്ന് അവിടെ കെ.ബാബു എന്ന ഒരു ഈഴവ എം.എൽ.എ. മാത്രമേയുള്ളൂ. കെ.പി.സി.സി പ്രസിഡന്റു പോലും തഴയപ്പെടുന്നു. കോൺഗ്രസ് നേതൃത്വം സമ്മതിച്ചില്ലെങ്കിലും അതൊരു യാഥാർത്ഥ്യമാണ്. ഒരുപക്ഷേ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ആ ഈഴവൻ പോലും പദവിയിൽ ഇല്ലാതാകും. ബി.ജെ.പിയുടെ കാര്യം ഇതിലും കഷ്ടമാണ്. സി.പി.എം. തമ്മിൽ ഭേദമെന്നു മാത്രം. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ജനകീയ പിന്തുണയുടെ അടിത്തറ ഈഴവരാദി പിന്നാക്കവിഭാഗങ്ങളാണ്. ജില്ലാ സെക്രട്ടറി തുടങ്ങിയ സംഘടനാതലങ്ങളിൽ പിന്നാക്കപ്രാതിധിധ്യം അവർ ഉറപ്പാക്കുന്നുണ്ടെങ്കിലും വൈസ് ചാൻസലർ, പി.എസ്.സി. അംഗത്വം,
എം. പിമാരുടെ നോമിനേഷൻ, സർക്കാർ സ്ഥാപനങ്ങളുടെ സാരഥ്യപദവികൾ തുടങ്ങിയ കാര്യങ്ങൾ വരുമ്പോൾ അവരും പിന്നാക്ക അണികളെ മറക്കും. ഇടതുപക്ഷത്ത് നിന്നുള്ള പരിഗണന പിന്നാക്കവിഭാഗങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഇടതുപക്ഷവും അതിരുവിട്ട ന്യൂനപക്ഷ ആഭിമുഖ്യം അവലംബിച്ചത് ഭൂരിപക്ഷ വിഭാഗങ്ങൾക്കിടയില്‍ വലിയ നിരാശ സൃഷ്ടിച്ചു. അതിന്റെ പ്രതിഫലനമായിരുന്നു കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പുഫലം.
സംഘടിത മതങ്ങളും അവർ ഉയർത്തിക്കൊണ്ടുവരുന്ന പാർട്ടികളുമാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നത്. ജനസംഖ്യയുടെ 29 ശതമാനത്തോളം വരുന്ന ഈഴവർക്ക് ഇക്കാര്യത്തിൽ ഒരു റോളുമില്ല. ഇടതു, വലതു മുന്നണികളുടെ രണ്ടാംനിര നേതാക്കളിൽ നല്ലൊരു പങ്കും സംഘടിത മതങ്ങളിൽ നിന്നുള്ളവരാണ്. വോട്ടുബാങ്കുകളുടെ ബലവും വിലപേശൽ തന്ത്രങ്ങളുമാണ് ഇവരുടെ ആധിപത്യത്തിന് കാരണം. സമുദായം വോട്ടുബാങ്കായി മാറി അവകാശങ്ങൾ പിടിച്ചുവാങ്ങാനുള്ള കഴിവ് നേടുക മാത്രമാണ് നിലനിൽപ്പിനുള്ള പ്രായോഗികമാർഗം.
രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, ഭരണരംഗങ്ങളിൽ സമുദായം പിന്നാക്കം പോകുന്നതിനെക്കുറിച്ച് എസ്.എൻ.ഡി.പി. യോഗം പതിവായി ആശങ്ക പ്രകടിപ്പിക്കാറുള്ളതാണ്. അതൊന്നും ആരും ഗൗനിച്ചിരുന്നില്ല. പഞ്ചായത്ത് മുതൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വരെ സ്ഥാനാർത്ഥികളെ നിർണയിക്കുമ്പോൾ അംഗബലം കൊണ്ട് മുന്നിൽ നിൽക്കുന്ന ഈഴവരെ പാർട്ടികൾ കാണില്ല. ദാനം ചോദിച്ചാണ് മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയതെങ്കിൽ ഈഴവരെ പച്ചയ്ക്ക് വഞ്ചിച്ചും അപമാനിച്ചുമാണ് രാഷ്ട്രീയക്കാർ പാതാളത്തിലേക്ക് വിടുന്നത്. സീറ്റ് കൊടുത്തില്ലെങ്കിലും പദവികൾ നൽകിയില്ലെങ്കിലും ഒന്നും സംഭവിക്കാനില്ലെന്ന് നേതൃത്വങ്ങൾക്കറിയാം. എത്ര ചവിട്ടുകൊണ്ടാലും ഈഴവർ തൊഴുതുതന്നെ നിൽക്കുമെന്ന അവരുടെ ചിന്താഗതിക്ക് മറുപടി കൊടുക്കേണ്ട കാലം എന്നേ കഴിഞ്ഞു.
മുഖ്യമന്ത്രി ആർ.ശങ്കറിന് ശേഷം വിദ്യാഭ്യാസമേഖലയിൽ ഈഴവർ തഴയപ്പെട്ടു. മലബാറിൽ ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം പോലും സമുദായത്തിന് അനുവദിച്ചില്ല. ഇടതുസർക്കാർ അധികാരമേറിയപ്പോൾ, പിണറായി വിജയൻ ഭരിക്കുമ്പോൾ ഈ അവഗണന അവസാനിക്കുമെന്ന പ്രതീക്ഷകൾ ഉണ്ടായെങ്കിലും നിരാശയായിരുന്നു ഫലം. എൻ.ഡി.എയുടെ വളർച്ചയും യു.ഡി.എഫിന്റെ തളർച്ചയും കാണുമ്പോൾ അടുത്ത തിരഞ്ഞെടുപ്പിലും പിണറായി വിജയൻ തന്നെ അധികാരത്തിലെത്താനാണ് സാദ്ധ്യത. ഇടതുസർക്കാർ മൂന്നാമതും അധികാരമേറിയാൽ നേതൃസ്ഥാനത്തേക്ക് പിണറായി അല്ലാതെ മറ്റൊരു മുഖം ആ പാർട്ടിയിലില്ല. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താൻ സി.പി.എമ്മിന് സാധിച്ചിട്ടില്ല. കോടിയേരിയുടെ സൗമ്യഭാവവും പിണറായിയുടെ സംഘാടകമികവും പാർട്ടിക്ക് നൽകിയ കരുത്ത് അസാധാരണമായിരുന്നു. ഇന്ന് അത് വേണ്ടത്രയുണ്ടോ എന്ന് സംശയിക്കേണ്ടിവരുന്ന സ്ഥിതിയാണ്. ജനകീയ മുഖമുള്ള മറ്റൊരു നേതാവിനെയോ നേതൃനിരയെയോ വളർത്തിയെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. നിലവിലെ സാഹചര്യത്തിൽ പിണറായി അല്ലാതെ മറ്റൊരാളെ അധികാരമേൽപ്പിക്കേണ്ടി വന്നാൽ ഇടതുപക്ഷത്തിന്റെ വലിയ തകർച്ചയുടെ തുടക്കം കൂടിയാകും ആ തീരുമാനം.
പിണറായി വിജയൻ സർക്കാരും കുറ്റങ്ങൾക്കും കുറവുകൾക്കും അതീതരല്ല. പാവപ്പെട്ടവർക്ക് വേണ്ടി ഒട്ടനവധി കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ടെങ്കിലും ആ മേന്മകളെ നിഷ്‌പ്രഭമാക്കുന്ന പ്രവൃത്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർ അനുവർത്തിക്കുന്നത്. അതിലൂടെ സർക്കാരിനും മുഖ്യമന്ത്രിക്കും പാർട്ടിക്കും കളങ്കമുണ്ടാകുന്നുണ്ട്. പാർട്ടിനേതാക്കളും അണികളും വരെ ദുരനുഭവങ്ങളുടെ ഇരകളാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നതിലെ ഉദ്ദേശശുദ്ധി മുഖ്യമന്ത്രി തിരിച്ചറിയണം. ഓഫീസിലെ പോരായ്മകൾ വിലയിരുത്തി തിരുത്തണമെന്നാണ് അപേക്ഷ. എന്തൊക്കെ കുറവുകളുണ്ടെങ്കിലും ഇടതുപക്ഷത്തിന് താങ്ങായും തണലായും തൂണായും നിലകൊള്ളുന്നവരാണ് ഈഴവരാദി പിന്നാക്കവിഭാഗക്കാർ. അവർക്ക് വേണ്ടി സാമൂഹ്യക്ഷേമ പെൻഷൻ ഉൾപ്പടെയുള്ള സഹായങ്ങൾ പൂർവ്വാധികം ശക്തിയോടെ തുടരണം. താങ്ങുന്ന കൈകളെ മറക്കുന്നവരല്ല ഈ സമൂഹം.
ജനാധിപത്യത്തിൽ സാമൂഹ്യനീതിയാണ് വേണ്ടത്. സംഘടിതമായ സമുദായങ്ങൾക്കേ അധികാരത്തിന്റെ അകത്തളങ്ങളിൽ പ്രവേശനമുള്ളൂ എന്നു വന്നാൽ അത് സാമൂഹ്യവ്യവസ്ഥയെ ശിഥിലമാക്കും. പാർട്ടി പദവികളിലും അധികാര കസേരകളിലും ഈഴവ സമുദായത്തിന് മാന്യമായ പ്രാതിനിധ്യം നൽകാനുള്ള ബാദ്ധ്യതയും ഉത്തരവാദിത്തവും എല്ലാ രാഷ്ട്രീയ കക്ഷികൾക്കുമുണ്ട്. അസംതൃപ്തരായ വലിയൊരു വിഭാഗമായി പിന്നാക്കക്കാർ മാറിയാലുള്ള ഭവിഷ്യത്ത് നേതൃത്വങ്ങൾ തിരിച്ചറിയണം. അവഗണനയും ചവിട്ടിതേയ്ക്കലും തുടരാനാണ് ഭാവമെങ്കിൽ എന്തു ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചുകൊടുക്കുക തന്നെ വേണം. അതിനുള്ള അവസരമാണ് ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയാവുന്ന കറിവേപ്പിലയല്ല നാമെന്ന് തെളിയിക്കാനുള്ള അവസരം.